വായനയില്‍ പെണ്ണൊരുമ്പെട്ടാല്‍

ജമീല്‍ അഹ്മദ് No image

ഗൗരവം നിസ്സാരം
     നാലു പതിറ്റാണ്ടിലേറെ കാലം ഒരിക്കല്‍ പോലും വഴക്കിടാതെ ജീവിച്ച ദമ്പതിമാരുടെ വിജയരഹസ്യം ഭര്‍ത്താവ് ഇങ്ങനെ വെളിപ്പെടുത്തുകയുണ്ടായി: ''ഞങ്ങള്‍ തമ്മില്‍ തുടക്കത്തിലെ ഒരു കരാറുണ്ടായിരുന്നു. ജീവിതത്തിലെ വളരെ നിസ്സാരമായ കാര്യങ്ങളിലെ തീരുമാനങ്ങളൊക്കെയും അവളാണ് കൈക്കൊള്ളുക. അതിലൊരിക്കലും ഞാന്‍ എതിരുപറയില്ല. ഗൗരവമായ കാര്യങ്ങളിലുള്ള അഭിപ്രായങ്ങളും തീരുമാനങ്ങളും ഞാനെടുക്കും. അതിലവള്‍ ഒരിക്കലും ഉടക്കുപറയില്ല... സുഖം, സ്വസ്ഥം.''
     കേട്ടുനില്‍ക്കുന്നവര്‍ക്ക് അത് ഒരു സുന്ദരന്‍ ആശയമായി തോന്നി. ഇനി ആ കാര്യങ്ങളേതൊക്കെയാണെന്ന് അറിയണം... അയാള്‍ പറഞ്ഞു ''ഏത് വാഷിംഗ് മെഷീന്‍ സെലക്ട് ചെയ്യണം, കല്യാണത്തിന് ഏത് ഡ്രസ്സ് എടുക്കണം, കാര്‍ ഏത് കളര്‍ ആകണം, ഏത് റസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കണം തുടങ്ങിയ വീട്ടുകാര്യങ്ങളാണ് ഞങ്ങളുടെ ജീവിതത്തിലെ നിസ്സാരമായ കാര്യങ്ങള്‍. അതെല്ലാം അവളാണ് തീരുമാനിക്കുക. ഞാന്‍ അനുസരിക്കും.''
     ''അപ്പോള്‍ ഗൗരവമേറിയ കാര്യങ്ങള്‍ എന്തൊക്കെയാ?''
     ''അത്... ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമാധാന ചര്‍ച്ച തുടരണോ, വര്‍ഗീയ രാഷ്ട്രീയം ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുമോ, ഉത്തരാധുനികത അവസാനിച്ചുവോ, സൈബര്‍ ലിറ്ററേച്ചറിന് ഭാവിയുണ്ടോ... തുടങ്ങിയ കാര്യങ്ങളാണ് ഗൗരവപ്പെട്ടവ. അതില്‍ എന്റെ അഭിപ്രായങ്ങളെയും തീരുമാനങ്ങളെയും അവള്‍ ഒരിക്കലും എതിര്‍ക്കുകയില്ല.''
     നിസ്സാരമെന്നു തോന്നാവുന്ന ഈ ഫലിതത്തിനു പിന്നില്‍, ഏതൊരു ഫലിതത്തിലുമെന്നതുപോലെ കുറേ പൊതുബോധങ്ങളുണ്ട്. പെണ്ണിന്റെ അറിവ്, ലോകബോധം എന്നിവ പുരുഷനേക്കാള്‍ വളരെ താഴെയാണ് എന്നതാണ് അതിലൊന്ന്. അത് അങ്ങനെ ആണോ എന്നും അങ്ങനെയാണെങ്കില്‍ തന്നെ അതൊരു കുറ്റമാണോ എന്നും ചിന്തിച്ചിട്ടില്ല, പലരും. ഇക്കാലത്തെ സംവിധാനങ്ങളനുസരിച്ച് വായനയാണ് അറിവിലേക്കും ലോകബോധത്തിലേക്കും തെളിക്കുന്ന വഴികള്‍. വായനയുടെ കാര്യത്തിലും പെണ്ണ് പിന്നിലാണെന്നതും അതേ പൊതുബോധത്തിലുണ്ടെന്നത് മറ്റൊരു തമാശ. പെണ്ണിന്റെ വായനയെ വിശകലനം ചെയ്ത് മനസ്സിലാക്കേണ്ട ചില വസ്തുതകള്‍ ഇവിടെയുണ്ട്. അതിനാല്‍ പെണ്ണിന്റെ വായനയിലേക്ക് തുറക്കുന്ന ചില ആലോചനകള്‍ ഇവിടെ സാധ്യമാകുന്നു.

