കാലവും കോലവും

ഷബ്‌ന പൊന്നാട്‌
2011 ജൂലൈ

എനിക്കയാളെ വെറുപ്പായിരുന്നു. അയാളുടെ ഉണ്ടക്കണ്ണും പാറിപ്പറന്ന ജടപിടിച്ച മുടിയും ചേറ്‌ പറ്റിപിടിച്ച താടിയും കറുത്തുരുണ്ട ശരീരവും കാറ്റില്‍ പറന്നെത്തുന്ന വിയര്‍പ്പു നാറ്റവും ട്രൗസര്‍ കാണാന്‍ പാകത്തില്‍ മുണ്ട്‌ മട ക്കികുത്തലും തലക്കു മുകളില്‍ വട്ടമിട്ടു പറക്കുന്ന സിഗരറ്റിന്റെ പുകച്ചുരുളും - ആകെ കൂടി വല്ലാത്തൊരു പ്രകൃതം.അയാളുടെ വലത്തെ കണ്‍വെള്ളയില്‍ ഒരു മറുകുണ്ട്‌. അതുള്ളവര്‍ ഭാഗ്യവാന്മാരാണെന്നും കണ്ണില്‍ കണ്ടതൊക്കെ വേണ്ടി വരുമെന്നും പഴമക്കാര്‍ പറയുന്നത്‌ കേള്‍ക്കാം.
?അയാളുടെ കയ്യില്‍ മലപ്പുറം കത്തിയുണ്ട്‌. അതില്‍ ചോര പുരളാറുമുണ്ട്‌. കുട്ടികള്‍ക്ക്‌ ഇതു പറയാനേ നേരമുള്ളു. അയാളെക്കുറിച്ചൊന്നും ആര്‍ക്കും അറിയില്ല. ഒരു വിഭാഗം ആളുകള്‍ അയാളുടെ പേര്‌ ആന്റണിയാണെന്നും മറുവിഭാഗം രാഘവനാണെന്നും പറയുന്നു. രണ്ടും വിളിച്ചാല്‍ അയാള്‍ തിരിഞ്ഞു നോക്കും. അയാള്‍ തന്നെ അയാളുടെ പേര്‌ മറന്നതു പോലെ. ചിലപ്പോള്‍ അയാളുടെ കഴുത്തില്‍ കുരിശുമാലയും അല്ലാത്തപ്പോള്‍ ചന്ദനക്കുറിയും കാണാം. എന്നാല്‍ ആരും അയാളെ അമ്പലത്തിലോ പള്ളിയിലോ കണ്ടിട്ടില്ല.
അയാള്‍ വന്ന മൂന്നാം ദിവസം അങ്ങേലെ രാജമ്മയുടെ പത്തു ലിറ്റര്‍ പാല്‍ തരുന്ന പശുവിനെ കാണാനില്ല. ഒഴിഞ്ഞ തൊഴുത്തും നോക്കി രാജമ്മ രണ്ടു കയ്യും ചുരുട്ടി മാറത്തടിയോടടി. അവരുടെ അലമുറ അപ്പുറത്തെ ഗ്രാമക്കാര്‍ പോലും കേട്ടുവത്രെ. രാജമ്മ നേരാത്ത വഴിപാടില്ല. എന്നിട്ടെന്താ കള്ളന്‍ കപ്പലില്‍ സുഖമായി വിലസി. പാവം രാജമ്മ, മകളെ പോലെ കൊണ്ടുനടന്ന പശുവായിരുന്നു.
