''ഊണ്''

ആദം അയുബ് No image

അമേരിക്കക്കാരുടെ ചെലവില്‍ കായിക്കാന്റെ ഹോട്ടലില്‍ നിന്ന് ഇറച്ചീം പത്തിരീം തിന്നാന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും, അവിടത്തെ ഊണ് കഴിക്കാനുള്ള ഭാഗ്യമുണ്ടായി. വീട്ടില്‍ നിന്നല്ലാതെ ഹോട്ടലില്‍ നിന്ന് ഊണ് കഴിച്ചിട്ടില്ലാത്ത എനിക്ക് ആ ഊണ് വളരെ ആസ്വാദ്യകരമായിരുന്നു. പക്ഷെ ഞാന്‍ ഹോട്ടലില്‍ പോയിട്ടല്ല ഊണ് കഴിച്ചത്, എന്റെ ബാപ്പയുടെ വക്കീലാപ്പീസില്‍ വെച്ചാണ്. വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരത്ഭുതമായിരുന്നു അത്. വക്കീല്‍ ഒരു കേസ് ജയിച്ചു. അതിന്റെ ഫീസ് കിട്ടി. സ്‌കൂളില്ലാത്ത ദിവസമായത് കൊണ്ട് ഞാന്‍ ബാപ്പയുടെ ഓഫീസില്‍ പോയി. ഉച്ചക്ക് ബാപ്പ അടുത്ത് തന്നെയുള്ള കായിക്കാന്റെ ഹോട്ടലില്‍ ഊണ് ഓര്‍ഡര്‍ ചെയ്തു. വലിയൊരു ട്രേയിലാണ് ഹോട്ടല്‍ ജോലിക്കാരന്‍ ഊണ് കൊണ്ടുവന്നത്. മീന്‍ പൊരിച്ചത് ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ ഊണായിരുന്നു അത്.

എന്നാല്‍ പിന്നീട് കാര്യമായ കേസുകളൊന്നും എന്റെ പിതാവിനെ തേടിയെത്തിയില്ല. ക്രമേണ അദ്ദേഹം ഓഫീസിലും കോടതിയിലും പോക്ക് നിര്‍ത്തി. വക്കീലാപ്പീസിന്റെ വാടക കൊടുക്കാന്‍ നിവൃത്തിയില്ലാത്തത് കൊണ്ട് ഓഫീസും പൂട്ടി. പിന്നെ അദ്ദേഹം സ്ഥിരം വീട്ടില്‍ തന്നെയായി. വീട്ടിലെ സ്ഥിതി അനുദിനം മോശമായി വന്നു. അതിനിടയില്‍ അദ്ദേഹം പാസ്‌പോര്‍ട്ട് നേടുകയും, കുവൈത്തിലേക്കുള്ള വിസ സംഘടിപ്പിക്കുകയും ചെയ്തു. ഈ നീക്കങ്ങളൊന്നും കുട്ടികളായ ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ഉമ്മാക്ക് അറിയാമായിരുന്നോ എന്നറിയില്ല. ബാപ്പ വിദേശത്തേക്ക് പോകുന്ന വിവരം രണ്ട് ദിവസം മുന്‍പ് മാത്രമാണ് ഞങ്ങള്‍ അറിഞ്ഞത്. 1962-ലായിരുന്നു അത്. അന്ന് ഗള്‍ഫിലേക്ക് വിമാന സര്‍വീസൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം ബാപ്പ കൊച്ചിയില്‍ നിന്ന് ബോംബെയിലേക്ക് തീവണ്ടി മാര്‍ഗവും അവിടെ നിന്ന് കുവൈത്തിലേക്ക് കപ്പല്‍ മാര്‍ഗവും യാത്രയായി.

