മാപ്പിളപ്പാട്ടിന്റെ മൊഞ്ചും സീനത്തും കസവുടുത്തപ്പോള്‍

 പി.ടി കുഞ്ഞാലി No image

മലയാളത്തിലെ തനത് നാടോടി വഴക്കങ്ങളില്‍ സുപ്രധാനമായൊരു ധാരയാണ് മാപ്പിളപ്പാട്ട്. നാനൂറാണ്ടിനപ്പുറത്തേക്ക് നീളുന്ന ആ സ്വരരാഗ സംസ്‌കൃതിക്ക് മുസ്ലിം ജീവിതത്തിന്റെ സമസ്ത മേഖലയിലും സമൃദ്ധമായ സ്വാധീനമുണ്ട്. അവരുടെ ഭക്തി മാത്രമല്ല, ദുഃഖ- സന്തോഷങ്ങളും പ്രണയ-പ്രണയ നഷ്ടങ്ങളും വിഷാദ- വിരഹങ്ങളും സമരസംഘര്‍ഷങ്ങളും കാര്‍ഷിക ജീവിത പെരുക്കങ്ങളും മരണവും മരണാനന്തരം പോലും നിര്‍ണയിക്കപ്പെട്ടിരുന്നത് ഒരുകാലത്ത് ഈ ഗാനശാഖയുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു.
ഇങ്ങനെ മാപ്പിളപ്പാട്ടിന്റെ പല നൂറ്റാണ്ട് പഴക്കമുള്ള ചരിത്ര പ്രയാണത്തില്‍ ഭക്തിവിശ്വാസങ്ങളുടെ തീവ്ര പ്രാധാന്യം കുറച്ച് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യകാലമായതോടെ വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും പുതിയൊരു പ്രതലം ഉത്സാഹത്തോടെ വികസിച്ചു വന്നതായി കാണാം. അലങ്കാരപൂര്‍വം ഉയര്‍ത്തിക്കെട്ടിയ രംഗവേദികളുടെയും വിദ്യുത് പ്രകാശത്തിന്റെയും ഉച്ചഭാഷിണിയുടെയും സഹായത്തോടെ പാട്ടുകള്‍ പാടിനടക്കുന്ന പുതിയ ഒരു രീതിയായിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ ഏതാണ്ട് മധ്യകാലത്തോടെ വികാസം നേടിയ ഈയൊരു അനുപമാസ്വാദന പ്രതലം ജാതി- മത ഭേദമന്യേ സര്‍വ കേള്‍വിക്കാരെയും നിരന്തരം ആകര്‍ഷിച്ചു പോന്നു. അതാണ് മാപ്പിള ഗാനമേളയെന്ന നവീന മണ്ഡലം. മദ്‌റസാ വാര്‍ഷികങ്ങളുടെയും വായനശാലാ ഉത്സവങ്ങളുടെയും അന്നത്തെ ആകര്‍ഷണം കഥാപ്രസംഗങ്ങളായിരുന്നു. അതിന്റെ തുടര്‍ച്ച കൂടിയായാണിത് മലബാറില്‍ വികസിച്ചുവന്നത്. ഗ്രാമഫോണ്‍ റെക്കോര്‍ഡുകളുടെയും പാടിപ്പറയല്‍ പരിപാടികളുടെയും സിനിമാ പാട്ടുകളുടെയും വഴിയുണ്ടായ മാപ്പിളപ്പാട്ടാസ്വാദന ലോകത്ത് വന്ന സഹജമായൊരു മാറ്റം കൂടിയായിരുന്നു ഇത്.
