ദാമ്പത്യ പ്രശ്‌നം കുടുംബത്തെ ഉലക്കുമ്പോള്‍

ഡോ. നൗഫല്‍ കള്ളിയത്ത് No image

കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഭാര്യാഭര്‍തൃ ബന്ധത്തെ സാരമായി ബാധിക്കുന്നു്. ഇത് പലവിധ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. സാമൂഹിക വളര്‍ച്ചയില്‍ വ്യക്തികളെ സംബന്ധിച്ച് വിവാഹത്തിനും കുടുംബ ജീവിതത്തിനും ഉയര്‍ന്ന സ്ഥാനമാണ് ഉള്ളത്. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ ദാമ്പത്യത്തിലും കുടുംബബന്ധങ്ങളിലും അടിസ്ഥാനപരമായിത്തന്നെ പല തരത്തിലുള്ള മാറ്റങ്ങളും ഉളവായതായി കാണാന്‍ കഴിയും.
ദാമ്പത്യമിന്ന് കെട്ടുറപ്പില്ലാത്ത ബന്ധമായി. ഇതിന് ഒട്ടേറെ കാരണങ്ങളു്. ഭാര്യാഭര്‍തൃ ബന്ധത്തിന്റെ കെട്ടുറപ്പില്ലായ്മയുടെ ഫലമായി കുടുംബത്തിന്റെ ശിഥിലീകരണം പ്രതിരോധിക്കാന്‍ സാധിക്കാത്തവിധം ശക്തമാണ്. കുടുംബബന്ധങ്ങളിലുണ്ടാകുന്ന സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളുമെല്ലാം ശാസ്ത്രീയമായി പരിഹരിച്ചില്ലെങ്കില്‍ വന്‍ ദുരന്തമാവും ഫലം. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ സംഘര്‍ഷങ്ങളാണ് കുടുംബത്തെ ശിഥിലമാക്കുന്നതില്‍ പ്രധാനം. ഇത് ശാരീരികവും മാനസികവും ആകാം. ശാരീരിക സംഘര്‍ഷം പങ്കാളികള്‍ തമ്മിലുള്ള മാനസിക-ശാരീരിക അകല്‍ച്ചക്ക് ആക്കം കൂട്ടും. മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, പരസ്ത്രീ-പുരുഷ ബന്ധങ്ങള്‍, മറ്റു ദുഷിച്ച പ്രവണതകള്‍ എല്ലാം ഇതിന് കാരണമാകും. മനോസംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതോടെ ശാരീരികമായ അസുഖങ്ങളിലേക്ക് ഇതു വഴിമാറുന്നു. തുടര്‍ന്ന്  ഭാര്യാ ഭര്‍ത്താക്കന്മാരുടെ ശാരീരിക ബന്ധത്തില്‍ പൊരുത്തകേടുകള്‍ സംഭവിക്കും.
ദാമ്പത്യ ബന്ധം സുദൃഢമാക്കുന്നതില്‍ വളരെ പ്രധാനമാണ് ശാരീരികവേഴ്ച. ശാരീരിക ബന്ധത്തില്‍ വരുന്ന പൊരുത്തക്കേടുകള്‍ ദാമ്പത്യത്തെ തകര്‍ക്കുകയാണ് ചെയ്യുക. മാനസികമായ പൊരുത്തമില്ലായ്മ ശാരീരിക ബന്ധത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇത് ശാരീരിക അകല്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യും. അതുപോലെത്തന്നെയാണ് പങ്കാളികളില്‍ ആര്‍ക്കെങ്കിലും സംഭവിക്കുന്ന മനോ-ശാരീരിക പ്രശ്‌നങ്ങള്‍. ചെറുതും വലുതുമായ മനോ-ശാരീരിക പ്രശ്‌നങ്ങള്‍ കുടുംബബന്ധത്തെ തകരാറിലാക്കും. പങ്കാളിയെ മാനസികമായി അകറ്റാനും ഇതു കാരണമാകും. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന  സാമ്പത്തിക പ്രശ്‌നങ്ങളും അകല്‍ച്ചക്ക് കാരണമാകാം. സാമ്പത്തിക തകര്‍ച്ചയില്‍ കുടുംബ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കുകയും പ്രതിസന്ധികള്‍ ഉളവാകുകയും ചെയ്യും. കൂടാതെ പങ്കാളിയുടെ വിവാഹേതര ബന്ധങ്ങളോ, വിവാഹപൂര്‍വ ബന്ധങ്ങളോ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും പങ്കാളികള്‍ തമ്മില്‍ അവിശ്വാസത്തിന് കാരണമാവുകയും ചെയ്യും.