എന്നാല്‍ ഗൃഹനാഥന്‍ കുവൈത്തിലേക്ക് പോയതോടെ ഗൃഹം നാഥനില്ലാ കളരിയായി എന്ന് പറഞ്ഞു കൂടാ. കാര്യങ്ങളെല്ലാം ഒരു വിധം അടുക്കും ചിട്ടയോടും കൂടി തന്നെ ഉമ്മ മുന്നോട്ടു കൊണ്ടുപോയിരുന്നു. മാസാമാസം കൃത്യമായി ബാപ്പയുടെ പണം വന്നിരുന്നത് കൊണ്ട്, വീട്ടിലെ കാര്യങ്ങള്‍ അല്ലലില്ലാതെ നടന്നുപോയി. എന്നാല്‍ ഇപ്പോള്‍ ഞാനും അനിയനും നാല് അനിയത്തിമാരും ഉമ്മയുടെ മാത്രം ഉത്തരവാദിത്വമായി. അനിയത്തിമാര്‍ നാല് പേരും പാവങ്ങളായിരുന്നു. അനിയനും പാവമായിരുന്നു. എന്നാല്‍ ഞാനാണെങ്കിലോ പഞ്ച പാവവും. 

ദിവസവും രാവിലെ എന്നെ വിളിച്ചുണര്‍ത്തിയിരുന്നത് എന്റെ പിതാവായിരുന്നു. ഇംഗ്ലീഷിലാണ് അദ്ദേഹം എന്നെ വിളിച്ചുണര്‍ത്തിയിരുന്നത്. ''അംമസല,.... അൃശലെ'' എന്നാണു അദ്ദേഹം പട്ടാളച്ചിട്ടയില്‍ പറയുക. ഒരു മുന്‍ പട്ടാളക്കാരനായിരുന്ന അദ്ദേഹം, പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്ന താളത്തിലാണ് ഇത് പറയുക. മൂന്നാമത്തെ പ്രാവശ്യം ആകുമ്പോഴേക്കും ഞാന്‍ എണീറ്റിരിക്കും. എന്നാല്‍ ഇപ്പോള്‍  ബാപ്പയുടെ ഉണര്‍ത്തുപാട്ടിന്റെ അഭാവത്തില്‍ ഞാന്‍ രാവിലെ ഉണരാന്‍ വൈകും. ഉമ്മ അടുക്കളയില്‍ തിരക്കിലായിരിക്കും. കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കാനുള്ള പെടാപാടാണ്. അതിനിടയില്‍ എന്നെ പാട്ട് പാടി വിളിച്ചുണര്‍ത്താനൊന്നും ഉമ്മാക്ക് സമയം കിട്ടില്ല. ആരും വിളിക്കാതെ തന്നെ, ''അക്കു'' എന്ന് ഞാന്‍ വിളിക്കുന്ന അനിയന്‍ അക്ബര്‍ എഴുന്നേറ്റു തയാറാകും., ജാഫര്‍ വന്നു ഗേറ്റില്‍ മുട്ടുമ്പോഴേക്കും അവന്‍ ഇറങ്ങിയിരിക്കും. അപ്പോഴാണ് ഞാന്‍ ഉറങ്ങുന്ന കാര്യം ഉമ്മ അറിയുന്നത്. ഉമ്മ  ഓടി വന്നു എന്നെ പിടിച്ചു കുലുക്കി എഴുന്നേല്‍പിക്കും. പിന്നെ ഒരു മരണപ്പാച്ചിലാണ്. അങ്ങനെയാണ് ഞാന്‍, ഒരു ലോക റിക്കാര്‍ഡിന് ഉടമയായത്. കിടക്കപ്പായില്‍ നിന്നെഴുന്നേറ്റ് അഞ്ചു മിനുറ്റ് കൊണ്ട് സ്‌കൂളിലേക്ക് പുറപ്പെടുന്ന ആദ്യത്തെ കുട്ടി എന്ന ലോക റിക്കാര്‍ഡ് ഞാനാണ് സ്ഥാപിച്ചത്. ആ റിക്കാര്‍ഡ് ഇത് വരെ ആരും ഭേദിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസം. പക്ഷെ അതിനു വേണ്ടി എനിക്ക് പല്ല് തേപ്പ്, കുളി തുടങ്ങിയ പ്രധാന ചര്യകള്‍ പലതും  ത്യജിക്കേണ്ടി വന്നു എന്നത് എന്റെ സ്വകാര്യ ദുഃഖം. 

