സ്തന സംരക്ഷണവും സ്തനപരിചരണവും

ഡോ. മേജര്‍ നളിനി ജനാര്‍ദ്ദനന്‍ No image

സ്തനങ്ങളുടെ പ്രധാനധര്‍മ്മം കുഞ്ഞുങ്ങള്‍ക്കു മുലപ്പാല്‍ നല്‍കുകയാണ്. സ്തനവുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യപ്രശ്‌നങ്ങളും സ്തനസംരക്ഷണങ്ങളും കാണാറുണ്ട്. അതുകൊണ്ട് സ്തനപരിചരണവും സ്തനസംരക്ഷണവും സ്ത്രീകളുടെ ജീവിതത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

സ്തനത്തിന്റെ ഘടന

മുലപ്പാലുണ്ടാക്കുന്ന കോശങ്ങള്‍, കൊഴുപ്പടങ്ങിയ കോശങ്ങള്‍ ഇവയെ താങ്ങിനിര്‍ത്തുന്ന ലിഗ്‌മെന്റുകളും മാംസപേശികളും, പാലൊഴുക്കുന്ന പാല്‍ക്കുഴലുകള്‍, കുഞ്ഞിനു പാല്‍കുടിക്കാനുള്ള മുലക്കണ്ണുകള്‍ എന്നിവയെല്ലാം ചേര്‍ന്നുണ്ടായതാണ് സ്തനം. ഘടനയില്‍ ചില മാറ്റങ്ങള്‍ വന്ന വിയര്‍പ്പുഗ്രന്ഥികളാണ് സ്തനങ്ങള്‍. ഓരോ സ്തനത്തിലും മുന്തിരിക്കുലയുടെ ആകൃതിയിലുള്ള ചെറിയ അറകള്‍ ഉണ്ടാവും. മുന്തിരിപ്പഴം പോലുള്ള വളരെ ചെറിയ അടരറകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് ഈ ഓരോ അറകളും. കുഞ്ഞിന് പാലൂട്ടുന്ന അമ്മമാരുടെ സ്തനങ്ങളിലെ അടരറകളില്‍ നിന്ന് പാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. മുലപ്പാല്‍ പാല്‍ക്കുഴലുകളിലൂടെ ഒഴുകി മുലക്കണ്ണിനു താഴെയുള്ള സംഭരണികളിലെത്തും. മുലക്കണ്ണില്‍ നിന്നും പുറത്തേക്കു തുറക്കുന്ന ചെറിയ സുഷിരങ്ങളിലൂടെ പാലൊഴുകുന്നു. കക്ഷത്തിലെ ലിംഫ് ഗ്രന്ഥികള്‍ സ്തനത്തിലെ ലിംഫ് ദ്രാവകം നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

സ്തനവളര്‍ച്ച

കൗമാരപ്രായത്തിലേക്കു കടക്കുന്ന പെണ്‍കുട്ടികളില്‍ പൊതുവെ 10 വയസ്സിനും 13 വയസ്സിനുമിടക്കാണ് സ്തനങ്ങളുടെ വളര്‍ച്ച തുടങ്ങുന്നത്. 8-9 വയസ്സിനിടയില്‍ സ്തനമുകുളങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ഏകദേശം 18-20 വയസ്സാകുമ്പോഴേക്കും സ്തനവളര്‍ച്ച പൂര്‍ത്തിയാവും. ആര്‍ത്തവചക്രത്തോടനുബന്ധിച്ച് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമാണ് സ്തനവളര്‍ച്ച.

