ഉയരുന്ന ഇലക്‌ട്രോണിക് മതിലുകള്‍

കെ.എം അഷ്‌റഫ്‌ No image

നേര്‍ക്കുനേരെ പേരു പരാമര്‍ശിക്കാതെ, വ്യംഗ്യമായി സൂചിപ്പിക്കപ്പെട്ട ഒരു പിതാവും മകനുമുണ്ട് വിശുദ്ധ വേദഗ്രന്ഥത്തില്‍. ഉറ്റ സുഹൃത്തിന്റെ പ്രീതിക്കുവേണ്ടി പ്രവാചകന്റെ (സ) തിരുമുഖത്ത് തുപ്പിയ ആ പിതാവിനെ 'അക്രമി' എന്നു വിളിക്കുക മാത്രമല്ല, ആ നീചന്റെ ഭൂജീവിതത്തിന്റെ കര്‍മഫലം ഒരു ക്ലൈമാക്‌സും ശേഷിപ്പിക്കാതെ ഖുര്‍ആന്‍ പുറത്തുവിട്ടു. ചരിത്രത്തിന്റെ ശാപമേറ്റുവാങ്ങിയ മക്കക്കാരനായ ഉഖ്ബത്തുബ്‌നു അബീ മുഈത്വ് ആയിരുന്നു ആ ദൗര്‍ഭാഗ്യവാന്‍. ഇയാളുടെ മകന്‍, തിരുമേനി (സ) സകാത്ത് ശേഖരിക്കാനയച്ച വലീദുബ്‌നു ഉഖ്ബ. പ്രവാചകാനുയായിരിക്കെ ഈ മനുഷ്യനെ അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന വേദഗ്രന്ഥത്തില്‍, 'ഫാസിഖ്' (തെമ്മാടി) എന്ന് അല്ലാഹു വിശേഷിപ്പിച്ചു. ഇങ്ങനെയൊരു വിശേഷണം ചാര്‍ത്തപ്പെടാന്‍ മാത്രം എന്ത് അപരാധമായിരിക്കണം ഈ വിശ്വാസിയില്‍നിന്ന് സംഭവിച്ചത്? പലപ്പോഴും നാം നിസ്സാരമെന്ന് ഗണിക്കുന്ന, വീഴ്ചയാണെന്ന് പോലും ധരിക്കാത്ത ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ഒരു തെറ്റ്. നിജഃസ്ഥിതിയറിയാതെ ഒരു വാര്‍ത്ത കൈമാറി. എത്ര ഗൗരവത്തിലാണ് റബ്ബ് ഇതിനെ കൈകാര്യം ചെയ്തത്! ആകാശത്തില്‍നിന്നാണ് ഇടപെടലുണ്ടായത്:
''സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതക്ക് നിങ്ങള്‍ ആപത്തു വരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി'' (ഹുജുറാത്ത് 6).
നമ്മുടെ ഉള്ള് പിടയണം, എത്രയെത്ര സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ നാം കൈമാറിക്കൊണ്ടേയിരിക്കുന്നത്! കൈയില്‍ കിട്ടിയത് സുഹൃദ് വലയങ്ങളിലേക്ക് എത്തിക്കാനുള്ള തത്രപ്പാടില്‍ തീയതികള്‍പോലും നമ്മുടെ പരിഗണനയില്‍ വരാറില്ല, എന്നിട്ടല്ലേ സത്യാവസ്ഥയന്വേഷിക്കുന്നത്. മാസങ്ങള്‍ ചുറ്റിത്തിരിഞ്ഞ മെസേജുകള്‍ വരുന്നത് കാണാം ഇന്നലെയെന്നും ഇന്നെന്നുമുള്ള ലേബലുകളില്‍. 
പ്രായവ്യത്യാസം, ബന്ധങ്ങളുടെ പവിത്രത, ആദരവ്, മോശമായത് വായില്‍നിന്ന് വീഴാതിരിക്കാനുള്ള ജാഗ്രത, ശ്ലീലാശ്ശീലഭേദം എന്നിങ്ങനെ സൂക്ഷ്മതകളും മര്യാദകളും നേരില്‍ സംസാരിക്കുമ്പോള്‍ നാം പുലര്‍ത്താറുണ്ട്. പക്ഷേ സോഷ്യല്‍ മീഡിയകളില്‍ ഇവയൊന്നും വേണ്ടതില്ലായെന്ന തീര്‍പ്പിലെത്തിയതുപോലെയാണ് പലരും. 
എല്ലാ ഇടങ്ങളിലും സന്ദര്‍ഭങ്ങളിലും വിശ്വാസിയുടേതായ ഒരു സംസ്‌കാരം മതം പഠിപ്പിക്കുന്നുണ്ട്. തീര്‍ത്തും സ്വകാര്യമെന്ന് നാം ഉറപ്പിച്ച ടോയ്ലറ്റുകളില്‍ പോലും കയറുമ്പോള്‍ എന്തു പ്രാര്‍ഥിക്കണം, ഏതു കാല്‍ മുന്തിക്കണം, എങ്ങനെ ശൗച്യം ചെയ്യണം, പുറത്ത് വരുമ്പോള്‍ ചുണ്ടുകള്‍ എന്ത് മന്ത്രിക്കണം എന്ന് മതം പറഞ്ഞുവെച്ചത് ഈ അടിസ്ഥാനത്തിലാണ്.
''നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്'' (അല്‍ ഇസ്‌റാഅ് 36). താക്കീതിന്റെ സ്വരമുള്ള ഓര്‍മപ്പെടുത്തല്‍. 
മനുഷ്യനൊരു പരസ്പരാശ്രിത ജീവിയാണ്, അതിനാല്‍ ചരിത്രാരംഭം മുതല്‍ തന്നെ ആശയ കൈമാറ്റത്തിനുള്ള ഉപാധികള്‍ അവന്‍ കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ വിനിമയോപാധികള്‍ കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നവക്ക് വഴിമാറിക്കൊടുക്കുന്നുവെന്നു മാത്രം. തപാലും കമ്പിത്തപാലും ലാന്റ് ഫോണും പേജറും വിസ്മൃതിയിലേക്ക് നീങ്ങിയതങ്ങനെയാണ്. ശാസ്ത്ര മികവില്‍ ദൂരങ്ങള്‍ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. കേള്‍ക്കുക മാത്രമല്ല, കാണുകയും ചെയ്യാം.
ഇത്തരം നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് മതത്തില്‍ വിലക്കുകളൊന്നുമില്ല. ഓരോ ഇടങ്ങളിലും പുലര്‍ത്തേണ്ട ധാര്‍മിക ശിക്ഷണ വ്യവസ്ഥകള്‍ പാലിക്കണമെന്നു മാത്രം. പ്രവാചകന്‍ (സ) തന്നെയുമങ്ങനെയായിരുന്നു. സ്വന്തമായ നാണയ സമ്പ്രദായം ഉണ്ടായിരുന്നില്ല അറബികള്‍ക്ക്. അനുചരരോട് റോമയുടെയും പേര്‍ഷ്യയുടെയും നാണയങ്ങള്‍ ഉപയോഗിക്കാനാണ് നിര്‍ദേശിച്ചത്. കൂട്ടത്തില്‍ നാണയത്തുട്ടുകളിലെ ബഹുദൈവത്വപരമായ ആരാധനാ മുദ്രകള്‍ മെല്ലെയൊന്ന് അടിച്ചു പരത്താനും. ടെക്‌നോളജിയെ ഉപയോഗപ്പെടുത്തുമ്പോഴും അതിന്റെ മതകീയവര്‍ണം പരിരക്ഷിക്കാനാണത്. സമൂഹമാധ്യമങ്ങളുടെ സ്ഥിതിയും മറ്റൊന്നല്ല. സാങ്കേതിക വിദ്യകളുടെ തികവോ മികവോ അല്ല ദീന്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്, അവയുടെ ഉപയോഗരീതിയാണ്. ഏതൊരു ടെക്‌നോളജിയും വിന്യസിക്കപ്പെടുന്ന ഒരു കാലവും ഇടവുമുണ്ടാകും, അതിന്റെ ഗുണഭോക്താക്കളും. സാങ്കേതിക വിദ്യ എത്രതന്നെ വികസിച്ചാലും, ഈ കാലവും ഇടവും ഗുണഭോക്താക്കളും പങ്കുവെക്കേണ്ട ധാര്‍മികവും സദാചാരപരവുമായ ചില സുസ്ഥിര മൂല്യങ്ങള്‍ ഉണ്ടാകും. അവ പരിരക്ഷിക്കപ്പെടുകയാണ് പ്രധാനം. ദൗര്‍ഭാഗ്യവശാല്‍ ഇവിടെയാണ് ചോര്‍ച്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 
മൗലികമായും ചില ധര്‍മങ്ങളുണ്ട് ഇത്തരം മാധ്യമങ്ങള്‍ക്ക്. സുഗമവും ആയാസരഹിതവുമായ ആശയകൈമാറ്റമാണതിലൊന്ന്. സാമൂഹിക ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലാണ് വേറെയൊന്ന്. ഇവയുടെ അനന്തമായ സാധ്യതകളാണ് സോഷ്യല്‍ മീഡിയകള്‍ തുറന്നുവിട്ടുകൊണ്ടിരിക്കുന്നത്. ഈ ധര്‍മങ്ങളാകട്ടെ മതം വിലക്കിയതല്ല, പ്രോത്സാഹിപ്പിച്ചതുമാണ്. സാമൂഹികത മതത്തിന്റെ മുഖ്യ പരിഗണനകളിലൊന്നാണ്. 
വിശ്വാസി ജാഗ്രത്താവേണ്ടത് ഈ വിനിമയോപാധികളുടെ ഉപയോഗത്തിലാണ്. നിഷിദ്ധങ്ങളുടെ വാതായനങ്ങള്‍ തുറന്നുകിടപ്പാണവിടം. പ്രലോഭനങ്ങളും പ്രകോപനങ്ങളുമായി പിശാചുക്കള്‍ പതിയിരിക്കുന്നു. 
