വിവാഹാഘോഷം ഇങ്ങനെയുമായിക്കൂടെ?

ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌ No image

എന്റെ വശം ഒരു വിവാഹക്ഷണക്കത്തുണ്ട്‌. നന്നെ ചുരുങ്ങിയത്‌ ഇരുന്നൂറ്റമ്പത്‌ രൂപയെങ്കിലും ചെലവ്‌ വന്നിട്ടുണ്ടാവുമെന്നാണ്‌ അതേക്കുറിച്ച്‌ അറിയുന്നവര്‍ പറയുന്നത്‌. ആര്‍ഭാടവും ധൂര്‍ത്തുമുള്ള കല്യാണങ്ങള്‍ക്ക്‌ പോവാറില്ലാത്തതിനാല്‍ ആ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. മൂവായിരത്തോളം പേര്‍ വിവാഹത്തിനെത്തിയിരുന്നുവെന്നാണ്‌ പങ്കെടുത്തവര്‍ പറഞ്ഞത്‌. എന്നാല്‍ നാലായിരത്തോളം കത്തുകളെങ്കിലും തയ്യാറാക്കിയിട്ടുണ്ടാവും. അപ്പോള്‍ ക്ഷണക്കത്തുകള്‍ക്കു മാത്രം ചുരുങ്ങിയത്‌ പത്ത്‌ ലക്ഷം രൂപയെങ്കിലും ചെലവഴിച്ചിരിക്കും.
കഴിഞ്ഞ സെപ്‌തംബര്‍ പത്തിന്‌ എന്റെ ഏറ്റവും ചെറിയ മകന്റെ വിവാഹമായിരുന്നു. ഞാന്‍ കത്ത്‌ തയ്യാറാക്കുകയോ ആര്‍ക്കെങ്കിലും അയച്ചുകൊടുക്കുകയോ ചെയ്‌തില്ല. എന്നാല്‍ ടെലിഫോണിലൂടെ പല കൂട്ടുകാര്‍ക്കും വിവാഹവിവരമറിയിച്ചും പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ടും സന്ദേശമയച്ചു. അതിന്‌ ആകെ ചെലവ്‌ 22 രൂപ. പലരും പ്രാര്‍ത്ഥനകളുള്‍ക്കൊള്ളുന്ന മറുപടി അയക്കുകയും ചെയ്‌തു. എത്ര ലളിതമായും പണച്ചെലവില്ലാതെയും ചെയ്യാവുന്നതാണിതെല്ലാം. എന്നിട്ടും ഇതിനാണ്‌ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നത്‌.
കണ്ണൂരിലെ ഒരു കല്യാണവീട്ടില്‍ സല്‍ക്കാരത്തിനെത്തിയവര്‍ തമ്മിലുണ്ടായ കയ്യേറ്റം അവസാനിപ്പിക്കാന്‍ നൂറിലേറെ പോലീസുകാര്‍ വേണ്ടിവന്നു. ആനയിടുക്കിലെ ഗള്‍ഫ്‌ മലയാളിയുടെ വീട്ടില്‍ വിവാഹം ഞായറാഴ്‌ചയായിരുന്നു. ആഘോഷവും സദ്യയും വെള്ളിയാഴ്‌ച തന്നെ ആരംഭിച്ചു. ശനിയാഴ്‌ച രാത്രിയാണ്‌ അനിഷ്ട സംഭവം ഉണ്ടായത്‌. അത്യാര്‍ഭാടമായി നടത്തിയ കല്യാണത്തിന്‌ സല്‍ക്കാരമൊരുക്കിയത്‌ ശീതീകരിച്ച പന്തലിലായിരുന്നു. സദ്യക്ക്‌ മൂവായിരത്തോളം പേരെത്തി. ഭക്ഷണം കഴിച്ചവര്‍ പന്തലില്‍ തന്നെ വിശ്രമിക്കാന്‍ ആരംഭിച്ചതോടെ മറ്റുള്ളവര്‍ക്ക്‌ ആഹാരം കിട്ടാന്‍ വൈകി. അതോടെ ഒരു വിഭാഗം ആളുകള്‍ ബഹളം വെക്കുകയും ഭക്ഷണവിതരണം സ്വയം ഏറ്റെടുക്കുകയും ചെയ്‌തു. ഇത്‌ സംഘര്‍ഷത്തിന്‌ ഇടയാക്കി. അതോടെ വീട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തി. ആദ്യമെത്തിയ ഒരുജീപ്പ്‌ പോലീസിന്‌ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. അക്രമം പോലീസിനു നേരെ തിരിഞ്ഞു. ജീപ്പിനു നേരെ കല്ലേറായി. അതേത്തുടര്‍ന്ന്‌ എ.ആര്‍ ക്യാമ്പ്‌, കണ്ണൂര്‍ സിറ്റി, ടൗണ്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ആറു ജീപ്പിലും ഒരു ബസ്സിലുമായി നൂറിലേറെ പോലീസുകാരെത്തി. നേരിയ തോതില്‍ ലാത്തി പ്രയോഗിച്ചതോടെയാണ്‌ രംഗം ശാന്തമായത്‌. അതോടൊപ്പം പോലീസ്‌ ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.