ശരീരത്തിലെ വിവിധ ഹോര്‍മോണുകളുടെ ഇടയിലുള്ള മാറ്റങ്ങള്‍ സ്തനത്തിനെയും ബാധിക്കാറുണ്ട്. സ്ത്രീകളില്‍ ഗര്‍ഭാവസ്ഥ, ആര്‍ത്തവം, മുലയൂട്ടല്‍, ആര്‍ത്തവവിരാമം എന്നീ ഘട്ടങ്ങളില്‍ സ്തനങ്ങളുടെ ദൃഢതയും വലുപ്പവും ആകൃതിയും മാറിക്കൊണ്ടിരിക്കും. പാരമ്പര്യം, ശരീരപ്രകൃതി എന്നിവയനുസരിച്ച് സ്തനവളര്‍ച്ച തുടങ്ങുന്ന പ്രായം വ്യത്യസ്തമാവാം. സ്തനങ്ങള്‍ സ്ത്രീജനനേന്ദ്രിയവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

 

സ്തനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍

വലുപ്പ വ്യത്യാസം

സ്തനത്തിന്റെ വലുപ്പം സ്തനത്തിന്റെ കൊഴുപ്പടങ്ങിയ കോശങ്ങളുടെ തോതനുസരിച്ചാണ്. അതായത് പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥികളുമായി സ്തനവലുപ്പത്തിനു ബന്ധമില്ല.

ചില സ്ത്രീകളില്‍ ഒരു സ്തനം മറ്റേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അല്‍പ്പം വലുതായി കാണാം. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഇത് സാധാരണയാണെന്നു കണക്കാക്കാം. വളരെയധികം വ്യത്യാസമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടതാണ്. ശസ്ത്രക്രിയകൊണ്ട് ശരിയാക്കാം.

അമിതവലുപ്പം

ചില സ്ത്രീകളുടെ സ്തനങ്ങള്‍ക്ക് സാധാരണയില്‍ക്കവിഞ്ഞ വളര്‍ച്ചയുണ്ടാവാം. അതിന്റെ പേരില്‍ പരിഹാസപാത്രമാവുകയാണെങ്കില്‍ സ്ത്രീക്ക് വിഷാദവും അപകര്‍ഷതാബോധവും ഉണ്ടാവാം. സ്തനങ്ങളുടെ അമിതവലുപ്പം കൊണ്ട് നടുവേദന, തോളുകളില്‍ വേദന, സന്ധിവേദന എന്നിവയും ചിലപ്പോള്‍ ഉണ്ടാവാറുണ്ട്. വലുപ്പം കൂടുതലാണെങ്കില്‍ അതിന്റെ കാരണം എന്താണെന്നറിയാന്‍ വേണ്ടി ഡോക്ടറെ കാണുകയും ആവശ്യമെങ്കില്‍ അത് ശസ്ത്രക്രിയ വഴി കുറക്കുകയും ചെയ്യാം.

വലുപ്പം കുറഞ്ഞ സ്തനങ്ങള്‍

സ്തനങ്ങളുടെ വലുപ്പം കുറഞ്ഞിട്ടുണ്ടെങ്കില്‍ അതു ശരിയാക്കാന്‍ ശസ്ത്രക്രിയ ചെയ്യാം. സിലിക്കോണ്‍, സലൈന്‍ തുടങ്ങിയ വസ്തുക്കള്‍ സ്തനങ്ങള്‍ക്കുള്ളില്‍ പ്രവേശിപ്പിച്ചു വലുപ്പമുണ്ടാക്കുകയാണ് ഇതില്‍ ചെയ്യുന്നത്.

ഇടിഞ്ഞു തൂങ്ങുന്ന സ്തനങ്ങള്‍

അമിതവലുപ്പം കൊണ്ടും പ്രായക്കൂടുതല്‍കൊണ്ടും സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങാനിടയുണ്ട്. പ്രസവം, മുലയൂട്ടല്‍ എന്നിവ കഴിയുന്നതോടെ മിക്ക സ്ത്രീകളുടെയും സ്തനങ്ങളുടെ ദൃഢത നഷ്ടപ്പെടാറുണ്ട്. പെട്ടെന്നു വണ്ണം കുറയുന്നതുകൊണ്ടോ ഭക്ഷണം ശരിയായി കഴിക്കാതെ ഉപവാസം നടത്തുന്നതുകൊണ്ടോ ശരീരത്തിന്റെ കൊഴുപ്പു കുറഞ്ഞാല്‍ സ്തനങ്ങള്‍ അയഞ്ഞുതൂങ്ങാന്‍ സാധ്യത കൂടൂം. ഇത്തരം പ്രശ്‌നങ്ങള്‍ ശസ്ത്രക്രിയ വഴി ശരിയാക്കാം.

