പെണ്ണ്കാണല്‍

എം.കെ മറിയു /കഥ No image

      മൂന്ന് ദിനം മുമ്പത്തെ ഒരു പ്രഭാതത്തിലാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. സ്വപ്നം കാണാന്‍ തുടങ്ങിയ നാള്‍തൊട്ട് മനസ്സില്‍ സങ്കല്‍പ്പിച്ച് പോരുന്ന മോഹന രൂപത്തെ കണ്‍മുന്നില്‍ ആരോ വരച്ചിട്ടത് പോലെ....... ലെയ്‌ലാക്ക് നിറത്തിലുളള കോട്ടന്‍ ചുരിദാറില്‍, വെളുത്ത് മെലിഞ്ഞ അവളെ കാണാന്‍ ഇപ്പോള്‍ വിരിഞ്ഞൊരു പൂപോലെ ഉണ്ടായിരുന്നു.
     ഒരാഴ്ചയായുളള ഈ പ്രഭാത നടത്തം തുടങ്ങിയിട്ട്, ഇവളെ കാട്ടിത്തരാനായി 'വിധി' വിളിച്ച് ഇറക്കിയതിനാലാവുമോ? ലീവ് തീരാറായിട്ടും, വന്ന വിവാഹാലോചനകള്‍ ഒന്നും ശരിയാകാതെ ആകെ ടെന്‍ഷനടിച്ചിരിക്കുകയാണ് ഞാന്‍...... വീട്ടിലിരുന്നാല്‍ ഉമ്മയുടെ 'പുരോഗമന പ്രഭാഷണം' കേട്ട് ചെവി കല്ലിച്ച് പോയത് തന്നെ.
     ''ഞ്ഞി ഇങ്ങനെ ബിജാരിച്ച പോലത്തെ പെണ്ണിനെ നോക്കി നെരച്ചോള്. ഇമ്പെരുന്ന റജബില് ബയസ്സ് ഇരുപത്തൊമ്പതാ തെകയ്ന്നത് എന്ന് നല്ല ഓര്‍മ ബേണം. എടാ..... ഇപ്പം പെണ്ണിന് ഡിമാന്റ് ഉളള കാലാ.... അന്നേരത്താ ഓന്...... കാണുന്നതിനെല്ലാം കുറ്റോം കുറവും. അടക്കല്ല്യ... ഒതുക്കല്ല്യ...ലെയ്‌നുണ്ട്..... ഇപ്ലത്തെകാലം ഒരുത്തനെങ്കിലും പ്രേമിക്കാത്ത പെണ്ണിനെയും നിനക്ക് കിട്ടുംന്ന് ആശിക്കേണ്ട. ഫെയ്‌സ് ബുക്കും വാട്ട്‌സപ്പും മൊബൈലും കൊര്‍ച്ച് ചുറ്റിക്കളീം ഇല്ലാത്ത കുട്ടികള്‍ എബ്‌ടെയാ ണ്ടാവ്വാ? ഗ്രാമീണ പെങ്കുട്ട്യാള് ഇപ്പോ സിനിമേല്‍ പോലുംല്ല്യ. എന്തിന്, ഈ ഞാന്‍ പോലും നിനക്കൊരു 'സ്മാര്‍ട്ട്' പെണ്ണിനെ കിട്ടണേ എന്നാ ദുആ ചെയ്യുന്നത്. ഹും എബ്ട. ഇങ്ങനൊര് കണ്ട്‌റി'' എന്നിങ്ങനെ നീണ്ട് പോകും പ്രസംഗം.
