മുസ്‌ലിം മഹിളാ ആന്ദോളന്‍

സകിയ സോമന്‍/ഫൗസിയ ഷംസ്‌ No image

˜മുസ്‌ലിം മഹിളാ ആന്ദോളന്‍ എന്ന സംഘടന രൂപീകരിക്കാനുണ്ടായ പശ്ചാത്തലമെന്താണ്?
മുസ്‌ലിം മഹിളാ ആന്ദോളന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. മുസ്‌ലിംസ്ത്രീയുടെ ഉന്നമനമാണ് അത് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇന്ത്യയിലെന്നപോലെ ലോകത്താക മാനവും കഴിഞ്ഞ ഒരു ദശവര്‍ഷത്തിനിടയില്‍ സ്ത്രീകളുടെ ഇടയില്‍ സാമൂഹികമായും സാംസ്‌കാരികമായും വലിയ മാറ്റം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന മുസ്‌ലിം സമൂഹം സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നാക്കാവസ്ഥയിലായിരുന്നു.
2002-ലെ ഗുജറാത്ത് കലാപത്തിന് ഇരയായവരെ സഹായിക്കാന്‍ എന്നോടൊപ്പം സേവനസന്നദ്ധരായ ഒരുപാട് പേര്‍ രംഗത്ത് വന്നിരുന്നു. ഇരകളുമായി അടുത്തുപെരുമാറാന്‍ ഇത് വളരെയധികം സഹായിച്ചു. ഈ അടുപ്പം ഒടുവില്‍ ഞങ്ങളെ സുഹൃത്തുക്കളാക്കി. ഈ കൂട്ടായ്മ ഒരുവര്‍ഷത്തിനു ശേഷം ഞങ്ങളില്‍ പുതിയൊരു ആശയം ജനിപ്പിച്ചു. ഇത് ദേശീയതലത്തില്‍ സംഘ ടിപ്പിക്കണമെന്ന് ഞങ്ങള്‍ ചിന്തിച്ചു. അതുവരെ ഓരോരു ത്തരും തങ്ങളാല്‍ കഴിയുന്ന സഹായം അവരവരുടെ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുകയായിരുന്നു. ദേശീയതലത്തില്‍ ഒരു വേദി ലഭിച്ചാല്‍ ഞങ്ങളെല്ലാ വരുടെയും ശബ്ദം ഉറക്കെ കേള്‍പ്പിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കി. അങ്ങനെയാണ് 'മുസ്‌ലിം മഹിളാ ആന്ദോളന്‍' എന്ന സംഘടനയുടെ പിറവി. സംഘടനയുടെ പേരിനു വേണ്ടി ഞങ്ങള്‍ വളരെയധികം ആലോചിച്ചിരുന്നു. മുസ്‌ലിംസ്ത്രീകള്‍ നേരിടുന്ന അന്യായങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താനും അവരുടെ സ്വാതന്ത്ര്യങ്ങള്‍ക്കുവേണ്ടി പോരാടാനും അവരെ പ്രാപ്തിയുള്ളവരാക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ 2007 ജനുവരിയില്‍ മുസ്‌ലിം മഹിളാ ആന്തോളന്‍ രൂപവത്കരിച്ചു. ഇതിലെ അംഗങ്ങള്‍ അധികപേരും പാവപ്പെട്ടവരും വീട്ടുജോലിക്കാരുമാണ്. ഇന്ത്യയിലെ പതിനഞ്ചോളം സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിന് പേര്‍ ഇതില്‍ അംഗങ്ങളാണ്.
˜ ഒരു സമുദായം എന്ന നിലയില്‍ എന്താണ് ഗുജറാത്തിലെ മുസ്‌ലിംകളുടെ അവസ്ഥ? പ്രത്യേകിച്ച് സ്ത്രീകളുടെ?
