കാതോര്‍ക്കുക, പ്രകൃതി ചിലത് പറയുന്നുണ്ട്

ശഹ്‌ല പെരുമാള്‍ കൊടിഞ്ഞി No image

ആഗസ്റ്റ് മാസത്തിന്റെ പകുതിയോടെ കേരളം വലിയൊരു ദുരന്തമുഖത്തായിരുന്നു. ഒന്നാം ഘട്ട മഴക്കു ശേഷം ആഗസ്റ്റ് മാസം തുടക്കം മുതല്‍ ആരംഭിച്ച അടുത്ത ഘട്ട കാലവര്‍ഷം വലിയ പ്രളയത്തിലേക്കാണ് കേരളത്തെ നയിച്ചത്. 
എന്നാല്‍ ആഗസ്റ്റ് അവസാനിക്കാനായതോടെ പ്രകൃതിയുടെ കോലം മാറി. ന്യൂനമര്‍ദങ്ങളുണ്ടെന്നും കാറ്റും മഴയുമുണ്ടെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് കേരളം അനുഭവിച്ചത് കടുത്ത ചൂടായിരുന്നു. പുറത്തിറങ്ങാനാകാത്ത ചൂടും വെയിലും. വെള്ളം പൊങ്ങിയപ്പോള്‍ വെള്ളത്തെ പഴിച്ചവര്‍ വെയിലിന്റെ കാഠിന്യത്തെ കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങി. ഒന്നോ രണ്ടോ ആഴ്ചകള്‍ മാത്രം പിന്നിട്ട് സെപ്റ്റംബര്‍ മാസത്തിന്റെ പകുതിയായപ്പോഴേക്കും കേരളത്തിലെ എല്ലാ പുഴകളും വറ്റിവരണ്ടു. ജലാശയങ്ങള്‍ മെലിഞ്ഞ് ഇല്ലാതായി. മണല്‍ വന്നടിഞ്ഞ് വേനല്‍ കാലത്തുണ്ടാകാറുള്ള വെള്ളം പോലും പുഴകളിലില്ലാതെയായി. 
പ്രളയത്തിന്റെ കെടുതികള്‍ നന്നായനുഭവിച്ച വയനാട് ജില്ലയില്‍ കടുത്ത വരള്‍ച്ചയുടെ സൂചനകള്‍ കണ്ടുതുടങ്ങി. മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതും മേല്‍മണ്ണ് വിണ്ടുകീറി പൊട്ടിയതും ആശങ്കയുയര്‍ത്തി. പാലങ്ങളെയും കരകളെയും ഇളക്കിമറിച്ച് ഒഴുകിയിരുന്ന നദികള്‍ കണ്ണീര്‍ ചാലുകളായി ഒതുങ്ങി. 
ഇടുക്കിയടക്കമുള്ള മലയോര മേഖലകളിലും സമതലങ്ങളിലും പലതരത്തിലുള്ള പ്രകൃതി സ്വഭാവ മാറ്റങ്ങളുണ്ടായി. ചില സ്ഥലങ്ങളില്‍ ഭൂമി പിളര്‍ന്ന് ഗര്‍ത്തങ്ങളുണ്ടായി. മറ്റു ചില സ്ഥലങ്ങളില്‍ ഭൂമിക്ക് ചലനങ്ങളുണ്ടായി രൂപമാറ്റം സംഭവിച്ചു. ഒരു മാസത്തെ ഇടവേളയില്‍ പ്രളയത്തിലൂടെയും വരള്‍ച്ചയിലൂടെയും മറ്റു സ്വഭാവ മാറ്റങ്ങളിലൂടെയും പ്രകൃതി നമ്മോട് ചിലത് പറയാന്‍ ശ്രമിക്കുകയാണ്. നമുക്കത് കേള്‍ക്കാനാകുന്നുണ്ടോ!
