ആശ്വാസമേകുന്ന സന്ദര്‍ശനങ്ങള്‍

ശൈഖ് മുഹമ്മദ് കാരകുന്ന് No image

കുടുംബക്കാരും കൂട്ടുകാരും ഒരുമിച്ചുകൂടുന്ന നാല് പ്രധാന സന്ദര്‍ഭങ്ങളാണുള്ളത്. വിവാഹം, രോഗം, മരണം, ഗൃഹപ്രവേശം. പൊതുവെ വിവാഹങ്ങളും ഗൃഹപ്രവേശങ്ങളും നടക്കാറുള്ളത് ശനിയാഴ്ചയും ഞായറാഴ്ചയുമാണ്. നമ്മുടെ നാട്ടില്‍ കണ്‍വെന്‍ഷനുകളും പൊതുസമ്മേളനങ്ങളും മറ്റു സാംസ്‌കാരിക പരിപാടികളും ധാരാളമായി നടക്കാറുള്ളതും ആ ദിവസങ്ങളില്‍ തന്നെ. അതിനാല്‍ അത്യപൂര്‍വമായി മാത്രമേ വളരെ വേണ്ടപ്പെട്ടവരുടെ പോലും വിവാഹാഘോഷങ്ങളിലും ഗൃഹപ്രവേശങ്ങളിലും സംബന്ധിക്കാന്‍ സാധിക്കാറുള്ളൂ. പലപ്പോഴും ആശംസകള്‍ അറിയിച്ചും പ്രാര്‍ഥനകള്‍ നടത്തിയും അവസാനിപ്പിക്കാറാണ് പതിവ്.
നേരത്തേ കത്തിലൂടെയാണ് ഇത് നിര്‍വഹിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ടെലഫോണ്‍ വിളികളിലൂടെയാണ്.
മരണാനന്തര കര്‍മങ്ങളില്‍ സംബന്ധിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ലഭ്യമാകുന്ന ആദ്യ സന്ദര്‍ഭത്തില്‍ തന്നെ മരണ വീടുകള്‍ സന്ദര്‍ശിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. അപ്പോള്‍ വീട്ടുകാരെ ഒരുമിച്ചുകൂട്ടി പ്രാര്‍ഥന നടത്തുന്നു. അടുത്ത ബന്ധുക്കള്‍ക്ക് ക്ഷമയും സഹനവും ലഭ്യമാകാന്‍ പ്രപഞ്ചനാഥനോട് അര്‍ഥിക്കുന്നു. കൂട്ടത്തില്‍ ചില ഉപദേശ നിര്‍ദേശങ്ങളും നല്‍കുന്നു. ഇത് മരണപ്പെട്ട വ്യക്തിയുടെ അടുത്തവര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുന്ന ആശ്വാസവും മനസ്സമാധാനവും വളരെ വലുതാണെന്ന് അനുഭവം ബോധ്യപ്പെടുത്തുന്നു. മരണപ്പെട്ടവര്‍ക്കുവേണ്ടി മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ കാര്യവും പ്രാര്‍ഥന തന്നെയാണല്ലോ.
മനോഹരമായ ഒരു സൂഫി കഥയുണ്ട്. പരമ ദരിദ്രനായ ഒരാള്‍ ദൈവത്തോട് പരാതി പറഞ്ഞു: 'നീ സര്‍വശക്തനാണല്ലോ. ആര്‍ക്കും എന്തും നല്‍കാന്‍ കഴിയുന്നവന്‍. നീ ധാരാളമാളുകള്‍ക്ക് സമ്പത്തിന്റെ വലിയ കൂമ്പാരങ്ങള്‍ തന്നെ നല്‍കിയിട്ടുണ്ടല്ലോ. അതിനാല്‍ അവര്‍ക്ക് ധാരാളം ദാനം ചെയ്യാന്‍ കഴിയുന്നു. സുഖമായി ജീവിക്കാനും ആഗ്രഹിക്കുന്നതൊക്കെ നടപ്പാക്കാനും സാധിക്കുന്നു. എന്നിട്ടും നീ എന്തുകൊണ്ടാണ് എന്നെ ഇങ്ങനെ ദരിദ്രനാക്കിയത്? എനിക്ക് എന്താണ് ധാരാളം ധനം നല്‍കാത്തത്?'
