സംയുക്ത സംസ്‌കാരത്തിന്റെ പുനര്‍നിര്‍മിതിക്കായി

ഷര്‍നാസ് മുത്തു No image

സ്ത്രീത്വത്തിനും സാമുദായിക സൗഹാര്‍ദത്തിനുമായി ജീവിതം സമര്‍പ്പിച്ച് പ്രൊ. രൂപ് രേഖ വര്‍മ

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ യു.എ.പി.എ ചുമത്തി തടങ്കലിലാക്കിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനു വേണ്ടി  ജാമ്യം നിന്ന പ്രൊഫ. രൂപ് രേഖ വര്‍മയെയാണ് നമുക്ക് ഏറെ പരിചയം. ലക്‌നോ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍, പ്രഗല്‍ഭ എഴുത്തുകാരി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിമെന്‍ സ്റ്റഡീസിന്റെയും (Institute of Women Studies, Lucknow Universtiy) സാജി ദുനിയ (Saajhi Duniya) എന്ന സന്നദ്ധ സംഘടനയുടെയും സ്ഥാപക, പതിറ്റാണ്ടുകളായി സ്ത്രീകളുടെ അവകാശസംരക്ഷണത്തിനു വേണ്ടിയും ലിംഗ, ജാതി, മത അസമത്വങ്ങള്‍ക്കുമെതിരായും സന്ധിയില്ലാ സമരം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക... ഇങ്ങനെ നീളുന്നു എഴുപത്തൊമ്പതുകാരിയായ രൂപ് രേഖ വര്‍മയുടെ വിശേഷണങ്ങള്‍. 
ഉത്തര്‍ പ്രദേശിലെ ഇറ്റാവയിലാണ്  രൂപ് രേഖ വര്‍മയുടെ ജനനം. പിതാവ് ഗവണ്‍മെന്റ് ഡോക്ടറായിരുന്നു. ആറു മക്കളില്‍ ഏറ്റവും ഇളയത്. കുട്ടിക്കാലം ചെലവഴിച്ചത് ഉത്തര്‍ പ്രദേശിലെ മെയിന്‍പുരി എന്ന ചെറിയ സിറ്റിയിലായിരുന്നു. അവിടുത്തെ ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു സ്‌കൂള്‍  വിദ്യാഭ്യാസം. രൂപ് രേഖ വര്‍മയുടെ അച്ഛന്‍ സാഹിത്യത്തില്‍ തല്‍പരനായിരുന്നതുകൊണ്ട് തന്നെ വീട്ടില്‍  നല്ലൊരു ലൈബ്രറി ഉണ്ടായിരുന്നു. സാഹിത്യകാരന്മാരുടെ സന്ദര്‍ശനവും സാഹിത്യ ചര്‍ച്ചകളും വീട്ടില്‍ സ്ഥിരമായിരുന്നു. ഉയര്‍ന്ന മാര്‍ക്കോടെ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ രൂപ് രേഖ വര്‍മ സംസ്ഥാന മെറിറ്റ് ലിസ്റ്റില്‍ ഇടം നേടി. സയന്‍സ് പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും മെയിന്‍പുരിയിലെ ഇന്റര്‍ മീഡിയേറ്റ് ഗേള്‍സ് കോളേജില്‍ അതുണ്ടായിരുന്നില്ല; അങ്ങനെയാണ് ആര്‍ട്‌സ് വിഷയം പഠിക്കേണ്ടി വന്നത്. അമ്മയുടെ വിദ്യാഭ്യാസം അഞ്ചാം ക്ലാസ്സ് വരെയുള്ളുവെങ്കിലും മാതാപിതാക്കള്‍ മക്കളുടെ പഠനത്തിനു മുന്‍ഗണന നല്‍കി. മെയിന്‍പുരിയില്‍ പെണ്‍കുട്ടികള്‍ക്ക് തുടര്‍പഠനത്തിനുള്ള സൗകര്യമില്ലെങ്കിലും രൂപ് രേഖ വര്‍മയെ ഉന്നത പഠനത്തിനായി ലക്‌നോവിലേക്കയച്ചു.
