അസ്മാ ബിന്‍ത് ഉമൈസ് ഖശ്അമി

സഈദ് മുത്തനൂര്‍ No image

ഹിജ്‌റ ഏഴ് മുഹര്‍റത്തിലാണ് സംഭവം. ഖൈബര്‍ യുദ്ധം കഴിഞ്ഞ് ഏതാനും  ദിവസമേ ആയുള്ളൂ, ഹസ്രത്ത് ഉമര്‍ ഫാറൂഖ് (റ) തന്റെ ഭാര്യയായ ഹഫ്‌സയെ കാണാന്‍ അവരുടെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഒരു അപരിചിത വനിത ഹഫ്‌സയുമായി സംസാരിച്ചു നില്‍ക്കുന്നു.

''ഇവര്‍ ആരാണ''- ഉമര്‍ (റ) ചോദിച്ചു. ''ഇത് അസ്മാ ബിന്‍ത് ഉമൈസ് - ജഅ്ഫര്‍ ബ്‌നു അബൂതാലിബിന്റെ പത്‌നി -'' ഹഫ്‌സ മറുപടി പറഞ്ഞു. ''ഓ! അബ്‌സീനിയക്കാരി, സമുദ്രം കടന്നു വന്നവര്‍'' ''അതെ, അവര്‍ തന്നെ''- ഹഫ്‌സ മറുപടി പറഞ്ഞു. അല്‍പം തമാശയോടെ ഉമര്‍ പറഞ്ഞു. ''ഞങ്ങള്‍ നിങ്ങള്‍ക്ക് മുമ്പ് മദീനയിലേക്ക് പലായനം (ഹിജ്‌റ) നടത്തിയവരാണ്. അതുകൊണ്ട് തന്നെ നബിതിരുമേനിയുമായി വളരെ അടുത്തവരും.''

ഇത് കേട്ടപ്പോള്‍ നബിതിരുമേനിയുടെ എളാപ്പയുടെ ഭാര്യ കൂടിയായ അസ്മാ ബീവിക്ക് കോപം വന്നു. അവര്‍ പറഞ്ഞു. ''നിങ്ങള്‍ പ്രവാചകന്‍ തിരുമേനിയുടെ തണലില്‍ കഴിയുകയായിരുന്നു. അദ്ദേഹം വിശന്നവരെ ഊട്ടി. അജ്ഞന്മാരെ വിദ്വാന്മാരാക്കി. ഞങ്ങളുടെ സ്ഥിതിയോ, ഞങ്ങള്‍ എത്യോപ്യയുടെ ഏതോ മൂലയില്‍ ഒറ്റപ്പെട്ടുപോയിരുന്നു. ഞങ്ങള്‍ കുറെ സഹിച്ചു. ഭയന്നു കഴിഞ്ഞു. ഇതൊക്കെയും അല്ലാഹുവിന്നും റസൂലിനും വേണ്ടിയത്രെ. ദൈവമാണ് സത്യം. താങ്കള്‍ പറഞ്ഞ ഇക്കാര്യം ഞാന്‍ റസൂല്‍ തിരുമേനിയുടെ മുമ്പില്‍ അവതരിപ്പിച്ചേ അടങ്ങൂ. അതുവരെ ഭക്ഷണം കഴിക്കില്ല. ദൈവമാണ് - ഇതെന്റെ ശപഥമാണ്. താങ്കള്‍ പറഞ്ഞതില്‍ ഞാന്‍ ഒന്നും കൂട്ടിപ്പറയില്ല. ഈ സംസാരത്തിനിടയില്‍ തിരുമേനി (സ) കടന്നുവന്നു.

അപ്പോള്‍ ഹസ്രത്ത് അസ്മ: ''യാ റസൂലൂള്ളാഹ്, ഞാന്‍ അദ്ദേഹത്തോട് ഇപ്രകാരമെല്ലാം പറഞ്ഞു.'' തിരുമേനി: ''അദ്ദേഹം ഞാനുമായി നിങ്ങളെക്കാള്‍ അടുത്തവനല്ല. ഉമറും കൂട്ടരും ഒരു ഹിജ്‌റയാണ് നടത്തിയിട്ടുള്ളത്. നിങ്ങളാകട്ടെ കപ്പല്‍ കയറിയവര്‍. രണ്ട് ഹിജ്‌റ നടത്തിയവര്‍'' (ഒന്ന് മക്കയില്‍ നിന്ന് അബ്‌സീനിയയിലേക്ക്, മറ്റൊന്ന് അബ്‌സീനിയയില്‍ നിന്ന് മദീനയിലേക്ക്).