ദൈവം ഇതിനിങ്ങനെ മറുപടി പറഞ്ഞു: 'നീ വലിയ പിശുക്കനായതുകൊണ്ടാണ് നിനക്ക് ഞാന്‍ ധനം ധാരാളമായി നല്‍കാത്തത്.'
 'സമ്പത്ത് ഉണ്ടെങ്കിലല്ലേ ദാനം ചെയ്യുകയും ഉദാരത കാണിക്കുകയും ചെയ്യുക. പരമ ദരിദ്രനായ എന്നെ എങ്ങനെയാണ് പിശുക്കനെന്ന് പറയുക?'
പ്രത്യുത്തരമായി ദൈവം ചോദിച്ചു: 'നിനക്ക് ഞാന്‍ രണ്ട് കൈകള്‍ തന്നില്ലേ, അതുകൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്തുകൊടുത്തോ? രണ്ട് കാലുകള്‍ തന്നില്ലേ, അവ ഉപയോഗിച്ച് നീ ആരെയെങ്കിലും സഹായിക്കാന്‍ നടന്നുപോയോ? നിനക്ക് ഞാന്‍ ചുണ്ടിണകളും നാവും നല്‍കിയില്ലേ, അവ ഉപയോഗിച്ച് നീ ആരെയെങ്കിലും ആശ്വസിപ്പിച്ചോ? ആരോടെങ്കിലും സമാശ്വാസ വചനങ്ങള്‍ പറഞ്ഞോ? നിനക്ക് ഞാന്‍ കണ്ണിണകള്‍ നല്‍കിയില്ലേ, അവകൊണ്ട് നീ ആരെയെങ്കിലും കരുണാര്‍ദ്രമായി നോക്കിയോ? നിനക്ക് ഞാന്‍ മുഖം തന്നില്ലേ, പുഞ്ചിരിയിലൂടെ നീ ആര്‍ക്കെങ്കിലും സന്തോഷം സമ്മാനിച്ചോ? ഞാന്‍ നല്‍കിയ അനുഗ്രഹങ്ങളൊന്നും മറ്റുള്ളവര്‍ക്കായി ഉപയോഗിക്കാത്ത നിന്നേക്കാള്‍ പിശുക്കനായി ആരുണ്ട്?'
    സഹജീവികള്‍ക്ക് സമാശ്വാസമേകുന്ന എന്തും മഹത്തായ ദാനമാണ്. ധര്‍മമാണ്. പുണ്യ കര്‍മമാണ്.
അതിനാലാണ് പ്രവാചകന്‍ ഇങ്ങനെ പറഞ്ഞത്: 'നിന്റെ സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് പോലും നിനക്കുള്ള ദാനമാണ്.'
ഒരിക്കല്‍ ലോകപ്രശസ്ത സാഹിത്യകാരനായ ടോള്‍സ്റ്റോയ് വീട്ടില്‍നിന്ന് അങ്ങാടിയിലേക്ക് നടന്നു പോവുകയായിരുന്നു. വഴിയില്‍ ഒരു യാചകന്‍ കിടക്കുന്നത് ശ്രദ്ധയില്‍പെട്ടു. അയാള്‍ ടോള്‍സ്റ്റോയിയോട് പറഞ്ഞു:
'വല്ലതും തരണേ.'
ടോള്‍സ്റ്റോയിക്ക് അയാളോട് സഹതാപം തോന്നി. അതിനാല്‍ അയാളെ സഹായിക്കണമെന്നുണ്ടായിരുന്നു. അടുത്തുചെന്ന് പോക്കറ്റില്‍ കൈയിട്ടപ്പോഴാണ് ഒന്നുമില്ലെന്ന് മനസ്സിലായത്. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'സഹോദരാ, സഹായിക്കണമെന്നുണ്ടായിരുന്നു. കൈവശം ഒന്നുമില്ലല്ലോ.'
