ജ്വലിക്കുന്ന സ്ത്രീ മാതൃകകൾ

അഡ്വ: അനൂപ് വി ആര്‍, ഡോ. എം.ജി മല്ലിക , വി.എ കബീര്‍, സമദ് കുന്നക്കാവ്, പി.ഐ നൗഷാദ് No image

അഡ്വ. അനൂപ് വി.ആര്‍

പോയ വര്‍ഷത്തെ കരുത്തരായ സ്ത്രീകളായി ഞാന്‍ കാണുന്നത് രാധിക വെമുല, ഫാത്തിമ നഫീസ്, ശ്വേത ഭട്ട്, സീതക്ക (ധന്‍സരി അനസൂയ) എന്നിവരെയാണ്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയുടെ ദാരുണമായ മരണത്തോടൊപ്പമാണ്, രാധികാ വെമുല എന്ന അസാമാന്യയായ പോരാളിയുടെ ജനനവും. ആത്മഹത്യാ കൊലപാതകത്തിലൂടെ അക്രമോണുല്‍സുക ഹിന്ദുത്വ എസ്റ്റാബഌഷ്‌മെന്റ് രോഹിതിനെ അവസാനിപ്പിക്കുമ്പോള്‍, രാഷ്ട്രീയമായി അതിനെ തിരിച്ചറിയുകയും നേരിടുകയും ചെയ്തു എന്നതാണ് രാധികാ വെമുലയുടെ പ്രസക്തി. അത്തരത്തില്‍  ചേര്‍ത്തുവെക്കാവുന്ന പേരാണ് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിന്റെതും. ജെ.എന്‍.യു പോലൊരു ക്യാമ്പസില്‍ നിന്ന് ഒരു ചെറുപ്പക്കാരന്റെ തിരോധാനത്തിന് ഉത്തരവാദികളായവര്‍ ഇപ്പോഴും ഇവിടത്തെ നീതിന്യായ വ്യവസ്ഥക്ക് പിടികൊടുക്കാതെ സ്വതന്ത്രരായി വിഹരിക്കുകയാണ്. അതേസമയം, അവര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും ശക്തമായ മറുപടി തന്നെയാണ് നജീബിന്റെ മാതാവിന്റെ നാവില്‍നിന്ന് വന്നത്.  'ഞാനെന്റെ പെണ്‍മക്കളെയും ജെ.എന്‍.യുവിലേക്ക് തന്നെ അയക്കും' എന്ന് അവര്‍ പറയുമ്പോള്‍, അത് ആത്യന്തികമായി പ്രഹരമേല്‍പ്പിക്കുന്നത് നജീബുമാരെ പൊതുവിടങ്ങളില്‍നിന്ന് അപ്രത്യക്ഷമാക്കാന്‍ ശ്രമിക്കുന്നവരുടെ നീക്കങ്ങള്‍ക്ക് തന്നെയാണ്. ശ്വേത ഭട്ടിനെപ്പോലെ ഒരു സ്ത്രീ പോരാടുന്നത്, മോദിയും അമിത്ഷായും ചേര്‍ന്ന് ജയിലിലാക്കിയ സ്വന്തം ഭര്‍ത്താവിന്റെ മോചനത്തിന് വേണ്ടി മാത്രമല്ല. സഞ്ജീവ് ഭട്ടിന്റെ മോചനം എന്നതില്‍നിന്ന് സംഘ്പരിവാറില്‍ നിന്നുള്ള മോചനം എന്നതിലേക്ക് അവര്‍ എത്തിച്ചേരുന്നുണ്ട്. 'എനിക്ക് ആവശ്യം അനുകമ്പയല്ല; സംഘ്പരിവാറിനെതിരായ പോരാട്ടത്തില്‍ എല്ലാവരും അണിനിരക്കുക എന്നതാണ് പ്രധാനം' എന്ന് അവര്‍ പറയുമ്പോള്‍ ആ ആര്‍ജവം സ്പഷ്ടമാണ്. ജാതീയ അസമത്വങ്ങളെ  അസാമാന്യമായ ഇച്ഛാശക്തിയോടെ എതിരിട്ട്, മുഖ്യധാരാ അധികാരത്തിന്റെ ഭാഗമാകുന്നതാണ് സീതക്കയുടെ ചരിത്രം. ആദ്യം വ്യവസ്ഥക്കെതിരെ മാവോയിസ്റ്റായി സമരം ചെയ്ത ധന്‍സരി അനസൂയ ആണ്, പിന്നീട് അതിലെ നിഷ്ഫലത തിരിച്ചറിഞ്ഞ്, പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ പ്രവേശിച്ച്, ഇപ്പോള്‍ തെലുങ്കാനയില്‍ മന്ത്രിയായിരിക്കുന്നത്.
l