മറ്റൊന്ന് ഭാര്യാഭര്‍ത്താക്കന്മാരുടെ കുടുംബവുമായോ, കുടുംബാംഗങ്ങളുമായോ ഉള്ള സംഘര്‍ഷങ്ങളാണ്.  ഇത്തരം സംഘര്‍ഷങ്ങള്‍ പൊതുവെ കണ്ടുവരുന്നത് ഭാര്യാഭര്‍തൃ മാതാപിതാക്കളുമായോ സഹോദരീ സഹോദരന്മാരുമായോ മറ്റു കുടുംബാംഗങ്ങളുമായോ ആണ്. ഇത്തരം സംഘര്‍ഷങ്ങള്‍ പരിധി വിടുമ്പോള്‍ ഭാര്യാഭര്‍തൃ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉളവാകും. ഭാര്യക്കും ഭര്‍ത്താവിനും അവരവരുടെ മാതാപിതാക്കളെയോ സഹോദരീ സഹോദരന്മാരെയോ കുടുംബാംഗങ്ങളെയോ പിണക്കാന്‍ കഴിയാതെവരികയും പങ്കാളിയെ (ഭാര്യ, ഭര്‍ത്താവ്) പൂര്‍ണമായി ഉള്‍ക്കൊള്ളേണ്ടിവരികയും ചെയ്യുമ്പോള്‍ മനോസംഘര്‍ഷത്തില്‍ പെട്ടുപോകുന്നു. ഇത് ഭാവിയില്‍ നല്ല ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തും.
അതുപോലെത്തന്നെ പ്രായമായ കുടുംബാംഗങ്ങളെ പരിചരിക്കുന്ന കാര്യത്തിലും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തിലും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സംഘര്‍ഷം ഉളവാകുക സാധാരണമാണ്. പങ്കാളികള്‍ പരസ്പരധാരണയോടെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് പരിഹരിക്കുകയാണെങ്കില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
കുടുംബ ബന്ധങ്ങളുടെ സ്ഥിരതയും ദൃഢതയുമെല്ലാം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇന്നുള്ളത്. പഴയതില്‍നിന്ന് വ്യത്യസ്തമായി കുടുംബത്തിന്റെ പരമ്പരാഗത ഘടനയില്‍ സാരമായ മാറ്റം ഉളവായിട്ടുണ്ടെന്നു കാണാം. പഴയ കാലത്തെപ്പോലെ വലിയ കുടുംബം (കൂട്ടുകുടുംബം) ഇന്ന് കാണാന്‍ കഴിയില്ല. പകരം ചെറിയ കുടുംബമാണ്. അതിന് അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. ചെറുകുടുംബം അഥവാ അണുകുടുംബം പലവിധ പ്രശ്‌നങ്ങളാലും പ്രയാസങ്ങളാലും സംഘര്‍ഷപൂരിതമായിരിക്കും. കൂട്ടുകുടുംബമാണെങ്കില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ അവര്‍ക്ക് കഴിയും. പരസ്പരമുള്ള സംഭാഷണങ്ങളിലൂടെയും കൊടുക്കല്‍ വാങ്ങലിലൂടെയും ഇത്തരം സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടും. എന്നാല്‍ അണുകുടുംബത്തില്‍ എല്ലാ പ്രശ്‌നങ്ങളും തനിച്ച് പരിഹരിക്കേണ്ടതായി വരും. ഇത് മനോ-ശാരീരിക സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുക.
