ചില അധ്യാപക ചിന്തകള്‍

കെ.പി രാമനുണ്ണി, സഹീറാ തങ്ങള്‍, പി.കെ പാറക്കടവ് No image

ചില അധ്യാപക ചിന്തകള്‍ 

കെ.പി രാമനുണ്ണി

അധ്യാപകരുടെയെല്ലാം അധ്യാപകനായി മുഹമ്മദ് നബി (സ)യെ ഒ.വി വിജയന്‍ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ ഒരേയൊരു അധ്യാപനത്തിന്റെ പേരിലായിരുന്നു. 'അനാഥ ശിശുക്കളുടെ മുന്നില്‍വെച്ച് സ്വന്തം മക്കളെ ഓമനിക്കരുതെ'ന്ന ഒരേയൊരു അധ്യാപനത്തിന്റെ പേരില്‍- ആ ലോകമഹാ ഗുരുവിനെ സ്മരിച്ചുകൊണ്ട് പൊന്നാനി ന്യൂ എല്‍.പി സ്‌കൂളിലും എ.വി ഹൈസ്‌കൂളിലും പഠിപ്പിച്ച രണ്ട് അധ്യാപകരെയും അവര്‍ എന്നില്‍ സൃഷ്ടിച്ച സ്വാധീനത്തെയും ആദരപൂര്‍വം ഓര്‍ക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി അറുപതിലാണ് കുട ചൂടി, വെള്ളം നീന്തി, പാടം മുറിച്ച്, അരക്കിലോമീറ്റര്‍ ദൂരത്തുള്ള പൊന്നാനി ന്യൂ എല്‍. പി സ്‌കൂളിലേക്ക് കയറിച്ചെല്ലാന്‍ എനിക്ക് യോഗമുണ്ടായത്. അനുഗമിച്ചിരുന്ന ചന്ദ്രേട്ടന്‍ സൂത്രത്തില്‍ പിന്‍വലിഞ്ഞതും ഞാന്‍ അലറിക്കരഞ്ഞു. 'അമ്മയെക്കാണണേയ്, അമ്മയെക്കാണണേയ് എനിക്കെന്റെ അമ്മയെക്കാണണേയ്.' മാഷന്മാരും ടീച്ചര്‍മാരും പ്യൂണും ഓടിക്കൂടി.
'ങ്ഹാ, രാമനുണ്ണിക്ക് അറിയുന്ന ഭാനുമതിട്ടീച്ചറ്, ഭാനുവേടത്തി, ഇവിടെ ഉണ്ടല്ലോ പേടിക്കേണ്ട.''
ആരോ ആശ്വസിപ്പിച്ചു. ഉടനെ ഞാന്‍ എന്റെ കരച്ചിലിന്റെ മട്ടുമാറ്റി. 'ഭാനുവേടത്തിയെ കാണണേയ്, ഭാനുവേടത്തിയെ കാണണേയ്. എനിക്ക് ഭാനുവേടത്തിയെ കാണണേയ്.' ബന്ധുവീടുകളിലും കല്യാണച്ചടങ്ങുകളിലും പരിചയപ്പെട്ടിട്ടുള്ള ഭാനുവേടത്തി പെട്ടെന്ന് തിക്കിത്തിരക്കി വന്നു. 'വാ ഉണ്ണ്യേ' എന്ന് പറഞ്ഞ് മിനുസമുള്ള സാരിയില്‍, തൂവെള്ള ഉദരത്തിന്റെ സമൃദ്ധിയില്‍ എന്നെ ഒട്ടിച്ചുനിര്‍ത്തി. എന്നിലെ കര്‍ണകഠോരന്‍ ഒന്നടങ്ങി. നിലവിളികള്‍ തേങ്ങലുകളായി മെരുങ്ങി. ആ ദിവസം ഭാനുവേടത്തിയുടെ, ഭാനുമതിട്ടീച്ചറുടെ കസേരയുടെ ഓരം പറ്റിയാണ് ഞാന്‍ സ്ഥിതിചെയ്തത്. മറ്റ് കുട്ടികള്‍ക്കൊപ്പം ബെഞ്ചില്‍ പോയിരിക്കാന്‍ കൂട്ടാക്കിയില്ല. ഇന്റര്‍വെല്ലുകളില്‍ ഭാനുമതി ടീച്ചറുടെ സാരിത്തലപ്പില്‍ തൂങ്ങിപ്പിടിച്ചുനിന്നു.
