വിജ്ഞാന സാഗരമീ ഹംദര്‍ദ്‌

ഹിബ സിദ്ദീഖ്‌ (മൂന്നാം വര്‍ഷ നഴ്‌സിംഗ്‌ വിദ്യാര്‍ഥി, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി) No image

അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ മിക്കവരും ഗൃഹാതുരത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും ചുമടുപേറിക്കൊണ്ടാണ്‌ പഠനത്തോട്‌ ഏറ്റുമുട്ടുന്നത്‌. ഭാഷ, ഭക്ഷണം, വിശ്രമം, ശുചിത്വം എന്നിവല്‍ ഇഴുകിച്ചേരാനുള്ള കാലതാമസം സ്വാഭാവികം മാത്രം. വളരെ പെട്ടെന്ന്‌ ഭാഷ സ്വായത്തമായാല്‍ നടേ പറഞ്ഞതെല്ലാം കുമിളകളായി അനുഭവപ്പെടും.
ഇന്ത്യയുടെ ആസ്ഥാന നഗരമായ ഡല്‍ഹിയില്‍ ചരിത്ര സ്‌മാരകങ്ങളിലൊന്നായ ഖുതുബ്‌ മിനാറിന്റെ ചാരെ ചെങ്കോട്ടയുടെ തെക്കന്‍ പ്രദേശത്ത്‌ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന നൂറേക്കര്‍ സ്ഥലവിസ്‌തൃതിയുടെ ഉടമയാണ്‌ ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി. 1962-ല്‍ മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യം വെച്ച്‌ ജനാബ്‌ ഹകീം അബ്ദുല്‍ ഹമീദാണ്‌ ചാച്ചാജിയുടെ കരങ്ങളാല്‍ ഈ വിജ്ഞാന സൗധത്തിന്‌ ശിലാസ്ഥാപനം നടത്തിയത്‌. അതൊരു വലിയ തുടക്കമായിരുന്നെങ്കിലും ബാലാരിഷ്ടതകള്‍ പിന്നിട്ട്‌ വിവിധ ഫാക്കല്‍റ്റികള്‍ തരം തിരിച്ചു വ്യവസ്ഥാപിത പ്രവര്‍ത്തനം സജീവമായത്‌ 1989 ആഗസ്റ്റിന്‌ ശേഷമായിരുന്നു.
നിലവിലുള്ള എട്ട്‌ ഫാക്കല്‍റ്റികളും നിരവധി പ്രബലമായ കോഴ്‌സുകള്‍ നടത്തിവരുന്നു. ഉന്നത കമ്പനികള്‍ കാമ്പസ്‌ സെലക്ഷനുകള്‍ക്കെത്തുന്നുണ്ട്‌. ഉദ്യോഗാര്‍ത്ഥികളുടെ ഭാവിസുരക്ഷിതത്വം കൂടി ഉറപ്പായപ്പോള്‍ സ്ഥാപനം മികവുറ്റതായിത്തീരുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കായി കാമ്പസില്‍ ഏഴ്‌ മേത്തരം ഹോസ്റ്റലുകള്‍ മിതമായ സാമ്പത്തിക നിരക്കില്‍ ലഭ്യമാകുന്നുവെന്നത്‌ പെണ്‍കുട്ടികള്‍ക്കെല്ലാം ഡല്‍ഹിയില്‍ വലിയൊരു അഭയമാണ്‌.
പഠനവും വായനയും ഗവേഷണവും ലക്ഷ്യമാക്കുന്ന ഏതൊരു വിദ്യാര്‍ഥിക്കും സഹായകമാകുന്ന 2,03,000 പുസ്‌തകങ്ങളടങ്ങിയ ലൈബ്രറിയാണ്‌ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്‌. LAN (local area network) മുഖേന വിവിധ ലൈബ്രറികള്‍ തമ്മില്‍ പുസ്‌തകാന്വേഷണത്തിനുള്ള വിവര സാങ്കേതിക വിദ്യയുടെ നൂതനരീതി, സെന്‍ട്രല്‍ ലൈബ്രറി, ഇതിന്റെ കീഴില്‍ ആറ്‌ ഫാക്കല്‍റ്റികള്‍ക്കുമുള്ള പ്രത്യേക ലൈബ്രറി സജ്ജീകരണം എന്നിവ എടുത്തു പറയത്തക്കതാണ്‌. അഗാധമായ അറിവും അനുഭവവും കൈമുതലായുള്ള അധ്യാപകര്‍, ഋതുഭേദങ്ങളുടെ മരവിപ്പുകളില്‍ പോലും തങ്ങിനില്‍ക്കാത്ത ഭാഷാ സമീപനരീതി, മാറ്റമില്ലാത്ത പരീക്ഷാതിയ്യതികള്‍- വിദ്യാര്‍ഥികളെ ലക്ഷ്യബോധമല്ലാതെ മറ്റെന്ത്‌ അഭ്യസിപ്പിക്കാനാണ്‌?
