സമയമാണ് ജീവിതം

സെയ്തലവി വിളയൂര്‍ No image

മനുഷ്യന് ലഭിച്ച അനുഗ്രഹങ്ങളില്‍ വിലമതിക്കാനാവാത്തതാണ് സമയം. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ വീണ്ടെടുക്കാനാവില്ല. നിശ്ചിത സ്റ്റോപ്പുകളോ ഇടത്താവളങ്ങളോ ഇല്ലാത്ത നിരന്തര യാത്രയാണ് സമയത്തിന്റേത്. പിന്നിട്ട വഴികള്‍ പിന്നിട്ടതു തന്നെ. പിന്നെയൊരു തിരിച്ച് നടത്തം സാധ്യമല്ല. എത്ര പെട്ടെന്നാണ് ഇടങ്ങള്‍ താണ്ടി അത് മുന്നോട്ടു കുതിക്കുന്നത്. അടര്‍ന്നു വീഴുന്ന ഓരോ ദിനവും നമ്മുടെ ആയുസ്സിന്റെ കണക്കു പുസ്തകത്തിലെ വിലപ്പെട്ട ഏടുകളാണെന്ന് ചിന്തിക്കുമ്പോഴാണ് സമയത്തെക്കുറിച്ച് നമ്മില്‍ ആധി പടരുക.
ജീവിത നെട്ടോട്ടത്തിനിടയില്‍ സമയത്തിന്റെ വില പലപ്പോഴും അനുഭവിച്ചറിഞ്ഞവരാവും നമ്മള്‍. നിര്‍ണായകമായ ഒരു യാത്രയില്‍ നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ നമുക്ക് പോകേണ്ട വാഹനം നഷ്ടപ്പെട്ടു പോയിട്ടുണ്ടായിരിക്കാം. അന്നേരം നാം അനുഭവിക്കുന്ന നിസ്സഹായത എന്തുമാത്രമായിരിക്കും? വാഹനം നഷ്ടപ്പെടുത്തിയ ആ അര നിമിഷത്തെ എത്ര കണ്ട് പഴി പറഞ്ഞിട്ടുണ്ടാവും. തലനാരിഴക്ക് രക്ഷപ്പെടുകയോ അപകടപ്പെടുകയോ ചെയ്യുമ്പോഴും വിധി മാറ്റിയെഴുതിയ ആ കുറഞ്ഞ നിമിഷത്തെക്കുറിച്ചാണ് നമുക്ക് വേവലാതിയുാവുക. സെക്കന്റിന്റെ നൂറിലൊരംശത്തില്‍ കൈവിട്ടു പോകുന്ന ചില വിജയങ്ങളുണ്ട്. വിജയം തെന്നിമാറിപ്പോയവനോട് ചോദിക്കണം സമയത്തിന്റെ വിലയെന്തെന്ന്. 
സമയത്തെക്കുറിച്ച ബോധം ജീവിതത്തെ സംബന്ധിച്ച ജാഗ്രതയാണ്. സമയം പാഴാക്കുക എന്നാല്‍ ജീവിതം പാഴാക്കുക എന്നാണ് അര്‍ഥം. 'നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നുവോ? എങ്കില്‍ സമയം പാഴാക്കാതിരിക്കുക. അതാണ് ജീവിതത്തിന്റെ മൂലധനം' - എന്ന് ബെഞ്ചമിന്‍ ഫ്രാങ്കഌന്‍. സമയത്തെ എങ്ങനെ സമീപിക്കുന്നു എന്നതിന് അനുസരിച്ചാണ് ഒരാളുടെ ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടുക. സമയത്തെ ഫലപ്രദമായും ക്രിയാത്മകമായും  വിനിയോഗിക്കുന്നവര്‍ വിജയിക്കും. അല്ലാത്തവര്‍ പരാജയം രുചിക്കും. സമയത്തിന്റെ സമര്‍ത്ഥമായ ഉപയോഗം ജീവിത വിജയത്തിന്റെ അടിസ്ഥാന ശിലയായി കരുതി നമ്മുടെ പ്രവര്‍ത്തനങ്ങളും ചിന്തകളും ചിട്ടപ്പെടുത്തണം. അപ്പോള്‍ മാത്രമാണ് ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കരസ്ഥമാക്കാനും ഉന്നത പദവികളില്‍ എത്തിപ്പെടാനും സാധ്യമാകൂ. ഹൃസ്വമായ മനുഷ്യായുസ്സില്‍ ദിനചര്യകള്‍ കഴിഞ്ഞാല്‍ നമുക്ക് ലഭിക്കുന്ന സമയം പിന്നെയും ഹൃസ്വമാണ്. ഒരു ദിവസത്തെ ഇരുപത്തിനാല് മണിക്കൂറില്‍ 7-8 മണിക്കൂര്‍ ഉറക്കത്തിന് വേണം. 8 മണിക്കൂറെങ്കിലും ജീവിത സന്ധാരണത്തിന്. ഒന്നോ രണ്ടോ മണിക്കൂര്‍ പ്രാഥമികാവശ്യങ്ങള്‍ക്കും മറ്റും. ഇതെല്ലാം കഴിച്ച് ബാക്കി കിട്ടുന്ന സമയം തുലോം കുറവ്. ഇതെല്ലാം കഴിച്ച് കണക്കു കൂട്ടിയാല്‍ ജീവിതം മൂന്നില്‍ രണ്ടായെങ്കിലും ചുരുങ്ങും. അപ്പോള്‍ അത്യാവശ്യങ്ങള്‍ കഴിഞ്ഞു ബാക്കിയാവുന്ന ചുരുങ്ങിയ സമയം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഒരാളുടെ ജീവിത വിജയം.