'ടീച്ചറ് പെറ്റ്വോ?!'
പിന്നില്‍നിന്ന് ആരുടെയോ പരിഹാസ ശബ്ദം പൊങ്ങി. എന്നാല്‍, സ്‌കൂളുമായി ഇണങ്ങിച്ചേരാന്‍ ഭാനുവേടത്തി എന്നെ സാവകാശം പ്രേരിപ്പിക്കുകയായിരുന്നു. വാലായി കൂടെ നടക്കുന്ന എനിക്ക് അവര്‍ ക്ലാസുമുറികള്‍ കാണിച്ചുതന്നു. പൂന്തോട്ടം കാണിച്ചുതന്നു. വലയിട്ട് മൂടിയ കിണര്‍ കാണിച്ചുതന്നു. കുഞ്ഞുലക്ഷ്മിട്ടീച്ചറെയും ത്രേസ്യട്ടീച്ചറെയും ഹെഡ് മാസ്റ്റര്‍ എഴുത്തച്ഛന്‍ മാഷെയും ദൂരെനിന്ന് ചൂണ്ടിക്കാട്ടിത്തന്നു. ഇനി ടീച്ചേഴ്സ് റൂമിലേക്ക് പോകാമെന്ന് പറഞ്ഞ് മുന്നോട്ട് നയിച്ചതും ആ മുറിക്കകത്ത് കടുത്ത ഇടിയും മിന്നലും പേമാരിയും നടക്കുന്ന പ്രതീതി.
ഗൗരിട്ടീച്ചര്‍, സാക്ഷാല്‍ ഗൗരിട്ടീച്ചര്‍.
ഞാന്‍ കണ്‍നിറയെ കണ്ടു, ആവാഹിച്ചെടുത്തു.
'രാമനുണ്ണിയാണിത്, തലാപ്പിലെ ജാനുവേടത്തിയുടെ ഏക സന്തതി.
'ഭാനുവേടത്തി ഉണര്‍ത്തിച്ചതും ങ്ഹാ, നീയാണല്ലെ ഇവിടെ അലറിപ്പൊളിച്ചത് എന്ന അര്‍മാദത്തോടെ ഗൗരിട്ടീച്ചര്‍ സടകുടഞ്ഞെത്തി.
ചിരിച്ചട്ടഹസിച്ച് എന്നെ മുകളിലേക്ക് എടുത്തുപൊക്കി. തല പിടിച്ചുഴിഞ്ഞു. രണ്ട് കവിളിലും തട്ടി. അലറിയാര്‍ക്കുന്ന ചിരിപ്പുഴയില്‍ എനിക്ക് പിടിച്ചുനില്‍ക്കാനായില്ല. സ്‌കൂളില്‍ എത്തിയ ശേഷം ഞാന്‍ ആദ്യമായി പല്ലൊന്ന് പുറത്തുകാണിച്ചു.
'മിടുക്കന്‍.'
അവര്‍ എന്റെ പുറത്ത് താളം പിടിച്ചു. ഹാവൂ, ഗൗരിട്ടീച്ചര്‍ ഇവനെയൊന്ന് ചിരിപ്പിച്ചല്ലോ.
'ഭാനുമതിട്ടീച്ചര്‍ പ്രശംസിച്ചു. പിന്നീട് ഗൗരിട്ടീച്ചറുടെ മലയാളം ക്ലാസില്‍ പോകുമ്പോഴെല്ലാം എന്റെ ചുണ്ടുകള്‍ അറിയാതെ പൊട്ടിവിടര്‍ന്നു. മുല്ലമൊട്ടുകള്‍ അനാവൃതമായി. എപ്പോഴും അന്തര്‍മുഖനായി നടന്നിരുന്ന എന്നെ അകംപുറം മറിച്ചിട്ടത് സത്യത്തില്‍ ഗൗരിട്ടീച്ചറായിരുന്നു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ന്യൂ എല്‍.പി സ്‌കൂളിലെ ഓരോ ഗുരുക്കന്മാരുടെയും ആത്മാംശങ്ങളാണ് എന്നില്‍ ചില ഗുണഗണങ്ങളായി വര്‍ത്തിക്കുന്നതെന്ന് കാണാം. സ്നേഹോഷ്മളത ഭാനുമതിട്ടീച്ചറുടെ സംഭാവനയാണെങ്കില്‍ ചിന്താമഗ്‌നത കുഞ്ഞുലക്ഷ്മിട്ടീച്ചറുടെയും കാര്യഗൗരവം എഴുത്തച്ഛന്‍ മാഷുടെതുമാണ്. ചിലപ്പോള്‍ കാണിക്കുന്ന ബഹിര്‍മുഖത്വമാകട്ടെ ഗൗരിട്ടീച്ചറുടേതും.
