വിധവകളുടെ നഗരത്തില്‍

റഹ്‌മാന്‍ മുന്നൂര്‌ No image

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഉത്തരേന്ത്യയിലെ പ്രസിദ്ധ ഹിന്ദു തീര്‍ഥാടന കേന്ദ്രമായ വൃന്ദാവന്‍ സന്ദര്‍ശിച്ചതിന്റെ ഓര്‍മ മനസ്സില്‍ മായാതെ നില്‍ക്കുന്നു. ശ്രീകൃഷ്‌ണ ജഭൂമിയായ മഥുരയില്‍ നിന്ന്‌ പതിനഞ്ച്‌ കിലോമീറ്റര്‍ അകലെ പുണ്യനദിയായ യമുനയുടെ തീരത്താണ്‌ വൃന്ദാവനം സ്ഥിതി ചെയ്യുന്നത്‌. ശ്രീകൃഷ്‌ണന്‍ ബാല്യകൗമാരങ്ങള്‍ ചെലവഴിച്ച നാട്‌ എന്നതാണ്‌ വൃന്ദാവനത്തിന്റെ പ്രാധാന്യം. അതുകൊണ്ട്‌തന്നെ വര്‍ഷം തോറും കൃഷ്‌ണഭക്തരായ ലക്ഷക്കണക്കിന്‌ ഹിന്ദു തീര്‍ത്ഥാടകര്‍ക്ക്‌ പുറമെ ധാരാളം വിനോദ സഞ്ചാരികളും ഇവിടെ സന്ദര്‍ശനത്തിനെത്താറുണ്ട്‌.
വൃന്ദാവനത്തിലെത്തുന്ന ഏതൊരാളുടെയും ശ്രദ്ധയെ ആകര്‍ഷിക്കുന്ന രണ്ട്‌ കാര്യങ്ങളുണ്ട്‌: ക്ഷേത്രങ്ങളുടെ സമൃദ്ധിയാണ്‌ അതിലൊന്ന്‌്‌ . 5000ത്തോളം ക്ഷേത്രങ്ങളാണ്‌ ഈ ചെറു പട്ടണത്തിലുള്ളത്‌. ഹിന്ദു വിധവകളുടെ ബാഹുല്യമാണ്‌ രണ്ടാമത്തെ കാര്യം.
വൃന്ദാവന്‍ ക്ഷേത്രങ്ങളുടെ നഗരമാണെന്ന്‌ നേരത്തെ അറിയാമായിരുന്നു. എന്നാലത്‌ വിധവകളുടെ നഗരം കൂടിയാണെന്ന്‌ മനസ്സിലാക്കാനായത്‌ ഈ സന്ദര്‍ശനത്തിനിടയിലാണ്‌. ക്ഷേത്രങ്ങളില്‍ ഭജനപാടുന്നവരായും തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരായും യാചിക്കുന്നവരായും വിധവകളെ എവിടെയും കാണാം. വെള്ളയോ ഓറഞ്ചോ നിറത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിച്ച അവരെ ആര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. ഇത്രയധികം വിധവകളെ ഒരുമിച്ച്‌ മറ്റൊരിടത്തും ഇതിന്‌ മുമ്പ്‌ കാണാന്‍ കഴിഞ്ഞിട്ടില്ല. ഉത്തര്‍ പ്രദേശിലെ തന്നെ മറ്റൊരു ഹിന്ദു തീര്‍ഥാടന കേന്ദ്രമായ വരാണസിയിലും ഉത്തര്‍ഖണ്ഡിലെ ഹരിദ്വാര്‍, ഒറീസയിലെ പുരി, പശ്ചിമ ബംഗാളിലെ `ഗുപ്‌ത വൃന്ദാവന്‍' എന്നറിയപ്പെടുന്ന നവദ്വീപ്‌, കാളിഘട്ട്‌ തുടങ്ങി മറ്റു പല ഹൈന്ദവ പുണ്യസ്ഥലങ്ങളിലും വിധവകള്‍ ഇതുപോലെ കൂട്ടത്തോടെ താമസിക്കുന്നുണ്ടെന്ന്‌ പിന്നീടാണ്‌ അറിയാന്‍ കഴിഞ്ഞത്‌.
