മീ

എഷാല്‍ ആംങ്ബിന്‍ No image

ഇടിമുഴക്കം പോലെ ശിരസ്സില്‍ പ്രകമ്പനം കൊള്ളിച്ച ഹൃദയത്തുടിപ്പുകളെ അതിവേഗമാക്കിക്കൊണ്ട് ടൗണ്‍ ഹാളിനുള്ളില്‍ മുഴങ്ങിക്കേള്‍ക്കുന്ന മുദ്രാവാക്യവിളികള്‍ എന്നെ വല്ലാതെ അസ്വസ്ഥയാക്കി. മദമിളകി അലറിവിളിച്ചു വിരണ്ടോടുന്ന ആനയുടെ മുന്നില്‍പെട്ടതുപോലെ. കണ്ണില്‍ ഇരുട്ടുകയറുന്നു. ഹാളിന്റെ ഇരുവശത്തുനിന്നുമുയര്‍ന്ന മുദ്രാവാക്യങ്ങള്‍. കര്‍ണപടം പ്രകമ്പനത്തില്‍നിന്നും മുക്തി നേടാത്ത വിധം വേദനിച്ചപ്പോള്‍ ഒരുപക്ഷേ എന്നേക്കാള്‍ പൂരപ്പറമ്പില്‍ ഒറ്റപ്പെട്ട് വിമ്മിട്ടപ്പെടുന്നുണ്ടായിരുന്നു എനിക്ക് കൂട്ടുവന്ന നുഹ.
'മതിയായി. ഇതാണോ രാഷ്ട്രീയം..' ഉള്ളിലെ ഭയം മറച്ചുവെച്ചു വെറുപ്പോടെ അവളതു പറഞ്ഞപ്പോള്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടതുപോലെ. ഹാളിലെ ആരവങ്ങള്‍ക്കിടയില്‍ ഞാനില്ലാതാവുന്നതുപോലെ....
പാര്‍ട്ടി പ്രഖ്യാപന സമ്മേളനത്തിനായി നാളുകള്‍ക്കു ശേഷം ബസ്സു കയറിയപ്പോള്‍ എനിക്കെന്റെ കാലുകളെ നിയന്ത്രിക്കാനായില്ല. അടുക്കളയിലെ പരീക്ഷണശാല വിട്ട് വര്‍ഷങ്ങളായി എനിക്കന്യമായിരുന്ന എന്നെത്തന്നെ തിരിച്ചെടുക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. യാത്രക്കിടയില്‍ പുറംകാഴ്ചകള്‍ പിറകിലേക്കോടിയൊളിക്കുംപോലെയായിരുന്നു എന്റെ ഇന്നലെകള്‍. ഭംഗിയുള്ള കാഴ്ചകള്‍. സ്വാതന്ത്ര്യത്തിന്റെ, സമാധാനത്തിന്റെ, പ്രതീക്ഷയുടെ, പ്രതിഷേധത്തിന്റെ നാളുകള്‍.
''ലഡേങ്കെ... ജീത്തേങ്കെ... വികസനം വേണം, വിനാശം വേണ്ട...'' മേധാജിയുടെ ഉറച്ച സ്വരത്തിലുള്ള മുദ്രാവാക്യം ഇരകള്‍ക്കൊപ്പം ഞാനും ഏറ്റുവിളിച്ചു. മുദ്രാവാക്യവിളികളോടെ നടന്നുനീങ്ങിയ തട്ടമിട്ട വിദ്യാര്‍ഥിനികള്‍ക്കുമേല്‍ പതിച്ച വഴിയോരക്കാഴ്ചക്കാരുടെ പരിഹാസം അന്നെനിക്ക് ആത്മവീര്യം പകര്‍ന്നു. അവരെപ്പോലെ കാഴ്ചക്കാരിയല്ല ഞാന്‍.
പ്രതിഷേധസംഘങ്ങള്‍ക്കിടയിലും സാമൂഹിക-സാംസ്‌കാരിക-കലാ-സാഹിത്യ കളരികളില്‍ തട്ടമിട്ട് തനിച്ചെത്തുന്ന എന്നെ ഉള്ളാലെ പ്രോസിക്യൂഷന്‍  ചെയ്യുമ്പോള്‍... എനിക്കത് ഊര്‍ജമായിരുന്നു. എന്നെ കണ്ടെത്താനുള്ള ഊര്‍ജം.
അന്നവന്റെ കഥയില്‍ കമല സുറയ്യയായി ഞാന്‍ പിറന്നത് കമല സുറയ്യ എന്ന പ്രതിഭാസത്തിന്റെ വിശേഷണങ്ങളുണ്ടായിട്ടല്ല. എന്റെ തട്ടത്തില്‍ മാത്രമേ അവന്‍ സാമ്യത കണ്ടുള്ളു. പക്ഷേ ആ കുടുമ ഇല്ലാതിരുന്നിട്ടും എന്തിനാണ് ഉപമിച്ചത്.? ഓ.. സിനിമയെ പ്രണയിക്കുന്ന തട്ടമിട്ട 'മുത്തഖി' എന്ന വിരോധാഭാസം... അതായിരിക്കാം കാരണം അല്ലേ?
