കള്ളിമുള്‍ക്കാട്ടിലെ ശലഭച്ചിറകുകള്‍-5

നൂറുദ്ദീന്‍ ചേന്നര No image

     ''ഠിനമായ പീഡനങ്ങള്‍കൊണ്ട് ശരീരവും മനസ്സും മരവിച്ച ഒരു നേരത്താണ് അത് സംഭവിച്ചത്. പീഡനത്തിന്റെ മുറിപ്പാടുകളില്ലാത്ത ഒരിഞ്ചു സ്ഥലം പോലും എന്റെ ശരീരത്തില്‍ അക്കാലത്തുണ്ടായിരുന്നില്ല. വെള്ളം കൊണ്ടുള്ള തടവറയില്‍ ഞാന്‍ കഴിഞ്ഞുകൂടിയിരുന്ന കാലം. നിന്നാല്‍ അരക്കൊപ്പം വെള്ളമുണ്ടാവും. അതില്‍ ഇരിക്കാന്‍ അവര്‍ കല്‍പിക്കും. ഇരുന്നാല്‍ കഴുത്തിനുതാഴെ വരെ വെള്ളം! ഇരുന്നിടത്തുനിന്ന് അനങ്ങിയാല്‍ ചാട്ടവാറുകൊണ്ട് അടി. ഇതൊന്നും കൂടാതെത്തന്നെ ദിവസം ആയിരം അടി അടിക്കാന്‍ പ്രസിഡണ്ടിന്റെ പ്രത്യേക ഉത്തരവുണ്ടത്രേ. ചാട്ടവാറടിയേറ്റ് പൊട്ടിപ്പൊളിഞ്ഞ ശരീരഭാഗങ്ങളിലെ വ്രണങ്ങള്‍ തടവറയിലെ വെള്ളത്തില്‍ കിടന്ന് കൂടുതല്‍ വേദന സമ്മാനിച്ചു.''
     സൈനബുല്‍ ഗസ്സാലി ആ കഥ പറയാന്‍ തുടങ്ങി. ആകാംക്ഷയോടെ കഥ കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചിരിക്കുകയാണ് ഹമീദാ ഖുതുബ്.
     ഇഖ്‌വാന്‍ നേതാക്കളെ അതിക്രൂരമായി ശിക്ഷിക്കുന്നതിന് പ്രതിജ്ഞയെടുത്തിറിങ്ങിയിരിക്കുകയാണ് പ്രതിരോധമന്ത്രിയായ ശംസ് ബദ്‌റാന്‍. അയാള്‍ പറയുന്നത് അക്ഷരം പ്രതി നടപ്പിലാക്കുന്ന സ്വഫ്‌വത്ത് എന്ന ഇന്റലിജന്റ് ഉദ്യോഗസ്ഥന്‍. സ്വഫ്‌വത്തിന്റെ ആജ്ഞകള്‍ക്കനുസരിച്ച് സൈനബുല്‍ ഗസ്സാലിയെന്ന മുസ്‌ലിം വനിതാ നേതാവിനെ ക്രൂരമായി ശിക്ഷിക്കാന്‍ തയ്യാറായി നില്‍ക്കുന്ന രണ്ട് സൈനികര്‍-സഅ്ദും സാംബോയും. ക്രൂരതയുടെ രണ്ടു മുഖങ്ങള്‍. കീറിപ്പറിഞ്ഞ ഒറ്റവസ്ത്രവുമായി തണുത്തവെള്ളത്തില്‍ അവര്‍ക്കുമുമ്പില്‍ മനസ്സും ശരീരവും വേദനകൊണ്ട് ഞെരിപിരി കൊള്ളൂന്ന ഇഖ്‌വാനീ വനിതകളുടെ പ്രിയപ്പെട്ട ഉമ്മ. ഹമീദാ ഖുതുബിന്റെ മനസ്സില്‍ സൈനബുല്‍ ഗസ്സാലിയുടെ പീഡാനുഭവങ്ങള്‍ വ്രണമൊലിപ്പിച്ചു നീറിനിന്നു. ഹമീദ സൈനബുല്‍ ഗസ്സാലിയുടെ വാക്കുകള്‍ക്കായി വീണ്ടും കാതോര്‍ത്തു.
