പടിയിറക്കം

എ.എ സലീമ No image

നോവല്‍-2

ഒരു ഒഴിവ് ദിനം. സുലൈഖ നേരത്തേ ഉണര്‍ന്നു. കോലായിലേക്ക് ഇറങ്ങിയ അവള്‍ അന്തിച്ചുപോയി. സൂര്യന്‍ പടിഞ്ഞാറ് ഉദിച്ചിരിക്കുന്നു. 'എന്റെ റബ്ബേ ഖിയാമത്തിന്റെ അലാമത്ത്;' അവള്‍ കളിക്കൂട്ടുകാരന്‍ മുനീറിനോട് പറയാനായി അപ്പുറത്തേക്ക് ഓടി. അവന്‍ കുളി കഴിഞ്ഞ് തോര്‍ത്തുമുണ്ടും ഉടുത്ത് മുടി മിനുക്കുകയാണ്. 'മുനീറേ'; വിളികേട്ട് അവന്‍ തിരിഞ്ഞുനോക്കി. കിതച്ചുകൊണ്ട് അവള്‍ കാര്യം പറഞ്ഞു. മുനീര്‍ സുലൈഖയെ കളിയാക്കി. ചന്ദ്രന്‍ അസ്തമിക്കാന്‍ താമസിച്ചതാ. വിശ്വസിക്കാന്‍ അവള്‍ക്ക് മനസ്സ് വന്നില്ല. ഇന്നലേം കൂടി ഉസ്താദ് പറഞ്ഞതാണല്ലോ? അതല്ലെങ്കിലും ചെക്കന് ഈയിടെ കുറച്ച് കിബ്‌റ് കൂടുതലാ. വലിയ ആളാണെന്നാ വിചാരം. അവള്‍ പതുക്കെ കുളക്കടവിലേക്ക് നടന്നു. രാവിലെ തന്നെ ആരും അലക്കാനും മറ്റും ഇറങ്ങാത്തതുകൊണ്ട് വെള്ളം തെളിഞ്ഞാണുള്ളത്. കാല് വെള്ളത്തിലാട്ടിക്കൊണ്ട് അവള്‍ കരിങ്കല്‍ പാകിയ പടവുകളില്‍ ഇരുന്നു. വെള്ളത്തിലേക്കു സൂക്ഷിച്ചു നോക്കി. വെള്ളത്തിന് നിറംമാറ്റം. രക്തം കലര്‍ന്ന പോലെ. കാല് മുറിഞ്ഞോ? മുറിവൊന്നും ഇല്ല. മെല്ലെ അവള്‍ പാവാട ഉയര്‍ത്തി നോക്കി. കാലിലൂടെ രക്തം ഒലിച്ചിറങ്ങുന്നു. ഇത് എവിടന്നാ? കണ്ണില്‍ ഇരുട്ടുകയറി. എളോമാ.... ഉറക്കെ വിളിച്ചുകൊണ്ട് സുലൈഖ അടുക്കള ഭാഗത്തെത്തി. സുലൈഖ കരയുകയും കിതയ്ക്കുകയും ചെയ്തുകൊണ്ട് കാര്യം പറഞ്ഞു. എളോമ ചിരിക്കുകയാണ്. അവള്‍ക്ക് സങ്കടം വന്നു. എളോമ എന്താ ഇങ്ങനെ? 'സുലൈ നീ കുളിമുറിയിലേക്ക് നടക്ക് എളോമ ഇപ്പം വരാം.' 'എന്തിനാ ഞാന്‍ കുളിക്കുന്നേ?' 'നീ ബലുദായി. അതായത് നീ പെണ്ണായി'. 
