വന്‍കുടലിലെ കാന്‍സര്‍

ഡോ. (മേജര്‍) നളിനി ജനാര്‍ദനന്‍ No image

പുരുഷന്മാരെപ്പോലെ സ്ത്രീകളിലും വന്‍കുടലില്‍ കാന്‍സര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. വയറ്റിലെ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന കോളോ റെക്ടല്‍ കാന്‍സര്‍ (ഇീഹീൃലരമേഹ ഇമിരലൃ) ആണ്. ഇത് ഏതു പ്രായത്തിലും ഉണ്ടാവാമെങ്കിലും 40 വയസ്സു കഴിഞ്ഞവരില്‍ അര്‍ബുദ സാധ്യത കൂടുതലാണ്. ഇത് നേരത്തേ കണ്ടുപിടിച്ചാല്‍ പൂര്‍ണമായി ചികിത്സിച്ചു മാറ്റാന്‍ കഴിഞ്ഞേക്കാം. പക്ഷേ, അവസാനഘട്ടങ്ങളില്‍ രോഗം ചികിത്സിച്ചു മാറ്റാന്‍ വിഷമമാണ്.

 

കാരണങ്ങള്‍

1. പാരമ്പര്യം: ഫാമീലിയല്‍ അഡിനോമാറ്റസ് പോളിപ്പോസിസ് (Familial Adenomatous Poliyposis) ഹെറിഡിറ്ററി നോണ്‍ പോളിപ്പോസിസ് കോളോറെക്ടല്‍ കാന്‍സര്‍ (Hereditary Non Polyposis Colorectal Cancer)  എന്നിങ്ങനെയുള്ള തരത്തില്‍ പെട്ട അര്‍ബുദങ്ങള്‍ പാരമ്പര്യമായി ലഭിക്കാനിടയുണ്ട്. മാതാപിതാക്കള്‍ക്ക് ഇത്തരം രോഗങ്ങള്‍ ഉണ്ടെങ്കില്‍ മക്കള്‍ക്കിത് ഉാവാന്‍ 50 ശതമാനം സാധ്യതയുണ്ട്. ഇത്തരം കാന്‍സര്‍ ജീനുകള്‍ ലഭിച്ച മക്കള്‍ക്ക് പിന്നീട് കാന്‍സര്‍ ഉണ്ടാവാന്‍ 100 ശതമാനം സാധ്യതയുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് അഛനമ്മമാര്‍ക്കോ സഹോദരങ്ങള്‍ക്കോ ഇത്തരം അര്‍ബുദങ്ങളുണ്ടെങ്കില്‍ ഇടക്കിടെ ഡോക്ടറെ കാണിച്ച് അര്‍ബുദമുണ്ടോ എന്നറിയാനുള്ള പരിശോധന നടത്താന്‍ ശ്രദ്ധിക്കുക.

2. വന്‍കുടലിലെ മുഴകള്‍ (Polyps): വന്‍കുടലിലെ ഏറ്റവും ഉള്ളിലെ പാളിയില്‍നിന്നാണ് അര്‍ബുദകോശങ്ങള്‍ ഉണ്ടാവുന്നത്. ഇത് മുഴകള്‍ (Polyps) ആയി തുടങ്ങാറുണ്ട്. ഈ മുഴകള്‍ രണ്ടു തരത്തിലാവാം - കാന്‍സര്‍ അല്ലാത്ത മുഴ(Benign Polyp)യും കാന്‍സര്‍ ആയ മുഴയും (Malyinant Polyp). വന്‍കുടലില്‍ ഇത്തരം മുഴകളുണ്ടെങ്കില്‍ അവ വളരെ സാവധാനത്തില്‍ വളര്‍ന്ന് അര്‍ബുദമാവാന്‍ സാധ്യതയുള്ളതിനാല്‍ അവയെ ശസ്ത്രക്രിയ വഴി നീക്കം ചെയ്യണം. കോളോണോസ്‌കോപ്പി എന്ന പരിശോധന ഉപയോഗിച്ച് മുഴകള്‍ കണ്ടെത്താനും നീക്കം ചെയ്യാനും കഴിയും. മുഴകള്‍ അര്‍ബുദസ്വഭാവമുള്ളതാണെങ്കില്‍ ചിലപ്പോള്‍ വന്‍കുടലിനെ ആഴത്തില്‍ ബാധിക്കാനിടയുണ്ട്. അപ്പോള്‍ വന്‍കുടലിന്റെ ഭാഗവും അതോടൊപ്പം നീക്കം ചെയ്യേണ്ടിവന്നേക്കാം. മുഴകള്‍ നീക്കം ചെയ്തശേഷവും അവ വീണ്ടും ഉണ്ടാവുന്നുണ്ടോ എന്ന് ഇടക്കിടെ പരിശോധിച്ചുകൊണ്ടിരിക്കണം.