ലക്‌നോ സര്‍വകലാശാലയില്‍ എം.എ ഫിലോസഫിക്ക് ചേര്‍ന്നു. ജീവിതത്തെക്കുറിച്ച് ആഴത്തില്‍ ഉള്‍ക്കാഴ്ച നല്‍കുമെന്ന് കരുതിയാണ് തത്വശാസ്ത്രം തെരഞ്ഞെടുത്തത്. അത് തനിക്ക് ന്യായവാദത്തിനും ചോദ്യം ചെയ്യലിനുമുള്ള  ശക്തി പകര്‍ന്നു നല്‍കിയതായി രൂപ് രേഖ വര്‍മ ഓര്‍ക്കുന്നുണ്ട്. തുടര്‍ ജീവിതത്തില്‍ അത് മുതല്‍ക്കൂട്ടായി. വീട്ടിലെ സാംസ്‌കാരിക ചുറ്റുപാടുകളും പരന്ന വായനയും ഉയര്‍ന്ന ചിന്തയും  എം.എ കഴിയുമ്പോഴേക്ക് സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ കുറിച്ചും സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചും വര്‍ഗീയതയുടെ അപകടങ്ങളെക്കുറിച്ചും കൃത്യമായ നിലപാട് വളര്‍ത്തിയെടുക്കാന്‍ ഉപകരിച്ചു. രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരം സംരക്ഷിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഉള്‍ക്കൊണ്ടു.
1963ല്‍ ലക്‌നോ സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എം.എ പഠനം പൂര്‍ത്തിയാക്കിയ രൂപ് രേഖ വര്‍മക്ക് ഫെല്ലോഷിപ്പോട് കൂടി ഗവേഷണത്തിനുള്ള അവസരം ലഭിച്ചു. അതേ ഡിപാര്‍ട്ട്‌മെന്റില്‍ തന്നെ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. മുപ്പതു വയസ്സാകുന്നതിനു മുമ്പുതന്നെ രൂപ് രേഖ വര്‍മ ഫിലോസഫി ഡിപാര്‍ട്ട്‌മെന്റിന്റെ ഹെഡ് ആയി ചുമതലയേറ്റിരുന്നു. പാരമ്പര്യ ചിന്താഗതികളും ആധുനിക ചിന്താഗതികളും ഇടകലര്‍ന്ന ഒരു കുടുംബമായിരുന്നു രൂപ് രേഖ വര്‍മയുടേത്. അതുകൊണ്ട് തന്നെ മകള്‍ എം.എക്ക് ശേഷം പി.എച്.ഡി ചെയ്യുന്നതിനെക്കുറിച്ചോ ജോലി ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനെക്കുറിച്ചോ അച്ഛനമ്മമാര്‍ നിനച്ചിരുന്നില്ല. ആ കാലഘട്ടത്തിലെ ഏതൊരു സാധാരണ കുടുംബത്തെയും പോലെ വിവാഹത്തിനായിരുന്നു അവര്‍ മുന്‍ഗണന കല്‍പിച്ചിരുന്നത്. എങ്കിലും മകളുടെ അക്കാദമിക മികവു കാരണം ഉന്നത വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനും കുടുംബം തടസ്സം നിന്നതുമില്ല.
1998ലാണ് രൂപ് രേഖ വര്‍മ ലക്‌നോ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കുന്നത്. സ്വന്തമായ നിലപാട് പ്രഖ്യാപിക്കുന്നതും, പ്രവേശനത്തിനോ നിയമനത്തിനോ അധികാരികളുടെ ശിപാര്‍ശകള്‍ മാനിക്കാത്തതും  അന്നത്തെ  സര്‍ക്കാറുകളുടെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു രൂപ് രേഖ വര്‍മയെ. സര്‍വകലാശാലയുടെ അകത്തുനിന്നും പുറത്തു നിന്നും പല വെല്ലുകളും നേരിടേണ്ടിവന്നു. അതേ സമയം പല പരിഷ്‌കാരങ്ങളും വരുത്താനും സാധിച്ചു. അവര്‍ വി.സി. ആയിരിക്കുമ്പോഴാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും എല്ലാ രേഖകളിലും അമ്മയുടെ പേര് ഉള്‍പ്പെടുത്തണമെന്ന നിയമം കൊണ്ടുവന്നത്. രൂപ് രേഖ വര്‍മ 1964 മുതല്‍ 2003 വരെ നാല്‍പതു വര്‍ഷത്തോളം ലക്‌നോ സര്‍വകലാശാലയില്‍ പഠിപ്പിച്ചു. നാല് ഡസനിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. 1997ല്‍ ലക്‌നോ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിമെന്‍ സ്റ്റഡീസിന്റെ ആരംഭം മുതല്‍ 2005 വരെ അതിന്റെ ഡയറക്റ്റര്‍ ആയിരുന്നു.
