സ്വര്‍ഗത്തിലെ ഈത്തപ്പഴങ്ങള്‍

സഈദ് മുത്തനൂര്‍ /സച്ചരിതം No image

      'ഉമ്മുദഹ്ദാഅ്! ഈ തോട്ടവും വീടും ഞാന്‍ അല്ലാഹുവിന് കടം കൊടുത്തിരിക്കുന്നു. ഉടനെ അകത്തുനിന്ന് പുറത്തിറങ്ങുക.''
അബുദഹ്ദാഅ് ഭാര്യയെ നീട്ടിവിളിച്ചുകൊണ്ട് അറിയിച്ചു. പ്രമുഖ സ്വഹാബി അബുദഹ്ദാഅ് സാബിത്ബ്‌നു ദഹ്ദാഅ് അന്‍സാരി(റ)യുടെ ചരിത്രം പ്രശസ്തമാണല്ലോ. വിശുദ്ധ ഖുര്‍ആനിലെ 'ആരുണ്ട് അല്ലാഹുവിന് നല്ല കടം കൊടുക്കാന്‍? എങ്കില്‍ അവനത് അയാള്‍ക്ക് ഇരട്ടിപ്പിക്കുന്നതാണ്. അയാള്‍ക്ക് മാന്യമായ പ്രതിഫലമുണ്ട്' (57:11) എന്ന വചനം കേട്ടപാടെ അദ്ദേഹം തിരുമേനിയുടെ അടുക്കല്‍ ഓടിയെത്തി ചോദിച്ചു: 'തിരുദൂതരെ! അല്ലാഹു നമ്മോട് കടം ചോദിക്കുകയോ?'
'അതെ അബൂദഹ്ദാഅ്!''
'എങ്കില്‍ താങ്കളുടെ കരം നീട്ടിയാലും.''
തിരുമേനി (സ) കൈ നീട്ടിക്കൊടുത്തു. അപ്പോള്‍ അബൂദഹ്ദാഅ് തന്റെ കൈ തിരുമേനിയുടെ കൈയില്‍ വെച്ചുകൊണ്ട് മൊഴിഞ്ഞു: 'യാ റസൂലല്ലാഹ്... ഞാനെന്റെ ഈത്തപ്പനത്തോട്ടം അല്ലാഹുവിന് കടം കൊടുത്തിരിക്കുന്നു.''
അങ്ങനെ തന്റെ കായ്ഫലമുള്ള ഈത്തപ്പഴത്തോട്ടം അദ്ദേഹം ഇസ്‌ലാമിക മാര്‍ഗത്തില്‍ ദാനം ചെയ്തു. തോട്ടത്തില്‍ 600 ഈത്തപ്പനകളുണ്ടായിരുന്നു. അതിലാണ് അദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്തിരുന്നത്. തോട്ടം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്തു. ഉടനെ അബൂദഹ്ദാഅ് വീട്ടിലെത്തിയാണ് ഭാര്യയെ ഇക്കാര്യം വിളിച്ചറിയിച്ചത്. അപ്പോള്‍ വീട്ടുകാരി? വേവലാതിയോ ബദ്ധപ്പാടോ ഇല്ലാതെ പറഞ്ഞു: 'താങ്കള്‍ ഏറെ ലാഭകരമായ കച്ചവടമാണ് നടത്തിയിരിക്കുന്നത് അബൂദഹ്ദാഅ്!'' കുട്ടികളെയും ഏതാനും വീട്ടുപകരണങ്ങളും എടുത്ത് ഉമ്മുദഹ്ദാഅ് പുറത്തെത്തിയതും പെട്ടെന്നായിരുന്നു. മുന്തിയ തോട്ടം അല്ലാഹുവിന് സമര്‍പ്പിച്ച ശേഷം തങ്ങളുടെ മറ്റൊരു തോട്ടത്തിലേക്ക് അബൂദഹ്ദാഅ്- ഉമ്മുദഹ്ദാഅ് ദമ്പതികള്‍ താമസം മാറ്റുകയായിരുന്നു.
അനസുബ്‌നു മാലികി (റ) നിന്ന് ഈ സംഭവം മറ്റൊരു ഭാഷ്യത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വ്യക്തി നബി തിരുമേനി(സ) യുടെ അടുക്കല്‍ പരാതി പറഞ്ഞു: '' തിരുദൂതരെ, ഞാന്‍ എന്റെ തോട്ടത്തിന്റെ അതിരില്‍ മതില്‍ കെട്ടാന്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ അതിരില്‍ മറ്റൊരാളുടെ മരം തടസ്സം സൃഷ്ടിച്ചിരിക്കുന്നു. അയാളോട് അത് വിലക്ക് ചോദിച്ചിട്ട് തരുന്നില്ല. താങ്കള്‍ ഇടപെട്ട് ഒരു പരിഹാരം ഉണ്ടാക്കിത്തരണം.'' തിരുമേനി കക്ഷിയെ വിളിപ്പിച്ചു. അയാളുമായി സംസാരിച്ചു: 'ആ മരം അയാള്‍ക്ക് കൊടുത്തേക്ക്. നിനക്ക് വില വാങ്ങാം. സ്വര്‍ഗത്തില്‍ മുന്തിയ ഇനം ഈത്തപ്പഴം തരുന്ന ഒരു വൃക്ഷം പകരമായി കിട്ടും.'
