പക്ഷികളിലെ സുന്ദരി

ഡോ. പി. കെ. മുഹ്‌സിന്‍ No image

     ഏറ്റവും മനോഹരമായ പക്ഷികളാണ് ഫെസന്റുകള്‍. പട്ട് ചേല പോലെ നീളുന്ന വാലുകളാണ് ഇവക്കുളളത്. ഭൂകമ്പം, സുനാമി തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ഇവക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ദേശീയ പക്ഷിയായ മയില്‍ ഫെസന്റുകള്‍ ഈ ഇനത്തില്‍ പെട്ട പക്ഷിയാണ്.
കൊല്‍ക്കത്ത, ഹൈദരാബാദ്, ദല്‍ഹി എന്നിവിടങ്ങളിലെ സമ്പന്നരുടെ വീടുകളില്‍ അലങ്കാര പക്ഷിയായി ഇവയെ വളര്‍ത്തി വരുന്നു. ചുരുങ്ങിയത് 120 സ്‌ക്വയര്‍ഫീറ്റ് വിസ്താരമുളള കൂട് ഇവക്ക് ആവശ്യമാണ്. ഒരടി ഉയരത്തില്‍ ഇഷ്ടികകൊണ്ട് ചുറ്റുമതില്‍ കെട്ടി അതിന്റെ മുകളില്‍ കമ്പി വലകൊണ്ട് മറച്ച് ഇവയുടെ കൂടുണ്ടാക്കാം. ഇതിന്റെ മുകളില്‍ കമ്പി വല ഇടണം. വാലുകളുടെ ഭംഗി നഷ്ടപ്പെടുത്തുന്ന കൂര്‍ത്ത ഭാഗങ്ങള്‍ കൂട്ടില്‍ ഉണ്ടായിരിക്കരുത്. വിശ്രമിക്കാനായി നിലത്ത് കുറ്റിച്ചെടികള്‍, പാറക്കല്ലുകള്‍, മരക്കഷ്ണങ്ങള്‍ മുതലായവ വെക്കാം. കൂട്ടിനകത്ത് മഴക്കാലത്ത് കയറി നില്‍ക്കാന്‍ മേല്‍കൂരയുളള ചെറിയൊരു കൂട് വേണം.
ഫെസന്റുകളില്‍ പൂവന്മാര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം. പ്രായ പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം വേണം. ഈ പ്രായത്തില്‍ തന്നെ പട്ട് പോലെ നീളുന്ന ഒരു മീറ്റര്‍ നീളമുളള വാല്‍ കാണാം. പിടകള്‍ വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യമായി മുപ്പതോളം മുട്ടകള്‍ ഇടുന്നു. മുട്ട വിരിയാന്‍ 23 ദിവസം വേണം. കോഴികളെയോ ഇന്‍ക്യുബേറ്ററോ ഉപയോഗിച്ച് മുട്ട വിരിയിക്കാം.ധാന്യങ്ങള്‍, വറുത്ത റൊട്ടിപ്പൊടി, ഓറഞ്ച്, മുന്തിരി, മറ്റു പഴങ്ങള്‍, പച്ചപ്പുല്ല് എന്നിവയാണ് തീറ്റ. കൂടാതെ തൂവലിന്റെ ശോഭ വര്‍ധിക്കുവാന്‍ പുഴുങ്ങിപ്പൊടിച്ച കാരറ്റ്, മരതരി, ചുടുകട്ട, മല്ലിയില, ഞവര ഇല എന്നിവയും കൊടുക്കാം.