എണ്ണ തേച്ച് കുളിപ്പിച്ച് ഉടനെ എളോമ മുട്ട പൊട്ടിച്ച് വായിലൊഴിച്ചു തന്നു. മുട്ടിത്തോടില്‍ പിന്നെ നല്ലെണ്ണയും ആകെ കൂടി ഓക്കാനം വരുന്നു. എളോമ നല്ല സന്തോഷത്തിലാണ്. പക്ഷേ, സുലൈഖയ്ക്ക് സങ്കടമാണ് വന്നത്. സ്‌കൂളില്ലാത്ത ഒരു ദിവസം എന്തെല്ലാം കാര്യങ്ങള്‍ മനസ്സില്‍ കണ്ടതാണ്. ഒക്കെ വെറുതെ ആയി. ഇനിയിപ്പോ എന്തൊക്കെയാണ് ആവോ? കാല് കെട്ടിയിട്ട പോലെ. ഉപ്പ കയറിവന്ന ഉടനെ എളോമ അടക്കം പറയുകയും ചിരിക്കുകയും ചെയ്യുന്നു. ''ഇനി അവള് സ്‌കൂളില്‍ പോവണ്ട പുയ്യാപ്ലനെ തെരയണം'' - സുലൈഖയുടെ നെഞ്ച് പടാപടാ മിടിച്ചു. ''അതിന് അവള്‍ക്ക് 14 വയസ്സേ ആയിട്ടുള്ളൂ. 10-ാം ക്ലാസ്സെങ്കിലും കഴിയട്ടെ'' - എളോമ എതിര്‍ത്തു പറയുകയാണ്. അത്യാവശ്യത്തിനുള്ള പഠിപ്പൊക്കെ ആയിട്ടുണ്ട്. അധികം പഠിച്ചാല്‍ പിടക്കോഴി കൂവും. ഹമീദിന്റെ ശബ്ദം ഉയര്‍ന്നു.

****
സുലൈ നിന്നെ കാണാന്‍ സുമതി വന്നിട്ടുണ്ട്. 'നീയെന്താ - മുറിയില്‍ അടച്ചിരിക്കുന്നത്; വാ നമുക്ക് പുറത്തിറങ്ങാം;' അവര്‍ രണ്ട് പേരും കൂടി പുറത്തേക്കിറങ്ങി. 'അല്ല ഇതാരപ്പാ, ചെങ്ങായിച്ചിനെ കണ്ടപ്പോ അന്റെ മുഖം നിലാവുദിച്ച പോലുണ്ട്'. ആമിനത്താ വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. നേരം വെളുത്താല്‍ തൊടിയിലും പറമ്പത്തും നിറയെ പണിക്കാരാ. മൂരിപ്പണി എടുക്കുന്ന ചാത്തുവും മുറ്റമടിക്കുന്ന ജാനുവും തേങ്ങ കൊണ്ടിടുന്ന കല്ല്യാണിയും. മുറ്റമടി കഴിഞ്ഞ് ജാനു ആല വൃത്തിയാക്കാനായി പശുവിനെ അഴിച്ച് കുളക്കടവിനരികില്‍ കെട്ടി. കുളത്തില്‍നിന്ന് പമ്പ് വെച്ച് തെങ്ങിന് വെള്ളം നനയ്ക്കുകയാണ് ഉപ്പ. തൊടിയുടെ അറ്റത്ത് തൊണ്ട് ചീക്കുന്ന ഒരു കുളമുണ്ട്. അതിനരികിലെത്തിയപ്പോള്‍ വല്ലാത്ത നാറ്റം. ഈ മണം ഈ പ്രദേശത്തെ ഒട്ടുമിക്ക ഇടങ്ങളിലും പരിചിതമാണ്. രണ്ടുപേരും കൂടി നടന്ന് കായലിന്റെ ഓരത്തെത്തി. ''സുലൈ വെള്ളത്തിലേക്കൊന്നും ഇറങ്ങല്ലേ?'' ദൂരെ നിന്ന് എളോമയുടെ ശബ്ദം. ''ഈ കായലും കുളവുമെല്ലാം എന്റെ കൂടപ്പിറപ്പുകളാണ്. ഇതൊന്നും കാണാതെ വളര്‍ന്ന എളോമയ്ക്ക് ഇതെല്ലാം പേടിയും.'' സുലൈഖ വെറുതെ ഓര്‍ത്തു പോയി. ''നിന്നെ വലിയ ഇഷ്ടമാണെന്ന് തോന്നുന്നല്ലോ? എങ്ങനെയുണ്ട് നിന്റെ എളോമ'' സുമതിയുടെ ചോദ്യത്തിന് നീണ്ട ഒരു വിവരണം തന്നെയാണ് സുലൈഖ നല്‍കിയത്.