എന്നാല്‍ അയാള്‍ തന്റെ തീരുമാനത്തില്‍ പാറപോലെ ഉറച്ചുനിന്നു. ഈ വിവരം അറിഞ്ഞ അബൂദഹ്ദാഅ് ആ പിടിവാശിക്കാരനെ സമീപിച്ചിട്ടു പറഞ്ഞു: 'നിനക്ക് എന്റെ വിലപിടിപ്പുള്ള തോട്ടം തന്നേക്കാം. പകരം ഈ മരം എനിക്ക് നല്‍കുക.'
ഇത് കേട്ടതോടെ അയാളുടെ വാശിയുടെ പിടി അഴിഞ്ഞു. അയാള്‍ തര്‍ക്കഭൂമിയിലെ വൃക്ഷം തോട്ടത്തിനു പകരമായി കൈമാറി.
ഉടനെ അബൂദഹ്ദാഅ് നബിതിരുമേനിയുടെ സന്നിധിയില്‍ വന്ന് പറഞ്ഞു: 'യാ റസൂലല്ലാഹ്... ഞാന്‍ പ്രസ്തുത ആള്‍ക്ക് എന്റെ തോട്ടം പകരം കൊടുത്ത് വിവാദമരം ഏറ്റുവാങ്ങിയിരിക്കുന്നു. ഇത് മുറിച്ച് മാറ്റാവുന്നതേയുള്ളൂ. ഇനി താങ്കള്‍ പരാതിക്കാരനെ വിളിച്ച് ഭംഗിയായി മതില്‍ കെട്ടാന്‍ പറയുക.'
ഇത് കേട്ട പ്രവാചകന്‍ (സ) ഏറെ സന്തുഷ്ടനായി. തുടര്‍ന്ന് നബി(സ) പ്രതികരിച്ചു: 'അബൂദഹ്ദാഅ്, സ്വര്‍ഗത്തിലെ ഈത്തപ്പഴം എത്ര മധുരമായിരിക്കും; ഏറെ മനോഹരവും!'' അതാണ് ഈ നന്മക്കുള്ള പ്രതിഫലം എന്ന് സാരം. അബൂദഹ്ദാഅ് ഉടനെ വീട്ടിലെത്തി പ്രിയതമയെ വിളിച്ചു. 'ഉമ്മു ദഹ്ദാഅ്, ഈ തോട്ടവും വീടും ഇനി നമുക്കുള്ളതല്ല. ഇത് നാം സ്വര്‍ഗീയാരാമങ്ങളിലെ ഈത്തപ്പഴത്തിനായി അല്ലാഹുവിന് വില്‍പന നടത്തിയിരിക്കുന്നു.'
'വലിയ ലാഭകരമല്ലേ താങ്കളുടെ ഈ കച്ചവടം.'' ഉമ്മു ദഹ്ദാഅ് കുട്ടികളെയും എടുത്ത് പുറത്തു കടക്കവെ പ്രസ്താവിച്ചു.
'സ്വര്‍ഗത്തില്‍ മുന്തിയ ഈത്തപ്പഴങ്ങള്‍ കൊണ്ടുള്ള സല്‍ക്കാരം അബൂദഹ്ദാഇനെ കാത്തിരിക്കുന്നു' എന്ന് തിരുമേനി (സ) പറയുകയുണ്ടായി.
ഉഹ്ദിലെ രക്തസാക്ഷികളില്‍ പ്രമുഖനായിരുന്നു അബൂദഹ്ദാഅ്. ഉഹ്ദില്‍ ഒപ്പമുള്ളവര്‍ പതറിയപ്പോള്‍ സാബിത്ത് (ഉറച്ച് നില്‍ക്കുന്നവന്‍) ബ്‌നു ദഹ്ദാഅ് അടിപതറാതെ ഉറച്ച് നിന്നുകൊണ്ട് തന്റെ പേരിന്റെ പൊരുള്‍ അന്വര്‍ഥമാക്കി. അദ്ദേഹം തന്റെ കൂട്ടുകാരെ വളരെ ദുഃഖത്തോടെ തിരിച്ചുവിളിച്ചുകൊണ്ടിരുന്നു: 'അന്‍സാറുകളേ, മടങ്ങി വരൂ. ഞാനിതാ സാബിത്ത്ബ്‌നു ദഹ്ദാഅ്! ഇനി പ്രവാചകന്‍ തിരുമേനിക്ക് ജീവഹാനി നേരിട്ടാല്‍ പോലും അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനല്ലൊ'- അദ്ദേഹം കൂട്ടുകാരെ കൂടെക്കൂടെ തെര്യപ്പെടുത്തി.