രൂപ് രേഖ വര്‍മ തന്റെ ഇരുപതുകളുടെ അവസാനത്തില്‍ തന്നെ ചെറിയ തോതില്‍ സാമൂഹിക ഇടപെടലുകള്‍ ആരംഭിച്ചിരുന്നു. ബാബരി മസ്ജിദ് വിദ്വേഷ പ്രചാരണം ആരംഭിച്ച 80കളുടെ അവസാനത്തില്‍ അതിനെതിരെ രൂപ് രേഖ വര്‍മ ഒറ്റക്ക് ജനങ്ങളിലേക്കിറങ്ങി. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഇത് 'നാഗരിക് ധര്‍മ രാജ്' എന്ന പേരില്‍ ഒരു കൂട്ടായ്മയായി രൂപപ്പെട്ടു. 1990കളുടെ മധ്യത്തോടെ ഈ കൂട്ടായ്മ 'സാജി ദുനിയ' എന്ന പേരില്‍ വികസിച്ചു. 2004ലാണ് ഇതൊരു സന്നദ്ധ സംഘടനയായി രജിസ്റ്റര്‍ ചെയ്തത്. 'സാജി ദുനിയ' വര്‍ഗീയ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയും ബഹുസ്വര സംസ്‌കാരത്തിനുവേണ്ടി വാദിച്ചക്കുകയും ചെയ്തു. ലിംഗപരമായ അസമത്വം പോലുള്ള വിഷയങ്ങള്‍ പിന്നീടാണ് കടന്നുവന്നത്. ക്രമേണ അതൊരു ഫോക്കസ് ഏരിയയായി മാറുകയും ചെയ്തു. വര്‍ഗീയതയും ലിംഗപരമായ പ്രശ്‌നങ്ങളും ആത്യന്തികമായി ജനാധിപത്യ മൂല്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു.
ബോധവല്‍ക്കരണ പരിപാടികള്‍, പാഠപുസ്തക വിശകലനം, ഇരകളാക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ള കൗണ്‍സലിംഗ്, നിയമ സഹായം തുടങ്ങി വ്യത്യസ്ത പരിപാടികള്‍ രൂപ് രേഖ വര്‍മയും കൂട്ടരും ഈ പ്ലാറ്റ്‌ഫോമിലൂടെ നടത്തിവരുന്നു. പല സുപ്രധാന കേസുകളിലും നിരന്തരമായി പോരാടി. 2005ലെ ആഷിയാന കൂട്ടബലാത്സംഗ കേസില്‍ പ്രതികളായ ആറു പേര്‍ക്കും ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ പതിനൊന്നു വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടം നടത്തി.
1857ലെ  ലക്‌നോ ഉപരോധത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച്, 'മില്‍കെ ചലോ' എന്ന തലക്കെട്ടില്‍ പൊതു നിരത്തില്‍ ലക്‌നോവിന്റെ സംയോജിത സംസ്‌കാരം അവതരിപ്പിക്കുന്ന ലഘുലേഖ വിതരണം ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വാതന്ത്ര്യത്തിനായി എല്ലാ ജാതികളും മതങ്ങളും ഒരുമിച്ചു പോരാടിയിരുന്നു എന്നു കാണിക്കുകയായിരുന്നു ഈ ലഘുലേഖ വിതരണത്തിന്റെ ഉദ്യേശ്യം. 
സിദ്ധീഖ് കാപ്പനു വേണ്ടി ജാമ്യം നില്‍ക്കുമ്പോള്‍,  രൂപ് രേഖ വര്‍മക്ക് അദ്ദേഹത്തെ നേരിട്ട് പരിചയമുണ്ടായിരുന്നില്ല. ഹത്രാസ് ബലാത്സംഗ കേസ് റിപ്പോര്ട്ട് ചെയ്യാന്‍ പോയ പത്രപ്രവര്‍ത്തകനാ ണെന്നറിയാം. കേരളത്തില്‍ നിന്നുള്ള ഒരു സുഹൃത്ത് രണ്ടു പേരെ ജാമ്യം നില്‍ക്കാന്‍ ലഭിക്കുമോ എന്നന്വേഷിച്ചപ്പോള്‍, രൂപ് രേഖ വര്‍മ സ്വയം തയ്യാറാവുകയായിരുന്നു.  ബില്‍ക്കീസ് ബാനു കേസില്‍  ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പതിനൊന്നു പ്രതികളെ വിട്ടയച്ചപ്പോള്‍ ഹരജി സമര്‍പ്പിക്കാന്‍ സുഭാഷിണി അലിയുടെയും രേവതി ലൗളിന്റെയും കൂടെ രൂപ് രേഖ വര്‍മയും മുന്നിലുണ്ടായിരുന്നു ; കെട്ട കാലത്തും തന്നെ കൊണ്ടാവുന്ന വിധത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന റെച്ച ബോധ്യത്തോടെ.  
മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി അര നൂറ്റാണ്ടുകാലമായി രൂപ് രേഖ വര്‍മ പോരാട്ട ഭൂമിയിലുണ്ട്.  ബലാത്സംഗത്തിന്നിരയായ ഒരു പെണ്‍കുട്ടിയെ അനുഗമിക്കവെ കോടതി വളപ്പില്‍ വെച്ച് ഒരു കൂട്ടം ആളുകളാല്‍ അവര്‍ അക്രമിക്കപ്പെട്ടിരുന്നു. രണ്ടു തവണ വീട്ടു തടങ്കലിലായിട്ടുണ്ട്. ഒരിക്കല്‍ സി.എ.എ വിരുദ്ധ സമരത്തിന്റെ സമയത്തും മറ്റൊരിക്കല്‍ ഹത്രാസ് ബലാത്സംഗതിനെതിരായ പ്രതിഷേധത്തിനിടെയും. കുടുംബത്തില്‍ നിന്നും പുറത്തു നിന്നും ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. സാമൂഹിക വിഷയങ്ങളില്‍ സ്വന്തമായി നിലപാടെടുക്കുകയും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തുകൊണ്ടാണ് രൂപ് രേഖ വര്‍മ തന്റെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നത്. ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളും  അപവാദ പ്രചാരണങ്ങളും രൂപ് രേഖ വര്‍മയെ പ്രവര്‍ത്തന മേഖലയില്‍ നിന്ന് പിന്തിരിപ്പിക്കുകയല്ല, മറിച്ച് കൂടുതല്‍ പക്വതയും വിവേകവുമുള്ള ഒരു സാമൂഹിക പ്രവര്‍ത്തകയാക്കി അവരെ മാറ്റുകയാണ് ചെയ്തത്. കമ്യൂണല്‍ ഹാര്‍മണിക്കുള്ള ബീഗം ഹസ്രത്ത് മഹല്‍ അവാര്‍ഡും ഇന്ത്യന്‍ സോഷ്യല്‍ സയന്‍സ് ഇന്‍സ്റ്റി റ്റിയൂട്ടിന്റെ 2006ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും അവരെ തേടിയെത്തിയിട്ടുണ്ട്.
ജനാധിപത്യം നിലനില്‍ക്കണം, എല്ലാ മതത്തിലും ജാതിയിലും പെട്ട ജന വിഭാഗങ്ങള്‍ക്കും ഒത്തൊരുമിച്ചുള്ള ജീവിതം സാധ്യമാവണം, അതാണ് രൂപ് രേഖ വര്‍മയുടെ സ്വപ്നം. അതിനു വേണ്ടി തന്നെയാണ് യോഗി ആദിത്യ നാഥിന്റെ യു.പിയിലും അവര്‍ പ്രായത്തെ വകവെക്കാതെ സമര രംഗത്ത നിലയുറപ്പിച്ചിരിക്കുന്നത്. സാമുദായികത മനുഷ്യ ഹൃദയങ്ങളില്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന വിള്ളലുകളാണ് അവരുടെ ഹൃദയത്തിന്റെ തീരാവേദന. ഓരോ വ്യക്തിക്കും സ്വന്തത്തോട് എത്രത്തോളം സത്യസന്ധമാകാനാവും, സ്വന്തം നിലപാടുകളെ നീതിയുടെയും ന്യായത്തിന്റെയും വെളിച്ചത്തില്‍ നവീകരിക്കാനാവും   രൂപ് രേഖ വര്‍മയുടെ ജീവിതം അതിനുള്ള സാക്ഷ്യമാണ്.

(അവലംബം: www.rediff.com ല്‍ ജ്യോതി പുന്വാനി രൂപ് രേഖ വര്‍മയുമായി നടത്തിയ അഭിമുഖം) 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top