എന്നാല്‍ എന്റെ ഈ ത്യാഗമൊന്നും മുഹമ്മദാലി മാഷില്‍ തീരെ മതിപ്പുളവാക്കിയില്ല. മുഹമ്മദാലി മാഷ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആണ്. വൈകി സ്‌കൂളില്‍ എത്തുന്ന ഏതൊരു വിദ്യാര്‍ഥിയെയും വരവേല്‍ക്കുന്നത് ഭീതിദമായ ഒരു അന്തരീക്ഷമാണ്. ഗേറ്റ് കടന്നുവരുമ്പോള്‍, വിശാലമായ സ്‌കൂള്‍ അങ്കണമാണ് കാണപ്പെടുക. എന്നാല്‍ അത് ശൂന്യമായിരിക്കും. അതോടൊപ്പം ഒരായിരം വണ്ടുകള്‍ ഒരുമിച്ച് മുരളുന്നത് പോലെയുള്ള ഒരു പതിഞ്ഞ ആരവം കേള്‍ക്കാം. സ്‌കൂളിന്റെ നീണ്ട ഇടനാഴിയിലേക്ക് കയറിയാല്‍, ശൂന്യമായ ഇടനാഴിയുടെ അറ്റത്ത് ചൂരലും പിടിച്ചു നില്‍ക്കുന്ന മുഹമ്മദാലി മാഷെ കാണാം. അദ്ദേഹം ചൂരല്‍ ശക്തിയായി ചുമരില്‍ അടിക്കും. ആ ശബ്ദം ഇടനാഴിയില്‍ മാറ്റൊലി കൊള്ളും. എന്നിട്ട് ആ ചൂരല്‍ കൊണ്ട് എന്നെ മാടി വിളിക്കും. വിറയ്ക്കുന്ന കാലുകളുമായി ഇടനാഴിയുടെ മറ്റേ അറ്റത്തെത്താന്‍ ഒരു പാട് സമയം എടുക്കും. എന്നാലും പാവം മുഹമ്മദാലി മാഷ് ക്ഷമയോടെ കാത്ത് നില്‍ക്കും. ഈ നടപ്പിനൊപ്പം പെരുമ്പറ കൊട്ടുന്ന ഒരു ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു. പിന്നെയാണ് ഞാന്‍ തിരിച്ചറിഞ്ഞത് അതെന്റെ ഹൃദയം മിടിക്കുന്ന ശബ്ദം ആയിരുന്നു എന്ന്. മാഷുടെ മുന്‍പിലെത്തി അനുസരണയോടെ ഞാന്‍ നിന്നു.

''എന്താടാ ലേറ്റ് ആയത്?'' അദ്ദേഹം ചോദിച്ചു.

ലോക റിക്കാര്‍ഡ് സ്ഥാപിച്ച കാര്യമൊക്കെ വിശദമായി പറയാന്‍ ഒരു പാട് സമയം എടുക്കും. അതുകൊണ്ട് ഞാന്‍ ചുരുക്കിപ്പറഞ്ഞു: 

 ''ബ..ബ..ബ..ഞ.ഞ..ഞ.''

മാഷിനു അത് മനസ്സിലായില്ലെന്ന് തോന്നുന്നു. അദ്ദേഹം ചൂരല്‍ ഉയര്‍ത്തി എന്റെ കാലിനു പിന്നില്‍ ആഞ്ഞടിച്ചു. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു.

''ക്ലാസ്സില്‍ പോടാ'' അദ്ദേഹം സൗമ്യമായി ആക്രോശിച്ചു.

