വിരിയുന്ന പൂവിലെ നിറയുന്ന സുന്ദര -
ഗന്ധമായ് വന്നിടും നിന്നിലെ സൗഹൃദം
നിറമുള്ള പൂവായ് അറിയുന്നു നിന്നെ ഞാന്‍
നിറമേകുന്നെന്നിലായ് നിന് വര്‍ണ്ണവിസ്മയം
കറയില്ലാ നിന് സ്നേഹം തന്നു കരുത്തേറെ
കുറയുന്നു മറയുന്നു മുറിവിന്റെ പാടുകള്‍
നിഴലായ് തണലായ് നീയില്ലാ കാലമില്‍
നീറിക്കഴിഞ്ഞു ഞാന്‍ ഏറെയും നേരമില്
തീരാത്ത ചിന്തയില്‍ തനിയെയിരുന്നന്ന്
തോരാത്ത കണ്ണീരിന് കൈപ്പൊന്നറിഞ്ഞു ഞാന്‍
അരികിലായ് നീയെങ്കില്‍ നിറയില്ലെന് മിഴികളും
നിറയെ നീ തന്നിടും സാന്ത്വന മൊഴികളും
മുറപോലെ വന്നിടും നിന് മൊഴി മുത്തുകള്‍
മാത്രമാണിന്നെന്നില് ഏകയാം സ്വത്തതും
ഒഴുകിടും നിന് സ്നേഹം തഴുകിടുന്നെന്നെയും
മിഴികളില്‍ ആനന്ദക്കുളിരായി വന്നു നീ.
വഴികളില്‍ നിറയുന്ന നോവേകും മുള്ളുകള്‍
നിന് നിഴല്‍ കണ്ടാല്‍ വഴി മാറുന്നകലെയായ്
അറിയുന്നു ഞാനിന്ന് നിന് സ്നേഹ ഗന്ധവും
നിറയുന്നു എന്നില്‍ നിന് സൗഹൃദ ബന്ധവും.