ലഭ്യമാകുന്ന കുറഞ്ഞ സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നത് മാത്രമാണ് വിജയം ആഗ്രഹിക്കുന്നവരുടെ മുന്നിലെ ഏക പോംവഴി. കൃത്യമായ ആസൂത്രണം, ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികളിലെ മുന്‍ഗണനാ ക്രമം, അടുക്കും ചിട്ടയും, ഒരു പ്രവൃത്തി ചെയ്യുന്നതിലെ കാര്യക്ഷമത, ജീവിത ശൈലിയുടെ ക്രമീകരണം... ഇവയെല്ലാം സമയനഷ്ടം ഒഴിവാക്കാനും ഉള്ള സമയം ഫലപ്രദമാക്കാനും സഹായകമാകും. ഒന്നും നാളേക്കായി മാറ്റിവെക്കാതിരിക്കുക എന്നതാണ് പ്രധാനം. സമയം നന്നല്ല എന്നു കരുതി നീട്ടിവെക്കുമ്പോള്‍ സമയത്തിനല്ല നമുക്കാണ് പ്രശ്‌നം എന്ന് മറക്കാതിരിക്കുക. നീട്ടിവെക്കുക എന്നത് ആലസ്യത്തിന്റെ ലക്ഷണമാണ്. സമയോചിതമായ ഇടപെടലുകളാണ് നഷ്ടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ നമ്മെ സഹായിക്കുക. ആലസ്യം ഒഴികഴിവുകള്‍ പ്രവൃത്തികള്‍ മാറ്റിവെക്കുവാന്‍ നിരന്തരം നമ്മെ പ്രേരിപ്പിക്കും. അതിനാല്‍ അലസതക്ക് അടിമപ്പെട്ടു പോവാതെ സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള ജാഗ്രത എപ്പോഴും നമ്മിലുണ്ടാവണം.
സമയത്തെ കൃത്യമായും ഫലപ്രദമായും വിനിയോഗിച്ചവരാണ് ലോകത്ത് ചരിത്രം സൃഷ്ടിച്ചത്. സമയ ബോധമില്ലാത്തവര്‍ ഔന്നിത്യത്തിന്റെ പടവുകള്‍ കയറിയതായി കാണാനാവില്ല. വിജയ പദത്തിലേറിയവരെ പഠിച്ചു നോക്കുക. സമയബോധം എത്രമാത്രം അവരുടെ ജീവിതത്തെ സ്വാധീനിച്ചുവെന്ന് കണ്ടെത്താനാവും. സര്‍ എം. വിശ്വേശരയ്യ ഒരാളെ കാണാന്‍ മൂന്നര മണിക്ക് നിശ്ചയിച്ചിരുന്നുവത്രെ. അയാള്‍ 3.35-നാണ് വിശ്വേശരയ്യയുടെ വീട്ടിലെത്തിച്ചേര്‍ന്നത്. കണ്ട പാടെ വിശ്വേശരയ്യ പറഞ്ഞുവത്രെ. 'സുഹൃത്തേ, എന്റെ അഞ്ചു മിനിട്ട് നിങ്ങള്‍ അപഹരിച്ചുവല്ലോ?' ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഒരു ദിവസം പതിനെട്ട് മണിക്കൂര്‍ ജാഗ്രതയോടെ ഉണര്‍ന്നിരുന്ന നേതാവായിരുന്നു.