''നീയെപ്പഴാ കോളേജില്‍ നിന്നും വന്നത്''. ''രണ്ട് ദിവസായി'', ''നിനക്ക് ഇനീം പഠിച്ച് എന്താവാനാ''. ''ഭ്രാന്ത് ചികിത്സിക്കുന്ന ഡോക്ടറാവണം''. അവളുടെ ഉത്തരം സുലൈഖയെ അത്ഭുതപ്പെടുത്തി. ''എന്റെ അച്ഛനും ചെറിയച്ഛനും ഈ രോഗം വന്ന് മരിച്ചത് നിനക്കറിയില്ലേ. ശരിയായ ചികിത്സ നല്‍കാതെ; പഴയ മന്ത്രവാദം കൊ് ചികിത്സിച്ചാണ് രോഗം വഷളായത്. ഇനി എന്റെ കുടുംബത്തില്‍ ആരും ഈ അസുഖം വന്ന് മരിക്കരുത്. രണ്ട് പേരുടേതും ദുര്‍മരണമാണ്. അതും എത്രയോ തവണ മുങ്ങാംകുഴിയിട്ട് കളിച്ച ഈ കായലില്. എളമ്പക്ക വാരാനായി ശ്വാസം പിടിച്ച് എത്ര വേണമെങ്കിലും വെള്ളത്തില്‍ കിടക്കാന്‍ കഴിയുന്നവരാ രണ്ടാളും. എന്നിട്ടും മരണം കായലില്‍ തന്നെ. ഞാനിതൊക്കെ പറഞ്ഞ് നിന്റെ മനസ്സ് ബേജാറാക്കിയോ. നിന്റെ വിശേഷങ്ങള്‍ പറ, കേള്‍ക്കട്ടെ.'' 
''എനിക്ക് എന്ത് വിശേഷം? വലിയ കുട്ടി ആയതോടെ സ്‌കൂളില്‍ പോക്ക് നിര്‍ത്തി. മഴയത്ത് കുടയും പിടിച്ച് വരമ്പിലൂടെ ചെളിയും തെറിപ്പിച്ച് പോവാന്‍ എന്ത് രസായിരുന്നു. എളോമ കുറേ പറഞ്ഞു നോക്കി. ഉപ്പ സമ്മതിക്കുന്നില്ല. കെട്ടിച്ചയക്കാനാ നോക്കുന്നത്. ഉപ്പാനെ പോലെ പരുക്കനാണ് ആളെങ്കില്‍ എന്റെ ഗതി എന്താവും.'' ''സ്‌കൂളില്‍ പോക്ക് നിര്‍ത്താതിരിക്കാന്‍ നിനക്ക് ശ്രമിക്കാമായിരുന്നു''.  ''ഉപ്പാന്റെ വാക്ക് അവസാന വാക്കാണ്. വീടിന്റെ അകവും ഇടയ്ക്ക് തൊടിയിലിറങ്ങലും ആയാല്‍ എന്റെ ലോകം തീര്‍ന്നു. എളോമയ്ക്ക് എപ്പോഴും പണി തന്നെയാണ്. വീട്ടിലെയും പുറത്തെയും കാര്യങ്ങള്‍ നോക്കണം. അന്നന്ന് നെല്ലുകുത്തി തന്നെയാണ് ഇപ്പോഴും ചോറ് ഉണ്ടാക്കുന്നത്. എല്ലാരും അതൊക്കെ എപ്പോഴേ നിര്‍ത്തി. മില്ലില്‍ കൊടുത്ത് കുത്തിക്കലായി. ഇവിടെ ഇപ്പോഴും നേരം വെളുത്തിട്ടില്ല. കല്യാണം കഴിഞ്ഞാല്‍ പുറം ലോകം കാണാം. അങ്ങനൊരു ഭാഗ്യമുണ്ട്. എന്നാലും പേടിയാ-'' ''എന്തിനാ പേടിക്കുന്നേ? നിന്നെ സ്‌നേഹിക്കുന്ന, നിന്നെ മനസ്സിലാക്കുന്ന ഒരാള് വരും.''