ഗുജറാത്തിലെ മുസ്‌ലിം ജനസംഖ്യ എട്ടര ശതമാനത്തോളം വരും. അവിടുത്തെ പ്രധാന സമുദായാംഗംങ്ങള്‍ ബോറ, ഇസ്മായീലീസ,് മന്‍സൂരി എന്നീ വിഭാഗക്കാരാണ്. ഇതില്‍ ബോറാമാരും ഇസ്മായീലികളും സ്വയംതൊഴിലും കുലത്തൊഴിലും ചെയ്യുന്നവരാണ്. മന്‍സൂരികള്‍ പാരമ്പര്യമായി കോട്ടന്‍ നെയ്ത്തുകാരാണ്. ജുലഹാ അന്‍സാരി സമുദായത്തിന് തുല്യരാണ് ഇവര്‍. ഇവരെല്ലാം പിന്നോക്കവിഭാഗമാണ്. സയ്യിദുമാരും ഷെയ്ക്കുമാരുമുണ്ട്. അവരിലും കൂടുതല്‍ പേര്‍ പിന്നാക്കമാണ്. അവരെല്ലാം ധൈര്യശാലികളാണ്. ഗവണ്‍മെന്റിന്റെ യാതൊരുവിധ സഹകരണവും ഇല്ലാഞ്ഞിട്ടും വര്‍ഗീയത നിലനില്‍ക്കുമ്പോഴും അവര്‍ മാന്യമായ ജീവിതം നെയ്‌തെടുക്കുന്നു. അവരിലെ സ്ത്രീകളും അങ്ങനെത്തന്നെ. അസംഘടിത മേഖലയില്‍ ദിവസക്കൂലിക്കാരായാണ് ജോലിചെയ്യുന്നത്.
ജാതിസമ്പ്രദായം ഇസ്‌ലാമില്‍ ഇല്ല. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ അത് മുസ്‌ലിംകള്‍ക്കിടയിലുണ്ട്. യു.പി, ബീഹാര്‍ എന്നിവിടങ്ങളില്‍ തൊട്ടുകൂടായ്മ വരെയുണ്ട്. അവിടെ മുസ്‌ലിംകള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം പോലും കഴിക്കാറില്ല. ഓരോരുത്തരും സ്വയം ഉന്നതരാണെന്ന് കരുതും. മറ്റുള്ളവര്‍ താഴെക്കിടയിലുള്ളവരാണെന്നും. താഴ്ന്ന ജാതിയില്‍ പെട്ടവനെന്ന് പറയുന്ന മുസ്‌ലിം മരിച്ചാല്‍ അവനെ മറമാടാന്‍ ഒരു ഖബറിടം കിട്ടാന്‍ പ്രയാസമാണ്. ഇതറിഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ സ്തംഭിച്ചുപോയി. ഒരുപാട് മുസ്‌ലിംസ്ത്രീകളെ അറിയാം; ദിവസക്കൂലിയെ ആശ്രയിച്ചാണ് അവര്‍ ജീവിക്കുന്നത്. അതില്‍നിന്ന് കിട്ടുന്ന വേതനം പതിനഞ്ച് -ഇരുപത് രൂപ മാത്രമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, മുസ്‌ലിം സ്ത്രീ ജോലി ചെയ്യുന്നില്ല എന്നല്ല, രാപ്പകല്‍ ഭേദമന്യേ ജോലിചെയ്തിട്ടാണ് ഈ പത്തും ഇരുപതും ഉറുപ്പിക സമ്പാദിക്കുന്നത് എന്നാണ്. വിദ്യാഭ്യാസത്തിന്റെ പോരായ്മയും സാമ്പത്തിക ഭദ്രതയുടെ അഭാവവും ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കിട്ടാത്തതിന്റെയും പ്രശ്‌നമാണിത്.
˜ സ്ത്രീകളുടെ പിന്നാക്കാവസ്ഥക്ക് കാരണം ഗവണ്‍മെന്റ് നയമാണോ, അതല്ല മറ്റുവല്ലതും...?
എന്റെ വീക്ഷണത്തില്‍ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണം രണ്ട് കാര്യങ്ങളാണ്- നമ്മുടെ സമുദായവും ഇവിടുത്തെ ഗവണ്‍മെന്റും.
