കാലില്‍ മണ്ണു പറ്റുന്ന വായന

മെഹദ് മഖ്ബൂല്‍ No image

യാത്ര പോകുമ്പോള്‍ എന്ത് സംഭവിക്കുന്നു നമുക്ക്? അന്നേരം നമ്മളല്ലാത്തവരെയും നമ്മള്‍ കാണും, അവരുടെ ജീവിതങ്ങളും കണ്ണിലുടക്കും. എന്നെ മാത്രം കാണുന്ന കണ്ണാടിയല്ല ലോകം എന്ന് ബോധ്യം വരും.  നന്മയും മഹത്വവുമുള്ള അനേകായിരം മനുഷ്യര്‍ മുന്നിലെത്തും. അവരെ അനുഭവിക്കുന്നേരം സ്വയം ചെറുതാകും, വിനയം വെക്കും. എന്റെ വാദങ്ങള്‍ക്കും തീര്‍പ്പുകള്‍ക്കും കൊമ്പ് മൂന്നെന്ന മുഷ്‌ക് തകരും. ഭൂമി ഒരിക്കലും എന്നെയല്ല  ചുറ്റുന്നതെന്ന യാഥാര്‍ഥ്യം ഉറക്കും. നന്മയുള്ള മനുഷ്യരെ കണ്ട് ഉള്ളിലീര്‍പ്പം തട്ടും. ചിലരുടെ വെയിലും വേദനയും കണ്ട് ഇത്തരം ജീവിതം വിധിക്കല്ലേയെന്ന് നൊന്ത് പ്രാര്‍ഥിക്കും.
ഒന്നിനും വേണ്ടിയല്ലാതെ യാത്ര പോകുന്നവരെ കാണുമ്പോള്‍, അവരുടെ യാത്രാ കുറിപ്പുകള്‍ വായിക്കുമ്പോള്‍ വിസ്മയിക്കാറുണ്ട്. എന്തെല്ലാം അറിവും അനുഭവവും താണ്ടിവന്ന മനുഷ്യരാണിവര്‍..
ചെന്നെത്തുന്ന എല്ലാ ദേശങ്ങളും ഏതെങ്കിലും തരത്തില്‍ നമ്മുടെ ആത്മാവിന്റെ ഭാഗമാകുന്നുണ്ട് എന്നെഴുതിയത് അനിതാ ദേശായിയാണ്.
പെന്‍ഡുലം ബുക്‌സ് പുറത്തിറക്കിയ ഷെരീഫ് ചുങ്കത്തറയുടെ ഇന്ത്യ 350 സി.സി വായിച്ച് തീരുമ്പോള്‍ ഇനിയല്‍പ്പം വിശ്രമിക്കാനാണ് തോന്നുന്നത്. ഇന്ത്യയുടെ പല പല വഴികളിലൂടെ അലയുകയായിരുന്നല്ലോ.
പുസ്തകത്തില്‍ എഴുതിയതുപോലെ 'ഒരു ദേശാടനക്കിളിയായി പുനര്‍ജനിക്കണം, നിയന്ത്രണങ്ങളില്ലാതെ പറക്കണം.'
ഷെരീഫിനൊപ്പമുള്ള യാത്രയില്‍ നമ്മള്‍ പലതും കാണുന്നു എന്നെഴുതുന്നുണ്ട് ആമുഖത്തില്‍ അബ്ദുല്‍ റഷീദ്: ''എത്രയെത്ര നാടുകള്‍, ഭാഷകള്‍, ഗോത്രങ്ങള്‍, വിശ്വാസങ്ങള്‍, വേഷങ്ങള്‍, സംസ്‌കാരങ്ങള്‍, രുചികള്‍, ഒരു സാധാരണ ഉല്ലാസ യാത്രയുടെ ഗണത്തിലൊന്നും വരാത്ത എന്തെല്ലാം കാഴ്ചകളാണ്.''
ഇന്ത്യയെ കാണുക എന്നാല്‍ നിരവധിയായ വിസ്മയങ്ങളെ കാണുക എന്നാണര്‍ഥം എന്ന് പുസ്തത്തിലൂടെ ബുള്ളറ്റോടിക്കുമ്പോള്‍ നമുക്ക് ബോധ്യം വരും. എന്തെല്ലാം ചരിത്രങ്ങളിലൂടെയാണ് ഈ ബൈക്കോടുന്നത്.