     ഉമ്മയെ എങ്ങിനെ പറഞ്ഞ് മനസ്സിലാക്കാനാണ്. ഫോട്ടോ കണ്ടതില്‍, രണ്ട് മൂന്നെണ്ണം ഒരുവിധം ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെയാണ് പെണ്ണ് കണാന്‍ ചെന്നത്. ഒരിഞ്ച് കട്ടിയില്‍ മെയ്ക്കപ്പിട്ട് വന്ന് .... അങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിന്ന് മുമ്പേ അരിക് തേഞ്ഞ് പൊട്ടിയ മലയാളത്തില്‍ വാ തോരാതെ കസറുന്ന ഓവര്‍ സ്മാര്‍ട്ടിസ്റ്റിനെ ഭാര്യാപദത്തിലേക്ക് സങ്കല്‍പ്പിക്കാന്‍ പോലും എനിക്ക് പറ്റുന്നില്ല. പിന്നെ രണ്ടെണ്ണം കണ്ടത്, ഒരിക്കല്‍ കണ്ടു എന്ന ഒറ്റ ബന്ധം വെച്ച് അന്നുരാത്രി പന്ത്രണ്ടിന്‌ശേഷം മൊബൈലില്‍ വിളിച്ച്... ഛെ... ഓര്‍ക്കുമ്പോള്‍ അറപ്പ് തോന്നുന്നു. അത്രത്തോളമൊന്നും പുരോഗമിക്കാന്‍ പറ്റാത്ത ഉമ്മ പറയും പോലൊരു 'കണ്‍ട്രി' തന്നെയാണ് ഞാന്‍. ഭാര്യയുടെ 'ബോയ് ഫ്രണ്ടിന്' ബര്‍ത്ത്‌ഡെ ആശംസകള്‍ നേരുന്നവരും, ഭര്‍ത്താവിന്റെ കൂട്ടുകാരിക്ക് കുഞ്ഞുണ്ടായാല്‍ കൊടുക്കുന്നവരുമൊക്കെ, പരിചയ-കുടുബ വൃത്തങ്ങളില്‍ ഇല്ലാഞ്ഞല്ല - എനിക്കെന്തോ.... മാറ്റങ്ങളുടെ ഈ മഹാപ്രളയത്തിലൊലിച്ചു പോകാന്‍ ആകുന്നില്ല. കൂടെ പഠിച്ചോര്‍ക്കൊക്കെ, ഒന്നും രണ്ടും കുട്ടികളായിട്ടും ഞാന്‍ ഇങ്ങനെ പുര നിറഞ്ഞ് കരനിറഞ്ഞ് നില്‍ക്കുമ്പോള്‍ ഉമ്മ ധര്‍മരോഷം കൊളളുന്നതില്‍ കുറ്റം പറയാനാവുമോ...?
     മനസ്സിനിണങ്ങിയത് ഒന്നും ഒത്തുവരാതെ തിരിച്ച് പോകേണ്ടതോര്‍ക്കുമ്പോള്‍, ഞാന്‍ അനുഭവിക്കുന്ന പ്രയാസം എന്തുമാത്രമാണെന്ന് ആരറിയുന്നു. മൂന്ന് നാള്‍ മുമ്പ് അവളെ ആദ്യമായ് കാണുവോളം മനസ്സാകെ ഇരുള്‍ മൂടിയിരുന്നു. ഏതോ മധുരതരമായൊരു സ്വപ്നത്തിലെന്നപോലെ.... ചുറ്റുപാടൊന്നും ശ്രദ്ധിക്കാതെ മന്ദസ്മിതം തൂകി നടന്ന് പോകുന്നത് കണ്ടപ്പോള്‍ അഫ്‌സല്‍ പാടിയ 'തേനൂറും കെസ്സുകള്‍ മൂളി' ചുണ്ടില്‍ തത്തി നിന്നു.
