ഹൃദയങ്ങളോട് പറയാനുള്ളതെല്ലാം

ഷഹീറ നജ്മുദ്ധീന്‍ No image

ഒരു പ്രകാശമായി എന്നിലേക്ക് കയറിവന്ന ഒരു കൃതിയാണ് എഴുത്തുകാരനും അധ്യാപകനുമായ എ.കെ അബ്ദുല്‍ മജീദിന്റെ ഹൃദയ വെളിച്ചം എന്ന പുസ്തകം. നാം കാത്തിരിക്കുന്ന പ്രത്യാശയുടെയും ആനന്ദത്തിന്റെയും സാരോപദേശങ്ങളുടെയും സമാഹാരമാണിത്.  നാഗരികതയുടെ കെട്ടുകാഴ്ചകള്‍ മനുഷ്യന്റെ സ്വഭാവത്തിലും ജീവിത സമീപനത്തിലും വരുത്തിയ അരുതായ്മകളെ മാറ്റിയെടുക്കാന്‍ ഉതകുന്ന, മനുഷ്യനില്‍ നന്മയും ഉത്കൃഷ്ട സ്വഭാവവും വളര്‍ത്തിയെടുക്കുന്ന കാവ്യ ഭാഷയില്‍ രചിച്ച കൃതി.
വ്യത്യസ്ത മത, ദാര്‍ശനിക, നാഗരിക പ്രത്യയശാസ്ത്രങ്ങളില്‍ ഊന്നിക്കൊണ്ട് നന്മയുടെ വെട്ടം കണ്ടെത്തുന്ന തരത്തിലുള്ളതാണ് പുസ്തകത്തിലെ ഓരോ അധ്യായവും.
വഴിയമ്പലത്തിന്റെ ഓര്‍മപ്പെടുത്തലിലൂടെ കഥ പറഞ്ഞ് ജീവിതത്തിന്റെ ക്ഷണികതയെ ഓര്‍മിപ്പിച്ചു കൊണ്ടാണ് തുടക്കം. 'രാജാക്കന്മാര്‍' എന്ന അധ്യായത്തില്‍ നാം ഓരോരുത്തരും നമുക്കു വേണ്ടി ഉണ്ടാക്കിവെക്കുന്ന നാളെയുടെ പണിപ്പുരയാണ് ഇന്ന് എന്ന കാര്യം ഓര്‍മിപ്പിക്കുന്നു.
മറ്റുള്ളവര്‍ക്ക് നാം എന്താണോ നല്‍കുന്നത് അതാണ് നമ്മള്‍. സ്വയം മാലാഖയടെയും ചെകുത്താന്റെയും വേഷം കെട്ടി മറ്റുള്ളവന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നതിനെയാണ് 'ധന്യത' എന്ന ലേഖനം ഓര്‍മിപ്പിക്കുന്നത്. ദുര്‍ബലര്‍ക്കു വേണ്ടി നാം നിലകൊള്ളുബോള്‍ നാം ശക്തനും അപരന് നന്മ ചെയ്യുമ്പോള്‍ അത് സ്വന്തത്തിനു വേണ്ടിയുള്ള നന്മയും ആയിത്തീരുന്നു. സോളമന്‍ രാജാവിനോട് ദൈവം എന്തു വേണം എന്ന് ചോദിച്ചപ്പോള്‍ നിന്റെ ജനതയെ ഭരിക്കാന്‍ നന്മ തിന്മകള്‍ തിരിച്ചറിയാനുള്ള വിവേകം എനിക്ക് നല്‍കേണമേ... എന്ന് ഉത്തരം നല്‍കുന്ന ബൈബിള്‍ കഥ വഴി വിവേകത്തിന് നാം നല്‍കേണ്ട സ്ഥാനത്തെ ബോധ്യപ്പെടുത്തുന്നു.