സമുദ്രം പോലെയുള്ള ബംഗ്ലുരുവിലെ റോഡില്‍ പെട്ടാല്‍ പെട്ടതു തന്നെ. കെ.ആര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന അപ്പാര്‍ട്ട്‌മെന്റില്‍നിന്നുമാണ് ബൈക്ക് ഇന്നേരം സ്റ്റാര്‍ട്ട് ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശം മൈസൂര്‍ രാജവംശത്തിന്റെ പതനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മൂന്നാം ആംഗ്ലോ- മൈസൂര്‍ യുദ്ധത്തില്‍  ടിപ്പു സുല്‍ത്താനെ പരാജയപ്പെടുത്തിയ ബ്രിട്ടീഷുകാരാണ് മാര്‍ക്കറ്റ് സ്ഥാപിക്കുന്നത്. ഏഷ്യയില്‍ ആദ്യമായി വൈദ്യുതീകരിച്ച മാര്‍ക്കറ്റെന്ന ഖ്യാതിയും കെ.ആര്‍ മാര്‍ക്കറ്റിനുണ്ട്. യാത്ര പതിയെ പുരോഗമിക്കുന്നു.
വഴിവക്കില്‍ കണ്ട കഡപ്പയിലെ കറുത്ത കല്ലുകള്‍ കുറച്ചു നേരം പഴയ കാലങ്ങളിലേക്ക് കൊണ്ടു പോകുന്നു. ഒരു കാലത്ത് മലയാളികളുടെ വീടുകളില്‍ സാധാരണമായിരുന്നു കഡപ്പക്കല്ലുകള്‍ . ജീവിത നിലവാരം കൂടിയതില്‍ പിന്നെ മാര്‍ബിളും ടൈല്‍സും കഡപ്പ കല്ലിന്റെ സ്ഥാനത്ത് വന്നു. യാത്രാവരികളിലൂടെ മുന്നോട്ട് പോകവേ, പിന്നോട്ട് പോയ കാലങ്ങളില്‍ കാലുടക്കുന്നു. പുതിയ എന്തെല്ലാമാണ് പഴയതിനെ വളരെ വേഗം തട്ടിത്തെറിപ്പിച്ച് സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് അത്ഭുതം വരുന്നു. 
ഫോട്ടോ എടുത്തതിന് ബോണ്ടകളുടെ കൈയില്‍നിന്ന് തല്ല് വാങ്ങുന്നുണ്ട് ഷെരീഫ്. ഒരു ഗോത്രത്തിന്റെ പേരാണ് ബോണ്ട എന്നത്. ക്യാമറകള്‍ക്ക് ആത്മാവിനെ കണ്ടെത്താന്‍ കഴിയും എന്നും കണ്ടു കഴിഞ്ഞാല്‍ മരണം പെട്ടെന്ന് സംഭവിക്കും എന്നുമാണ് അവരുടെ വിശ്വാസം.
 ഇന്ത്യയുടെ ഞരമ്പിലൂടെ സഞ്ചരിക്കും നേരം മരത്തെ ഭര്‍ത്താവായി സ്വീകരിക്കുന്ന ഒരു പെണ്‍കുട്ടിയെ കാണുന്നു. 'ഗോയാ മാറ്റാ' എന്നു വിളിക്കുന്ന ഡാന്‍സോടെയാണ് ആ ചടങ്ങ് നടക്കുന്നത്. ഓരോ പെണ്‍കുട്ടിയുടെ കൂടെയും ഒരു ദുരാത്മാവ് ഉണ്ടെന്നും മരത്തെ വിവാഹം ചെയ്യുന്നതോടു കൂടി ആത്മാവ് മരത്തില്‍ കുടി കൊള്ളുമെന്നുമായിരുന്നു വിശ്വാസം! 
കേരളത്തില്‍ ആദ്യത്തെ ഭര്‍ത്താവ് മരണപ്പെടുന്നത് ഒഴിവാക്കാന്‍ വാഴയെ വേള്‍ക്കുന്ന പതിവുണ്ടായിരുന്നത്രെ. വിവാഹശേഷം വാഴ മുറിച്ചു കളയുന്നതോടു കൂടി വൈധവ്യം മാറിപ്പോകും!
നോക്കണേ, എന്തെല്ലാം ആചാരങ്ങള്‍, വിസ്മയങ്ങള്‍.. ഇന്നേവരെ കാണാത്ത  കാഴ്ചകള്‍ ആലോചനകളില്‍ വീട് പാര്‍ക്കുന്നു. മരവും പെണ്‍കുട്ടിയും മനസ്സില്‍ നിറയുന്നു.
കൊല്‍ക്കത്ത പഴയ പോലെ തന്നെയാണ്, ഹൗറ പാലത്തിന്റെ താഴെയുള്ള ദരിദ്രരും റിക്ഷയുമായി കുതിക്കുന്നവരും ബ്ലേഡും കത്തിയുമായി നടക്കുന്ന മൊബൈല്‍ ക്ഷുരകന്മാരും... ആര്‍ക്കും ഒന്നിനും ഒരു മാറ്റവുമില്ല.
ടിപ്പു സുല്‍ത്താന്റെ കുടുംബത്തില്‍ പെട്ട കോടിക്കണക്കിന് രൂപയുടെ അവകാശികള്‍ ഇന്നും അര്‍ധ പട്ടിണിയില്‍  കൊല്‍ക്കത്തയുടെ തെരുവോരങ്ങളില്‍ അലയുന്നുണ്ടത്രെ. 