പെണ്ണുങ്ങള്‍ വായിച്ചിട്ടെന്താ?
     പഠിച്ചുണ്ടാക്കിയാല്‍ മാത്രം പ്രയോഗിക്കാന്‍ കഴിയുന്ന ഒരു ഭാഷാവ്യവഹാരമാണ് വായന. അതിനാല്‍ സാക്ഷരത നല്‍കുന്ന ഒരു സാധ്യത മാത്രമാണ് വായനശീലം എന്നത്. വായിക്കാന്‍ പഠിക്കുക എന്ന കര്‍മം, ആധുനികതയുടെ പ്രചാരണകാലംവരെ അനിവാര്യമായ ഒരു സാമൂഹികക്രിയയായി കണക്കാക്കപ്പെട്ടിരുന്നില്ല. സാക്ഷരസമൂഹത്തെ പുരോഗതിയുടെ മാനദണ്ഡമായി കണക്കാക്കിയ ആധുനിക ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷരതാപ്രസ്ഥാനങ്ങള്‍ക്ക് ചെലവാക്കിയ കോടികളാണ് കേരളത്തെപ്പോലുള്ള ആധുനികസമൂഹങ്ങളില്‍ എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും സ്വര്‍ഗീയതുല്യമായ സങ്കല്‍പനങ്ങള്‍ മെനഞ്ഞെടുത്തത്. അക്ഷരവിദ്യയെ അറിവായും അറിവിനെ വായനയായും തെറ്റിദ്ധരിപ്പിച്ചു എന്ന വലിയ കുറ്റവും അവര്‍ ചെയ്തു. അപ്പോള്‍ ശാക്തീകരിക്കപ്പെട്ട സ്ത്രീ എന്നതിന് സമമായി വായിക്കാനറിയുന്ന സ്ത്രീ എന്ന ധാരണയും നിര്‍മിക്കപ്പെട്ടു. ഇന്ത്യയിലെ ജനസംഖ്യാകണക്കെടുപ്പുകളുടെ അനുബന്ധമായി നടന്ന സകല താരതമ്യങ്ങളിലും ആണിനെ അപേക്ഷിച്ച് പെണ്ണിന്റെ സാക്ഷരതാശതമാനം എപ്പോഴും താഴെയായിരുന്നു. രണ്ടായിരത്തിപ്പതിനൊന്നിലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെപ്പോലും സാക്ഷരതയിലെ സ്ത്രീശതമാനം ആണുങ്ങളെക്കാള്‍ താഴെയാണ്. ഇതിന് മതിയായ കാരണങ്ങള്‍ സകല സാമൂഹിക ശാസ്ത്ര വിശാരദരും നിരത്തുന്നുണ്ടെങ്കിലും അവക്കെല്ലാം അപ്പുറത്തുള്ള ബോധത്തിന്റെയും സമീപനത്തിന്റെയും കൂടി പ്രശ്‌നങ്ങള്‍ ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്.