ദുബായില്‍ നടന്ന ഒരു മലയാളിയുടെ വിവാഹത്തിന്‌ കേരളത്തില്‍ നിന്ന്‌ പോയത്‌ നൂറ്റമ്പതോളം പേരാണ്‌. അവര്‍ക്കെല്ലാം വിമാന ടിക്കറ്റും വിസയും നക്ഷത്രഹോട്ടലുകളില്‍ താമസവും സംഘടിപ്പിച്ചത്‌ ആതിഥേയന്‍ തന്നെ. ഫോട്ടോഗ്രാഫറെ വരെ കാസര്‍കോട്ട്‌ നിന്ന്‌ കൊണ്ടുപോവുകയായിരുന്നു.
മറ്റൊരാള്‍ വിവാഹത്തിന്‌ ആഴ്‌ചകള്‍ക്കു മുമ്പേ തന്റെ വീട്ടിലെ കല്യാണദിവസം മറ്റാരും കല്യാണം നടത്തരുതെന്ന്‌ അഭ്യര്‍ഥിച്ച്‌ പ്രാദേശിക പത്രത്തില്‍ പരസ്യം നല്‍കുക പോലും ചെയ്‌തു. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ മാനസികാവസ്ഥയാണ്‌ ഇത്തരം സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്‌.
ഓരോ മലയാളി മുസ്‌ലിമുമിന്ന്‌ കഴിവിന്റെ പരമാവധി വിവാഹാഘോഷം ആര്‍ഭാടപൂര്‍ണമാക്കാന്‍ ശ്രമിക്കുന്നു. പാവപ്പെട്ടവര്‍ പിരിവെടുത്തും ആയിരങ്ങള്‍ കല്യാണങ്ങള്‍ക്കായി ചെലവഴിക്കുന്നു.
ഏറെപേരുടെയും വിവാഹവേളകള്‍ പൊങ്ങച്ച വേദികളാണ്‌. സ്വന്തം പണവും പദവിയും പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കാനുള്ള അവസരം. അതിനാലാണ്‌ ലക്ഷങ്ങളും കോടികളും തുലച്ച്‌ വിവാഹാഘോഷങ്ങള്‍ ആര്‍ഭാടപൂര്‍ണമാക്കുന്നത്‌. കല്യാണത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും, വിതരണം ചെയ്യുന്ന വിഭവങ്ങളുടെ വൈവിധ്യവും മഹത്വത്തിന്റെയും മാന്യതയുടെയും മാനദണ്ഡമായി മാറിയിരിക്കുന്നു. അതിനാല്‍ ഓരോരുത്തരും സാധ്യതകള്‍ പരമാവധി സ്വരൂപിച്ച്‌ കല്യാണം ഗംഭീരമാക്കാന്‍ ശ്രമിക്കുന്നു. പൊങ്ങച്ചം ദൈവത്തിന്റെ ശാപകോപങ്ങള്‍ക്ക്‌ കാരണമാകുന്ന ഗുരുതരമായ കുറ്റമാണെന്ന വസ്‌തുത വിവാഹകാര്യത്തില്‍ മതവിശ്വാസികള്‍ പോലും വിസ്‌മരിക്കുന്നു.