പി.ഐ നൗഷാദ്
2023 ല്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന സ്ത്രീരത്‌നങ്ങളാരാണ് എന്ന ചോദ്യത്തിന് ഒരു ഉത്തരമേ കാണുന്നുള്ളൂ. ഫലസ്തീനിലെ ഉമ്മമാര്‍, ഭാര്യമാര്‍, പെങ്ങള്‍മാര്‍, പെണ്‍മക്കള്‍...
ഇസ്രായേല്‍ അധിനിവേശത്തിന്റെ ക്രൂരതയില്‍ ഉടപ്പിറന്നവര്‍ മരിച്ചുവീഴുമ്പോഴും പൊന്നോമനകളും സ്‌നേഹഭാജനങ്ങളും വീടോടുകൂടി മണ്ണടിയുമ്പോഴും അവര്‍ കാണിക്കുന്ന സ്ഥൈര്യം, ധീരത, സഹനം, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യം, രക്തസാക്ഷ്യത്തോടുള്ള അഭിവാജ്ഞ... എല്ലാം അത്യപൂര്‍വവും വിസ്മയാവഹവുമാണ്. ചരിത്രത്തിന്റെ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെടുന്ന അവരുടെ ഈ സ്വഭാവ വൈശിഷ്ട്യം മര്‍ദിതസമൂഹങ്ങള്‍ക്ക് നിത്യ പ്രചോദനവുമാണ്.

മഹുവ മൊയ് ത്ര
ഇന്ത്യയിലെ വനിതകളില്‍ സവിശേഷ പരിണനയര്‍ഹിക്കുന്നു മഹുവ മഹുവ മൊയ് ത്രയും സംഘ് പരിവാറിനെതിരെയുള്ള അവരുടെ പോരാട്ടവും. സംഘ് പരിവാര്‍ പ്രഭൃതികള്‍ക്കും മോദി അമിത് ഷാ അദാനി ത്രയങ്ങള്‍ക്കും ഇത്രയും അലോസരമുണ്ടാക്കിയ മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകയുമുണ്ടാകില്ല. പ്രശസ്ത ധനകാര്യസ്ഥാപനമായ ജെ പി മോര്‍ഗനില്‍നിന്ന് രാജിവെച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. പാര്‍ലിമെന്റില്‍ മഹുവ നടത്തുന്ന പ്രസംഗങ്ങളും അവരുടെ ചോദ്യങ്ങളും ഭരണകൂടത്തെ എത്രത്തോളം അലോസരപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ പാരിതോഷികം കൈപ്പറ്റിയെന്ന പരാതിയില്‍ കുറ്റക്കാരിയാക്കി ഈ ഡിസംബറില്‍ ലോകസഭാ അംഗത്വം റദ്ദാക്കിയ നടപടി. കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലാണ്.