യാചകരായ വിധവകളും സ്വാമിമാരുമായിരിക്കും വൃന്ദാവനിലെത്തുന്ന നിങ്ങളെ സ്വാഗതം ചെയ്യുക. സ്വാമിമാര്‍ ഒരര്‍ത്ഥത്തില്‍ ടൂറിസ്റ്റ്‌ ഗൈഡുകള്‍ കൂടിയാണ്‌. നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലേക്കും ശ്രീകൃഷ്‌ണചരിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കും അവര്‍ നിങ്ങളെ നിര്‍ബന്ധിച്ച്‌ കൂട്ടിക്കൊണ്ട്‌ പോകും. വൃന്ദാവനിലെ ക്ഷേത്രങ്ങളില്‍ ആര്‍ക്കും പ്രവേശന വിലക്കില്ല. ക്ഷേത്രത്തിന്റെ ശ്രീകോവിലിനടുത്ത്‌ വരെ നിങ്ങള്‍ക്ക്‌ കടന്നു ചെല്ലാം. അവിടത്തെ പ്രതിഷ്‌ഠയെ പൂജിച്ചോ പൂജിക്കാതെയോ തിരിച്ചു പോരുകയും ചെയ്യാം. എന്നാല്‍ ക്ഷേത്രത്തിന്‌ എന്തെങ്കിലും സംഭാവന നല്‍കല്‍ നിര്‍ബന്ധം. നിങ്ങളുടെ ഗൈഡായി വന്ന സ്വാമിജിക്കും പിരിയുമ്പോള്‍ ഒരു സംഖ്യ കൊടുക്കേണ്ടി വരും.
വിധവകള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നത്‌ ധര്‍മത്തിന്‌ വേണ്ടിയാണ്‌. അവരിലേറെയും പടുവൃദ്ധരാണ്‌. അവരെ കണ്ടാലറിയാം അവരനുഭവിക്കുന്ന പശിയുടെ കാഠിന്യം. വൃന്ദാവനില്‍ ഇപ്പോള്‍ എത്ര വിധവകള്‍ ഉണ്ടെന്നതിന്‌ കൃത്യമായ കണക്കുകളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല.15,000 എന്നും 20,000 എന്നുമൊക്കെ പലരും എഴുതിയിരിക്കുന്നു. കൗമാര പ്രായക്കാര്‍ മുതല്‍ നൂറു വയസ്സ്‌ പിന്നിട്ടവര്‍ വരെ അക്കൂട്ടത്തിലുണ്ട്‌. വ്യക്തികളോ ട്രസ്റ്റുകളോ നടത്തുന്ന ധര്‍മശാലകളിലാണ്‌ മഹാഭൂരിപക്ഷവും താമസിക്കുന്നത്‌. ധര്‍മശാലകളില്‍ സൗജന്യ താമസം മാത്രമാണ്‌ വിധവകള്‍ക്ക്‌ നല്‍കപ്പെടുന്നത്‌. ഭക്ഷണത്തിനുള്ള വക വിധവകള്‍ സ്വന്തമായി കണ്ടെത്തണം. ക്ഷേത്രങ്ങളില്‍ ഭജന പാടുകയാണ്‌ അതിനുള്ള ഒരു വഴി. രാവിലെ യമുനാ നദിയില്‍ കുളികഴിഞ്ഞ്‌ ക്ഷേത്രങ്ങളിലെത്തുന്ന വിധവകള്‍ മൂന്ന്‌ മണിക്കൂര്‍ മുതല്‍ എട്ട്‌ മണിക്കൂര്‍ വരെ ഭജന പാടിയാല്‍ പ്രതിഫലമായി കിട്ടുന്നത്‌ രണ്ട്‌ രൂപയും അരക്കപ്പ്‌ അരിയും അരക്കപ്പ്‌ പരിപ്പുമാണ്‌. അവരുടെ ഒരു ദിവസത്തെ ഭക്ഷണത്തിന്‌ വരെ അത്‌ തികയില്ല. തീര്‍ത്ഥാടകര്‍ക്ക്‌ മുമ്പില്‍ കൈനീട്ടി യാചിച്ചാണ്‌ അവരുടെ ആവശ്യങ്ങള്‍ക്കുള്ള വക കണ്ടെത്തുന്നത്‌. ചെറുപ്പക്കാരികളായ വിധവകള്‍ ഭജന പാടുന്നതിന്‌ പുറമെ വീടുകളിലും ധര്‍മശാലകളിലും വേലകള്‍ ചെയ്‌തും പണം സമ്പാദിക്കാറുണ്ട്‌. എന്നാല്‍ ഇവിടങ്ങളില്‍ അവര്‍ കടുത്ത ലൈംഗിക ചൂഷണങ്ങള്‍ക്ക്‌ ഇരയാകുന്നതായി ആക്ഷേപമുണ്ട.്‌ സ്വകാര്യ ധര്‍മശാലകള്‍ വിധവകളെ വേശ്യാവൃത്തിക്ക്‌ നിര്‍ബന്ധിക്കുന്നതായും വ്യാപകമായ പരാതികളുണ്ട്‌ . തീര്‍ത്ഥാടകരായി എത്തുന്നവരില്‍ ചിലരെങ്കിലും `രാധ'മാരെ തേടിയെത്തുന്ന `കണ്ണന്മാരാ'ണ്‌. സമ്പന്നരായ ഇത്തരം തീര്‍ഥാടകരുടെ സേവനത്തിനായി നിയോഗിക്കപ്പെടുന്ന വിധവകള്‍ `സേവാ ദാസികള്‍' എന്നറിയപ്പെടുന്നു.
ഉത്തര്‍പ്രദേശ്‌ സര്‍ക്കാറിന്റെ വക ഒരു ആശ്രമം വൃന്ദാവനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവിടത്തെ അന്തേവാസികളായ വിധവകള്‍ക്ക്‌ പെന്‍ഷന്‍ അടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ട്‌. എന്നാല്‍ അവിടെ പ്രവേശനം ലഭിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്‌. പ്രവേശനവും അനുകൂല്യങ്ങളും ലഭിക്കാന്‍ ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ ഭൂരിപക്ഷം വിധവകള്‍ക്കും ലഭ്യമല്ല. സ്വന്തം കുടുംബവും ഭര്‍ത്താക്കന്മാരുടെ കുടുംബവും എന്നെന്നേക്കുമായി പടിയടച്ച്‌ പുറത്താക്കിയവരാണവര്‍. അവര്‍ തിരിച്ചു വന്ന്‌ തങ്ങളുടെ സ്വത്തു വകകളിലും മറ്റും അവകാശവാദം ഉന്നയിക്കും എന്നതുകൊണ്ട്‌ എല്ലാവിധ തിരിച്ചറിയല്‍ രേഖകളും പിടിച്ചു വെച്ച ശേഷമാണ്‌ പലരെയും വീടുകളില്‍ നിന്ന്‌ ഇറക്കി വിട്ടിരിക്കുന്നത്‌.
