സിലബസുകളില്‍ വരേണ്ടത്

No image

കുറച്ചുകാലമായി സമൂഹപരിസരത്തുനിന്നും വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. കുഞ്ഞുമക്കളെ കൊലക്കുകൊടുത്ത വാര്‍ത്തകളാല്‍ വേദനിച്ച നാളുകളായിരുന്നു ഏറെയും. പൂവിനും പൂമ്പാറ്റക്കും പിന്നാലെ ആശങ്കയില്ലാതെ പാഞ്ഞുനടന്ന് ആരിലും കൗതുകം ഉണര്‍ത്തുന്ന കുഞ്ഞു ബാല്യങ്ങളെ തൂവെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയ പൈശാചികത ആരുടെ മനസ്സിലും വേദനയോടെ ഉടക്കിനില്‍ക്കും. ഏറ്റവും സുരക്ഷിതമാവേണ്ടുന്ന കരങ്ങളാല്‍ തന്നെയാണ് ഈ മക്കളില്‍ പലര്‍ക്കും ലോകത്തോട് യാത്രാമൊഴി ചെല്ലേണ്ടി വന്നത് എന്നത് വേദന മാത്രമല്ല ഞെട്ടലും കൂടിയാണ് ഉണ്ടാക്കുന്നത്. കരുതലിന്റെയും സുരക്ഷിതത്വത്തിന്റെയും ഇടമാണ് അമ്മ മടിത്തട്ട്. പക്ഷേ ഈ മടിത്തട്ടുകള്‍ മക്കള്‍ക്ക് ശവമഞ്ചം ഒരുക്കിക്കൊടുക്കുകയാണിന്ന്. ചേര്‍ത്തലയിലും എറണാകുളത്തും തൊടുപുഴയിലും കണ്ടത് ഇതാണ്.

വിറങ്ങലിച്ചുപോകുന്ന ഈ സംഭവങ്ങള്‍ക്ക് സാക്ഷിയാകുമ്പോഴും കാരണങ്ങളും പരിഹാരവും എന്താണെന്ന ചോദ്യം ഉയര്‍ത്തുമ്പോഴും കാതലായ ചില പ്രശ്‌നങ്ങള്‍ മറന്നുപോവുകയാണ്.

കൂടുമ്പോള്‍ ഇമ്പം ഉണ്ടാകുന്നതെന്നു എഴുതിയും പറഞ്ഞും പൊലിപ്പിക്കുന്ന കുടുംബ സംവിധാനത്തിനകത്ത് സംഭവിക്കുന്ന അസ്വാരസ്യങ്ങളും താളപ്പിഴകളുമാണ്  ഇത്തരം പൈശാചികതക്കു മുഖ്യ കാരണം. മാതൃവാത്സല്യത്തിനും പിത്യസ്‌നേഹത്തിനുമപ്പുറം രക്തദാഹികളായി രക്ഷിതാക്കള്‍ മാറുന്നത് ഉപഭോഗതൃഷ്ണയുടെ ആധിക്യത്തില്‍ അതിനടിമപ്പെടുന്നതോ അതുമൂലമുള്ള ഭൗതിക ത്വരയില്‍ ആശിച്ചതും മോഹിച്ചതും കിട്ടാതിരിക്കുമ്പോഴോ ഒക്കെയാണ്. രക്ഷിതാക്കളുടെ ഇച്ഛാഭംഗത്തിന്റെയും ആര്‍ത്തിയുടെയും കാമാദുരതയുടെയും ഇരകളാവുന്നത് മുതിര്‍ന്നവരെ ആശ്രയിക്കേണ്ടി വരുന്ന മക്കളാണ്. വെറുപ്പും ദേഷ്യവും വാശിയും കുട്ടികളോട് തീര്‍ത്തുകൊണ്ടു ശമിപ്പിക്കുന്നവരാണ് പലരും. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിയമം ഉണ്ടെങ്കിലും അത് പലപ്പോഴും അശ്രദ്ധകൊണ്ട് പ്രാവര്‍ത്തികമാകുന്നില്ല. നിയമസംവിധാനത്തിനകത്തു നിന്നുകൊണ്ട് മാത്രം പരിഹൃതമാവുന്നതുമല്ല ഇത്തരം പ്രശ്‌നങ്ങള്‍. വീടുകള്‍ സ്‌നേഹപ്പറ്റില്ലാത്ത മനുഷ്യര്‍ ജീവിക്കുന്ന വെറും കെട്ടിടങ്ങള്‍ മാത്രമാവുകയാണിന്ന്. തൊട്ടയല്‍പക്കത്തുണ്ടായിട്ടും അടുത്തവീട്ടിലെ കുട്ടിയുടെ നിലവിളി കേള്‍ക്കാനോ ശരീരത്തിലെ പാടുകള്‍ തിരിച്ചറിയാനോ പറ്റുന്ന അയല്‍പക്കബന്ധങ്ങള്‍ പോലും അന്യമായിപ്പോവുകയാണ്. നിയമത്തോടൊപ്പം തന്നെ സാമൂഹികമായ ചില ശേഷിപ്പുകളും നമുക്കാവശ്യമാണ്. പലപ്പോഴും രണ്ടാനച്ഛന്മാരുടെയും അമ്മയുടെ കാമുകന്മാരുടെയും കീഴില്‍ വളരുന്ന കുട്ടികളാണ് ഇത്തരം ഇരകള്‍. ബന്ധങ്ങളെ പവിത്രതയോടെ കാണാനും സൂക്ഷിക്കാനും കഴിയുന്ന സാമൂഹിക വ്യവസ്ഥിതിയെ മുറുകെ പിടിക്കേണ്ടതുണ്ട്. വഴിവിട്ട ബന്ധങ്ങള്‍ക്കു വേണ്ടി പഴഞ്ചനെന്നു പറഞ്ഞു മാറ്റിവെച്ച ചില മൂല്യങ്ങളെ തിരികെ കൊണ്ടുവരേണ്ടതുണ്ട്.

വിശ്വാസ്യതയുടെയും പരസ്പര സ്‌നേഹത്തിന്റെയും കരുതലിന്റെയും ഇടമായി കുടംബത്തെ മാറ്റുന്ന മൂല്യവത്തായ ചിന്തകളെ വരും തലമുറകള്‍ക്കു നാം പകര്‍ന്നു നല്‍കിയേ തീരൂ. 
അധ്യയന വര്‍ഷമടുക്കുമ്പോള്‍ സ്‌കൂള്‍ സിലബസുകള്‍ പുതുക്കിപ്പണിയാന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാറുണ്ട്. മൂല്യവിചാരങ്ങള്‍ പകര്‍ന്നു നല്‍കിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ചരിത്രങ്ങള്‍ സിലബസില്‍ നിന്നു വെട്ടിമാറ്റി അപര വിദ്വേഷവും വിഭാഗീയതും ഉള്‍ക്കൊള്ളിച്ച രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ക്രമീകരണമാണ് സിലബസുകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനപ്പുറം മാനുഷികമായ ഇഴയടുപ്പങ്ങള്‍ കാത്തുസൂക്ഷിക്കാനും ബന്ധങ്ങളെ തിരിച്ചറിയാനും ചുറ്റുപാടുകളെ മനസ്സിലാക്കാനും പറ്റുന്ന തരത്തിലുള്ളൊരു പുനഃക്രമീകരണം നടത്തേണ്ടതുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top