ആരോഗ്യമുള്ള മനസ്സില്‍നിന്നും വിടരുന്ന ചിരി ഉത്തേജകവും അസുഖത്തെ കുടിയൊഴിപ്പിക്കുന്നതുമാണെന്ന കാര്യം നബിചര്യയിലൂടെ വിവരിക്കുന്നു. വലിഞ്ഞു മുറുകിയ അന്തരീക്ഷത്തെ ലഘൂകരിക്കാന്‍ ഉളെളാഴിഞ്ഞൊരു ചിരി മതി. അരണ്ട വെളിച്ചത്തിലൂടെ നടന്നു പോകുമ്പോള്‍ ദൃഷ്ടിയില്‍പെടുന്ന കയര്‍ പാമ്പായും പാറ ആനയായും മരക്കുറ്റി കരടിയായും തോന്നുന്നതു പോലെയാണ് തെറ്റിദ്ധാരണകള്‍. മനസ്സില്‍ ഇരുട്ടു കയറുമ്പോഴാണ് അത് ഭീകരരൂപം പ്രാപിക്കുന്നത്. മനസ്സ് പ്രകാശപൂരിതമായാല്‍ തെറ്റായ ചിന്ത അകലും
ഒരു കാക്കക്കും തന്റേതായ ഒരിടമുണ്ട്. നമുക്കോരോരുത്തര്‍ക്കും ഉള്ള ഇടം ഏതെന്ന് നാം കണ്ടെത്തണം. നന്മയുടെ സാധ്യതകള്‍ എവിടെയെന്ന് സ്വയം കണ്ടെത്തി പ്രതികരിക്കാന്‍ കഴിയണം. അപ്പോഴാണ് നാം നന്മയായി മാറുന്നത്. മരണാനന്തര ജീവിതവും ഈശ്വര ചിന്തയും, പ്രസവശേഷവും അതിനു മുമ്പ് ഗര്‍ഭാവസ്ഥയിലും ഉള്ള കുട്ടിയുടെ ജീവിതത്തോടുപമിച്ച് ലളിതമായി പറയുന്നു. തിരക്കുകള്‍ക്കിടയില്‍ മക്കളെയും കുടുംബത്തേയും പരിഗണിക്കാതിരുന്നാല്‍ തിരിച്ചുകിട്ടുന്ന അവഗണനയെ 'വര്‍ത്തമാനമില്ലാത്ത ഭാവി' എന്ന ലേഖനം ഓര്‍മിപ്പിക്കുന്നു. 
കുടുംബവും സമൂഹവും നമ്മില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ നിര്‍വഹിക്കാന്‍ നമുക്ക് കഴിയണം. അന്നത്തിനു വേണ്ടി നാം ചെയ്യുന്ന ജോലി സന്തോഷത്തോടെ ആസ്വദിച്ച് വേണം ചെയ്യാന്‍. എന്തെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയ്യുമ്പോള്‍ മാത്രമേ നമുക്ക് കരുത്തുറ്റ സ്ഥാനത്തേക്ക് ഉയരാന്‍ കഴിയൂ. സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ തെറ്റു ചെയ്തുപോയ വ്യക്തിയെ മനുഷ്യത്വരഹിതമായി ഒറ്റപ്പെടുത്തുകയോ നിന്ദിക്കുകയോ ചെയ്യുന്ന സാമൂഹിക രീതികളെ അവലോകനം ചെയ്യുന്നതാണ് 'കുറ്റവും ശിക്ഷയും' എന്ന ലേഖനം. ഓരോ അബദ്ധവും ഓരോ ജീവിത പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. നാം ചെയ്ത പത്ത് അബദ്ധവും അവയുടെ പാഠങ്ങളും എഴുതി നോക്കാന്‍ നമുക്ക് സമയം കിട്ടുമെങ്കില്‍ അതു തന്നെയാണ് ഏറ്റവും വലിയ വിദ്യാഭ്യാസം. 
ആത്മപീഡ നമുക്ക് ഗുണം ചെയ്യില്ല. ദേഹം സമ്പാദ്യം, ഭാര്യ, ബന്ധുമിത്രാദികള്‍, ആത്മാവ് എന്നിവയെ 4 ഭാര്യമാരായി സങ്കല്‍പ്പിച്ച് നാം അവഗണിക്കുന്ന ആത്മാവാകുന്ന ഭാര്യ മാത്രമേ നമ്മെ അനുഗമിക്കാന്‍ കൂടെയുണ്ടാകൂ എന്ന ഓര്‍മപ്പെടുത്തലിന് നാലു ഭാര്യമാര്‍ എന്ന സുന്ദരമായ കഥ തെരഞ്ഞെടുത്തിരിക്കുന്നു. പൗരോഹിത്യത്തിന്റെ പൊള്ളത്തരത്തെ തുറന്നുകാണിക്കുന്നതാണ് 'പുരോഹിതന്‍' എന്ന കഥ. തയ്യല്‍ക്കാരന്റെ കഥ പറയുന്ന വേറിട്ട ചിന്തകളെ വിവരിക്കുന്ന ഒന്നാണ് അടുത്ത കഥ.