തിരുമേനി (സ)യുടെ ഈ പ്രസ്താവന കേട്ടതോടെ അസ്മാഅ് ബീവിയുടെ സന്തോഷത്തിനതിരില്ലായിരുന്നു. ഈ വിവരം പരന്നതോടെ എത്യോപ്യ (അബ്‌സീനിയ)യിലേക്ക് ഹിജ്‌റ - പലായനം - നടത്തിയവര്‍ അസ്മാഇന്റെ വീട്ടില്‍ തടിച്ചുകൂടി. അതിന്റെ മുഴുവന്‍ കഥകളും അവര്‍ അസ്മയില്‍ നിന്ന് ചോദിച്ചറിയാന്‍ തിടുക്കം കൂട്ടി. എത്യോപ്യയിലേക്ക് ഹിജ്‌റ നടത്തിയവരെ തിരുമേനി പ്രത്യേകം അഭിനന്ദിച്ച വിവരമറിഞ്ഞ് അവര്‍ ഹര്‍ഷപുളകിതരായി. അബ്‌സീനിയന്‍ പലായകര്‍ക്ക് ഇതിലും വലിയ അംഗീകാരം കിട്ടാനില്ല. അസ്മാഅ് പ്രതികരിച്ചു.

അസ്മാ ബിന്‍ത് ഉമൈസ് രണ്ട് ഹിജ്‌റ നടത്തിയവരെന്ന നിലക്ക് മഹിത മഹിളയായി ചരിത്രത്തില്‍ തിളങ്ങി നിന്നു. ആദ്യഘട്ടത്തില്‍ ഇസ്‌ലാം സ്വീകരിച്ച മഹിളയത്രെ അവര്‍. തികച്ചും പ്രതികൂല സാഹചര്യമായിരുന്നിട്ടും അതിനെയെല്ലാം ആ മഹതി തരണം ചെയ്തു.

ഒന്നിന് പുറകെ ഒന്നായി മൂന്ന് പ്രമുഖ വ്യക്തിത്വങ്ങള്‍ ഇവരെ വിവാഹം ചെയ്തിരുന്നു. ജഅ്ഫര്‍ബ്‌നു അബൂത്വാലിബായിരുന്നു ഇവരുടെ ആദ്യഭര്‍ത്താവ്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ശേഷം ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖും അദ്ദേഹത്തിന്റെ മരണശേഷം, ഫാതിഹെ ഖൈബര്‍ ഹസ്രത്ത് അലി(റ)യുമാണ് ഇവരെ വിവാഹം ചെയ്തത്. ആദ്യഭര്‍ത്താവ് ജഅ്ഫറിന്റെയും അസ്മാ ബീവിയുടെയും ഇസ്‌ലാം ആശ്ലേഷണം ഒരേ കാലത്തായിരുന്നു.

പതിനൊന്നു പുരുഷന്മാരും നാല് സ്ത്രീകളുമാണ് എത്യോപ്യയിലേക്ക് പലായനം നടത്തിയ ആദ്യസംഘത്തിലുണ്ടായിരുന്നത്. ഈ സംഘം ശുഐബ; തുറമുഖത്ത് നിന്ന് കപ്പല്‍കയറി എത്യോപ്യയിലേക്ക് യാത്രയായി. പ്രവാചക നിയോഗത്തിന്റെ 6-ാം കൊല്ലം ആദ്യത്തില്‍ 80 പുരുഷന്മാരും 19 സ്ത്രീകളുമടങ്ങുന്ന മറ്റൊരു സംഘം അബ്‌സീനിയയിലേക്ക് (എത്യോപ്യ) ഹിജ്‌റ ചെയ്തു. ഈ സംഘത്തില്‍ ഹസ്രത്ത് അസ്മാ ബിന്‍ത് ഉമൈസും പ്രിയതമന്‍ ജഅ്ഫര്‍ബ്‌നു അബൂതാലിബും ഉണ്ടായിരുന്നു. നേരത്തെ ഹിജ്‌റ ചെയ്ത് മക്കയിലേക്ക് മടങ്ങിവന്ന് സ്ഥിതി പന്തിയല്ലെന്ന് കണ്ട് വീണ്ടും എത്യോപ്യയിലേക്ക് മടങ്ങിയവരില്‍ ചിലരും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അഭയാര്‍ത്ഥികള്‍ അബ്‌സീനിയയിലെത്തി സാധാരണ ജീവിതം ആരംഭിച്ചു. എന്നാലും പ്രവാസം എപ്പോഴും പ്രവാസം തന്നെയല്ലൊ! അഭയാര്‍ത്ഥികള്‍ക്ക് രോഗങ്ങളും മറ്റുമായ പ്രശ്‌നങ്ങള്‍ വന്നുതുടങ്ങി. എങ്കിലും അവര്‍ ക്ഷമയോടെ നിലകൊണ്ടു.