'ഇസ്‌ലാമിനു വേണ്ടി പൊരുതുക. ശത്രുവിനെ പ്രതിരോധിക്കുക. നിങ്ങള്‍ വിജയിച്ചേക്കാം. ദൈവസഹായം നിങ്ങളെ പുല്‍കിയേക്കാം...' ഇത് കേട്ട് മടങ്ങിവന്ന ചിലര്‍ അബൂദഹ്ദാഇന് ആവേശം പകര്‍ന്നു. അവരോടൊപ്പം ശത്രുവിന്റെ നേരെ തിരിഞ്ഞു. എന്നാല്‍ ശത്രു സൈന്യത്തിന്റെ രൂക്ഷമായ കടന്നാക്രമണത്തില്‍ അബൂദഹ്ദാഅ് രക്തസാക്ഷിയായി; കൂടെയുള്ള കൂട്ടുകാരും.
ഹസ്രത്ത് അബൂദഹ്ദാഇന്റെ രക്തസാക്ഷിത്വ വിവരം ലഭിച്ചപ്പോള്‍ വസ്ത്രം വലിച്ചുകീറാനോ മുഖത്തടിച്ച് കരയാനോ തലയില്‍ മണ്ണ് വാരിയിടാനോ ഒന്നും ഉമ്മുദഹ്ദാഅ് തുനിഞ്ഞില്ല. അവര്‍ 'അല്ലാഹു അക്ബര്‍ ഇന്നാ ലില്ലാഹ്...' എന്നിങ്ങനെ ഉരുവിട്ടുകൊണ്ടിരുന്നു. രക്തസാക്ഷിത്വം വരിച്ചുകൊണ്ട് തന്റെ പ്രിയതമന്‍ ഉന്നത പദവിയിലെത്തിയിരിക്കുകയാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിന് ദൈവത്തിന്റെ പ്രീതിയും സ്വര്‍ഗീയ വസന്തവും ഉണ്ടാവുമല്ലോ- ഉമ്മുദഹ്ദാഅ് പ്രതീക്ഷിച്ചു. പ്രാര്‍ഥിച്ചു. സ്വര്‍ഗത്തില്‍ ശുഹദാക്കളോടൊപ്പം അദ്ദേഹം ജീവിച്ചിരിക്കും. എന്നാല്‍ നബി തിരുമേനി (സ) സുരക്ഷിതനായി ഉഹ്ദില്‍നിന്ന് തിരിച്ചെത്തിയതറിഞ്ഞ് ഉമ്മുദഹ്ദാഅ് ഏറെ സന്തോഷിച്ചു.
ഉമ്മുദഹ്ദാഅ് സ്ത്രീകള്‍ക്ക് മാതൃകയായി ചരിത്രത്തില്‍ എന്നും മികച്ചുനില്‍ക്കും. ഇഹലോകത്തെ നിസ്സാരമായി കണ്ട ഉമ്മുദഹ്ദാഅ് ദൈവപ്രീതിക്കായി എല്ലാം സമര്‍പ്പിച്ചു. മക്കളെ നല്ല വഴിയില്‍ വളര്‍ത്തി. അവരെ തിരുമേനി(സ) യുടെ കാല്‍പാദങ്ങളെ പിന്തുടര്‍ന്ന പ്രവാചക ശിഷ്യന്മാരുടെ ചവിട്ടടികളെ അനുധാവനംചെയ്ത് മുന്നോട്ടുപോകാന്‍ പഠിപ്പിച്ചു. പ്രതാപത്തിന്റെയും പ്രഭാവത്തിന്റെയും മാന്യതയുടെയും ആള്‍രൂപം. ക്ഷമ, ധീരത, സ്‌ഥൈര്യം ഈ ഗുണങ്ങളെല്ലാം ഒത്തുചേര്‍ന്ന മാതൃകാ വനിത. എപ്പോഴും അവരുടെ കണ്‍മുമ്പില്‍ തന്റെ പ്രാണനാഥനെ കുറിച്ച നബിതിരുമേനി (സ) യുടെ ഈ വാക്കുകള്‍ തത്തിക്കളിച്ചു- 'എത്രയെത്ര ഈത്തപ്പഴങ്ങളാണ് സ്വര്‍ഗത്തില്‍നിന്ന് അബൂദഹ്ദാഇനെ മാടിവിളിക്കുന്നത്.''

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top