ഒരടിമപ്പെണ്‍കിടാവിനെ  പ്രവാചകന്‍ പരിഗണിച്ചപ്പോള്‍ 

പി.ടി കുഞ്ഞാലി  No image

മദീനയിലെ ഒരു സാധാരണ സന്ധ്യയോടടുത്ത  സമയം. യുദ്ധയാത്രകളുടെ ഉദ്വേഗങ്ങളോ വിദൂര ഗോത്രദേശങ്ങളില്‍നിന്നെത്തിയ വഫ്ദുകളുടെ തിരക്കുകളോ ഇല്ല. സ്വന്‍ആയില്‍ നിന്നോ ദിമശ്ഖില്‍നിന്നോ വന്നെത്തുന്ന വര്‍ത്തക ഖാഫിലകളും അന്നാ നഗരദേശത്ത് തിരക്കുകള്‍ തീര്‍ത്തില്ല. കടുത്ത ശീതം കൊണ്ട് മദീന, മരം കോച്ചുന്ന കാലദേശം പിന്നിട്ടുകഴിഞ്ഞു. താപവും പൊടിക്കാറ്റും കൊണ്ട്  വീര്‍പ്പുമുട്ടുന്ന കാലമായിട്ടുമില്ല. മദീന നഗര രാഷ്ട്രം ഇങ്ങനെ വിശ്രാന്തിയില്‍ കാണുക അത്യപൂര്‍വമായിരിക്കും. 
മരുക്കാറ്റൊതുങ്ങിയപ്പോള്‍ കുടിജലം കോരാന്‍ ബിഅ്‌റു ഉസ്മാനിലേക്ക് തോല്‍ക്കുടങ്ങളും കാട്ടുചിരങ്ങകളുടെ കുഞ്ചികളുമായി പോകുന്ന ഉമ്മമാരും അവരുടെ കിടാങ്ങളും. വഴിയിറമ്പുകളില്‍ കിടന്ന് അയവെട്ടുന്ന ഒട്ടകങ്ങള്‍. ലായങ്ങളിലേക്ക് തെളിക്കാന്‍ യജമാനന്മാരെയും കാത്തിരിപ്പാണവര്‍.
പ്രവാചകന്‍ അന്നും അപരാഹ്ന പ്രാര്‍ഥനക്ക് മസ്ജിദില്‍ ഉണ്ടായിരുന്നു. അബൂബക്‌റും ഉമറുമടങ്ങുന്ന വിശിഷ്ടാനുചാരികള്‍ക്കൊപ്പം പ്രാര്‍ഥന കഴിഞ്ഞ് ഇത്തിരി നേരം പള്ളിത്തളത്തിലിരുന്ന് ദേശവ്യവഹാരങ്ങള്‍ക്ക് തീര്‍പ്പുകള്‍ പറഞ്ഞു. ഇനി സന്ധ്യാ പ്രാര്‍ഥനകള്‍ക്കവര്‍ ഒത്തുകൂടും.. പ്രവാചകന്‍ വീട്ടിലേക്ക് പോയി. ഇന്ന് ചെയ്തുതീര്‍ക്കേണ്ട വ്യക്തിപരമായ അത്യാവശ്യമുണ്ട്. തന്റെ മേല്‍ക്കുപ്പായമപ്പാടെ പിഞ്ഞിത്തുടങ്ങിയിട്ട് എത്രയോ ദിവസങ്ങളായി. ഇനിയും പുതിയതൊരെണ്ണം തുന്നിച്ചെടുത്തില്ലെങ്കില്‍ ആളുകള്‍ക്കിടയില്‍ ഇറങ്ങാന്‍ വയ്യാതാവും. വൃത്തിയും മെനയും പ്രവാചകന് നിര്‍ബന്ധമാണ്. തന്റെ നാഥന്‍ സുന്ദരനാണെന്നും അവന്‍ സൗന്ദര്യത്തെ പ്രണയിക്കുന്നതെന്നും പ്രവാചകന്‍ തന്റെ ഉത്തമാനുചാരിമാരെ നിരന്തരം ഉണര്‍ത്താറുള്ളതാണ്.  പിഞ്ഞിത്തുടങ്ങിയ മേല്‍ക്കുപ്പായത്തിനു പകരമൊന്ന് എന്നേ നിനവില്‍ കരുതിയതാണ്. പലതര കൃത്യാന്തരതകള്‍ വിഘ്‌നം തീര്‍ത്തപ്പോള്‍ അതങ്ങനെ താമസിച്ചുപോയി. പിന്നെ നിത്യനിദാനങ്ങള്‍ നിവര്‍ത്തിച്ച ശേഷം ദ്രവ്യം ബാക്കിയായതുമില്ല. ഇന്നതെല്ലാം ഒത്തുവന്നിട്ടുണ്ട്. 
