പൊക്കിള്‍കൊടി ബന്ധമാണ് ആത്മീയ സൗന്ദര്യമുള്ള ബന്ധം

പെരുമ്പടവം ശ്രീധരന്‍ No image

പെങ്ങളെക്കുറിച്ചു പറയുമ്പോള്‍ എനിക്ക് മഹാഭാരത്തിലെ ദുശ്ശളയെ കുറിച്ചാണ് ഓര്‍മ വരുന്നത്. ധൃതരാഷ്ട്രരുടെ ഏകപുത്രി. കൗരവരുടെ ഒരേയൊരു പെങ്ങള്‍. സിന്ധിരാജാവായ ജയദ്രഥന്റെ ഭാര്യ. പാണ്ഡവരും കൗരവരും ആജന്മശത്രുക്കളായി. രാജ്യഭരണത്തിനായി അവര്‍ പരസ്പരം പോരാടി. ചൂതുകളിയില്‍ എല്ലാം നഷ്ടപ്പെട്ട പാണ്ഡവരുടെ മുന്നില്‍ വെച്ച് രാജസദസ്സില്‍ ജയദ്രഥന്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ ധര്‍മപുത്രര്‍ അയാളെ കൊല്ലാതിരുന്നത് സഹോദരിയുടെ ഭര്‍ത്താവായതുകൊണ്ടാണ്.
കുരുക്ഷേത്രയുദ്ധത്തില്‍ കൗരവരോടൊപ്പം ജയദ്രഥനും കൊല്ലപ്പെട്ടു. യുധിഷ്ഠിരന്‍ രാജാവായി. ധര്‍മപുത്രര്‍ ഒരു അശ്വമേധയാഗം നടത്തി. അശ്വത്തെ കെട്ടഴിച്ചുവിടും. പിടിച്ചുകെട്ടിയാല്‍ അത് യുദ്ധത്തിലാണ് കലാശിക്കുക.
കുതിരയെ അനുധാവനം ചെയ്തത് അര്‍ജുനനായിരുന്നു. വിരദ രാജ്യത്തിലെത്തിയപ്പോള്‍ പടയാളികള്‍ അശ്വത്തെ തടഞ്ഞു. ഏറ്റുമുട്ടലില്‍ അര്‍ജുനന്‍ അവരെയൊക്കെ കൊല്ലുകയും ചെയ്തു. മരിച്ചവരുടെ കൂട്ടത്തില്‍ ദുശ്ശളയുടെ പുത്രന്‍ സുരധനും ഉള്‍പ്പെട്ടിരുന്നു. ഇതറിഞ്ഞ ദുശ്ശള, സുരധന്റെ പിഞ്ചുകുഞ്ഞിനെയും എടുത്തുകൊണ്ട് യുദ്ധക്കളത്തില്‍ ചെന്നു. കുരുക്ഷേത്ര യുദ്ധത്തില്‍ ഭര്‍ത്താവിനെ നഷ്ടമായി. ഇപ്പോള്‍ മകനെയും. പിതൃസഹോദര പുത്രിയായ ദുശ്ശളയെ അര്‍ജുനന് വളരെ ഇഷ്ടമായിരുന്നു. പാണ്ഡവര്‍ക്ക് സഹോദരിമാരില്ല. കൗരവരുടെ പെങ്ങള്‍ പാണ്ഡവരുടെയും പെങ്ങളാണ്. ആ ദുശ്ശളയാണ് കൊച്ചുമകനെയുമെടുത്ത് മകന്റെ ജഡത്തിനരികെയിരുന്ന് വിലപിക്കുന്നത്. അസ്ത്രവിദ്യയുടെ ദേവനെന്നു വിളിക്കാവുന്ന അര്‍ജുനന്‍, പെങ്ങളുടെ സങ്കടത്തിനു മുന്നില്‍ അമ്പും വില്ലും താഴെവെച്ച് ദുഃഖഭാരത്തോടെ തലകുനിച്ചുനിന്നു. പെങ്ങളോടുള്ള സഹോദരന്റെ ആഴമേറിയ ആത്മബന്ധത്തെ തെളിച്ചുകാണിക്കുന്ന ഒരു ഐതിഹ്യനിമിഷമാണത്. സുരധന്റെ മകനെ സിന്ധി രാജ്യത്തിന്റെ രാജാവായി അഭിഷേകം ചെയ്തിട്ടാണ് അര്‍ജുനന്‍ തിരിച്ചുപോരുന്നത്. അതുകൊണ്ടുതന്നെ ഭൂമിയിലെ മനുഷ്യ ബന്ധങ്ങളില്‍വെച്ച് ഏറ്റവും പവിത്രമായ ബന്ധമാണ് ആങ്ങളയും പെങ്ങളും തമ്മിലുള്ള