പ്രകൃതി ദുരന്തങ്ങളും കാലവിപത്തുകളും മനുഷ്യനെ എന്നും പിടിച്ചു കുലുക്കിയിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രകൃതിയും അതിന്റെ പിന്നിലുള്ള സര്‍വശക്തനും മനുഷ്യരോട് പല കാര്യങ്ങളും ഉണര്‍ത്തുന്നുണ്ട്, താക്കീത് ചെയ്യുന്നുണ്ട്. ഖുര്‍ആനിന്റെ വെളിച്ചത്തില്‍ ഈ സന്ദേശങ്ങള്‍ വായിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ക്കു പിറകില്‍ നാല് കാര്യങ്ങള്‍ നമുക്ക് തിരിച്ചറിയാനാകും. മനുഷ്യകരങ്ങള്‍ പ്രകൃതിയില്‍ നടത്തിയ കൈകടത്തലുകളുടെ ഫലവും തിരിച്ചടിയും, ദൈവത്തിന്റെ വിധി, മനുഷ്യര്‍ക്കുള്ള പരീക്ഷണം, ധാര്‍മികാധഃപതനത്തിന്റെയും തിന്മകളുടെയും ശിക്ഷ ഇങ്ങനെ പലതരത്തില്‍ ഇവയെ മനസ്സിലാക്കാം. 

മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലവും തിരിച്ചടിയും
പ്രകൃതിയില്‍ സംഭവിക്കുന്ന പല ദുരന്തങ്ങള്‍ക്കും മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന കൈകടത്തലുകള്‍ കാരണമാകുന്നുണ്ട്. അല്ലാഹു ഖുര്‍ആനില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ''മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ?'' (അര്‍റൂം 41). ഭൂമിയുടെയും കടലിന്റെയും ഘടനയില്‍ മനുഷ്യന്‍ നടത്തുന്ന കൈകടത്തലുകളുടെ ഫലങ്ങള്‍ ഈ ലോകത്തുതന്നെ മനുഷ്യനെ അനുഭവിക്കാന്‍ അല്ലാഹു ചില സംഭവങ്ങളുണ്ടാക്കുമെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നുണ്ട്. അവര്‍ ഇത്തരം ചെയ്തികള്‍ തിരുത്തിയാല്‍ അവര്‍ക്ക് രക്ഷയുണ്ടാകുമെന്ന് അവര്‍ മടങ്ങിയെങ്കിലോ എന്ന വാക്യം സൂചിപ്പിക്കുന്നുണ്ട്. 
മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണങ്ങളും അക്രമങ്ങളും എണ്ണിപ്പറയാന്‍ താളുകള്‍ തന്നെ വേണ്ടിവരും. ഭൂമിയെ ഉറപ്പിച്ചുനിര്‍ത്തുന്ന ആണികളെന്ന് വിശേഷിപ്പിച്ച മലകള്‍ തുരന്ന് ഖനനം നടത്തുന്നു. മണ്ണിനും വിനോദങ്ങള്‍ക്കും സുഖവാസത്തിനുമായി കുന്നുകള്‍ നിരത്തപ്പെടുന്നു. റോഡിന്റെയും വികസനത്തിന്റെയും പേരില്‍ തോടും പുഴയും കായലും നികത്തുന്നു. ഇവയിലെല്ലാം മനുഷ്യന്‍ ഉപയോഗിച്ചു തള്ളുന്ന മാലിന്യങ്ങള്‍ പുറംതള്ളുന്നു. കടല്‍ കൈയേറുന്നതോടൊപ്പം മലിനീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കാട് നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെയൊക്കെ ഫലം മനുഷ്യന്‍ അനുഭവിച്ചല്ലേ തീരൂ. 