മദീനയുടെ പ്രധാന ചന്ത പള്ളിയില്‍നിന്നും ഇത്തിരി അകലെയാണ്. മക്കയില്‍നിന്ന് യസ്രിബിലെത്തിയ പ്രവാചകന്‍ മദീനാ ദേശത്തെ നിര്‍മിച്ചെടുത്തത് പെട്ടെന്നാണ്. അതിന്റെ ഭാഗമായി ദേശത്തിലെ പ്രധാനമായ മൂന്ന് സ്ഥാപനങ്ങള്‍ക്കായി അദ്ദേഹം സ്ഥാനനിര്‍ണയം നടത്തി. ഒന്ന് പ്രവാചകന്റെ മസ്ജിദും ഭരണ സിരാ കേന്ദ്രവും. മറ്റൊന്ന് മദീനാ നഗര രാഷ്ട്രത്തിലെ ചന്തസ്ഥലമാണ്. ഒന്നുകൂടിയുള്ളത് മദീനയുടെ ശ്മശാനമായ ജന്നത്തുല്‍ ബഖീഉം. എത്ര കാലത്തേക്കുമുള്ള വികസന സാധ്യത ഉള്ളടങ്ങുന്നതായിരുന്നു ആ മൂന്ന് സ്ഥാനനിര്‍ണയവും.  പ്രവാചക സാന്നിധ്യം ആ ദേശത്തെയപ്പാടെ മാറ്റിക്കഴിഞ്ഞു. മക്കയില്‍നിന്നു തന്നെ എത്രയെത്ര കുടുംബങ്ങളാണ് മദീനയിലേക്ക് സ്ഥിരവാസത്തിനെത്തിയത്. ജസീറത്തുല്‍ അറബിന്റെ വിസ്താര ദിക്കുകളില്‍ നിന്നു മാത്രമല്ല ഈ ആള്‍ക്കൂട്ടമൊഴുകിയെത്തിയത്. റോമാ ദേശങ്ങളില്‍നിന്നും ഫാരിസീ താഴ്‌വരകളില്‍ നിന്നു പോലും പ്രവാചകനെത്തേടി ആളൊഴുക്കുണ്ടാ നാട്ടിലേക്ക്. അവരുടെയൊക്കെ ഉപജീവനവും വ്യാപാരങ്ങളും മദീനയെ പെട്ടെന്ന് തിരക്കേറിയതാക്കി. അപ്പോഴും ആ ദേശത്തിന്റെ കേന്ദ്രം പ്രവാചകന്‍ തന്നെയായിരുന്നു.