മുസ്‌ലിംകള്‍ക്ക്‌ വിവാഹ വേളയില്‍ നിര്‍ബന്ധമായും ഒത്തുകൂടേണ്ടത്‌ വരനും വധുവിന്റെ രക്ഷിതാവും രണ്ടു സാക്ഷികളും മാത്രമാണ്‌. വളരെ അടുത്ത ബന്ധുക്കളും അയല്‍ക്കാരും ഇത്തരം സന്തോഷാവസരങ്ങളില്‍ സംബന്ധിക്കുക സ്വാഭാവികം. എന്നാല്‍ എന്തിനാണ്‌ വിവാഹാഘോഷങ്ങളിലേക്ക്‌ ആയിരങ്ങളെ ക്ഷണിച്ച്‌ വരുത്തുന്നത്‌? കല്യാണ സദ്യയുടെ സമയം പരമാവധി രണ്ടോ മൂന്നോ മണിക്കൂറാണ്‌. നാനൂറോ അഞ്ഞൂറോ ആളുകള്‍ ഒത്തുകൂടിയാല്‍ പോലും ആതിഥേയന്‌ അവരുമായി ബന്ധം സ്ഥാപിക്കാനോ സൗഹൃദം പുതുക്കാനോ സാധിക്കുകയില്ല. അല്ലെങ്കിലും അതൊന്നുമല്ലല്ലോ വലിയ കല്യാണങ്ങള്‍ നടത്തുന്നതിന്റെ ഉദ്ദേശ്യം!
ആളുകളെ ക്ഷണിച്ചു വരുത്തി ആഹാരം നല്‍കുന്നത്‌ നല്ല കാര്യമല്ലേ, പുണ്യകരമായ ദാനമല്ലേ? ഇങ്ങനെയാണ്‌ പലരും ചിന്തിക്കുകയും ചോദിക്കുകയും ചെയ്യാറുള്ളത്‌. അതൊട്ടും ശരിയല്ല. കല്യാണങ്ങള്‍ക്ക്‌ ക്ഷണിക്കപ്പെടാറുള്ളത്‌ ദാനം സ്വീകരിക്കാന്‍ അര്‍ഹരായ ദരിദ്രരല്ല. സാമ്പത്തികമായി സാമാന്യം ഭേദപ്പെട്ടവരാണ്‌. അവര്‍ വിവാഹസദ്യകളില്‍ കഴിക്കുന്ന ആഹാരത്തിന്റെ വിലയുടെ അനേകമിരട്ടി പണം ചെലഴിച്ചാണ്‌ അവിടെ എത്താറുള്ളത്‌. അതുകൊണ്ടുതന്നെ ദരിദ്രര്‍ക്കുള്ള ദാനത്തിന്റെ പുണ്യം ഒരിക്കലും ഇത്തരം സല്‍ക്കാരങ്ങളില്‍ നിന്ന്‌ ലഭിക്കുകയില്ല.
ഇന്ന്‌ സമൂഹത്തിലെ ഏറെ പേരും പ്രയാസപ്പെടുന്നത്‌ താമസ സൗകര്യത്തിന്റെയും ചികിത്സയുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയും കാര്യത്തിലാണ്‌; ഒരു നേരത്തെ ആഹാരത്തിന്റെ കാര്യത്തിലല്ല. ലക്ഷങ്ങള്‍ ചെലവഴിച്ച്‌ വിവാഹമേളകള്‍ ഗംഭീരമാക്കുന്ന പണക്കാര്‍ പാവപ്പെട്ടവരെ സഹായിക്കലും അതുവഴി പുണ്യവും ദൈവപ്രീതിയുമാണ്‌ പ്രതീക്ഷിക്കുന്നതെങ്കില്‍ അതിനു ചെലവഴിക്കുന്ന പണം ദരിദ്രരുടെ വീട്‌ നിര്‍മാണത്തിനോ രോഗികളുടെ ചികിത്സക്കോ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ ആണ്‌ വിനിയോഗിക്കേണ്ടത്‌. അന്യരുടെ ഔദാര്യം ആവശ്യമില്ലാത്ത ആയിരങ്ങളെ ക്ഷണിച്ചു വരുത്തി അവര്‍ക്ക്‌ വിഭവസമൃദ്ധമായ ആഹാരങ്ങള്‍ നല്‍കി അന്തസ്സ്‌ നടിക്കുന്നതും പൊങ്ങച്ചം പ്രകടിപ്പിക്കുന്നതും പൈശാചികമാണ്‌. അഭിശപ്‌തമായ ധൂര്‍ത്തും ദുര്‍വ്യയവും ആര്‍ഭാടവും അമിതവ്യയമാണ്‌.