3. പുകവലി: പുകവലിയും അര്‍ബുദവുമായി ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പുകവലിക്കുന്ന ശീലമുള്ളവരില്‍ അര്‍ബുദ സാധ്യത കൂടുതലാണ്.

4. ഭക്ഷണരീതി: ആട്, പന്നി, പോത്ത്, പശു എന്നിവയുടെ മാംസം കൂടുതലായി കഴിക്കുന്നവര്‍, കൊഴുപ്പു കൂടുതലുള്ളതും എണ്ണയില്‍ വറുത്തു പൊരിച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നവര്‍ എന്നിവര്‍ക്ക് അര്‍ബുദമുണ്ടാവാന്‍ സാധ്യത കൂടുതലാണ്.

 

വന്‍കുടലിലെ കാന്‍സര്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലുള്ളവര്‍

1. വന്‍കുടലില്‍ മുഴകള്‍ (Polyps), പോളിപ്പോസിസ് (Polyposis)  എന്നീ രോഗങ്ങള്‍ ഉള്ളവര്‍.

2. വന്‍കുടലില്‍ കാന്‍സറുണ്ടായിരുന്നവരുടെ കുട്ടികളും അടുത്ത ബന്ധുക്കളും.

3. കുറേ കാലമായി വന്‍കുടലില്‍ അള്‍സറേറ്റീവ് കൊളൈറ്റിസ് (Ulcerative Colitis) എന്ന രോഗം ബാധിച്ചവര്‍

4. ഹെറിഡിറ്ററി നോണ്‍ പോളിഫ്‌ളോസിസ് കോളോറെക്ടല്‍ കാന്‍സര്‍ (HNPCC) എന്ന അര്‍ബുദം ബാധിച്ചവരുടെ അടുത്ത ബന്ധുക്കള്‍.

5. പുകവലിക്കുന്ന ശീലം, തെറ്റായ ജീവിത ശൈലി, ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി എന്നിവയുള്ളവര്‍.

 

രോഗനിര്‍ണയം

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കാണിച്ച് പരിശോധനകള്‍ നടത്തേണ്ടതാണ്. ഡോക്ടറെ കാണിക്കുമ്പോള്‍ പുകവലി ശീലം, ഭക്ഷണരീതി, പാരമ്പര്യം, കഴിക്കുന്ന മരുന്നുകള്‍ (പ്രത്യേകിച്ചും ആസ്പിരിന്‍ പോലുള്ളവ) എന്നിവയെക്കുറിച്ച് ഡോക്ടറോട് പറയണം.

1. മലാശയ പരിശോധന: രോഗിയെ മുഴുവനായി പരിശോധിച്ചശേഷം ഡോക്ടര്‍ മലദ്വാരത്തില്‍ ഗ്ലൗസിട്ട വിരല്‍ ഉപയോഗിച്ചുള്ള മലാശയ പരിശോധന (Rectal Examination)  നടത്തുന്നു. അതിനു പുറമെ പ്രോക്‌ടോസ്‌കോപ്പ് (Proctoscope)  എന്ന ഉപകരണം മലദ്വാരത്തില്‍ കടത്തിയും മലാശയപരിശോധന നടത്തുന്നു.