''എന്താ രണ്ടാളും പറയുന്നേ?'' മുട്ടക്കാരി നാണിയുടെ ചോദ്യം കേട്ട് രണ്ടാളും തിരിഞ്ഞു നോക്കി. നല്ല വടിവൊത്ത ശരീരം. കൈലിയും ബ്ലൗസും മാറത്ത് ഒരു മുണ്ടും, മുറുക്കി ചുവപ്പിച്ച ചുണ്ടുകള്‍, ഭൂമി ചവിട്ടി മെതിച്ചുകൊണ്ടുള്ള ഒരു നടത്തവും. ''ഹോസ്റ്റലിലൊക്കെ മീന്‍ കൊണ്ടുവരുന്നത് സൈക്കിളില്‍ ആണുങ്ങളാണ്.'' ഒഴിവിന് ഇവിടെ വരുമ്പോഴാണ് ചാള, ചാളയെന്ന് വിളിക്കുന്ന അരയത്തികളെ കാണുന്നത്.
വെയിലിന് ചൂട് കൂടി തുടങ്ങി. ''അമ്മ എന്നെ അന്വേഷിച്ച് തുടങ്ങും. പോട്ടെ''. ''ഒഴിവ് കിട്ടുമ്പോള്‍ വരണം. ആകെയുള്ള ഒരാശ്വാസം നീയാണ്.''

****
നേരം അസറ് ബാങ്ക് വിളിക്കാനായി; ഫാത്തിമ വേഗത്തില്‍ കുളിച്ച് കയറി. ഇന്ന് മുഴുവന്‍ നനച്ചു കുളി പണിയായിരുന്നു. നോമ്പ് വരാറായി. അരി ഇടിച്ച് പൊടിക്കലും വറുക്കലും ആമിനൈത്താ ഏറ്റെടുത്തു കഴിഞ്ഞു. തുടച്ചു വൃത്തിയാക്കാന്‍ ആള് ഉണ്ടായിട്ടെന്താ, എല്ലായിടത്തും എന്റെ കണ്ണ് തന്നെ എത്തണം. മഴ വരുന്നുണ്ടല്ലോ? അവള്‍ വേഗം മുറ്റത്തേക്ക് നടന്നു. ഉണക്കാനിട്ട മല്ലിയും മുളകും വാരിവെക്കാനായി തുടങ്ങുമ്പോള്‍ ഗേറ്റ് തുറക്കുന്ന ശബ്ദം. ഹമീദായിരുന്നു അത്. ഇതെന്താ സുലൈഖയുടെ ഉപ്പ നേരത്തെ? ഫാത്തിമ സ്വയം ചോദിച്ചു. ''സുലൈഖയെ കാണാന്‍ ഒരു കൂട്ടര് വരുന്നുണ്ട്. നിനക്കറിയാം, ആ കുടുംബം മുനീറിന്റെ വകയിലാണ്. അവളോട് വെടിപ്പായി നില്‍ക്കാന്‍ പറ. വേഗത്തില്‍ ചായയും കടിയും ശരിയാക്ക്. ഇതൊക്കെ ചെയ്യാന്‍ ഇവിടെ വേറെ ആരുമില്ലേ?'' അവളുടെ മറുപടിക്കായി കാത്തു നില്‍ക്കാതെ അയാള്‍ അകത്തേക്ക് കയറിപ്പോയി.