`ഗില്‍ഡ്‌ ഓഫ്‌ സര്‍വീസ്‌' എന്ന സര്‍ക്കാരേതര സംഘടന `അമര്‍ ബാരി' എന്ന പേരില്‍ വൃന്ദാവനിലെ വിധവകള്‍ക്കായി ഒരു ആശ്രമം നടത്തുന്നുണ്ട്‌. ``എന്റെ വീട്‌'' എന്നാണ്‌ `അമര്‍ബാരി' യുടെ അര്‍ത്ഥം. വീടുകളില്‍ നിന്ന്‌ ബഹിഷ്‌കൃതരാക്കപ്പെട്ട വിധവകള്‍ക്ക്‌ സ്വന്തം വീടുകളിലേതു പോലുള്ള ഒരു സന്തോഷ സാഹചര്യം നല്‍കുകയാണ്‌ അമര്‍ബാരിയുടെ ലക്ഷ്യം. വിവിധ പ്രായത്തിലുള്ള വിധവകള്‍ അവിടെ സ്‌നേഹം പങ്കിട്ടു ജീവിക്കുന്നു. മികച്ച ഭക്ഷണവും ചികിത്സയും തൊഴില്‍ പരിശീലനവുമൊക്കെ അവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. എന്നാല്‍ 120 വിധവകള്‍ക്ക്‌ മാത്രമേ നിലവില്‍ `അമര്‍ ബാരി'യുടെ സ്‌നേഹ സാന്ത്വനം ലഭ്യമാകുന്നുള്ളൂ.
അടുത്തിടെ `ഗില്‍ഡ്‌ ഓഫ്‌ സര്‍വീസ്‌' നടത്തിയ ഒരു സാമ്പിള്‍ സര്‍വേ വൃന്ദാവനിലെ വിധവകളുടെ സാമൂഹ്യ സാമ്പത്തികാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്‌. ഇരുന്നൂറ്റി അമ്പത്‌ വിധവകളെ മാതൃകയായി എടുത്താണ്‌ ഈ പഠനം നടത്തിയത്‌. ഇന്ത്യന്‍ ഗ്രാമീണരുടെ അടിസ്ഥാന ഭക്ഷണമായ ചോറും പരിപ്പും പച്ചക്കറിയുമെല്ലാം എല്ലാ വിധവകള്‍ക്കും ലഭ്യമാണെന്നും അതിനാല്‍ പട്ടിണി മരണത്തിന്റെ ഭീഷണി വിധവകള്‍ നേരിടുന്നില്ലെന്നും ഈ പഠനം വ്യക്തമാക്കുന്നു.
വിധവകള്‍ നേരിടുന്ന ഗുരുതരമായ ഒരു പ്രശ്‌നം ശുചിത്വത്തിന്റെതാണ്‌. അഞ്ചില്‍ രണ്ടുപേര്‍ക്കും കക്കൂസ്‌ സൗകര്യം ലഭ്യമല്ല. 59 ശതമാനം പേരും തങ്ങള്‍ ശുചിത്വമില്ലാത്തവരാണെന്ന്‌ തുറന്ന്‌ സമ്മതിക്കുകയുണ്ടായി. തെരുവോരങ്ങളെ കക്കൂസാക്കുന്നവര്‍ ഏഴിലൊന്ന്‌ വരും. സോപ്പ്‌ ലഭിക്കാത്തത്‌ കൊണ്ട്‌ മണ്ണും ചാരവും ഉപയോഗിച്ച്‌ ശരീരം ശുചീകരിക്കുന്നവരാണ്‌ 32 ശതമാനം വിധവകളും. താമസമാണ്‌ വിധവകളെ തുറിച്ചു നോക്കുന്ന മറ്റൊരു പ്രശ്‌നം. പ്രായം കൂടിയ വിധവകളില്‍ അധികവും ധര്‍മാശ്രമങ്ങളിലും സര്‍ക്കാര്‍ അഭയകേന്ദ്രത്തിലും താമസിക്കുമ്പോള്‍ ചെറുപ്പക്കാരികള്‍ സ്വതന്ത്രജീവിതം ഇഷ്ടപ്പെടുന്നവരാണ്‌. 54 ശതമാനം വാടകമുറികളിലും ഹാളുകളിലുമാണ്‌ താമസിക്കുന്നത്‌. മൊത്തം വിധവകളുടെ മൂന്നിലൊന്ന്‌ ഭാഗം തെരുവുകളിലും റെയില്‍ വേ സ്റ്റേഷനുകളിലും അന്തിയുറങ്ങുന്നവരത്രെ. പകുതിയിലധികം വിധവകളും പലതരം രോഗങ്ങളാല്‍ പീഡിതരാണെന്നും പഠനം വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ കടുത്ത ദാരിദ്ര്യം മൂലം ഗത്യന്തരമില്ലാതെ വരുമ്പോള്‍ മാത്രമേ അവര്‍ ചികിത്സ തേടിപ്പോകാറുള്ളൂ. ദാനധര്‍മം, യാചന, വീട്ടുവേല, തയ്യല്‍, മെഴുകുതിരി നിര്‍മാണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വരുമാനം നേടുന്നവരുമുണ്ട്‌. എങ്കിലും 83 ശതമാനത്തിന്റെയും മാസവരുമാനം 200 രൂപ മുതല്‍ ആയിരം രൂപ വരെയാണെന്ന്‌ പഠനം വ്യക്തമാക്കുന്നു. ലോക ബാങ്കിന്റെ നിര്‍വചനപ്രകാരം ദിവസം 48 രൂപാ വരുമാനമുള്ളവരാണ്‌ ദരിദ്രരായി കണക്കാക്കപ്പെടുന്നത്‌. അപ്പോള്‍ ഈ വിധവകള്‍ ഏതു വകുപ്പില്‍ പെടും?
