എന്റെ അന്നാന്വേഷണ <br>പരീക്ഷണ കഥ

മലികാ മര്‍യം വി No image

      ശൈഖ മലികാ മര്‍യം ബിന്‍ത് മുഹമ്മദലി ബിന്‍ ആസാദ് കുഞ്ഞാലിമുല്ല എന്ന ഈ ഞാന്‍ ഏതാണ്ടു രണ്ടു മൂന്നു വര്‍ഷം മുമ്പു വരെ വളരെ മെലിഞ്ഞിട്ടായിരുന്നു. അന്നെല്ലാം ഏതെല്ലാം കുടുംബ പരിപാടികള്‍ക്ക് പോയാലും കുടുംബത്തിലെ മുതിര്‍ന്നവരും അമ്മായിമാരും എന്റെ തടിയെക്കുറിച്ച് നിരന്തരം ആവലാതിപ്പെട്ടുകൊണ്ടിരുന്നു.
''ദയ്യിനാ, ഇങ്ങള് ഇതിനൊന്നും തിന്നാന്‍ കൊട്ക്കലില്ലേ?''
''ടീ, ഇജ് അന്റെ കോലം കണ്ണാടിയിലൊന്നു നോക്കീക്ണാ?''
''മാഞ്ഞാളം കാട്ടി തിന്നാതിരിക്ക്ണണ്ടാവും''
''കെട്ടിക്കാനുള്ള പെണ്ണാണ്''
എന്നിങ്ങനെ പോവും പരാതികള്‍.
പക്ഷേ ഒട്ടുമിക്ക കണ്‍ട്രി ഫെലോസിനും അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു. എന്താണെന്നല്ലേ, ഈയുള്ളവള്‍ ഭൂജാതയായതു തന്നെ അത്യാവശ്യം നല്ല ഒരു തിരുവയറും കൊണ്ടായിരുന്നു. സലീം കുമാര്‍ പറഞ്ഞപോലെ ഭക്ഷണം 'എന്നുമെന്റെ വീക്‌നസായിരുന്നു.' പള്ളിഭോജനങ്ങള്‍ വൃഥാ എന്റെ ദിവാസ്വപ്നങ്ങളില്‍ കയറിയിറങ്ങി. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വായിച്ചു കേട്ട പ്രത്യേകതയുള്ള ഭക്ഷണം അതിന്റെ തനതു സ്ഥലങ്ങളില്‍ പോയി കണ്ടുപിടിച്ച് രുചിക്കാനും അവിടെയും ഇവിടെയും നോക്കി പാചകം പരീക്ഷിക്കാനും എന്തിന്; പാചകത്തെയും ഭക്ഷണത്തെയും കുറിച്ച് വായിക്കാനും എനിക്ക് ഒരു പാട് ഇഷ്ടമായിരുന്നു. ആരോഗ്യത്തെയും ഭക്ഷണത്തെയും കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും ഞാന്‍ കൊട്ടക്കണക്കിന് വായിച്ചു തള്ളി. വേണ്ടതും വേണ്ടാത്തതും ജീവിതത്തില്‍ പകര്‍ത്താന്‍ നോക്കി. അങ്ങനെ ഭക്ഷണം കം ആരോഗ്യ ഫ്രീക്കായിരിക്കുന്ന ഞാന്‍ ഒരു ദിവസം ഒരു സീനിയര്‍ സുഹൃത്തിന്റെ കൂടെ കാന്റീനിലിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ അവള്‍ ചോദിച്ചു.
'മീറ്റര്‍ കേടാണല്ലോ'
തിന്നാത്തതുകൊണ്ടല്ല, മറിച്ച് അന്തരാളങ്ങളെ ഇളക്കി മറിക്കുന്ന ഘോരഘോര ചിന്തകള്‍ കൊണ്ടുനടക്കുന്നതിനാലാണ് ഇങ്ങനെ ഫിറ്റായിരിക്കുന്നത് എന്നു ഞാന്‍ മറുപടി നല്‍കി.