വഴിയില്‍ കണ്ട അനുചാരികളോട് കുശലം പറഞ്ഞു പ്രവാചകന്‍ മദീനയിലെ ചന്തയിലേക്ക് നടപ്പ് തുടര്‍ന്നു. അസ്തമയത്തോടടുത്ത് തിരിച്ചെത്തണം. എങ്കിലേ മഗ്രിബ് നമസ്‌കാരം നയിക്കാനാവൂ. ചന്ത ദൃശ്യത്തിലെത്തി. അവിടത്തെ വാണിജ്യ ബഹളങ്ങളും. നിത്യനിദാനത്തിനുള്ള അനാദികള്‍ മേടിച്ച് വീടണയാന്‍ ബദ്ധപ്പെടുന്നവര്‍. ധൃതിപ്പെട്ട് ചന്തയിലേക്ക് പോകുന്നവര്‍. വിദൂര ഗ്രാമങ്ങളില്‍നിന്ന് വില്‍ക്കാനും വാങ്ങാനും വന്നവരുടെ ഒട്ടകങ്ങളും കഴുതകളും. അവയുടെ ചിനപ്പും അമറലും കരുണയോടെ കടാക്ഷിച്ച് ചന്തയിലേക്കെത്തിയ റസൂലിനെ  കണ്ടവരൊക്കെയും  ആദരവോടെ അഭിവാദ്യം ചെയ്തു. 
പെട്ടെന്ന് റസൂലിന്റെ മിഴിക്കോണുകളില്‍ ഒരു ദൃശ്യം പ്രത്യക്ഷപ്പെട്ടു. പലവ്യഞ്ജനങ്ങള്‍ കൂമ്പാരം കൂട്ടിയിട്ട ഒരു ചന്തത്തിണ്ണയുടെ വെളുമ്പില്‍ നിന്നും, ആരുടെ ശ്രദ്ധയിലുമോരാതെ ഒരു പെണ്‍കുഞ്ഞ് ഏങ്ങിയേങ്ങി കരയുന്നു. പത്ത് പതിനൊന്ന് വയസ്സ് മാത്രം തോന്നിക്കുന്ന ഈ കുഞ്ഞിന്റെ മുഖത്തും ദേഹ ഭാഷയിലും ഏതോ ചെറുതല്ലാത്ത സങ്കടപ്പാടുകള്‍ ആപാദം കാളിമ പടര്‍ത്തിയിട്ടുണ്ട്. അവള്‍ ആരുടെ ശ്രദ്ധയിലും വന്നില്ല.
പ്രവാചകന്‍ ഏറെ അരുമയോടെ അവളുടെ അടുത്തേക്ക് നടന്നു. മുഷിഞ്ഞ ഉടുപുടവയും അലങ്കോലമാര്‍ന്ന കേശഭാരവും.  കുഞ്ഞു ഫാത്വിമയുടെ  മുഖം. കുസൃതികള്‍, കലമ്പലുകള്‍, കരച്ചില്‍, സങ്കടപ്പെയ്ത്തുകള്‍ ഇതൊക്കെയും പ്രവാചകന്റെ സ്മൃതിമണ്ഡപത്തിലൂടെ കയറിയിറങ്ങിക്കാണും. അദ്ദേഹം പതിയെ ആ കുഞ്ഞിനെ ചേര്‍ത്തു പിടിച്ചു. 
തന്റെ സങ്കടകാരണങ്ങളൊക്കെയും ആ കുഞ്ഞുപൈതല്‍ കണ്ണീരിന്റെ അകമ്പടിയില്‍ പറഞ്ഞു തുടങ്ങി. തന്റെ അടുത്തു നില്‍ക്കുന്നതും കരം ഗ്രഹിച്ചതും പ്രവാചകനാണെന്നതൊന്നും ആ പാവം പെണ്‍കിടാവറിഞ്ഞില്ല. അങ്ങനെയുള്ള ലോകബോധങ്ങളൊന്നും സാധ്യമാകുന്നതല്ല അവളുടെ അനുഭവങ്ങളും ജീവിതാവസ്ഥകളും. 