സാമ്പിള്‍ സര്‍വേയില്‍ പങ്കെടുത്ത 250 വിധവകളില്‍ നാലില്‍ ഒന്നിന്‌ മാത്രമാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിധവാ പെന്‍ഷന്‍ ലഭിക്കുന്നത്‌. 58 ശതമാനം പെന്‍ഷന്‌ അപേക്ഷ നല്‍കിയിട്ട്‌ പോലുമില്ല. എങ്കിലും യു.പി ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്‌ മധുരയിലെ 21000 വിധവകള്‍ക്ക്‌ പെന്‍ഷന്‍ ലഭിക്കുന്നുവെന്നാണത്രെ. എങ്കില്‍ ഈ പെന്‍ഷന്‍ തുക ആരാണ്‌ കൈപറ്റുന്നതെന്ന ചോദ്യം ഉത്ഭവിക്കുന്നു. 78 ശതമാനം വിധവകളും ലൈംഗിക ചൂഷണം ഭയന്ന്‌ ജീവിക്കുന്നവരാണെന്നാണ്‌ ഗില്‍ഡ്‌ ഓഫ്‌ സര്‍വീസിന്റെ പഠനം വെളിപ്പെടുത്തുന്നത്‌.
ഹൈന്ദവ സമൂഹത്തില്‍ ഇന്നും നിലനിന്നു പോരുന്ന ശൈശവ വിവാഹത്തിലേക്കും പഠനം വിരല്‍ ചൂണ്ടുന്നു. 94 ശതമാനം വിധവകളും ശൈശവ പ്രായത്തില്‍ വിവാഹം കഴിഞ്ഞവരാണ്‌. 65 ശതമാനത്തിന്റെ വിവാഹം നടന്നത്‌ അവര്‍ക്ക്‌ 15 വയസ്സിന്‌ താഴെ പ്രായമുള്ളപ്പോഴാണ്‌. 15നും 17നും ഇടക്ക്‌ പ്രായമുള്ളപ്പോള്‍ വിവാഹിതരായവര്‍ 27 ശതമാനമാണ്‌. ശൈശവവിവാഹത്തിനെതിരായ നിയമങ്ങളും എന്‍.ജി.ഒ കളുടെ പ്രവര്‍ത്തനങ്ങളും ശൈശവവിവാഹം തടയുന്നതില്‍ വേണ്ടത്ര വിജയിച്ചില്ലെന്ന വസ്‌തുതയാണിത്‌ വ്യക്തമാക്കുന്നത്‌.
