ആദ്യത്തെ മദ്യമുക്ത സമൂഹം

പി.കെ. ജമാല്‍ No image

ലഹരിമുക്ത സമൂഹത്തിന്റെ നിര്‍മിതിയാണ്‌ ക്ഷേമരാഷ്ട്ര സ്ഥാപനത്തിന്ന്‌ ആദ്യമായി വേണ്ടതെന്ന്‌ ഇസ്‌ലാം മനസ്സിലാക്കി. നന്മനിറഞ്ഞ വ്യക്തി, നല്ല വീട്‌, ഉത്തമകുടുംബം, സമ്പന്നസമൂഹം, ക്ഷേമരാജ്യം എന്ന പരികല്‍പനയാണ്‌ ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ ഓരോന്നും അപഗ്രഥിച്ചാല്‍ തെളിഞ്ഞ്‌ വരിക. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും പിടിയിലമര്‍ന്ന്‌ ആസുരമായ വിപത്തുകള്‍ ഏറ്റുവാങ്ങുകയും നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ലോകത്തിന്റെ മുന്നില്‍ ശിരസ്സുയര്‍ത്തി നില്‍ക്കാനും ഈ രംഗത്ത്‌ വിസ്‌മയാവഹമായ വിജയത്തിന്റെ കഥകള്‍ പറയാനുമുള്ള അവകാശം ഇസ്‌ലാമിന്‌ മാത്രമേ നേടിയെടുക്കാന്‍ സാധിച്ചിട്ടുള്ളൂ എന്ന സത്യത്തിന്‌ ചരിത്രം സാക്ഷി.
ദൈവവിശ്വാസം ഹൃദയങ്ങളില്‍ രൂഢമൂലമായാല്‍ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റത്തിന്റെ വിളംബരമാണ്‌ പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ മദീനയില്‍ നടന്നത്‌. അടിയുറച്ച വിശ്വാസത്തിന്റെ ഭൂമികയില്‍ ഒരു പുതിയ സമൂഹത്തിന്റെ സൃഷ്ടി നടത്താനാണ്‌ പ്രവാചകന്‍ മുഹമ്മദ്‌ (സ) നിയുക്തനായത്‌. നിരന്തരവും നിസ്‌തന്ത്രവുമായ പ്രബോധന- ബോധവല്‍ക്കരണ-സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ നന്മയോടും ധര്‍മത്തോടും ആഭിമുഖ്യമുള്ള ഒരു സമൂഹത്തെ ആ കര്‍മയോഗി സൃഷ്ടിച്ചെടുത്തു. ക്രമപ്രവൃദ്ധമായി മുന്നേറിയ സംസ്‌കരണപ്രക്രിയയുടെ വിവിധഘട്ടങ്ങളെ മദ്യനിരോധം എങ്ങനെ പ്രതിനിധാനം ചെയ്‌തെന്ന്‌ ഖുര്‍ആനികാധ്യാപനങ്ങളിലൂടെ മനസ്സിലാക്കേണ്ടതുണ്ട്‌.
സമ്പൂര്‍ണ മദ്യനിരോധം നാല്‌ ഘട്ടങ്ങളായാണ്‌ ഇസ്‌ലാം സാധിച്ചത്‌. ലഹരിവിഭവങ്ങള്‍ നല്ല ഭക്ഷ്യവിഭവങ്ങളായി ഗണിക്കരുതെന്ന സന്ദേശമാണ്‌ ആദ്യം നല്‍കിയത്‌. ഈത്തപ്പനയില്‍ നിന്നും മുന്തിരിവള്ളികളില്‍ നിന്നും ഒരു വസ്‌തു നിങ്ങളെ നാം കുടിപ്പിക്കുന്നു. അതിനെ നിങ്ങള്‍ ലഹരിപദാര്‍ഥങ്ങളും ശുദ്ധഭോജ്യങ്ങളുമാക്കുന്നു'' (അന്നഹ്‌ല്‍: 67). മനസ്സിനെ ലഹരിയുടെ ലോകത്ത്‌ അഭിരമിപ്പിക്കുന്ന വസ്‌തുക്കള്‍ ഹിതകരമായ ഭക്ഷ്യഉപയോഗങ്ങളില്‍ പെടില്ല എന്ന പ്രാഥമികബോധമാണ്‌ ഇവിടെ അല്ലാഹു ഉണ്ടാക്കിയെടുത്തത്‌. മദ്യം ജീവരക്തം പോലെ സിരകളില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെയാണ്‌ പ്രവാചകന്ന്‌ മാറ്റിയെടുക്കേണ്ടിയിരുന്നത്‌. ചരിത്രകാരന്മാര്‍ പറഞ്ഞ പോലെ മൂന്ന്‌ 'W'കള്‍ക്ക്‌ വേണ്ടിയായിരുന്നു ജാഹിലിയ്യാ കാലത്ത്‌ അറബികളുടെ ജീവിതം, (Women,wine, war) സ്‌ത്രീ, മദ്യം, യുദ്ധം. അവരുടെ കവികള്‍ പാടി ``ഞാന്‍ മരിച്ചാല്‍ മറമാടേണ്ടത്‌ മുന്തിരിവള്ളികള്‍ പടര്‍ന്ന്‌ പന്തലിച്ച തോട്ടത്തിലാണ്‌. ലഹരി പകരുന്ന മുന്തിരിക്കുലകളെ തഴുകിവരുന്ന കാറ്റിന്റെ താലോലത്തില്‍ ഞാന്‍ ഉറങ്ങട്ടെ.'' ഈ വിധം മദ്യത്തെ മരണത്തിലും സ്‌നേഹിച്ച സമൂഹത്തെ ഒറ്റയടിക്ക്‌ മോചിപ്പിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ലെന്നു വ്യക്തം.