ഒരു പക്ഷേ, അഞ്ചാം വയസ്സില്‍ തുടങ്ങിയ സ്‌കൂള്‍ കോളേജ് യാത്രകളുടെ വിശ്രമരാഹിത്യമായിരിക്കണം അതിനു കാരണം. ഹോംവര്‍ക്കുകളുടെയും അസൈന്‍മെന്റുകളുടെയും യാത്രാക്ഷീണങ്ങളുടെയും കാലമായിരുന്നു അത്. അടുത്ത കാലത്തൊന്നും തീരാനും സാധ്യതയില്ലാതിരുന്ന ആ ജൈത്രയാത്ര ഒരു ഗര്‍ഭസുവിശേഷം കൊണ്ട് സമാഗതമായിത്തീര്‍ന്ന ഛര്‍ദ്ദി, ആലസ്യം പിന്നെ ഒരായിരം അരുതായ്മകള്‍ കൊണ്ട് പടച്ചോന്‍ താത്കാലികമായൊന്നു നിര്‍ത്തിച്ചു. അപ്പോഴേക്കും അത്യാവശ്യം വണ്ണമൊക്കെ വെച്ച ഞാന്‍ വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങിവന്ന നക്ഷത്ര കുട്ടപ്പിയായി നാട്ടില്‍. എന്നെ കാത്ത് അനുഭവങ്ങളുടെ കലവറകളുണ്ടായിരുന്നു അവിടെ. കൂട്ടുകാരേ, പിന്നീടുള്ള ദിവസങ്ങള്‍ എന്റെ ദുര്‍ഗുണ പാഠശാലാ ദിനങ്ങളായിരുന്നു.
നാട്ടിന്‍ പുറങ്ങളിലെ സ്ത്രീകളെ ശ്രദ്ധിച്ചിട്ടുണ്ടോ? നാട്ടിന്‍ പുറങ്ങളിലെ മാത്രമല്ല, എവിടെയും എപ്പോഴും ഉള്ള ഒരായിരം സ്ത്രീകളെ? അവരുടെ ജീവിതത്തെ? നിലനില്‍പ്പിനെ? നിസ്സഹായതയെ? തന്ത്രങ്ങളെ? സ്ത്രീകളെ നിരീക്ഷിക്കാന്‍ ഒരുപാടു രസമാണ്. എനിക്കിഷ്ടപ്പെട്ട വിനോദങ്ങളില്‍ ഒന്ന്. ഒരു പെണ്ണു തന്നെ ആയതിനാല്‍ അതിനു മറ്റു ശറഇയായ തടസ്സങ്ങളും ഇല്ലല്ലോ. ഹോസ്റ്റല്‍ വാസങ്ങളും പഠന-ഡെഡ്‌ലൈന്‍ നൂലാമാലകളും ഇല്ലാതായ ആ നല്ല നാളുകളിലാണ് ഞാന്‍ സ്ത്രീകളെ ഇത്ര വിശാലമായ ക്യാന്‍വാസില്‍ കാണുന്നത്. അവര്‍ ഞാന്‍ കരുതിയതിനേക്കാള്‍ പതിന്മടങ്ങ് കൗശല ശാലികളായിരുന്നു, കുത്തിത്തിരിപ്പുകാരായിരുന്നു, നുണച്ചികളായിരുന്നു. ഭാവനാ ശാലികളായിരുന്നു, കാര്യ നിര്‍വാഹകരായിരുന്നു, ഉള്ളലിവുള്ളവരായിരുന്നു, ആത്മീയതയുള്ളവരായിരുന്നു, എല്ലാറ്റിലുമുപരി നിസ്സഹായരായിരുന്നു. കഥകള്‍ മെനയുന്നതിലും കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും ഒന്നിനൊന്ന് മെച്ചമായിരുന്നു. പലര്‍ക്കും പലതരം അഭിപ്രായമാണ് ഒരേ കാര്യത്തെച്ചൊല്ലി ഉണ്ടാവാറുള്ളത്. പക്ഷേ തന്റെ അഭിപ്രായത്തിന് മാത്രം പേറ്റന്റ് കിട്ടിയ പോലെ അവര്‍ പെരുമാറും.
നിരീക്ഷിക്കുന്തോറും ഒരു തീരുമാനത്തില്‍ ഞാന്‍ കൂടുതല്‍ കൂടുതല്‍ ഉറച്ചുവന്നു. ഗവേഷണം ചെയ്യുകയാണെങ്കില്‍ അതു പെണ്ണിനെപ്പറ്റിയേ ഉള്ളൂ.