തീര്‍ച്ചയായും നാം ഒരു പുനരാലോചന നടത്തണം, പിശാചിന്റെ കെണികളില്‍ അറിയാതെ നാം വീണുപോകുന്നുണ്ടോയെന്ന്. മറന്നുപോകരുത്, ദൈവത്തോടുള്ള ആരാധനകളില്‍ പോലും പരിധി വിടരുതെന്ന് കല്‍പിക്കപ്പെട്ടവരാണ് നാം. 
നവ സാമൂഹിക മാധ്യമങ്ങള്‍ മനുഷ്യബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നത് വലിയൊരു പഠനവിഷയമാണിന്ന്. ഒറ്റപ്പെടുന്ന, ഉള്‍വലിയുന്ന വ്യക്തികളെയാണ് ഈ മാധ്യമങ്ങള്‍ പലപ്പോഴും രൂപപ്പെടുത്തുന്നത്. 
രണ്ടു പേര്‍ കണ്ടുമുട്ടുന്നു. മുഖപരിചയം ക് ചോദിച്ചു: നിങ്ങള്‍ ഫേസ്ബുക്കിലുണ്ടോ? ഇല്ലായെന്ന് മറുപടി. വാട്ട്‌സ്ആപ്പിലോ ട്വിറ്ററിലോ? ഇല്ലായെന്ന് തന്നെ മറുപടി. പിന്നെ എവിടെ വെച്ചാണ് ഈ പരിചയം? അപരന്‍ നിസ്സഹായതയോടെ മറുപടി നല്‍കി: 'മോനേ, നാളുകളേറെയായി ഞാന്‍ മോന്റെ അയല്‍വാസിയാണ്.' തൊട്ടയല്‍വാസി മരിച്ചത് ഗള്‍ഫിലെ സുഹൃത്തിന്റെ വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ അറിയുന്ന അനുഭവങ്ങള്‍ ഏറെയുണ്ട്. അയല്‍പക്ക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തി വീടുയരുംമുമ്പേ മതിലുയരുന്നതിനെ കുറിച്ച് കവി വേവലാതിപ്പെടുന്നുണ്ട്. ഇവിടെ ഇലക്‌ട്രോണിക് മതിലുകളാണ് ഉയര്‍ന്നുകൊണ്ടേയിരിക്കുന്നത്.
നമ്മുടെ വീടകങ്ങളിലെ ബന്ധങ്ങളിലും സാരമായി ബാധിച്ചിട്ടുണ്ട് ഈ മാധ്യമങ്ങളുടെ ഉപയോഗം.
ഒരേ കട്ടിലില്‍ അടുത്തു കിടക്കുന്ന ഭര്‍ത്താവിനോട് 'വല്ലാത്ത ചൂട്! ഒന്ന് നീങ്ങിക്കിടക്കൂ മനുഷ്യാ' എന്ന് വാട്ട്‌സ്ആപ്പില്‍ മെസ്സേജ് ചെയ്യുന്ന ഒരു തമാശ വായിച്ചതോര്‍ക്കുന്നു. നേര്‍ക്കുനേരെ പറഞ്ഞാല്‍ ഭര്‍ത്താവ് മൈന്‍ഡ് ചെയ്യില്ലെന്നും ഏത് പാതിരാത്രിയിലും മെസ്സേജ് അലര്‍ട്ട് കിട്ടിയാല്‍ ചാടിയെഴുന്നേറ്റ് മെസേജ് നോക്കുമെന്ന ധ്വനിയുമിതിലുണ്ട്.'
അവധി ആഘോഷിക്കാന്‍ വരുന്ന മക്കളെയും പേരക്കുട്ടികളെയും ഡിറ്റക്റ്റര്‍ വെച്ച് പരിശോധിച്ച് മൊബൈല്‍ പിടിച്ചെടുത്ത് വീട്ടിലേക്ക് കടത്തിവിടുന്ന മുത്തശ്ശനും മുത്തശ്ശിയും ചിരിക്കു മാത്രമല്ല ചിന്തക്കും വക നല്‍കുന്നു. 
മക്കളോടും ഇണയോടുമെന്തെങ്കിലുമുരിയാടണമെങ്കില്‍ പോലും ഈ ഉപകരണങ്ങള്‍ വില്ലനാകുന്ന കാഴ്ചയാണെങ്ങും. 
സാമൂഹിക മാധ്യമങ്ങള്‍ അകലങ്ങളെ അടുപ്പിച്ചപ്പോള്‍ അടുത്തുള്ളവരെ അകറ്റിയെന്നതാണ് വസ്തുത. എല്ലാവരും അവരവരുടെ ലോകത്താണ്. എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ എത്ര അര്‍ഥപൂര്‍ണം!