ക്ലാസ്സിനു മുന്നില്‍ എത്തിയപ്പോഴാണ് അവിടെ മറ്റൊരു വിദ്വാന്‍ പുറത്തു നില്‍ക്കുന്നത് കണ്ടത്. എന്റെ കൂട്ടുകാരന്‍, ദാമോദര പൈ! ഞാന്‍ അവന്റെ പിന്‍കാലിലേക്ക് നോക്കി. അവിടെയും ഹെഡ്മാഷിന്റെ ചൂരലിന്റെ മുദ്ര കണ്ടു. ഇവിടെ സുപ്രീം കോര്‍ട്ടിന്റെ ശിക്ഷ കഴിഞ്ഞിട്ടാണ് ഹൈക്കോടതിയുടെ ശിക്ഷ. വൈകി വരുന്നവര്‍ക്ക് ടീച്ചര്‍ നല്‍കുന്ന ശിക്ഷ ആദ്യത്തെ പിരീഡ് പുറത്തു നില്‍ക്കുക എന്നതാണ്. അങ്ങിനെ ഞങ്ങള്‍ രണ്ട് പേരും ക്ലാസിനു പുറത്തു കാവല്‍ക്കാരെ പോലെ രണ്ട് ഭാഗത്തായി നിലകൊണ്ടു. അകത്ത് ടീച്ചര്‍ തകൃതിയായി ക്ലാസെടുത്തുകൊണ്ടിരുന്നു.

ഞാന്‍ അവനോടു ചോദിച്ചു ''നീ എന്താ ലേറ്റ് ആയത്?''

അവന്‍ ഒന്നും മിണ്ടിയില്ല. ഞാന്‍ വീണ്ടും ചോദിച്ചു ''അച്ഛന്‍ വിളിച്ചുണര്‍ത്തിയില്ലേ...?'' അവന്‍ മറുപടി പറയാതെ തല താഴ്ത്തി.

''നിന്റെ അച്ഛനും കുവൈത്തില്‍ പോയോ?'' ഞാന്‍ വീണ്ടും ചോദിച്ചു.

അവന്‍ കണ്ണുകളുയര്‍ത്തി എന്നെ നോക്കി. എന്നിട്ട് പതുക്കെ പറഞ്ഞു..

''അച്ഛന്‍ മരിച്ചുപോയി''

അതെനിക്ക് പുതിയ അറിവായിരുന്നു. എന്റെ ബാപ്പ കുവൈത്തിലേക്കാണ് പോയത്. അവിടുന്ന് മാസാമാസം പണം അയക്കുന്നുണ്ട്. ഇനി ധാരാളം പണം സമ്പാദിച്ചു തിരിച്ചു വരും. പക്ഷെ ദാമോദര പൈയുടെ അച്ഛന്‍ ഇനി ഒരിക്കലും തിരിച്ചു വരില്ല. എനിക്ക് വളരെ സങ്കടം തോന്നി. ഞാന്‍ അവന്റെ അടുത്തേക്ക് ചെന്ന്, അവന്റെ തോളില്‍ കൈ വെച്ചു.

''എന്താ അവിടെ?'' ടീച്ചറുടെ ശബ്ദമാണ്. ഞങ്ങള്‍ തിരിഞ്ഞു നോക്കി. ടീച്ചര്‍ പുറത്തേക്കു വന്നു. ''അത് ശരി, പുറത്തു നിര്‍ത്തിയത് സൗകര്യമായി അല്ലെ?'' ടീച്ചര്‍ പറഞ്ഞു. ''അകത്തു കേറി ബെഞ്ചിനു മുകളില്‍ കയറിനില്‍ക്ക്''.

ഞങ്ങള്‍ രണ്ട് പേരും അനുസരിച്ചു. ഏറ്റവും പിന്നിലുള്ള ബെഞ്ചിനു മുകളില്‍ രണ്ട് പേരും കയറിനിന്നു. എനിക്ക് ദാമോദര പൈയോട് കുറെ കാര്യങ്ങള്‍ ചോദിച്ച് അറിയണമെന്നുണ്ടായിരുന്നു. ഇനി ഇവിടെ നിന്നുകൊണ്ട് സംസാരിക്കാന്‍ കഴിയില്ല.