പറഞ്ഞുവന്നത് ഈയുള്ളവളുടെ ദൗര്‍ബല്യമാണ് എന്നാണല്ലോ. അതിനാല്‍ നമ്മളുടെ പ്രാഥമിക ഗവേഷണ ഏരിയ ഭക്ഷണത്തിനെ കുറിച്ചു തന്നെയായിരുന്നു. പാചകക്കുറിപ്പുകള്‍ വെട്ടിയെടുത്തും നെറ്റില്‍ പരതിയും ഒക്കെ ഞാന്‍ ഉണ്ടാക്കുന്നത് മറ്റാര്‍ക്കും വേണ്ടിയല്ല, എനിക്കു തന്നെ എന്നറിഞ്ഞപ്പോഴൊക്കെ പെണ്ണുങ്ങള്‍ ഔറത്ത് വെളിവായവളെപ്പോലെ എന്നെ നോക്കി. ആരോഗ്യ പാചകത്തെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ 'ഒന്നു പോടീ' എന്ന മട്ടില്‍ മുഖകമലങ്ങള്‍ ചുളിച്ചുവെച്ചു.
ചുരുക്കിപ്പറഞ്ഞാല്‍ ഭക്ഷണത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ഒരുമാതിരി ഓക്‌സ്ഫഡ് എജുക്കേറ്റഡായി വന്ന എന്റെ കാറ്റു തൂറ്റിച്ചു വിട്ടു ഇപ്പറഞ്ഞ മഹിളാ മണികള്‍. അവര്‍ സമര്‍ത്ഥിക്കുമ്പോള്‍ എന്റെ കൈയിലുള്ള ഹദീസുകളും ഖുര്‍ആന്‍ ആയത്തുകളും ലോകാരോഗ്യ സംഘടനയുടെ റിപ്പോട്ടുകളും ആയുര്‍വേദവും മന്ത്രവാദവും നിഷ്പ്രഭമായി. മാത്രമല്ല, ഞാനൊരു പുത്തന്‍ പ്രസ്ഥാനക്കാരിയുമായി.
സങ്കടകരമെന്നു പറയട്ടെ, അവരുടെ അഭിപ്രായങ്ങളുടെ അന്തസത്ത ഭക്ഷണം സ്ത്രീകള്‍ക്കുള്ളതല്ല എന്നതായിരുന്നു. അതിപ്രകാരം വരും.
'നല്ല രുചിയുള്ള ഭക്ഷണമുണ്ടാക്കലാണ് നമ്മള്‍ പെണ്ണുങ്ങളില്‍ അര്‍പ്പിതമായ കര്‍ത്തവ്യം. അത് തിന്നു തടിക്കേണ്ടത് നമ്മുടെ മക്കളും ഇണകളുമാണ്. അതില്‍നിന്നും നമുക്കും തിന്നാം, വയറു നിറക്കാം. പക്ഷേ, അടീപിടിച്ചതും കരിഞ്ഞുപോയതും ശരിക്കു വേവാത്തതും നമ്മള്‍ തന്നെ തിന്നാല്‍ മറ്റുള്ളവര്‍ക്കു നല്ലതു നല്‍കാം. ഇത്തിരി പാകപ്പിഴകള്‍ വന്നത് ആരും അറിയുകയുമില്ല. ആഗ്രഹമുള്ള സാധനങ്ങള്‍ കാശുകൊടുത്തു വാങ്ങിത്തിന്നുന്നതൊക്കെ മോശമാണ്. ഇനി തിന്നുകയാണെങ്കില്‍ തന്നെ കുടുംബത്തിലെ മറ്റാരും അതറിയാന്‍ പാടില്ല. ഭക്ഷണ വിരക്തി വന്നവരെപ്പോലെ വേണം നമ്മള്‍ പെരുമാറാന്‍. ഭക്ഷണം ഇഷ്ടമുണ്ടെന്ന് പുറത്തുള്ളവര്‍ അറിയുന്നത് മോശമാണ്.''