ആ യാചകന്‍ സന്തോഷത്തോടെ പറഞ്ഞു: 'അങ്ങ് എനിക്ക് എല്ലാം തന്നിരിക്കുന്നു. മറ്റാരും തരാത്തത് നല്‍കിയിരിക്കുന്നു.'
'ഞാന്‍ ഒന്നും തന്നില്ലല്ലോ.' ടോള്‍സ്റ്റോയി അറിയിച്ചു.
'താങ്കള്‍ എന്നെ സഹോദരാ എന്നു വിളിച്ചില്ലേ? എന്നെ അങ്ങനെ ആരും സംബോധന ചെയ്തതായി ഓര്‍മ പോലുമില്ല. താങ്കള്‍  എത്ര സംഖ്യ തരുന്നതിനേക്കാളും വലുതാണ് എനിക്കിത്.'
വേണ്ടപ്പെട്ടവരുടെ വിയോഗം വേദനിപ്പിക്കാത്തവരുണ്ടാവില്ല. മാതാപിതാക്കള്‍, മക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, സഹോദരീസഹോദരന്മാര്‍ പോലുള്ളവരിലാരുടെയെങ്കിലും വേര്‍പാടില്‍ ദുഃഖിക്കാത്തവരുണ്ടാവില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശ്വാസ വചനങ്ങള്‍ നല്‍കുന്ന സമാധാനവും സ്വസ്ഥതയും വളരെ വലുതായിരിക്കും. മരണപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും നല്‍കുന്ന നിര്‍വൃതി പ്രവചനാതീതവും. അതിനാലാണ് പ്രവാചകന്‍ മരണവീട് സന്ദര്‍ശിച്ച് വീട്ടുകാരെ സമാശ്വസിപ്പിക്കുന്നത് മഹത്തായ പുണ്യകര്‍മമാണെന്ന് പഠിപ്പിച്ചത്. ഇതുസംബന്ധമായി നിരവധി പ്രവാചക വചനങ്ങള്‍ കാണാം.

രോഗ സന്ദര്‍ശനം
വേണ്ടപ്പെട്ടവര്‍ രോഗികളാണെന്നറിഞ്ഞാല്‍ അവരെ സന്ദര്‍ശിക്കാനും പരമാവധി ശ്രദ്ധിക്കാനും ശ്രമിക്കാറുണ്ട്. കര്‍മനിരതമായ ജീവിതം നയിക്കുന്നവര്‍ രോഗികളായി മാറുന്നതോടെ അനുഭവിക്കുന്ന പ്രയാസവും അസ്വസ്ഥതയും വാക്കുകളിലൊതുങ്ങുന്നവയല്ല. രോഗി ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെടുന്നു. അതോടെ വര്‍ത്തമാനം പറയാനും കേള്‍ക്കാനും അധികമാരും ഇല്ലാതാകുന്നു. സ്വന്തം കാര്യങ്ങള്‍ പോലും സ്വയം നിര്‍വഹിക്കാനാവാത്ത അവസ്ഥ വരുന്നു. പലപ്പോഴും പ്രാഥമികാവശ്യങ്ങള്‍ക്കു പോലും പരസഹായം അനിവാര്യമായിത്തീരുന്നു.
രോഗം മൂലം കിടപ്പിലായ മനുഷ്യന്റെ അവസ്ഥ റഫീഖ് അഹമ്മദ് ഇങ്ങനെ വിവരിക്കുന്നു:
'കിടപ്പിലായാല്‍
ഒരു വലിയ ലോകമാവാന്‍ കഴിയും.  
തൊട്ടപ്പുറത്തേക്ക് ഒരു കടല്‍ ദൂരം
തൊട്ടടുത്ത ആളിലേക്ക് ഒരു ജന്മദൂരം
നിങ്ങളുടെ ഭാഷ
ആര്‍ക്കും മനസ്സിലാവാതെയാവാം.
മറ്റുള്ളവരുടെ ശബ്ദം
ഒരു പ്രകാശ വര്‍ഷത്തിനപ്പുറത്താവാം.