ന്യൂ എല്‍.പി സ്‌കൂളിന്റെ കടമ്പ കടന്നതും സമീപത്ത് തന്നെയുള്ള എ.വി ഹൈസ്‌കൂളില്‍ ഞാന്‍ അഡ്മിഷന്‍ നേടി. വെറും ആറ് ആണ്‍കുട്ടികളും ബാക്കിയെല്ലാം പെണ്‍കുട്ടികളുമുള്ള, വല്ലാത്ത ഈറന്‍ വശീകരണ മണം തിങ്ങുന്ന ഡിവിഷനിലാണ് പത്താം ക്ലാസ് പഠിച്ചത്. കുട്ടികളുടെയെല്ലാം പേടിസ്വപ്നമായ മാധവ വാരിയര്‍ മാസ്റ്ററാണ് കണക്ക് മാഷ്. അദ്ദേഹം വരാന്തയില്‍ നടക്കുന്നതിനൊത്ത് നിരനിരയായി ക്ലാസുമുറികള്‍ നിശ്ശബ്ദതയിലേക്ക് പതിച്ചിരിക്കും. പുസ്തകം പോയിട്ട് കടലാസുകഷണം പോലും കൈയിലെടുക്കാതെയാണ് വാര്യര്‍ മാഷ് ക്ലാസ്സിലേക്ക് കയറിവരിക. ഡസ്റ്റര്‍ എടുത്ത് ബ്ലാക്ക് ബോര്‍ഡ് തൂത്താല്‍പിന്നെ യാതൊരു കൊച്ചുവര്‍ത്തമാനവുമില്ല. ആള്‍ജിബ്രയാകട്ടെ, ജോമെട്രിയാകട്ടെ, ട്രിഗ്‌നോമെട്രിയാകട്ടെ തലേന്ന് മുറിച്ചുവെച്ച ഇക്വേഷന്റെ ചോരക്കിനിച്ചിലില്‍നിന്ന് വളര്‍ന്നു മുറ്റും. ആവര്‍ത്തിച്ചുറപ്പിക്കുന്ന അദ്ദേഹത്തിന്റെ കണക്ക് പഠിപ്പിക്കല്‍ മരത്തലയന്മാര്‍ക്ക് കൂടി തലയില്‍ കയറുമെന്നല്ല, മരബെഞ്ചിന് പോലും മസ്തിഷ്‌ക്കം വളര്‍ത്തുമെന്നാണ് പറയേണ്ടത്. അന്ന് ഞാനും മറ്റ് ആണ്‍കുട്ടികളും എന്തോ ഇക്കിളിത്തമാശ കൊറിച്ച് ചിരിക്കുന്ന നേരത്താണ് മാധവ വാര്യര്‍ മാസ്റ്റര്‍ ക്ലാസ്സിലേക്ക് കയറിവന്നത്. അദ്ദേഹത്തിന്റെ ഗൗരവസാന്നിധ്യത്താല്‍പോലും അടങ്ങാത്ത പുളപ്പായിരുന്നു ആ തമാശക്കെന്നതിനാല്‍ ജോമെട്രി തിയറങ്ങള്‍ക്കിടയിലും അത് മൂക്കെടുത്തു. രണ്ടുമൂന്നു വട്ടം മാധവ വാര്യര്‍ മാസ്റ്ററുടെ പുകക്കണ്ണുകള്‍ ഞങ്ങളെ ചുറ്റിപ്പറ്റിയെന്ന് തോന്നി.
'ഗെറ്റൗട്ട് ഡോങ്കീസ്.'
പെട്ടെന്നൊരു സ്‌ഫോടനമായിരുന്നു.