ബന്ധമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പെരുമ്പടവം എന്ന കുഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. എനിക്ക് ഒരു പെങ്ങളുണ്ടായിരുന്നു; അനുജത്തി പങ്കജാക്ഷി. പങ്കിയെന്നു ഞങ്ങള്‍ വിളിക്കും. രണ്ട് വയസ്സിന്റെ വ്യത്യാസമാണ് ഞങ്ങള്‍ തമ്മിലുള്ളത്. എനിക്ക് നാല് വയസ്സുള്ളപ്പോള്‍ അഛന്‍ മരിച്ചു. ദാരിദ്ര്യത്തില്‍നിന്നും കൊടും ദാരിദ്ര്യത്തിലേക്ക് ഞങ്ങള്‍ പതിച്ചു. അമ്മ വളരെയേറെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത്. കുട്ടിക്കാലത്തുതന്നെ ജീവിതത്തിന്റെ എല്ലാ കയ്പ്പുകളും നോവുകളും ആവോളം ഞാന്‍ അനുഭവിച്ചു. അനാഥമായ, നിരാലംബമായ ജീവിതം എന്നൊക്കെ അന്നത്തെ കാലമോര്‍ക്കുമ്പോള്‍ എനിക്കു തോന്നുന്നു.
സഹപാഠികളെല്ലാം മാതാപിതാക്കളുടെ സ്‌നേഹസൗഭാഗ്യങ്ങള്‍ അനുഭവിച്ച് വളരുമ്പോള്‍ എന്റെ സങ്കടങ്ങള്‍ ഞാന്‍ ഈ ഗ്രാമത്തിലെ മരങ്ങളോടും തോടിനോടും ആകാശത്തോടുമൊക്കെ പറഞ്ഞു. കൂട്ടുകാരില്ലാത്തതിനാല്‍ ഞാന്‍ കുന്നിന്‍ചരുവിലോ മറ്റോ പോയിരിക്കും. ഒരു സ്വപ്‌നവും കാണരുതെന്ന് ഞാനെന്റെ മനസ്സിനെ കുട്ടിക്കാലത്തേ പഠിപ്പിച്ചു. അന്നത്തെ ജീവിതസാഹചര്യങ്ങളില്‍ ഒരു സ്വപ്‌നവും സാക്ഷാത്കരിക്കപ്പെടാന്‍ പോകുന്നില്ലെന്ന് എനിക്കുറപ്പായിരുന്നു. കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ച്, വേദന കടിച്ചമര്‍ത്തി, കണ്ണുനീര് കുടിച്ച്, അപ്പോഴും എല്ലാവരെയും ഈ ഗ്രാമത്തെയും സ്‌നേഹിച്ച് ഞാന്‍ എന്റെ എളിയ ജീവിതം കഴിച്ചുകൂട്ടി. അപ്പോഴെല്ലാം എന്റെ ഏക അത്താണി അവളായിരുന്നു, എന്റെ പെങ്ങള്‍.
ഞങ്ങളുടെ കുട്ടിക്കാലം ഞാന്‍ വളരെ സന്തോഷത്തോടെയാണ് ഓര്‍ക്കുന്നത്. പാടവരമ്പിലൂടെയും ചരുവിലൂടെയും നടന്നുവേണം സ്‌കൂളിലെത്താന്‍. പെങ്ങളുടെ പാഠപുസ്തകമെല്ലാം ഞാന്‍ ചുമക്കണം. അവള്‍ കുസൃതിയും ശുണ്ഠിക്കാരിയുമായിരുന്നു. എന്നോട് എപ്പോഴും വഴക്കുണ്ടാക്കും. മറ്റുള്ളവരോടും. ഏതു കാര്യത്തിലും അവള്‍ക്കൊരു മേല്‍ക്കൈ വേണം. അതുകൊണ്ടുതന്നെ എപ്പോഴും തോറ്റു കൊടുക്കാന്‍ ഞാന്‍ ബാധ്യസ്ഥനായിരുന്നു. അതു ഞാന്‍ അങ്ങനെ തന്നെ ചെയ്തുപോന്നു. എങ്കിലും ഞങ്ങള്‍ തമ്മില്‍ എന്തെന്നില്ലാത്ത ഒരാത്മബന്ധം ഉണ്ടായിരുന്നു. ഏതു കാര്യത്തിലും അവളുടെ സന്തോഷമായിരുന്നു എനിക്കു പ്രധാനം.