ദാമ്പത്യ ബന്ധങ്ങളില്‍ വിള്ളലുകള്‍ തീര്‍ക്കുന്നതില്‍,  പ്രണയക്കുരുക്കുകളില്‍ പെട്ട് ജീവിതം തുലഞ്ഞുപോകുന്നതില്‍ നവ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൗതുകത്തില്‍ തുടങ്ങിയത് കലാപത്തിലെത്തുന്ന പരിണതി. പ്രൊഫൈല്‍ പിക്ചറിലെ സുന്ദരിയുടെ ലാവണ്യത്തില്‍ മയങ്ങി, തേടിയെത്തുമ്പോള്‍ സ്വന്തം ഇണയെത്തന്നെ കണ്ട് ഇളിഭ്യരായവരും, മുതുക്കിളവന്മാരെ കണ്ട് മാറി നടന്നവരും കുറവല്ല. അശ്ലീല ദൃശ്യങ്ങള്‍ കൈമാറി പണവും മാനവും നഷ്ടപ്പെട്ടവരും സാമ്പത്തികമായി ചതിക്കപ്പെട്ടവരും ഏറെയുണ്ട്. 
രാവിലെ ഒന്നാമത്തെ പിരീഡില്‍ തന്നെ ഉറക്കം തൂങ്ങുന്ന വിദ്യാര്‍ഥിയോട് കാരണമന്വേഷിച്ചപ്പോള്‍ സഹപാഠിയാണ് ഉള്ളു തുറന്നത്. പത്തരയാകുമ്പോള്‍ കിടക്കണമെന്നാണത്രെ ഹോസ്റ്റല്‍ നിയമം. മുറിയിലെ വെളിച്ചമണയുമ്പോള്‍, പുതപ്പിനടിയില്‍ മൊബൈല്‍ തെളിയുന്നു. ഒരൊന്നര രണ്ടു മണി വരെ നീളും ഈ വെളിച്ചം. ദീര്‍ഘനേരം കണ്ണില്‍ പ്രകാശം തട്ടിയതിനാല്‍ ഉറങ്ങാനും കഴിയില്ല. ഒരുവിധം നേരം വെളുപ്പിച്ച് പിറ്റേന്ന് ക്ലാസ്സുകളിലെത്തുമ്പോള്‍ തലേന്നത്തെ ഉറക്കം സഭാമര്യാദകള്‍ ലംഘിച്ച് കടന്നുവരും. ഹോസ്റ്റലില്‍ മാത്രമല്ല, വീടകങ്ങളിലും ഇത് ആവര്‍ത്തിക്കപ്പെടുന്നു. 

തകരുന്ന ആത്മവിശ്വാസം 
അടുപ്പത്തിരിക്കുന്ന ചോറ്റു കലം പോലെയാണ് വാട്‌സ്ആപ്പെന്ന് പറയാറുണ്ട്. ഇടക്കിടെ നോക്കിയില്ലെങ്കില്‍ വല്ലാത്തൊരു അസ്വസ്ഥതയാണ്. സ്വന്തമായി വല്ലതും പോസ്റ്റുകയോ, ഫോര്‍വേഡ് ചെയ്താലോ പറയുകയും വേണ്ട. ആകാംക്ഷ പരകോടിയിലെത്തും. എത്ര പേര്‍ ലൈക്കടിച്ചു, എത്ര കമന്റ്‌സ് വന്നുവെന്നറിയാന്‍. ലൈക്കുകള്‍ കുറഞ്ഞാല്‍ മനോവിഷമം. തന്നെ ആരും പരിഗണിക്കുന്നില്ലെന്ന തോന്നല്‍. കൂടുതല്‍ കൈയടി കിട്ടാന്‍ സാഹസങ്ങള്‍ കാട്ടി ജീവിതം പൊലിഞ്ഞവര്‍ നിരവധി. ലൈക്കുകള്‍ കുറഞ്ഞതിന്റെ പേരില്‍ ജീവനൊടുക്കിയവര്‍ വേറെ. സത്യത്തില്‍, മറ്റുള്ളവര്‍ തന്നെ എങ്ങിനെ വിലയിരുത്തുന്നുവെന്ന ആധി തന്നെ തകര്‍ന്നുകൊണ്ടിരിക്കുന്ന ആത്മവിശ്വാസത്തിന്റെ അടയാളമാണ്. മനുഷ്യന് സ്വയം വിശ്വാസം നഷ്ടമായാല്‍ പിന്നെ എങ്ങനെ ദുര്‍ബലനാകാതിരിക്കും? 