ആ ഹാളിലെ ക്ലാസ് മുറികള്‍ മൊത്തം കിടുങ്ങിപ്പോയി. ഞങ്ങള്‍ ആറു പേരും ക്ലാസിന് പുറത്തേക്ക് തെറിക്കപ്പെട്ടു. എന്താണ് സംഭവിച്ചത്? എന്തെങ്കിലും സംഭവിച്ചോ? നേരെ ചൊവ്വെ പ്രജ്ഞ നില്‍ക്കുന്നില്ല. പൊള്ളുന്ന ശരീരച്ചൂടിനെ ഷഡ്ഡിയില്‍ പടര്‍ന്ന നനവ് തണുപ്പിക്കാന്‍ ശ്രമിക്കുന്നത് മാത്രമറിഞ്ഞു. കുറേ നേരം കഴിഞ്ഞാണ് ഞങ്ങള്‍ക്ക് കരയാനെല്ലാം കഴിഞ്ഞത്. മറ്റാര്‍ക്കും ഇടപെടാന്‍ ധൈര്യമില്ലാത്തതിനാല്‍ ഒരാഴ്ച മുഴുവന്‍ ഞങ്ങള്‍ പിരിഞ്ഞു മുറുകിയും ഏങ്ങലടിച്ചും കണക്ക് ക്ലാസിന്റെ പുറത്തുനിന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കരഞ്ഞുപിഴിഞ്ഞുള്ള എന്റെ സ്‌കൂളില്‍പ്പോക്കിനെ ഇന്ന് വിശകലനാത്മകമായി നോക്കുമ്പോള്‍ രണ്ട് സാധ്യതകളാണ് ഉരുത്തിരിയുന്നത്. ബാല്യത്തില്‍ സഹിച്ച ആ വേവലാതിയും ഉല്‍ക്കണ്ഠയും ടെന്‍ഷനും പെട്ടെന്ന് കുഴമറിയുന്ന മനസ്സ് എന്നില്‍ സൃഷ്ടിച്ചിട്ടുണ്ടാകാം.
കൗമാരത്തിലെ ചില രോഗാതുരതകള്‍ക്കു കൂടി അത് പ്രേരകമായിരിക്കാം. പക്ഷേ, അത്യന്തം വിരണ്ടുപോയ സന്ദര്‍ഭത്തില്‍ ഭാനുമതിട്ടീച്ചറില്‍ നിന്നും ഗൗരിട്ടീച്ചറില്‍ നിന്നും ലഭിച്ച സ്നേഹ പരിഗണനകള്‍ അത്യഗാധമായ മമതാബന്ധം അവരുമായി സൃഷ്ടിക്കാനും പര്യാപ്തമായിട്ടുണ്ട്. പുതുതലമുറക്കുട്ടികള്‍ക്ക് കളിമാഷന്മാരോടുള്ളതിന്റെ പതിന്മടങ്ങ് ആഴവും പരപ്പുമായിരിക്കും എനിക്കെന്റെ ഗുരുക്കന്മാരോടുള്ള ബന്ധത്തിന്. അവരില്‍നിന്ന് ലഭിച്ച അറിവും വാത്സല്യവും എത്ര രൂഢമൂലമായാണ് എന്നില്‍ കുടികൊള്ളുന്നതെന്നോ!
മാധവ വാര്യര്‍ മാസ്റ്ററുടെ 'ഗെറ്റൗട്ട് ഡോങ്കീസ്' കടുത്ത വേദന അന്ന് സൃഷ്ടിച്ചിരുന്നെങ്കിലും പ്രായപൂര്‍ത്തിയായതിന് ശേഷം എനിക്ക് അദ്ദേഹത്തോടുള്ള സ്നേഹാദരങ്ങള്‍ പത്താം ക്ലാസിലെ കണക്കുകളെ തെറ്റിച്ച് പെരുകുകയാണ് ചെയ്തത്. കാരണം, വീട്ടിലെ ഓമനയായിരുന്ന എന്നില്‍ ഗൗരവവും ഉത്തരവാദിത്വബോധവും ജീവിതത്തിലാദ്യം പകര്‍ന്നത് ആ ഷോക്ക് ട്രീറ്റ്മെന്റായിരുന്നു. അതില്ലെങ്കില്‍ ഞാന്‍ കാറ്റത്തിട്ട അപ്പൂപ്പന്‍താടിയോ വണ്ണന്‍ വാഴയോ ആയി മാറുമായിരുന്നു. പലപ്പോഴും കളിചിരി തമാശകളല്ല, കടുത്ത വേദനകളും സഹനങ്ങളും ആഘാതങ്ങളുമാണ് ഒരു മനുഷ്യന് വ്യക്തിത്വ ദാര്‍ഢ്യവും പ്രവര്‍ത്തനശേഷിയും നല്‍കുന്നത്. എന്നെ ഞാനാക്കി മാറ്റിയ പ്രിയപ്പെട്ട അധ്യാപകരെ, നിങ്ങള്‍ക്ക് ആദരാഞ്ജലികള്‍.