ഈ മട്ടില്‍ സാമാന്യം വിജയകരമായി അരങ്ങേറിത്തുടങ്ങിയ മാപ്പിള ഗാനമേളകള്‍ക്ക് പുതിയൊരു വികാസം പ്രദാനം ചെയ്ത ഗായകനും ഗാന രചയിതാവും ഗാനമേളാ ട്രൂപ്പ് സംഘാടകനുമായിരുന്നു വി.എം കുട്ടി. പതിറ്റാണ്ടുകളിലേക്ക് ദീര്‍ഘമാര്‍ന്ന കുട്ടി മാഷിന്റെ ഗാന ജീവിതത്തില്‍ ഒപ്പംനിന്ന് പാടിയ  മാന്ത്രിക ഗായികയായിരുന്നു വിളയില്‍ ഫസീല. ഒരര്‍ഥത്തില്‍ വി.എം കുട്ടി കണ്ടെടുത്ത് മലയാളിക്ക് സമ്മാനിച്ചതാണ് ഈ വിശ്രുത ഗായികയെ. മാപ്പിളപ്പാട്ട് ലോകത്ത് സമര്‍പ്പണ ജീവിതം തുടങ്ങിയ വി.എം കുട്ടിക്ക് കോഴിക്കോട് ആകാശവാണിയില്‍ അന്ന് 'ബാലലോക'ത്തില്‍ പാട്ട് പരിപാടികള്‍ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. ബാലലോകം പരിപാടിയില്‍ കുട്ടികളുടെ ഗാനാലാപന രംഗങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അതിന് ഇടറാതെ പാടാന്‍ വൈഭവമുള്ള സ്വരമാധുരിയൊത്ത ബാലകരെയും തേടി കുട്ടി മാഷ് സഞ്ചരിക്കുന്ന കാലം. ആരോ പറഞ്ഞറിഞ്ഞ് ഒരുനാള്‍ മാഷ് സ്വന്തം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയില്‍ പറപ്പൂരില്‍ വന്നെത്തി. അവിടെയൊരു പ്രാഥമിക പള്ളിക്കൂടമുണ്ട്. അന്നവിടെ പാട്ടിലും കവിതയിലും കുട്ടികളെ സഹായിക്കുന്ന അധ്യാപികയുണ്ടായിരുന്നു- സൗദാമിനി ടീച്ചര്‍. ടീച്ചര്‍ സ്‌കൂളിലെ പാട്ടുകാരികളെയൊക്കെയും വിളിച്ചുവരുത്തി കുട്ടി മാഷിന്റെ മുന്നില്‍ കൊണ്ടുവന്നു. അന്നാ കുട്ടിപ്പറ്റത്തില്‍നിന്ന് സ്വരമാധുരികൊണ്ടും രാഗവിസ്താര മേന്മകൊണ്ടും ആലാപനത്തിലെ സ്ഥായീത്വം കൊണ്ടും മികവാര്‍ന്നു നിന്നത് വത്സലയെന്ന അഞ്ചാം ക്ലാസുകാരിയാണ്. അങ്ങനെ അന്നേയവള്‍ ബാല ഗായികയായി മാഷിനൊപ്പം കൂടിയതാണ്. പിന്നീടാ അനുയാത്ര നാല്‍പതാണ്ടിനപ്പുറത്തേക്ക് നീണ്ടു.
വിളയില്‍ ദേശത്തിലെ ഉള്ളാട്ടുതൊടി കേളന്റെയും ചെറുപെണ്ണിന്റെയും മകളായി പിറന്ന വത്സലയാണ് പിന്നീട് മാപ്പിളപ്പാട്ടിന്റെ ആസ്ഥാന രാജ്ഞിയായി അവരോധിതയായത്. അതൊരു വലിയ വളര്‍ച്ച തന്നെയാണ്. ആ വളര്‍ച്ച നാം മലയാളികള്‍ കണ്ടുനിന്നത് വിസ്മയത്തോടെയും. സ്വരസ്ഥാനങ്ങള്‍ ഉറപ്പിച്ചു കുഞ്ഞു വത്സല പാടിയ ഗാനത്തില്‍ കുട്ടിമാഷ് ആകര്‍ഷിക്കപ്പെട്ടത് അദ്ദേഹം തന്നെ പില്‍ക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്. വത്സലയുടെ സഹോദരന്‍ ചന്തമുക്കുകളില്‍ നിന്നും മേടിച്ചുവരുന്ന കൊച്ചു കൊച്ചു പാട്ടുപുസ്തകങ്ങള്‍ പാടി നോക്കുന്ന വത്സലയുടെ ആലാപന കൗതുകം അറിഞ്ഞു പ്രോല്‍സാഹിപ്പിക്കാന്‍ അന്നാ വീട്ടില്‍ ആളുണ്ടായിരുന്നില്ല. ഗ്രാമത്തിലെ ഒരു കുന്നിന്‍ മുകളിലായിരുന്നു അന്നവരുടെ വീട്. സഹോദരനോടൊത്തുള്ള ഈ ബാലികയുടെ യുഗ്മഗാനങ്ങള്‍ അന്ന് താഴ്‌വാരങ്ങളെ അപ്പാടെ ആനന്ദലഹരിയില്‍ പുതച്ചു കിടത്തിക്കാണും.