ഭക്ഷണ ശീലങ്ങളെ കോര്‍പ്പറേറ്റുകളില്‍നിന്നും മോചിപ്പിച്ചെടുക്കുന്നതിലൂടെ ഒരു പുതിയ ഭക്ഷ്യ സംസ്‌കാരം വളര്‍ത്തിയെടുത്ത് ലോകത്തിന്റെ പട്ടിണി മാറ്റാന്‍ നമുക്ക്  കഴിയും എന്ന് പറഞ്ഞു തരുന്ന കഥയാണ് 'തീന്മേശ.'
പ്രകൃതി ദൈവത്തിന്റെ അടയാളം നിറഞ്ഞുനില്‍ക്കുന്ന ഒരു വേദപുസ്തകമാണ്. പ്രകൃതിയോട് അടുക്കുമ്പോള്‍ നാം ദൈവത്തെയും മതത്തെയും കൂടുതല്‍ അറിയുന്നു. പ്രയാസങ്ങളുടെ മേഘം പ്രതാപത്തിന്റെ സൂര്യനെ അല്‍പസമയത്തേക്ക് മറച്ചുവെക്കുമ്പോള്‍ മേഘം നീങ്ങി വീണ്ടും സൂര്യന്‍ പ്രത്യക്ഷപ്പെടുമെന്ന് ഓര്‍ക്കാതെ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ പെരുമാറുന്ന മനുഷ്യനെ വിജന ദ്വീപിലെ പശു എന്ന കഥയിലൂടെ പറഞ്ഞു വെക്കുന്നു. 
മാതൃസ്‌നേഹത്തിന്റെ നിറസാന്നിധ്യവും സ്പര്‍ശന സ്‌നേഹപ്രകടനങ്ങളും ഇല്ലാത്ത സ്‌നേഹ ശൂന്യതയാണ് കുറ്റവാളികളെ ജനിപ്പിക്കുന്നതെന്ന ഓര്‍മപ്പെടുത്തല്‍, ജീവിതയാത്രയില്‍ നമ്മെ പിന്തുടരുന്ന അനിഷ്ടങ്ങളും വിദ്വേഷങ്ങളുമാകുന്ന ചുമടുകള്‍ ഇറക്കിവെച്ച് നടന്നില്ലെങ്കില്‍ പാറക്കെട്ടുകളായി രൂപപ്പെട്ട് അത് നമ്മെ പ്രയാസപ്പെടുത്തും എന്ന് ഓര്‍മിപ്പിക്കുന്നു. ഉമ്മയെയും ഭാര്യയെയും രഞ്ജിപ്പിക്കാന്‍ ഭര്‍ത്താവ് ചെയ്ത സൂത്രം പറയുന്നതാണ് ഇതാണ് സ്വര്‍ഗം എന്ന കഥ. എം.ബി.ബി.എസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഓട്ടോക്കാരന്റെ കഥ നമ്മെ ഏവരെയും  അമ്പരപ്പിക്കുന്നു.
അത്യാഗ്രഹം മൂലം അനുഭവിക്കാന്‍ കഴിയാത്ത സ്വന്തം ധനത്തെ ഓര്‍മപ്പെടുത്തുന്നതാണ് 'വേട്ടക്കാരനും കുറുക്കനും' എന്ന കഥ. ജീവിതയാത്രയില്‍ നന്മകള്‍ കൈവന്നാല്‍ അതില്‍ നന്ദി കാണിക്കാനറിയാത്തവരും പ്രയാസം നേരിടുമ്പോള്‍ അത് പ്രപഞ്ചനാഥന്റെ രഹസ്യ യുക്തിയാകാം എന്ന് തൃപ്തിപ്പെടാനും കഴിഞ്ഞാല്‍ നമുക്ക് നേടാന്‍ കഴിയുന്ന സുഖം ഒര്‍മപ്പെടുത്തുന്ന കഥയാണ് 'ജീവിതയാത്രയിലെ നാലു വാഹനം.' കോഴികള്‍ക്കിടയിലെ കുറുക്കന്‍ എന്ന അമേരിക്കന്‍ നാടോടി കഥയിലൂടെ സ്വന്തം കഴിവും യോഗ്യതയും മഹത്വവും തിരിച്ചറിയാതെ പോകുന്നതിനെപ്പറ്റി പറയുന്നു.