ശൈശവ വിവാഹം അകാല വൈധവ്യത്തിന്‌ കാരണമായിത്തീരുന്നു. സര്‍വ്വേ നടത്തപ്പെട്ട വിധവകളില്‍ 55ശതമാനവും 35 വയസ്സിനു മുമ്പേ വിധവകളായിത്തീര്‍ന്നവരായിരുന്നു. 45 ശതമാനം 18 നും 35നും ഇടയില്‍ പ്രായമുള്ളപ്പോഴാണ്‌ വിധവകളായത്‌. 10നും 17നും ഇടക്ക്‌ പ്രായമുള്ള വിധവകള്‍ ആറു ശതമാനം. പത്ത്‌ വയസ്സു പോലും തികയുന്നതിനു മുമ്പേ വൈധവ്യ ദുഃഖം പേറേണ്ടി വന്നവരായിരുന്നു അവരില്‍ രണ്ടു ശതമാനം.
ഗില്‍ഡ്‌ ഓഫ്‌ സര്‍വീസിന്റെ സഹകരണത്തോടെ നിര്‍മിച്ച്‌ 2006ല്‍ തിയേറ്ററുകളില്‍ എത്തിയ `വെളുത്ത മഴവില്ല്‌'എന്ന സിനിമ വൃന്ദാവനത്തിലെ വിധവകളുടെ ദുരിത ജീവിതത്തിന്റെ ഒരു നേര്‍ കണ്ണാടിയാണ്‌.
സൊനാലി കുല്‍ക്കര്‍ണി വേഷം നല്‍കിയ ഇതിലെ മുഖ്യ കഥാപാത്രം ഒരു സമ്പന്ന സവര്‍ണ കുടുംബത്തിലെ അംഗമാണ.്‌ ഗര്‍ഭിണിയായ സന്തോഷം ഭര്‍ത്താവിനെ അറിയിച്ച്‌ അദ്ദേഹത്തിന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന അവളെ തേടിയെത്തിയത്‌ അദ്ദേഹത്തിന്റെ മരണ വാര്‍ത്തയാണ്‌. അതോടെ കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടുന്ന അവള്‍ക്ക്‌ വൃന്ദാവനത്തെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്‌ ഭര്‍തൃമാതാവ്‌ തന്നെയാണ്‌. എല്ലാ വിധവകളും അവിടെയാണ്‌ ശിഷ്ട ജീവിതം കഴിച്ചുകൂട്ടേണ്ടതെന്ന്‌ അവര്‍ അവളെ ബോധ്യപ്പെടുത്തുന്നു.എന്നാല്‍ വൃന്ദാവനിലെ പതിനായിരക്കണക്കിന്‌ വരുന്ന വിധവകളില്‍ ഓരാളായി അവിടെ അലിഞ്ഞു ചേരാനല്ല, വിധവകള്‍ക്ക്‌ സ്വസ്ഥവും അന്തസ്സാര്‍ന്നതുമായ ഒരു ജീവിതം ഉണ്ടാക്കി ക്കൊടുക്കാനുള്ള ദൃഢനിശ്ചയവുമായാണ്‌ അവള്‍ അവിടെ എത്തുന്നത്‌. ഹിന്ദു വിധവകള്‍ അനുഭവിക്കുന്ന ജീവിത ദുരിതങ്ങള്‍, ആശ്രമങ്ങളില്‍ അവര്‍ക്ക്‌ നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങളും ശാരീരിക പീഡനങ്ങളും, ഹൈന്ദവ സമൂഹത്തില്‍ ഇന്നും നിര്‍ബാധം നടക്കുന്ന ശൈശവ വിവാഹങ്ങള്‍ എന്നിവ ഈ ചിത്രം വരച്ചു കാട്ടുന്നു.