     പെണ്ണുങ്ങള്‍ വായിക്കേണ്ടതുണ്ടോ എന്ന പണ്ടത്തെ ചോദ്യത്തില്‍നിന്ന് ആധുനികാനന്തര ആണ്‍സമൂഹം പെണ്ണുങ്ങള്‍ വായിക്കാറില്ല എന്ന പരാതിയിലേക്കാണ് എത്തിയത്. രണ്ടും തികച്ചും അസത്യവും ആണുങ്ങളുടെ മുന്‍വിധിയും മാത്രമാണ്. പെണ്ണ് വായിക്കാന്‍ അറിയേണ്ടതില്ല എന്ന നിയമം പാസാക്കിയ ഫ്യൂഡല്‍ ആണധികാരങ്ങള്‍ അവള്‍ക്ക് വിധിച്ച ഇടം വായന സാധ്യമല്ലാത്ത ഇരുട്ടുമുറികള്‍ മാത്രമായിരുന്നു. എന്നാല്‍ മേലാളജാതിയിലെ പെണ്ണിനോളം ഇരുട്ടിലായിരുന്നു അന്ന് കീഴാള ജാതിയിലെ ആണുങ്ങളും. അവര്‍ അക്ഷരം കേള്‍ക്കുന്നത് ജാതിവ്യവസ്ഥയെ മുറിപ്പെടുത്തുമെന്ന് സവര്‍ണ മേലാളന്മാര്‍ക്ക് വ്യക്തമായിരുന്നു. നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് (1910) അയ്യങ്കാളി എന്ന ധീരന്‍ സവര്‍ണഅക്ഷരമാലയിലേക്ക് ഒരു പെണ്‍കുട്ടിയുമായാണ് കയറിച്ചെന്നത്. സവര്‍ണരുടെ ജാതിബോധത്തെയും സ്ത്രീവിരുദ്ധതയെയും ഒരുപോലെ തീയിട്ടുചുടുകയായിരുന്നു ആ സമരം. എന്നാല്‍ തൊട്ടു പിറ്റേന്ന്, അയിത്തക്കാര്‍ തൊട്ടശുദ്ധമാക്കിയ തിരുവനന്തപുരം കുണ്ടറയിലെ ആ പള്ളിക്കൂടം മേലാള ജാതിക്കാര്‍ തീക്കൊടുത്ത് ചുട്ടുകളഞ്ഞു.
     സമാനമായ ഒരു പൂര്‍വകാലം കേരളത്തിലെ മാപ്പിളപ്പെണ്ണുങ്ങളും അനുഭവിച്ചു. ഇസ്‌ലാം നിര്‍ബന്ധമാക്കിയ അറിവ് മതമേലാളന്മാര്‍ മാപ്പിളപ്പെണ്ണിനുമാത്രം ഹറാമാക്കി. അതുകൊണ്ടാണ് യു.കെ അബൂസഹ്‌ല ഇങ്ങനെ പാടിയത്:
''അടുക്കള ജയിലില്‍പെട്ടുഴന്നിടുവാന്‍
ഇടവന്നോര്‍ പെരുതുണ്ടിങ്ങറിഞ്ഞീടുവാന്‍ - പാടിപ്പറഞ്ഞീടുവാന്‍
പറയുകിലറിവുകളില്ലൊരു ചുക്കും
അറിവ് വളര്‍ത്തുകില്‍ പലരുമെതിര്‍ക്കും
അറിവാളന്മാര്‍ ഫത്‌വ ഇറക്കും
ഇറക്കുന്ന ഫത്‌വയില്‍ കുടുങ്ങിപ്പോയി - നട്ടം
തിരിഞ്ഞുപോയി
ഖുര്‍ആനും ഹദീസും വിട്ടകന്നുപോയി - നില
മറന്നുപോയി.
     അറിവുള്ള പെണ്ണിനെ സൃഷ്ടിച്ചാല്‍ മാത്രമേ നെറിയുള്ള സമുദായം സാധ്യമാകൂ എന്ന ആധുനിക അവബോധം തന്നെയാണ് യു.കെയുടെ സകലമാന സ്ത്രീപക്ഷകവിതകളുടെയും കാതല്‍ എന്നു കാണാം. ആ സാമുദായികാവസ്ഥയില്‍ നിന്ന് കാലം ഏറെ മാറി. ഇന്ന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും പെണ്ണ് ഭൂരിപക്ഷമായി. അവളുടെ വായനയില്‍ ഇപ്പോഴുള്ളത് ചില പരാതികളാണ്. ആണുങ്ങളുടെയത്രയും വായിക്കാന്‍ അവള്‍ക്ക് കഴിയുന്നില്ല എന്നാണ് ആ പരാതിയുടെ കാമ്പ്. പെണ്ണ് കുറച്ചുമാത്രം വായിക്കുകയും കൂടുതല്‍ സംസാരിക്കുകയും ചെയ്യുന്നു എന്ന പരാതി പുരുഷന്റെയും പൊതുസമൂഹത്തിന്റെയും ഒരേമട്ടിലുള്ള പൊതുബോധമാണ്.

വായന ഒരു ഒഴിവുവിനോദമാണോ?
