സന്ധ്യക്ക്
രാവിന്റെ നീളമില്ല, പകലിന്റേതും.
എന്നിട്ടും രാവും പകലും
സന്ധ്യയില്‍ ജനിമൃതികളാകുന്നു.
ചക്രവാളം അവളോട് പറഞ്ഞു;
എഴുന്നേറ്റു പോ, പെണ്ണേ
ഞാനിപ്പം ഇരുട്ടാവും.
ചക്രവാളവും പേടിച്ചുതുടങ്ങി,
പെണ്ണ് ഇരുട്ടിലാവുന്നതില്‍.
സന്ധ്യ, നാമവും സന്ധ്യാനാമവും ആകുന്നത്
പെണ്ണിലൂടെയാണ്.
അപ്പോള്‍ തിരി തെളിയും
പ്രാര്‍ഥന മുഴങ്ങും.
ചന്ദനത്തിരി കത്തിത്തീരുംമുമ്പേ
ഇരുട്ടില്‍ ഒളിക്കും, മറയും.
ആരാണ് സന്ധ്യേ ഇത്ര ചെറുതാക്കിയത്?
യാമം കവടി നിരത്തി ഗുണിച്ചപ്പോള്‍
സന്ധ്യക്ക് വാല്‍നക്ഷത്രം.
സന്ധ്യയേക്കാളും ദൈര്ഘ്യമുണ്ടല്ലോ നട്ടുച്ചക്ക്.
അതിനിടയില്‍ ചെറിയ ആയുസ്സില്പോലും
നിന്റെ വളപ്പൊട്ടുകള്‍
ഉടയുന്നു,
ആകാശത്ത് ചിന്നിച്ചിതറുന്നു.