'ഞാന്‍ മദീനപ്പള്ളിയുടെ തെക്ക്  പുല്‍മൈതാനവും കടന്നുള്ള ഈന്തപ്പനത്തോട്ടത്തിലെ ആ വലിയ വീട്ടിലെ അടിമപ്പെണ്‍കുട്ടിയാണ്. ഒരു മാസമേ ആയുള്ളൂ എന്നെ ഖൈബറില്‍നിന്ന് എന്റെ യജമാനന്‍ വാങ്ങി ഇവിടേക്ക് കൊണ്ടുവന്നിട്ട്. ഇന്ന് വീട്ടുകാര്‍ എന്റെ കൈയില്‍ രണ്ട് ദിര്‍ഹം തന്നു വിട്ടു. ചന്തയില്‍ പോയി സരീദിനുള്ള മാവും സുര്‍ക്കയും തണ്ണിമത്തനും വാങ്ങിവരാന്‍. ഞാനാദ്യമായാണ് ഒറ്റക്ക് ചന്തയിലേക്ക് വരുന്നത്. ഇവിടെ വന്ന് കീശയില്‍ കൈയിട്ടപ്പോള്‍ ദിര്‍ഹം കാണാനില്ല. ഒരു പാട് നേരമായി ഞാനത് തിരഞ്ഞു നടക്കുന്നു. കിട്ടിയില്ല.' ഇത് പറഞ്ഞതും ആ കരച്ചില്‍ ഉച്ചസ്ഥായിയിലായി. പ്രവാചകന്‍ അവളെ ഒന്നുകൂടി അണച്ചുപിടിച്ചു. എന്നിട്ട് പറഞ്ഞു. 'നിനക്ക് നഷ്ടമായ ദിര്‍ഹം ഞാന്‍ നല്‍കിയാലോ?'
പ്രവാചകന്‍ തന്റെ ജില്‍ബാബിനകത്ത് നിന്നും രണ്ട് പൊന്‍നാണയമെടുത്ത് അവളുടെ വാരിളം കൈകളില്‍ അനുതാപത്തോടെ വെച്ചു കൊടുത്തു. അതുമായവള്‍ സന്തോഷത്തോടെ ഓടിപ്പിടഞ്ഞ് ചന്തക്കകത്തേക്ക് പോയി. പ്രവാചകനാകട്ടെ, ഇത്തിരി നേരം കഴിഞ്ഞ് വന്ന വഴിയേ തിരിച്ചു നടന്നു. സ്വന്തമായൊരു പുത്തനുടുപ്പ്; തല്‍ക്കാലത്തേക്ക് അദ്ദേഹം ഉപേക്ഷിച്ചുകഴിഞ്ഞു. 
തിരിച്ചുനടത്തത്തിനിടയില്‍ ചന്തത്തിരക്കിന്റെ ഒഴിഞ്ഞൊരിറമ്പില്‍നിന്ന് പ്രവാചകന്‍ ആശ്വസിപ്പിച്ചയച്ച കുഞ്ഞ് വീണ്ടും നിന്ന് വിതുമ്പി നില്‍ക്കുന്നു. പ്രവാചകന്‍ അവളുടെ അടുത്തേക്ക് ചെന്നു. പ്രവാചകന്‍ പതിയേ അവളുടെ മൂര്‍ധാവില്‍ തലോടി. എന്നിട്ട് ചോദിച്ചു. 'മകളേ, ഇനിയും നിനക്കെന്തു പറ്റി? നീ വീട്ടിലേക്കുള്ള സാധനങ്ങളൊക്കെയും മേടിച്ചു തീര്‍ന്നില്ലേ? പണം തികഞ്ഞില്ലേ? എന്തുപറ്റി?' അവള്‍ പ്രവാചകനെ കെട്ടിപ്പിടിച്ചു ഏങ്ങലിന്റെ താളമേളത്തിലവള്‍ പറയാന്‍ തുടങ്ങി: 'എന്നെ എത്രയോ നേരത്തേ ചന്തയിലേക്കയച്ചതാണ്.  പെട്ടെന്ന് തിരിച്ചെത്തണമെന്ന് അവരന്നേരമേ പ്രത്യേകം പറഞ്ഞതാണ്. അവര്‍ക്ക് സരീദുണ്ടാക്കാന്‍ നേരം വൈകും. അവരെന്നെ വഴക്കുപറയും. ഞാനവിടെ ഒറ്റക്കാണ്.' നബി അവളുടെ കണ്‍കോണുകള്‍ തുടച്ചു കൊടുത്തു. അവളെ നോക്കി ചിരിച്ചിട്ട് പറഞ്ഞു: 'അത്രേ ഉള്ളു. നീ സാധനസാമഗ്രികളൊക്കെയും വേണ്ടവിധം മേടിച്ചതല്ലേ. ഇനിയുള്ള പ്രശ്‌നം വീട്ടുകാര്‍ നിന്നെ ഉപദ്രവിച്ചേക്കുമോ എന്ന ഭയമല്ലേ. അത് ഞാനേറ്റു. ഞാന്‍ കുഞ്ഞിനെ വീട്ടിലെത്തിക്കാം. നിന്നെ ഉപദ്രവിക്കരുതെന്നവരോട് പറയാം.' 