     ഇന്നേറെക്കുറെ എല്ലാവരും സാക്ഷരത നേടിയല്ലോ, പേരിനെങ്കിലും. അതിനാല്‍ വായിക്കാത്തവര്‍ ആരുമില്ല എന്നര്‍ഥം. വായനശീലം എന്ന പദവിനേടാന്‍ എന്തു വായിക്കണം എങ്ങനെ വായിക്കണം എന്നതില്‍ മാത്രമാണ് ഇനി തര്‍ക്കം. അതിന്റെ കണക്കെടുപ്പിലാണ് പെണ്ണുങ്ങളെക്കാള്‍ വായനശാലികളാണ് ആണുങ്ങള്‍ എന്ന തീര്‍പ്പുണ്ടാകുന്നത്. വായിക്കുന്ന പുസ്തകങ്ങളുടെ എണ്ണം, തരം, സമയം, നിലവാരം തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് ഇത് നിശ്ചയിക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ചാല്‍ ആണുങ്ങളും അത്ര കേമപ്പെട്ട വായനക്കാരല്ല എന്ന് കാണാം. രാഷ്ട്രീയ ലേഖനങ്ങള്‍ വായിക്കുന്നത് ഉദാത്തമായ വായനയും അപകടവാര്‍ത്ത വായിക്കുന്നത് മോശം വായനയും എന്നില്ല. അല്‍പം തലതിരിച്ചാലോചിച്ചാല്‍ തിരിച്ചും പറയാവുന്നതാണ്. സാഹിത്യനിരൂപണം വായിക്കുന്നത് കേമമെന്നും നോവല്‍ വായിക്കുന്നത് പൈങ്കിളിയെന്നും ധരിക്കുന്നതുപോലെയാണത്. കേരളത്തിലെ വായനക്കണക്കുകളില്‍ സാഹിത്യനിരൂപണത്തിനുള്ള വായനക്കാര്‍ തുലോം കുറഞ്ഞിരിക്കുന്നു. പരദൂഷണങ്ങളും അനുഭവകഥകളും വായിക്കാന്‍ കൂടുതല്‍ പേരെ കിട്ടുന്നു. ഇക്കാര്യങ്ങളിലെല്ലാം ആണിനും പെണ്ണിനുമുള്ള പങ്കാളിത്തം തുല്യമാണ്.
     സമയം കിട്ടുമ്പോള്‍ മാത്രം നടത്താനുള്ള ഒരു വിനോദമാണ് വായന എന്നാണ് പലരും ധരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് വായിക്കാന്‍ സമയം കിട്ടുന്നില്ല എന്ന് ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ പരാതിപറയുന്നത്. മാത്രമല്ല, ആണുങ്ങളെക്കാള്‍ പെണ്ണുങ്ങള്‍ക്ക് സമയം കിട്ടുന്നില്ല എന്ന് വാദിക്കുന്നതും ആപേക്ഷികമാണ്. വായനയെക്കാള്‍ വിനോദം ലഭിക്കുന്ന ധാരാളം കാര്യങ്ങള്‍ ഇന്നു ലഭ്യമാണെന്നിരിക്കെ, ഒഴിവുസമയമുണ്ടെങ്കില്‍ മാത്രമേ വായിക്കൂ എന്ന് വാശിപിടിക്കുന്നത്, 'ഞാന്‍ വായിക്കുകയേയില്ല' എന്ന് വാശിപിടിക്കുന്നതിന് തുല്യമാണ്. പുരുഷനാകട്ടെ സ്ത്രീയാകട്ടെ വായിക്കാന്‍ എന്തു തിരഞ്ഞെടുക്കുന്നു എന്നത്, പുസ്തകപ്രസാധനവും വില്‍പനയും ലക്ഷങ്ങളുടെ മുതല്‍മുടക്കുള്ള ബിസിനസ്സാകയാല്‍ ഇന്ന് പ്രധാനമാണ്. പെണ്ണുങ്ങള്‍ക്ക് വായിക്കാനുള്ളത് എന്ന പുറംചട്ടയുമായി പുറത്തിറങ്ങുന്ന വനിതാമാസിക കൂടുതല്‍ വാങ്ങുക ആണുങ്ങളാണെന്ന മനശ്ശാസ്ത്രം അതിനാല്‍ ഒരു കച്ചവടക്കെണിയാണ്. വനിതാ മാഗസിനുകളുടെയും ജനപ്രിയ വാരികകളുടെയും ഉള്ളടക്കവും കെട്ടുംമട്ടും ഈ പ്രകരണത്തില്‍ ചര്‍ച്ചാവിഷയമാകുന്നത് അതുകൊണ്ടാണ്.

