കാമ്പയിനില്‍ പങ്കാളികളാവുക

ടി. ആരിഫലി, അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള

രാമത്തിന്റെ പ്രിയപ്പെട്ട കൂട്ടുകാരികളേ,
അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്
എല്ലാവര്‍ക്കും ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍.
വര്‍ഷങ്ങളായി ആരാമം വനിതാമാസികയെ പരിചയപ്പെടുകയും അതിന്റെ ഉറ്റ കൂട്ടൂകാരികളായിത്തീ രുകയും ചെയ്തവരായിരിക്കും നിങ്ങളില്‍ പലരും. ചിലരൊക്കെ സമീപകാലത്ത് മാത്രം ആരാമവുമായി അടുക്കാന്‍ അവസരം ലഭിച്ചവരായിരിക്കും. മലയാളികളായ സ്ത്രീകള്‍ക്ക് പൊതുവിലും മുസ്‌ലിം സ്ത്രീകള്‍ക്ക് വിശേഷിച്ചും ആരാമം ഒരു വഴികാട്ടി തന്നെയാണെന്ന് അതിന്റെ വായനക്കാരായ നിങ്ങളെ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
1985 ലാണ് ആരാമത്തിന്റെ പിറവി. പ്രായം മുപ്പത് തികയാന്‍ പോവുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനകം ഈ ലോകവും അതിലെ മനുഷ്യരും ഒരുപാട് മാറിയിട്ടുണ്ട്. ഒരു ജനവിഭാഗമെന്ന നിലയില്‍ ഏറ്റവും ധൃതഗതിയില്‍ വളര്‍ച്ച നേടിയ സമൂഹമാണ് മലയാളി മുസ്‌ലിം സ്ത്രീകള്‍. അവരുടെ ഉടുപ്പും നടപ്പും മാറി. അവര്‍ക്ക് പഠിപ്പും പത്രാസും കൂടി. സ്ഥാനവും മാനവും കൈവന്നു. നിലയും വിലയും വര്‍ധിച്ചു. അവര്‍ തിരിച്ചറിവും ആത്മവിശ്വാസവും ആര്‍ജിച്ചു. ഈ മാറ്റത്തിന്റെ മാര്‍ഗത്തില്‍ അവരുടെ മുന്നില്‍ വഴികാട്ടിയായും പിന്നില്‍ പ്രചോദനമായും ആരാമവുമുണ്ടായിരുന്നു.
ഇസ്‌ലാമിന്റെ പാഠങ്ങള്‍ ലളിതമായ തെളിമലയാളത്തില്‍ അവര്‍ക്ക് പകര്‍ന്നുനല്‍കി. ആ പാഠങ്ങള്‍ പുണരാന്‍ അവര്‍ക്ക് പ്രചോദനമേകി. അവയെ പ്രതിനിധീകരിക്കാനുള്ള ആത്മവിശ്വാസം ചൊരിഞ്ഞു.
പുതിയ ലോകത്തേക്കുള്ള കിളിവാതിലുകള്‍ അവര്‍ക്കുമുമ്പില്‍ തുറന്നിട്ടു. ആധുനികവും ഉത്തരാധുനികവുമായ ലോകത്തെ കാണാനും അറിയാനും അവര്‍ക്ക് അവസരം നല്‍കി. പുതുലോകത്ത് നിന്നു സ്വീകരിക്കേണ്ടത് സ്വീകരിക്കാനും നിരാകരിക്കേണ്ടത് നിരാകരിക്കാനുമുള്ള തിരിച്ചറിവ് അവരുടെ മനസ്സാക്ഷിയില്‍ അലിയിച്ചുചേര്‍ത്തു.
ജീവിതവുമായി ബന്ധപ്പെട്ടതെന്തും സ്ത്രീകള്‍ക്കൂ കൂടി ബാധകമാണെന്നതായിരുന്നു എന്നും ആരാമത്തിന്റെ നിലപാട്. കണ്ണും കവിളും മുടിയും ചുണ്ടും പല്ലും നഖവും മാത്രമാണ് സ്ത്രീയെന്നും അവയില്‍ പുരട്ടാനുള്ള ചായങ്ങളും ചമയങ്ങളുമാണ് സ്ത്രീയുടെ ലോകമെന്നുമുള്ള മുഖ്യധാരാ വനിതാമാസികകളുടെ നിര്‍മിതിയെയാണ് ആരാമം തകര്‍ത്തുകളഞ്ഞത്. സ്ത്രീകളുടെ രചനയുടെയും നിര്‍മാണത്തിന്റെയും മേഖല അടുക്കള വിഭവങ്ങള്‍ മാത്രമല്ലെന്നും കലയും സാഹിത്യവും കുടുംബവും രാഷ്ട്രീയവും മതവും സംസ്‌കാരവുമെല്ലാം അവളുടെ രചനാ വൈഭവത്തിന്റെ കര്‍മ മണ്ഡലമാണെന്നും ആരാമം അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു.
വീടും കുടുംബവും എന്നും ആരാമത്തിന്റെ ശ്രദ്ധേയമായ ഉള്ളടക്കമായിരുന്നു. ഗര്‍ഭസ്ഥ ശിശുവിന് ഗര്‍ഭാശയം പോലെയാണ് ഓരോ മനുഷ്യനും കുടുംബം. മനുഷ്യന് കുടുംബത്തെപ്പോലെ സേവനം നല്‍കുന്ന മറ്റൊരു സാമൂഹ്യസ്ഥാപനവുമില്ല. കുടുംബത്തെ ഇത്ര രചനാത്മകവും സര്‍ഗാത്മകവുമായ രൂപത്തില്‍ സമീപിച്ച ഏത് വനിതാപ്രസിദ്ധീകരണമാണുള്ളത് ?
പ്രിയസഹോദരിമാരേ,
ഇതിനകം നിങ്ങളുടെയൊക്കെ കൂട്ടുകാരിയും ഗുരുവും വഴികാട്ടിയുമായി മാറിയ ആരാമത്തെ ഇതുവരെ പരിചയപ്പെടാന്‍ അവസരം ലഭിക്കാത്ത അനേകലക്ഷം സഹോദരിമാര്‍ മലയാളികളിലുണ്ട്. അവരിലേക്ക് കടന്നുചെല്ലാനും ആരാമം അവരുടെ കൈകളിലെത്തിക്കാനും ഓരോ വര്‍ഷവും നാം അവസരം സൃഷ്ടിക്കാറുണ്ട്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ പരിപാടികളിലൂടെ വര്‍ഷം തോറും ആയിര ങ്ങളാണ് ആരാമത്തിന്റെ കൂട്ടുകാരികളായിത്തീരാറുള്ളത്. ഈ വര്‍ഷത്തെ കാമ്പയിന്‍ മെയ് ഒന്നുമുതല്‍ 15 വരെയുള്ള രണ്ടാഴ്ചക്കാലമാണ്.
ആരാമത്തിന്റെ മാര്‍ഗദര്‍ശനം കൂടുതല്‍ പ്രസക്തമാകുന്ന ഈ കാലത്ത് അതിന് കൂടുതല്‍ വരിക്കാരെ കണ്ടെത്തി കാമ്പയിന്‍ വിജയമാക്കുവാന്‍ നിങ്ങളെല്ലാം കഠിനമായി പരിശ്രമിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.
നിങ്ങളുടെ സഹോദരന്‍,
ടി. ആരിഫലി
അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top