കുട്ടിമാഷ് പുതിയ ഗായികയെ കണ്ടെത്തിയതോടെ അവളുടെ പാഠം ചൊല്ലല്‍ പിന്നെ മിക്കവാറും മാഷിന്റെ സ്വന്തം വീട്ടിലേക്ക് മാറി. സംഘത്തില്‍ പാടാന്‍ വേറെയും ഗായികമാര്‍ അന്നുണ്ടായിരുന്നു. മാലതിയും സതിയും സുശീലയും. പക്ഷേ, സംഘത്തിലെ വിശ്രുത ഗായിക വത്സല തന്നെയായിരുന്നു. അന്ന് കേരളത്തില്‍ മാപ്പിളപ്പാട്ട് പാടുന്ന നിരവധി ഗായക സംഘങ്ങളുണ്ട്. ഇത്തരം ഗായക സംഘങ്ങളില്‍ പെരുമപ്പെട്ട സംഘമായി തിളങ്ങിനിന്നത് വി.എം കുട്ടിയുടെ ഗായക ട്രൂപ്പായിരുന്നു. മൂസ എരഞ്ഞോളി, പീര്‍ മുഹമ്മദ്, മുഹമ്മദ് കുട്ടി തുടങ്ങിയ നിരവധി ഗാനമേള സംഘങ്ങള്‍ അക്കാലത്ത് മലബാറില്‍ മത്സരിച്ചു പാടിനടന്നിരുന്നു. വത്സലയുടെ ആലാപനം മികവും വി.എം കുട്ടി മാഷിന്റെ സംഘാടന വൈഭവവും ഒന്നുചേര്‍ന്നപ്പോള്‍ വേദികളില്‍നിന്നും വേദികളിലേക്ക് ഇവര്‍ക്ക് നിരന്തരം പറക്കേണ്ടിവന്നു. കേരളം വിട്ട് വിദൂര ഇന്ത്യന്‍ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഇവരുടെ ഗാനമേളകള്‍ തിമര്‍ത്തുപെയ്തു. റേഡിയോ ഗാനങ്ങളിലും ആല്‍ബങ്ങളിലും കൊളംബിയ റിക്കാര്‍ഡുകളിലുമായി അപ്പോഴേക്കും വത്സല പരശ്ശതം പാട്ടുകള്‍ പാടിക്കഴിഞ്ഞിരുന്നു.
1970-ല്‍ തന്നെ പാടി ഹിറ്റായ ഗാനമാണ്
'കിരി കിരീ ചെരുപ്പുമ്മല്‍
അണഞ്ഞുള്ള പുതുനാരി' എന്ന മനോഹരമായ ഗാനം. ഇത് ഈ ഗായികയുടെ പെരുമ പിന്നെയും വളര്‍ത്തി. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയാറില്‍ കോഴിക്കോട് വെച്ച് മുസ്ലിം എജുക്കേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അഖിലേന്ത്യാ മാപ്പിളപ്പാട്ട് മത്സരത്തില്‍  വത്സലയുടെ സംഘം ഗ്രൂപ്പിനത്തിലും, വ്യക്തിതലത്തില്‍ വത്സല തന്നെയും ഒന്നാമതായി. ഇതോടെ ഇവര്‍ പ്രശസ്തിയുടെ ശിഖരം കയറി. മാഷിന്റെ  വീടകം തന്നെയായിരുന്നു അക്കാലത്ത് വത്സലയുടെ പാട്ട് പരിശീലന കേന്ദ്രം. അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളുമായി ഇടപഴകി ജീവിച്ചതോടെ മുസ്ലിം സാംസ്‌കാരിക സ്വത്വങ്ങളും ഭാഷാവഴക്കങ്ങളും സാങ്കേതിക പ്രയോഗങ്ങളുടെ സൂക്ഷ്മസ്ഥലികളും വത്സല പഠിച്ചെടുത്തു. മാഷിന്റെ തന്നെ സുഹൃത്തും അറബി ഉച്ചാരണ വിദഗ്ധനുമായിരുന്ന മുഹമ്മദ് നാലകത്തിന്റെ ശിഷ്യത്വത്തില്‍ ഇവര്‍ അറബി ഉച്ചാരണവഴക്കത്തില്‍ മികവെടുത്തു. ഖുര്‍ആന്‍ പാരായണത്തിന്റെ തജ്‌വീദീ നിയമങ്ങളും വത്സല കൃത്യപ്പെടുത്തിയതോടെ അറബി പദങ്ങളും വാക്യപ്രയോഗങ്ങളും അവര്‍ തന്നെ പാട്ടുകളില്‍ സൗന്ദര്യത്തികവോടെ അലിയിച്ചു ചേര്‍ത്തു.
1978-ല്‍ വിപുലമായൊരു ഗള്‍ഫ് പാട്ടു പര്യടനം തരപ്പെട്ടു. അവിടെ വെച്ചാണ് ആദ്യമായി പി.ടി അബ്ദുറഹിമാന്‍
'കടലിന്റെ ഇക്കരെ വന്നോരേ
ഖല്‍ബുകള്‍ വെന്ത് പുകഞ്ഞോരേ
തെങ്ങുകള്‍ തിങ്ങിയ നാടിന്റെയോര്‍മകള്‍
വിങ്ങിയ നിങ്ങളെ കഥ പറയൂ' എന്ന പ്രശസ്ത ഗാനം പാടിയത്.