പരമദരിദ്രരായ ആളുകള്‍ ഇരന്നും കടം വാങ്ങിയും കല്യാണം കേമമാക്കുന്നത്‌ സ്വന്തം ഇഷ്ടപ്രകാരമോ ആഗ്രഹിച്ചോ അല്ല, നിര്‍ബന്ധിതരായാണ്‌. നാലാളെ ക്ഷണിച്ചുവരുത്താതെ വിവാഹം നടത്തിയാല്‍ സമൂഹം എന്ത്‌ വിചാരിക്കുമെന്ന ചിന്തയും ബന്ധുമിത്രാദികള്‍ പരിഭവിക്കും എന്ന പേടിയുമാണ്‌ പലരെയും അതിന്‌ പ്രേരിപ്പിക്കുന്നത്‌. കുടുംബബന്ധം ചേര്‍ക്കലും സൗഹൃദം സ്ഥാപിക്കലും വിവാഹങ്ങള്‍ക്ക്‌ ക്ഷണിച്ചും സല്‍ക്കാരങ്ങള്‍ നടത്തിയുമാണെന്ന മിഥ്യാധാരണയും ഇതില്‍ പങ്കുവഹിക്കുന്നു. അതിനാല്‍ സമൂഹത്തിലെ സാധാരണക്കാര്‍ക്ക്‌ വിവാഹം ലളിതമാക്കുക വളരെ പ്രയാസകരമായിരിക്കാം. അതിനാല്‍ മറ്റേത്‌ സമൂഹിക പരിവര്‍ത്തനത്തിനുമെന്നപോലെ ഇതിനും തുടക്കം കുറിക്കേണ്ടത്‌ സമൂഹത്തിലെ സമ്പന്നരും സ്വാധീനമുള്ളവരുമാണ്‌. അവര്‍ വിവാഹം ലളിതവും ചെലവ്‌ കുറഞ്ഞതുമാക്കി അതിനു നീക്കിവെച്ച സംഖ്യ ദരിദ്രര്‍ക്ക്‌ വീടുണ്ടാക്കിക്കൊടുക്കാനോ തൊഴില്‍ ഏര്‍പെടുത്തിക്കൊടുക്കാനോ മറ്റു പൊതു ആവശ്യങ്ങള്‍ക്കോ വിനിയോഗിക്കുകയാണെങ്കില്‍ അത്‌ മഹത്തായ മാതൃകയായിരിക്കും. നിര്‍ഭാഗ്യവശാല്‍ മറ്റെല്ലാ തിന്മകളിലുമെന്നപോലെ സമൂഹത്തിലെ സമ്പത്തും സ്വാധീനവുമുള്ളവര്‍ വിവാഹാഘോഷങ്ങള്‍ ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും മേളകളാക്കി മാറ്റുന്നതില്‍ മുന്നണിയിലാണ്‌.