സ്വകാര്യത വിനഷ്ടമാവുവോള്‍ 
വലിയ ഒരു കമ്പനിയില്‍ ഇന്റര്‍വ്യൂവിന് ചെന്നതാണയാള്‍. സര്‍ട്ടിഫിക്കറ്റുകളുടെ ഭാണ്ഡങ്ങളാണ് കൈമുതല്‍. അഭിമുഖത്തില്‍ നല്ല പെര്‍ഫോമന്‍സായിരുന്നുവെന്നാണ് വിലയിരുത്തിയത്. എങ്കിലും ജോലി ലഭിച്ചില്ല. കാരണം തേടിയപ്പോള്‍, ടിയാന്റെ ഫേസ്ബുക്ക് പേജും നവമാധ്യമങ്ങളിലെ ഇടപെടലുകളും കമ്പനി നിരീക്ഷിച്ചിരുന്നുവത്രെ!. എല്ലാറ്റിലും ഒരു നെഗറ്റീവ് അപ്രോച്ച്, അധിക സമയവും ഈ മാധ്യമങ്ങളുടെ കൂടെ, ജീവിതത്തെക്കുറിച്ച് തന്നെ അലസന്‍. ഇത്തരമൊരാളെ കമ്പനിക്കാവശ്യമില്ലെന്നായിരുന്നു മറുപടി. നല്ല ഒരു ദീനീകുടുംബത്തില്‍നിന്ന് മകള്‍ക്ക് വന്ന വിവാഹാലോചന നിരസിക്കാന്‍ പിതാവ് കാരണം പറഞ്ഞത് പയ്യന്റെ ഫേസ്ബുക്ക് കോപ്രായങ്ങളായിരുന്നു. 
എല്ലാവരും സ്വയം പ്രദര്‍ശിപ്പിക്കുന്ന ഒരിടമാണ് സോഷ്യല്‍ മീഡിയകള്‍. നാം അറിഞ്ഞോ അറിയാതെയോ വിവസ്ത്രരാക്കപ്പെടുകയാണ്. കുറഞ്ഞ ചെലവില്‍ നെറ്റും, ചെലവൊന്നുമില്ലാതെ (നമ്മുടെ ധാരണയില്‍) ഫേസ്ബുക്കും ട്വിറ്ററും വാട്ട്‌സ്ആപ്പുമൊക്കെ ലഭ്യമാവുമ്പോള്‍ അത്ഭുതം കൂറാറുണ്ട് പലരും. യഥാര്‍ഥത്തില്‍ നമ്മെ (സ്വകാര്യ വിവരങ്ങളെ) വില്‍ക്കുന്നതിന്റെ പ്രത്യുപകാരം മാത്രമാണത്. ഏതെങ്കിലും ഒരു മെഷീനെ കുറിച്ച് സെര്‍ച്ച് ചെയ്താല്‍ മതി, പിന്നെ നിരന്തരം അത്തരം മെഷീനുകളുടെ പരസ്യം വന്നുകൊണ്ടേയിരിക്കും. അന്വേഷണം ഏതെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ചായാല്‍ പിന്നെ വരുന്ന സന്ദേശങ്ങളൊക്കെയും അതു തന്നെയാവും. എങ്ങനെയവര്‍ നമ്മുടെ താല്‍പര്യങ്ങളറിഞ്ഞു എന്ന് ആശ്ചര്യപ്പെടുംമുമ്പ് എന്റെ സ്വകാര്യത എങ്ങനെ അവരിലെത്തിയെന്നാലോചിക്കുക. 
സോഷ്യല്‍ മീഡിയയിലെ വിശ്വാസി എങ്ങനെയായിക്കണം? 'ഇന്‍ഫര്‍മേഷന്‍ ഹൈവേ'യെന്നാണ് സോഷ്യല്‍ മീഡിയകളുടെ അപരനാമങ്ങളിലൊന്ന്. ഹൈവേ എന്ന പ്രയോഗം തീര്‍ച്ചയായും അര്‍ഥവത്താണ്. ഒരുപാടാളുകള്‍ കുടൂന്ന തെരുവില്‍ നില്‍ക്കുന്നവരെ പോലെയാണ് നമ്മള്‍. എല്ലാവരാലും നാം ശ്രദ്ധിക്കപ്പെടുന്നു. നാം വിനിമയം ചെയ്യുന്ന വാക്കുകളും പ്രസരിപ്പിക്കുന്ന ആശയങ്ങളും നിരീക്ഷണത്തിലാണ്. നമ്മുടെ ഹാവഭാവാദികളും ചേലും കോലവും ഒരായിരം കണ്ണുകളുടെ വലയത്തിലാണുള്ളത്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ വിശ്വാസി പാലിക്കേണ്ട ദീനീ മര്യാദകളെ കുറിച്ച ചോദ്യത്തിന്റെ മറുപടി വളരെ എളുപ്പമാണ്. ഒരു തെരുവില്‍ / കവലയില്‍ പാലിക്കേണ്ട മര്യാദകളേ സോഷ്യല്‍ മീഡിയയിലും നാം പാലിക്കേണ്ടതുള്ളു. 