വാസ്തവത്തില്‍ തട്ടം എന്റെ അഹങ്കാരമാണ്. തട്ടം എനിക്ക് ലോകവാതായനങ്ങള്‍ തുറന്നിട്ടിട്ടേയുള്ളൂ. വഴിമുടക്കിയിട്ടില്ല. പക്ഷേ, മാധ്യമകുലപതിയുടെ അതൃപ്തിയിലൂടെയാണ് ഞാനാദ്യത്തെ വഴിമുടക്കം അറിഞ്ഞത്. മതപരമായ ചിഹ്നങ്ങള്‍ മാധ്യമലോകത്തിന് വിലക്കപ്പെട്ടതാണത്രെ. സത്യത്തില്‍ തട്ടമെന്ന മതചിഹ്നം എനിക്ക് വിലങ്ങുതടിയാവുന്നത് അന്നാ കണ്ണാടിയിലൂടെ ഞാന്‍ കണ്ടു.
'ഉമ്മി...ഉമ്മി...' അയാന്‍ അജൂറക്കായി വിളിച്ചപ്പോള്‍ യാന്ത്രികമായി അവനെയെടുത്ത് പാലൂട്ടുമ്പോഴും ഹാളില്‍  നേതൃത്വത്തിന്റെ പ്രഭാഷണങ്ങള്‍ക്ക് ആക്കം കൂട്ടാന്‍  പാറിപ്പറക്കുന്ന നീലാകാശത്തിന്‍ വര്‍ണവുമായി പ്രതീക്ഷയുടെ കൊടിതോരണങ്ങളും ഊര്‍ജസ്സുറ്റ ആരവങ്ങളുമുണ്ടായിരുന്നു..
ശരിയാണ് അന്ന് നൗഫല്‍ സാര്‍ പറഞ്ഞത്.. കാര്യം പെണ്ണിന് വീടകമാണ് നല്ലത്. പുറംലോകത്തെ കാര്യങ്ങളൊക്കെ പെണ്ണെന്തു ചെയ്യാനാ? അതുകൊണ്ടുതന്നെ നജീബിനെ തിരഞ്ഞപ്പോള്‍  ഞാന്‍ അരിച്ചാക്കില്‍ നാഴി തിരയുകയായിരുന്നു.. അഖ്ലാഖിനെ തല്ലിക്കൊല്ലുമ്പോള്‍ ഞാന്‍ കറിക്കരിയുകയായിരുന്നു... ജിഷ്ണുവും സൗമ്യയും നിര്‍ഭയയും നാടിളക്കിമറിച്ചപ്പോള്‍ മുറ്റം തൂത്തുവാരുന്ന തിരക്കിലായിരുന്നു... നോട്ടുമായി എട്ടിന്റെ പണിയുമായി മോദി വന്നതും ജി.എസ്.ടി വന്ന് പിഴിഞ്ഞൂറ്റുന്നതും ഞാന്‍ മീന്‍ വാങ്ങിയപ്പോഴാണറിഞ്ഞത്. മീന്‍ കാരന്‍ അലവിയാണെന്റെ ബാങ്ക്. എന്റെ കറന്‍സികള്‍ അലവിയില്‍നിന്നാണ് ഞാന്‍ മാറ്റാറ്. അലവി രണ്ടാഴ്ച മീന്‍  കൊണ്ടുവരാതായപ്പോഴാണ് ഇക്ക എന്റെ ചില്ലറത്തുട്ടുകള്‍ക്ക് മൂല്യം കണ്ടത്.
ഉപദേശവാക്കുകള്‍ക്കിടക്ക് സാര്‍ നജ ഒരിക്കലും ആണാകാനാഗ്രഹിക്കില്ലെന്ന് പ്രസ്താവിച്ചു. ഉറച്ച വാക്കുകളായിരുന്നു അത്. അന്നുവരെ ചിന്തിക്കാത്ത കാര്യം അന്ന് ഞാന്‍ ചിന്തിച്ചുതുടങ്ങി. പലപ്പോഴും ഞാനത് ആഗ്രഹിച്ചുപോയി. കോളേജ് മാനേജരുടെ വീടിനു മുമ്പില്‍ രാത്രികാലങ്ങളില്‍ കുത്തിയിരിപ്പുസമരം നടത്തിയപ്പോള്‍. ബസ് സ്റ്റാന്റില്‍ ഒരു വിദ്യാര്‍ഥി സുഹൃത്തിനെ വലിച്ചിഴച്ചപ്പോള്‍. പ്ലാച്ചിമടയിലേക്കും ചെങ്ങറയിലേക്കും  മനുഷ്യാവകാശങ്ങള്‍ക്കായി യുവത്വം ഐക്യദാര്‍ഢ്യവുമായി സമരമുഖത്തിറങ്ങിയപ്പോള്‍. വായനശാലക്കു മുമ്പില്‍ നാട്ടുരാഷ്ട്രീയവും ഏഷണിയും വികസനത്തല്ലും തീപാറുമ്പോള്‍... അങ്ങാടിയില്‍ റോഡുവെട്ടാനും കുഴിമണ്ണിട്ടു മൂടാനും റോഡിലുറവയെടുത്ത മഴക്കിണറുകളില്‍ മെമ്പറുടെ ഭരണപിടിപ്പുകേടും അഴിമതിയും വിളിച്ചുപറഞ്ഞു കൊടിനാട്ടാനും ആവേശം കൊള്ളുന്ന ആണിനെ കാണുമ്പോള്‍ ഞാന്‍ പഴിക്കാറുണ്ട് എന്റെ ഈ പെണ്‍ജീവിതം ഇല്ലാതാക്കിയ ആണ്‍ജീവിതത്തെ..