ഹസ്രത്ത് അസ്മാ ബീവിയും ഭര്‍ത്താവ് ജഅ്ഫറും മറ്റു ഏതാനും പേരും 14 വര്‍ഷത്തോളം അബ്‌സീനിയയില്‍ പ്രവാസികളായി കഴിഞ്ഞു. ഈ സമയം നബിതിരുമേനി(സ) മക്കയില്‍ നിന്നും മദീനയിലേക്ക് പോയ്ക്കഴിഞ്ഞിരുന്നു.

ബദ്‌റ്, ഉഹ്ദ്, ഖന്‍ദഖ്, കൂടാതെ ഖൈബര്‍ യുദ്ധങ്ങള്‍ ഇതിനിടക്ക് അരങ്ങേറി. ഹിജ്‌റ ഏഴ് മുഹര്‍റം മാസത്തിലാണ് ഖൈബര്‍ ജയിച്ചടക്കിയത്. അതോടെ എല്ലാ മുസ്‌ലിംകളും അബ്‌സീനിയ വിട്ട് മദീനയിലെത്തി. അക്കൂട്ടത്തില്‍ ജഅ്ഫറും പത്‌നി അസ്മാ ബീവിയുമുണ്ടായിരുന്നു.

ഖൈബറിന്റെ വീരഗാഥ മുസ്‌ലിംകളില്‍ വലിയ ആഹ്ലാദം പടര്‍ത്തി. ഈ ആഹ്ലാദ വേളയിലാണ് എത്യോപ്യന്‍ മുസ്‌ലിംകളും എത്തിച്ചേര്‍ന്നത്. ഇത് ഇരട്ടി മധുരമായി, നബി തിരുമേനി (സ)ഹസ്രത്ത് ജഅ്ഫര്‍(റ)നെ ആലിംഗനം ചെയ്ത് നെറ്റിയില്‍ ഉമ്മവെച്ചു. ജഅ്ഫറിന്റെ ആഗമനമാണോ അതോ ഖൈബര്‍ വിജയമാണോ എന്നെ സന്തോഷിപ്പിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ- തിരുമേനി പ്രസ്താവിച്ചു.

ഇക്കാലത്ത് അസ്മാ ബീവി ഹസ്രത്ത് ഹഫ്‌സ (റ)യുടെ അടുക്കല്‍ ചെന്നു. അവിടെ ഒരു ചര്‍ച്ച ഉയര്‍ന്നുവന്നു. നടേ പരാമര്‍ശിച്ച യഥാര്‍ത്ഥ മുഹാജിറുകള്‍ മദീനയിലേക്ക് പലായനം ചെയ്തവരോ അതോ അബ്‌സീനിയന്‍ പലായകരോ എന്ന പ്രശ്‌നം. എന്നാല്‍ നബി തിരുമേനി ഏതൊരാള്‍ ആദ്യം അബ്‌സീനിയയിലേക്കും തുടര്‍ന്ന് മദീനയിലേക്കും ഹിജ്‌റ ചെയ്‌തോ അവര്‍ക്കാണ് മുന്‍ഗണന നല്‍കിയത്.