പുരുഷമാസിക പുറത്തിറങ്ങാത്തത് എന്തുകൊണ്ട്?
     വായിക്കാന്‍ പ്രത്യേകമായി പ്രസിദ്ധീകരണങ്ങളുള്ളത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ്. പൊതുവായതെല്ലാം പുരുഷനുള്ളതാണ് എന്ന സാമാന്യബോധമാണ് സ്ത്രീക്ക് മറ്റൊന്ന്, വേറിട്ട് വേണമെന്ന ധാരണയുണ്ടാക്കിയത്. പൊതുപ്രസാധനത്തിന്റെ വിഷയം, ഭാഷാനിലവാരം എന്നിവ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താങ്ങാത്തതാണ് എന്നതാണ് ആ സാമാന്യബോധം. കുട്ടികളെ സംബന്ധിച്ച് അത് ശരിയായിരിക്കാം. എന്നാല്‍ സ്ത്രീകള്‍ പലരും പുരുഷനോളം ലോകകാര്യങ്ങളില്‍ ശ്രദ്ധാലുക്കളല്ല എന്ന മുന്‍വിധിയാണ് വളര്‍ന്നു വളര്‍ന്ന് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ഫലിതത്തിലേക്കും വനിതാപ്രസാധനത്തിലേക്കും എത്തിച്ചത്. മറ്റൊരു കോണിലൂടെയും ഈ വിഷയത്തെ കാണാന്‍ കഴിയണം. ഗൗരവമേറിയ ഭാഷയിലും ഭാവത്തിലും ലോകകാര്യങ്ങള്‍ വിശകലനം ചെയ്യുന്നതുമാത്രം ഗംഭീരമെന്നു ധരിക്കാതെ, ഒരു സമൂഹസ്വത്വത്തിന്റെ തനതായ അലങ്കാരങ്ങളിലും ആവേശങ്ങളിലും അവര്‍ മുഴുകുന്നതില്‍ എന്താണ് തെറ്റ് എന്നും ആലോചിച്ചുകൂടെ? ആധുനികപുരുഷന്‍ അത്തരത്തിലുള്ള തന്റെ ആനന്ദങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്നത് അവന്റെ മാത്രം തെറ്റാണ്. എന്നാല്‍ ആധുനികാനന്തര അച്ചടി വ്യവസായം അത് കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. പുരുഷന്റെ ഫാഷന്‍, ശരീരവടിവ്, വാഹനഭ്രമം, വീടൊരുക്കം, രോഗഭയം, ചിരി, യാത്ര എന്നിവയെയെല്ലാം നല്ല മേനിക്കടലാസില്‍ അച്ചടിച്ചു വില്‍ക്കാന്‍ വമ്പന്‍ പ്രസാധകര്‍ ഉത്സാഹം കാണിക്കുന്നതിനു പിന്നില്‍ പുരുഷന്മാരുടെ പുതിയ വായനാവേശങ്ങളാണെന്ന് കാണാം.
     ലോകതലത്തില്‍ തന്നെ പെണ്‍മാസികകളുടെ ചരിത്രം പരിശോധിച്ചാല്‍ തുടങ്ങിയ കാലത്തെ വിഷയ വിവരങ്ങളില്‍നിന്ന് അവക്ക് ഇന്നോളം ഒരു മാറ്റവും വന്നിട്ടില്ലെന്ന് ബോധ്യപ്പെടും. വീടും അതിനു ചുറ്റുമുള്ള ഇടങ്ങളും മാത്രമല്ല, സൗന്ദര്യവര്‍ധന, ആരോഗ്യപരിപാലനം, പാചകം, പരഭാഷണം, ഫാഷന്‍ എന്നിവക്കാണ് കൂടുതല്‍ ഇടം ലഭിക്കാറ്. രാഷ്ട്രീയ സാമൂഹിക വിശകലനം, വിദ്യാഭ്യാസ - തൊഴില്‍ വികസനം, സാഹിത്യ - സാംസ്‌കാരിക പഠനം എന്നിവ വളരെ കുറച്ച് പരിഗണന മാത്രം ലഭിക്കുന്ന വിഭവങ്ങളാണ് ഒരു വനിതാമാസികക്ക്. മാത്രമല്ല, അതിലളിതമായ ഭാഷ, ഉദാഹരണങ്ങള്‍ നിരത്തിയ പ്രതിപാദനം, വൈകാരികമായ സമീപനം എന്നിവയാണ് പെണ്‍ഭാഷയുടെ പ്രത്യേകതകള്‍ എന്നും ഇത്തരം മാസികാ പ്രവര്‍ത്തകര്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.