ഉച്ചയ്ക്കുള്ള ബെല്ലടിച്ചപ്പോള്‍, എല്ലാവരും ഭക്ഷണം കഴിക്കാനായി ഓടി. ചോറ് കൊണ്ട് വന്നിട്ടുള്ളവര്‍ ചോറ്റു പാത്രവുമായി ക്ലാസ്സില്‍ പലയിടത്ത് സ്ഥലം പിടിച്ചു. ഞാനും കൊണ്ടുവന്നിട്ടുണ്ട് ചോറ്. ഇപ്പോള്‍ ഉച്ചക്ക് ഊണ് കഴിക്കാന്‍ വീട് വരെ നടക്കുന്നതൊക്കെ ഒരു ബുദ്ധിമുട്ടായി തോന്നി. സൗകര്യങ്ങള്‍ കൂടുമ്പോള്‍ മടിയും കൂടുമല്ലോ. ഞാന്‍ ചോറ്റു പാത്രം തുറന്നുവെച്ചു. ദാമോദര പൈയെ നോക്കിയപ്പോള്‍, അവന്‍ തന്റെ പാത്രവുമായി ദൂരേക്ക് പോകുന്നു. ഞാന്‍ അവനെ വിളിച്ചു.

 

''വാ നമുക്ക് ഇവിടെ ഇരുന്നു കഴിക്കാം''.

''വേണ്ട'' അവന്‍ ദൂരെ തന്നെ ഇരുന്നു. ഞാന്‍ എന്റെ പാത്രവുമായി അവന്റെ അടുത്ത് പോയിരുന്നു. ഞാന്‍ എന്റെ പാത്രം തുറന്നു. അതില്‍ ചോറും മീന്‍ കറിയും, മീന്‍ പൊരിച്ചതും ചമ്മന്തിയും ഒക്കെ ഉണ്ടായിരുന്നു. അവന്‍ തന്റെ പാത്രം തുറക്കാതെ മിണ്ടാതിരുന്നു. 

''പാത്രം തുറക്കെടാ'' ഞാന്‍ പറഞ്ഞു. അവന്‍ എന്നിട്ടും തുറക്കാതിരുന്നപ്പോള്‍ ഞാന്‍ ബലമായി അവന്റെ പാത്രം പിടിച്ചുവാങ്ങി. പിടിവലിയില്‍ പാത്രം താഴെ വീണു. അതില്‍ നിന്നും ഒരു ഇഡ്ഡലി ബെഞ്ചിന്റെ താഴേക്കു ഉരുണ്ടു പോയി. ഒരൊറ്റ ഇഡ്ഡലി മാത്രമേ ആ പാത്രത്തില്‍ ഉണ്ടായിരുന്നുള്ളൂ. അവന്‍ വേഗം ആ ഇഡ്ഡലി കൈയിലെടുത്തു. അതില്‍ മണ്ണും, തലമുടിയും, ബെഞ്ചിനടിയിലെ മാറാമ്പലും ഒക്കെ പുരണ്ടിരുന്നു. അവന്‍ അത് തുടയ്ക്കാന്‍ തുടങ്ങി. ''അതിനി കഴിക്കണ്ട, കളഞ്ഞേക്ക്'' ഞാന്‍ പറഞ്ഞു.

''സാരമില്ല, കഴുകിയാല്‍ പോകും'' അവന്‍ പറഞ്ഞു.

''ഇഡ്ഡലി കഴുകിയാല്‍ പിന്നെ ബാക്കി എന്തുണ്ടാകും'' ഞാന്‍ അവന്റെ കൈയില്‍ നിന്നും അത് തട്ടിപ്പറിച്ച് ജനലില്‍ കൂടി പുറത്തേക്കെറിഞ്ഞു. അവന്‍ വളരെ വിഷമത്തോടെ അത് നോക്കിനിന്നു. ഞാന്‍ എന്റെ പാത്രം തുറന്നു വെച്ച് അവനെ ക്ഷണിച്ചു ''വാ, നമുക്ക് ഇതില്‍നിന്നും കഴിക്കാം'' ആദ്യം അവന്‍ വിസമ്മതിച്ചു. പിന്നെ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി തന്റെ പാത്രവുമായി വന്നു. ''കുറച്ചു ഇതില്‍ വെച്ച് തന്നാല്‍ മതി''.