പെണ്‍കുട്ടിയെ പഠിക്കാന്‍ അനുവദിക്കുക, അതിനായി അവളെ പുറത്തേക്ക് അയക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടാത്ത കാര്യങ്ങളാണ്. ഇക്കാര്യങ്ങളില്‍ ഗവണ്‍മെന്റും ആത്മാര്‍ഥമായ സമീപനം കാണിക്കാറില്ല. സമുദായവും വലിയൊരളവ് വരെ ഇക്കാര്യത്തില്‍ കാരണക്കാരാണ്. തെക്കെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളൊഴിച്ച് ഇന്ത്യ മൊത്തമായി നോക്കുകയാണെങ്കില്‍ നമുക്കിത് മനസ്സിലാക്കാന്‍ പറ്റും. സാമൂഹ്യമായി ഉന്നതി പ്രാപിക്കണമെങ്കില്‍ വിദ്യാഭ്യാസം അനിവാര്യമാണ്. നമ്മള്‍ പലപ്പോഴും അതിന് പ്രാധാന്യം കൊടുക്കാറില്ല. വിദ്യാഭ്യാസം നേടിയ സ്ത്രീക്ക് മാത്രമേ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയൂ. എന്നാല്‍ യോഗ്യനായ ഒരു വരനെ എത്രയും വേഗം തേടിപ്പിടിച്ച് കൊടുക്കുന്നതിലാണ് നമ്മള്‍ പ്രാധാന്യം കൊടുക്കുന്നത്. നേരത്തെയുള്ള വിവാഹം അവളുടെ കഴിവുകളെ മുളയിലേ നുള്ളിക്കളയുകയാണ്. കുടുംബഭാരം മുഴുവന്‍ ചെറുപ്രായത്തിലേ അവളുടെ ചുമലിലാണ്. അക്ഷരാഭ്യാസമില്ലാത്തവള്‍ക്ക് തന്റെ കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ കഴിയില്ല. സമുദായവും ഗവണ്‍മെന്റും ഇക്കാര്യത്തില്‍ പരാജയപ്പെട്ടിട്ടുണ്ട്.
˜ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലിനു ശേഷം ഇരകള്‍ക്ക് ഏതെങ്കിലും തരത്തില്‍ നീതി കിട്ടിയോ?
സാധാരണയായി സര്‍ക്കാര്‍ സ്‌കൂളുകളും കെട്ടിടങ്ങളുമാണ് അഭയാര്‍ഥി ക്യാമ്പായി അനുവദിക്കാറ്. എന്നാല്‍ കലാപാനന്തരം അക്രമ ത്തിന് ഇരയാക്കപ്പെട്ടവര്‍ക്ക് അത്തരം റിലീഫ് ക്യാമ്പ് പോലും അനുവദിച്ചില്ല. പകരം ശ്മശാനങ്ങളിലാണ് അവരെ താമസിപ്പിച്ചത്. അവിടെപോലും ആവശ്യമായ ഭക്ഷണവും വസ്ത്രവും നല്‍കിയില്ല. നരകതുല്യമായ ജീവിതമായിരുന്നു ഇത്തരം ക്യാമ്പുകളില്‍. 2010-ന് ശേഷം പോലും ഇതിന്റെ ഇരകള്‍ക്ക് മതിയായ സംരക്ഷണവും, കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷയും കിട്ടിയില്ല. കുറ്റവാളികളില്‍ വളരെ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് സുപ്രീംകോടതിയുടെയും മതേതര വിശ്വാസികളുടെയും നിരന്തര ഇടപെടല്‍ മൂലം ശിക്ഷിക്കപ്പെട്ടത്. ഭൂരിപക്ഷവും പ്രതിപ്പട്ടികയില്‍ നിന്ന് പുറത്താണ്. ഇരകള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുകയാണ്. ശരിയായ രീതിയില്‍ ഗവണ്‍മെന്റില്‍ നിന്ന് എന്ത് ലഭിക്കണമോ അതിതുവരെ ലഭിച്ചിട്ടില്ല. കലാപത്തിന് ശേഷം ഗുജറാത്ത് പോലുള്ള സ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ രണ്ടാം തരക്കാരാണെന്ന് ഉറപ്പിക്കാന്‍ ഇതര സമുദായക്കാര്‍ക്ക് കഴിഞ്ഞു. കച്ചവടം ചെയ്യാനോ താമസിക്കാനോ കെട്ടിടങ്ങളും ഭൂമിയും നല്‍കാന്‍ ആരും തയ്യാറല്ല. മതേതരരായ അമുസ്‌ലിം സുഹൃത്തുക്കളുടെ പേരിലാണ് അവര്‍ ഇതൊക്കെ തരപ്പെടുത്താറ്.
˜ പല ഭാഗങ്ങളിലും ഉയര്‍ന്നു കേള്‍ക്കുന്നതാണ് ഗുജറാത്ത് മോഡല്‍ വികസനം. എന്താണ് അഭിപ്രായം?