 

ഗുരുത്വം എന്ന സുരക്ഷാ വലയം

സഹീറാ തങ്ങള്‍

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി സ്‌കൂളിലെ ഒരു കഥാമത്സരത്തില്‍ പങ്കെടുത്തത്. ആ കഥയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു.
എന്റെ മലയാളം അധ്യാപകന്‍ ബല്‍റാം സാര്‍ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു; അത്യധികം സന്തോഷത്തോടെ 'താന്‍ കഥയൊക്കെ എഴുതും അല്ലെടോ'' എന്നു ചോദിച്ചു, അനുമോദനങ്ങള്‍ തന്നു.
ബല്‍റാം സാര്‍ വെറും ഒരു ഭാഷാ അധ്യാപകന്‍ ആയിരുന്നില്ല. വ്യാകരണം, വൃത്തം, അലങ്കാരം എന്നിവയെല്ലാം വളരെ കൃത്യമായി പാലിച്ചില്ലെങ്കില്‍ കുറിക്കുകൊള്ളുന്ന രീതിയില്‍ കുട്ടികളെ ചെറുതായി കളിയാക്കി അത് പൂര്‍ണമായും മനസ്സിലാക്കി അവര്‍ ഉത്തരം പറയുന്നത് വരെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തുമായിരുന്നു. ക്ലാസ് ടോപ്പര്‍ ആയിരുന്ന, പ്രത്യേകിച്ച് മലയാളത്തില്‍ ഫുള്‍ മാര്‍ക്ക് മേടിച്ചു ജയിക്കുമായിരുന്ന ഞാനും അദ്ദേഹത്തിന്റെ ഇത്തരം കണിശത അനുഭവിച്ചിട്ടുണ്ട്. പക്ഷേ, സാര്‍ വളരെ മനോഹരമായി ഭാഷ പഠിപ്പിക്കുമായിരുന്നു. സാറിന്റെ ക്ലാസ് ഒരു മണിക്കൂര്‍ കടന്നുപോവുന്നത് അറിയുക പോലുമില്ല. അങ്ങനെയുള്ള അധ്യാപകനാണ് എന്നോട് അഭിമാനപൂര്‍വം ഒന്നാം സമ്മാനം എന്റെ കഥയ്ക്ക് ലഭിച്ച വിവരം പറയുന്നത്.
പില്‍ക്കാലത്ത് ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഞാന്‍ ദുബായിലേക്ക് പോവുകയും അവിടെ തുടര്‍പഠനവും ജോലിയുമായി മുന്നോട്ടു പോവുന്നതിനിടയില്‍ തന്നെ ഞാന്‍ എഴുത്തു തുടരുകയും കവിതകളും കഥയുമെല്ലാം മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ വന്നുതുടങ്ങുകയും ചെയ്തു.
2007-ല്‍ എന്റെ ആദ്യ കവിതാസമാഹാരമായ 'ഞാന്‍ എന്ന ഒറ്റവര' പ്രസിദ്ധീകരിച്ചു. അതിന്റെ പ്രകാശന ചടങ്ങോടനുബന്ധിച്ചു നാട്ടില്‍ വന്ന സമയം.
എന്റെ ഫോണില്‍ ഒരു കാള്‍ വരുന്നു. മറുതലക്കല്‍ ഗാംഭീര്യമുള്ള സ്വരം.
സഹീറ അല്ലേ?
'അതേ...'
'ഞാന്‍ ബല്‍റാം ആണ്. സഹീറയുടെ മലയാളം അധ്യാപകനായിരുന്നു'.