ഉള്ളിലേക്കു വലിഞ്ഞുനില്‍ക്കുന്ന മുലക്കണ്ണുകള്‍

ചില സ്ത്രീകളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ മുലക്കണ്ണുകള്‍ ഉള്ളിലേക്കു വലിഞ്ഞു നില്‍ക്കുന്നതായി കാണാം. മുലയൂട്ടുന്ന സമയത്ത് ഇത് പ്രശ്‌നമായിത്തീരും. ഇതിനു ശസ്ത്രക്രിയ ചെയ്യാം. അപൂര്‍വ്വമായി മുലക്കണ്ണുകള്‍ തീരെ ഇല്ലാതിരിക്കുക, ഒന്നിലധികം മുലക്കണ്ണുകള്‍ ഉണ്ടാവുക, സ്തനങ്ങള്‍ തന്നെ ഇല്ലാതിരിക്കുക എന്നീ പ്രശ്‌നങ്ങളുണ്ടാവാം. ഇവയും വിദഗ്ധനായ ഡോക്ടറെകൊണ്ട് പരിശോധിപ്പിച്ച് ആവശ്യമെങ്കില്‍ ശസ്ത്രക്രിയ കൊണ്ട് ശരിയാക്കാവുന്നതാണ്.

സ്തനങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍

സ്തനങ്ങളില്‍ വേദന, തടിപ്പ്, മുഴകള്‍, കല്ലിപ്പ്, ചുവപ്പുനിറം, മുലക്കണ്ണിനു ചുറ്റുമുള്ള ചര്‍മ്മത്തില്‍ മാറ്റങ്ങളുണ്ടാവുക, മുലക്കണ്ണ് ഉള്ളിലേക്ക് വലിയുക, മുലക്കണ്ണില്‍ നിന്ന് ദ്രാവകമോ രക്തമോ വരിക എന്നിങ്ങനെ പലതരം രോഗലക്ഷണങ്ങള്‍ കാണാം. നിസ്സാരമായ മുഴകളോ സ്തനാര്‍ബുധമോ ആയിരിക്കാം ഇതിനു കാരണം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണിച്ചു ചികിത്സ തുടങ്ങണം. മുലയൂട്ടുന്ന അമ്മമാരുടെ സ്തനങ്ങളില്‍ പാല്‍ കെട്ടിക്കിടക്കുന്ന പഴുപ്പുണ്ടാവാം. ഈ അവസ്ഥയിലും വേദനയുണ്ടാകും. ശരീരത്തിലെ മറ്റുഭാഗങ്ങളെ ബാധിക്കുന്ന ചര്‍മ്മരോഗങ്ങള്‍ സ്തനചര്‍മ്മത്തെയും ബാധിക്കാം. ഇവയെല്ലാം ഡോക്ടറെ കാണിച്ചു ചികിത്സ തുടങ്ങണം.

സ്തനസംരക്ഷണവും സ്തനപരിചരണവും

സ്തനസൗന്ദര്യവും സ്തനങ്ങളുടെ ആരോഗ്യവും നിലനിര്‍ത്തണമെങ്കില്‍ സ്തനങ്ങള്‍ക്ക് പരിചരണവും സംരക്ഷണവും നല്‍കേണ്ടതാവശ്യമാണ്.