ഇക്കാര്യത്തില്‍ സമൂഹത്തിന്‌ മാര്‍ഗദര്‍ശനം നല്‍കുകയും മാതൃകയാവുകയും ചെയ്യേണ്ട മതപണ്ഡിതന്മാരും സമുദായ നേതാക്കളും കുറ്റകരമായ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും പര്യായമായ കല്യാണസദ്യകളിലും ആഘോഷങ്ങളിലും ആദ്യം ഓടിയെത്തുക അവരാണ്‌. വിവാഹങ്ങള്‍ക്ക്‌ കാര്‍മികത്വം വഹിക്കുന്നവരും മതപണ്ഡിതന്മാരും നേതാക്കളുമായിരിക്കുമല്ലോ. ഈയിടെ അന്തരിച്ച ഫാറൂഖ്‌ കോളേജ്‌ മുന്‍ പ്രിന്‍സിപ്പലും എം.എസ്‌.എസ്‌ പ്രസിഡണ്ടുമായിരുന്ന പ്രൊഫസര്‍ വി. മുഹമ്മദ്‌ സാഹിബ്‌ ഈ രംഗത്ത്‌ വ്യത്യസ്‌തമായ മാതൃക ഉയര്‍ത്തിപ്പിടിച്ച മഹദ്‌ വ്യക്തിയാണ്‌. ആര്‍ഭാട വിവാഹങ്ങള്‍ക്ക്‌ അദ്ദേഹം കാര്‍മികത്വം വഹിക്കുമായിരുന്നില്ല. അവയില്‍ സംബന്ധിക്കാതിരിക്കാനും പരമാവധി ജാഗ്രത പുലര്‍ത്തിയിരുന്നു. ആ മാതൃക തീര്‍ച്ചയായും അനുകരണീയം തന്നെ.
ഓരോ പഞ്ചായത്തിലും കൊല്ലം തോറും വിവാഹമേളകള്‍ക്ക്‌ കോടിക്കണക്കിന്‌ രൂപയാണ്‌ ചെലവഴിക്കുന്നത്‌. ഈ ആര്‍ഭാടമേളകള്‍ക്ക്‌ അറുതി വരുത്തി അതിന്‌ ചെലവഴിക്കുന്നതിന്റെ പകുതിയെങ്കിലും സ്വരൂപിച്ചാല്‍ ഓരോ പഞ്ചായത്തിലും ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനസഹായം നല്‍കാനും കുറെ പേര്‍ക്ക്‌ വീടുണ്ടാക്കിക്കൊടുക്കാനും ചിലര്‍ക്കെങ്കിലും ചികിത്സാസഹായം നല്‍കാനും സാധിക്കും. ഇത്തരം കാര്യങ്ങള്‍ക്കൊന്നും മാര്‍ഗനിര്‍ദേശവും നേതൃത്വവും നല്‍കാതെ വിവാഹമേളകള്‍ കൊഴുപ്പിക്കാനും സദ്യ ഉണ്ട്‌ ഏമ്പക്കമിടാനുമാണ്‌ മതനേതാക്കളും സമുദായ നേതൃത്വവും ഇനിയും വെമ്പല്‍കൊള്ളുന്നതെങ്കില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും അതുപോലുള്ളവയും കക്ഷത്തേറ്റി കരയാന്‍ തന്നെയായിരിക്കും വരും തലമുറകളുടെ വിധി. ഏറെ ദുഃഖത്തോടെ ചോദിക്കേണ്ടി വരുന്നു: ``വിവേകവും ബോധവുമുള്ള ആരും നമ്മിലില്ലേ?''
ഇത്തരമൊരു പശ്ചാത്തലത്തിലാണ്‌ ഒഴുക്കിനെതിരെ നീന്താന്‍ തീരുമാനിച്ചത്‌. അതിനു പ്രേരകമായ ഒരു സംഭവമുണ്ടായിരുന്നു. മുകളില്‍ പരാമര്‍ശിച്ച പ്രൊഫസര്‍ വി. മുഹമ്മദ്‌ സാഹിബിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സര്‍വീസ്‌ സൊസൈറ്റി (എം.എസ്‌.