ജീവിതത്തില്‍ നിന്ന്‌ അടര്‍ത്തി മാറ്റപ്പെട്ട മൂന്നാഴ്‌ച

ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌

ഈ പംക്തി ആരംഭിച്ചിട്ട്‌ 44 മാസമായി. അപൂര്‍വം ചിലപ്പോള്‍ മാത്രം മുടങ്ങിയിട്ടുണ്ട്‌. എന്നാല്‍ ഞാന്‍ കാരണമായി ഇതേവരെ അങ്ങനെ സംഭവിച്ചിട്ടില്ല. പക്ഷേ, കഴിഞ്ഞ ലക്കം പംക്തി എഴുതാന്‍ കഴിഞ്ഞില്ല. അറുപത്തൊന്ന്‌ കൊല്ലത്തെ ജീവിതത്തിനിടയില്‍ കാര്യമായ രോഗം ബാധിക്കുകയോ ആശുപത്രിയില്‍ കിടക്കുകയോ ഉണ്ടായില്ല. ഈ അഹന്തക്ക്‌ ഒരു ദൈവിക പ്രഹരം അനിവാര്യമായിരുന്നിരിക്കാം. സെപ്‌തംബര്‍ 11 ഞായറാഴ്‌ച പാലക്കാട്‌ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. രാവിലെ എട്ടരയോടെ കഠിനമായ പനി ആരംഭിച്ചു. തനിച്ചായിരുന്നതിനാല്‍ മൂന്നു മണിക്കൂറിലേറെ പരിപാടി നടത്തേണ്ടി വന്നു. അതു കഴിഞ്ഞ്‌ പാലക്കാട്‌ നിന്ന്‌ വീട്ടില്‍ തിരിച്ചെത്തിയത്‌ ശക്തിയായി പനിച്ചും ക്ഷീണിച്ചുമാണ്‌. ശരീരമാസകലം കഠിനമായ വേദന. രണ്ടുമൂന്ന്‌ ദിവസം വീട്ടില്‍ ചികിത്സയും മരുന്നുമായിക്കഴിഞ്ഞു. പനി പൂര്‍ണമായും ഭേദമാവാത്തതിനാല്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി ഇഞ്ചക്‌ഷന്‍ എടുത്തു. അതോടെ പനി പൂര്‍ണമായും വിട്ടകന്നു. എന്നിട്ടും ശക്തമായ ക്ഷീണവും കിതപ്പും ശ്വാസതടസ്സവും. ഇതിനകം പല പരിശോധനകളും നടത്തിയിരുന്നു. എല്ലാം നോര്‍മലായിരുന്നു. എന്നിട്ടും കണ്ണു തുറക്കാനോ സംസാരിക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു. അതിനാല്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ വന്നു. അവിടെ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ്‌ അപകടകരമാം വിധം വര്‍ധിച്ചതാണ്‌ തളര്‍ച്ചക്കും ശ്വാസതടസ്സത്തിനും കാരണമെന്ന്‌ മനസ്സിലായി.
നേരത്തെ ഷുഗര്‍ രോഗിയല്ലാതിരുന്നതിനാല്‍ അത്‌ പരിശോധിച്ചിരുന്നില്ല. പനിയുടെ കാഠിന്യം കാരണം സംഭവിച്ച മാറ്റമായിരുന്നു. അങ്ങനെ മെഡിക്കല്‍ കോളേജിലെ ചികിത്സ ഫലപ്രദമായി ആരംഭിക്കുകയായിരുന്നു. അപ്പോഴാണ്‌ കോഴിക്കോട്‌ നഗരത്തിലെ എനിക്ക്‌ ഏറെ പ്രിയപ്പെട്ട ഡോക്ടര്‍ ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ബഹുമാന്യനായ ആരിഫലി സാഹിബിലൂടെ എന്നെ പ്രമുഖമായ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മക്കളെ സ്‌നേഹപൂര്‍വം ഉപദേശിക്കുന്നത്‌. മക്കള്‍ക്ക്‌ ഞാന്‍ ബാപ്പയാണെങ്കിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്‌ കൂടി അവകാശപ്പെട്ടതാണല്ലോ. അതുകൊണ്ടു തന്നെ സമയമൊട്ടും പാഴാക്കാതെ പ്രസ്‌തുത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആ ഡോക്ടര്‍ വളരെ നല്ലവനും സത്യസന്ധനും മാന്യനും സ്‌നേഹസമ്പന്നനുമാണ്‌. അതോടൊപ്പം എന്റെ കാര്യത്തില്‍ വളരെ തല്‍പരനും ഉത്‌കണ്‌ഠാകുലനും. എന്നാല്‍ എത്ര നല്ല ഡോക്ടറും പല സ്വകാര്യ ആശുപത്രികളുടെയും നിര്‍ദയവും മൂല്യരഹിതവും മനുഷ്യവിരുദ്ധവുമായ വ്യവസ്ഥയെ എതിര്‍ക്കാനാവാത്ത അവസ്ഥയിലായിരിക്കുമല്ലോ. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ധാരാളം രക്തമെടുത്ത്‌ വിവിധ പരിശോധനകള്‍ക്കു വിധേയമാക്കി. ഏതാനും മണിക്കൂറുകള്‍ക്ക്‌ മുമ്പു മാത്രം നടത്തിയ പരിശോധനകളുടെ ഫലമെല്ലാം ഹാജരാക്കിയിട്ടും അതേ പരിശോധനകള്‍ തന്നെ നടത്തുകയായിരുന്നു. ഇ.സി.ജിയും എക്‌സറേയും ഉള്‍പ്പെടെ. ഇവിടെ ഒരു ചോദ്യം വളരെ പ്രസക്തമാണ്‌. ഇത്തരം പരിശോധനകള്‍ ശാസ്‌ത്രീയവും സ്വീകാര്യവും അവലംബനീയവുമാണോ? അല്ലെങ്കില്‍ അവയുടെ അടിസ്ഥാനത്തില്‍ ചികിത്സിക്കുന്നത്‌ ഗുരുതരമായ തെറ്റും കുറ്റവുമല്ലേ? അവലംബനീയവും വിശ്വസനീയവുമെങ്കില്‍ ഒരിടത്തു വെച്ചു നടത്തിയ അതേ പരിശോധനകള്‍ അതേ ദിവസം വീണ്ടും എന്തിന്‌ നടത്തുന്നു? അവനവന്റെ മുസ്‌ഹഫില്‍ ഓതിയാല്‍ മാത്രമേ ശരിയാവുകയുള്ളൂവെന്ന വാദമാണെങ്കില്‍ അത്‌ തീര്‍ത്തും അശാസ്‌ത്രീയവും അയുക്തികവുമല്ലേ? രോഗികളില്‍ നിന്ന്‌ അനാവശ്യമായ പരിശോധനകളുടെ പേരില്‍ പണം ഈടാക്കുകയല്ലേ സ്വകാര്യ ആശുപത്രികള്‍ ചെയ്യുന്നത്‌?
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ പിറ്റേന്നാള്‍ എക്കോടെസ്റ്റ്‌ നടത്തണമെന്ന്‌ പറഞ്ഞു. ഞാന്‍ നേരത്തെ ഹൃദ്രോഗിയല്ല. എന്നെ ബന്ധപ്പെട്ട കാര്‍ഡിയോളജിസ്റ്റ്‌ കാണുകയോ രോഗത്തെ സംബന്ധിച്ച്‌ എന്തെങ്കിലും ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്‌തിട്ടുമില്ല. എന്തിനാണ്‌ എക്കോ പരിശോധന നടത്തുന്നതെന്ന്‌ എന്നോട്‌ സൂചിപ്പിച്ചതുമില്ല. ഇത്‌ തീര്‍ത്തും അധാര്‍മികവും മെഡിക്കല്‍ എത്തിക്‌സിന്‌ വിരുദ്ധവുമാണ്‌. വിവരാവകാശ നിയമമനുസരിച്ചും പൗരന്റെ മൗലികാവകാശമനുസരിച്ചും എന്താണ്‌ തന്റെ രോഗമെന്ന്‌ അറിയാന്‍ രോഗിക്ക്‌ അവകാശമുണ്ട്‌. നടത്തുന്ന പരിശോധനകള്‍ എന്തെന്നും എന്തിനെന്നും രോഗിയോ രോഗിയുടെ ആശ്രിതരോ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഇവിടെ അതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല; എക്കോ പരിശോധനാവേളയില്‍ കാര്‍ഡിയോളജിസ്റ്റ്‌ ഉണ്ടായിരുന്നില്ല.പരിശോധിച്ചുകൊണ്ടിരുന്ന ടെക്‌നീഷ്യന്‍ കാര്‍ഡിയോളജിസ്റ്റുമായി ടെലിഫോണില്‍ സംസാരിച്ച്‌ പരിശോധനാ ഫലം കുറിച്ചിടുകയും കൂടുതല്‍ വിദഗ്‌ദമായ പരിശോധന നിര്‍ദേശിക്കുകയും ചെയ്‌തു. എന്റെ രോഗചരിത്രം അന്വേഷിക്കുകയോ പഠിക്കുകയോ ചെയ്യാതെ സ്‌ക്രീനില്‍ കണ്ട സംശയത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പുതിയ പരിശോധന. ബില്ല്‌ കിട്ടിയപ്പോള്‍ കാര്‍ഡിയോളജിസ്റ്റിന്‌ ഫീസ്‌ മൂന്നൂറ്റി എഴുപത്തിയഞ്ചു രൂപ. എക്കോ പരിശോധനയില്‍ എന്തോ തകരാറ്‌ കാണുന്നുണ്ടെന്നും വിദഗ്‌ധ പരിശോധന വേണമെന്നും ജൂനിയര്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.