മിന്നുമണി
വയനാട് ചോയിമൂല ഗ്രാമത്തിലെ എടപ്പടി കുറിച്യ ആദിവാസി കോളനിയില്‍നിന്ന് മിന്നുമണിയെന്ന ഉശിരന്‍ പെണ്‍കുട്ടി കായിക ഭൂപടത്തില്‍ ബാറ്റും ബാളുമായി തിളങ്ങുന്ന കാഴ്ച നല്‍കുന്ന ഊര്‍ജം എത്ര അതുല്യമാണ്. സ്വന്തം കഴിവും ആത്മവിശ്വാസവും പ്രയ്തനവും മാത്രമായിരുന്നു എല്ലാ വെല്ലുവിളികളെയും അതിജിവിക്കാന്‍ അവര്‍ക്കുണ്ടായിരുന്ന കൈമുതല്‍. നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും മൂലധനമാക്കിയ മിന്നുമണി അങ്ങനെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ആദ്യ മലയാളി താരമായി ചരിത്രം കുറിച്ചിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ഇന്ത്യ എ ടീം കാപ്റ്റനായിരുന്ന അവര്‍ ഏഷ്യന്‍ ഗെയിംസില്‍ പൊന്നണിഞ്ഞ ഇന്ത്യന്‍ ടീം അംഗവുമായിരുന്നു.
l

ഡോ: എം.ജി മല്ലിക
എന്റെ അമ്മയും മകളുമാണ് എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികള്‍. അതിന് കാരണം അവര്‍ പല കാര്യങ്ങളിലും എടുക്കുന്ന നിലപാടുകള്‍, സഹജീവി സ്‌നേഹം എന്നിവയാണ്.  ഈ വര്‍ഷം ഞങ്ങളുടെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ വി.സിയായി വന്ന പ്രൊഫസര്‍ സുഷമ എല്‍. അവരുടെ നിലപാടുകള്‍, കാര്യങ്ങള്‍ ചെയ്യാന്‍ എടുക്കുന്ന ആത്മാര്‍ഥത എല്ലാം വളരെ പ്രശംസനീയമാണ്.
സര്‍വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളുടെ പ്രാഥമിക നേതൃത്വം വൈസ് ചാന്‍സലര്‍ക്കാണ്. സര്‍വകലാശാല അക്കാദമിക് കൗണ്‍സിലിന്റെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും എക്‌സ്ഓഫീഷ്യോ ചെയര്‍മാന്‍ കൂടിയാണ് വൈസ് ചാന്‍സലര്‍. സര്‍വകലാശാലയുടെ കാര്യക്ഷമമായ നടത്തിപ്പിന്റെയും ഭരണനിര്‍വഹണത്തിന്റെയും ഉത്തരവാദിത്തം വൈസ് ചാന്‍സലറില്‍ അര്‍പ്പിതമാണ്. ഉന്നത പദവികള്‍ വഹിക്കുമ്പോഴും അധികാരത്തിന്റെ ഗര്‍വില്ലാതെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന വ്യക്തിത്വം.
മലയാള സര്‍വകലാശാലയില്‍ വി.സിയായി ചുമതലയേറ്റതിന് ശേഷം ഒരുപാടു കാര്യങ്ങള്‍ ആത്മാര്‍ഥമായി ചെയ്യാന്‍ ശ്രമിക്കുകയും എല്ലാവരേയും ഒരുപോലെ കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ശ്വേത ഭട്ട്
കള്ളക്കേസ് ചുമത്തി ഭരണകൂടം ജയിലിലടച്ച മുന്‍ ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് പരീക്ഷണങ്ങള്‍ക്കിടയിലും അദ്ദേഹത്തോടൊപ്പം, നീതിയുടെ പക്ഷത്ത് ഉറച്ച് നില്‍ക്കുന്നു.