1990-കളില്‍ ഗുജറാത്ത് ഇന്ത്യയിലെ ഉന്നത ശ്രേണിയിലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. ഓരോ വര്‍ഷം കഴിയുന്തോറും മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നാടിന്റെ പല ഭാഗങ്ങളിലും ചേരികള്‍ രൂപപ്പെട്ടുവരുന്നു. പ്രത്യേക വിഭാഗത്തെ അവഗണിച്ചുകൊണ്ട് എന്ത് വികസനം നടക്കാനാണ്? കോര്‍പറേറ്റുകളെ സഹായിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍. അവരാണ് മോഡിയെ പൊലിപ്പിച്ചു കാട്ടുന്നത്. ഗുജറാത്തിലെ റോഡുകളെ പറ്റി പറയുകയാണെങ്കില്‍ത്തന്നെ നമുക്കിത് മനസ്സിലാകും. ആദ്യമൊക്കെ ഗുജറാത്തിലെ റോഡുകള്‍ സുന്ദരമായി രുന്നു. ഇന്നിപ്പോള്‍ അവിടത്തെ റോഡുകള്‍ കേരള ത്തിലേതു പോലെയാണ്.
˜ ഇശ്‌റത്ത് ജഹാന്‍ കേസ് വഴിത്തിരിവിലെത്തുമെന്ന് പ്രതീക്ഷിക്കാം. അതുപോലെ മീഡിയ തിരസ്‌കരണം മൂലം ശ്രദ്ധിക്കപ്പെടാതെ പോയ വല്ലതും?
2006-2007 ഘട്ടത്തില്‍ 23 ഏറ്റുമുട്ടല്‍ കൊല പാതകങ്ങളെങ്കിലും നടന്നിട്ടുണ്ട്. മീഡിയ ഇതെല്ലാം ഗുജറാത്ത് പോലീസിന്റെ മിടുക്കായി പൊലി പ്പിച്ചുകാട്ടി. സംശയിച്ച് കൊല്ലപ്പെട്ടവരില്‍ പലരും പെറ്റികേസില്‍ ഉള്‍പ്പെട്ടവരോ നിരപരാധികളോ ആയിരുന്നു. പക്ഷേ ഇവരെയെല്ലാം നരേന്ദ്രമോഡിക്ക് ഭീഷണിയായിട്ടായിരുന്നു അവര്‍ കരുതിയത്. മുസ്‌ലിംകളെല്ലാം തീവ്രവാദികളാണെന്ന് പറയാനും നിലനിര്‍ത്താനും മീഡിയ വളരെയേറെ പണിപ്പെട്ടു. യഥാര്‍ഥത്തില്‍ അവര്‍ ഗുജറാത്തികളെ വിഡ്ഢികളാ ക്കുകയായിരുന്നു. ഇശ്‌റത്ത് ജഹാന്‍ നിരപരാധിയായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. കൊലചെയ്യപ്പെട്ട സ്ഥലത്തുനിന്ന് മാറി അവരെ കൊണ്ടിട്ടത് അഹമ്മദാബാദ് എയര്‍പോര്‍ട്ടിനടുത്തായിരുന്നു.
˜ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഈ സ്ത്രീകളെ കൊണ്ടുവരാന്‍ ഏതെങ്കിലും പദ്ധതികള്‍ മുന്നിലുണ്ടോ?
മുസ്‌ലിം മഹിളാ ആന്ദോളന്‍ എന്ന സംഘടന രൂപവത്കരിച്ചത് ഇത്തരം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം കണ്ടുകൊണ്ടാണ്. നമുക്ക് കൂടുതല്‍ സ്‌കൂളുകള്‍ വേണം. അവിടെ സ്ത്രീകളായ അധ്യാപകര്‍ വേണം. ഹോസ്റ്റലുകള്‍ സ്ഥാപിക്കണം. സ്‌കില്‍ വര്‍ക്കുകള്‍ അവരെ പഠിപ്പിക്കണം. ഖുര്‍ആനിന്റെ ഭാഗത്ത് നിന്ന് നാം സംസാരിക്കണം. അതിനപ്പുറം സ്ത്രീയുടെ അവകാശങ്ങള്‍ വകവെച്ച് തന്ന മറ്റൊന്നില്ല. മഹറിലൂടെ വിവാഹ അവകാശം ഉറപ്പുവരുത്തി. കടുത്ത നിയന്ത്രണങ്ങളോടെ മാത്രമാണ് ബഹുഭാര്യത്വം അനുവദിച്ചത്. സ്വത്ത് വാങ്ങാനും വില്‍ക്കാ നും കൈകാര്യം ചെയ്യാനുമുള്ള അവകാശം തന്നു. പക്ഷേ നമ്മള്‍ ഓരോരുത്തര്‍ക്കും ഖുര്‍ആനിനെ പറ്റി അഗാധജ്ഞാനം ഇല്ലാത്തതിനാല്‍ മുസ്‌ലിംസ്ത്രീ എല്ലാം സഹിക്കേണ്ടവളായി മാറുന്നു. അതിനു വേണ്ടത് മറ്റു മുസ്‌ലിം രാജ്യങ്ങളില്‍ (ഈജിപ്ത്, പാകിസ്ഥാന്‍, ഇറാഖ്, ഇറാന്‍) ചെയ്തതുപോലെ ഇസ്‌ലാമിക നിയമങ്ങളെ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കുകയാണ്. മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നവര്‍ അത് കാണിച്ചുകൊടുക്കണം. ഖുര്‍ആന്‍ അവതരണം നടന്നിട്ട് ആയിരത്തി നാനൂറ് വര്‍ഷമായിരിക്കുന്നു. പക്ഷേ സ്ത്രീ ഇന്ന് എല്ലാ രംഗത്തും പിന്നാക്കാവസ്ഥക്കും അപമാനവല്‍ക്കരണത്തിനും ഇരയാവുകയും ചെയ്യുന്നു, ഇത് നാണക്കേടാണ്.