2. ഫീക്കല്‍ ഒക്കള്‍ട്ട് ബ്ലഡ് ടെസ്റ്റ്  (Faecal Occult Blood Test അഥവാ FOBT): ഈ ലളിതമായ പരിശോധന വഴി മലത്തില്‍ രക്തം കലര്‍ന്നിട്ടുണ്ടോ എന്നു കണ്ടെത്താം. ഇത് പോസിറ്റീവ് ആണെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടിവരും. വന്‍കുടലില്‍ കാന്‍സര്‍ ഉണ്ടാവാന്‍ സാധ്യതയുള്ളവര്‍ എല്ലാ വര്‍ഷവും FOBT നടത്തണമെന്ന് ലോകാരോഗ്യ സംഘടന (WHO) നിര്‍ദേശിക്കുന്നു.

3. ബേരിയം എനീമ (Barium Enema): വന്‍കുടലിന്റെ എല്ലാ ഭാഗങ്ങളുടെയും പ്രത്യേക എക്‌സ്-റേ എടുക്കുന്ന പരിശോധനയാണിത്.

4. കൊളോണോസ്‌കോപ്പി (Colonoscopy): ട്യൂബ്‌പോലെയുള്ള ഒരു ഉപകരണം മലദ്വാരത്തിലൂടെ കടത്തി വന്‍കുടലിന്റെ ഉള്‍ഭാഗം നിരീക്ഷിക്കുന്ന പരിശോധനയാണ് കൊളോണോസ്‌കോപ്പി. മുമ്പ് വിവരിച്ച പോലെ വന്‍കുടലിലെ മുഴകള്‍ കണ്ടെത്താനും നീക്കം ചെയ്യാനും ഇതുപകരിക്കുന്നു. വന്‍കുടലിന്റെ ഇടതുഭാഗം മാത്രം നിരീക്ഷിക്കുന്നതിനെ സിഗ്മോയ്‌ഡോസ്‌കോപ്പി (Sigmoidoscopy)  എന്നു പറയുന്നു. നിരീക്ഷിച്ച ശേഷം പല ഭാഗങ്ങളുടെയും ഫോട്ടോ എടുക്കാനും സംശയകരമായ കോശങ്ങള്‍ പരിശോധനക്കെടുക്കാനും (Biopsy)  ചില രോഗികളില്‍ രക്തസ്രാവം നിര്‍ത്താനും കൊളോണോസ്‌കോപ്പി ഫലപ്രദമാണ്. അര്‍ബുദം കൂടുതല്‍ വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍, സി.ടി സ്‌കാന്‍ (CT Scan), എം.ആര്‍.ഐ (MRI) എന്നിവ നടത്തുന്നു.

അര്‍ബുദ സാധ്യതയുള്ളവര്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ Flexible Sigmoidoscopy  എന്ന പരിശോധന നടത്തുന്നത് നന്നായിരിക്കും.

 

ചികിത്സ

കാന്‍സറിന്റെ ഘട്ടമനുസരിച്ച് ചികിത്സ തീരുമാനിക്കുന്നു. ആദ്യഘട്ടത്തില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ചികിത്സിച്ചു മാറ്റാന്‍ കഴിഞ്ഞേക്കാം. പക്ഷേ, അവസാന ഘട്ടങ്ങളാണെങ്കില്‍ രോഗം പൂര്‍ണമായി മാറ്റാന്‍ കഴിയില്ല.