ആ അടിമപ്പെണ്‍കൊടിയുടെ ഇളംവിരലുകള്‍ പ്രവാചകന്‍ അമര്‍ത്തിപ്പിടിച്ചു. അപ്പോഴേക്ക് അവര്‍ക്ക് ചുറ്റും ആളുകള്‍ വട്ടം ചുറ്റി. അവരൊക്കെയും കുഞ്ഞിനെ സഹായിക്കാന്‍ തയാറായി. പ്രവാചകന്‍ ഇത്തരം കുഞ്ഞുകാര്യങ്ങള്‍ക്ക് ബദ്ധപ്പെടുന്നതവര്‍ക്ക് സഹിക്കാനാവില്ല. അവരെയൊക്കെയുമദ്ദേഹം മയത്തില്‍ പറഞ്ഞുവിട്ടു. ഇതത്ര ചെറുകാര്യമല്ല. ഇതിനു കൂടിയാണാ മരുപറമ്പില്‍ പ്രവാചകനിയോഗമുണ്ടായത്. ആ ദൗത്യം ഈ കുഞ്ഞില്‍ പൂര്‍ണമാകണമെങ്കില്‍ അവസാനം വരെ പ്രവാചകന്‍ തന്നെ ഇടപെടേണ്ടതുണ്ട്. അതവിടെ വട്ടം കൂടിയവര്‍ക്കോ ഈ പെണ്‍കിടാവിനോ അറിയണമെന്നില്ലല്ലോ.  
അവള്‍ തന്റെ ജീവിതകഥ പറഞ്ഞു. അവള്‍ക്കറിയില്ല അവളുടെ ഉപ്പയും ഉമ്മയും സഹോദരങ്ങളും എവിടെയെന്ന്. ഏതോ ഒരു ഗോത്ര യുദ്ധത്തിന്റെ പരിണതിയാണീ കുരുന്നിന്റെ അടിമജീവിതം. അവള്‍ എത്തിപ്പെട്ടതോ ലോകം കണ്ട ഏറ്റവും വിശ്രുതനായ അടിമവിമോചകന്റെ കരവലയത്തിലും. ഇതൊന്നും ആ കുഞ്ഞു മനസ്സിനറിയുകയേയില്ല. അവര്‍ മനസ്സിലാക്കിയത് തന്നോട് കനിവ് തോന്നിയ ഏതോ ഒരു സുകൃതവാന്‍. ഇതിനിടയില്‍ അവള്‍ യജമാനന്റെ ഗൃഹത്തിലെ അവളുടെ ജോലിഭാരങ്ങള്‍ വിസ്തരിച്ചുകാണും. ആ പാവം പെണ്‍കിടാവ് നയിച്ച വഴിയിലൂടെ പ്രവാചകന്‍ കുറേ നടന്നകന്നപ്പോള്‍ അവള്‍ ഒരു വീട് ചൂണ്ടി; അതാ.. അതാണെന്റെ യജമാനന്മാരുടെ വീട്. ക്ഷണത്തില്‍ തന്നെ പ്രവാചകന്‍ അവളെയും കൊണ്ട് പടിക്കെട്ടുകള്‍ കടന്ന് അങ്കണത്തിലെത്തി. അവള്‍ക്കിപ്പോള്‍ നല്ല ധൈര്യമുണ്ട്. വീട്ടുകാരേക്കാള്‍ അവള്‍ക്ക് ഉത്തമ വിശ്വാസമുള്ള ഒരാള്‍ അവളുടെ കൂടെയുണ്ടല്ലോ. വീട്ടുകോലായില്‍  ഇവളെയും കാത്തിരിക്കുന്ന യജമാനത്തിമാര്‍ ക്ഷുഭിതരാണ്; എത്ര നേരമായവള്‍ ചന്തയിലേക്ക് പോയിട്ട്.  