അതുപോലെത്തന്നെ അണുകുടുംബത്തില്‍ പങ്കാളികളുടെ വേര്‍പിരിയലും വിവാഹമോചനവും എളുപ്പത്തില്‍ സംഭവിക്കുന്നതും കാണാം. ആധുനിക സമൂഹത്തില്‍ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങളോ വര്‍ഷങ്ങളോ പിന്നിടുമ്പോഴേക്കും വിവാഹമോചനത്തിനുള്ള തയാറെടുപ്പിലാവും ദമ്പതികള്‍. പരസ്പരം സഹിക്കാനും ക്ഷമിക്കാനും പൊറുക്കാനും കഴിയാത്തതാണ് വേര്‍പിരിയലിനുള്ള കാരണം. ആധുനിക കുടുംബഘടനയില്‍ പുരുഷാധിപത്യ പ്രവണതയെ ചോദ്യം ചെയ്യുന്നതിലേക്ക് പങ്കാളി കടന്നുവരുന്നതായി കാണാം. ഇതിന് കാരണമായി പൊതുവെ പറയപ്പെടുന്നത് സ്ത്രീ പങ്കാളിക്ക് ലഭിക്കുന്ന ആധുനിക വിദ്യാഭ്യാസവും തൊഴിലവസരങ്ങളും സാമ്പത്തിക മേന്മയുമൊക്കെയാണ്. അതുപോലെത്തന്നെ കുടുംബത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശവും അധികാരവും ആധുനിക സ്ത്രീകള്‍ക്കുണ്ട്. വീടിനകത്താണെങ്കില്‍ പോലും പുരുഷാധിപത്യം സ്ത്രീ സമൂഹത്തിനനുവദിച്ചുനല്‍കാത്ത അവകാശങ്ങള്‍ക്കോ ചിന്താഗതികള്‍ക്കോ എതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ അവിടെ സംഘര്‍ഷം ഉളവാകുന്നു.  ഇതു കുടുംബത്തില്‍, കുടുംബ ബന്ധത്തില്‍ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കും. അതുപോലെത്തന്നെ കുടുംബത്തില്‍ വിവേചനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും അന്തരീക്ഷത്തെ ചോദ്യം ചെയ്യുന്നതും, ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സംഘര്‍ഷത്തിന് കാരണമാകും.
ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഉളവാകുന്ന വാക്‌പോരുകളോ, തുടര്‍ന്ന് സംഭവിക്കുന്ന ശാരീരിക പീഡനങ്ങളോ ഒക്കെ പങ്കാളിയില്‍ മനോ-ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. തുടര്‍ന്ന് ഇത് വിവാഹമോചനത്തിലേക്ക് വഴിമാറുകയാണ് ചെയ്യുക. പിന്നീടുള്ള അവരുടെ ജീവിതം ദുസ്സഹവും പ്രതിസന്ധികളെ പ്രതിരോധിച്ചുകൊണ്ടുള്ളതുമാകും. 
വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചുകഴിയുന്നതോടെ ഭാര്യാഭര്‍ത്താക്കന്മാരുടെ പ്രതീക്ഷകള്‍ പലതും നിറവേറപ്പെടുന്നില്ലെന്ന് മനസ്സിലാകുമ്പോള്‍ ചോദ്യം ചെയ്യപ്പെടലുകള്‍ സ്വാഭാവികമായിരിക്കും. വിവാഹ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ വിവാഹമോചനം വര്‍ധിച്ചുവരുന്നതിന്റെ കാരണവും മറ്റൊന്നല്ല.  ദാമ്പത്യത്തില്‍ ഭാര്യാഭര്‍തൃ സംഘര്‍ഷങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത് വീട്ടിലെ പ്രായമായവരെയും കുട്ടികളെയുമായിരിക്കും. മാതാപിതാക്കളുടെ വഴക്കും വേറിട്ടുള്ള ജീവിതവും കുട്ടികളില്‍ മനോ-ശാരീരിക പ്രശ്‌നങ്ങള്‍ ഉളവാക്കും. പ്രായമായവരാണെങ്കില്‍ പരിചരണക്കുറവും, വൈദ്യസഹായ കുറവുമെല്ലാം അവരുടെ ജീവിതത്തെ ദുസ്സഹമാക്കുകയാണ് ചെയ്യുക.
ഭാര്യാഭര്‍തൃ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ അടിസ്ഥാനപരമായി ഉടലെടുക്കുന്നത് ശാരീരിക ബന്ധത്തിലെ പൊരുത്തക്കേടുകളില്‍നിന്നാണെന്ന് വിദഗ്ധന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കിടപ്പറയിലെ ഭാര്യാഭര്‍തൃ ബന്ധത്തിലെ അറിവില്ലായ്മയും, പുരുഷാധിപത്യ പ്രവണതകളും പങ്കാളിയുടെ (ഭാര്യ) ഇഷ്ടാനിഷ്ടങ്ങളറിയാതെ, അറിയാന്‍ ശ്രമിക്കാതെയുള്ള ഏകപക്ഷീയമായ കീഴടക്കലും മറ്റും പലപ്പോഴും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉളവാക്കാറുണ്ട്. കിടപ്പറയില്‍നിന്നുള്ള പങ്കാളിയുടെ തിരസ്‌കരണത്തിന്റെ കാര്യകാരണങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അടിസ്ഥാന കാരണങ്ങള്‍ എന്തെന്ന് ബോധ്യപ്പെടും.
ദാമ്പത്യം സുദൃഢമാക്കാന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ആരോഗ്യകരമായ ആശയവിനിമയം കൊണ്ട് സാധിക്കും. ഭാര്യാഭര്‍തൃ ബന്ധത്തിന്റെ ഹൃദ്യതയുടെ അടിത്തറയാണ് ആശയവിനിമയം. പലപ്പോഴും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഏകപക്ഷീയമായ ആശയവിനിമയമാകും അവിടെ സാധ്യമാക്കുന്നത്.
ഭാര്യയോ ഭര്‍ത്താവോ നടത്തുന്ന ഏകാധിപത്യത്തിലധിഷ്ഠിതമായ സംഭാഷണം ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉളവാക്കുകയും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ അധികരിപ്പിക്കുകയും ചെയ്യും. പങ്കാളികള്‍ പരസ്പരം ആരോഗ്യകരമായ ആശയവിനിമയം സാധ്യമാക്കുകയാണ് വേണ്ടത്. ഭാര്യാഭര്‍തൃബന്ധം സുദൃഢമാകണമെങ്കില്‍ പങ്കാളിയുടെ അസംതൃപ്തിയുടെ കാരണം തിരിച്ചറിയേണ്ടതുണ്ട്. ദാമ്പത്യത്തില്‍ സംഘര്‍ഷം സ്വാഭാവികമാണ്. അത് പരിഹരിക്കാന്‍ ആവശ്യങ്ങളും ആഗ്രഹങ്ങളും തിരിച്ചറിയാന്‍ സാധിക്കുക എന്നത് പ്രധാനമാണ്. പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ആശയവിനിമയം സാധ്യമാക്കുകയും ചെയ്യേണ്ടതുണ്ട്.
കുടുംബബന്ധത്തില്‍, ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഉളവാകുന്ന പ്രശ്‌നങ്ങളുടെ അടിവേരുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ വിദഗ്ധനായ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാവുന്നതാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top