അന്ന് അബ്‌സീനിയന്‍ വാസക്കാലത്ത് അസ്മാഅ് ബിന്‍ത് ഉമൈസുമായി ബന്ധപ്പെട്ട് ഒരു നല്ല അനുഭവമുണ്ടായി. അത് അസ്മാഇന്റെ പദവിക്ക് മാറ്റ് കൂട്ടി. മുസ്അബ് ബ്‌നു സുബൈര്‍ (റ) പറയുന്നു. അബ്‌സീനിയന്‍ രാജാവ് നജ്ജാശിക്ക് ഒരു കുട്ടി ജനിച്ചു. അതിന്റെ ഏതാനും ദിവസം മുമ്പ് അസ്മാ - ജഅ്ഫര്‍ ദമ്പതികള്‍ക്ക് ഒരു കുട്ടി പിറന്നിരുന്നു. നജ്ജാശി രാജാവ് ജഅ്ഫറിന്റെ കുടുംബത്തില്‍ ദൂതനെ അയച്ച് അവര്‍ക്ക് ജനിച്ച കുട്ടിക്ക് എന്താണ് പേരിട്ടതെന്ന് അന്വേഷിച്ചു. അബ്ദുല്ലാഹ് - എന്നാണവര്‍ നാമകരണം ചെയ്തതെന്നറിഞ്ഞ നജ്ജാശി രാജാവ് തന്റെ പുത്രനും ആ പേര് നല്‍കി. പിന്നീട് നജ്ജാശി തന്റെ മകന് മുലപ്പാല്‍ നല്‍കാന്‍ അസ്മാഅ് ബിന്‍ത് ഉമൈസിനെ ഏല്‍പ്പിച്ചു. രണ്ട് വര്‍ഷം ഇത് തുടര്‍ന്നു. ഇക്കാരണത്താല്‍ നജ്ജാശിയുടെ കൊട്ടാരത്തില്‍ അസ്മാ വാഴ്ത്തപ്പെട്ടു. അവര്‍ക്ക് അവിടെ വലിയ സ്ഥാനമാനങ്ങളുണ്ടായി. അസ്മാ ബിവിയുടെ കൊട്ടാരത്തിലെ ഈ സ്വാധീനം അബ്‌സീനിയയിലെത്തുന്ന മുസ്‌ലിംകള്‍ക്ക് വലിയ തണലായി മാറി.

*******************

അസ്മാ ബിന്‍ത് ഉമൈസ് മദീനയിലെത്തി ഒരു വര്‍ഷം കഴിഞ്ഞു കാണും. അവര്‍ക്ക് ദുഖപര്യവസായിയായ ഒരു പരീക്ഷണം നേരിടേണ്ടിവന്നു. ഹിജ്‌റ 8-ലായിരുന്നു ആ സംഭവം. മുവത്വ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയ തന്റെ പ്രിയതമന്‍ ജഅ്ഫര്‍ ത്വയ്യാര്‍ ആ യുദ്ധത്തില്‍ ധീരരക്തസാക്ഷിയായി. നബിതിരുമേനി (സ) അസ്മാ ബീവിയുടെ വീട്ടിലെത്തി. ദുഖം കടിച്ചമര്‍ത്തിയാണ് അദ്ദേഹം അവിടെയെത്തിയത്. ജഅ്ഫറിന്റെ മക്കളെ അദ്ദേഹം വിളിച്ചുവരുത്തി. തിരുമേനി (സ) വളരെ വേദനയോടെ അവരെ തലോടി. അവരുടെ നെറ്റിയില്‍ ഉമ്മവെച്ചു. തിരുമേനിയുടെ ഈ ഭാവമാറ്റം ശ്രദ്ധിച്ച അസ്മാ ബിന്‍ത് ഉമൈസ് ചോദിച്ചു. 'തിരുദൂതരെ! എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ബലി. എന്താണ് സംഭവിച്ചത്, താങ്കള്‍ വളരെ ദുഃഖിതനാണല്ലോ , ജഅ്ഫറിനെ സംബന്ധിച്ച വല്ല വൃത്താന്തവും?'

