ഇച്ചേയി

ഷംല ജാവിദ്‌ ജിദ്ദ
2011 ഒക്ടോബര്‍

പുഴക്കരയില്‍ നിന്നുമുയരുന്ന യന്ത്രങ്ങളുടെ ഇരമ്പലില്‍ ചുറ്റുപാടുകള്‍ വിറങ്ങലിച്ചു നില്‍ക്കുകയാണെന്ന്‌ തോന്നി. എല്ലാറ്റിനും മൂക സാക്ഷിയായി, ഒരു സ്‌മാരകം പോലെ ചളിയില്‍ ആഴ്‌ന്നു കിടക്കുന്ന ഇച്ചേയിയുടെ തോണി കണ്ടപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു.
ഇച്ചേയി ഇന്നലെയും വന്നിരുന്നു. കരഞ്ഞ്‌ കലങ്ങിയ കണ്ണുകളില്‍ നോക്കി ആശ്വാസ വാക്കുകള്‍ പറയാനാകാതെ തളര്‍ന്നിരിക്കാനേ ആയുള്ളൂ.
``പോവ്വാ കുട്ട്യേ, കടലാസ്‌ മന്നിട്ട്‌ കൊറേ ദെവസായി. ചട്ടീം കലോം പെറുക്കി ഇന്റെ മക്കളെയ്‌റ്റ്‌ പോവ്വാ ഞാന്‌''
ഒന്നും പറയാനില്ലാതെ നില്‍ക്കുന്ന എന്റെ മുഖത്ത്‌ നോക്കി ഇച്ചേയി ചോദ്യം വായിച്ചെടുത്തിരിക്കണം.
``സര്‍ക്കാറിന്റെടുത്ത്‌ന്ന്‌ കിട്ട്യേതോണ്ട്‌ കഞ്ഞിക്ക്‌ തെകയൂല. ദുന്‍യാവില്‌ അറ്റം വരെ നടന്നോക്കെന്നെ.'' ഇച്ചേയിയേയും മക്കളേയും അതുപോലെ പാലം വഴിയാധാരമാക്കിയ കുറെ കുടുംബങ്ങളെയും കുറിച്ചോര്‍ത്തപ്പോ എനിക്ക്‌ ആരോടൊക്കെയോ ദേഷ്യം തോന്നി. കൂലിപ്പണിയെടുത്ത്‌ വക കണ്ടിരുന്നവരാണ്‌ കുടിയിറക്കപ്പെട്ടത്‌. പാലം പണി തുടങ്ങിയപ്പോള്‍ എന്തൊക്കെയായിരുന്നു അധികാരികള്‍ പറഞ്ഞത്‌. കോളനിയിലൂടെ അധികാരികളുടെ കൈ നീണ്ടപ്പോള്‍ അവര്‍ക്ക്‌ സമാധാനമായിട്ടുണ്ടാകും.
പാവം ഇച്ചേയി.
ഇച്ചേയിയുടെ തോണിയില്‍ ഞാന്‍ എത്ര തവണ പുഴ കടന്നിട്ടുണ്ട്‌. മതിയായെന്ന്‌ തോന്നുമ്പോള്‍ കയ്യിലുള്ള ഒരു രൂപാ നാണയം നീട്ടും. `ഇന്നാ ഇച്ചേയീ'
കറ പിടിച്ച പല്ലുകാട്ടി ഇച്ചേയി ചിരിക്കും. ``മാണ്ട കുട്ട്യേ, കുട്ടി തോണീ കേറീത്‌ എങ്ങ്‌ട്ടും പോവാനല്ലല്ലോ. പൊഴക്കാറ്റ്‌ കൊള്ളാനല്ലേ. കാറ്റ്‌ന്റെ പൈസ ഇന്‌ക്ക്‌ മാണ്ട''.
ഞാനും വിട്ട്‌ കൊടുക്കില്ല. `` ആരു പറഞ്ഞു ഞാന്‍ എവിടെയും പോയില്ലാന്ന്‌. തോണീ കേറീപ്പോ ഞാന്‍ പൊഴന്റെ അടീല്‌ വരെ പോയി. അവിടെ നിറയെ സ്വര്‍ണ മണലാ. കുറച്ചു ചളിയുണ്ട്‌. അത്‌ കാക്കകള്‍ക്ക്‌ പാര്‍ക്കാനാ. ബിരാലിനെയും കടൂനെയും ഒക്കെ ഞാന്‍ കണ്ടു. ഇച്ചേയി പൈസ വാങ്ങിയില്ലെങ്കില്‍ തോണി മറിയൂന്ന്‌ മൊയ്യെന്നോട്‌ പറഞ്ഞു.''
എന്നോട്‌ തോറ്റ്‌ ഇച്ചേയി പൈസ വാങ്ങുമ്പോള്‍ ഞാന്‍ തല കുലുക്കി ചിരിക്കും. കരിങ്കല്ല്‌ പാകിയ പാതയിലൂടെ ഞാന്‍ മുകളിലേക്ക്‌ കയറുമ്പോള്‍ ഇച്ചേയി വിളിച്ച്‌ പറയും. ``കുട്ടിക്ക്‌ ബര്‍ക്കത്തുണ്ടാവും. ഇഞ്ഞും ബരണം.''