എന്നാല്‍ ഇനി ഒരു പരിശോധനയും നടത്തേണ്ടതില്ലെന്ന്‌ ഞാന്‍ ശഠിച്ചു. അപ്പോള്‍ പരിശോധിച്ച്‌ രോഗം കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ അപകടം സംഭവിച്ചേക്കുമെന്നു പറഞ്ഞു. പാവം! മരണത്തെപ്പറ്റി പറഞ്ഞ്‌ പേടിപ്പിച്ച്‌ എന്നെ പരിശോധനക്ക്‌ നിര്‍ബന്ധിക്കുകയായിരുന്നു അദ്ദേഹം.
ഏതായാലും ഞാന്‍ ഡിസ്‌ചാര്‍ജ്‌ വാങ്ങി നേരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ വന്ന്‌ കാര്‍ഡിയോളജിസ്റ്റുകളുടെ സാന്നിധ്യത്തില്‍ എക്കോ ടെസ്റ്റ്‌ നടത്തി. തല്‍ക്കാലം ഒരു തകരാറുമില്ല. അങ്ങനെ അനാവശ്യമായ പരിശോധനാ പീഡനങ്ങളില്‍ നിന്ന്‌ മോചിതനായി. നമ്മുടെ ശരീരത്തിലെ പല പരിശോധനകളും ഒരുതരം പീഡനവും ദോഷഫലം ഉളവാക്കുന്നവയുമാണ്‌. പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ സഹധര്‍മിണിക്കു ചെയ്‌ത ആന്‍ജിയോഗ്രാം പരിശോധനയുടെ പ്രയാസം ദീര്‍ഘകാലം അനുഭവിക്കുകയുണ്ടായി. എന്നെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയുടെ എല്ലാ നല്ല വിദഗ്‌ദ സേവനങ്ങളെയും വിലമതിക്കുന്നു, അങ്ങേയറ്റം ആദരിക്കുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രികളുടെ പൊതുസ്വഭാവം സൃഷ്ടിച്ച ചൂഷണഘടനയുടെ ക്രൂരത അവഗണിക്കാനാവില്ല.
ജീവിതത്തില്‍ ആദ്യമായി രണ്ടു ദിവസം ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിയേണ്ടി വന്നു. കര്‍മനിരതമായ ജീവിതത്തില്‍ നിന്ന്‌ മൂന്നാഴ്‌ച പൂര്‍ണമായും അടര്‍ത്തി മാറ്റപ്പെട്ടു. ഇനിയൊരിക്കലും ഇതാവര്‍ത്തിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കണമെന്ന്‌ പ്രിയ വായനക്കാരോട്‌ അഭ്യര്‍ഥിക്കുന്നു. അവസാന നിമിഷം വരെ പൂര്‍ണാരോഗ്യത്തോടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സേവനനിരതനായി കഴിയാനും അവസാനം അതേ മാര്‍ഗത്തില്‍ മരണം ലഭിക്കാനും കൂടി പ്രാര്‍ഥിക്കണമെന്ന്‌ ഒരിക്കല്‍ കൂടി വിനയപൂര്‍വം ആവശ്യപ്പെടുന്നു.