മുസ്‌ലിംസ്ത്രീ കഴിവുള്ളവളാണ്. അവള്‍ക്ക് ലഭിക്കാത്തത് അവസരങ്ങളാണ്. അവള്‍ ഖുര്‍ആന്‍ പഠിക്കണം. ആധുനിക വിദ്യാഭ്യാസം നേടണം. എങ്കില്‍ വിദ്യാസമ്പന്നയാകാനും ബിസിനസ്സ് കൊണ്ടുനടത്താനും കുടുംബത്തെ നോക്കാനും അവളിലൂടെ ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കാനും കഴിയും.
˜ ഇവരെ ശാക്തീകരിക്കാനുള്ള എന്ത് പരിഹാരമാണ് നിര്‍ദേശിക്കാനുള്ളത്?
ഇതിന് പരിഹാരം സമുദായം ഇസ്‌ലാമിന്റെ യഥാര്‍ഥ ആശയങ്ങളിലേക്ക് മടങ്ങിവരണം എന്നതാണ്. ഇസ്‌ലാം സ്ത്രീക്കും പുരുഷനും സമൂഹത്തില്‍ തുല്യ അവകാശം നല്‍കുന്നുണ്ട്. മുസ്‌ലിംകള്‍തന്നെ ഇത് മനസ്സിലാക്കു ന്നില്ല. മുസ്‌ലിം പേഴ്‌സനല്‍ ലോബോര്‍ഡിന് ഇക്കാര്യത്തില്‍ പലതും ചെയ്യാന്‍ കഴിയും. പക്ഷേ, ഇന്ത്യയില്‍ ആയിരത്തിലധികം വരുന്ന എന്‍.ജി.ഒകള്‍ ഉണ്ട്. അത്തരത്തിലൊന്നായി മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ചുരുങ്ങിപ്പോവുകയാണ്. മുസ്‌ലിം സമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങളെ അത് മാനിക്കുന്നില്ല. വികാരപരമായ ഇഷ്യൂവിലാണ് അവരുടെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നത്. മുസ്‌ലിം സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങളായ വിദ്യാഭ്യാസത്തിന് അവര്‍ മുന്‍ഗണന നല്‍കണം. സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ അവസ്ഥകളെ സച്ചാര്‍ കമ്മിറ്റി വിലയിരുത്തിയത് നാം കാണണം. സ്ത്രീകളുടെ സാമ്പത്തിക വളര്‍ച്ചക്ക് വേണ്ടി പ്രയത്‌നിക്കണം. എന്തുകൊണ്ടാണ് അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ പേഴ്‌സനല്‍ ലോ ബോര്‍ഡ് മെനക്കെടാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
˜ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതില്‍ വളര്‍ന്ന ചുറ്റുപാടും അനുഭവങ്ങളും എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്?