തിരക്കിന്റെ ലോകത്താണ് നാം. ആരോടു ചോദിച്ചാലും ബിസിയെന്ന മറുപടിയാണ്. മറ്റു പലതിനെയുമെന്ന പോലെ ബിസിയും സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുന്നു. സത്യത്തില്‍ പലരും തിരക്ക് അഭിനയിക്കുകയോ വെറുതെ തിരക്കു കൂട്ടുകയോ മാത്രമാണ്. പ്രത്യേകിച്ച് പരിപാടികളൊന്നുമില്ലാത്തവരാണ് ബിസി പറയുന്നവരില്‍ മിക്കവരും. ക്രിയാത്മകമായി സമയം വിനിയോഗിക്കുന്നവര്‍ക്ക് സമയമില്ലെന്ന പരാതി ഉണ്ടെങ്കില്‍ തന്നെ പരാതി പറയാനുള്ള സമയമുണ്ടാവില്ല. മൊബൈല്‍ ഫോണിലും സാമൂഹിക മാധ്യമങ്ങളിലും വെറുതെ സമയം കൊല്ലുന്നവര്‍ക്ക് സമയത്തിന്റെ വിലയറിയില്ല. പരാതി പറയുന്നവരില്‍ മഹാഭൂരിഭാഗവും ഇത്തരക്കാരാവും. എല്ലാവര്‍ക്കും ദിവസത്തില്‍ ഇരുപത്തിനാല് മണിക്കൂര്‍ തികച്ചുമു്. ഉള്ള സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തി ചിലര്‍ മഹത്വം നേടിയെടുക്കുന്നു. മറ്റു ചിലര്‍ സമയം കളഞ്ഞു കുളിച്ച് അധമത്വത്തിലേക്ക് വഴുതി വീഴുന്നു.
ബുദ്ധിമാന്മാര്‍ ഒരിക്കലും സമയം നഷ്ടപ്പെടുത്തുകയില്ല. അത് തിരിച്ചു കിട്ടാത്ത അമൂല്യ നിധിയാണെന്ന് അവര്‍ക്കറിയാം. 'നഷ്ടപ്പെട്ട സമ്പത്ത് കഠിനാധ്വാനത്തിലൂടെ തിരിച്ചെടുക്കാം. നഷ്ടപ്പെട്ട വിജ്ഞാനം പഠനത്തിലൂടെ നേടിയെടുക്കാം. നഷ്ടപ്പെട്ട ആരോഗ്യം ചികിത്സ കൊണ്ട് തിരിച്ചുപിടിക്കാം. എന്നാല്‍ നഷ്ടപ്പെട്ട സമയം എന്നെന്നേക്കുമായി നഷ്ടപ്പെട്ടതാണ്' - സാമുവല്‍ സ്‌മൈല്‍സിന്റേതാണീ വാക്കുകള്‍. ഓരോ ദിവസവും നമ്മള്‍ പാഴാക്കിക്കളയുന്ന സമയം കണക്കു കൂട്ടിയാല്‍ അത്ഭുതപ്പെട്ടു പോകും. വിക്ടര്‍ ഹ്യൂഗോ പറയുന്നു: 'ജീവിതം ഹൃസ്വമാണ്. അശ്രദ്ധരായി സമയം ചെലവഴിച്ച് നാം അതിനെ പിന്നെയും ഹൃസ്വമാക്കുന്നു.' 
എത്ര ഉദ്‌ബോധനങ്ങള്‍ ലഭിച്ചാലും സമയത്തിന്റെ വില മനസ്സിലാക്കാത്തവരുണ്ട്. ജീവിതത്തിന്റെ അന്ത്യ നിമിഷങ്ങളിലേ അതവര്‍ക്ക് തിരിച്ചറിയാനാവൂ. വിശ്വ വിജയിയായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി സമയത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധവാനായത് മരണശയ്യയില്‍ കിടക്കുമ്പോഴാണ്. 'എനിക്ക് ഒരു ശ്വാസമെങ്കിലും നല്‍കാന്‍ ആരെങ്കിലും തയാറുള്ള പക്ഷം എന്റെ രാജ്യത്തിന്റെ പാതി അയാള്‍ക്ക് നല്‍കാന്‍ ഞാന്‍ തയാറാണ്. രാജ്യങ്ങളും സമ്പത്തും വെട്ടിപ്പിടിക്കാനായി ഞാന്‍ വിലയേറിയ സമയവും ആരോഗ്യവും പാഴാക്കി. എന്നാല്‍ എന്റെ സകല സ്വത്തും ചെലവഴിച്ചാലും മരണത്തെ ഒരു നിമിഷത്തേക്ക് മാറ്റിവെക്കാന്‍ കഴിയില്ല എന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.' നാം നമ്മുടെ സമയ വിനിയോഗത്തെ സംബന്ധിച്ച് ആത്മവിചാരണക്ക് തയാറാവണം. ബാക്കിയുള്ള ജീവിതമെങ്കിലും പാഴാക്കിക്കളയാതിരിക്കുമല്ലോ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top