വികസനം
വികസനത്തിന് ഇന്ന് നിര്‍വചനങ്ങളുണ്ട്. പക്ഷേ, അവ നിക്ഷിപ്ത താല്‍പര്യക്കാര്‍ പടച്ചുണ്ടാക്കിയതാണ്. വ്യക്തിഗത  നേട്ടങ്ങളും പെട്ടെന്നുള്ള ലാഭവും ലക്ഷ്യം വെക്കുന്നവരാണ് വികസനത്തെ നിര്‍ണയിക്കുന്നത്. ഇവിടെ വികസനമെന്നാല്‍ അളവിലും തൂക്കത്തിലുമുള്ള വര്‍ധനവാണ്. കണക്കുകളെല്ലാം ശരാശരിയിലാണ് കണക്കാക്കുക. ആളോഹരി വരുമാനവും വളര്‍ച്ചയുമെല്ലാം. വിഭവങ്ങളെല്ലാം ചെറിയൊരു വിഭാഗം അനുഭവിക്കുന്നു. വികസനത്തിന്റെ പുറംപോക്കിലാണ് ഭൂരിപക്ഷത്തിന്റെയും സ്ഥാനം. പട്ടണങ്ങള്‍ക്ക് ചേരികളുണ്ട്. വീടുകള്‍ക്ക് കുപ്പത്തൊട്ടികള്‍ പോലെയാണിവ. ചേരിയിലും ജീവിതമുണ്ട്. കുപ്പത്തൊട്ടികൊണ്ടും ജീവിക്കുന്നവരുണ്ട്. പക്ഷേ ഇവരൊന്നും മേല്‍പറഞ്ഞ വികസനത്തിന്റെ കഥാനായകരോ കഥാപാത്രങ്ങളോ പ്രതിനായകരോ പോലുമല്ല. ഇരകളാണ്. ഇരന്നു ജീവിക്കേണ്ടവര്‍. വേട്ടക്കാരും ഇരകളുമില്ലാത്തൊരു വികസനത്തെ കുറിച്ച് ചിന്തിക്കുന്നതുപോലും വികസന വിരോധമായാണ് വിലയിരുത്തപ്പെടുക. 
ഇങ്ങനെ തലകീഴായ, ഗുണഭോക്താക്കള്‍ കുറവുള്ള വികസനം പുനഃപരിശോധിക്കപ്പെടണം. പ്രകൃതി, മനുഷ്യന്‍, മണ്ണ്, ജീവന്‍ ഇവയുടെയെല്ലാം പരസ്പര ഇണക്കം സന്തുലിതമായി പരിഗണിക്കാനാവുന്ന വികസന നിര്‍വചനവും സങ്കല്‍പവും ഉയര്‍ന്നുവരണം. സമൂഹത്തിലെ അവസാന വ്യക്തിയുടെയും ഏറ്റവും പുറംപോക്കിലുള്ളവന്റെയും അവകാശം വകവെച്ചുകൊടുത്തുകൊണ്ടുള്ള വികസനമാണ് ഉണ്ടാവേണ്ടത്. 

പ്രകൃതി വിഭവം: ഉപയോഗം, ചൂഷണം
പൊന്മുട്ടയിടുന്ന താറാവിനെ അറുക്കുന്നതാകരുത് നമ്മുടെ പ്രകൃതിയോടുള്ള നിലപാട്. ഭൂമിയിലുള്ളതെല്ലാം ദൈവം മനുഷ്യന്റെ സൗകര്യങ്ങള്‍ക്കു വേണ്ടിയാണ് സൃഷ്ടിച്ചിരിക്കുന്നത് (അല്‍ബഖറ 29). എന്നാല്‍ ഭാവിയെ പരിഗണിക്കാതെയാകരുത് ഇവിടെയുള്ള ജീവിതം. നിങ്ങള്‍ ഭാവിയിലേക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യണമെന്ന് അല്ലാഹു പറയുന്നുണ്ട് (ഖദ്ദിമൂ ലി അന്‍ഫുസികും). 