കൈവിട്ട നിയമങ്ങളെ ആദരിക്കുന്ന ഇസ്‌ലാമിക മനസ്സാക്ഷിയെ അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു നിരോധത്തിന്റെ രണ്ടാംഘട്ടം. ``മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും വിധി എന്തെന്ന്‌ അവര്‍ താങ്കളോട്‌ ചോദിക്കുന്നു. പറയുക: അവ രണ്ടിലും വലുതായ തിന്മകളാണുള്ളത്‌; ആളുകള്‍ക്ക്‌ അല്‍പം പ്രയോജനമുണ്ടെങ്കിലും. എന്നാല്‍ അവയുടെ പ്രയോജനത്തെക്കാള്‍ വളരെ ഗുരുതരമാകുന്നു അതിന്റെ തിന്മ.'' (അല്‍ ബഖറ: 219)
മദ്യപാനത്തില്‍ നിന്ന്‌ വിശ്വാസിസമൂഹത്തെ പിന്തിരിപ്പിക്കാന്‍, നമസ്‌കാരവേളകളില്‍ മദ്യം വര്‍ജിക്കാന്‍ ആഹ്വാനം ചെയ്‌തതായിരുന്നു നിരോധത്തിന്റെ മൂന്നാമത്തെ ഘട്ടം. ദിവസവും അഞ്ച്‌ നേരം നമസ്‌കരിക്കാന്‍ ബാധ്യസ്ഥനായ വിശ്വാസി ലഹരിബാധിതനായി തന്നെ അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടില്ല എന്ന്‌ അല്ലാഹുവിന്‌ അറിയാമായിരുന്നു. മദ്യപാനത്തിന്‌ തെരഞ്ഞെടുക്കുന്ന സമയം നമസ്‌കാരസമയ ങ്ങളുമായി ഏറ്റുമുട്ടുമ്പോള്‍ ഏതിന്‌ മുന്‍ഗണന നല്‍കണമെന്ന ആത്മസംഘര്‍ഷത്തിനടിപ്പെട്ടു വിശ്വാസികള്‍. ``വിശ്വസിച്ചവരേ! നിങ്ങള്‍ ലഹരിബാധിതരായി നമസ്‌കാരത്തെ സമീപിക്കാതിരിക്കുക. നിങ്ങള്‍ പറഞ്ഞ്‌ കൊണ്ടിരിക്കുന്നത്‌ എന്തെന്ന്‌ ബോധമുള്ള സമയത്താണ്‌ നമസ്‌കാരം നിര്‍വഹിക്കേണ്ടത്‌.'' (അന്നിസാഅ്‌ : 43)
മദ്യം പൂര്‍ണമായി വര്‍ജിക്കാന്‍ മണ്ണും മനസ്സും പൂര്‍ണമായി പാകമായ സന്ദര്‍ഭത്തില്‍ നാലാമത്തെ ഘട്ടത്തില്‍ അന്തിമമായ വിധി വന്നു. `` വിശ്വസിച്ചവരേ! ഈ മദ്യവും ചൂതാട്ടവും പ്രതിഷ്‌ഠകളും പ്രശ്‌നാസ്‌ത്രങ്ങളും എല്ലാം പൈശാചിക വൃത്തികളില്‍ പെട്ട മാലിന്യങ്ങളാകുന്നു. അവയെ വര്‍ജിക്കുക. നിങ്ങള്‍ക്ക്‌ വിജയ സൗഭാഗ്യം പ്രതീക്ഷിക്കാം. ചെകുത്താന്‍ മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിനും ദൈവസ്‌മരണയില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുന്നതിനുമാണ്‌ ആഗ്രഹിക്കുന്നത്‌. ഇനിയെങ്കിലും നിങ്ങള്‍ അവയില്‍ നിന്ന്‌ വിരമിക്കുമോ?'' (അല്‍ മാഇദ: 90-92) എന്ന അല്ലാഹുവിന്റെ ചോദ്യത്തിന്‌ ഞങ്ങളിതാ വര്‍ജിച്ചിരിക്കുന്നു. ഞങ്ങളിതാ പിന്‍മാറിയിരിക്കുന്നു എന്ന കര്‍മസാക്ഷ്യത്തിലൂടെ ആ വിശ്വാസിസമൂഹം മറുപടി നല്‍കി.
മദ്യചഷകം ചുണ്ടോടടുപ്പിച്ചവര്‍ അവ വലിച്ചെറിഞ്ഞു. വായിലൊഴിച്ചവര്‍ തുപ്പിക്കളഞ്ഞു. മദ്യകുംഭങ്ങള്‍ തകര്‍ന്നടിഞ്ഞു. മദീനയിലെ തെരുവുകളില്‍ മദ്യം ചാലിട്ടൊഴുകി. ഇന്നലെവരെ മദ്യോപാസകതയില്‍ ജീവിച്ചവര്‍ ഇന്ന്‌ മദ്യത്തിന്റെ ശത്രുക്കളായി മാറി. ദൈവവിശ്വാസം വരുത്തുന്ന മഹത്തായ മാറ്റത്തിന്‌ കാലത്തിന്റെ കൈയൊപ്പാണ്‌ മദ്യനിരോധത്തില്‍ ഇസ്‌ലാം നേടിയ വിജയം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top