ടീപോയ്‌മേല്‍ ഇരിക്കുന്ന ഗ്ലാസിലേക്ക്
നീളുന്ന നിങ്ങളുടെ കൈ
ഒരു വിദേശ രാജ്യത്തിലേക്ക് നീളുകയാണ്.' (മാധ്യമം ആഴ്ചപ്പതിപ്പ്. പുസ്തകം 22 ലക്കം 1098)
അതുകൊണ്ടുതന്നെ രോഗികളെ സന്ദര്‍ശിക്കുന്നത് അവര്‍ക്ക് നല്‍കുന്ന ആശ്വാസം അതിരില്ലാത്തതും വാക്കുകള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതുമാണ്. അത് അല്ലാഹുവിനെ സന്ദര്‍ശിക്കുന്നതുപോലെ പുണ്യകരമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു. മരണശേഷം മനുഷ്യന്‍ വിചാരണക്ക് വിധേയമാകുമ്പോള്‍ അല്ലാഹു അവനോട് ചോദിക്കും: 'ഞാന്‍ രോഗിയായി. എന്നിട്ട് എന്തുകൊണ്ട് നീ എന്നെ സന്ദര്‍ശിച്ചില്ല.'
അപ്പോള്‍ മനുഷ്യന്‍ ചോദിക്കും: 'അല്ലാഹുവേ, നിനക്ക് എങ്ങനെയാണ് രോഗമാവുക? ഞാന്‍ എങ്ങനെയാണ് നിന്നെ സന്ദര്‍ശിക്കുക?'
അല്ലാഹുവിന്റെ മറുപടി ഇങ്ങനെയായിരിക്കും: 'എന്റെ ഇന്ന അടിമ രോഗിയായി. നീ അവനെ സന്ദര്‍ശിച്ചില്ല. സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ നിനക്ക് എന്നെ അവിടെ കാണാമായിരുന്നു.'
രോഗസന്ദര്‍ശനം അല്ലാഹുവിനെ സന്ദര്‍ശിക്കുന്ന പോലെ മഹത്തരവും പുണ്യകരവുമാണെന്നര്‍ഥം.
ഏറ്റവും പ്രയാസകരമായ രോഗത്തെ പോലും ആസ്വാദ്യകരമാക്കി മാറ്റാന്‍ അടിയുറച്ച ദൈവവിശ്വാസത്തിനും പരലോകബോധത്തിനും സാധിക്കും. നമുക്ക് ശരീരവും ശാരീരികാവയവങ്ങളും ജീവനും ജീവിതവും ആയുസ്സും ആരോഗ്യവും നല്‍കിയത് അല്ലാഹുവാണ്. ഒക്കെയും നമുക്ക് നല്‍കിയത് നമ്മെ പരീക്ഷിക്കാനാണ്. ആരോഗ്യം ഉള്ളപ്പോള്‍ അവ ഫലപ്രദമായി ഉപയോഗിച്ച് ദൈവപ്രീതി നേടുക. രോഗബാധിതനായി അവശത അനുഭവിക്കുമ്പോള്‍ ക്ഷമയും സഹനവും പാലിക്കുക. അങ്ങനെ അല്ലാഹുവിന്റെ നിര്‍ദേശം പാലിച്ച് പുണ്യം നേടുക. അവശേഷിക്കുന്ന ആരോഗ്യത്തെ ഫലപ്രദമായി ഉപയോഗിക്കുക. രോഗികളെ സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ രംഗത്ത് അവരെ ഏറെ സഹായിക്കാന്‍ സാധിക്കും. രോഗം പാപമോചനത്തിനും പശ്ചാത്താപത്തിനും ഏറ്റവും പറ്റിയ സന്ദര്‍ഭമാണെന്നും അനുഭവിക്കുന്ന ഓരോ പ്രയാസവും വേദനയും പാപമോചനത്തിനും പുണ്യവര്‍ധനവിനും വഴിയൊരുക്കുമെന്നും ഓര്‍മപ്പെടുത്തിയും ക്ഷമയും സഹനവും പാലിക്കാനാവശ്യപ്പെട്ടുമാണ് ഇത് സാധ്യമാവുക. സന്ദര്‍ശനത്തിലൂടെ രോഗി അനുഭവിക്കുന്ന ഏകാന്തതക്ക് അറുതി വരുത്താനും ആശ്വാസം പകരാനും സാധിക്കുന്നതുപോലെ തന്നെ ഇതും മഹത്തായ സേവനവും ഏറെ പുണ്യകരവുമാണ്. പെയിന്‍ ആന്റ് പാലിയേറ്റീവ് വളന്റിയര്‍മാര്‍ ഇക്കാര്യം പ്രത്യേകം പരിഗണിക്കണം.