എന്റെ ജന്മസ്ഥലം അഹമ്മദാബാദാണ്. നാഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ എന്ന സ്ഥാപനത്തിനടുത്തായിരുന്നു വീട്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു അത്. ഞാന്‍ വളര്‍ന്നത് ഹിന്ദു സുഹൃത്തു ക്കളുടെ കൂടെയാണ്. അച്ഛന്‍ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫ സറും അമ്മ ഹൈസ്‌കൂള്‍ ടീച്ചറും. നല്ലൊരു ചുറ്റുപാടി ലായിരുന്നു എന്റെ ചെറുപ്പ കാലം. പക്ഷേ 2002 ഫെബ്രുവരിക്ക് ശേഷം എല്ലാം മാറി. വര്‍ഗീയവാദികള്‍ അക്രമം തുടങ്ങിയപ്പോള്‍ ഞാന്‍ ഭീതിയിലായിരുന്നു. എങ്ങും അക്രമത്തിനിരയായവരുടെ വിലാപങ്ങള്‍. ഓരോ രാത്രിയും ഇനി ഞങ്ങളുടെ ഊഴമാണെന്ന് കരുതി. സഹായിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ തിരിഞ്ഞുനോക്കിയില്ല. അവിടെ കലാപം നടക്കുമ്പോള്‍ എന്റെ മകന് 12 വയസ്സായിരുന്നു. അവന്‍ ഇതൊന്നും കാണാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. പിന്നീട് സുഹൃത്തായ പോലീസ് ഓഫീസറുടെ സഹായത്തോടെ ഞാന്‍ മറ്റൊരു പ്രദേശത്തേക്ക് മാറി. എത്രയോ സീനിയര്‍ ഓഫീസര്‍മാര്‍ പരിചയക്കാരായി എനിക്ക് ഉണ്ടായിരുന്നു. അവരൊക്കെ ഈ ഘട്ടത്തില്‍ സഹായിക്കാന്‍ മടിച്ചു. ഇതെന്റെ മുസ്‌ലിം ഐഡന്റിറ്റിയെ കുറിച്ച് എന്നെ ബോധവതിയാക്കി. അന്നുമുതല്‍ എന്റെ പോരാട്ടം തുടങ്ങി. റിലീഫ് ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ ആളുകള്‍ അവിടെ എങ്ങനെയാണ് ജീവിക്കുന്നതെന്ന് മനസ്സിലായി. അത് കണ്ട് ഞാന്‍ സ്തംഭിച്ചുപോയി. ഈ അനുഭവം എനിക്ക് ഒരു പ്രചോദനവും പുതുജീവിതവും നല്‍കി. ജീവിതത്തിന്റെ മൂല്യം ഞാനറിഞ്ഞു. എന്റെ സമുദായത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. എന്റെ കുറെ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു: ''ഞാനൊരു വര്‍ഗീയവാദിയായി കലാശിക്കുമെന്ന്.'' പക്ഷേ ഞാന്‍ പറയുന്നു; സഹായിക്കാന്‍ ചുമതലപ്പെട്ട ഗവണ്‍മെന്റും പോലീസും എന്‍.ജി.ഒകളും അവരെ സഹായിക്കുന്നില്ല. അതുകൊണ്ട് അവരെ സഹായി ക്കേണ്ടത് എന്റെ കടമയാണെന്ന് എനിക്ക് തോന്നി. എന്റെ ഭര്‍ത്താവും കുടുംബവും വളരെ സഹകരണമാണ് ഇക്കാര്യത്തില്‍ നല്‍കിയത്. അതില്‍ ഞാന്‍ സന്തുഷ്ട യാണ്.
˜കേരളത്തിന്റെ അതിഥിയായി എത്തിയപ്പോള്‍ എന്തുതോന്നുന്നു?
കേരളീയ മുസ്‌ലിംകളെ കുറിച്ച് വളരെ സന്തോഷമുണ്ട്. അവര്‍ ഇസ്‌ലാമിലെ അവകാശങ്ങളെ കുറിച്ച് മനസ്സിലാക്കുന്നുണ്ട്. അവര്‍ മലയാളികളെന്നതില്‍ അഭിമാനിക്കുന്നവരും വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. മതേതരവാദികളും വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവരും വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നവരുമാണ്. ഇവിടുത്തെ മുസ്‌ലിം പെണ്‍കുട്ടി കളെ കാണുമ്പോള്‍ എനിക്ക് സങ്കല്‍പിക്കാന്‍ പോലും പറ്റാത്ത കാര്യങ്ങളായി തോന്നുന്നു. എന്റെ നാടിനെ സംബന്ധിച്ചിടത്തോളം ഇതൊക്കെയും സ്വര്‍ഗത്തിലേ നടക്കൂ.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top