പ്രൊഫ. മഞ്ജുള ഭാരതി
ഇന്ത്യയില്‍ നിന്നുള്ള പ്രൊഫസറും നിലവില്‍ ന്യൂജേഴ്‌സിയിലെ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ വിമന്‍ ആന്‍ഡ് ജെന്‍ഡര്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫുള്‍ബ്രൈറ്റ് റിസര്‍ച്ച് സ്‌കോളറുമാണ്. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളോട് നിരന്തരം പ്രതികരിക്കുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ സ്ഥാപനമായ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (TISS) 20 വര്‍ഷമായി അവര്‍ പഠിപ്പിക്കുന്നു. എല്ലാ ആദിവാസി കുഗ്രാമങ്ങളിലും മൈക്രോ ലെവല്‍ പ്ലാനിംഗ് ആരംഭിച്ചു. ജനകേന്ദ്രീകൃതവും പാരിസ്ഥിതികമായി സുസ്ഥിരവും നീതിയുക്തവുമായ ഒരു സമൂഹം സൃഷ്ടിക്കുക. ലിംഗഭേദവും സമഗ്രവികസനവും, ഇന്ത്യയിലെ വനിതാ കൂട്ടായ്മകള്‍, ഭരണസ്ഥാപനങ്ങളും പൗരത്വ അവകാശങ്ങളും, മാധ്യമങ്ങളുടെ രാഷ്ട്രീയ സമ്പദ്വ്യവസ്ഥയും സാംസ്‌കാരിക പഠനവും തുടങ്ങിയവ അവരുടെ ഗവേഷണ വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു.

ഷറിന്‍ ഷഹാന ഐ.എ.എസ്
വയനാട്ടുകാരി ഷെറിന്‍ ഷഹാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ 913ാം റാങ്ക് നേടിയത് നട്ടെല്ലിനേറ്റ ക്ഷതത്തെ അതിജീവിച്ചാണ്. അഞ്ചു വര്‍ഷം മുമ്പുള്ള അപകടമാണ് ഷെറിന്റെ ജീവിതം വീല്‍ചെയറിലാക്കിയത്. വീടിന്റെ ടെറസില്‍നിന്ന് വീണ് നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ഷെറിന്‍ അധികകാലം ജീവിക്കാന്‍ സാധ്യതയില്ലെന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഷെറിന്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു. തുടര്‍ച്ചയായ പോരാട്ടമാണ് ഷെറിന്‍ ഷഹാനയെ നെറ്റ് പരീക്ഷാ വിജയത്തിലേക്കും സിവില്‍ സര്‍വീസ് നേടുന്നതിലേക്കും എത്തിച്ചത്.
l

വി.എ കബീര്‍
ലോകസഭാ അംഗത്വം റദ്ദാക്കപ്പെട്ട മഹുവ മഹുവ മൊയ് ത്രയും ഫലസ്തീന്‍ നോവലിസ്റ്റ് അദാനിയ ശിബ്‌ലിയുമാണ് പോയ വര്‍ഷത്തെ പ്രധാന വ്യക്തികളായി കാണുന്നത്.

അദാനിയ ശിബ്്‌ലി
ഫലസ്തീനിയന്‍ എഴുത്തുകാരി. ഇവരുടെ 'മൈനര്‍ ഡീറ്റെയില്‍' എന്ന നോവല്‍ ഇംഗ്ലീഷ്, ജര്‍മന്‍ തുടങ്ങി മറ്റു ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, 2023ലെ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന ഈ പുസ്തകത്തിനുള്ള സാഹിത്യ സമ്മാനം റദ്ദാക്കിയതിനെ തുടര്‍ന്ന് ജര്‍മനിയില്‍ നടന്ന വിവാദത്തിലൂടെ അവര്‍ ശ്രദ്ധിക്കപ്പെട്ടു. ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി ഓഫ് മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസില്‍നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. ജര്‍മനിയിലെ ബെര്‍ലിനിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡിയുടെ EUME റിസര്‍ച്ച് സെന്ററില്‍നിന്ന് േപാസ്റ്റ്‌ഡോക്ടറല്‍ ഫെലോഷിപ്പും പൂര്‍ത്തിയാക്കി. നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍ പഠിപ്പിക്കുന്ന ശിബ് ലി 2013 മുതല്‍ ഫലസ്തീനിലെ ബിര്‍സെയ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഫിലോസഫി ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് വിഭാഗത്തില്‍ പാര്‍ട്ട് ടൈം പ്രൊഫസറായി ജോലി ചെയ്തിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, ഹീബ്രു, ഫ്രഞ്ച്, കൊറിയന്‍, ജര്‍മന്‍ ഭാഷകള്‍ കൈകാര്യം ചെയ്യുന്നു. 1996 മുതല്‍ യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും വിവിധ സാഹിത്യ മാസികകളില്‍ ശിബ്‌ലിയുടെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
l