തടവല്‍ (മസ്സാജിങ്ങ്)

സ്തനചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ എണ്ണയോ ക്രീമോ ഉപയോഗിച്ചു തടവുന്നത് ഗുണപ്രദമാണെന്ന് പറയപ്പെടുന്നു. പക്ഷേ മരുന്നുകളോ ക്രീമോ പുരട്ടി സ്തനങ്ങളുടെ വലുപ്പത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ല. മസ്സാജിനുപയോഗിക്കുന്ന എണ്ണയുടെ ഉള്ളടക്കം നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം വാങ്ങുക. മസ്സാജ് ചെയ്യാന്‍ തേങ്ങാപ്പാല്‍ വെന്ത വെളിച്ചെണ്ണ, സാധാരണ വെളിച്ചണ്ണ, കറ്റാര്‍വാഴയുടെ ഉള്ളിലെ ഭാഗം, വിറ്റാമിന്‍ ഇ കലര്‍ന്ന എണ്ണ, കൊക്കോബട്ടര്‍ തുടങ്ങിയവ ഉപയോഗിക്കാറുണ്ട്. മസ്സാജ് ചെയ്യുന്നതു വഴി സ്തനങ്ങളിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്താനും സ്തനചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും കഴിയും. അതിനുപുറമെ സ്തനത്തിലെ മുഴകളും കല്ലിപ്പുകളും നേരത്തെ കണ്ടുപിടിക്കാന്‍ കഴിയും. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാനും ചികിത്സ തുടങ്ങാനും കഴിയും. ഉള്ളിലേക്കു വലിഞ്ഞുനില്‍ക്കുന്ന മുലക്കണ്ണുകളാണെങ്കില്‍ സ്തനങ്ങളുടെ മധ്യത്തില്‍ നിന്ന് മുലക്കണ്ണിന്റെ ഭാഗത്തേക്കു മെല്ലെ തടവിയാല്‍ മുലക്കണ്ണുകള്‍ പുറത്തേക്ക് കൊണ്ടുവരുവാന്‍ കഴിയും. ഇപ്രകാരം തടവല്‍ കൊണ്ടു ശരിയായില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരും. 

മുലക്കണ്ണുകള്‍ വരണ്ടുപോവുകയോ വിണ്ടുകീറുകയോ ചെയ്യുകയാണെങ്കില്‍ മോയ്‌സ്ച്ചറൈസിങ്ങ് ക്രീം പുരട്ടാം. പക്ഷേ സ്തനങ്ങളിലെ രോമം എടുത്തുകളയാനായി രോമം നീക്കം ചെയ്യുന്ന ക്രീമുകള്‍ ഉപയോഗിക്കരുത്.

കുളികഴിഞ്ഞാല്‍ ടവ്വല്‍കൊണ്ട് സ്തനങ്ങള്‍ അമര്‍ത്തിത്തിരുമ്മാന്‍ പാടില്ല. സ്തനചര്‍മ്മവും മുലക്കണ്ണുകളും വളരെ മൃദുലമായതിനാല്‍ വിണ്ടുകീറാനിടയാവും.

ഭക്ഷണം

സ്തനസൗന്ദര്യം നിലനിര്‍ത്താന്‍ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. സ്തനങ്ങളില്‍ കൊഴുപ്പടിഞ്ഞുകൂടിയാല്‍ വലുപ്പം കൂടും. അതുകൊണ്ട് അമിത വണ്ണം ഉണ്ടാവാതെ നോക്കണം. അതുപോലെ പെട്ടെന്നു വണ്ണം കുറച്ചാല്‍ സ്തനങ്ങളുടെ വലുപ്പം കുറയുന്നതുകൊണ്ട് സ്തനചര്‍മ്മം വലിയാനും സ്തനങ്ങള്‍ തൂങ്ങുവാനുമിടയുണ്ട്. കൊഴുപ്പു കൂടുതലുള്ളതും എണ്ണയില്‍ വറുത്തുപൊരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം. ഭക്ഷണത്തിന് ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍, സോയാബീന്‍, നാരടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. മൈദ, നെയ്യ്, വെണ്ണ, ബേക്കറി സാധനങ്ങള്‍, ഫാസ്റ്റ് ഫുഡ്, എന്നിവ ഒഴിവാക്കുക. സമീകൃതാഹാരം കഴിക്കുക. അധികം ഉപ്പും പഞ്ചസാരയും ഒഴിവാക്കുക.