ഒരിക്കല്‍ ഞാന്‍ കൂട്ടുകാരുമൊത്ത്‌ സ്‌കൂള്‍ വിട്ട്‌ വീട്ടിലേക്ക്‌ പോവുകയാണ്‌. മൂച്ചിക്കല്‍ വളവെത്തിയാല്‍ കൂട്ടുകാരെല്ലാം പിരിയും. പിന്നെ ഞാന്‍ തനിച്ച്‌. മൂളിപ്പാട്ടും പാടി കൈയും വീശി അങ്ങനെ നടക്കുമ്പോള്‍ കാറ്റിലൂടെ വല്ലാത്തൊരു മണം ഒഴുകിയെത്തി. കുറച്ചു കൂടി നടന്നപ്പോള്‍ തലമുകളിലൂടെ മേഘപാളികളെ പോലെ പുകച്ചുരുളുകള്‍ നീങ്ങുന്നു.ആരോ കാലുകള്‍ മണ്ണിനടിയില്‍ നിന്നും പിടിച്ചു വെച്ചതു പോലെ ഒറ്റ നിര്‍ത്തം. അടുത്തു വന്ന്‌ ആ ഭയങ്കര രൂപവും നിന്നു. ഉണ്ടക്കണ്ണില്‍ നിന്നും ചോരത്തുള്ളികള്‍ ഉറ്റി വീഴുന്നതുപോലെ അയാള്‍ എന്നെ നോക്കി. ചെണ്ടമേളത്തേക്കാള്‍ ഉയര്‍ന്ന ശബ്‌ദത്തില്‍ എന്റെ ഹൃദയമിടിച്ചു. എരിഞ്ഞടങ്ങിയ സിഗരറ്റുതുണ്ട്‌ വലിച്ചെറിഞ്ഞ്‌ അയാള്‍. എന്നെ മൂന്നാലു വട്ടം വലംവെച്ചു. കണ്ണുകള്‍ അടച്ച്‌ ഈശ്വരനാമം ഉരുവിട്ട്‌ വിറച്ചുകൊണ്ട്‌ ഞാന്‍ നിന്നു. ഇടയ്‌ക്ക്‌ ഒളിക്കണ്ണിട്ട്‌ മലപ്പുറം കത്തി പുറത്തേക്ക്‌ വരുന്നുണ്ടോയെന്നു നോക്കി. രൂക്ഷമായ വിയര്‍പ്പു ഗന്ധം മൂക്കിനു സമ്മാനിച്ച്‌ കരിയില പടര്‍പ്പിലൂടെ അയാള്‍ അമര്‍ത്തി നടന്നു. താടിയിലെ ചേറ്‌ ഇളക്കി മാറ്റി നടന്നു പോവുന്ന അയാളെ ഒന്നുകൂടി തിരിഞ്ഞു നോക്കി ഞാന്‍ വീട്ടിലേക്ക്‌ ഒരൊറ്റയോട്ടം. പിന്നീട്‌ ആ ഭാഗത്ത്‌ പുല്ലുപോലും മുളച്ചിട്ടില്ലെന്നു തന്നെ പറയാം. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാളെ വീണ്ടും കണ്ടു.സ്‌ത്രീകളുടെ കുളിക്കടവിലേക്ക്‌ ഒളിഞ്ഞു നോക്കുന്നു ദുഷ്‌ടന്‍.
കുളി കഴിഞ്ഞ്‌ കുളത്തിന്റെ ഒരു ഭാഗത്തിരുന്ന്‌ മീനുകളെ എണ്ണുകയായിരുന്നു ഞങ്ങള്‍. അപ്പോഴാണ്‌ അപ്പുറത്തെ മുള്‍ച്ചെടികള്‍ക്കിടയില്‍ ഒരു അനക്കം. ഇലകള്‍ക്കിടയിലൂടെ ഉണ്ടക്കണ്ണുകള്‍ കണ്ടപ്പോള്‍ തന്നെ അയാളാണെന്നു മനസ്സിലായി. എപ്പോഴും ചുണ്ടില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന സിഗരറ്റു പോലും കത്തിക്കാതെ അതിവിദഗ്‌ദ്ധമായി അയാള്‍ കുളിസീന്‍ ആസ്വദിക്കുകയാണ്‌. ദൈവമേ, അയാള്‍ പാമ്പുകൊത്തി ചാവേണമേ, മുള്ള്‌ കണ്ണില്‍ തറക്കേണമേ ഞാന്‍ പ്രാര്‍ത്ഥിച്ചു. ഞാന്‍ വളരുന്നതുപോലെ എന്നോടൊപ്പം അയാളോടുള്ള വെറുപ്പും പേടിയും വളര്‍ന്നു വന്നു. പിടിച്ചുപറിയും മോഷണവും ആഭാസത്തരവുമായി അയാള്‍ സ്വാതന്ത്ര്യത്തോടെ നടന്നു.
കാലം മാറി, അതോടൊപ്പം കോലവും. മൂച്ചിക്കല്‍ വളവില്‍ വാഹനങ്ങള്‍ ഒഴിഞ്ഞുള്ള നേരമില്ല. എവിടെയും ആള്‍ത്തിരക്കും ഒച്ചയും ബഹളങ്ങളും. പണ്ടൊക്കെ കിലോമീറ്ററുകളോളം നടന്ന്‌ അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ അവയെല്ലാം ഇപ്പോള്‍ കയ്യെത്തും ദൂരത്ത്‌. വികസനം സര്‍വ്വത്ര വികസനം. ഇപ്പോള്‍ രാജമ്മയില്ല.അവരുടെ തൊഴുത്തും. കുറേക്കാലമായി അയാളേയും കാണുന്നില്ല. എന്തൊരു സമാധാനം.