ഈ പറഞ്ഞതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ഒരുപാടുണ്ട്. എന്റെ കൗമാര കാലത്ത് അയല്‍പക്കത്തെ സമപ്രായക്കാരുടെ ഒരു കൂട്ടമുണ്ടായിരുന്നു. തുരുതുരാ വര്‍ത്തമാനം പറഞ്ഞ് ചിരിക്കാറുണ്ടായിരുന്ന ഞങ്ങളെല്ലാം ഒരുമിച്ചായിരുന്നു കല്ല്യാണപരിപാടികള്‍ക്ക് പോയിക്കൊണ്ടിരുന്നത്. അവരെല്ലാം സഹൃദയരും രസികരുമായിരുന്നു. പക്ഷേ, ഭക്ഷണപ്പന്തലില്‍ എത്തിയാല്‍ അവരുടെ കോലം മാറും. വളരെ പെട്ടെന്ന് ഇത്തിരി മാത്രം, വായയും അന്നനാളവും പുറത്തുനി ന്നു നിരീക്ഷിക്കുന്ന ആബാലവൃദ്ധജനങ്ങളുമറിയാതെ ചവച്ചിറക്കി അവര്‍ സ്ഥലം കാലിയാക്കും. വയറു നിറക്കുന്നതു പോയിട്ട് വിശപ്പുപോലും മാറിയിട്ടില്ലാത്ത ഞാന്‍ ഒറ്റക്ക് തീറ്റ പൂര്‍ത്തിയാക്കും. അല്ലെങ്കില്‍ അവരോടൊപ്പം എണീക്കും. സ്ത്രീകളാകാന്‍ പോകുന്ന ഞങ്ങള്‍ അത്ര വിസ്തരിച്ചൊന്നും ഉണ്ണുന്നില്ല എന്ന് ആളുകളെ ധരിപ്പിക്കാന്‍ മാത്രമാവില്ല, സപ്ലയര്‍മാരായി വിലസുന്ന നാട്ടിലെ യുവ കോമളരുടെ കണ്ണില്‍നിന്നും പെട്ടെന്ന് രക്ഷപ്പെടുക എന്ന ഉദ്ദേശ്യവും കൂടിയുണ്ടാവും എന്നു കരുതി ഞാനങ്ങു ക്ഷമിക്കും.
മറ്റൊരനുഭവം എന്റെ ഉമ്മയുടെതാണ്. ചെറുപ്പകാലം മുതല്‍ ഉമ്മാക്ക് കിട്ടിയ മിഠായികളൊക്കെ തരം പോലെ ചാക്കിലാക്കിയാണ് ഞാന്‍ വലുതായത്. ആരെങ്കിലും ഗള്‍ഫില്‍ നിന്ന് വന്നാലൊക്കെ ഓഹരിവെക്കുന്ന മിഠായിയില്‍ ഉമ്മാക്കും ബാപ്പാക്കും പങ്കുണ്ടായിരുന്നില്ല. പക്ഷേ, എന്റെ ഉമ്മാക്ക് മിഠായികള്‍, പ്രത്യേകിച്ചും ചില ഗള്‍ഫുമിഠായികള്‍ എനിക്കുള്ളതിനേക്കാളും പ്രിയമാണെന്ന് ഞാനറിഞ്ഞത് എനിക്ക് ഇരുപത്തിരണ്ട് വയസ്സായ ശേഷമാണ്.
ഇതിലും ദയനീയമായിരുന്നു എന്റെ ഒരടുത്ത കൂട്ടുകാരിയുടെ അനുഭവം. ഭീമമായ സ്ത്രീധനത്തുകയും കൊടുത്ത് വിവാഹം കഴിപ്പിച്ചയച്ച ഇത്തിരി കവിതയും വായനയും ഒത്തിരി സ്വപ്നങ്ങളുമുള്ള അവള്‍ സ്ലിം ബ്യൂട്ടി എന്ന പദത്തിന് തീര്‍ത്തും അനുയോജ്യമായവളായിരുന്നു. ബിരിയാണി ഏറെ ഇഷ്ടമുള്ള അവള്‍ ഗര്‍ഭിണിയാകാന്‍ പതിവിലുമേറെ താമസിച്ചപ്പോള്‍ ഭര്‍തൃമാതാവ് പറഞ്ഞത് 'തിന്നു തിന്ന് നെയ് മുറ്റിയിട്ടാണ്' എന്നായിരുന്നു. സങ്കടങ്ങളുടെ ഒരു പെരുമഴപ്പെയ്ത്തില്‍ അവളെന്നോട് പറഞ്ഞു. 'മരുമകളെന്നാല്‍ ആളുകള്‍ക്ക് ഒരു യന്ത്രമാണ്. കുറഞ്ഞ ഇന്ധനത്തില്‍ കൂടുതല്‍ പണിയെടുക്കുന്നത് മാത്രമാണ് ആളുകളുടെ കണ്ണില്‍ പ്രവര്‍ത്തനക്ഷമവും നല്ലതും. അല്ലാത്തതൊക്കെ മോശമാണ്.'