 

ശസ്ത്രക്രിയ

അര്‍ബുദം വന്‍കുടലിന്റെ ഏതു ഭാഗത്താണ്, ഏതു ഘട്ടത്തിലാണ്, എത്രത്തോളം വ്യാപിച്ചു എന്നീ കാര്യങ്ങള്‍ അനുസരിച്ച് ശസ്ത്രക്രിയയുടെ രീതിക്ക് വ്യത്യാസമുണ്ടാവും. വയര്‍ തുറന്നുള്ള ശസ്ത്രക്രിയയാണ് മുമ്പ് സാധാരണയായി നടത്തിയിരുന്നത്. പക്ഷേ, ഇപ്പോള്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. രണ്ടുതരം ശസ്ത്രക്രിയയിലും അര്‍ബുദം ബാധിച്ച കുടലിന്റെ ഭാഗം നീക്കം ചെയ്യുന്നു.

മലാശയത്തിന്റെ അവസാനഭാഗത്താണു മുഴയെങ്കില്‍ മലദ്വാരം വഴി ശസ്ത്രക്രിയ നടത്തി അത് മുറിച്ചു മാറ്റുന്നു. വന്‍ കുടലിന്റെ വലതുഭാഗത്തു നടത്തുന്ന ശസ്ത്രക്രിയ Colectomy  എന്നും ഇടതുഭാഗത്തു നടത്തുന്നതിനെ Left Colectomy എന്നും മുഴുവന്‍ അര്‍ബുദം ബാധിച്ചതാണെങ്കില്‍ വന്‍കുടല്‍ പൂര്‍ണമായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയെ Total Colectomy എന്നും പറയുന്നു. വന്‍കുടലില്‍ അര്‍ബുദം ബാധിച്ച ഭാഗത്തിനടുത്തുള്ള ലിംഫ് ഗ്രന്ഥികളെയും ലിംഫ് കുഴലുകളെയും മുറിച്ചു മാറ്റുന്നതിനെ ലിംഫ് നോഡ് ഡിസക്ഷന്‍ (Lymph Node Dissection)  എന്നു പറയുന്നു.

 

താക്കോല്‍ദ്വാര ശസ്ത്രക്രിയ (Laproscopic Surgery) 

ശരീരത്തില്‍ താക്കോല്‍ദ്വാരം പോലെ ചെറിയ മുറിവുകള്‍ ഉണ്ടാക്കി അതിലൂടെ ഉപകരണങ്ങള്‍ കടത്തി ശസ്ത്രക്രിയ ചെയ്യുന്ന രീതിയാണിത്. ഇതിന്റെ മുമ്പായി കൊളോണോസ്‌കോപ്പിയോ സി.ടി സ്‌കാനോ ഉപയോഗിച്ച് മുഴയുടെ സ്ഥാനം നിര്‍ണയിക്കുന്നു.

 

ഗുണങ്ങള്‍

1. വലിയ മുറിവുകളുണ്ടാക്കി ശസ്ത്രക്രിയ നടത്തുമ്പോഴുള്ളതുപോലെയുള്ള വേദന ഇതില്‍ കുറവായിരിക്കും.

2. ആശുപത്രിയില്‍ അധികദിവസം കിടക്കേണ്ടി വരില്ല. വേഗം മുറിവുണങ്ങുന്നതിനാല്‍ രോഗിയെ നേരത്തേ വീട്ടിലേക്കയക്കാന്‍ കഴിയും.

3. കുടലിന്റെ പ്രവര്‍ത്തനം സാധാരണപോലെയാവാന്‍ കാലതാമസമെടുക്കാറില്ല.

4. രോഗിക്ക് നേരത്തേ തന്നെ ആഹാരം കഴിച്ചുതുടങ്ങാം.

5. വയറു തുറന്നുള്ള ശസ്ത്രക്രിയയില്‍ ഉണ്ടാകുന്നതുപോലെ രോഗപ്രതിരോധശക്തിയുടെ കുറവും അണുബാധയും ഉണ്ടാവാനുള്ള സാധ്യത താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ താരതമ്യേന കുറവായിരിക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top