തെരുവില്‍ നാം എന്തു പാലിക്കണമെന്ന് തിരുമേനി അരുളിയിട്ടുണ്ട്. അബൂസഈദില്‍ ഖുദ്‌രി(റ)യില്‍നിന്നും നിവേദനം. പ്രവാചകന്‍ (സ) അനുചരരോട് പറഞ്ഞു: 'വഴികളിലിരിക്കുന്നതിനെ നിങ്ങള്‍ സൂക്ഷിക്കുക, അവര്‍ ചോദിച്ചു: 'ഞങ്ങള്‍ക്ക് സംസാരിക്കാനായി തെരുവില്‍ ഇരിക്കേണ്ടിവന്നാലോ?' തിരുമേനി പറഞ്ഞു: 'അനിവാര്യമായി വന്നാല്‍ നിങ്ങള്‍ക്ക് ഇരിക്കാം, എന്നാല്‍ തെരുവിന്റെ ധര്‍മങ്ങള്‍ (അവകാശങ്ങള്‍) പാലിക്കണം.' അവര്‍ ചോദിച്ചു: 'എന്താണ് തെരുവിന്റെ ധര്‍മങ്ങള്‍?' അവിടുന്ന് പ്രതിവചിച്ചു: 'ദൃഷ്ടി താഴ്ത്തുക. ഉപദ്രവങ്ങള്‍ (പ്രയാസങ്ങള്‍) തടയുക, സലാം മടക്കുക, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക.' 
വിശദീകരണമാവശ്യമില്ലാത്ത വിധം സുവ്യക്തമാണീ പ്രവാചക വചനങ്ങള്‍. അനാവശ്യമായി കറങ്ങി നടക്കേണ്ടയിടമല്ല തെരുവുകള്‍. ആവശ്യത്തിനു മാത്രം വരേണ്ടയിടം. ഇതുപോലെ തന്നെയാണ് സോഷ്യല്‍ മീഡിയകളും. ആവശ്യത്തിനു മാത്രം വരേണ്ടയിടങ്ങളാണത്. ദൃഷ്ടിയെ നിയന്ത്രിക്കണമെന്നാണ് പ്രധാനമായ പ്രവാചക നിര്‍ദേശങ്ങളിലൊന്ന്. ദൈവഭയത്താല്‍ കാഴ്ചയെ നിയന്ത്രിക്കുന്നവന് ഈമാനിന്റെ മാധുര്യം അനുഭവിക്കാനാവുമെന്ന് തിരുദൂതര്‍ (സ) പറയുന്നുണ്ട്. കൂട്ടത്തില്‍ മനുഷ്യനെ വഴിപിഴപ്പിക്കാന്‍ പിശാച് ആയുധമാക്കുന്ന ഉപാധിയാണ് കാഴ്ചയെന്നും അവിടുന്ന് ഉണര്‍ത്തുന്നു. കാഴ്ചകള്‍ പതറിപ്പോകുന്ന ഇടങ്ങളാണ് ഇന്റര്‍നെറ്റും അനുബന്ധ സംവിധാനങ്ങളും. 
സെര്‍ച്ച് ചെയ്യുമ്പോള്‍ ആവശ്യമുള്ള വിവരങ്ങള്‍ മാത്രമല്ല വരുക. വഴിതെറ്റാന്‍ സാധ്യതയുള്ള ഒരു പാട് വിവരങ്ങള്‍ കടന്നുവരും. ദൃഷ്ടി താഴ്ത്താനും അടക്കാനുമുള്ള ദീനീബോധനം പ്രസക്തമാവുന്നത് ഇവിടെയാണ്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍നിന്ന് കണ്ണുകള്‍ പിന്‍വലിക്കാന്‍ കഴിയണം. ഒരുവന്റെ ഇസ്‌ലാം മേന്മയേറുന്നതും മനോഹരമാവുന്നതും തനിക്കാവശ്യമില്ലാത്തതിനെ ഒഴിവാക്കാന്‍ ശീലിക്കുമ്പോഴാണെന്ന് പ്രവാചകന്‍ (സ) അരുളിയിട്ടുണ്ട്. 
പലപ്പോഴും അശ്രദ്ധയില്‍ കൈകാര്യം ചെയ്യപ്പെടുന്ന ഗുരുതരമായ കാര്യമാണ് തന്റെയും കുടുംബത്തിന്റെയും ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുകയെന്നത്. വീട്ടിനു പുറത്തിറങ്ങുമ്പോഴും അന്യരോട് ഇടപഴകുമ്പോഴും ദീനീചിട്ടകള്‍ പാലിക്കുന്നവര്‍ തങ്ങളുടെ സ്വകാര്യതയിലോ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലോ എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളുടെ പാതയോരങ്ങളില്‍ പതിക്കുന്നത് ശ്രദ്ധിക്കാറില്ല. ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പാലിക്കേണ്ട വസ്ത്രമര്യാദകളും ഹാവഭാവങ്ങളുമാണോ നമ്മുടേതെന്ന് നൂറുവട്ടം ആലോചിക്കണം. അയച്ചുപോയ മെസ്സേജുകളും ചിത്രങ്ങളും നിമിഷാര്‍ധത്തിലാണ് ഭൂഖണ്ഡങ്ങള്‍ താണ്ടുന്നത്. 'നമ്മുടെ വാട്‌സ്ആപ്പ്, ഫെയ്‌സ് ബുക്ക് കൂട്ടായ്മകളിലെ ആളുകളുടെ എല്ലാവരുടെയും മനോഘടന ഒരേ പോലെയല്ല. അഴുക്കുപുരണ്ട ഒരു മനസ്സു മതി നമ്മെ വഷളാക്കാന്‍. 