എസ്‌) കോഴിക്കോട്‌ വിവിധ മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു. സ്‌ത്രീധനത്തിനും വിവാഹ ധൂര്‍ത്തിനുമെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കലായിരുന്നു യോഗോദ്ദേശ്യം. അതില്‍ മലബാറിലെ ഏതാണ്ടെല്ലാ മുസ്‌ലിം സംഘടനകളുടെയും പ്രമുഖ നേതാക്കള്‍ സംബന്ധിച്ചു. നിരവധി തവണ ഒത്തുകൂടി വിവാഹാഘോഷങ്ങള്‍ ലളിതമാക്കാന്‍ ഒരു പെരുമാറ്റച്ചട്ടമംഗീകരിച്ചു. ഇതില്‍ വിവാഹം പരമാവധി ലളിതമാക്കാന്‍ നിര്‍ദേശിക്കപ്പെട്ട പ്രധാനകാര്യങ്ങളിലൊന്ന്‌ വിവാഹം നാലുമണിക്ക്‌ ആക്കുക എന്നതായിരുന്നു. അതേ കാലത്തുതന്നെ ജമാഅത്തെ ഇസ്‌ലാമിയും പ്രവര്‍ത്തകര്‍ക്ക്‌ വിവാഹാഘോഷവുമായി ബന്ധപ്പെട്ട്‌ ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കുകയും അത്‌ നടപ്പാക്കാന്‍ പ്രവര്‍ത്തകരോട്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
നാല്‌ മണിക്ക്‌ വിവാഹമെന്ന ആശയം മുന്നോട്ട്‌ വെച്ച യോഗത്തില്‍ പങ്കെടുത്ത വ്യക്തി എന്ന നിലയില്‍ അതു നടപ്പാക്കുകയെന്നത്‌ ധാര്‍മിക ബാധ്യതയാണെന്ന്‌ മനസ്സിലാക്കി ഞാനെന്റെ നാലു മക്കളുടെയും വിവാഹം നടത്തിയത്‌ നാലുമണിക്കാണ്‌. ചായയും ലഘു പലഹാരവും നല്‍കി പരമാവധി ലളിതമാക്കാന്‍ ശ്രമിച്ചു. അടുത്തബന്ധുക്കളെയും അയല്‍വാസികളെയും മാത്രം പങ്കെടുപ്പിച്ചു. രണ്ടു വിവാഹം പള്ളിയില്‍ വെച്ചാണ്‌ നടത്തിയത്‌. ഏറ്റവും ചെറിയ മകന്റെ വിവാഹത്തില്‍ മൂന്നു പേര്‍ മാത്രമാണ്‌ പുറമെ നിന്ന്‌ പങ്കെടുത്തത്‌. വിവാഹപ്രസംഗം നിര്‍വഹിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി സാഹിബും എനിക്കേറെ പ്രിയപ്പെട്ട അയല്‍ക്കാരിയുടെ ഭര്‍ത്താവും, ജമാഅത്തെ ഇസ്‌ലാമി അസി. അമീറായ എം.ഐ അബ്‌ദുല്‍ അസീസും കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എ.പി അനില്‍ കുമാറും. തിരൂരിലെ ഒരു പരിപാടിയില്‍ വെച്ച്‌ കാണവെ കുടുംബകാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ വിവാഹത്തെ സംബന്ധിച്ചും അറിയിച്ചു. വളരെ ലളിതമായാണ്‌ അത്‌ നടത്തുന്നതെന്ന്‌ പറഞ്ഞപ്പോള്‍ എന്തായാലും അതില്‍ പങ്കെടുക്കുമെന്ന്‌ പറയുകയും വിവാഹദിവസം വീട്ടില്‍ വരികയുമായിരുന്നു മന്ത്രി അനില്‍ കുമാര്‍. ഇക്കാര്യത്തില്‍ ത്യാഗം സഹിച്ചത്‌ യഥാര്‍ഥത്തില്‍ ഞാനല്ല, മക്കളാണ്‌. വിവാഹം കുറെക്കൂടി വലുതാക്കി നടത്താന്‍ കൂട്ടുകാരില്‍ നിന്നുണ്ടായ കടുത്ത സമ്മര്‍ദത്തെ അവര്‍ അതിജീവിക്കുകയായിരുന്നു.
എല്ലാവരും വിവാഹം ഇത്രത്തോളം ലളിതമാക്കണമെന്ന്‌ ശഠിക്കാനാവില്ലെങ്കിലും ആര്‍ഭാടവും അനാവശ്യവും ധൂര്‍ത്തും ദുര്‍വ്യയവും ഒഴിവാക്കുക തന്നെ വേണം. പിശാചുക്കളുടെ സഹോദരങ്ങളും മിത്രങ്ങളും ആകണമെന്ന്‌ ആഗ്രഹിക്കാത്തവരെല്ലാം ഇക്കാര്യത്തില്‍ ജാഗ്രത പാലിച്ചേ മതിയാകൂ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top