ഇരകളും വേട്ടക്കാരുമായ സ്ത്രീകളാരും സ്വയം ദുഷ്ടരായതുകൊണ്ടല്ല ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. മറിച്ച് അവര്‍ കണ്ടതും കേട്ടതുമെല്ലാം ഇങ്ങനെയൊക്കെ തന്നെയായിരുന്നു. കാലാ കാലങ്ങളായി തുടര്‍ന്നുപോരുന്ന ആചാരം എന്നു തന്നെ പറയാവുന്ന പലതരം പിന്തിരിപ്പന്‍ ചിന്താഗതിയുടെ ഭാഗമാണിത്. ഏതൊന്നിന്റെയും ഏറ്റവും മോശമായ പരിണിതഫലം സ്ത്രീകളാണല്ലോ അനുഭവിക്കാറുള്ളത്. നമ്മുടെ നാട്ടിലാവട്ടെ ഭാരതീയ നാരീ സങ്കല്‍പ്പത്തിന്റെ അഴുകിയ മാതൃകകളാണ് ഇതിനൊക്കെ ആധാരം. ശരിക്കും ഇസ്‌ലാമിക ദര്‍ശനങ്ങളില്‍ സ്ത്രീക്കു നല്‍കുന്ന ആദരവിന്റെ നൂറിലൊരംശം നമ്മുടെ സമുദായം വകവെച്ചു നല്‍കുന്നില്ല. നബി (സ)യെ ഒരാള്‍ ഒരിക്കല്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു.
പത്‌നി ആയിശ (റ)യേയും കൂട്ടി വരാമോ എന്ന നബി (സ)യുടെ ചോദ്യത്തിന് പറ്റില്ല എന്നായിരുന്നു ആതിഥേയന്റെ മറുപടി. അതിനാല്‍ ക്ഷണം നിരസിച്ച മുത്ത് റസൂലിനടുത്തേക്ക് അല്‍പനേരം കൂടി കഴിഞ്ഞ് അയാള്‍ വീണ്ടും ക്ഷണവുമായി വന്നു. അപ്പോഴും ആദ്യത്തെ സംഭവം ആവര്‍ത്തിച്ചു. വീണ്ടും നബി (സ)യുടെ അപേക്ഷ നിരസിച്ചുപോയ അയാളുടെ ആഥിത്യം റസൂല്‍ സ്വീകരിച്ചത് ആയിശ (റ)യെ കൂടി കൂട്ടിയിട്ടു പോകാമെന്ന് ആതിഥേയര്‍ സമ്മതിച്ചപ്പോള്‍ മാത്രമാണെന്ന് ചരിത്രത്തില്‍ കാണാം.
ഒരു കുടുംബത്തില്‍ ഭക്ഷണം എല്ലാവരും ഒരുപോലെ കഴിക്കുന്ന രീതിയിലാവണം. ഇനി വല്ലവരും അധികം കഴിക്കുന്നുണ്ടെങ്കില്‍ ആര്‍ക്കെങ്കിലും കൂടുതല്‍ പോഷണം വേണമെങ്കില്‍ അതാകുടുംബത്തിന്റെ ആണിക്കല്ലായ സ്ത്രീയല്ലേ അതിനര്‍ഹ? അവളാണ് വീട്ടുജോലികള്‍ ചെയ്യുന്നത്. അവളാണ് മറ്റൊരു ജീവനെക്കൂടി സ്വന്തം ആത്മാവിലും ശരീരത്തിലും വഹിക്കുന്നത്, അവളാണ് പാലൂട്ടുന്നത്. അവള്‍ക്കാരോഗ്യമുള്ള ശരീരമുണ്ടെങ്കിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ. അവള്‍ക്കാരോഗ്യമുള്ള മനസ്സുണ്ടായാലേ കുഞ്ഞുങ്ങള്‍ക്കും വീട്ടുകാര്‍ക്കും അതിന്റെ ശീതളഛായ കിട്ടൂ. എങ്കിലേ കുടുംബത്തിനകത്ത് ശാന്തിയും സമാധാനവും നിറയൂ. പക്ഷേ കുടുംബത്തിനകത്ത് മറ്റുള്ളവര്‍ പതിച്ചുനല്‍കിയതും അവള്‍ സ്വയം സ്വീകരിച്ചതുമായ വഴികള്‍ അവളുടെ മാനസിക ശാരീരിക ആരോഗ്യത്തിന് എതിരായിരുന്നു. തന്റെ മക്കളും ഇണയും നല്ലതുമാത്രം കഴിക്കട്ടെ എന്ന അവളുടെ ഏറ്റവും മനോഹരമായ വിചാരം വീടിന്റെ അടിത്തറയാവുന്ന അവളുടെ ആരോഗ്യ ക്ഷയത്തിലൂടെ ഉണ്ടാവുന്ന നഷ്ടത്തെ നികത്തുന്നതല്ല. ഉള്ളതില്‍ കേടുവന്നതുമാത്രം തെരഞ്ഞെടുത്തും ബാക്കിവരുന്ന ഭക്ഷണം എങ്ങനെയെങ്കിലും കഴിച്ചും സ്ത്രീകള്‍ വീടുകാക്കുന്നു. പഴയത് കഴിക്കുന്നത് പ്രശ്‌നമല്ലാത്തതിന്റെ പേരില്‍ കണക്കിലേറെ പാകം ചെയ്യുകയും അതുവഴി സ്ഥിരമായി പഴകിയ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന എത്രയോ സ്ത്രീകളുണ്ട്.