ഉപദ്രവങ്ങളെയും പ്രയാസങ്ങളെയും നീക്കം ചെയ്യലാണ് തെരുവില്‍ പാലിക്കേണ്ട ധര്‍മങ്ങളില്‍ സുപ്രധാനമായ മറ്റൊന്ന്. നിജഃസ്ഥിതിയറിയാതെ വാര്‍ത്തകള്‍ കൈമാറുന്നതിന്റെ ഗൗരവം ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു. ഈ വിവരകൈമാറ്റം സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ക്ക് ഒരു കണക്കുമില്ല, സൃഷ്ടിക്കുന്ന ഉപദ്രവങ്ങള്‍ക്കും. കോഴിക്കോട്ടുകാരിയായ ഒരു പെണ്‍കുട്ടി ജീവനൊടുക്കിയത് അവളെ കുറിച്ച് ഒരു ഹിന്ദു യുവാവിന്റെയൊപ്പം ഒളിച്ചോടിയെന്ന അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിച്ചതിനാലായിരുന്നു. പലപ്പോഴും തങ്ങളുടെ മക്കളെ സൂക്ഷിച്ച് വളര്‍ത്തണമെന്ന ഉപദേശങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാന്‍ വേണ്ടിയാണ് ഈ വ്യാജം പ്രചരിപ്പിക്കുന്നത്. കൈയില്‍ കിട്ടിയതെല്ലാം ഷെയര്‍ ചെയ്യുന്ന രീതി ഉപേക്ഷിച്ചേ മതിയാകൂ! താനേതായാലും പറ്റിക്കപ്പെട്ടു, എന്നാല്‍ മറ്റുള്ളവരും അങ്ങനെ വഞ്ചിക്കപ്പെടട്ടേയെന്ന് തീരുമാനിക്കുന്ന മനസ്സ് ഇസ്‌ലാമികമല്ലായെന്ന് തീര്‍ച്ച. 
റസൂല്‍ (സ) പറഞ്ഞ ഒരു വാചകം വളരെ ഗൗരവത്തില്‍ നാം ഓര്‍ക്കണം; 'കേള്‍ക്കുന്നതൊക്കെയും പറഞ്ഞു നടക്കുകയെന്നത് മതി ഒരുവനെ പാപത്തിലാഴ്ത്താന്‍.' 'അവിടെ കേട്ടതും ഇവിടെ കേട്ടതും പറഞ്ഞു പരത്തല്ലേ' എന്ന് തിരുമേനി(സ) ഉണര്‍ത്തിയിട്ടുമുണ്ട്. ആളുകളെ ഉദ്ബുദ്ധരാക്കാന്‍ വ്യാജ ഹദീസുകളും കെട്ടുകഥകളും എഴുന്നള്ളിക്കുന്നവരും ഈ പറഞ്ഞതില്‍നിന്ന് ഭിന്നരല്ല.
മറ്റുള്ളവരുടെ വീഴ്ചകള്‍, നാക്കുപിഴകള്‍, സ്വകാര്യതയിലെ അബദ്ധങ്ങള്‍ ആഘോഷങ്ങളാക്കുന്നവര്‍ ഒട്ടും കുറവല്ല സോഷ്യല്‍ മീഡിയയില്‍. ട്രോളുകള്‍ പലതും സീമകള്‍ ലംഘിക്കുന്നത് വ്യക്തികളെ പരിഹസിക്കാനും ഇകഴ്ത്താനുമാണ്. 
പരദൂഷണവും പരിഹാസവും സാമൂഹിക മാധ്യമങ്ങളിലും വിലക്കപ്പെട്ടതു തന്നെയാണ്. പരദൂഷണം പറയുന്നവനും കേള്‍ക്കാന്‍ ചെവികൊടുക്കുന്നവനും കുറ്റത്തില്‍ പങ്കാളികളാണെന്നാണ് തിരുവചനം. സഹോദരന്റെ ശവം തിന്നുന്നവനെന്നാണ് ഖുര്‍ആന്‍ പരിഹസിക്കുന്നവനെ വിശേഷിപ്പിച്ചത്. നേര്‍ക്കുനേരെ പറയാന്‍ മടിക്കുന്ന വര്‍ത്തമാനങ്ങള്‍, ശ്ലീലാശ്ലീല ഭേദമില്ലാത്ത മൊഴികള്‍ വാട്ട്‌സ്ആപ്പിലും ഫെയ്‌സ് ബുക്കിലും യാതൊരു വകതിരിവുമില്ലാതെ പ്രസരണം ചെയ്യുന്നതിന്റെ യുക്തിയെന്താണ്? 'അപരന്റെ രഹസ്യങ്ങള്‍ പരതി നടക്കുന്നവന്റെ സ്വകാര്യതകളുടെ മറകളെ അല്ലാഹു ദേഭിക്കും. അവനെ സ്വകുടുംബത്തിന്റെ മുന്നില്‍ വഷളാക്കുകയും ചെയ്യും.' നബി (സ) യുടെ ഈ മുന്നറിയിപ്പ് മറന്നുപോകാതിരിക്കുക. 