പക്ഷേ ഇപ്പോഴവരുടെ മനോനിലയപ്പാടെ മാറി. ഇന്നിവള്‍ നടന്നുവരുന്നത് റസൂലിന്റെ വിരലില്‍ തൂങ്ങിയാണ്. സരീദിന്റെ ധാന്യവട്ടി ഏറ്റിയതോ പ്രവാചകന്‍. അവരാകെ സ്തംഭിച്ചു നിന്നു. എന്തു പറ്റി ഇന്ന് റസൂലിന്. എത്രയോ തവണ റസൂലിനെ ഞങ്ങള്‍ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചതാണ്. പിന്നെ വരാം എന്ന് പറഞ്ഞൊഴിഞ്ഞതാണന്നൊക്കെയും. ഇന്നിപ്പോള്‍ ഈ അടിമപ്പെണ്‍ക്കുഞ്ഞിന്റെ കൂടെയാണല്ലോ പ്രതീക്ഷിക്കാതെയദ്ദേഹം വന്നു കയറുന്നത്. അപ്പോഴും ഈ കുഞ്ഞിനറിഞ്ഞുകൂടാ, ആരാണ് ഇന്നിവിടെ തനിക്ക് നിസ്സഹായതയില്‍ രക്ഷകനായതെന്ന്. വീട്ടുകാര്‍ റസൂലിനെ ആദരപൂര്‍വം ഉപചരിച്ചു. റസൂല്‍ ഇത്രേ പറഞ്ഞുള്ളൂ. 'നിങ്ങള്‍ ഇവളോട് ഇത്തിരി കരുണ കാട്ടണം. ഇതൊരു പാവം പെണ്‍കിടാവാണ്.' ഇതു കേട്ടപ്പോള്‍ അവള്‍ കൗതുകപൂര്‍വം അദ്ദേഹത്തിന്റെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു. ദൈവമേ, എന്നോടിങ്ങനെ കരുണ കാട്ടാന്‍ ഇയാള്‍ എനിക്കാര്, എനിക്കു വേണ്ടി യജമാനന്മാരുടെ വീട്ടുമുറ്റത്ത് വന്ന് കാരുണ്യം യാചിക്കാന്‍, നഷ്ടമായ പൊന്‍പണം നികത്തിത്തന്ന് എന്നെത്തുണക്കാന്‍, എന്റെ ചുമടും പേറി എനിക്കു വേണ്ടി കൂടെപ്പോരാന്‍, എന്തുകൊണ്ടാണിദ്ദേഹത്തോട് ഈ വീട്ടുകാര്‍ ഇത്രയും ഭവ്യതയോടെ ഇടപഴകാന്‍. 
പ്രവാചകന്‍ അധികനേരമവിടെ നിന്നില്ല. സന്ധ്യാ പ്രാര്‍ഥനക്ക് മസ്ജിദില്‍നിന്നും ബിലാല്‍ ബാങ്ക് വിളിക്കാറായി. പ്രാര്‍ഥന നയിക്കാന്‍ അവിടെയെത്തേണ്ടതുണ്ട്. ആളുകള്‍ വന്നു പള്ളിയില്‍ തന്നെ തിരക്കും. ആചാരവചനങ്ങള്‍ പറഞ്ഞ് പ്രവാചകന്‍ നടന്നകന്നു. 