ഒരിക്കല്‍ ഞാന്‍ വാടകക്ക് താമസിച്ചിരുന്ന വീടിനു മുമ്പില്‍ ഒരു കൊച്ചു കുടുംബം താമസിക്കുന്നുണ്ടായിരുന്നു. അവിടെ ചെറുപ്പക്കാരനായ ഗൃഹനാഥനും പുലിക്കുട്ടികള്‍ പോലെയുള്ള അയാളുടെ മൂന്ന് മക്കളും ഇണയുമായിരുന്നു താമസം. ആ സ്ത്രീ വീടിനു ചുറ്റും എപ്പോഴും ചുറുചുറുക്കോടെ ഓടി നടന്നു. മീന്‍കാരന്‍ വരുമ്പോള്‍ റോഡരികിലല്ലാത്ത വീട്ടില്‍ നിന്ന് അയാളുടെ അടുത്തേക്ക് കിതച്ചോടുന്ന വളരെ ചെറുപ്പക്കാരിയായ ആ സ്ത്രീയെ കാണുന്നത് പക്ഷേ ദയനീയമായിരുന്നു. കുടവയറും ആവശ്യത്തിലേറെ ഇടുപ്പുമുള്ള അവരുടെ തൂങ്ങിയ ശരീരം ജീവിത ശൈലി സമ്മാനിച്ചതാണെന്നുറപ്പ്.
ആരോഗ്യ സംരക്ഷണമെന്നാല്‍ ഇന്നും നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് ഒരശ്ലീല പദമാണ്. ഈ രീതി കേടാണ്, ആ ഭക്ഷണം നല്ലതല്ല എന്ന് വല്ലവരും അവരോട് പറഞ്ഞാല്‍ 'അങ്ങനെയൊക്കെ നോക്കിയാലിപ്പോ എന്താ നടക്കുക' എന്ന ചിരപരിചിതമായ മറുപടിയാണ് വരിക. പിന്നെ എങ്ങനെയാണ് നോക്കുക? എന്റെ വീടിനു ചുറ്റും എട്ടോളം വീടുകളുണ്ട്. അതിലെ ഒട്ടുമിക്ക വീടുകളിലെയും ഗൃഹനാഥകളുടെ ഗര്‍ഭപാത്രം സര്‍ജറി വഴി നീക്കം ചെയ്തിട്ടുണ്ട്. മക്കളും പേരമക്കളും അടങ്ങിയ വലിയ കുടുംബങ്ങള്‍ വളര്‍ത്തി വലുതാക്കുക വഴി അവര്‍ക്കേറ്റ ആഘാതങ്ങളുടെ ഫലമാണത്. ഒട്ടുമിക്ക പേര്‍ക്കും രക്തസമര്‍ദ്ദവും പ്രമേഹവും കൊളസ്‌ട്രോളും നടുവേദനയുമുണ്ട്. അവരുടെ ഉള്ളിലെ പ്രവര്‍ത്തനങ്ങള്‍ ക്രമാതീതമായി തകരാറിലാകുമ്പോള്‍ പുറത്തേക്ക് പ്രകടമാവും. അപ്പോള്‍ മാത്രമേ അവര്‍ ആശുപത്രിയില്‍ എത്താറുള്ളൂ. എന്നാലും ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കരുതെന്നോ കറിവേപ്പിലയില്‍ വിഷമുണ്ടെന്നോ മൈദ നന്നല്ലെന്നോ പറഞ്ഞാല്‍ അവര്‍ പറയും; 'എന്നിട്ടിപ്പോ ഞങ്ങള്‍ക്കൊക്കെ എന്തേ പറ്റി' എന്ന്.