തെരുവിന്റെ ധര്‍മങ്ങളില്‍ തിരുമേനി(സ) അനുശാസിച്ച മറ്റൊരു കാര്യം സലാം മടക്കലാണ്. സമാധാനം ആശംസിക്കുന്ന അഭിവാദ്യം മാത്രമല്ലയിത്, സമാധാനം പരത്തുക എന്ന ധ്വനി കൂടിയുണ്ട്. അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട് മനസ്സുകളെ മലിനപ്പെടുത്തുന്നവരും ഭീതി പരത്തി അശാന്തി നിറക്കുന്നവരും ഈ ദീനീചട്ടത്തിന് വിരുദ്ധം പ്രവര്‍ത്തിക്കുന്നവരത്രെ. നിപ വൈറസുമായി ബന്ധപ്പെട്ട് പരന്ന ഭീതി വരുത്തിയ വിനകള്‍ നാം ഇനിയും മറന്നുതുടങ്ങിയിട്ടില്ല. 
പ്രവാചകന്‍ (സ) പറയുന്നു: 'സത്യം തന്റെ പക്ഷത്തായിരിക്കെ തന്നെ തര്‍ക്കം വെടിഞ്ഞവന് സ്വര്‍ഗ പൂന്തോപ്പും തമാശക്കു പോലും നുണ പറയാത്തവന് സ്വര്‍ഗത്തിന്റെ മധ്യവും സ്വഭാവം നന്നാക്കിയവന് സ്വര്‍ഗത്തിന്റെ മേലാപ്പും കിട്ടാന്‍ ഞാന്‍ ഗ്യാരണ്ടി നില്‍ക്കും.' 
എങ്ങനെ സോഷ്യല്‍ മീഡിയകളെ ഉപയോഗപ്പെടുത്താമെന്ന നിര്‍ദേശമാണ് തെരുവിന്റെ ധര്‍മങ്ങളില്‍ അവസാനത്തേതായി തിരുമേനി (സ) പറഞ്ഞുവെച്ചത്; നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക. വിശ്വാസി സമൂഹത്തിന്റെ നിലനില്‍പിന്റെ ന്യായമായാണ് വിശുദ്ധ ഖുര്‍ആന്‍ ഈ ദൗത്യത്തെ നിര്‍വചിച്ചത്. നന്മകള്‍ പ്രസരിപ്പിക്കുകയും തിന്മകള്‍ വിലക്കുകയും ചെയ്യുന്ന വേദികളാവണം ഈ മാധ്യമയിടങ്ങള്‍. നന്മയിലേക്ക് ക്ഷണിക്കുന്നവന് അത് ആചരിക്കുന്നവന്റെ പ്രതിഫലം കൂടി ലഭിക്കുമെന്നാണ് പ്രവാചകന്‍ (സ) പറഞ്ഞത്. 
ഒരുവന്‍ തന്റെ ഭവനത്തില്‍നിന്ന് പുറത്തിറങ്ങി ഒരു നുണ പറയുന്നു. ആ നുണ ചക്രവാളങ്ങളെ ഭേദിച്ചു പരക്കുന്ന ഒരു കാലത്തെ കുറിച്ച് റസൂലുല്ലാഹി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശരിക്കും, ആ കാലത്തിന്റെ പ്രതിനിധികളാണ് നമ്മള്‍. ചെയ്ത കര്‍മത്തിന്റെയും അതിന്റെ പ്രതിഫലനങ്ങളുടെയും ഫലം റബ്ബ് രേഖപ്പെടുത്തുന്നുവെന്നും നാമത് അനുഭവിക്കേണ്ടിവരുമെന്നും ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഓര്‍ക്കുക, സ്വകാര്യത എന്നൊന്ന് നമുക്കില്ല. തനിച്ചിരിക്കാന്‍ പോലും നാലു പേരുടെ സാന്നിധ്യമുണ്ടാവണമെന്നാണ് ദീനിന്റെ പാഠം. അല്ലാഹുവും ഇരുപാര്‍ശ്വങ്ങളിലെ മലക്കുകളും, പോരാത്തതിന് വഴിതെറ്റിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന പിശാചും ഇവരുടെ അസാന്നിധ്യമുള്ള ഒരു ഇടവും നമ്മുടെ ജീവിതത്തിലില്ല. തികഞ്ഞ ജാഗ്രത വേണം.  ഖുര്‍ആന്റെ ഈ ഓര്‍മപ്പെടുത്തല്‍ നമുക്ക് മറക്കാതിരിക്കാം; ''തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല'' (അന്നൂര്‍ 19).
''നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്'' (അല്‍ ഇസ്‌റാഅ് 36).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top