പ്രധാന ഇനങ്ങള്‍


ഗോള്‍ഡന്‍ ഫെസന്റുകള്‍
     ഫെസന്റ് വര്‍ഗത്തിലെ ഏറ്റവും സൗന്ദര്യമുളളവയാണ് ഗോള്‍ഡന്‍ ഫെസന്റുകള്‍. ചൈനയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് ഇവയെ കണ്ടുവരുന്നത്. തലയില്‍ നീണ്ട് നേര്‍ത്ത സ്വര്‍ണ്ണ നിറത്തിലുളള തൂവല്‍ കിരീടം ഉണ്ടായിരിക്കും. കഴുത്തില്‍ ഓറഞ്ചും കറുപ്പും നിറങ്ങള്‍ ഇടവിട്ട് കാണാം. മുതുകിനിരുവശത്തും മഞ്ഞ നിറത്തിലുളള നേര്‍ത്ത തൂവല്‍ക്കെട്ടുകള്‍ ഉണ്ടാവും. മറ്റ് ശരീരഭാഗത്തെ തൂവലിന് കടുംചുവപ്പ് നിറമാണ്. ബ്രൗണും കറുപ്പും ഇടകലര്‍ന്ന തൂവലുകളുളള പെണ്‍പക്ഷികള്‍ അത്ര ആകര്‍ഷകമല്ല. ഇവ പന്ത്രണ്ടോളം മുട്ടകളിടുന്നു. പക്ഷിക്കുഞ്ഞുങ്ങളുടെ ലിംഗനിര്‍ണയം എളുപ്പമാണ്. പിടയുടെ കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റും കടും വര്‍ണ നിറമുളളപ്പോള്‍ പൂവന്റെ കൃഷ്ണമണിക്ക് ചുറ്റും നേര്‍ത്ത നിറമാണ്. കുഞ്ഞുങ്ങള്‍ വിരിഞ്ഞാല്‍, കഴുകി കുതിര്‍ത്ത തിനയും ചീവീടും പുഴുക്കളുമൊക്കെ നല്‍കാം. മൂന്ന് മാസത്തിന് ശേഷം ധാന്യങ്ങളും പച്ചപ്പുല്ലുമുള്‍പ്പെടെയുളള മിശ്രിതാഹാരം നല്‍കാം.


റിംഗ് നെക്ഡ് ഫെസന്റുകള്‍
     പേര് സൂചിപ്പിക്കുന്നത് പോലെ ആണ്‍പക്ഷികളുടെ കഴുത്തില്‍ വെളുത്ത വളയം കാണുന്നു. ഇവയെ കോമണ്‍ ഫെസന്റുകള്‍ എന്നു പറയുന്നു. ചൈന, ബര്‍മ, വിയറ്റ്‌നാം എന്നീ മേഖലകളിലാണ് ഇവയെ ധാരാളമായി കാണപ്പെടുന്നത്. രക്താതിസാരം അഥവാ ഗോക്‌സിഡിയോസിക് എന്ന രോഗം ഇവയെ ബാധിക്കുന്നു.


സില്‍വര്‍ ഫെസന്റുകള്‍
     ആണ്‍പക്ഷിയുടെ തലയില്‍ നീണ്ട് നേര്‍ത്ത തൂവല്‍ കാണാം. കവിള്‍ ഭാഗത്ത് കടുംചുവപ്പ് തൊലികൊണ്ട് പൊതിഞ്ഞിരിക്കും. അടിവയര്‍ കറുത്തതാണ്. ബാക്കിയുളള ശരീരഭാഗങ്ങള്‍ വെളള നിറം. വനങ്ങളിലും പര്‍വ്വത നിരകളിലും കൂട്ടത്തോടെ കഴിയാന്‍ ആഗ്രഹിക്കുന്നവയാണിവ.


ലേഡി ആംഹസ്റ്റ് ഫെസന്റുകള്‍
     ചുവപ്പ്, കറുപ്പ്, വെളുപ്പ്, പച്ച, നീല എന്നീ നിറങ്ങളുളള തൂവലുകള്‍ ഓരോ കട്ടകളായി അടുക്കി വെച്ച് നീണ്ട ഒരു ഇല പോലെ വെളുപ്പും കറുപ്പും ഇടകലര്‍ന്ന തൂവലുകളാണ് ഇവയുടെ പ്രത്യേകത. ഒരു പൂവനും മൂന്നോ നാലോ പിടകളും ചേര്‍ന്ന ഏവിയലുകളാണ് നല്ലത്.


ഇന്ത്യന്‍ ബ്ലൂപീ ഫൗള്‍
     നമ്മുടെ ദേശീയ പക്ഷിയായ ഈ മയിലുകള്‍ക്ക് മൂന്നാം വര്‍ഷം പൂര്‍ണ്ണ തൂവല്‍ഭംഗി എത്തും. വലിയ ഏവിയലുകളില്‍ കഴിയാനാണ് ഇഷ്ടം. ഒരു ശീയില്‍ ആറ് മുട്ടകള്‍ ഇടും. വെളള മയിലുകള്‍ ഇവയുടെ ജനിതക വ്യതിയാനമാണ്.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top