‘അതേ, അദ്ദേഹം രക്തസാക്ഷിയായിരിക്കുന്നു.' തിരുമേനി വെളിപ്പെടുത്തി. ഈ വിവരം അസ്മയെ ഞെട്ടിച്ചു. അവര്‍ വാവിട്ടുകരഞ്ഞു. ആ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി. തിരുമേനിയാകട്ടെ വേഗം വീട്ടിലേക്ക് മടങ്ങി. തന്റെ ഭാര്യമാരെ വിളിച്ച് ജഅ്ഫറിന്റെ വീട്ടുകാരുടെ കാര്യം ശ്രദ്ധിക്കണമെന്ന് ഉണര്‍ത്തി. അവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കണം എന്നും നിര്‍ദ്ദേശിച്ചു.

ധീരയായ തന്റെ എളാപ്പയുടെ വേര്‍പാട് നബിതിരുമേനിയുടെ മകള്‍ ഫാത്തിമയെ വല്ലാതെ പിടിച്ചുലച്ചു. 'വാഹ് അമ്മാഹ്! വാഹ് അമ്മാഹ്!' എന്നട്ടഹസിച്ചുകൊണ്ട് അവര്‍ പൊട്ടിക്കരഞ്ഞു. ദുഃഖപാരവശ്യത്തോടെ അവര്‍ പിതാവിന്റെ അടുക്കലെത്തി. ജഅ്ഫറിനെപ്പോലെയുള്ള ഒരാളുടെ മരണത്തില്‍ കരയുന്നവര്‍ക്ക് കരയാം എന്നാണ് മകളെ നോക്കി തിരുമേനി(സ) പ്രസ്താവിച്ചത്.

'ഫാത്വിമാ! ജഅ്ഫറിന്റെ മക്കള്‍ക്ക് ആഹാരത്തിന് വേണ്ട ഏര്‍പ്പാട് ചെയ്യൂ. അസ്മാ ഇന്ന് വിരഹദുഃഖിതയാണ്.' തിരുമേനി (സ) തന്റെ പുത്രിയോട് കല്‍പ്പിച്ചു. മൂന്നാം ദിവസം തിരുമേനി(സ) ജഅ്ഫറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സാന്ത്വനിപ്പിച്ചു. 

അസ്മയുടെ ഇദ്ദ കാലശേഷം തിരുമേനി(സ) തന്റെ പ്രിയപ്പെട്ടവനായ അബൂബക്കര്‍ സിദ്ദീഖിന് അവരെ വിവാഹം ചെയ്തുകൊടുത്തു. ഹിജ്‌റ വര്‍ഷം എട്ടിലായിരുന്നു ഇത്. രണ്ട് വര്‍ഷം കഴിഞ്ഞു ആ ദാമ്പത്യജീവിതത്തില്‍ ഒരു കുഞ്ഞ് പിറന്നു. - മുഹമ്മദ്ബ്‌നു അബൂബക്കര്‍! ഹജ്ജതുല്‍ വിദാഇന്റെ വര്‍ഷം ദുല്‍ഹുലൈഫയില്‍ വെച്ചായിരുന്നു. മുഹമ്മദിന്റെ ജനനം. 'ഇനി ഞാന്‍ എന്തുചെയ്യും.' ഹസ്രത്ത് അസ്മാ, നബി (സ) ചോദിച്ചു.

'നീ കുളിച്ച് ശുദ്ധിയായി ഇഹ്‌റാമില്‍ പ്രവേശിക്കുക.' തിരുമേനി കല്‍പ്പിച്ചു.

*******************

ഹിജ്‌റ 11ല്‍ നബിതിരുമേനി (സ) പരലോകം പൂകി. ഈ വേര്‍പാട് അസ്മാ ബീവിക്ക് താങ്ങാവുന്നതായിരുന്നില്ല. അതിലേറെ വിരഹദുഃഖമാണ് നബിയുടെ പ്രിയമകള്‍ ഫാത്വിമ(റ) അനുഭവിച്ചത്. ഫാത്വിമയുടെ വേദന കണ്ടറിഞ്ഞ അസ്മാ ബിന്‍ത് ഉമൈസ് ഫാത്വിമയോടൊപ്പം നിന്ന് അവരെ സാമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു. വേദനയുടെ നാളുകളില്‍ തന്നെ വൈകാതെ ഫാത്വിമ(റ)യും ഇഹലോകവാസം വെടിഞ്ഞു. ഭര്‍ത്താവ് അലി(റ)യാണ് തന്നെ കുളിപ്പിക്കേണ്ടതെന്നും പ്രത്യേക മറയോടെ മറ്റാരും കാണാത്ത വിധം സംസ്‌കരണ ചടങ്ങുകള്‍ നടത്തണമെന്നും ഫാത്വിമ, അസ്മയോട് വസിയ്യത്ത് ചെയ്തിരുന്നു. അതുപ്രകാരം ഹസ്രത്ത് അലിയും, അസ്മയും, സല്‍മ ഉമ്മു റാഫിഉമാണ് ഫാത്വിമയെ കുളിപ്പിച്ചതും മറ്റുകര്‍മങ്ങള്‍ നിര്‍വഹിച്ചതും.

