1
ഞാന്‍ സ്നേഹവും
അയാള്‍ വെറുപ്പുമായിരുന്നു
അയാളെന്നെ വെറുക്കാനും
ഞാനയാളെ സ്നേഹിക്കാനും
പഠിപ്പിച്ചു
വിഡ്ഢിയായിരിക്കണം അയാള്‍
സ്നേഹം പഠിച്ചില്ല
ഞാനോ മനോഹരമാം വിധം
വെറുക്കാന്‍ പഠിച്ചെടുത്തു
2
തീവണ്ടിപ്പാലത്തിന്റെ
മൂലക്ക് കിടന്ന
അവളുടെ കൈപ്പത്തി
ഞാന്‍
പൊതിഞ്ഞെടുത്തു
പോലീസ് വന്ന്
എല്ലാം കൊണ്ടുപോയപ്പോ
കൈപ്പത്തി മാത്രം കിട്ടിയില്ല
അന്ന് രാത്രി ഞാന്‍
അവളുടെ വിരലുകളില്‍
നെയില്‍ പോളിഷ് ഇട്ടു കൊടുത്തു
എനിക്കിഷ്ടമുള്ള നിറം തന്നെ
എനിക്കിഷ്ടമുള്ളത് പോലെ
ജീവിക്കാന്‍ വയ്യാത്തതിനാല്‍
ചത്തവളുടെ വിരലുകളില്‍
എനിക്കിഷ്ടമുള്ള
നിറവും കണ്ടു ഞാന്‍
സ്വസ്ഥമായിട്ടുറങ്ങി
3
ലൈവില്‍ വന്ന് അനുവാദം
ചോദിച്ചാണവന്‍
തൂങ്ങിമരിക്കാന്‍
കയറിട്ടത്
പോക്സോ കേസിലെ
പ്രതി പോയി
ചാവട്ടെയെന്ന് ആളുകള്‍
പ്രോത്സാഹനം രേഖപ്പെടുത്തി
പിറ്റേന്ന് അവന്റെ
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിന്
അരമണിക്കൂര്‍ മുന്‍പേ
ഡി.എന്‍.എ ടെസ്റ്റ്
റിസള്‍ട്ട് വന്നിരുന്നു
4
പ്രേമം തുടങ്ങുമ്പോ അവള്
കരാര്‍ വാങ്ങിച്ചു
എന്നെങ്കിലും പിരിഞ്ഞാല്‍
മുഖത്ത് ആസിഡ് ഒഴിക്കരുത്
പിരിഞ്ഞപ്പോള്‍ അവന് കരാര്‍
പാലിച്ചു
അവളെ തട്ടി തെറിപ്പിച്ച കാര്‍
മരത്തില്‍ കൊണ്ടിടിച്ചാണ്
അവനും മരിച്ചത്
5
ഭാര്യ ഒളിച്ചോടി പോകുമ്പോ
എല്ലാം കൊണ്ടുപോയി
അലമാര ഒഴിഞ്ഞു കിടന്നു
അയാളോടിച്ചെന്ന്
കട്ടിലില്‍ നോക്കി
ഭാഗ്യം
മക്കളെ കൊണ്ടുപോയിട്ടില്ല