ബ്രേസിയര്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്തനങ്ങളുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ഏറ്റവും പ്രധാനം ശരിയായ അളവിലും വലുപ്പത്തിലുമുള്ള മുലക്കച്ച (ബ്രേസിയര്‍ അഥവാ ബ്രാ) ധരിക്കുക എന്നതാണ്. 

സ്തനവളര്‍ച്ച തുടങ്ങുന്ന കൗമാരഘട്ടത്തില്‍ത്തന്നെ പെണ്‍കുട്ടികള്‍ ബ്രാ ധരിച്ചുതുടങ്ങണം. സ്തനങ്ങള്‍ വളരുന്നതിനനുസരിച്ച് ബ്രായുടെ സൈസും മാറ്റണം. സ്തനങ്ങളുടെ അളവും കപ്പ്‌സൈസും അളന്നതിനുശേഷം അതിനുപറ്റിയ ബ്രാ തെരഞ്ഞെടുക്കുക.

ബ്രാ ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്തനങ്ങള്‍ക്കു യോജിച്ച വലുപ്പത്തിലുള്ള ബ്രാ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അധികം ഇറുക്കമുള്ളതോ തോളില്‍ അയഞ്ഞുതൂങ്ങുന്ന സ്ട്രാപ്പുകള്‍ ഉള്ളതോ ആയ ബ്രാകള്‍ ധരിക്കരുത്. സ്തനങ്ങള്‍ക്കാവശ്യമായ താങ്ങുനല്‍കുന്ന ബ്രാ ധരിക്കുക. വേണ്ടത്ര താങ്ങു ലഭിച്ചില്ലെങ്കില്‍ സ്തനങ്ങളെ നെഞ്ചുമായി ചേര്‍ത്തുപിടിക്കുന്ന ലിഗമെന്റുകള്‍ വലിയാനും അതിന്റെ ഫലമായി സ്തനങ്ങള്‍ തൂങ്ങാനുമിടയുണ്ട്. വലിയ സ്തനങ്ങളാണെങ്കില്‍ തീര്‍ച്ചയായും താങ്ങുകൊടുക്കണം. ഇറുക്കമുള്ള ബ്രാ ധരിച്ചാല്‍ പുറംവേദന, കഴുത്തുവേദന, തോള്‍ സന്ധിയില്‍ വേദന എന്നിവയുണ്ടാവാം.

രാത്രിയില്‍ ഇറുക്കമുള്ള ബ്രാ ധരിച്ചുകൊണ്ട് കിടക്കരുത്. ഉറങ്ങുമ്പോള്‍ ബ്രാ അയച്ചുവിടുകയോ അഴിച്ചുവിടുകയോ ചെയ്യണം.

കോട്ടണ്‍ കൊണ്ടുള്ള ബ്രാ ആണ് നല്ലത്. വിയര്‍പ്പു വലിച്ചെടുക്കാന്‍ ഇത്തരം ബ്രായാണ് ഉപകാരപ്പെടുന്നത്. നൈലോണ്‍ പോലുള്ള സിന്തറ്റിക് തുണികൊണ്ടുള്ള ബ്രാ ഉപയോഗിച്ചാല്‍ വിയര്‍പ്പ് ഉണങ്ങുകയില്ലെന്നു മാത്രമല്ല അലര്‍ജി ഉണ്ടാവാനും സാധ്യതയുണ്ട്.

ഇളം നിറങ്ങളുള്ള ബ്രാകള്‍ വാങ്ങുക. കറുത്തനിറം ഒഴിവാക്കുക. 

പാഡ് വെച്ച ബ്രാ, സ്‌പോര്‍ട് ബ്രാ, കമ്പികള്‍ ഘടിപ്പിച്ച ബ്രാ എന്നിവ കൂടുതല്‍ നേരം ധരിക്കരുത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top