സമദ് കുന്നക്കാവ്
ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശീയ ഉന്‍മൂലനം ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലത്തും ഓര്‍മയില്‍ ജ്വലിച്ചു നില്‍ക്കേണ്ട മുഖമാണ് റേച്ചല്‍ കോറിയുടേത്. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഫലസ്തീനിനു വേണ്ടി രക്തസാക്ഷിയായ അമേരിക്കയിലെ ജൂത വനിതയാണ് റേച്ചല്‍ കോറി. അമേരിക്കയിലെ മധ്യവര്‍ഗ ജീവിതത്തിന്റെ സുഖലോലുപതകളില്‍ നീന്തിത്തുടിക്കാന്‍ അവസരങ്ങളേറെയുണ്ടായിട്ടും അതെല്ലാം മാറ്റിവെച്ച് ഫലസ്ത്വീനിലെ ദുരന്തമുഖത്ത് എത്തിച്ചേര്‍ന്ന റേച്ചല്‍ കോറി ഫലസ്തീനിനു വേണ്ടി രക്തസാക്ഷിയായി. 2003 മാര്‍ച്ച് 16 ന് ഇസ്രയേലിന്റെ ബുള്‍ഡോസറുകളും യുദ്ധ ടാങ്കുകളും ഫലസ്തീന്‍ ഗ്രാമങ്ങളെ തകര്‍ത്തു കളയുന്ന സമയത്താണ് റേച്ചല്‍ കോറി ഫലസ്തീനിലെത്തുന്നത്. റഫയിലെ അഭയാര്‍ഥി ക്യാമ്പിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇസ്രായേല്‍ കാപാലികതക്കെതിരെ മനുഷ്യമതില്‍ തീര്‍ക്കാന്‍ കൂട്ടുകാരായ എട്ടുപേരോടൊപ്പമാണ് റേച്ചല്‍ കോറി എത്തിയത്. ഗസ്സയിലെ റഫയില്‍ വീടുകളും പള്ളികളും ഇടിച്ചു നിരപ്പാക്കിക്കൊണ്ടിരുന്ന അമേരിക്കന്‍ നിര്‍മിത ഡി 9 കാറ്റര്‍പില്ലര്‍ ബുള്‍ഡോസറിന്റെ വഴി തടഞ്ഞ റേച്ചല്‍ കോറി ഫലസ്ത്വീനികള്‍ക്കു വേണ്ടി മെഗാഫോണില്‍ ഇസ്രായേല്‍ സൈന്യത്തോട് വാദിച്ചുകൊണ്ടിരുന്നു. എന്നാല്‍, റേച്ചല്‍ കോറിയുടെ വാദങ്ങളെ ചെവികൊള്ളാതെ അവരെയും മണ്ണോട് ചേര്‍ത്ത് നിരപ്പാക്കി ആ ബുള്‍ഡോസര്‍ അക്രമവാഴ്ച തുടര്‍ന്നു. റേച്ചലിന്റെ സ്മരണാര്‍ഥം യുദ്ധത്തിനും അധിനിവേശത്തിനുമെതിരെ റേച്ചല്‍ കോറി ഫൗണ്ടേഷന്‍ ഫോര്‍ പീസ് ആന്റ് ജസ്റ്റിസ് എന്ന പേരിലുള്ള സംഘടന ഇന്ന് സജീവമാണ്. ഗസ്സയിലെ ഫുട്‌ബോള്‍ പ്രേമികള്‍ തങ്ങള്‍ക്കുവേണ്ടി രക്തസാക്ഷിയായ റേച്ചലിനു വേണ്ടി എല്ലാ വര്‍ഷവും സോക്കര്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ മര്‍ദ്ദിതരായ അരികുജീവിതങ്ങളുടെ നിലക്കാത്ത വിമോചന ശബ്ദമാണ് ടീസ്റ്റ സെറ്റല്‍വാദിന്റേത്. പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ പത്മശ്രീ ടീസ്റ്റ സെറ്റല്‍വാദ് ഗുജറാത്ത് കലാപത്തെ തുടര്‍ന്നാണ് ഭരണകൂടവേട്ടക്ക് വിധേയമാകുന്നത്. 