ബല്‍റാം എന്ന് പറഞ്ഞപ്പോള്‍ തന്നെ എന്റെ നാവിന്‍തുമ്പില്‍ 'സാര്‍' എന്ന വിളി വന്നിരുന്നു. ബാക്കി ഭാഗം സാര്‍ പറയേണ്ട ആവശ്യമില്ലായിരുന്നു.
18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സാറിന്റെ ശബ്ദം കേള്‍ക്കുന്നത്.
സാര്‍ തുടര്‍ന്നു സംസാരിക്കുകയായിരുന്നു... 'സഹീറയുടെ എഴുത്തെല്ലാം ഞാന്‍ ശ്രദ്ധിക്കാറുണ്ട് കേട്ടോ. ഈയിടെ ഭാഷാപോഷിണിയില്‍ വന്ന 'പ്രതിധ്വനി' എന്ന കവിത മനോഹരമായിരുന്നു!'
എനിക്ക് സന്തോഷംകൊണ്ട് വല്ലാത്തൊരു തിക്കുമുട്ടല്‍ അനുഭവപ്പെട്ടു.
'വലിയ സന്തോഷമുണ്ടെടോ ഇയാള്‍ ഇങ്ങനെ സാഹിത്യകാരിയായി ഉയര്‍ന്നുപോകുന്നത് കാണുമ്പോള്‍... ഇനിയും ഒരുപാട് എഴുതാന്‍ സാധിക്കട്ടെ.'
ചില ജീവിത നിമിഷങ്ങളില്‍ നമുക്ക് ഉരിയാടാന്‍ വാക്കുകളൊന്നും ദൈവം സൃഷ്ടിച്ചു കാണില്ലേ എന്നുതോന്നും. അത്തരമൊരു സന്ദര്‍ഭമായിരുന്നു അത്. 'താങ്ക് യു സൊ മച് സാര്‍..' എന്നു മാത്രമേ പറയാന്‍ കഴിഞ്ഞുള്ളൂ.
പിന്നെയും കുറെയേറെ വിശേഷങ്ങള്‍ തിരക്കിയതിനു ശേഷം സാര്‍ പറഞ്ഞു: 'ഞാന്‍ നമ്പര്‍ എല്ലാം തപ്പിപ്പിടിച്ചു വിളിച്ചതിന് ഒരു കാര്യം കൂടിയുണ്ട്. നമ്മുടെ സ്‌കൂളിലെ സാഹിത്യവേദിയുടെ ഉദ്ഘാടനത്തിന് സഹീറയെ അതിഥിയായി ക്ഷണിക്കാനാണ് വിളിച്ചത്. സമയമുണ്ടാവുമോ?'
എന്ന്, എപ്പോള്‍ എന്നൊന്നും ചോദിക്കാതെ തന്നെ 'വരാം സര്‍' എന്ന് പറഞ്ഞുപോയി. ഞാന്‍ ദുബായില്‍നിന്ന് ലീവിന് വന്നിരിക്കുകയാണെന്നോ ഒരാഴ്ച കഴിഞ്ഞാല്‍ തിരികെ പോകുമെന്നോ ഒന്നും അപ്പോള്‍ ഓര്‍ത്തില്ല.
വിളിക്കുന്നത്, എനിക്കേറെ പ്രിയപ്പെട്ട എന്റെ അധ്യാപകന്‍. മലയാള ഭാഷ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിപ്പിച്ച ആള്‍.
പോവേണ്ടത്, എന്റെ കൗമാരം ഓടി നടന്ന, നൃത്തം ചെയ്ത സ്‌കൂളിലേക്ക്. മറ്റൊന്നും അപ്പോള്‍ അതിനോളം പ്രാധാന്യമുള്ളതായിരുന്നില്ല.
ഭാഗ്യവും തുണച്ചു എന്നുപറയാം, തിരികെ പോവാനുള്ള ദിവസത്തിന്റെ തലേന്ന് ആയിരുന്നു പ്രോഗ്രാം.