യൂസുഫ് നബിയുടെ ചരിത്രത്തില്‍ നമുക്ക് ഈ മേഖലയില്‍ വലിയ പാഠം കാണാനാകും. വിഭവങ്ങള്‍ എങ്ങനെ ആസൂത്രണത്തോടെ സൂക്ഷിച്ച് ഭാവി തലമുറക്കുകൂടി ഉപയോഗപ്പെടുത്താമെന്നാണ് അദ്ദേഹം ഈജിപ്തിന്റെ ഭരണം ലഭിച്ചതോടെ കാണിച്ചു കൊടുത്തത്. നന്നായി മഴയും മറ്റ് സൗകര്യങ്ങളും ലഭിച്ച സന്ദര്‍ഭത്തില്‍ ഉല്‍പാദനം നടത്തി, പ്രകൃതിക്ക് യോജിച്ച തരത്തില്‍ (കതിരുകളില്‍നിന്ന് ധാന്യമണികള്‍ വേര്‍പ്പെടുത്താതെ സൂക്ഷിച്ച്) സംഭരിക്കാന്‍ അദ്ദേഹം പദ്ധതി തയാറാക്കി (യൂസുഫ് 47-49).
മഴക്കാലത്തെ വെള്ളവും മറ്റു വിഭവങ്ങളും വറുതിയുടെയും വരള്‍ച്ചയുടെയും കാലത്തേക്ക് ഉപയോഗപ്പെടുത്താനുള്ള സംവിധാനങ്ങള്‍ നമുക്ക് ഒരുക്കാവുന്നതാണ്. ജലാശയങ്ങളുടെ പ്രകൃതിപരമായ ഒഴുക്കും വിവിധ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയും തകര്‍ക്കുന്ന ഡാമുകള്‍ പോലുള്ളവയുടെ നിര്‍മാണത്തില്‍ സന്തുലിതത്വം പാലിക്കാനാവണം. ഊര്‍ജാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കാന്‍ ഇത് അനിവാര്യമാണ്. എന്നാല്‍ നമ്മുടെ തന്നെ നാശത്തിലേക്ക് എത്തുന്ന തരത്തിലാകരുത് അവയുടെ നിര്‍മാണം. കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ അശാസ്ത്രീയമായ ഡാം മാനേജ്‌മെന്റ് വലിയ പങ്കുവഹിച്ചുവെന്നത് വ്യക്തമാണ്. 

അല്ലാഹുവിന്റെ വിധി
മനുഷ്യന്‍ അവന്റെ ഉള്ളിലുള്ള അഹംബോധത്തിന്റെ ഭാഗമായി പലപ്പോഴും തന്റെ കഴിവുകേടുകളെയും പരിമിതികളെയും മറക്കും. തന്നെ പരിപാലിക്കുന്ന ദൈവത്തെ അവഗണിക്കും. ഈ സന്ദര്‍ഭത്തില്‍ മനുഷ്യനെ തന്റെ പരിമിതികളും ദൗര്‍ബല്യങ്ങളും ബോധ്യപ്പെടുത്താന്‍ പല സംഭവങ്ങളുമുണ്ടാകും. ഈ ലോകത്ത് ഭൗതിക മാപിനികളുപയോഗിച്ച് എല്ലാ തരത്തിലുള്ള പൂര്‍ണതയും ശാസ്ത്രീയ ശരികളും ഉണ്ടാകുമ്പോഴും എല്ലാ ഭൗതിക ആസൂത്രണങ്ങളെയും ഇല്ലാതാക്കുകയും അട്ടിമറിക്കുകയും ചെയ്യുന്ന മറ്റൊരു തീരുമാനമുണ്ടാകാമെന്നതാണ് അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം നമ്മെ ഓര്‍മിപ്പിക്കുന്നത്. പ്രകൃതി ദുരന്തങ്ങളും കാലവിപത്തുകളും പലരീതിയില്‍ ഇത്തരമൊരു കാര്യവും നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. ശാസ്ത്രത്തിന്റെ കണ്ണുകളില്‍ സുരക്ഷിതത്വം ഉറപ്പാകുമ്പോഴും കാലാവസ്ഥാ നിരീക്ഷണങ്ങളില്‍ എല്ലാം നിയന്ത്രണത്തിലാണെന്ന ഫലം ലഭിക്കുമ്പോഴും അവയെയെല്ലാം അട്ടിമറിക്കുന്നത് സര്‍വശക്തന്റെ തീരുമാനമാണ്. വിശ്വാസി എല്ലാ തീരുമാനങ്ങളും ആസൂത്രണങ്ങളും കഴിഞ്ഞ് സര്‍വശക്തനില്‍ എല്ലാം ഭരമേല്‍പിക്കുന്നതിന്റെ പൊരുളിതാണ്. 