സുലൈഖയെ തിരക്കി ഫാത്തിമ മുകളിലേക്ക് കയറി. അവള്‍ ചോറും കഴിഞ്ഞ് മുകളിലേക്ക് കയറിപ്പോയതാണ്. എന്തെങ്കിലും വായിക്കുകയോ സിദ്ദിയെ കളിപ്പിക്കുകയോ ചെയ്യുകയാവും. ഫാത്തിമയുടെ കാലടി ശബ്ദം കേട്ട് അവള്‍ തല ഉയര്‍ത്തി നോക്കി. എന്താ എളോമാ - എന്നെ വിളിച്ചാല്‍ പോരായിരുന്നോ? ഞാന്‍ താഴേക്ക് വരൂലോ? ''സുലൈ, നീ വേഗം നല്ല ഉടുപ്പ് ഇട്ടോണ്ട് മുടിയൊക്കെ ചീകി താഴേക്ക് വാ. ഉപ്പ പറഞ്ഞതാ - ആരോ നിന്നെ കാണാന്‍ വരുന്നുണ്ട്.'' ''ആരാ എളോമാ? എനിക്ക് പേടിയാവുന്നു''. ''നിന്നെ മുനീറിന്റെ വീട്ടില്‍ നിന്ന് ആരെങ്കിലും കണ്ടിരുന്നോ? അവരാ വരുന്നത്.'' അവളുടെ മുഖത്ത് നാണം ഇരച്ചു കയറി. മുനീറിന്റെ വീട്ടില്‍ വെച്ച് അന്ന് ഒരിക്കല്‍ അവന്റെ കുടുംബത്തിലുള്ള അമീറിനെ കണ്ടിരുന്നു. പഠിപ്പും പത്രാസുമുള്ള ചെറുപ്പക്കാരന്‍. പേര് ചോദിച്ചപ്പോഴുള്ള നോട്ടം ഇപ്പോഴും തറച്ചു കൊള്ളുന്നതുപോലെ. ആളെ കണ്ടിട്ടുണ്ടെങ്കിലും നെഞ്ച് പടപടാ മിടിച്ചു. സുലൈഖ സാവധാനം ഡ്രസ്സ് അണിഞ്ഞു. വൃത്തിയായി കണ്ണെഴുതി പൗഡറിട്ടു കണ്ണാടിയില്‍ നോക്കി. എളോമ തന്നെയാണ് മുടി കെട്ടിത്തന്നത്. ''ഞാനൊരു കൊച്ചുസുന്ദരി തന്നെ.'' അവള്‍ മനസ്സില്‍ പറഞ്ഞു. താഴെ എന്തൊക്കെയോ ബഹളം നടക്കുന്നു. പലഹാരങ്ങള്‍ പൊരിക്കുന്ന മണം ഉയര്‍ന്നു. എളോമയുടെ വിളിക്കായി സുലൈഖ കാതോര്‍ത്തിരുന്നു. 
പെണ്ണ് കണ്ടതും വളയിട്ടതും ഒക്കെ ഒരു സ്വപ്‌നം പോലെ തോന്നി. നോമ്പ് കഴിയുന്നതോടെ കല്യാണം വേണമെന്ന് പറയുന്നത് കേട്ടു. എളോമയെയും സിദ്ദിയെയും ഈ വീടും കായലും ഒക്കെ വിട്ടു പോവുന്നത് ഓര്‍ത്തപ്പോള്‍ എന്തോ പോലെ. ഉമ്മ ഇല്ലാത്തത് അറിയിക്കാതെ വളര്‍ത്തിയത് എളോമയാണ്. ''എന്താ സുലൈ; മഗ്‌രിബ് ബാങ്ക് വിളിച്ചു കഴിഞ്ഞു. പൊന്നൊക്കെ എടുത്ത് നല്ലോണം വെച്ച് നിസ്‌കരിക്കാന്‍ നോക്ക്. നേരം വൈകി. ഇപ്പോത്തന്നെ കിനാവ് കാണാന്‍ തുടങ്ങിയോ. എത്ര വേഗാ കാലം പോയത്. നീയെത്ര വളര്‍ന്നു. പേന്‍ പിടിച്ച തലയുമായി കരയുന്ന പഴയ കുട്ടി എന്റെ ഖല്‍ബില്‍ നിന്ന് മാഞ്ഞിട്ടില്ല''. 