*******************

ഹിജ്‌റ 13-ല്‍ ഹസ്രത്ത് അബൂബക്കര്‍ (റ) മരണപ്പെട്ടു അസ്മാബീവിയാണ് അദ്ദേഹത്തെ വസിയ്യത്ത് പ്രകാരം കുളിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. സിദ്ദീഖ് (റ)ന്റെ മരണശേഷം അസ്മാബീവിയെ ഹസ്രത്ത് അലി(റ) വിവാഹം ചെയ്തു. മുഹമ്മദ് ബ്‌നു അബൂബക്കറിന് ഈ സമയത്ത് മൂന്ന് വയസ്സ് പ്രായമായിരുന്നു. ആ കൂട്ടിയും ഉമ്മയോടൊപ്പം അലി(റ)ന്റെ സംരക്ഷണത്തിലായി.

 

*******************

ഒരു ദിവസം അസ്മയുടെ രണ്ടുപുത്രന്മാരായ മുഹമ്മദ് ബ്‌നു ജഅ്ഫറും മുഹമ്മദ് ബ്‌നു അബൂബക്കറും തമ്മില്‍ ഒരു തര്‍ക്കം. ഇവരില്‍ ആരുടെ പിതാവാണ് കൂടുതല്‍ ഉത്തമന്‍. ഹസ്രത്ത് അലി(റ) ഈ കൗതുകമുള്ള ചോദ്യം കേട്ടെങ്കിലും അസ്മയോട് ഈ വഴക്ക് നീ തന്നെ തീര്‍പ്പാക്കുക എന്ന് പറഞ്ഞു.

തനിക്ക് ജഅ്ഫറില്‍ ഉണ്ടായ മകന്‍ മുഹമ്മദും അബൂബക്കറില്‍ ഉണ്ടായ മകന്‍ മുഹമ്മദും തമ്മിലാണല്ലോ തങ്ങളുടെ പിതാക്കളില്‍ ആരാണ് മഹാനെന്ന തര്‍ക്കം. ഇതില്‍ ഇടപെട്ട് കൊണ്ട് ഉമ്മയായ അസ്മ പ്രതികരിച്ചതിങ്ങനെ:

'അറബ് യുവാക്കളില്‍ ഇത്ര മഹത്തരമായ സ്വഭാവമുള്ള ഒരാളെ ജഅ്ഫറിനെ (റ)പോലെ ഞാന്‍ കണ്ടിട്ടില്ല. വൃദ്ധന്മാരില്‍ ഇത്ര നല്ല മനുഷ്യനെ അബൂബക്കറി(റ)നെ പോലെ ഒരാളെ ഞാന്‍ അനുഭവിച്ചിട്ടില്ല.' 

ഇത് കേട്ടപ്പോള്‍ ഹസ്രത്ത് അലി(റ), തന്റെ പ്രിയതമയോട് ചോദിച്ചു. 'നീ എനിക്ക് വേണ്ടി ഒന്നും ബാക്കി വെച്ചിട്ടില്ല?' ചിരി മാത്രമായിരുന്നു പ്രതികരണം. പിന്നീട് അലി - അസ്മാ ദമ്പതികള്‍ക്ക് യഹ്‌യാ എന്ന പേരില്‍ ഒരു കുഞ്ഞ് ജനിക്കുകയുണ്ടായി.