അല്ലാഹു പറയുന്നു: ''ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ. നിങ്ങള്‍ക്കുണ്ടാകുന്ന നാശത്തിന്റെ പേരില്‍ ദുഃഖിക്കാതിരിക്കാനും നിങ്ങള്‍ക്ക് അവന്‍ തരുന്നതിന്റെ പേരില്‍ സ്വയം മറന്നാഹ്ലാദിക്കാതിരിക്കാനുമാണത്. പെരുമ നടിക്കുന്നവരെയും പൊങ്ങച്ചക്കാരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (അല്‍ഹദീദ് 22,23).
വിശുദ്ധ ഖുര്‍ആനില്‍ യൂസുഫ് അധ്യായത്തില്‍ തന്റെ മക്കളോട് അന്യരാജ്യത്തെ പട്ടണത്തില്‍ പ്രവേശിക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ യഅ്ഖൂബ് (അ) വിവരിച്ചു. വ്യത്യസ്ത നഗരകവാടങ്ങളിലൂടെ പ്രവേശിക്കുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി. ആസൂത്രണം പൂര്‍ത്തീകരിച്ച് യഅ്ഖൂബ് (അ) മക്കളോട് ഉപദേശിച്ചത് കാണുക: ''ദൈവവിധിയില്‍ നിന്ന് ഒന്നുപോലും നിങ്ങളില്‍നിന്ന് തടഞ്ഞുനിര്‍ത്താന്‍ എനിക്കു സാധ്യമല്ല. വിധിനിശ്ചയം അല്ലാഹുവിന്റേതു മാത്രമാണല്ലോ. ഞാനിതാ അവനില്‍ ഭരമേല്‍പിക്കുന്നു. ഭരമേല്‍പിക്കുന്നവര്‍ അവനിലാണ് ഭരമേല്‍പിക്കേണ്ടത്'' (യൂസുഫ് 67). ഇതായിരിക്കണം എല്ലാ വിശ്വാസികളുടെയും ഭൗതിക ജീവിതത്തിലെ നിലപാട്. തന്റെ ജീവിതത്തിലെ ഏത് നിര്‍ണായക തീരുമാനത്തിലും ശാസ്ത്രത്തിന്റെ ആധിപത്യം സ്ഥാപിക്കുന്നതിനു പകരം, സുരക്ഷയും ആരോഗ്യവുമടക്കമുള്ള എല്ലാ കാര്യങ്ങളിലും ശാസ്ത്രത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സ്രഷ്ടാവില്‍ ഭരമേല്‍പ്പിക്കാന്‍ നമുക്കാവണം. 