ദീപാ മേത്തയുടെ `വാട്ടര്‍' എന്ന സിനിമയും ഇതേ പ്രശ്‌നങ്ങളാണ്‌ മറ്റൊരു വിധത്തില്‍ അവതരിപ്പിക്കുന്നത്‌. വരാണസിയുടെ പാശ്ചാത്തലത്തിലാണ്‌ വാട്ടറിലെ കഥ അരങ്ങേറുന്നത്‌, 5000ത്തിനും 20000ത്തിനും ഇടക്ക്‌ വിധവകള്‍ വരാണസിയിലും ഉണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. വിധവകളുമായി ഏതെങ്കിലും തരത്തില്‍ ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങളാണെത്രെ അവരെ വരാണസിയിലേക്ക്‌ അയക്കുന്നത്‌. യാതൊരു ബന്ധവും ആഗ്രഹിക്കാത്തവര്‍ അവരെ വൃന്ദാവനില്‍ തള്ളുന്നു. ബംഗാളില്‍ നിന്നുള്ളവരാണ്‌ ഈ വിധവകളില്‍ ഭൂരിഭാഗവും. ഹിന്ദുക്കളിലെ ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണരിലും വൈശ്യരിലും പെട്ടവരാണ്‌ അവരെന്നതാണ്‌ മറ്റൊരു യാഥാര്‍ഥ്യം.
മനുസ്‌മൃതി പോലുള്ള ഹൈന്ദവ ധര്‍മശാസ്‌ത്രങ്ങള്‍ വിധവകള്‍ക്ക്‌ പുനര്‍വിവാഹം അനുവദിക്കുന്നില്ല. ഭര്‍ത്താവിന്റെ മരണശേഷം വിധവകള്‍ വെള്ള വസ്‌ത്രം ധരിക്കണമെന്നും ആഭരണങ്ങളും മറ്റലങ്കാരങ്ങളും ഉപേക്ഷിക്കണമെന്നും ഏകാഹാരം കൊണ്ട്‌ തൃപ്‌തിപ്പെടണമെന്നും തുടങ്ങി അനേകം വിലക്കുകള്‍ കൊണ്ട്‌ അവര്‍ വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുന്നു. വീട്ടിലെ ഒരാഘോഷത്തിലും അവരെ പങ്കെടുപ്പിച്ചൂ കൂടാ. വേശ്യയെ കണികാണുന്നത്‌ ശുഭശകുനമാണെങ്കിലും വിധവയെ കണികാണുന്നത്‌ അശുഭ ലക്ഷണമായിട്ടാണ്‌ കരുതപ്പെടുന്നത്‌. വിധവകള്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ജീവനൊടുക്കണമെന്ന്‌ അനുശാസിക്കുന്ന സതി സമ്പ്രദായം മുമ്പ്‌ നിലനിന്നിരുന്നു. മതപരമോ പാരമ്പര്യപരമോ ആയ ഇത്തരം കാരണങ്ങള്‍ക്ക്‌ പുറമെ വിധവകള്‍ പടിയിറക്കപ്പെടുന്നതിനുള്ള മറ്റൊരു കാരണം സാമ്പത്തികമാണ്‌. കുടുംബ സ്വത്തില്‍ അവര്‍ക്കുള്ള വിഹിതം തട്ടിയെടുക്കുന്നതിന്‌ വേണ്ടിയാണ്‌ പലരും ഈ ക്രൂരത അവരോട്‌ അനുവര്‍ത്തിക്കുന്നത്‌.
രാജാറാം മോഹന്‍ റോയിയെപ്പോലുള്ള ഹിന്ദുമത പരിഷ്‌കര്‍ത്താക്കളുടെ പരിശ്രമ ഫലമായി ഇത്തരം അത്യാചാരങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നത്‌ അനിഷേധ്യമാണ്‌. നിലവിലുള്ള ഹിന്ദു കുടുംബനിയമം വിധവാ പുനര്‍വിവാഹം അനുവദിക്കുകയും വിധവകള്‍ക്ക്‌ സ്വത്തവകാശം നല്‍കുകയും ചെയ്യുന്നുണ്ട്‌. എങ്കിലും യാഥാസ്ഥിതികത്വം വിടാതെ കൊണ്ടുനടക്കുന്ന സമൂഹത്തില്‍ അതൊന്നും ഇപ്പോഴും വേണ്ടത്ര ഏശുന്നില്ലെന്നാണ്‌ വൃന്ദാവനിലെയും വരാണസിയിലെയും ഈ കാഴ്‌ചകള്‍ നമ്മോട്‌ വിളിച്ചു പറയുന്നത്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top