2002 ല്‍ ഗുജറാത്ത് കലാപത്തില്‍ ഇരയാക്കപ്പെട്ടവരുടെ കേസുകള്‍ സധൈര്യം ഏറ്റെടുത്ത ആക്ടിവിസ്റ്റാണ് ടീസ്റ്റ. ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ.രാഘവന്റെ കീഴില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിലേക്ക് സുപ്രീം കോടതിയെ നയിച്ചതും ടീസ്റ്റ സെറ്റല്‍വാദാണ്. 2007 മാര്‍ച്ചില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിക്കും മറ്റ് 61 രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സഹഹരജിക്കാരിയായിരുന്നു ടീസ്റ്റ. 2002ലെ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ടീസ്റ്റ വാദിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സബ് രംഗ് ട്രസ്റ്റ് വഴി ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ക്കും മറ്റു ഇന്ത്യയിലെ മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ഇപ്പോഴും ടീസ്റ്റ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നു.
കേരളത്തിന്റെ ധീരതയാര്‍ന്ന മുസ്ലിം സ്ത്രീ രൂപമാണ് ഡോ.ഹാദിയ. കേരളത്തില്‍ ഇസ്ലാമോഫോബിയ മറനീക്കി പുറത്തുവന്ന സന്ദര്‍ഭമായിരുന്നു ഹാദിയയുടെ മതംമാറ്റ സമയം. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും വലിയ വാഴ്ത്താരികള്‍ ഉയരുന്ന കേരളത്തില്‍ അഭ്യസ്തവിദ്യയായ, പ്രായപൂര്‍ത്തിയായ ഹാദിയയുടെ മതംമാറാനുള്ള സ്വതന്ത്ര്യം പലരുടെയും നെറ്റിചുളിപ്പിച്ചു. സംഘ്പരിവാറും അവരുടെ പ്രചാരകരായ മാധ്യമങ്ങളും പടച്ചുണ്ടാക്കിയ ലൗ ജിഹാദിലേക്ക് ഹാദിയയുടെ മതംമാറ്റം ചേര്‍ത്തുവെക്കപ്പെട്ടു. എന്നാല്‍, വംശീയവും വര്‍ഗീയവുമായ ഈ മുനകൂര്‍ത്ത നോട്ടങ്ങളെയെല്ലാം ധീരമായി നേരിട്ട ഹാദിയ അവസാനം സുപ്രീം കോടതിയില്‍ നിന്ന് തന്റെ അവകാശം നേടിയെടുത്തു. ഇപ്പോള്‍ ഷെഫിന്‍ ജഹാനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ ഹാദിയ  പുനര്‍വിവാഹം നടത്തുകയും തനിക്കെതിരെ ഇപ്പോഴും തുടരുന്ന ലൗ ജിഹാദിനെക്കുറിച്ച ആരോപണങ്ങളുടെ മുനയൊടിക്കുകയും ചെയ്തിരിക്കുന്നു.
l

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top