തങ്ങളുടെ ആസൂത്രണങ്ങള്‍ പിഴക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം, അപ്രതീക്ഷിത മാറ്റങ്ങള്‍ എന്നെല്ലാം വ്യാഖ്യാനിച്ച് ശാസ്ത്രത്തെ രക്ഷിച്ചെടുക്കാന്‍ എല്ലാ സംഭവങ്ങളിലും ആളുകള്‍ ശ്രമിച്ചത് കാണാം. മാത്രമല്ല മനുഷ്യന്റെ ഇത്തരം ദൗര്‍ബല്യങ്ങളെയും കഴിവുകേടുകളെയും മറച്ചുവെക്കാന്‍ കഥകളിലൂടെയും നോവലുകളിലൂടെയും സിനിമകളിലൂടെയും അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. തന്റെ ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് ശാസ്ത്രത്തിന്റെ അപ്രമാദിത്വം തെളിയിക്കാന്‍ അമാനുഷിക കഴിവുകളുള്ള ശാസ്ത്രമനുഷ്യരുടെ കഥകളും സിനിമകളും നിര്‍മിക്കുന്നത് ഇതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. 

മനുഷ്യര്‍ക്കുള്ള പരീക്ഷണം
മനുഷ്യരെ അല്ലാഹു ഈ ലോകത്ത് സൃഷ്ടിച്ചത് നന്മയും തിന്മയും തിരിച്ചറിയുന്നവരാരൊക്കെയെന്ന് പരീക്ഷിക്കാനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (അല്‍മുല്‍ക് 2) തിന്മയുടെ ആകര്‍ഷണീയത, അതിനെ പിന്തുണക്കുന്നവരുടെ ആധിക്യം, നന്മയുടെ പക്ഷത്തിന്റെ ദൗര്‍ബല്യം ഇങ്ങനെ പലതരത്തില്‍ ഈ പരീക്ഷണം നമ്മുടെ മുമ്പിലെത്തും. അതിലൊരു ഇനമായി അല്ലാഹു കാലവിപത്തുകളെയും പ്രകൃതി ദുരന്തങ്ങളെയും എണ്ണിയിരിക്കുന്നു. അല്ലാഹു പറയുന്നത് കാണുക: ''ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നു; ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും'' (അല്‍ബഖറ 155,156).
ഈ സൂക്തത്തില്‍ ഇത്തരം പരീക്ഷണങ്ങള്‍ നേരിട്ടാല്‍ വിശ്വാസികള്‍ ക്ഷമയോടെ ദൈവത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയും അവരുടെ പ്രാര്‍ഥനയും ഇവിടെ അല്ലാഹു എടുത്തുപറഞ്ഞത് അതിനാലാണ്. 

മനുഷ്യന്റെ തിന്മകള്‍ക്കുള്ള ശിക്ഷ
ജീവിതത്തില്‍ മനുഷ്യരാശി അനുയര്‍ത്തിച്ച സാമൂഹിക തിന്മകളുടെയും ധാര്‍മികാധഃപതനങ്ങളുടെയും ഫലമായി സമൂഹത്തില്‍ വിവിധ തരത്തില്‍ ഇത്തരം ശിക്ഷകള്‍ വെളിപ്പെടും. മുഹമ്മദ് നബി(സ)യുടെ മുമ്പുള്ള പല സമുദായങ്ങളെയും ഇത്തരത്തില്‍ കാലവിപത്തുകളിലൂടെ നശിപ്പിച്ച കഥ ഖുര്‍ആനില്‍ നമുക്ക് കാണാം. ഇന്നും ധാര്‍മികവും സാമൂഹികവുമായ അധാര്‍മികതകള്‍ കാരണം ചില രോഗങ്ങള്‍ വരുന്നതായുള്ള അനുമാനങ്ങള്‍ ആധുനിക ശാസ്ത്രം നടത്തുന്നതു കാണാം. എയ്ഡ്സ് പോലുള്ളവ അതിനുദാഹരണങ്ങളാണ്. പ്രത്യേക തരത്തിലുള്ള സാമൂഹിക പ്രവണതകളാണ് അതിന് കാരണമെന്ന് പറയപ്പെടുന്നു. ഇതുപോലെ ലോകത്ത് വര്‍ധിച്ചുവരുന്ന അനീതി, അക്രമം, തിന്മകള്‍ എന്നിവയുടെ ഫലമായി ഇഹലോകത്തുള്ള ശിക്ഷയെന്ന നിലയില്‍ പ്രകൃതി ദുരന്തങ്ങളെ മനസ്സിലാക്കാവുന്നതാണ്. 
