ആറിയിട്ട തുണികളൊന്നും ഉണങ്ങിയില്ല.
ഇന്നൊരു കല്യാണമുണ്ട്.
ഇന്നലെയും ഉണ്ടായിരുന്നു.
ഭാര്യക്കും മകള്‍ക്കും
കല്യാണം പെരുന്നാളാണ്.
ഉടുത്തൊരുങ്ങാന്‍
പുതുവസ്ത്രംതന്നെ വേണം.
ഒരിക്കല്‍ 1മങ്ങലത്തിനു പോയപ്പോള്‍
കളഞ്ഞുപോയതാണ് എട്ടരപ്പവന്റെ മാല.
മാല 2അങ്ങ്ട്ടെ ഹാജിക്കാന്റെ 3ഓളെ.
കൊല്ലം മൂന്നായി.
ഇരിക്കുന്ന പറമ്പ് പാതിയും പോയി.
എന്നിട്ടും തീര്‍ന്നില്ല അതിന്റെ കടം.
കല്യാണം പെരുംകടമാക്കിത്തന്ന കടങ്കഥ.
തെങ്ങില്‍ കെട്ടിയ മൈക്ക് ഒച്ചവെച്ചു.
മുന്നിലും പിന്നിലും
കോല്‍ക്കളിയും മൈലാഞ്ചിപ്പാട്ടും.
കല്യാണപ്പന്തല്‍ നിറഞ്ഞു.
വരനും വധുവും ഒരുങ്ങി.
തീര്‍ന്നില്ല,
ആള്ക്കൂട്ടത്തിനുമുണ്ട്
ചമഞ്ഞൊരുക്കം.
ഇരന്നു വാങ്ങിയതൊക്കെ വാരിയിട്ടാലും
പത്രാസ്, പത്രാസ്തന്നെ.
കൂട്ടത്തില്‍ വിളിക്കാതെ വന്നവരുമുണ്ട്.
പിടിക്കപ്പെട്ടാല്‍ ഒന്നുകില്‍ വരന്റെ,
അല്ലെങ്കില്‍ വധുവിന്റെ,
നാണംകെട്ട വേഷപ്പകര്‍ച്ചകള്‍.
കല്യാണം വാക്യത്തില്‍ പ്രയോഗിച്ചാല്‍,
ആണുങ്ങള്‍ക്ക് തീറ്റയും
പെണ്ണുങ്ങള്‍ക്ക് നുണപറച്ചിലുമാകും.
ബ്യൂട്ടിപാര്‍ലര്‍ വന്നതോടെ
വീട്ടിലെ കണ്ണാടി വെറുതെയായി.
ആരും നോക്കാതായി.
ഇപ്പോള്‍ വീടുതന്നെ വെറുതെയായി.
അടുപ്പ് പുകയാതായി.
അതെല്ലാം കാറ്ററിംഗ് ഏറ്റെടുത്തു.
മഴ പെയ്താലും പെയ്തില്ലെങ്കിലും,
ഉണക്കാനിട്ടത് ഉണങ്ങിയില്ലെങ്കിലും,
ഉടുപ്പുതന്നെ ഇല്ലെങ്കിലും,
കല്യാണത്തിനു പോകും.
പള്ള വീര്‍ത്ത്, ഏമ്പക്കം വിട്ട്,
വീട്ടുകാരേയും ദേഹണ്ണക്കാരേയും നാറ്റിക്കും.
ഇറച്ചി വെന്തില്ല, മസാല പിടിച്ചില്ല,
ഇതെന്ത് ബിരിയാണി?
വെറുതെ കിട്ടുമ്പോള്‍ പച്ചവെള്ളവും പുളിക്കും.
1 മങ്ങലം - കല്യാണം
2 അങ്ങ്ട്ടെ - അയല്പക്കത്തെ
3 ഓള് - ഭാര്യ