നിസ്സഹായരാണ് സ്ത്രീകള്‍. മിക്കപ്പോഴും അവരുടെ മൂല്യം അവര്‍ മനസ്സിലാക്കാറില്ല. നടന്നു തേഞ്ഞ വഴികളിലൂടെ നടക്കാനാണ് അവര്‍ക്കിഷ്ടം. തങ്ങളുടെ ആവശ്യങ്ങള്‍ കുറ്റബോധത്തോടും ന്യായീകരണത്തോടുമല്ലാതെ അവര്‍ക്കുന്നയിക്കാനറിയില്ല. മക്കള്‍ക്കിഷ്ടമായതുകൊണ്ട്, അല്ലെങ്കില്‍ ചെയ്തില്ലെങ്കില്‍ ഭര്‍ത്താവ് ദേഷ്യം പിടിക്കും എന്നൊക്കെ പറഞ്ഞാണ് അവര്‍ കാര്യങ്ങള്‍ ചെയ്യാറുള്ളത്. താനും മാന്യത നല്‍കപ്പെട്ട മനുഷ്യ ജീവിയാണെന്നും സ്വയം തീരുമാനങ്ങളില്‍ ചലിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും മനസ്സിലാക്കുന്നവര്‍ വിരളം. അതിനാലാണ് ഭക്ഷണത്തോട് പ്രകൃത്യാ മനുഷ്യനുണ്ടാകാറുള്ള സ്‌നേഹം അവര്‍ ഇല്ലെന്ന് നടിക്കുന്നതും അത് മോശമാണെന്ന് കരുതുന്നതും. ഇതിനൊരു മറുവശവും ഇല്ലെന്നല്ല. ഒരുപാടുപേര്‍ ഇതിനപവാദമായുണ്ട്. മാത്രവുമല്ല എല്ലാവരും ഇതിനപവാദമാകുന്ന ഒരു സമയവുമുണ്ട്. അത് ഗര്‍ഭത്തിന്റെ അവസാന മാസങ്ങളിലെത്തിയ പെണ്ണുങ്ങളെ പരിഗണിക്കുമ്പോഴാണ്. അപ്പോള്‍ കാര്യങ്ങളൊക്കെ കീഴ്‌മേല്‍ മറിയും. പള്ളേപൂതിക്ക് സാധനം എവിടെനിന്നു വേണമെങ്കിലും എത്തും. അകന്നകന്ന ബന്ധങ്ങളിലേക്ക് പോലും ഫോണ്‍ ചെയ്ത് 'അവിടെ ചക്കക്കാലമായോ മാങ്ങക്കാലമായോ? ഇബടെ ആയിറ്റില്ല ഓള്‍ക്ക് പള്ളേ പൂതി' എന്ന് പറയുന്നതില്‍ പറയുന്നവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ ഒരു അരുതായ്മയും തോന്നാറില്ലെന്ന് മാത്രമല്ല എത്ര കഷ്ടപ്പാട് സഹിച്ചും പെണ്ണുങ്ങളുടെ ഈ പ്രത്യേക ആഗ്രഹത്തെ പൂര്‍ത്തീകരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കാറുമുണ്ട്. ആ പഞ്ചായത്തില്‍ തന്നെ ഏറ്റവും അടുത്തുള്ള പശു രണ്ടുഗ്ലാസ് പാല്‍ ഏറെ ചുരത്തും. ഗള്‍ഫില്‍ നിന്നും പല പാര്‍സലുകളായി ഡ്രൈ ഫ്രൂട്ട് എത്തും. ഇഷ്ടമുള്ള അപ്പത്തരങ്ങളെല്ലാം ബന്ധുക്കളുടെ ചിരിയുടെ കൂടെ പടികടന്നെത്തും. അതെല്ലാം നല്ലകാര്യം തന്നെ. പക്ഷേ അതു വിളവെടുക്കാന്‍ കാലം വളമിട്ടു തുടങ്ങുന്ന പോലെയേ ആവുന്നുള്ളൂ.