കടുത്ത പനി മൂലം എന്നെ മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റ്‌ ചെയ്‌ത നാലാം ദിവസം അടിപിടി കേസില്‍ കുത്തുകൊണ്ട ഒരാളെയും അഡ്‌മിറ്റ്‌ ചെയ്‌തു. രണ്ടാം ദിവസമാണ്‌ അയാള്‍ക്ക്‌ ബോധം തെളിഞ്ഞത്‌. പോലീസുകാരും ഡോക്‌ടര്‍മാരും തമ്മിലുള്ള പിറുപിറുക്കലും രോഗിയുടെ മൊഴി രേഖപ്പെടുത്തലും ആകെക്കൂടി ബഹളം. അറിഞ്ഞോ, ഇവിടെ കുത്തുകൊണ്ട്‌ കിടക്കുന്നത്‌ ആരാണെന്ന്‌? അടുത്ത ബെഡിലെ രോഗിയുടെ പരിചാരിക അതിനടുത്തുള്ള ബെഡില്‍ ചുമച്ച്‌ ക്ഷീണിച്ച്‌ കിടക്കുന്ന സ്‌ത്രീയോട്‌ ചോദിച്ചു.
?ഇ....ല്ല, ആ......രാ? സ്‌ത്രീ വീണ്ടും ചുമക്കാന്‍ തുടങ്ങി. അന്ന്‌ തെക്കേലെ ശാരദേന്റെ കെട്ടിയോനെ പാതിരാക്ക്‌ കുത്തിയ പണ്ടാറക്കാലനാ അത്‌. പരിചാരിക പല്ലുകള്‍ കൂട്ടിയുരുമ്മി. ദൈവമേ, ചുമക്കുന്നതിനിടയില്‍ സ്‌ത്രീ വിളിച്ചു പോയി.
രണ്ടു ദിവസം കഴിഞ്ഞാണ്‌ ബോധം വന്നത്‌. കുറച്ചു നേരത്തെ മൗനത്തിനു ശേഷം പരിചാരിക പറഞ്ഞു. ചത്തു കൂടായിരുന്നാ, അയാള്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍ വല്ലാത്തൊരു സമാധാനക്കേടായിരുന്നു. സ്‌ത്രീ ഒറ്റ ശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു. എങ്ങനെ സമാധാനമുണ്ടാവും. പിടിച്ചുപറിയും കത്തിക്കുത്തും ഒളിഞ്ഞു നോട്ടവും.ഈശ്വരാ, ഓര്‍ക്കാന്‍ കൂടി വയ്യ!?പരിചാരികയുടെ മുഖത്ത്‌ പേടി അലതല്ലി. അതു കേട്ടപ്പോള്‍ അയാളാണോ എന്നൊരു സംശയം. അത്‌ ഉറപ്പുവരുത്താനാണ്‌ ഈ ഒളിഞ്ഞു നോട്ടം. ആ മനുഷ്യന്‍ ശാന്തമായി ഉറങ്ങുകയാണ്‌. വലത്തെ കയ്യിലേക്ക്‌ ഗ്ഗൂക്കോസിന്റെ തുള്ളികള്‍ കയറി പോകുന്നു. വയറില്‍ കെട്ടിയ വെള്ളത്തുണിയില്‍ ചോരത്തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. അയാള്‍ തന്നെയാണോ ഇത്‌.ആകെക്കൂടി കണ്‍ഫ്യൂഷനായി. പാറിപ്പറന്ന ജട പിടിച്ച മുടിയല്ല. ചെറുതായി വെട്ടിയിട്ടുണ്ട്‌. ചേറു പിടിച്ച താടിയല്ല. കുറ്റിരോമങ്ങളേയുള്ളു. ഒന്നു കണ്ണു തുറന്നാല്‍ കണ്‍വെള്ളയിലെ മറുക്‌ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കും. കണ്ണു തുറക്കരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. മനസ്സില്‍ കുറേ സംശയങ്ങളും ബാക്കിയാക്കി അയാളോടുള്ള വെറുപ്പിന്റെ ആഴവും കൂട്ടി ഞാന്‍ വീട്ടിലേക്ക്‌ തിരിച്ചു.