ആരോടും ഇച്ചേയി കാശ്‌ ചോദിച്ചിരുന്നില്ല. വല്ലവരും കൂലി കൊടുക്കാതെ പോകുന്നത്‌ കണ്ടാല്‍ ഇച്ചേയി അവരെ നോക്കിച്ചിരിക്കും. ഇത്‌ കണ്ട്‌ ഒരു ദിവസം ഞാന്‍ ചോദിച്ചു. ``കഷ്ടപ്പാടുള്ളോര്‍ക്ക്‌ കരുണ കൂടോ ഇച്ചേയീ?''
ഇച്ചേയി ഒന്നും പറഞ്ഞില്ല. എന്റെ മുടിയിഴയിലൂടെ തഴമ്പു പിടിച്ച വിരലുകള്‍ സ്‌നേഹത്തോടെ പാഞ്ഞു നടന്നു. ആഴ്‌ചയില്‍ ഒരു ദിവസമുള്ള എന്റെ തോണി യാത്ര ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. എന്നെ കണ്ടില്ലെങ്കില്‍ ഇച്ചേയി തിരക്കി വരും ``ഇന്നെന്തേ കുട്ടീനെ കണ്ടില്യാ'' ഇച്ചേയിയുടെ ചിരിക്ക്‌ ഞാന്‍ വെളുത്ത നിറം കൊടുത്തു. പൊട്ടിത്തെറിക്കാന്‍ അറിയാത്ത അവരെ ഞാന്‍ ഒരുപാട്‌ സ്‌നേഹിച്ചു.
``പടച്ചോന്റെ മുന്നില്‌ ഞാന്‌ ഇച്ചേയിന്റെ കൂടെ നിന്നോളാ ട്ടോ.''
കളിയായിരുന്നില്ല. മനസ്സിന്റെ ഉറച്ച തീരുമാനമായിരുന്നു വിളിച്ചു പറഞ്ഞത്‌. കാലം മുന്നോട്ട്‌ നീങ്ങിയപ്പോ പിന്നെയും എന്തൊക്കെയോ സംഭവിച്ചു. ഇച്ചേയിയുടെ കൂരക്ക്‌ മാത്രം മാറ്റമില്ല. കെട്ടിമേയാത്ത കൂര വര്‍ഷക്കാലത്ത്‌ ചോര്‍ന്നൊലിക്കുമ്പോ അവിടെയൊക്കെ പാളയോ മറ്റോ കയറ്റിവെച്ച്‌ ഇച്ചേയി തൃപ്‌തനായി. ആരോടും പരിഭവം പറഞ്ഞില്ല.
പൈന്‍ മരം പൂക്കുന്ന കാലം. ഒരു കുഞ്ഞിച്ചട്ടിയുമായി ഞാന്‍ ഇച്ചേയിയുടെ വീട്ടിലെത്തും. പൈന്‍ പൂവിന്റെ ഇതളുകള്‍ താഴോട്ട്‌ വീഴാന്‍ തുടങ്ങുമ്പോ മണ്ണില്‍ തൊടാതെ ശേഖരിക്കുക എനിക്ക്‌ ഹരമായിരുന്നു. പലപ്പോഴും എന്റെ ചട്ടി നിറക്കാന്‍ ഇച്ചേയിയും കൂട്ടിനെത്തിയിരുന്നു.
നിറമുള്ള ഒരുപാട്‌ ഓര്‍മകള്‍,...
നൊമ്പരങ്ങളുടെ കൂമ്പാരമായി എല്ലാം ഓടിയകലുമ്പോള്‍ എന്നില്‍ പുഴ നിലവിളിക്കുന്നു. കറപിടിച്ച പല്ലുകള്‍ എവിടെയോ ഒളിപ്പിച്ച്‌ ഇച്ചേയിയും യാത്രയാവുകയാണ്‌. ഇനി പുഴക്കരയില്‍ പൈന്‍മരങ്ങളുണ്ടാവില്ല. യന്ത്രങ്ങളുടെ അട്ടഹാസത്തിനിടയില്‍ മൂര്‍ച്ചയേറിയ കോടാലി പതിച്ചത്‌ എന്റെ ഇച്ചേയിയുടെ കൂടി ഹൃദയത്തിലായിരുന്നു.
നിസ്സഹായരെ ശിക്ഷിച്ചുകൊണ്ട്‌ പുഴക്കരയില്‍ യുദ്ധം അരങ്ങ്‌ തകര്‍ക്കുമ്പോ, പുഴയിലെ സ്വര്‍ണ മണല്‍ കൊഴുത്ത മണ്‍കൂനകള്‍ക്ക്‌ വഴിമാറിക്കൊടുക്കുമ്പോ മത്സ്യകൂട്ടങ്ങള്‍ ഉറക്കെ കരയുന്നത്‌ എനിക്ക്‌ കേള്‍ക്കാനാവുന്നുണ്ട്‌. അവ വീണ്ടും വീണ്ടും ഒച്ചവെക്കുകയാണ്‌.
``ഇച്ചേയിയേം കൂട്ടരേം കഷ്ടപ്പെടുത്തിയാല്‍ നിങ്ങളുടെ തോണി മുങ്ങും ഉറപ്പാ.''
|


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media