നിശ്ചയദാര്‍ഢ്യം, ആത്മവിശ്വാസം, നിരന്തര പരിശ്രമം, പതറാത്ത ശ്രദ്ധ, ഉത്കടമായ ആഗ്രഹം എന്നിവയുണ്ടെങ്കില്‍ അസാധ്യമായത് ഒന്നുമില്ലെന്ന് ഒളിമ്പിക്‌സില്‍ ചരിത്രം സൃഷ്ടിച്ച വില്‍മ റുഡോള്‍ഫിന്റെ ജീവിതകഥയിലൂടെ വിവരിക്കുന്നു.
സമൂഹത്തിലെ പരസ്പര ബന്ധങ്ങള്‍ക്കിടയിലെ തിരക്കിലും തന്നെക്കുറിച്ച് ചിന്തിക്കാന്‍ സമയം കണ്ടെത്തണം എന്ന പാഠം നല്‍കുന്നതാണ് 'രോഗാവസ്ഥകളിലെ ധ്യാനം' എന്ന അധ്യായം. സുഹൃത്തിന്റെ വൈകല്യത്തെ മറച്ചു വെക്കാന്‍ കഴിയുന്ന ഒരു നല്ല കഥ പറയുന്നതാണ് 'രാജാവിന്റെ ചിത്രം.'
ശത്രുവിനെ തോളിലേറ്റിയും കാര്യം നേടാനുള്ള  സര്‍പ്പത്തിന്റെ സാമര്‍ഥ്യം പറയുന്ന  ഒന്നാണ് 'സര്‍പ്പവും തവളയും' എന്ന കഥ.
ജീവിതത്തിന്റെ വില അതിന് നാം നല്‍കുന്ന മഹത്വം പോലെയാണെന്ന് രത്നവ്യാപാരിയുടെ ചിന്തയിലൂടെ പറയുന്നു. രത്‌നവ്യാപാരിക്ക് മാത്രമേ കല്ലിന്റെ യഥാര്‍ഥ വിലയും നന്മയും തിരിച്ചറിയാന്‍ കഴിയൂ.
നമ്മുടേതായ പുതിയ കൂട്ടിച്ചേര്‍ക്കലുകളും സംഭാവനയും നല്‍കുമ്പോഴാണ് പുതുതായി ലോകത്തിന് നമ്മിലൂടെ എന്ത് കിട്ടി എന്നതിന്റെ മഹത്വം മനസ്സിലാവുക എന്ന് ചിത്രകല അഭ്യസിക്കുന്ന ഒരു കൊച്ചു കുട്ടി ഉണ്ടാക്കിയ വര്‍ണ്ണപ്പകിട്ടിന്റെ  ആഹ്ലാദത്തിലൂടെ വിവരിക്കുന്നു. വികാരത്തിന്റെ കുത്തൊഴുക്കില്‍ വിവേകം കടപുഴകി പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒന്നും പൊറുക്കാന്‍ കഴിയാത്ത മനസ്സ് കരിമ്പാറയെ ഓര്‍മിപ്പിക്കുന്നു. 
ആളുകളുടെ വലിപ്പച്ചെറുപ്പം നോക്കി വ്യത്യാസം കല്‍പ്പിക്കുന്ന മനസ്സിന്റെ വികാസമില്ലായ്മയെ കോറിയിടുന്നതാണ് 'യഥാര്‍ഥ സമ്പന്നത' എന്ന അധ്യായം. ഒരു നദി തന്റെ ഒഴുക്കില്‍ വേലിയേറ്റം, വേലിയിറക്കം, വെള്ളച്ചാട്ടം, നീര്‍ച്ചുഴി, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എല്ലാം തരണം ചെയ്ത് ഒഴുകുന്നപോലെ ജീവിതത്തില്‍ നാം കയറ്റിറക്കങ്ങളെ പ്രതീക്ഷിക്കണം. വായനക്കൊടുവില്‍ ദൈവത്തിനും മനുഷ്യര്‍ക്കും ഇഷ്ടപ്പെട്ടവനായി മാറാന്‍ ഉള്ള വഴി പറഞ്ഞുകൊണ്ട് പുസ്തകം അവസാനിക്കുന്നു.
പഞ്ചതന്ത്രം കഥകളെയും സൂഫിക്കഥകളെയും മറികടന്ന് ഒരു കവിതയായി ഒഴുകിവരുന്ന ഇത്തരം കൃതികള്‍ വായനക്ക് മാധുര്യവും ഹൃദയത്തിന് വെളിച്ചവും ചിന്തക്ക് ശക്തിയും പകരുന്നതാണെന്ന് തീര്‍ച്ച.
ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 159 പേജുള്ള പുസ്തകത്തിന് 149 രൂപയാണ് വില.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top