പഠനത്തെപോലെ പാഠ്യേതര വിഷയങ്ങള്‍ക്കും തത്തുല്യമായ പ്രാധാന്യം നല്‍കുന്നു. ആഴ്‌ചകള്‍ നീളുന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ പ്രതിഭകള്‍ക്ക്‌ അംഗീകാരങ്ങളും അഭിനന്ദനങ്ങളും നല്‍കുന്നു. എന്‍.എല്‍.ഐ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന നിയന്ത്രിത പരിപാടി മികവാര്‍ന്ന ആതിഥേയ മര്യാദ കൂടിയാണ്‌. കാമ്പസിന്റെ ദേശീയ ഗാനാലാപന സംഘത്തിലുള്ളതിനാലാണ്‌ അവിടെ പ്രവേശനാനുമതി ലഭിക്കാനിടയായത്‌. രാജ്യാന്തര കലകളുടെ വിസ്‌മയ രൂപങ്ങള്‍, ഭക്ഷണ വിഭവങ്ങള്‍, വേഷവിധാനങ്ങള്‍ വിവരണാതീതമായ കൗതുകമാണെന്നിലുളവാക്കിയത്‌. എന്റെ സംഗീതാധ്യാപകനായിരുന്ന മാനവേദന്‍ സാറിനെ ഞാനറിയാതെ നന്ദിപൂര്‍വം സ്‌മരിച്ചു പോയി.
ഡല്‍ഹിയെന്നത്‌ സങ്കല്‍പത്തില്‍ ശബ്ദമുഖരിതമെങ്കിലും കാമ്പസിന്റെ വിശാലഭൂമി ശാന്തസുന്ദരമാണ്‌. പെണ്‍കുട്ടികള്‍ക്ക്‌ നിര്‍ഭയമായി പഠന കാലം നീക്കാവുന്ന, റാഗിംഗ്‌ നിരോധിത കാമ്പസ്‌ കൂടിയാണത്‌.
പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കായി നിരവധി സ്‌കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും ഓരോ ഫാക്കല്‍റ്റികള്‍ക്കും പ്രത്യേകം സ്‌പോണ്‍സര്‍ ചെയ്യപ്പെട്ടിരിക്കുന്നു. നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി തൊട്ടടുത്ത സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലായ മജീദിയ്യയുടെ സൗജന്യ വൈദ്യസഹായവും ലഭ്യമാണ്‌.
കാമ്പസുകളെ കലാപകലുഷിതമാക്കുന്ന കലാലയ രാഷ്‌ട്രീയം ഹംദര്‍ദിന്‌ അന്യമാണ്‌.
ഓക്‌ലാ ഓഫീസിലെ ഒത്തുകൂടല്‍, മലയാളി സംഗമങ്ങള്‍, ഈദ്‌ഗാഹുകള്‍, ഹെല്‍പ്പ്‌ ലൈനുകള്‍ എല്ലാം നവോന്മേഷം പകരുന്നതാണ്‌.
കഴിഞ്ഞവര്‍ഷം രണ്ടാഴ്‌ചയോളം ക്ലാസില്‍ കയറാന്‍ പറ്റാതെ അസുഖമായി ഹോസ്റ്റലില്‍ കിടക്കേണ്ടി വന്നപ്പോള്‍ മലയാളികളായ പെണ്‍കുട്ടികളുടെ കൂട്ടായ്‌മ വലിയൊരൗഷധമായി ഞാനനുഭവിക്കുകയായിരുന്നു. ഈയൊരൈക്യവും സ്‌നേഹവും ഞങ്ങള്‍ക്ക്‌ കാമ്പസിനകത്തും പുറത്തും നിര്‍ഭയമായ ചുവടുകള്‍ക്ക്‌ ഊര്‍ജം പകര്‍ന്നുകൊണ്ടിരിക്കുന്നു.
വ്യക്തികള്‍ സമൂഹത്തില്‍ പരസ്‌പര സംഘബോധത്തോടെ ജീവിക്കണമെന്ന മതത്തിന്റെ നിഷ്‌കര്‍ഷക്ക്‌ മാനങ്ങളേറെയുണ്ട്‌. സുഹൃത്തുക്കള്‍ പരസ്‌പരം കണ്ണാടികളായിരിക്കണമെന്ന ആശയം തെളിഞ്ഞു വരുമ്പോഴാണല്ലോ കൂട്ടായ്‌മയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുക!
കാമ്പസിലെ ഒഴിവുവേളകള്‍ മതരാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക ചുറ്റുപാടുകളെ കുറിച്ചുള്ള തുറന്ന ചര്‍ച്ചക്ക്‌ സമയം കണ്ടെത്തുന്നു എന്നത്‌ ജീവിതത്തിലെ ഏകാന്തതയെ വഴിമാറ്റുന്നു.
സ്‌നേഹവും ത്യാഗവും സാക്ഷ്യപ്പെടുത്തുന്ന, എന്നാല്‍ ആത്മനിര്‍വൃതിയുടെ മാധുര്യം ആസ്വദിക്കാന്‍ കഴിയുന്ന ആശുപത്രികളിലെ നഴ്‌സിംഗ്‌ ജോലി ഒരനുഭൂതി തന്നെയാണ്‌. ആരോരുമില്ലാതെ ഒറീസയില്‍ നിന്നെത്തിയ `രാംദേവ്‌' എന്ന യാള്‍ക്കുള്ള രോഗം ഡയബറ്റിക്‌ എക്‌സിമയായിരുന്നു. ശരീരമാസകലം വേദനയോടെ വന്നെത്തിയ അയാളുടെ പ്രകൃതം വൃത്തിഹീനമായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള `ശുദ്ധീകരിക്കല്‍ പ്രക്രിയ'ക്ക്‌ മണിക്കൂറുകള്‍ വേണ്ടിവന്നെങ്കിലും അദ്ദേഹത്തെ ഒരു മനുഷ്യരൂപമായി കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ഒരാത്മ നിര്‍വൃതിയായിരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top