     കണ്ടിടത്തോളം, ഒരു മര്യാദയും തറവാടിത്തവുമൊക്കെയുണ്ടെന്നാണ് തോന്നിയത്. പുതിയ കാലത്തെ പെണ്‍കുട്ടികളില്‍ നിന്നും അന്യം നിന്നുപോയ അച്ചടക്കം നന്നായി ഉളളതായി തോന്നിച്ചു. ഒരു പതിനെട്ട്, പത്തൊന്‍മ്പത്. ഇനി ഇരുപതിന്റെ അപ്പുറമായാലും കുഴപ്പമില്ലല്ലോ- സാമ്പത്തിക സ്ഥിതി ഇത്തിരി മോശമായാലും പ്രശ്‌നമില്ല. എവിടെയാവും പഠിക്കുന്നത്. മൂന്നാല് ദിവസമായി ഇതേ സമയമാണല്ലോ ഇവളെ കണ്ടിരുന്നത്. ഞാന്‍ വേഗം നടന്ന് പ്രധാന നിരത്തിലെത്തി. വേഗം വേഗം എന്ന് മനസ്സ് ആട്ടിത്തെളിക്കുന്നതിനനുസരിച്ച് കാലുകള്‍ക്ക് സ്പീഡ് കൂടി. സമയം ആറേമുക്കാല്‍ ആകുന്നതേ ഉളളൂ. വാഹനത്തിരക്ക് തുടങ്ങിയിട്ടില്ല. ആളുകളും കുറവാണ്. റോഡ് മുറിച്ച് കടന്നതും എനിക്ക് കുറച്ച് മുന്നിലായ് അതാ അവള്‍......ഇടം തോളില്‍ നിന്നും ഊര്‍ന്ന് താഴ്ന്ന ബാഗ് തോളിലിട്ട് കൈ കൊണ്ട് ചേര്‍ത്തുപിടിച്ച് അലസം നടന്ന് പോകുകയാണവള്‍. ഒറ്റക്ക് നടക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കാത്ത ആരേയും ഇപ്പോള്‍ കാണാറില്ലല്ലോ എന്ന് ഞാന്‍ അത്ഭുതത്തോടെയോര്‍ത്തു. കാലം പോകുന്നൊരു പോക്കെ.... 'വേഗം നടക്ക്. വേഗം പോയി വിവരം തിരക്ക്. ഇതും കൂടി കൈവിട്ടാല്‍ പിന്നെ നിന്റെ ഭാവി കട്ടപ്പുക' എന്ന് മനസ്സ് പേടിപ്പിക്കുന്നതിനനുസരിച്ച് നടത്തത്തിന് വേഗത കൂടിക്കൊണ്ടിരുന്നു. അവളിലേക്കുളള അകലം കുറഞ്ഞ് കൊണ്ടിരുന്നു. പാതയോരത്ത് തഴച്ച് നില്‍ക്കുന്ന പച്ചക്കാടിന് ചേര്‍ന്ന് നടക്കുമ്പോള്‍ ഇളം കാറ്റില്‍ അവളുടെ വയലറ്റ് ഷാളിന്റെ അറ്റം ശലഭച്ചിറകുകളായി.
     പിറകില്‍ നിന്നും മുരടനക്കിയപ്പോള്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നത് പോലെ പിന്നിലേക്ക് കഴുത്ത് ചെരിച്ച് നോക്കി. രണ്ടാള്‍ക്ക് ഒരേ സമയം നടക്കാന്‍ ഇടമില്ലാത്ത വഴിയില്‍ എനിക്ക്, മുന്‍പേ നടക്കാനായി അപ്പക്കാടിനോട് ചേര്‍ന്നൊതുങ്ങിയവള്‍ വഴിയൊരുക്കി നിന്നു. അതൊരു നല്ല പെണ്‍ഗുണമെന്ന് സന്തോഷത്തോടെ മനസ്സില്‍ കുറിച്ചിട്ട് കൊണ്ട് എന്തെങ്കിലും മിണ്ടാനായി വാക്ക് തേടിയുഴറി ഞാന്‍. അതെങ്ങനെ.... അവളെ കണ്ടതും വാക്കുകളൊക്കെയും അകത്ത് കേറി കതക് കുറ്റിയിട്ട് ഇരുന്നില്ലേ...?
     ''ഈ... ആ-- അല്ല കാടിന്റെ അടുത്ത് കൂടി അങ്ങനെ നടക്കണ്ട, പാമ്പുകളുളള സ്ഥലാ അതുകൊണ്ട് പറഞ്ഞതാ... തന്നേ...?'' വിഭ്രമവും വിസ്മയവും തിരയടിക്കുന്ന കണ്‍കളാല്‍ അവളെന്നെ നോക്കി. എനിക്കിത്തിരി ധൈര്യമൊക്കെ വന്നു എന്നാരോ പറയുന്നത് കേട്ടു. ''ഇന്നലെ രാത്രി ഇവിടെന്നൊരു അണലിക്കുട്ടി പോകുന്നത് കണ്ടെന്നോ മറ്റോ-'' കുറച്ചൊരു നിസ്സാരത കലര്‍ത്തിയാണ് ഞാനത് പറഞ്ഞതെങ്കിലും പാമ്പിഴഞ്ഞിറങ്ങിയത് പോലെ അടിമുടി വിറച്ചു. അവള്‍ നിന്നിടത്ത് നിന്ന് അനങ്ങാനാവാതെ എന്നെ നോക്കി മിഴിച്ച് നിന്നു.
