കേട്ടുവോ തന്‍ഹയെ

ബിശാറ മുജീബ്‌ No image

ച്ചക്ക് ചോറ് തിന്ന് കൈകഴുകാന്‍ പോകുമ്പോഴാണ് കരീംമാഷ് വിളിച്ചത്. പടച്ചോനേ ഇതെന്തിനാന്ന് വിചാരിച്ച് പേടിച്ചാണ് അങ്ങോട്ട് ചെന്നത്. 'നിനക്ക് പഞ്ചായത്ത് പരിപാടിയില്‍ ഒന്നാം സ്ഥാനം കിട്ടിയ ആംഗ്യപ്പാട്ട് ഇവര്‍ക്കൊന്ന് കാണിച്ചുകൊടുക്ക്.' യാതൊരു സങ്കോചവുമില്ലാതെ ചെന്നു കളിച്ചു കൊടുത്തു.
കാരയാട് സ്‌കൂളിനുവേണ്ടി മനീഷ് യാത്ര സംവിധാനം ചെയ്ത 'പറഞ്ഞില്ല കേട്ടുവോ' എന്ന ഷോര്‍ട്ട് ഫിലിമിലെ കേന്ദ്രകഥാപാത്രമായ മാളുവിനെ തെരയുന്നവര്‍ക്ക് മുന്നിലാണ് താന്‍ കെങ്കേമമായി ആടിപ്പാടുന്നതെന്ന് ഒന്നാം ക്ലാസ്സുകാരി തന്‍ഹ തബസ്സുമിന് അറിയില്ലായിരുന്നു. മൂന്നാം ക്ലാസ്സിലെയും നാലാം ക്ലാസ്സിലെയും കുട്ടികളെ മാത്രം പരിഗണിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം. അപ്പോഴാണ് കരീംമാഷ് തന്‍ഹയെയും കൊണ്ട് അവിടെയെത്തിയത്.
മനീഷ് കഥ പറഞ്ഞുകൊടുത്തപ്പോള്‍ തന്നെ അവള്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ടു. അവളുടെ ടാലന്റ് അപ്പോള്‍ തന്നെ മനസ്സിലായെങ്കിലും ഓരോ സീനിലും ചെറിയകുട്ടിയല്ലേ എന്നുകരുതി വീണ്ടും വീണ്ടും ആക്ഷന്‍ കാണിച്ചുകൊടുത്തു. ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞുകൊടുത്തപ്പോഴാണ് കാര്യങ്ങള്‍ എളുപ്പമായത്. അവള്‍ സ്വന്തം ശൈലിയില്‍ ഭംഗിയായി അഭിനയിച്ചുകാണിക്കും. ക്യാമറാമാന്‍ പ്രമോദ് ബാബു രംഗം കഴിഞ്ഞാലും കാമറ ഓഫാക്കുകയില്ല. കാരണം 'കട്ട്' പറഞ്ഞാലും തന്‍ഹ അതേ മൂഡില്‍ തന്നെയായിരിക്കും. ഒരു സീനും മാറ്റി ചെയ്യിക്കേണ്ടതായി വന്നിട്ടില്ല. ഡബ്ബിംഗ് സമയത്ത് മറ്റു കുട്ടികള്‍ക്ക് വേണ്ടി വീണ്ടും സമയം ഉപയോഗപ്പെടുത്തുമ്പോള്‍ തന്‍ഹക്ക് അത് വേണ്ടി വന്നില്ല. കുട്ടികള്‍ സംസാരിക്കുന്നതിനിടക്ക് അവള്‍ കോട്ടുവാ വരുത്തുന്നതും ഓഫീസ്‌റൂമില്‍ സാറിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ വള കടിക്കുന്നതുമൊന്നും മറ്റാരും അവള്‍ക്ക് പറഞ്ഞ് കൊടുത്തതല്ല.
മൂന്ന് കുട്ടികള്‍ക്ക് വഴിയില്‍ നിന്ന് വീണുകിട്ടുന്ന മൊബൈലിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് 'പറഞ്ഞില്ല, കേട്ടുവോ.' മൊബൈല്‍ അവര്‍ മലമുകളിലെ ഒറ്റമരത്തിന്റെ ചുവട്ടിലൊളിപ്പിച്ചു വെക്കുകയും പിറ്റേന്ന് സാറിനെ ഏല്‍പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മൊബൈല്‍ നോക്കി ചിത്രം വരക്കാന്‍ അത് വീട്ടിലേക്കെടുക്കുന്ന മാളു കവിയും കുടിയനുമായ അച്ഛന്റെ പ്രശ്‌നങ്ങള്‍ മൊബൈല്‍മാമനെ വിളിച്ചറിയിച്ച കഥയറിഞ്ഞപ്പോള്‍ ഒരു കാര്യവും സ്‌നേഹനിധിയായ ബാപ്പച്ചിയുടെ നിയന്ത്രണത്തിലല്ലാതെ ചെയ്യാന്‍ കഴിയാത്ത നൂറുവും വീട്ടിലൊരു നൂറുകൂട്ടം പ്രശ്‌നങ്ങളുള്ള അപ്പുവും മാമനെ വിളിക്കാനൊരുങ്ങുമ്പോഴാണ് അദ്ധ്യാപകന്‍ ഫോണ്‍ പിടിച്ചെടുക്കുന്നത്. ഉപയോഗശൂന്യമായ ഒരു ചൈനീസ് ഫോണാണതെന്നറിഞ്ഞ സാര്‍ ദൂരേക്കെറിഞ്ഞ ഫോണ്‍ മറ്റുകുട്ടികള്‍ക്ക് കിട്ടുകയും അവരത് ഒളിപ്പിച്ചുവെക്കാന്‍ മാളുവും കൂട്ടരും തെരഞ്ഞെടുത്ത അതേ സ്ഥാനം കണ്ടെത്തുകയും ചെയ്യുന്നതോടെയാണ് കഥ അവസാനിക്കുന്നത്.
അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിനാണ് പോയവര്‍ഷം പ്രൈമറി തലത്തില്‍ കുട്ടികള്‍ക്കുവേണ്ടി നിര്‍മിക്കപ്പെട്ട ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത്. എറണാകുളം 'സൈന്റ്'ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത് മാളുവിനായിരുന്നു. അവാര്‍ഡ് നല്‍കിക്കൊണ്ട് നടന്‍ സലിംകുമാര്‍ അവളുടെ സ്വതവേയുള്ള കഴിവിനെ നന്നായി പ്രശംസിച്ചിരുന്നു.
ഷൂട്ടിംഗ് നടക്കുമ്പോള്‍ അഞ്ചുവയസ്സുകാരി ചോദിച്ചത്, 'എന്നെക്കൊണ്ട് മാത്രമെന്താ ഇങ്ങനെ കുറെ ചെയ്യിക്കുന്നത്. ബാക്കി അവരെക്കൊണ്ടായിക്കൂടേ. എനിക്കൊന്ന് കളിക്കാന്‍ പോവാനാ...' എന്നായിരുന്നു. കാരയാട് എല്‍.പി സ്‌കൂള്‍ അദ്ധ്യാപകനായ ശിംലാല്‍ ഷൂട്ടിംഗ് സമയത്തെ കുട്ടികളുടെ നിഷ്‌കളങ്കമായ രസങ്ങള്‍ ഓര്‍ക്കുന്നു. സിനിമ വിജയിക്കാന്‍ തന്നെ കാരണം ഈ പൊടിപ്രായക്കാരിയാണെന്നാണ് സാറിന്റെ അഭിപ്രായം. അവളുടെ കുടുംബത്തിന്റെ സഹകരണം എടുത്തുപറയേണ്ടതാണ്. രാത്രിയോ പകലോ വ്യത്യാസമില്ലാതെ എപ്പോള്‍ എവിടെ വേണമെങ്കിലും കുട്ടിയുമായെത്താന്‍ അവര്‍ സന്നദ്ധരായിരുന്നു. വല്യുപ്പയും വല്യുമ്മയും വരെ മകളോടൊപ്പമെത്താറുണ്ട്. ഇപ്പോള്‍ കുറ്റിയാടി എം.ഐ.യു.പി. സ്‌കൂളില്‍ പഠിക്കുന്ന തന്‍ഹ ഒരു വര്‍ഷം ഉമ്മയുടെ വീട്ടില്‍ നിന്നതുകൊണ്ടാണ് കാരയാട് സ്‌കൂളിലെത്തിയത്.
ഓരോ മാസത്തിലും വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂളില്‍ സംഘടിപ്പിച്ചിരുന്ന പരിപാടികളില്‍ മികച്ച പ്രകടനം നടത്താറുണ്ടായിരുന്ന തന്‍ഹ എന്തു പണികൊടുത്താലും അത് പൂര്‍ത്തീകരിക്കാന്‍ മിടുക്കിയാണ്. മറ്റുകുട്ടികളെ അനുകരിക്കുന്നതിലും സംഭാഷണങ്ങളിലും ഭാവാഭിനയങ്ങളിലും അവളുടെ സാന്നിധ്യം മറ്റു കുട്ടികള്‍ക്ക് ഹരമായിരുന്നു. ടീച്ചര്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ക്ലാസ്സില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് തന്‍ഹയെ ഏല്‍പ്പിക്കും. അവളവരെ ഭംഗിയായി നിയന്ത്രിക്കും. ക്ലാസ്സിലെ പ്രശ്‌നക്കാരെ കൈകാര്യം ചെയ്യാന്‍ പ്രത്യേക മിടുക്കാണവള്‍ക്ക്. ജസ്‌ന ടീച്ചര്‍ക്ക് ഒരിക്കലും കളവ് പറയാത്ത അവളെ നല്ല മതിപ്പാണ്.
തന്‍ഹയുടെ ഉപ്പ ശഫീക്കിനും ഉമ്മ റംലക്കും മകളെ കുറിച്ച് ഏറെ അഭിമാനിക്കാനുണ്ട്. കുറ്റിയാടിയിലും പുറത്തുമായി മകള്‍ക്കു വേണ്ടി സംഘടിപ്പിച്ച സ്വീകരണ പരിപാടികള്‍ ഒട്ടേറെയാണ്. ആദ്യമായി മകളെ ക്യാമറക്ക് മുമ്പിലേക്ക് നിര്‍ത്തുമ്പോള്‍ ഉപ്പക്കുള്ള പേടിപോലും മകള്‍ക്കുണ്ടായിരുന്നില്ല. അവള്‍ക്കു വേണ്ടി വാങ്ങിയ നോട്ട്ബുക്കുകള്‍ക്ക് കണക്കില്ല. ഓരോ പേജിലും കഥയും സംഭാഷണവും ചിത്രങ്ങളുമായി പുസ്തകം പെട്ടെന്ന് തീരും. അനിയത്തി തമന്നയും പ്രിയപ്പെട്ട ഷംന ഇന്നൂച്ചിയും വീടിനടുത്ത പുഴയും ട്രെയിന്‍യാത്രയുമെല്ലാം അവളുടെ താളുകള്‍ നിറച്ചു. |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top