അത് പ്രവാസികള്‍ ഇടനെഞ്ചില്‍ ഏറ്റുവാങ്ങിയ ഗാനമായി. അവരുടെ ഭാവനാ ലോകങ്ങളില്‍ അത് അറബന കൊട്ടി. ഇന്നത്തെപ്പോലെ വിമാന സൗകര്യങ്ങളും വാര്‍ത്താവിനിമയ സന്നാഹങ്ങളും ഇല്ലാത്ത അക്കാലത്തെ ഗൃഹാതുരതകള്‍ക്ക് ഇന്നത്തേതിനെക്കാള്‍ വൈകാരിക തീക്ഷ്ണതയുണ്ടായിരുന്നു. ഭക്തിയും അനുരാഗവും ദുഃഖ വേദനകളും വിരഹ സങ്കടങ്ങളും ആലാപനത്തിന്റെ സാന്ദ്ര രാഗങ്ങളിലേക്ക് ആവാഹിച്ച്, തുറന്നുപാടാനുള്ള വത്സലയുടെ സിദ്ധിയും സാധകവും അനുപമമായിരുന്നു. മുസ്ലിം സാംസ്‌കാരിക പരിസരത്ത് വര്‍ഷങ്ങളോളം ജീവിച്ചതോടെ വത്സലയില്‍ വിശ്വാസപരിവര്‍ത്തനത്തിന്റെ ശുഭചിന്തകള്‍ മുളപൊട്ടി വിടര്‍ന്നു. അവര്‍ ഇസ്ലാമിക സംസ്‌കാരത്തിന്റെ എളിമയിലേക്ക് സ്വയം പ്രവേശിച്ച് വിളയില്‍ ഫസീലയായി. 1986-ല്‍ ടി.കെ.പി മുഹമ്മദലിയെ വിവാഹം ചെയ്ത് ഫസീല ഗൃഹസ്ഥയായി. പിന്നെയും ഇവര്‍ ഗാനാലാപന രംഗത്ത് തന്നെ ധീരമായി തുടര്‍ന്നുകൊണ്ടിരുന്നു.
മൈലാഞ്ചി, പതിനാലാം രാവ്, 1921 തുടങ്ങിയ ചലച്ചിത്രങ്ങള്‍ വിളയില്‍ ഫസീലയുടെ ഗാനസുധകൊണ്ട് ചമഞ്ഞിറങ്ങിയതാണ്. ഫോക്‌ലോര്‍ അക്കാദമി ലൈഫ് ടൈം അവാര്‍ഡ്, മാപ്പിള കലാരത്‌ന അവാര്‍ഡ്, മാപ്പിള കലാ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഫസീലയെ തേടിയെത്തിയിട്ടുണ്ട്. ശബ്ദംകൊണ്ട് മാത്രമല്ല ഫസീല മികച്ച ഗായികയായത്, ശ്രുതിയും താളവും ഭാവവും അവര്‍ക്ക് ഇടറിയിട്ടേയില്ല. അതുകൊണ്ടാണിവര്‍ക്ക് യേശുദാസിന്റെയും എം.എസ് ബാബുരാജിന്റെയും കെ.ജി മാര്‍ക്കോസിന്റെയും ഒപ്പമൊക്കെ പാടാനായത്. നിരവധി പാട്ടുകള്‍ ഹിറ്റായത് ഇവരുടെ സ്വര്‍ണ രാഗസുധകള്‍ കൊണ്ട് മാത്രമാണ്.
അക്ഷരങ്ങളുടെയും വാക്കുകളുടെയും ആശയവിനിമയമാണ് സാഹിത്യ ഭാഷ. എന്നാല്‍, സ്വരങ്ങളുടെ അകമ്പടിയില്‍ ആശയങ്ങളുടെ സമര്‍ഥ വിക്ഷേപണം നടക്കുന്ന നാദ ഭാഷയാണ് സംഗീതം. മനുഷ്യ ജീവിതത്തിന്റെ സര്‍വ വികാരങ്ങളെയും ഇങ്ങനെ നാദത്തില്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞ കലാകാരി കൂടിയാണ് വിളയില്‍ ഫസീല. അതുകൊണ്ടാണ് ആധുനിക കാലത്തിന്റെ കമ്പനങ്ങളില്‍ ചെന്നുപെട്ട് മുങ്ങിത്താണു പോകാതെ മാപ്പിളപ്പാട്ട് എന്ന ഗാനസാഹിത്യ ശാഖയെ കാത്തുനിര്‍ത്താനും അതിന്റെ ആസ്വാദനത്തിനൊരു മതേതരവും ജനകീയവുമായ ഭാവം നല്‍കാനും അവര്‍ക്കായത്; അര നൂറ്റാണ്ടായിട്ടും ഈ ഗായിക മാപ്പിളപ്പാട്ടാലാപന വേദികളില്‍ ഒരു വാനമ്പാടിയായി ശോഭിച്ചതും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top