     ''അനങ്ങാതെയുള്ള ആ ഇരുത്തമായിരുന്നോ ചാട്ടവാറുകൊണ്ടുള്ള അടിയായിരുന്നോ കൂടുതല്‍ വേദനാജനകമെന്ന് എനിക്കിപ്പോഴും പറയാന്‍ കഴിയുന്നില്ല. വേദനയുടെ കാഠിന്യം കൊണ്ട് ഞാന്‍ ക്രൂരനായ സ്വഫ്‌വത്തിനെ മറക്കും. സൈനികോദ്യോഗസ്ഥരായ സാംബോവിനെയും സഅ്ദിനെയും മറക്കും. എന്നെത്തന്നെ മറക്കും. അസഹനീയമായ ക്ഷീണവും നോവും എന്നെ അര്‍ധബോധാവസ്ഥയിലൂടെ ഒരു മയക്കത്തിന്റെ തീരത്തെത്തിക്കും. കണ്‍പോളകള്‍ അടഞ്ഞുതുടങ്ങും. അപ്പോഴാണ് സ്വഫ്‌വത്തിന്റെ ചാട്ടവാര്‍ എന്റെ ശരീരത്തില്‍ ആഞ്ഞുപതിക്കുക. അത്തരമൊരു സന്ദര്‍ഭത്തില്‍ ഒരിക്കല്‍ അയാള്‍ പറഞ്ഞു:
     ''എടീ പെണ്ണേ, ഉറങ്ങിയാല്‍ ഈ ചമ്മട്ടികൊണ്ട് നിന്നെ ഞാന്‍ ഉണര്‍ത്തും. ആ വാതിലില്‍ ഒരു വലിയ ദ്വാരം കണ്ടില്ലേ? അതിലൂടെ ഞങ്ങള്‍ക്ക് നിന്നെ നിരീക്ഷിക്കാന്‍ കഴിയും. നീ എഴുന്നേറ്റു നില്‍ക്കുന്നത്, നിന്റെ കൈയോ കാലോ അനങ്ങുന്നത്, നീ ഉറങ്ങുന്നത് എല്ലാം ഞങ്ങളറിയും. പിന്നെ ഈ ചമ്മട്ടികള്‍ക്ക് വിശ്രമമുണ്ടാവില്ല ഓര്‍ത്തോ.''
     ''പിന്നെ ഇഖ്‌വാനികള്‍ക്കെതിരെയുള്ള പുലഭ്യങ്ങള്‍, ജമാല്‍ അബ്ദുന്നാസിറിന്റെ പോരിശകള്‍, ഈ സമരപാതയില്‍നിന്ന് മാറിനിന്നാല്‍ എനിക്ക് കിട്ടാന്‍ പോകുന്ന ഭൗതികസ്വര്‍ഗത്തെക്കുറിച്ചുള്ള വാഗ്ദാനപ്പെരുമഴകള്‍.''
     ''അതിനേക്കാള്‍ വലിയ ശിക്ഷയല്ല വെള്ളത്തിലെ ഇരിപ്പും ചാട്ടവാറടിയുമൊന്നും!'' ഇടക്കുകയറി ഹമീദാ ഖുതുബ് പറഞ്ഞു.