തന്നെ ഏല്‍പിച്ച ചുമതലാ ഭാരങ്ങളൊക്കെയും ഉമ്മറത്തിണ്ണയില്‍ വെച്ച് ഈ പെണ്‍കിടാവ് അകന്ന് മാറിനിന്നു. കുറ്റബോധമവളെ നീറ്റാന്‍ തുടങ്ങി. അന്നു വരെ ഈ വീട്ടിലവള്‍ ഉപയോഗിക്കാറുള്ള സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ അവള്‍ക്കറിയാം. പക്ഷേ അന്നോടെ സംഗതികള്‍ അപ്പാടെ മാറിമറിയുന്നതവളറിയുന്നു. അത് വീട്ടുകാരുടെ പെരുമാറ്റങ്ങളില്‍നിന്ന് പതിയെ ബോധ്യമാവുന്നു. ചന്തയില്‍നിന്നും വീടെത്തുവോളം പ്രവാചകന്റെ കരതലം ഗ്രസിക്കാന്‍ സൗഭാഗ്യമുണ്ടായ കുഞ്ഞാണിത്. വീട്ടുകാര്‍ക്കിത് പ്രധാനം തന്നെയാണ്. ഈ വീട്ടിലെ ഒരു കുഞ്ഞിനു പോലും ഈ സൗഭാഗ്യമുണ്ടായിട്ടില്ല. ഇവര്‍ക്കൊട്ടും ആലോചിച്ചിരിക്കേണ്ടതായി വന്നില്ല. അവര്‍ സന്ധ്യാ പ്രാര്‍ഥനക്ക് അംഗശുദ്ധി വരുത്തി. പ്രാര്‍ഥനക്കു ശേഷം അവര്‍ ഒരു തീരുമാനം പ്രഖ്യാ
പിച്ചു. അത് ഈ കുഞ്ഞിനെ സ്വതന്ത്രയാക്കാനായിരുന്നു. പുണ്യറസൂലിന്റെ പവിത്രമാര്‍ന്ന കരതലം സ്പര്‍ശിച്ച ഒരു കുരുന്നു ജീവിതം അടിമയായിക്കഴിയാന്‍ പറ്റില്ല. അവര്‍ ആ കുഞ്ഞിനെ ആദരപൂര്‍വം അഭിവാദ്യം ചെയ്തു. കുളിപ്പിച്ചു. പുത്തനുടുപ്പുകള്‍ അണിയിച്ചു. എന്നിട്ട് ആചാരവിധി പ്രകാരം സ്വതന്ത്രയാക്കി പ്രഖ്യാപിച്ചു. ആ വീട്ടിലെ സ്വന്തം മക്കളുടെ പദവിയിലേക്കവളെ വാഴ്ത്തി നിര്‍ത്തി. നടന്നതൊന്നും പൂര്‍ത്തിയില്‍ അഴിഞ്ഞുകിട്ടാതെ ആ പെണ്‍കിടാവ് അപ്പോഴും പരുങ്ങി നടന്നു.
വെറുതെയല്ല, അറേബ്യയിലെ സാധുമനുഷ്യര്‍ പ്രവാചകനു ചുറ്റും ഇങ്ങനെ ഒത്തുനിന്നത്. എത്രയേറെ കൃത്യാന്തരങ്ങളുള്ള ഒരാളാണീ പ്രവാചകന്‍. അദ്ദേഹം ദേശവാഴിയാണ്. തന്റെ ഉത്തരവുകളാണാ നാട്ടുകാര്‍ ശാസനകളായി സ്വീകരിക്കുന്നത്. എന്നിട്ടും എത്ര വിമലമാണാ മാനസം. എത്ര വിനീതമായാണദ്ദേഹം ഒരു സാധു അടിമപ്പെണ്‍കിടാവിന്റെ വ്യക്തിപരമായ സങ്കടത്തിന്റെ പിന്നാലെ സഞ്ചരിച്ചു പോയത്! ഈ സഞ്ചാരം കൂടിയാണ് ഇസ്‌ലാമിക ജീവിതം.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top