അസമിലൂടെ പോകുമ്പോള്‍ ഒരു വീടിന്റെ പുറത്ത് ഒരു മനുഷ്യക്കോലം വെച്ചിരിക്കുന്നത് കാണുന്നു. 'കീമസോങ്ങ' എന്നാണതിനെ പറയുന്നത്. മരിച്ചവരുടെ ഓര്‍മക്കായി വെക്കുന്നതാണത്രെ. വസ്ത്രമെല്ലാം ഉടുപ്പിച്ച് അവരുടെ ഇഷ്ടപ്പെട്ട പാത്രങ്ങളെല്ലാം അരികില്‍ വെക്കും. മരണപ്പെട്ടവരെ അത്രയും ഇഷ്ടമായിരുന്നു എന്ന് കാണിക്കാനാണ്. 
കാണാത്ത, അറിയാത്ത എന്തെല്ലാം പ്രപഞ്ചത്തിലൂടെയാണ് യാത്രാപുസ്തകം നമ്മെ കൊണ്ടു പോകുന്നത്. ഇന്ത്യ ഇത്രയും ബൃഹത്താണെന്ന് ഒാരോ വരികളും നമ്മോട് വാദിക്കുന്നു. 
മഴയില്‍ നനയും നമ്മള്‍ മേഘാലയയില്‍ കാല് വെക്കുമ്പോള്‍. ഇന്ത്യയില്‍ ഏറ്റവും മഴ ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മേഘാലയ. മഴക്കാലത്ത് അവിടത്തെ ഖാസി ജനവിഭാഗത്തിന് സഞ്ചാരമാര്‍ഗങ്ങള്‍ എല്ലാം അടഞ്ഞുപോകും. മലയിടുക്കുകളില്‍ താമസിക്കുന്ന ഖാസി ജനവിഭാഗം അതിന് കണ്ടെത്തിയ മാര്‍ഗമാണ് വേരു പാലങ്ങള്‍. അസം റബര്‍ എന്നു വിളിക്കുന്ന വൃക്ഷത്തിന്റെ വേരുകള്‍ മുള കൊണ്ടും മറ്റും നദിക്ക് മുകളിലൂടെ വളര്‍ത്തി അക്കരെ മണ്ണില്‍ ആഴ്ന്നിറങ്ങാന്‍ അനുവദിക്കും. ഇങ്ങനെ തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ ഒരു പ്രകൃതിദത്ത പാലം ഉണ്ടാകും. ക്ഷമയും വരും തലമുറക്കെങ്കിലും പ്രയോജനപ്പെടണമെന്ന ഖാസികളുടെ ദീര്‍ഘ വീക്ഷണവുമാണ് ഇത്തരം പാലങ്ങള്‍ ഉണ്ടാകാനുള്ള കാരണം. ഒരു പാലം നിര്‍മിക്കുന്നതിന് എടുക്കുന്നത് ഇരുപത് വര്‍ഷങ്ങള്‍!
ജിസ്പ എത്തുന്നതിന് മുമ്പോ മറ്റോ ആണെന്ന് തോന്നുന്നു 'സിങ്ങ് സിങ്ങ് ബാര്‍' എന്ന സ്ഥലത്ത് ഒരു വൃദ്ധ നടത്തുന്ന കടയില്‍ കയറിയ അനുഭവമുണ്ട് പുസ്തകത്തില്‍. റിന്‍ചിന്‍ എന്നാണാ വൃദ്ധയുടെ പേര്. ആര്‍ത്തിയുള്ള തീറ്റ കണ്ടപ്പോള്‍ സ്‌നേഹത്തോടെ അവര്‍ തലോടി. കേരളം എന്നവര്‍ കേട്ടിട്ടു പോലുമില്ല. കാശുണ്ടാകില്ല എന്ന് കരുതി അവര്‍ ആദ്യം കാശ് വാങ്ങാന്‍ കൂട്ടാക്കുന്നില്ല. പേഴ്‌സ് തുറന്ന് കാണിച്ചു കൊടുത്തപ്പോള്‍ മാത്രം കാശ് വാങ്ങി.
സ്‌നേഹം എന്നത് ഒരു പദമല്ല, അനുഭവമാണെന്നും അതിന് സ്ഥലമോ രാജ്യമോ ഇല്ലെന്നും ബോധ്യം വരുന്ന നേരങ്ങള്‍! 
വൈവിധ്യങ്ങളുടെ ആകാശമാണ് ഓരോ യാത്രാവിവരണങ്ങളും സമ്മാനിക്കുന്നത്. അവര്‍ ചവിട്ടി നടന്ന വിവിധങ്ങളായ വിസ്മയങ്ങളുടെ ഭൂമികള്‍..
അവയുടെ അല്‍പ്പം മണ്ണ് വായിക്കുന്നവന്റെ കാലിലും പറ്റുന്നുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top