മഗ്‌രിബ് നിസ്‌കരിച്ച് യാസീന്‍ ഓതിയിരിക്കുന്ന ആമിനൈത്തായുടെ അടുത്തേക്ക് ഫാത്തിമ ചെന്നു. ''ആമിനൈത്താ, ഇങ്ങള് നാളെ ആ ഉസ്താദി മറിയം ബീവിയെ കാണാന്‍ പോവണം.'' ''എന്തിനാ ഇപ്പം?'' ''ഇവിടം വരെ വരാന്‍ പറയണം. സുലൈഖയുടെ കല്യാണം പറഞ്ഞു വെച്ച് കഴിഞ്ഞില്ലേ? കുളിയുടെ ശര്‍ത്തും ഫര്‍ളും ഒക്കെ പറഞ്ഞ് കൊടുക്കാന്‍ എന്നേക്കാളും നല്ലത് അവരാ, എനിക്കാവുമ്പം എല്ലാം വിസ്തരിച്ച് പറഞ്ഞു കൊടുക്കാന്‍ കഴിയോ?''
പണിക്കാരൊക്കെ കിടന്നു കഴിഞ്ഞു. ആമിനൈത്തായുടെ നേര്‍ത്ത കൂര്‍ക്കം വലിയും ഉയര്‍ന്നു. ഫാത്തിമ അടുക്കളയോട് ചേര്‍ന്ന കുളിമുറിയില്‍ കയറി. കിണറില്‍ നിന്ന് വെള്ളം മുക്കി തലയിലൂടെ ഒഴിച്ചു. സുബ്ഹിക്ക് തുടങ്ങിയ അലച്ചിലാ. മുറിയിലെ കുളിമുറിയില്‍ നിന്ന് കുളിച്ചാല്‍ മതി. എന്നാലും കിണറില്‍ നിന്ന് കോരിക്കുളിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ''ഇതുവരെ കിടക്കാറായില്ലേ?'' കപ്പി കരയുന്ന ശബ്ദം കേട്ട് അയാള്‍ അടുക്കള വശത്തേക്ക് വന്നു നോക്കി. ''നേരവും കാലവും ഇല്ലാത്ത കുളി.'' അയാളുടെ പിറുപിറുക്കല്‍ വെള്ളത്തിന്റെ ശബ്ദത്തില്‍ അവളുടെ കാതിലേക്ക് എത്തിയില്ല.
കുളി കഴിഞ്ഞ് തല തുവര്‍ത്തുമ്പോള്‍ നല്ല ആശ്വാസം. ശരീരം തണുത്തു. ഒപ്പം മനസ്സും. വര്‍ഷം എത്ര കഴിഞ്ഞു, എന്നാലും മനസ്സിലോടിയെത്തുന്നത് പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ തുര്‍ക്കിത്തൊപ്പി തലയില്‍ വെച്ച് അറയിലേക്ക് കയറിവന്ന പുതിയാപ്ലയെയാണ്. എത്ര മറക്കാന്‍ ശ്രമിച്ചാലും പത്തരമാറ്റ് തിളക്കമാണ് ആ ഓര്‍മകള്‍ക്ക്. അവരോടൊപ്പം ജീവിച്ചത് ആകെ വിരലിലെണ്ണാവുന്ന മാസങ്ങള്‍. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു, ഈ വീട്ടില്‍ കയറി വന്നിട്ട്. എന്നിട്ടും കൂടെയുള്ള ആളോട് മാനസികമായ ഒരടുപ്പം വന്നുകഴിഞ്ഞോ? ഇല്ല. ഇനി തിരിച്ച് ആള്‍ക്ക് തന്നോട് എന്തായിരിക്കും. ഒന്നും അറിയില്ല. എല്ലാം ഒരു യന്ത്രം കണക്കെ. ചിലപ്പോള്‍ മൂപ്പരുടെ മനസ്സില്‍ സുലൈഖയുടെ ഉമ്മ തന്നെയായിരിക്കും ഇപ്പോഴും. തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണി പോലും ഞങ്ങളുടെ ഇടയില്‍ ഇല്ലല്ലോ? പടച്ചോന്‍ തരാഞ്ഞിട്ടാണോ എന്തോ അറിയില്ല. വീട്ടിലേക്ക് പോയിട്ട് തന്നെ നാളെത്രയായി. ഉപ്പയും ഉമ്മയും ഉണ്ടെങ്കിലേ പോവാന്‍ തോന്നൂ. അവര് നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ചിറകൊടിഞ്ഞതു പോലെയാണ്.