അധര്‍മങ്ങള്‍ ചെയ്യുകയും അവ അധികരിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് പരലോകത്ത് വലിയ ശിക്ഷകളുണ്ടെന്ന് ഓര്‍മപ്പെടുത്തിയ ശേഷം അല്ലാഹു പറയുന്നു: ''ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ ഇഹലോകത്ത് ചില ചെറിയ ശിക്ഷകള്‍ നാമവരെ അനുഭവിപ്പിക്കും. ഒരുവേള അവര്‍ സത്യത്തിലേക്കു തിരിച്ചുവന്നെങ്കിലോ'' (അസ്സജദ 21). ഇവിടെയും അല്ലാഹു സാമൂഹിക തിന്മയില്‍ നിന്നും മറ്റും അവര്‍ പിന്തിരിഞ്ഞാല്‍ അവര്‍ക്ക് രക്ഷ ലഭിക്കാമെന്ന് പ്രതീക്ഷ നല്‍കുന്നുണ്ട്. 

പ്രളയം തിരിച്ചുപിടിച്ച മൂല്യങ്ങള്‍
പ്രളയത്തിന്റെ ദുരന്തം നിറഞ്ഞ മുഖം നമ്മുടെ മുന്നിലുണ്ടായിരിക്കെത്തന്നെ അതിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കേരള സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. പലതരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളും പരസ്പര വെറുപ്പും നമ്മുടെ സംസ്ഥാനത്തും വ്യാപകമായിക്കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് പ്രളയ ദുരന്തമെത്തുന്നത്. പിന്നീടുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നാമെല്ലാവരും ഒന്നിച്ചാണ് ഇറങ്ങിയത്. അതില്‍ നാം പടുത്തുയര്‍ത്തിയ മതില്‍ക്കെട്ടുകള്‍ ഇല്ലാതാവുകയായിരുന്നു. അവയെല്ലാം പ്രളയമെടുത്തു. പ്രളയാനന്തരം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വരികളായിരുന്നു പ്രളയം കടലിലെത്തിച്ച കുറേ ബോര്‍ഡുകളെ കുറിച്ചുള്ളൊരു കുറിപ്പ്. 'പട്ടിയുണ്ട് സൂക്ഷിക്കുക', 'അന്യര്‍ക്ക് പ്രവേശനമില്ല' തുടങ്ങിയ ബോര്‍ഡുകളായിരുന്നു അവ. ഇത്തരം എല്ലാ വിഭജനങ്ങളും ഇല്ലാതായി. അവയെ നമുക്ക് മാറ്റിവെക്കേണ്ടവന്നു. 
ദുരിതാശ്വാസത്തിന്റെ ഭാഗമായുണ്ടായ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളിലും പരസ്പരം ആരാധനാലയങ്ങളും മറ്റും ശുചീകരിച്ചും പൊതു ഇടങ്ങള്‍ ഒന്നിച്ച് വൃത്തിയാക്കിയും നാം മാതൃക സൃഷ്ടിച്ചു. ഇത്തരം ധാരാളം മൂല്യങ്ങള്‍ നമ്മുടെ ഉള്ളില്‍ മറഞ്ഞു കിടപ്പുണ്ട്. അവയെല്ലാം ഊതിക്കാച്ചി എടുക്കണമെന്നാണ് പ്രളയം നമുക്ക് നല്‍കുന്ന വലിയൊരു ജീവിത പാഠം. അതുകൂടി ഉള്‍ക്കൊള്ളുമ്പോഴാണ് നമ്മുടെ ഭാവി ജീവിതത്തില്‍ പ്രളയവും അനുബന്ധപരീക്ഷണങ്ങളും ഉപകാരപ്പെടുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top