അതോടൊപ്പം അവസാന നിമിഷം വരെ ആവുന്നത്ര കര്‍മനിരതനാവാന്‍ സഹായകമായ സംഭവങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും നല്ലതാണ്. അത്തരം അനുഭവങ്ങളിലൊന്നാണ് ഡോ. മുസ്തഫസ്സിബാഈയുടേത്. സിറിയയിലെ പ്രമുഖ പണ്ഡിതനായിരുന്നു അദ്ദേഹം. അവിടെ നിലനിന്നിരുന്ന ഫ്രഞ്ച് ആധിപത്യത്തിനെതിരെ നടന്ന സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കി. അതിനാല്‍ നിരവധി കാലം ജയിലില്‍ കഴിയേണ്ടിവന്നു. ഒട്ടേറെ മര്‍ദനങ്ങളും അനുഭവിച്ചു. അതിനാല്‍ ആരോഗ്യം പറ്റേ തകര്‍ന്നു. താമസിയാതെ തളര്‍വാദം ബാധിച്ചു. ഇടതുഭാഗം ചലനമറ്റു. എന്നിട്ടും മുസ്തഫസ്സിബാഈ നിരാശനായില്ല. അതേവരെ ചെയ്തുകൊണ്ടിരുന്ന ജോലികള്‍ തുടര്‍ന്നു. വീല്‍ ചെയറിലിരുന്ന്  കോളേജില്‍ പോയി ക്ലാസെടുത്തു. സമ്മേളനങ്ങളില്‍ പങ്കെടുത്ത് പ്രഭാഷണങ്ങള്‍ നടത്തി. പുസ്തകങ്ങള്‍ എഴുതി. ഏഴു വര്‍ഷം വാതരോഗം അദ്ദേഹത്തെ പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു. അക്കാലത്താണ് ലോകപ്രശസ്തമായ മൂന്ന് ഗ്രന്ഥങ്ങള്‍ എഴുതിയത്.
ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ആശ്വസിപ്പിക്കാന്‍ എത്തിയ കൂട്ടുകാരോട് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ഞാന്‍ രോഗിയാണ്. സംശയമില്ല. കൈക്കും കാലിനും വേദനയുണ്ട്. എങ്കിലും അല്ലാഹു എന്നോട് കാണിച്ച കാരുണ്യം കാണുക. അവന് എന്റെ ശരീരം മുഴുവന്‍ തളര്‍ത്താന്‍ കഴിയും. എന്നിട്ടും അത് ഉണ്ടായില്ല. എന്റെ ഒരു വശത്തെ ചലനം മാത്രമേ നിന്നുപോയിട്ടുള്ളൂ. അതും ഇടതുവശത്തെ. വലതുഭാഗം ബാക്കിയുണ്ട്. അപ്പോള്‍ ഞാന്‍ എത്ര ഭാഗ്യവാനാണ്! അല്ലാഹു ചെയ്തുതന്ന അനുഗ്രഹം എത്ര അപാരം! തളര്‍ന്നത് വലതു കൈ ആയിരുന്നുവെങ്കില്‍ എനിക്ക് എഴുതാന്‍ കഴിയുമായിരുന്നോ? എന്റെ കാഴ്ച കളയാന്‍ അല്ലാഹുവിന് കഴിയും. ഏത് അവയവത്തേക്കാളും എനിക്കാവശ്യം കണ്ണുകളാണ്. അത് അവന്‍ എനിക്ക് ബാക്കിവെച്ചിരിക്കുന്നു. ഇത് എന്തൊരു അനുഗ്രഹമാണ്! എന്റെ ബുദ്ധി മരവിപ്പിക്കാന്‍ അല്ലാഹുവിന് എത്ര എളുപ്പമാണ്. എന്നിട്ടും എനിക്ക് മനസ്സിലാക്കാനും ചിന്തിക്കാനും അത് വിട്ടുതന്നിരിക്കുന്നു. എത്ര വലിയ അനുഗ്രഹം! എന്റെ നാവിന് തളര്‍വാതം നല്‍കി അതിനെ നിശ്ചലമാക്കാന്‍ അല്ലാഹുവിന് ഒട്ടും പ്രയാസമില്ല. എന്നിട്ടും എനിക്ക് സംസാരിക്കാന്‍ അത് അവന്‍ ആരോഗ്യത്തോടെ അനുവദിച്ചുതന്നിരിക്കുന്നു. ഇത് അവന്റെ കാരുണ്യവും അനുഗ്രഹവുമല്ലേ? രാഷ്ട്രീയപ്രവര്‍ത്തനം സാധിക്കാതെ വന്നിരിക്കുന്നുവെന്നത് ശരിതന്നെ. പക്ഷേ അതിലൂടെ കൂടുതല്‍ നല്ലത് ചെയ്യാന്‍ അവന്‍ എനിക്ക് അവസരം തന്നു. വൈജ്ഞാനിക രംഗത്ത് പ്രവര്‍ത്തിക്കാന്‍ വാതില്‍ തുറന്നുതന്നിരിക്കുന്നു. ആദ്യത്തേതുപോലെ ആരോഗ്യാവസ്ഥയിലായിരുന്നുവെങ്കില്‍ ഇങ്ങനെ എഴുതാനും പുസ്തകങ്ങള്‍ രചിക്കാനും അവസരം ലഭിക്കുമായിരുന്നില്ല. അപ്പോള്‍ അല്ലാഹു എനിക്ക് നല്‍കിയ ഔദാര്യവും അനുഗ്രഹവും എത്രമാത്രം വലുതാണ്! അവന്റെ കരുണയെത്ര മഹത്തരം! പിന്നെ ഞാനെന്തിന് സങ്കടപ്പെടണം? പരാതി പറയണം? അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് അവനോട് നന്ദി കാണിക്കാതിരിക്കാന്‍ എനിക്ക് കഴിയുമോ?'
നട്ടെല്ലിന് ക്ഷതം ബാധിച്ച് പൂര്‍ണമായും കിടപ്പിലായ പല രോഗികളെയും നേരിട്ടറിയാം. അവരില്‍ ചിലരെങ്കിലും തികഞ്ഞ ഇഛാശക്തിയോടെ അവശേഷിക്കുന്ന സാധ്യത ഉപയോഗിച്ച് വ്യത്യസ്തങ്ങളായ കര്‍മങ്ങളില്‍ ഏര്‍പ്പെടുകയും മറ്റുള്ളവരെ സേവിക്കുകയും ചെയ്യുന്നു. കണ്ണൂരിലെ ഹാറൂന്‍ സാഹിബും പയ്യോളിയിലെ അബ്ദുല്ല സാഹിബും അതുപോലുള്ള ഒട്ടേറെ പേരും ഇതിനു മികച്ച ഉദാഹരണമാണ്. രോഗസന്ദര്‍ശന വേളയില്‍ ഇത്തരം സംഭവങ്ങള്‍ പറഞ്ഞുകൊടുത്ത് രോഗികളെ പ്രചോദിപ്പിക്കാനും ഇഛാശക്തിയുള്ളവരാക്കി മാറ്റാനും ചിലപ്പോഴെങ്കിലും ചിലര്‍ക്കെങ്കിലും സാധിച്ചേക്കാം.
അതിലൂടെ സാധ്യമാവുക തകര്‍ന്നു പോയ ജീവിതങ്ങളുടെ വീണ്ടെടുപ്പാണ്. അപ്പോള്‍ രോഗസന്ദര്‍ശനം കൂടുതല്‍ പുണ്യകരവും ഫലവത്തുമാക്കി മാറ്റാന്‍ സാധിക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top