യുവാവായിരിക്കുമ്പോള്‍ ഞാന്‍ നാടുവിട്ടുപോയി. വീട്ടില്‍ അമ്മയും പെങ്ങളും മാത്രം. എന്റെ അന്നം പുറത്തെവിടെയോ ആണെന്ന് ഞാന്‍ വിശ്വസിച്ചു. എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞു. എങ്ങുമെത്താതെ അലഞ്ഞുതിരിഞ്ഞ ഒരു കാലം. ഒരു കടവിലും അടുക്കാതെ പുഴയുടെ ഒഴുക്കില്‍ ഒഴുകിപ്പോയ ഒന്നായിരുന്നു അന്ന് എന്റെ ജീവിതം. അപ്പോഴെല്ലാം ഞാന്‍ വീട്ടിലേക്ക് കത്തയച്ചുകൊണ്ടിരുന്നു. പെങ്ങള്‍ മറുപടി അയക്കും. അവളുടെ ആവശ്യങ്ങളും അമ്മയുടെ സങ്കടങ്ങളുമാണ് കത്തിലുണ്ടാവുക.
ഈയൊരു സമയത്താണ് പെങ്ങള്‍ക്ക് വിവാഹാലോചന വന്നത്. വരനെ എനിക്കറിയാമായിരുന്നു. അവളെല്ലാ കാര്യങ്ങളും എന്നെ അറിയിച്ചു. വിവാഹത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഞാന്‍ ചെയ്തുകൊടുത്തു. എന്നാല്‍ കല്യാണത്തിനു എനിക്കു പോകാന്‍ സാധിച്ചില്ല. എങ്ങുമെത്താതെ ചുറ്റിത്തിരിഞ്ഞു നാട്ടില്‍ ഞാന്‍ തിരിച്ചു ചെല്ലുമ്പോള്‍ അവളും ഭര്‍ത്താവും മക്കളും അമ്മയോടൊപ്പം സുഖമായി കഴിയുകയായിരുന്നു. ഞങ്ങളുടെ കുടുംബ സ്വത്തായ വീട് പെങ്ങള്‍ക്ക് നല്‍കി ഞാന്‍ തിരിച്ചുപോയി.
ഞാനെന്റെ ജീവിതമന്വേഷിച്ച് യാത്ര തുടര്‍ന്നു. അവളെയും മക്കളെയും അമ്മയെയും കാണാന്‍ ഞാന്‍ ഇടക്ക് നാട്ടില്‍ വരും. ഞാനും വിവാഹിതനായി. തിരുവനന്തപുരത്ത് താമസമാക്കി. എന്റെ ഭാര്യ ലൈല പെങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. പരസ്പരം വിഷമങ്ങളും ആവശ്യങ്ങളും പങ്കുവെച്ചു. പങ്കജാക്ഷിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ലൈല പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിനിടെ അമ്മ മരിച്ചു.
കാലക്രമേണ പങ്കജാക്ഷി ആസ്ത്മ രോഗിയായി. പഴയ ഉത്സാഹമെല്ലാം പോയി. ആകെ അവശയായി. കാണാന്‍ ചെല്ലുമ്പോള്‍ അവളെന്റെ അരികില്‍ വന്നിരുന്നു കരയും. സാരമില്ലെന്നു പറഞ്ഞ് ഞാനവളെ സമാധാനിപ്പിക്കും. ജീവിതത്തിന്റെ ഇല്ലായ്മകള്‍ അവളും വല്ലാതെ അനുഭവിച്ചിരുന്നു. സാരമില്ല, നിനക്ക് നല്ലകാലം വരുമെന്ന് ഞാനവളോട് പറയുമായിരുന്നു. പക്ഷേ, രോഗിയായിത്തീര്‍ന്നതിനുശേഷം അവള്‍ക്ക് അത്തരം ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നഷ്ടപ്പെട്ടിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒടുവില്‍ ഓര്‍ക്കാപ്പുറത്തവള്‍ ഇഹലോകവാസം വെടിഞ്ഞു.