നമ്മുടെ ആശുപത്രി നടത്തിപ്പുകാര്‍ നിര്‍ബന്ധമായും ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യേണ്ട ചില വസ്‌തുതകളുണ്ട്‌. ഡോക്ടര്‍ രോഗിയുടെ മേല്‍ പരമാധിയല്ല. ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തവനുമല്ല. അല്ലാഹുവിനെ കഴിച്ചാല്‍ രോഗിയുടെ ശരീരത്തിന്‍മേലുള്ള അവകാശവും അധികാരവും അയാള്‍ക്കും അയാളുടെ ഉറ്റവര്‍ക്കുമാണ്‌. അതിനാല്‍ രോഗം എന്തെന്ന്‌ അറിയാനുള്ള അവകാശം മൗലികമാണ്‌. എന്തൊക്കെ പരിശോധന നടത്തുന്നുവെന്നും അവ എന്തിനെന്നും രോഗിയെയോ ബന്ധപ്പെട്ടവരെയോ അറിയിക്കാന്‍ പരിശോധന വിധിക്കുന്നവര്‍ ബാധ്യസ്ഥരാണ്‌. ഇപ്രകാരം തന്നെ പരിശോധനകളുടെ അനന്തര ഫലങ്ങളും നല്‍കുന്ന മരുന്നുകളും അവയുടെ പാര്‍ശ്വഫലങ്ങളും എല്ലാം വിശദമായി രോഗിയെയോ കൂടെയുള്ളവരെയോ അറിയിച്ചിരിക്കണം. ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ നൂതന പ്രവണതകളും നൈതികതയും ഉള്‍ക്കൊണ്ടവര്‍ക്കെല്ലാം നന്നായറിയാവുന്ന വസ്‌തുതകളാണിതെല്ലാം.
രോഗാവസ്ഥ ഉറ്റവരുടെ സ്‌നേഹ വാത്സല്യവും പരിചരണവും വേണ്ടുവോളം അനുഭവിക്കാനുള്ള അവസരം കൂടിയാണ്‌.
ഏതെങ്കിലും വൈദ്യശാസ്‌ത്രത്തിനോ ഡോക്ടര്‍ക്കോ ആ ഉത്തരവാദിത്തം പൂര്‍ണമായും അവകാശപ്പെടാനാവില്ല. എന്റെ ജേഷ്‌ഠസഹോദരന്‌ എക്കിള്‍ (hiccup) ബാധിച്ചു മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എത്ര മരുന്നു നല്‍കിയിട്ടും ഇഞ്ചക്‌ഷന്‍ എടുത്തിട്ടും ഒട്ടും ആശ്വാസം ലഭിച്ചില്ല. അവസാനം ഡോക്ടര്‍മാര്‍ നിസ്സഹായത പ്രകടിപ്പിച്ചു. അപ്പോഴാണ്‌ ഫറോക്കിലെ സുഹൃത്തുക്കള്‍ കടലുണ്ടിയിലെ മൂസ്സത്‌ വൈദ്യരെ കാണാന്‍ ആവശ്യപ്പെടുന്നത്‌. മൈസൂര്‍ രാജാവിന്റെ കൊട്ടാര വൈദ്യനായ അദ്ദേഹത്തെ സമീപിച്ച്‌ വിവരങ്ങളെല്ലാം പറഞ്ഞു. കണിശമായ പഥ്യങ്ങളോടെ കഷായം വിധിച്ചു. രണ്ടാഴ്‌ചക്കു ശേഷം പൂര്‍ണമായും സുഖമായി.
ഒരിക്കല്‍ ജേഷ്‌ഠ സഹോദരന്‍ ആശുപത്രിയില്‍ അഡ്‌മിറ്റായി. ചുവന്ന രക്താണുക്കള്‍ നശിക്കുകയും പുനരുല്‍പാദിപ്പിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രശ്‌നം. ഇടക്കിടെ രക്തം മാറ്റുകയല്ലാതെ പരിഹാരമില്ലെന്ന്‌ ഡോക്ടര്‍മാര്‍ തറപ്പിച്ചു പറഞ്ഞു. മനഃപ്രയാസത്തിലകപ്പെട്ട ഞങ്ങള്‍ നിലമ്പൂര്‍ ആശുപത്രിയിലെ പ്രശസ്‌തനായ ഡോക്ടറെ കാണിച്ചു. അദ്ദേഹത്തിന്റെ വിധിയും ആദ്യത്തേതു തന്നെയായിരുന്നു. ഇനി എന്തുവേണമെന്നറിയാതെ അന്ധാളിച്ചു നില്‍ക്കെ ബത്തേരിയിലെ പ്രിയ സുഹൃത്ത്‌ പി.സി ഫൈസല്‍ കോഴിക്കോട്ടെ ഹെമിറ്റോളജി വിദഗ്‌ദന്‍ ഡോക്ടര്‍ സലീമിനെ കാണാന്‍ ആവശ്യപ്പെടുകയും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. വിശദമായ പരിശോധനയിലൂടെ രോഗം കണ്ടത്തിയ ഡോക്ടര്‍ സലീം ഒരൊറ്റ ഗുളികയിലൂടെ പ്രശ്‌നം പരിഹരിച്ചു. ജ്യേഷ്‌ഠന്റെ ജീവിതത്തില്‍ പിന്നീട്‌ ആ പ്രശ്‌നം ഉണ്ടായിട്ടേയില്ല.