ഞാനവന്റെ കഥയില്‍ തട്ടമിട്ട് വിജയം നുണഞ്ഞവളായിരുന്നു. കഥയവസാനിക്കുമ്പോള്‍ തട്ടം മറച്ചവളെയല്ല, അവന്‍ കണ്ട എന്നെയാണ് ഞാന്‍ വായിച്ചത്. കാലചക്രം തിരിയുമ്പോള്‍ അവന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നില്ല. അത് കഥയായിരുന്നു.
ഞാനാവട്ടെ ജീവിതചക്രത്തില്‍പെട്ട്  എന്നെ തിരഞ്ഞുകൊണ്ടേയിരുന്നു. അരിയരച്ചും അപ്പം ചുട്ടും വീടിന്റെ അകവും പുറവും തൂത്തുവരുമ്പോള്‍ ഞാന്‍ എന്നെ കണ്ടിരുന്നില്ല.
പിന്നെന്തിനാണ് ഞാനീ രാഷ്ട്രീയ അങ്കതട്ടിലേക്ക് പിച്ചവെക്കാന്‍ പടിയിറങ്ങിയത്. എന്താണിവിടെ സംഭവിക്കുന്നത്. എനിക്കുചുറ്റും  അടിച്ചമര്‍ത്തലുകളും അരാജകത്വവും സ്വേഛാധിപത്യവും അക്രമരാഷ്ട്രീയവും കത്തിയെരിക്കുന്ന കാക്കത്തൊള്ളായിരം ജ്വലിക്കുന്ന കണ്ണുകള്‍...സകലതിനെയും എയ്തുവീഴ്ത്താന്‍ കെല്‍പ്പുള്ള കേട്ടുശീലിച്ച ശബ്ദങ്ങള്‍ക്കൊപ്പം വീടകങ്ങളില്‍ ഒതുങ്ങിക്കേട്ടിരുന്ന ശബ്ദങ്ങള്‍ ശബ്ദമില്ലാത്തവര്‍ക്കായി ശബ്ദിക്കുമ്പോള്‍ ഞാനെന്നെ തിരഞ്ഞുകൊണ്ടിരുന്നു. ഹാളിനകത്തും പുറത്തും മുഴങ്ങിക്കേള്‍ക്കുന്ന ആരവങ്ങള്‍ എന്റെ അന്വേഷണങ്ങള്‍ക്ക് വിരാമമിടുകയായിരുന്നു..
ആദം എന്ന ആണിന്റെ നട്ടെല്ലില്‍ പിറവിയെടുത്ത ഹവ്വയുടെ പിന്മുറക്കാരിയാണ് ഞാന്‍. ആണിന്റേതായ ഒന്നുണ്ട് എന്റെ കൈയില്‍... നട്ടെല്ല്.... ഞാന്‍ നട്ടെല്ലാണ്.... ആദമിന്റെ നട്ടെല്ല്.. വെറുതെയല്ല സാറങ്ങനെ പറഞ്ഞത്. പെണ്ണ് പിറന്നതുതന്നെ ആണില്‍നിന്നായിരിക്കെ പിന്നെന്തിനാണ്  മറ്റൊരാണാവാന്‍ ഞാന്‍ മോഹിക്കുന്നെ..
ഞാന്‍ നുഹയെ നോക്കി. അവളിപ്പോഴും മുഷിപ്പിലാണ്. ആരവങ്ങള്‍ക്കൊപ്പം ഞാനും എഴുന്നേറ്റുനിന്നു എന്റെ അയാനെയും തോളിലേറ്റിക്കൊണ്ട്.. നാം ഒരു മുഖം കാണുമ്പോള്‍ കണ്ണിലിടം പിടിക്കാതെ ഒരായിരം മുഖങ്ങള്‍ മറഞ്ഞിരിപ്പുണ്ട് നമ്മില്‍. മറയ്ക്കപ്പുറത്തുള്ള മുഖങ്ങള്‍ക്കായുള്ള അന്വേഷണങ്ങള്‍ ഞാനവിടെ തുടരുകയായിരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top