അവിടെ എന്നെ കാത്ത് ഇപ്പോഴത്തെ പ്രിന്‍സിപ്പലായ ഹസന്‍ സാര്‍ (ഞങ്ങളുടെ ബയോളജി അധ്യാപകന്‍ ആയിരുന്നു), സൈനബ ടീച്ചര്‍, അംബിക ടീച്ചര്‍, രതി ടീച്ചര്‍ തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. സ്റ്റേജില്‍ ബല്‍റാം സാര്‍, ഹസന്‍ സാര്‍, പിന്നെ സ്‌കൂള്‍ ചെയര്‍മാന്‍ കല്ലടി ബാപ്പുട്ടി ഹാജി തുടങ്ങി പ്രിയപ്പെട്ടവര്‍.
മുമ്പിലിരിക്കുന്ന കൂട്ടികളോട് ആഹ്ലാദവും അഭിമാനവും ചേര്‍ന്നാണ് ഞാന്‍ സംസാരിച്ചത്. പ്രസംഗം കഴിഞ്ഞു സീറ്റില്‍ വന്നിരുന്നപ്പോള്‍ വളരെ നന്നായി സംസാരിച്ചു എന്ന് ബല്‍റാം സാര്‍ പറഞ്ഞപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.
സാര്‍ സ്റ്റേജിലിരുന്ന് എന്റെ വല്ല തെറ്റുകളും കണ്ടുപിടിച്ചു കാണുമോ ഈശ്വരാ എന്ന് ആലോചിച്ചിരിക്കയായിരുന്നു ഞാന്‍.
സാറിന്റെ മറുപടി പ്രസംഗത്തില്‍ എന്നെ കുറിച്ച് വലിയ അഭിമാനത്തോടെ, മറ്റുള്ള കുട്ടികള്‍ക്ക് ഒരു മാതൃക പോലെയൊക്കെ പറയുന്നത് കേട്ടപ്പോള്‍ എന്നിലുണ്ടായ സംതൃപ്തി ലോകത്തെ ഉയര്‍ന്ന പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതിലുമപ്പുറമായിരുന്നു.
ആ സദസ്സിലുള്ള അധ്യാപര്‍ക്കു പുറമെ, അവര്‍ക്കു മുമ്പേ വിരമിച്ച പ്രിയപ്പെട്ട ഗുരുക്കന്മാര്‍ കൂടി വെളിച്ചമായി ചുറ്റിലും നിറഞ്ഞത് ഞാന്‍ അകക്കണ്ണാല്‍ കണ്ടു. ഉമ്മര്‍ സാര്‍, കരുണാകരന്‍ (ബാബു) സാര്‍, മോഹനന്‍ സാര്‍, സെബാസ്റ്റ്യന്‍ സാര്‍ തുടങ്ങി അകാലത്തില്‍ ഞങ്ങളെ വിട്ടുപോയ അസീസ് മാസ്റ്റര്‍ ഉള്‍പ്പെടെ എന്റെ ശിരസ്സില്‍ അനുഗ്രഹമായി തൊടുന്നതറിഞ്ഞു...
നാം ആരാണെന്നതിനു പിറകില്‍ തീര്‍ച്ചയായും നമ്മെ സ്വാധീനിച്ച, കൈപിടിച്ചു നടത്തിയ, പ്രോത്സാഹിപ്പിച്ച നമ്മുടെ ഗുരുക്കന്മാര്‍ കാണും.
ഒരു യഥാര്‍ഥ ഗുരു, ഒരിക്കലും ഒറ്റയാള്‍ അല്ല; ഗുരുത്വത്തിന്റെ വലിയ ആള്‍ക്കൂട്ടമാണത്.

 

 എന്റെ വഴിത്താരകളില്‍ വെളിച്ചം വീശിയവര്‍

പി.കെ പാറക്കടവ്

ഒരു അധ്യാപകന്‍ അല്ല, മൂന്ന് നാല് അധ്യാപകര്‍ നന്മയുടെ പൂമരങ്ങളായി എന്റെ വഴിത്താരകളിലുണ്ട്. സിലബസിനപ്പുറം ഒരു ലോകമുണ്ടെന്ന് പറഞ്ഞുതന്ന അധ്യാപകരാണ് അവര്‍. താനക്കോട്ടൂര്‍ യു.പി സ്‌കൂളില്‍ ഹിന്ദി പഠിപ്പിക്കുന്ന കണാരന്‍ മാസ്റ്ററാണ് സ്‌കൂള്‍ ലൈബ്രറിയില്‍നിന്ന് നല്ല പുസ്തകങ്ങള്‍ എടുത്തുതന്നത.് അങ്ങനെ ഒരു ഏഴാം ക്ലാസ്സുകാരന്‍ പേള്‍ എസ് ബക്കിന്റെ 'നല്ല ഭൂമി' എന്ന വിവര്‍ത്തന പുസ്തകം വായിക്കുന്നത് അതൊരു ക്ലാസിക് ആണെന്ന് അറിയാതെയായിരുന്നു.