     ഈ തീര്‍പ്പുകളില്‍ യാഥാര്‍ഥ്യവുമുണ്ടാകാം. അതുകൊണ്ടാണല്ലോ കാലമിന്നോളമായിട്ടും അതില്‍നിന്ന് ഒരു വനിതാമാസികയും മാറി സഞ്ചരിക്കാത്തത്. സ്ത്രീകള്‍ക്കുവേണ്ടി മലയാളത്തില്‍ ആദ്യമായി ആരംഭിച്ച മാസിക 'കേരളീയ സുഗുണബോധിനി'(1887)യാണ്. തൊട്ടുടനെത്തന്നെ ഒട്ടേറെ വനിതാമാസികകളുടെ അരങ്ങേറ്റമുണ്ടായി. ശാരദ (1904), ലക്ഷ്മിഭായി (1906), മഹിളാരത്‌നം (1916) തുടങ്ങി പേരുകളിലേ പെണ്‍മണമണമുള്ള ഈ പ്രസിദ്ധീകരണങ്ങളില്‍ മിക്കതും ഉടനെ അവസാനിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ 'മുസ്‌ലിംമഹിള' എന്ന പേരില്‍ ഒരു മുസ്‌ലിം പെണ്‍പ്രസിദ്ധീകരണവും ആരംഭിച്ചിരുന്നു. എന്‍.എ അമ്മ, സരോജിനി, ബി.പാച്ചിയമ്മ, വടക്കേച്ചെരുവില്‍ പി.കെ കല്യാണി, കെ.മേരിതോമസ്, അന്നാചാണ്ടി, പാര്‍വതി നെന്മിനമംഗലം, ആയിഷ മായന്‍ ബി.എ, എം ഹലീമാബീവി തുടങ്ങി നല്ല ലേഖികമാരും മലയാളത്തില്‍ എണ്ണംപറഞ്ഞുണ്ടായിരുന്നു. എഴുതാനും വായിക്കാനും അവസരം ലഭിക്കാത്തതല്ല, അതിനു മുതിരാത്തതുകൊണ്ടുതന്നെയാണ് പെണ്ണ് പിന്നിലായിപ്പോതെന്നും സമര്‍ഥിക്കാം. പെണ്ണിന് ആവശ്യമുള്ള വായനലോകമേതെന്ന് അച്ചടിമേഖലകള്‍ തീരുമാനിക്കുക മാത്രമല്ല, തങ്ങള്‍ക്ക് അതുതന്നെ മതി എന്ന് പെണ്‍വായനക്കാര്‍ തീരുമാനിക്കുക കൂടി ആയിരുന്നു എന്ന് വാസ്തവം.

വനിതാമാസികകളുടെ ഉള്ളടക്കത്തില്‍ എന്തുണ്ട്?