ഒരു രാത്രിയാണ് എനിക്ക് ഫോണ്‍ വന്നത്, പെങ്ങള്‍ മരിച്ചു. ഉടപ്പിറന്നവളുടെ വേര്‍പാട് അപ്പോള്‍ എന്നില്‍ വല്ലാത്തൊരു അനിശ്ചിതത്വം സൃഷ്ടിച്ചു. തകര്‍ന്ന മനസ്സോടെ രാത്രി തന്നെ ഞാന്‍ പുറപ്പെട്ടു. മുട്ടുചിറ ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. പുലര്‍ച്ചെ ഞാനവിടെയെത്തി. ഒരു നഴ്‌സ് എനിക്ക് പെങ്ങളുടെ മരവിച്ചു കിടക്കുന്ന ശരീരം കാണിച്ചുതന്നു. ആ നിമിഷം എനിക്ക് മറക്കാനാവില്ല. ചേതനയറ്റ അവളുടെ മുഖത്ത് നോക്കിനിന്ന ഞാന്‍ അറിയാതെ വിങ്ങിപ്പൊട്ടിക്കരഞ്ഞു. വെള്ളപുതച്ചു കിടക്കുന്ന എന്റെ പെങ്ങള്‍ക്കരികെ അനാഥനെപ്പോലെ ഞാന്‍ നിന്നു. ആശ്വാസ വചനങ്ങള്‍ നഴ്‌സ് പറയുമ്പോഴും നിറമിഴിയോടെ ഞാനെന്റെ അനുജത്തിയുടെ ഇന്നലെകള്‍ ഓര്‍ക്കുകയായിരുന്നു.
പെങ്ങള്‍ ഇല്ലാതായതോടെയാണ് അവളുടെ സ്‌നേഹം എന്നെ അലട്ടാന്‍ തുടങ്ങിയത്. പങ്കജാക്ഷി ഉണ്ടായിരുന്നപ്പോള്‍ ഈ ഭൂമിയില്‍ ഞാന്‍ തനിച്ചായിരുന്നില്ല. എനിക്കെന്റെ അനുജത്തിയുണ്ടായിരുന്നു. പക്ഷേ, ആ വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ ഭൂമിയില്‍ രക്തബന്ധത്തിന്റെ കണ്ണിയറ്റവനായി തീര്‍ന്നു. അത് എന്നെ അനാഥത്വത്തിലേക്കാണ് വലിച്ചെറിഞ്ഞത്. ഇത് ജീവിതത്തിലെ വല്ലാത്തൊരവസ്ഥയാണ്. പെങ്ങളോടുള്ള സ്‌നേഹം അനിര്‍വചനീയമായ അനുഭൂതിയാണ്. ഇപ്പോള്‍ അവളുടെ മക്കളുടെ കാര്യങ്ങള്‍ മിക്കവാറും നോക്കുന്നത് ഞാനാണ്. പെങ്ങളുമായുള്ള ബന്ധം ഞാനിങ്ങനെ ഇപ്പോഴും നിലനിര്‍ത്തുന്നു.
ഒരു സഹോദരി ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ അത് വല്ലാത്തൊരു വേദനയാണ്. അന്യോന്യം ചെറിയ കാര്യങ്ങള്‍ക്ക് ശണ്ഠകൂടിയാലും അത് പെട്ടെന്ന് മാഞ്ഞുപോകും. വീണ്ടും സഹോദരീ-സഹോദര ബന്ധം സുദൃഢമാവുകയും ചെയ്യും. അവള്‍ ഇല്ലാത്ത അവസ്ഥയില്‍ കഴിഞ്ഞ കാലങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കത് കൂടുതല്‍ വ്യക്തമാകുന്നു. പൊക്കിള്‍കൊടി ബന്ധമാണ് ജീവിതത്തിലെ ആത്മീയ സൗന്ദര്യമുള്ള ബന്ധമെന്ന് ഞാന്‍ തിരിച്ചറിയുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top