ഈയിടെയായി സുലൈഖയുടെ ഉപ്പ താമസിച്ചാണ് വരവ്. എണീക്കുന്നതിന് മുമ്പ് പോവലും കഴിയും. ഒന്നും ചോദിക്കാനും പോവാറില്ല. പണിക്കാരും അടുക്കളയും പാടവും പറമ്പും ഒക്കെയായി മാറി തന്റെ ലോകം. എത്ര കാലമായി മനസ്സിരുത്തി ഒന്ന് വായിച്ചിട്ട്. സുലൈഖയും പോയിക്കഴിഞ്ഞാല്‍ മിണ്ടി പറയാന്‍  ആകെയുള്ളത് ആമിനൈത്തയാണ്. അവരിനി എത്രകാലം. ഓര്‍ത്തപ്പോള്‍ ചുടുകണ്ണീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി.
പുതുക്കക്കാര് പെണ്ണുങ്ങള് തിരിച്ചു വരുമ്പോഴേക്കും നേരം നന്നായി ഇരുട്ടിക്കഴിഞ്ഞിരുന്നു. സുലൈഖ പടിയിറങ്ങി പോവുമ്പോള്‍ നെഞ്ചിനകത്ത് ഒരു ഭാരം കയറ്റിവെച്ചപോലെ. അവള്‍ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോള്‍ തന്റെ കണ്ണുകള്‍ നനഞ്ഞത് ആരും കാണാതെ തുടച്ചു. കൊച്ചാമിനാത്തയുടെ കൈമുട്ടും പാട്ടും വേണ്ടായിരുന്നു എന്ന് ഇപ്പോ തോന്നുന്നു. പണി ചെമ്മീന്‍ കമ്പനിയിലാണെങ്കിലും കല്യാണത്തിന് മുട്ടിപ്പാട്ടിന് പോവാറുണ്ട്. തന്റെ നിര്‍ബന്ധത്തിനാണ് അവരെ നിര്‍ത്തിയത്, ഒന്നും വേണ്ടായിരുന്നു. പുയാപ്ലയുടെ വീട്ടുകാരെ പനിനീര്‍ തെളിച്ച് കയറ്റുമ്പോള്‍ പനിനീരിന്റെയും അത്തറിന്റെയും സുഗന്ധത്തേക്കാളും ഉയര്‍ന്നു നിന്നത് കൊച്ചാമിനാത്തയുടെ തട്ടത്തിന്റെ ചെമ്മീന്‍ നാറ്റമായിരുന്നു. പെണ്ണുങ്ങളുടെ കുശുകുശുപ്പ് കണ്ടില്ലെന്ന് നടിച്ചു. വേണ്ടീരുന്നില്ല്യ, എല്ലാം തന്റെ ഓരോരോ പൂതിയായിരുന്നു.