വളയം ഹൈസ്‌കൂളിലെ ഡ്രോയിങ് മാഷ് ആയിരുന്നു ദാമു മാഷ്. ഞാന്‍ കണ്ട ആദ്യത്തെ എഴുത്തുകാരന്‍. 'ഡ്രോയിങ് മാസ്റ്റര്‍' എന്ന ഒരു നോവല്‍ എഴുതിയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ തലക്കു ചുറ്റും പ്രകാശ വലയമുള്ളതുപോലെ തോന്നിയിരുന്നു. ഒഴിവുള്ള പീരിയഡുകളില്‍ ക്ലാസ്സില്‍ വന്ന് വയലാറിന്റെ കവിതകള്‍ മനോഹരമായി ഈണത്തില്‍ ചൊല്ലിത്തരുമായിരുന്നു ദാമു മാഷ്. അതുപോലെ, ഹൈസ്‌കൂളില്‍ ഇടക്ക് വന്നുചേര്‍ന്ന കല്ലങ്കോടന്‍ അച്യുതന്‍ കുട്ടി മാഷ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ക്ലാസ്സില്‍ കൊണ്ടുവന്ന് ഈണത്തില്‍ കവിതകള്‍ ചൊല്ലിത്തരുമായിരുന്നു. അന്ന് ക്ലാസ്സില്‍ മാഷ്  ചൊല്ലിത്തന്ന കവിതയുടെ വരികള്‍ ഇന്നും മായാതെ മനസ്സിലുണ്ട്.
ഫാറൂഖ് കോളേജില്‍ പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പഠിപ്പിച്ച ബാബു പോള്‍ സാറിനെയും ഓര്‍ക്കുന്നു. അദ്ദേഹം അന്ന് ക്ലാസ്സില്‍ പഠിപ്പിച്ച 'സ്‌നേക്ക്' എന്ന കവിതയോര്‍ക്കുന്നു. കവിതകളെ പില്‍ക്കാലത്ത് നെഞ്ചോട് ചേര്‍ക്കാനും സ്വര്‍ണത്തിരമാല പോലെ തിളക്കമുള്ള വാക്കുകള്‍ തേടി നടക്കാനും പ്രേരിപ്പിച്ചത് ബാബു പോള്‍ സാര്‍ പഠിപ്പിച്ച ഡി.എച്ച് ലോറന്‍സിന്റെ ആ ഒരൊറ്റ കവിതയായിരുന്നല്ലോ. അത്ര സുന്ദരമായിരുന്നു ആ ക്ലാസ്. ആ ഒറ്റ കവിതയിലൂടെയായിരുന്നു ഞാന്‍ സാഹിത്യത്തെ പ്രണയിച്ചത്. പഠിച്ചുകൊണ്ടിരിക്കുന്ന അക്കാലത്ത് തന്നെ ഞാന്‍ ആ കവിത മൊഴിമാറ്റി 'മലയാള നാടി'ല്‍ പ്രസിദ്ധീകരിച്ചതോര്‍ക്കുന്നു. ഇന്നും ആ കവിതയിലെ വരികള്‍ എനിക്ക് മനഃപാഠമാണ്.
സിലബസിലുള്ള പാഠങ്ങള്‍ മാത്രം പഠിപ്പിക്കുന്നവരല്ല നല്ല അധ്യാപകര്‍. ടെക്സ്റ്റ് ബുക്കുകള്‍ക്കപ്പുറവും പുസ്തകങ്ങളുടെ ഒരു ലോകമുണ്ടെന്ന് അവര്‍ നമുക്ക് കാണിച്ചു തരുന്നു. എന്നെ ഒരു എഴുത്തുകാരനാക്കിയതില്‍ ഈ അധ്യാപകര്‍ക്ക് കൂടി പങ്കുണ്ട്.
 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top