വളര്‍ച്ചയുടെ കാലമായ കൗമാര കാലത്ത് പോഷകക്കുറവ് വന്നവരുടെ ആരോഗ്യാവസ്ഥക്ക് വളരെ കുറച്ച് മാത്രമേ ഈ അവസാന സമയത്തെ പരിചരണം കൊണ്ടു പ്രയോജനപ്പെടുകയുള്ളൂ. പെണ്‍കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചക്കുതകുന്ന ഭക്ഷണം ഇന്നും നാം നടപ്പില്‍ വരുത്തിയിട്ടില്ല. മൂന്നു മീന്‍ പൊരിച്ചതുണ്ടെങ്കില്‍ ഒന്ന് മോള്‍ക്കും രണ്ടെണ്ണം മോനും കൊടുക്കും. അതിന് പുറമെ വൈകുന്നേരം കൂട്ടുകാരുടെ കൂടെ പുറത്തുപോയി മൃഷ്ടാന്നം ഉണ്ടുവന്ന മോനെ യാത്രാക്ഷീണം തീര്‍ക്കാന്‍ ഉമ്മ വീണ്ടും സല്‍ക്കരിക്കും. ഇങ്ങനെയൊക്കെ തന്നെയല്ലേ ഇപ്പോഴും നമ്മുടെ വീടകങ്ങളിലെ കാര്യം. നേരത്തെ പറഞ്ഞപോലെ ഇതൊക്കെ ദുഷ്ടതകൊണ്ടോ മക്കളുടെ കാര്യത്തില്‍ വിവേചനം ഉള്ളതുകൊണ്ടോ അല്ല. ഇങ്ങനെയൊക്കെയാണ് നമ്മള്‍ ശീലിച്ചിട്ടുള്ളത് എന്നതുകൊണ്ടാണ്.
അനുബന്ധം
ആദ്യം പറഞ്ഞ, തടിയില്ലാത്തതിന് സദസ്സുകളില്‍ വെച്ച് ആവലാതിപ്പെട്ടിരുന്ന മുതിര്‍ന്നവരുടെയും അമ്മായിമാരുടെയും ഇടയില്‍ കുറച്ച് നേരം ഞാന്‍ ഇരുന്നെന്ന് സങ്കല്‍പ്പിക്കുക. ഇരുന്നപ്പോളൊക്കെ ഉണ്ടായത് താഴെ പറയുന്ന പ്രകാരമാണ്. അവിടെ കണ്ട ഒരു അച്ചാറുകുപ്പി തുറന്നു നോക്കിയാല്‍ അവര്‍ പറയും. 'പെണ്ണിന്റെ നൊട്ടിത്തീറ്റ മാറിയിട്ടില്ല'. വരുമ്പോള്‍ പീടികയില്‍ നിന്നും തിന്നാന്‍ വല്ലതും മേടിക്കാന്‍ ആരോടെങ്കിലും പറഞ്ഞാല്‍ 'കൊണ്ടു തിന്നുന്ന പ്രായമൊക്കെ കഴിഞ്ഞില്ലേ' എന്നും 'പെണ്ണുങ്ങളായാല്‍ ആടിനെ പോലെ അയവിറക്കിക്കൊണ്ടിരിക്കരുത്' എന്നും 'ചക്കിലിട്ട് ആട്ടലല്ലാതെ വേറെ പണിയില്ലേ' എന്നും പറയും. സ്വന്തം ബാഗില്‍ നിന്ന് എപ്പോഴോ വാങ്ങിവെച്ച മിഠായി ആരെങ്കിലും കണ്ടുപിടിച്ചാല്‍ പിന്നെ മയക്കുമരുന്ന് കണ്ടുപിടിച്ച സൗദി ഗവണ്‍മെന്റ് പോലെ നോക്കും. ഇനിയെങ്ങാനും അതുവഴി ചായ വന്നാല്‍ 'ഞാന്‍ ചായകുടിക്കൂല' എന്നു പറഞ്ഞാലോ മറുപടി ഏകദേശം ഇങ്ങനെയിരിക്കും. ''എന്ത്, പറ്റൂലാന്നോ, പെണ്ണ്ങ്ങളായാ ഒക്കെ തിന്നണം, കെട്ടിക്കാനുള്ള പെണ്ണാണ്... എന്നിട്ടാണ്''.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top