ആയിടക്ക് ഹി. 38-ല്‍ അസ്മാബീവിയുടെ യുവപുത്രന്‍ മുഹമ്മദ് ബ്‌നു അബൂബക്കര്‍ ഈജിപ്തില്‍ അക്രമികളുടെ കൈകളാല്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മൃതശരീരം ശത്രുക്കള്‍ ചുട്ടുകരിച്ചു. ഹൃദയഭേദകമായ ഈ സംഭവം ആ മാതാവിന് താങ്ങാനായില്ല. അവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. തന്റെ സങ്കടങ്ങള്‍ ദൈവത്തിന്റെ മുമ്പില്‍ സമര്‍പ്പിച്ചു. 

ഹിജ്‌റ 40-ല്‍ ഹസ്രത്ത് അലി(റ) രക്തസാക്ഷിയായി. വൈകാതെ അസ്മാ ബിന്‍ത് ഉമൈസ് എന്ന ചരിത്രവനിതയും പരലോകം പൂകി. അവര്‍ തന്റെ പിറകെ നാലുമക്കളെ ബാക്കിവെച്ചു. അബ്ദുല്ല, മുഹമ്മദ്, ഔന്‍ (ജഅ്ഫറിന്റെ മക്കള്‍) അലിയുടെ മകനായി ജനിച്ച യഹ്‌യാ എന്നിവരാണവര്‍.

ജഅ്ഫറില്‍ ജനിച്ച രണ്ട് പെണ്‍കുട്ടികളും അവര്‍ക്കുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഹസ്രത്ത് അസ്മ ബിന്‍ത് ഉമൈസ് സ്വഹാബി വനിതകളില്‍ പ്രമുഖയത്രെ. ഹജ്ജതുല്‍ വിദാഇല്‍ അവര്‍ പങ്കെടുത്തിരുന്നു. ബുദ്ധിസാമര്‍ത്ഥ്യവും ഹൃദയവിശാലതയും ഒത്തിണങ്ങിയ ഒരു സഹാബി വനിതയായിരുന്നു ഇവര്‍.

60 ഹദീസുകള്‍ ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹസ്രത്ത് ഉമര്‍, അബ്ദുല്ലാഹിബ്‌നു അബ്ബാസ്. അബൂ മൂസല്‍ അശ്അരി തുടങ്ങിയ പ്രമുഖര്‍ അവരില്‍ നിന്ന് ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.

മാതാവില്‍ നിന്ന് തനിക്ക് ലഭിച്ച മനോഹരവും സംതൃപ്തവുമായ ഒരു ഹദീസ് അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ. എനിക്ക് എന്റെ മാതാവ് അസ്മ ബിന്‍ത് ഉമൈസ് ഒരു വരമായി പഠിപ്പിച്ചു തന്ന നബിവചനം. ആപത്തുകളില്‍ ചൊല്ലാന്‍ തിരുമേനി (സ) അവര്‍ക്ക് പകര്‍ന്ന് നല്‍കിയതത്രെ ഇത്. 

'അല്ലാഹു റബ്ബീ ലാ ഉശ്‌രികു ബിഹീ ശൈഅന്‍' (അല്ലാഹുവാണ് എന്റെ നാഥന്‍. അവനോടൊപ്പം ഒന്നിനെയും ഞാന്‍ പങ്കാളിയാക്കുകയില്ല) (ഇബ്‌നുമാജ, അബൂദാവൂദ്). സ്വപ്‌ന വ്യാഖ്യാനം നടത്തുന്നതിലും അസ്മ വിദഗ്ദയായിരുന്നു.

ഹിജ്‌റ 40 ല്‍ അലി(റ) മരണപ്പെട്ട് വളരെ വൈകാതെ അസ്മ ബിന്‍ ഉമൈസും മരണപ്പെട്ടു എന്നാണ് മരണം സംബന്ധിച്ച ഒരു റിപ്പോര്‍ട്ട്. എന്നാല്‍ അവര്‍ ദീര്‍ഘ കാലം ജീവിച്ചെന്നും ഹ. അലിക്ക് ശേഷം ഹി. 60-ലാണ് അസ്മ (റ) മരണപ്പെട്ടതെന്നും അല്ലാമ ദഹബി രേഖപ്പെടുത്തുന്നു. (താരീഖുല്‍ ഇസ്‌ലാം 4/178)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top