ഒരിക്കല്‍ രക്തസ്രാവത്തെ തുടര്‍ന്ന്‌ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്‌മിറ്റായ സഹധര്‍മിണിയോട്‌ ഡോക്ടര്‍ പറഞ്ഞു. ഗര്‍ഭാശയത്തില്‍ മുഴയാണ.്‌ ഉടനെ ഓപ്പറേഷന്‍ വേണം. ഒരൊറ്റ ഡോക്ടറുടെ അഭിപ്രായം പരിഗണിച്ച്‌ ശസ്‌ത്രക്രിയ സാധ്യമല്ലെന്ന്‌ ഞങ്ങള്‍ ഉറപ്പിച്ചിരുന്നതിനാല്‍ ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്‌ വാങ്ങി. ഓമശ്ശേരി ശാന്തി ആശുപത്രിയിലെ ഡോക്ടറെ കണ്ട്‌ പരിശോധിപ്പിച്ചു. വെറും അണുബാധ. നിസ്സാരമായ മരുന്നുകൊണ്ട്‌ അതും പരിഹരിച്ചു.
മനുഷ്യജീവനും ശരീരവും കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാര്‍ കുറെക്കൂടി വിനീതരും പക്വമതികളും ജാഗ്രത പുലര്‍ത്തുന്നവരുമായിരിക്കണം. രോഗികളെ ചരക്കുകളായി കാണുന്നതിനുപകരം വിചാരവും വിവേകവും വികാരവുമുള്ള മനുഷ്യരായി കാണാന്‍ കഴിയണം. ദയയോടെയും കാരുണ്യത്തോടെയും മനുഷ്യത്വത്തോടെയും സമീപിക്കുകയും വേണം.
രോഗിയും ഡോക്ടറും കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തേണ്ടതുണ്ട്‌. ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക്‌ യന്ത്രങ്ങളെ ആശ്രയിക്കുന്നതോടൊപ്പം രോഗികളുടെ കൈപിടിച്ചും നെറ്റിയില്‍ കൈവെച്ചും തലോടിയും രോഗിയെ ആശ്വസിപ്പിക്കുന്നത്‌ രോഗിക്ക്‌ വലിയ സമാധാനമേകുമെന്നതില്‍ സംശയമില്ല. ഡോക്ടറും രോഗിയും തമ്മിലുള്ള അന്യവല്‍ക്കരണം ഒഴിവാക്കാനും അതുപകരിക്കും.
ഇസ്‌ലാമിന്റെ സുവര്‍ണ കാലത്ത്‌ സ്‌പെയിനിലെ ആശുപത്രികളില്‍ രോഗികള്‍ക്ക്‌ കഥപറഞ്ഞു കൊടുക്കാനും പാട്ടുപാടിക്കൊടുക്കാനും ഖുര്‍ആന്‍ പാരായണം ചെയ്‌തു കൊടുക്കാനും ആളുകളെ ചുമതലപ്പെടുത്തിയിരുന്നു. അതിനായി വഖഫ്‌ സ്വത്തുക്കള്‍ നീക്കിവെക്കപ്പെട്ടിരുന്നു. അത്രയും സാധ്യമല്ലെങ്കിലും യന്ത്രങ്ങളുടെ അമാനവികതയെ മറികടക്കാനും രോഗിയോട്‌ രോഗവിവരങ്ങള്‍ അന്വേഷിച്ചറിയാനുമെങ്കിലും ഡോക്ടര്‍മാര്‍ സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top