     വാത്സല്യം നിറഞ്ഞ ഒരു പുഞ്ചിരിയായിരുന്നു സൈനബുല്‍ഗസ്സാലിയുടെ അതിനുള്ള പ്രതികരണം. സയ്യിദ് ഖുതുബിന്റെ പെങ്ങള്‍ക്ക് സാഹിത്യവും തത്വജ്ഞാനവുമൊന്നും ഈ തടവറപീഡനങ്ങള്‍ക്കിടയിലും കൈമോശം വന്നിട്ടില്ലെന്ന് മനസ്സില്‍ കുറിക്കുകയും ചെയ്തുകൊണ്ട് ആ മഹതി തുടര്‍ന്നു പറഞ്ഞു: ''ചില സമയങ്ങളില്‍ അവരെന്നെ വെള്ളത്തില്‍നിന്ന് എഴുന്നേല്‍പിച്ച് മറ്റൊരു മുറിയില്‍ കൊണ്ടുപോവും. അവിടെ ക്രൂരമായ ശിക്ഷകള്‍ക്ക് തയ്യാറായി ചാട്ടവാറേന്തിയ കിങ്കരന്മാര്‍ നില്‍ക്കുന്നുണ്ടാകും. ആ പീഡനങ്ങളെല്ലാം ഏറ്റുവാങ്ങി പിന്നെയും വെള്ളത്തടവറയിലേക്ക് മടങ്ങും. ഇങ്ങനെയുള്ള കൂടുമാറ്റങ്ങള്‍ക്കിടയിലൊരിക്കല്‍ സ്വഫ്‌വത്ത് എന്നെ തൊട്ടടുത്ത തടവറയിലേക്ക് മാറ്റിയ സന്ദര്‍ഭത്തിലാണ് ഞാന്‍ പറയാന്‍ പോകുന്ന സംഭവം നടന്നത്. സ്വഫ്‌വത്ത് ജ്വലിക്കുന്ന ചാട്ടവാറുകൊണ്ട് എന്നെ വരവേറ്റു.''
     ''ജ്വലിക്കുന്ന ചാട്ടവാറോ?'' ഹമീദാ ഖുതുബ് ചോദിച്ചു.
     ''അതെ, തിളച്ച എണ്ണയില്‍ മുക്കി ചൂടുപിടിപ്പിച്ച ചാട്ടവാറുകള്‍. പീഡനത്തിന്റെ ക്രൂരതകള്‍ എങ്ങനെയെല്ലാം ശക്തിപ്പെടുത്താമെന്നതിനുവേണ്ട എല്ലാ ഗൃഹപാഠവും ചെയ്താണല്ലോ അവര്‍ ഇഖ്‌വാനികളെ ജയിലില്‍ നിറച്ചിരിക്കുന്നത്. തെരുവുപട്ടിയെപ്പോലെ എന്നെ തല്ലിച്ചതക്കുമെന്നു പറഞ്ഞുകൊണ്ട് അയാള്‍ ശക്തിയേറിയ ഒരു പ്രഹരം ചാട്ടവാറുകൊണ്ട് എന്റെ മുതുകിന് തന്നു. എന്നിട്ട് പുറത്തുപോയി. തിരിച്ചുവന്നപ്പോള്‍ മറ്റു രണ്ടുസെനികരും ഹംസത്തുല്‍ ബസ്‌യൂനി എന്ന ഉദ്യോഗസ്ഥനും കൂടി അയാളോടൊപ്പമുണ്ടായിരുന്നു.''
     ''ഹംസത്തുല്‍ ബസ്‌യൂനി ജയില്‍ വാര്‍ഡനല്ലേ? ഞാനറിയും. ഇഖ്‌വാനീ തടവുകാര്‍ പീഡനങ്ങളുടെ അസഹ്യതയില്‍ അള്ളാഹുവിനെ വിളിച്ചു കേഴുമ്പോള്‍, ഏത് അള്ളാഹു, അവനിങ്ങോട്ട് വന്നാല്‍ അവനെയും ഞാന്‍ ഇവിടെനിന്ന് ചുഴറ്റിയെറിയുമെന്ന് പറഞ്ഞ ധിക്കാരിയല്ലേ?'' ഹമീദാ ഖുതുബിന്റെ മുഖം ഹംസത്തുല്‍ ബസ്‌യൂനിയെക്കുറിച്ചുള്ള അമര്‍ഷത്താല്‍ ചുവന്നു.