''അതു വേണ്ട. നമുക്ക് രണ്ട് പേര്‍ക്കും ഇതില്‍ നിന്ന് കഴിക്കാം''.

''ഞാന്‍ മീന്‍ കഴിക്കില്ല'' അവന്‍ പറഞ്ഞു.

''സാരമില്ല''. ഞാന്‍ മീന്‍ മാറ്റിവെച്ചു. ഞങ്ങള്‍ രണ്ട് പേരും ഊണ് കഴിച്ചു. അവന്‍ എന്റെ പാത്രമെടുത്ത് കൊണ്ടുപോയി കഴുകിക്കൊണ്ട് വന്നു. 

''ഞാന്‍ കഴുകാറില്ല. വീട്ടില്‍ കൊണ്ടുപോയി ഉമ്മ കഴുകിക്കോളും''

''ഉണ്ട പാത്രം കഴുകി വെക്കണമെന്നാ അമ്മ പറഞ്ഞിരിക്കുന്നത്''

പിന്നെ ഞാനവനോട് ലേറ്റ് ആയതിന്റെ കാരണം ചോദിച്ചു. അവന്റെ അമ്മ വീട്ടിലിരുന്നു പപ്പടം പരത്തും. ഉണക്കിയതിനു ശേഷം പിറ്റേ ദിവസം രാവിലെ അവന്‍ അത് കടകളില്‍ കൊണ്ടുപോയി കൊടുക്കും. വൈകിട്ട് സ്‌കൂളില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍, കടകളില്‍ നിന്നും പണം വാങ്ങിയിട്ട് പോകും. ഇന്ന് കടകളില്‍ പപ്പടം കൊടുത്തു വന്നപ്പോള്‍ താമസിച്ചതാണ്.

വീട്ടിലെത്തിയപ്പോള്‍ മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നുണ്ടായിരുന്നു. കാരണം അന്നത്തോടെ ദാമോദര പൈ എന്റെ അടുത്ത സുഹൃത്തായി മാറി. ഉമ്മ ചോറ്റുപാത്രം കഴുകാന്‍ എടുത്തപ്പോള്‍ അത്ഭുതപ്പെട്ടു പോയി. സാധാരണ ഞാന്‍ ചോറ് ബാക്കിയാക്കാറാണ് പതിവ്. ഇന്ന് മുഴുവന്‍ തീര്‍ത്തു, പാത്രം കഴുകി വൃത്തിയാക്കിയിരിക്കുന്നു.! 

''ഇന്ന് ചോറ് മുഴുവന്‍ കഴിച്ചോ?'' ഉമ്മ ചോദിച്ചു.

''ങ്ങാ.. നല്ല വിശപ്പുണ്ടായിരുന്നു'' ഇതും പറഞ്ഞു ഞാന്‍ നടന്നു. ഉമ്മ എന്നെ പിടിച്ചു നിര്‍ത്തി. ''എന്റെ മുഖത്തേക്ക് നോക്കിയിട്ട് നുണ പറയാന്‍ പറ്റുമെങ്കില്‍ പറ''.

ഞാന്‍ ഉമ്മയോട് സത്യം പറഞ്ഞു. അടുത്ത ദിവസം മുതല്‍ ഉമ്മ എനിക്കും ദാമോദര പൈക്കും കൂടിയുള്ള ചോറ് അല്‍പം കൂടി വലിയ പാത്രത്തില്‍ തന്നുവിട്ടു..

അങ്ങനെ ഒരേ പാത്രത്തില്‍ നിന്ന് ഉണ്ട് വളര്‍ന്ന ഞങ്ങളുടെ സൗഹൃദം അല്‍പം മാസങ്ങള്‍ കൂടിയേ നിലനിന്നുള്ളൂ. കാരണം വാര്‍ഷിക പരീക്ഷക്ക് ശേഷം ഞങ്ങള്‍ കുടുംബ സമേതം ബാംഗ്ലൂരിലേക്ക് താമസം മാറ്റി. എന്റെ ആ പ്രിയ സുഹൃത്തിനെ ഞാന്‍ പിന്നെ കണ്ടിട്ടില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top