വര്‍ഷങ്ങള്‍ പിന്നേയും കടന്നു പോയി. ഓഫീസില്‍ എത്താനുള്ള സമയം വൈകി. ഇന്നലെയും മാനേജറുടെ ചീത്ത കേട്ടതാണ്‌. ബസ്സ്‌ കിട്ടിയില്ല എന്ന പഴഞ്ചന്‍ വാക്കിന്‌ ഇപ്പോള്‍ പ്രസക്തിയില്ല. സ്വന്തമായി ഒരു വണ്ടി വാങ്ങാമല്ലൊ എന്നാവും മറുവാക്ക്‌. അദ്ദേഹത്തിന്‌ അങ്ങനെയൊക്കെ പറയാം. കന്നുകാലികളെ കുത്തി നിറച്ചു കൊണ്ടുപോവുന്നതു പോലെയാണ്‌ ബസ്സില്‍ കയറുന്നവരുടെ യാത്ര. ശ്വാസംമുട്ടി മരിക്കാത്തതു ഭാഗ്യം. എന്നും പോവുന്ന ബസ്സ്‌ വൈകിയതു കാരണം കിട്ടിയില്ല. കുറച്ചു കൂടി കാത്തു നില്‍ക്കാം. ഈ നിറുത്തം അസഹ്യം തന്നെ.
പല ഡിസൈനില്‍ മയമില്ലാതെ മുരണ്ടും കിതച്ചും ഓടി പ്പോവുന്ന വാഹനങ്ങള്‍. എല്ലായിടത്തും വേഗത തന്നെ. കാലം കുതിച്ചു പായുന്നു. അതിനേക്കാള്‍ വേഗതയില്‍ മനുഷ്യരും. ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല.ഒരു ബസ്സും നിര്‍ത്തുന്നില്ല. നിര്‍ത്തുന്നതാണെങ്കില്‍ തന്നെ തിരക്കുള്ളത്‌. ഒരു ഈച്ചക്കു പോലും കയറാന്‍ സ്ഥലമില്ല. എന്നിട്ടും ആര്‍ത്തി. കുറച്ചു മുന്നോട്ടു നടന്നപ്പോള്‍ ഒരാള്‍ക്കൂട്ടം. ആളുകള്‍ക്കിടയിലൂടെ ഞാന്‍ ഏന്തി വലിഞ്ഞു നോക്കി. രക്തപ്രളയത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു വൃദ്ധന്‍. ഏതോ വണ്ടി തട്ടിത്തെറിപ്പിച്ചതാണ്‌. ഇപ്പോഴും ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കുന്നുണ്ട്‌. അരികെ സഞ്ചിയില്‍ നിന്നും തെറിച്ച്‌ ചിന്നിച്ചിതറി കിടക്കുന്ന പച്ചക്കറികള്‍. ഒരു കളി കാണുന്ന ലാഘവത്തോടെ ജനക്കൂട്ടം വൃദ്ധനെ നോക്കി നില്‍ക്കുന്നു. ആരുടെ കണ്ണിലും ഭാവമാറ്റമില്ല. ഇങ്ങനെ നോക്കി നില്‍ക്കാതെ ഇവരെ ആശുപത്രിയില്‍ എത്തിച്ചൂകൂടെ? അടുത്തു നിന്ന പയ്യനോട്‌ ഞാന്‍ ചോദിച്ചു. എനിക്കു വയ്യ, കേസും കൂട്ടുമായി നടക്കാന്‍. അവന്‍ പുച്ഛത്തോടെ മുഖം തിരിച്ചു. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഒരാളെ രക്ഷിക്കാന്‍ നിന്നാല്‍ അതില്‍ നിന്നും തടിയൂരി പോരാന്‍ അത്ര പെട്ടെന്നൊന്നും കഴിയില്ലല്ലൊ. ആ കാഴ്‌ച്ച കണ്ടു നില്‍ക്കാന്‍ വയ്യ. ഞാനും നിസ്സഹായയാണ്‌. എനിക്കു കരച്ചില്‍ വന്നു. അതുവഴി വന്ന ഓട്ടോയില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നു.രക്തത്തില്‍ കുളിച്ചു കിടക്കുന്ന വൃദ്ധനേയും ജനക്കൂട്ടത്തേയും അയാള്‍ മാറി-മാറി നോക്കി. വൃദ്ധനെ കോരിയെടുത്ത്‌ ഓട്ടോയില്‍ കിടത്തി. തല മടിയില്‍ വെച്ച്‌ ഒന്നുകൂടി അയാള്‍ ജനക്കൂട്ടത്തെ രൂക്ഷമായി നോക്കി. അപ്പോള്‍ അയാളുടെ വലത്തെ കണ്‍വെള്ളയിലെ മറുക്‌ ഞാന്‍ വ്യക്തമായി കണ്ടു.
|

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media