     വിപണിയെ നിലനിര്‍ത്തുന്നതില്‍ പെണ്ണിനുള്ള അധികാരം സാമൂഹിക യാഥാര്‍ഥ്യമാണ്. അടുക്കളയിലും ചുറ്റുപാടും എത്തേണ്ട വ്യാവസായിക - യന്ത്ര ഉല്‍പന്നങ്ങളുടെ പരസ്യം മുഴുവനും സ്ത്രീകളെ അഭിസംബോധനചെയ്യുന്നവയാണ് എന്നത് വ്യക്തമാണല്ലോ. അപ്പോള്‍ പെണ്ണിന്റെ വായന നിലങ്ങള്‍ ഇത്രയും മതി എന്ന് അവള്‍ തന്നെയാണ് നിര്‍ണയിച്ചത്. വിലകൂടിയ വസ്ത്രങ്ങള്‍, തിളങ്ങുന്ന ആഭരണങ്ങള്‍, രുചികരമായ ഭക്ഷണങ്ങള്‍, മേന്മയുള്ള വീടകങ്ങള്‍ എന്നിവ പെണ്ണിന്റെ ദിവാസ്വപ്നങ്ങളില്‍ നിറച്ചുവെക്കാനാണ് എല്ലാ പെണ്‍മാസികകളും മത്സരിക്കുന്നത്. മുഖചിത്രം തൊട്ട് ഈ മതിഭ്രമം ആരംഭിക്കുന്നു. ആണിന് വായിക്കാനെന്ന രഹസ്യധാരണയില്‍ പുറത്തിറങ്ങുന്ന മാഗസിനുകളുടെ ലേഔട്ടും പെണ്‍മാഗസിനുകളുടെ ലേഔട്ടും കാത്തുസൂക്ഷിക്കുന്ന 'ഗൗരവവ്യത്യാസം' ശ്രദ്ധിച്ചാല്‍ മനസ്സിലാകും ഈ വിധിതീര്‍പ്പുകള്‍.
     അങ്ങനെ സാമ്രാജ്യത്വ - ആഗോളീകരണത്തിന്റെ ദല്ലാള്‍വേലക്കാരായി മലയാളത്തിലെ മുഖ്യധാരയിലുള്ള എല്ലാ വനിതാമാസികകളും മാറിയിരിക്കുന്നു. മേനിയഴകിന്റെ ചെറുലോകത്ത് പെണ്ണിന്റെ ചിന്താശേഷിയെ ചുരുട്ടിയെടുത്ത് ആണിനെ വിലക്കപ്പെട്ട കനി തീറ്റിക്കുന്ന സര്‍പ്പങ്ങളായി പെണ്‍മാസികകള്‍ വിപണി കീഴടക്കുന്നു. എന്നിട്ട് ആണിന്റെ പങ്കപ്പാടുകള്‍ തമാശകളായി ആണ്‍ലോകങ്ങളിലേക്കുതന്നെ തിരിച്ചെത്തുകയും ചെയ്യുന്നു. ഈ ചാക്രിക സംസ്‌കാരവിനിമയത്തില്‍ ഏത് പോയന്റില്‍ നില്‍ക്കണമെന്നറിയാതെ പാടുപെടുന്നത് അംഗീകൃത സ്ത്രീവാദികള്‍ തന്നെയാണ്. സ്ത്രീകളുടെ പേരിലുള്ള എല്ലാ ചിന്തകളും ആരംഭിക്കുന്നതും അവസാനിക്കുന്നതും സ്ത്രീകള്‍ക്ക് സ്വന്തമായുള്ള വായനയുടെയും എഴുത്തിന്റെയും ലോകം തേടിക്കൊണ്ടാണ്. എന്നാല്‍ തങ്ങള്‍ പെണ്ണിനുവേണ്ടി സൃഷ്ടിച്ചെടുത്ത വായനയുടെ മുറികള്‍ മുഴുവന്‍ വിപണിനേട്ടങ്ങളുടെ ദല്ലാളുമാര്‍ വിലക്കെടുത്തു വിലസുന്നത് അവര്‍ക്ക് നിസ്സഹായരായി കണ്ടുനില്‍ക്കേണ്ടിവരുന്നു. അതിനാല്‍ ഫെമിനിസ്റ്റുകള്‍ക്ക് ഒരേസമയം പെണ്ണിനുമാത്രമായ വായനക്കും എഴുത്തിനും വേണ്ടി വാദിക്കുകയും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ കളറില്‍ ഫോട്ടോ അച്ചടിക്കാന്‍ നിന്നുകൊടുക്കുകയും തൊട്ടടുത്ത പേജിലെ പരസ്യത്തിനെതിരെ സംസാരിക്കുകയും ചെയ്യേണ്ടിവരുന്നു.

പെണ്‍വായനയില്‍ ഉദിച്ച ചന്ദ്രികകള്‍ എവിടെ?