ഉമ്മയില്ലാതെ വളര്‍ന്ന മോളാ - വേണ്ട ഉപദേശവും മറ്റും ഞാന്‍ കൊടുത്തിട്ടുണ്ട്. എന്നാലും എന്തെങ്കിലും തെറ്റ് ചെയ്താല്‍ നൂറ് നാവ് കാണും കുറ്റം പറയാന്‍. സുലൈ വിരുന്നിന് വരുമ്പോള്‍ വായാപ്പടച്ചിപ്പെണ്ണുങ്ങള്‍ക്ക് ഭക്ഷണവും പൈസയും കൊടുക്കണം. പടച്ചോന്‍ എല്ലാം നല്ല നിലയിലാക്കി തരട്ടെ, ആമീന്‍!
''മതി പാത്തൈ എത്ര നേരായീ ഈ അടുക്കളേല് തിരിഞ്ഞ് കളിക്കുന്നത്. എത്ര ദിവസായി അലയണത്. ഇച്ചിരി നേരത്തെ പോയ് കിടക്ക്. നാളെം വേണ്ടെ എണീക്ക്യാ'' - ആമിനൈത്തയുടെ വര്‍ത്തമാനം കേട്ട് ഫാത്തിമ ആലോചനയില്‍ നിന്ന് ഉണര്‍ന്നു. സ്‌നേഹം കൂടിയാല്‍ ആമിനേയ്ത്ത ഇങ്ങന്യാണ്. അപ്പള് പാത്തൈയ്ന്ന് നീട്ടി വിളിക്കും. മറന്ന് കിടക്കുന്ന പല ഓര്‍മകളെയും ഉണര്‍ത്തുന്നതാണാ വിളി.
അടുക്കള വാതിലും പിന്നാമ്പുറവും ചായ്പും എല്ലാം ഒന്നുകൂടി നോക്കി അടച്ചെന്ന് ഉറപ്പു വരുത്തി. ഗോവണി കയറി മുകളിലേക്ക് കയറുമ്പോള്‍ കായലിലെ വെള്ളം ഇളകുന്ന ശബ്ദം. അറയിലെ ചാരിയ വാതില്‍ തുറന്ന് അകത്ത് കയറി. ഫാനിന്റെ ശബ്ദത്തോടൊപ്പം കൂര്‍ക്കംവലിയുടെ ശബ്ദവും. ഒച്ച കേള്‍പ്പിക്കാതെ അലമാര തുറന്നു. കല്യാണമായിട്ട് അണിഞ്ഞ ചവിടിയും പതക്കവും കൊമ്പനും ആണിവെച്ച വളയും അഴിച്ചു വെച്ച് അലമാര അടക്കുമ്പോള്‍ എത്ര ശ്രമിച്ചിട്ടും അലമാരയുടെ ശബ്ദം പുറത്തേക്ക് വന്നു. ''പാതിര ആയാലും പെണ്ണിന് ഒറക്കില്യ. എന്നാ ബാക്കിയുള്ളവരെ എടങ്ങേറാക്കാതിരുന്നൂടെ.'' ആള്‍ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു കിടന്നു. 
എത്ര പാതിരാവായാലും ഉറങ്ങിയാലും താന്‍ ആ കട്ടിലിനരികെ നിന്നാല്‍ ഉണരുന്ന ഒരാളുണ്ടായിരുന്നു. പണിയെടുത്ത് തളര്‍ന്ന തന്റെ കൈകള്‍ തലോടി പതുക്കെ കണ്ണുകളിലേക്ക് ഉറക്കം കടന്ന് വരുന്ന ഒരു നാളുണ്ടായിരുന്നു. ഓര്‍ത്തപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞു. അങ്ങനെ സ്‌നേഹിക്കുന്ന ഒരാളാവട്ടെ തന്റെ പിറക്കാത്ത മോള്‍ക്ക് കിട്ടിയതും. ഇപ്പോ അവള് ഉറങ്ങി കാണുമോ? വീട് മാറി കിടന്നിട്ട് പേടി തോന്നുന്നുണ്ടാവുമോ? ഓരോന്ന് ഓര്‍ത്ത് കിടന്ന് പതുക്കെ പതുക്കെ കണ്ണുകളിലേക്ക് ഉറക്കം വന്നു തുടങ്ങി.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top