     എനിക്ക് കഷ്ടം തോന്നി-- ഓരോ ഇല്ലാ കഥകള്‍ പറഞ്ഞ് ഞാനീപാവത്തിനെ വെറുതെ......നീ ഇങ്ങനെ അതുമിതുമൊക്കെ ചോദിച്ചും പറഞ്ഞും വെറുതെ സമയം കളഞ്ഞു. വിചാരിച്ചതൊന്നും ചോദിക്കാതെ ..... എന്ന് മനസ്സ് കണ്ണുരുട്ടിക്കൊണ്ടിരുന്നു.
     ''അല്ല, ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്... ഈ നേരത്ത് ഇതെവിടെ പോകുന്നതാ....? അല്ല... വെറുതെ ചോദിച്ചതാട്ടോ'' ശബ്ദത്തില്‍ പരമാവധി നിഷ്‌കളങ്കതയും പ്രസന്നതയും സമന്വയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
     ''ജ്യോതികയിലാ...അറിയുലേ--മ്മളെ പളളിന്റടുത്തെ ട്യൂഷന്‍ സെന്റര്‍? അവിടത്തേക്കാ. മാത്‌സ് കുറച്ച് ടഫാ,... പക്ഷെങ്കില്‍ ബയോളജിക്കും കെമിസ്ട്രിക്കുമൊക്കെ നല്ല മാര്‍ക്ക് കിട്ടലുണ്ട് കെട്ടോ...'' ഉത്സാഹം നിറഞ്ഞ ശബ്ദം ''ങ്ഹാ... അപ്പോ മിടുക്കിയാണല്ലൊ'' എന്ന് ഞാന്‍. പ്ലസ്ടുവായിരിക്കും അപ്പോള്‍ പഠിക്കുന്നത്.... പതിനെട്ടായിക്കാണുമെന്ന് അവളുടെ മനസ്സിനെ പെരുക്കിയും റജബില്‍ ഇരുപത്തൊമ്പതാകുമ്പോള്‍ ഇംഗ്ലീഷ് തിയ്യതി പ്രകാരം എനിക്കൊരു ഇരുപത്തിയേഴര എന്ന് കിഴിച്ചും വയസ്സൊപ്പിച്ചു.
     ഇനി വീടും കുടുംബവുമൊക്കെ ഏതാണെന്ന് അറിഞ്ഞ് ഉമ്മയോട് സംസാരിച്ച് വേഗം സംഗതി തീരുമാനിക്കണം. ഗള്‍ഫില്‍ നല്ലൊരു കമ്പനിയില്‍ പണിയുളള പയ്യന്റെ ആലോചന വന്നാല്‍ അവളുടെ വീട്ടുകാര്‍ മുടക്കൊന്നും പറയിെല്ലന്ന് വിചാരിക്കാം. ഇനി ബാക്കിയുളള ഒമ്പത് ദിവസം കൊണ്ട് നിക്കാഹെങ്കിലും നടത്തി വേണം മടങ്ങിപ്പോകാന്‍. അവള്‍ക്ക് പഠനവും തുടരാമല്ലോ. മനസ്സാകെ സുഗമമായൊരു അനുഭൂതിയിലാറാടിയങ്ങനെ നടക്കവെ പിന്നില്‍ നിന്നും അവളുടെ മധുസ്വരം.....
     ''ന്നാ ഞാനിതിലെ പോയ്‌ക്കൊട്ടെ. രാവിലെ ആറിനാ ജ്യോതികേല് ക്ലാസ്‌തൊടങ്ങാ. അത് കഴിഞ്ഞ് വീട്ടില് വന്ന് ലഞ്ചും ബേഗുമൊക്കെ എട്ത്ത് പിന്നേയും നടക്കണ്ടെ, സ്റ്റോപ്പ് വരെ? പ്ലസ്ടുവായത് കൊണ്ട് ക്ലാസ് നേരത്തെ തുടങ്ങുകയും ചെയ്യും. അതാ എല്ലാ ദിവസവും രാവിലെ തന്നെ എന്റെ മോളുടെ ബാഗും ചുമന്ന് ഞാനിങ്ങനെ നടക്കേണ്ടി വരുന്നേ.''

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top