     കേരളത്തിലെ പൊതുവായനയുടെ സംസ്‌കാരത്തില്‍ മുസ്‌ലിം പത്രമാസികള്‍ വെട്ടിയ വഴിത്തിരിവുകള്‍ ചരിത്രപ്രസിദ്ധമാണ്. സാഹിത്യവായനയിലും ബാലവായനയിലും വാര്‍ത്താവായനയിലും ഈ വ്യത്യാസം പ്രകടമായി അനുഭവപ്പെട്ടിട്ടുണ്ട്. പെണ്‍വായനയുടെ മലയാള ചരിത്രത്തില്‍ കേരളത്തില്‍ പലപ്പോഴായി ഉദയമെടുത്ത മുസ്‌ലിം വനിതാമാസികകള്‍ എന്തു പങ്കുവഹിച്ചു/ വഹിച്ചുകൊണ്ടിരിക്കുന്നു എന്ന് വിലയിരുത്താനുള്ള കാലം വൈകി. നിലനില്‍ക്കുന്ന വനിതാമാഗസിനുകളുടെ അവിദഗ്ധമായ അനുകരണമായിരുന്നു പലപ്പോഴും ആ സമാരംഭങ്ങള്‍. തട്ടമിട്ട പെണ്‍ചിത്രമായാല്‍ മുസ്‌ലിംകള്‍ തൃപ്തിപ്പെടുമെന്നും തട്ടമിടാത്ത ഫോട്ടോ മതേതരമനസ്സുകളെ ആകര്‍ഷിക്കാമെന്നും ധരിച്ച് ഇവക്കിടയിലുള്ള മറുകണ്ടം ചാട്ടങ്ങളായി മാത്രമാണ് മുസ്‌ലിം വനിതാപ്രസിദ്ധീകരണങ്ങളില്‍ പലതും അച്ചടിച്ച് തീരുന്നത്. ഉള്ളടക്കത്തിലും തെരഞ്ഞെടുപ്പിലുമുള്ള രാഷ്ട്രീയവും ധാരണകളും അതില്‍ തീര്‍ന്നുപോകുന്നു. മതസംഘടനകളുടെ വാലായി പിന്നില്‍ ഗമിക്കുന്ന വനിതാപ്രസിദ്ധീകരണങ്ങളാകട്ടെ തങ്ങളുടെ സംഘടനയുടെ പൊതു (പുരുഷ) പ്രസിദ്ധീകരണങ്ങളുടെ നിഴലായി മാത്രം നിലനില്‍ക്കുന്നവയാണ്.
     സമൂഹം - സാഹിത്യം - കല എന്നിവയിലേക്കുകൂടി പടരുന്ന രാഷ്ട്രീയധാരണകളെ സ്ത്രീകളുടെ ഭാവുകത്വത്തില്‍ പുനര്‍നിര്‍മിക്കുന്ന മഹത്തായ കര്‍മമാണ് വനിതപ്രസിദ്ധീകരണങ്ങള്‍ നിര്‍വഹിക്കേണ്ടത്. രാഷ്ട്രീയമെന്നത് മണ്ടത്തലകള്‍ക്ക് വോട്ടുചെയ്യുന്ന കക്ഷിരാഷ്ട്രീയമല്ല, ആധുനികാനന്തരലോകത്തിന്റെ സാമൂഹികക്രമങ്ങളെ മുഴുവന്‍ ചൂഴ്ന്നുനില്‍ക്കുന്ന സൂക്ഷ്മരാഷ്ട്രീയമാണ്. മുഖചിത്രം മുതല്‍ ലേഔട്ടു വരെ ഈ രാഷ്ട്രീയം പെണ്ണിന്റെ കരുതലോടെ തെളിഞ്ഞുവരണം. പെണ്ണ് പുരുഷന്റെ രസവിഭവമാകുന്ന സകല ധാരണകളെയും പെണ്‍മാസികകള്‍ തകര്‍ക്കണം. പുരുഷവായനക്കാരെ ലക്ഷ്യംവെച്ച് നിര്‍മിക്കുന്ന വനിതപ്രസിദ്ധീകരണങ്ങളില്‍നിന്ന് കേരളത്തിലെ പെണ്‍വായനക്കാര്‍ രക്ഷപ്പെട്ടേ മതിയാകൂ. സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തി വായനയുടെ ലോകത്ത് നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തയായ സ്ത്രീപ്രസിദ്ധീകരണത്തിലേക്ക് കേരളത്തിലെ പെണ്‍വായനക്കൂട്ടം ഇനിയും ഏറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top