     ''അതേ, അയാള്‍ എന്നോട് പറയുകയാണ്, തെറിവാക്കുകളുടെ അകമ്പടിയോടെ, ' ......ന്റെ മോളേ, മര്യാദക്ക് സത്യം തുറന്നു പറഞ്ഞ് തടി രക്ഷപ്പെടുത്താന്‍ നോക്കിക്കോ. സയ്യിദ് ഖുതുബും ഹുദൈബിയും അബ്ദുല്‍ ഫത്താഹ് ഇസ്മാഈലും തുറന്നു പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ ഞങ്ങളുടെ പക്കല്‍ രേഖകളുണ്ട്. അബ്ദുന്നാസിര്‍ കാഫിറാണ്, അദ്ദേഹത്തിന്റെ രക്തം ചിന്തല്‍ ഹലാലാണ്, എന്നൊക്കെ അബ്ദുല്‍ ഫത്താഹ് ഇസ്മാഈലിനോട് പറയാന്‍ ഹസനുല്‍ ഹുദൈബി നിന്നെ ഏല്‍പിച്ചിരുന്നുവെന്നും അവരില്‍നിന്ന് ഞങ്ങളറിഞ്ഞു. അവരൊക്കെ സത്യം പറഞ്ഞ് തടി രക്ഷപ്പെടുത്തി. നീ മാത്രം ആദര്‍ശത്തിന്റെ പേരുപറഞ്ഞ് സ്വയം നശിക്കാന്‍ ശ്രമിക്കുകയാണ്.''
     അല്‍പനേരം അയാള്‍ എന്നെ തുറിച്ചുനോക്കി. എന്റെ ഭാവമെന്താണെന്ന് അറിഞ്ഞ് അടുത്ത നീക്കം നടത്താനായിരിക്കും. പിന്നെ അയാള്‍ ഗര്‍ജ്ജിച്ചു.
     ''എന്താടീ മിണ്ടാതെ നില്‍ക്കുന്നത്? നിന്നെക്കൊണ്ട് സത്യം പറയിപ്പിക്കാനൊക്കെ ഞങ്ങള്‍ക്കറിയാമെടീ.''
     അതുകഴിഞ്ഞ് എനിക്കുനേരെ കഠിനപീഡനങ്ങളൊരുക്കാന്‍ സൈനികരോടു കല്‍പിച്ച് അയാള്‍ പുറത്തുപോയി. സ്വഫ്‌വത്ത് ആ സൈനികരുടെ നേരെ തിരിഞ്ഞു. നിന്ദ്യവും പരുഷവും അശ്ലീലം കലര്‍ന്നതുമായ ഭാഷയില്‍ അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളോരോന്നായി അയാള്‍ കൊടുത്തുകൊണ്ടിരുന്നു. അതുകഴിഞ്ഞ് അവരിലൊരാളെ നോക്കി കല്‍പനകൊടുത്തു.
     ''ഉം, ചെല്ല്. ആദ്യം നിന്റെ ഊഴമാണ്. അതുവരെ മറ്റവന്‍ പുറത്തുനില്‍ക്കും. നീ തളരുമ്പോള്‍ അവനെ വിളിച്ചേല്‍പിക്കുക. അവളോട് ഏതെങ്കിലും വിധത്തില്‍ ദയ തോന്നിയാലുണ്ടല്ലോ, അതേ ശിക്ഷ നിന്നെയും കാത്തിരിക്കും ഓര്‍ത്തോളൂ നായേ!''
     ഇതും പറഞ്ഞ് സ്വഫ്‌വത്തും പുറത്തുപോയി. കൂടെയുണ്ടായിരുന്ന സൈനികനും. അതിനുശേഷം ഞാനും സൈനികനും ഒറ്റക്കായി.
     സൈനബുല്‍ ഗസ്സാലിയുടെ മുഖത്തെ ശാന്തത മാഞ്ഞുപോയി. അപരിചിതമായ ഒരു ഭാവം അവിടെ കാര്‍മേഘക്കുടചൂടി.
(തുടരും)



Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top