നന്മ പൂക്കുന്ന നോമ്പ് കാലം

ശൈഖ് മുഹമ്മദ് കാരകുന്ന് No image

വിശുദ്ധ ഖുര്‍ആനോടുള്ള ബാധ്യത പൂര്‍ത്തീകരിക്കാനും അതിനോട് നീതി പുലര്‍ത്താനും നോമ്പ് കാലത്ത് അതിന്റെ അനുയായികള്‍ക്ക് കഴിയേണ്ടതുണ്ട്.

മഞ്ചേരി ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലം. വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പതിനൊന്നര കിലോമീറ്റര്‍ ദൂരമുണ്ട്. ബസ്ചാര്‍ജ് നല്‍കാന്‍ സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. അതിനാല്‍, സ്‌കൂളിലേക്കും തിരിച്ചും ഇരുപത്തി മൂന്ന് കിലോമീറ്റര്‍ നടന്നാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. വഴിയില്‍ പള്ളിപ്പടി എന്നറിയപ്പെടുന്നിടത്തെ പള്ളിയില്‍ നിന്നാണ് അസ്വര്‍ നമസ്‌കാരം. റമദാന്‍  വേനല്‍ക്കാലത്തായതിനാല്‍ വൈകുന്നേരമാകുമ്പോഴേക്കും ദാഹം അതികഠിനമായിരിക്കും. ഒരു ദിവസം അസ്വര്‍ നമസ്‌കാരത്തിന് അംഗ ശുദ്ധി വരുത്താനായി വായില്‍ വെള്ളമൊഴിച്ചപ്പോള്‍ അതില്‍നിന്ന് അല്‍പം കുടിച്ചു. കൂടെയുള്ള ജ്യേഷ്ഠ സഹോദരനോ കൂട്ടുകാരോ ആരും അതറിഞ്ഞിരുന്നില്ലെന്നുറപ്പ്. അല്ലാഹു അറിഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ ഒട്ടും സംശയവുമുണ്ടായിരുന്നില്ല. അത്  വല്ലാതെ അസ്വസ്ഥപ്പെടുത്തി. അങ്ങേയറ്റത്തെ കുറ്റബോധം തോന്നി.
ജീവിതത്തിലൊരിക്കലും അതാവര്‍ത്തിക്കുകയില്ലെന്ന് പിന്നീട പ്രതിജ്ഞയെടുത്തു. അല്ലാഹുവിന്റെ സാന്നിധ്യത്തെ സംബന്ധിച്ച ഈ സജീവ ബോധം ജീവിതത്തിലുട നീളം വളര്‍ത്തിയെടുക്കലാണല്ലോ വ്രതാനുഷ്ഠാനത്തിന്റെ മുഖ്യ ലക്ഷ്യം.
റമദാനിലെ വ്രത വേളകളില്‍ ഒരു തുള്ളി വെള്ളമോ ഒരു വറ്റോ വയറ്റിലേക്കിറങ്ങിപ്പോകാതിരിക്കാന്‍ വിശ്വാസികള്‍ തികഞ്ഞ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്താറുണ്ട്. അല്ലാഹുവിന്റെ സാന്നിധ്യത്തെ സംബന്ധിച്ച സജീവബോധമാണതിന് കാരണം. ഈ ബോധവും സൂക്ഷ്മതയും മുഴു ജീവിത മേഖലകളിലും എപ്പോഴും നിലനിര്‍ത്തണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്.

ആഹാരത്തിന്റെ രുചിയറിയുന്ന കാലം

അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുമ്പോള്‍ ഇന്റര്‍ കോണ്ടിനന്റല്‍ ഹോട്ടലുകളില്‍നിന്ന് പലതവണ ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്നാല്‍ ജീവിതത്തില്‍ കഴിച്ച ഏറ്റവും രുചികരമായ ആഹാരം ഏതെന്ന ചോദ്യത്തിനുള്ള സത്യസന്ധമായ മറുപടി, കടുത്ത ദാരിദ്ര്യത്തിന്റെ നാളുകളില്‍ പ്രിയപ്പെട്ട ഉമ്മ വീട്ടുമുറ്റത്തെ ചീരയില നുള്ളിയെടുത്ത് ഉപ്പിട്ട് വേവിച്ച് തന്നതിന്റെ ഓര്‍മകളാണ്. കഠിന വിശപ്പുള്ളപ്പോള്‍ ഏത് ആഹാരവും അതീവ രുചികരമായി അനുഭവപ്പെടും. ആഹാരം ആര് പാകം ചെയ്യുന്നുവെന്നതും, ആര് വിളമ്പിത്തരുന്നുവെന്നതും രുചി നിര്‍ണയത്തില്‍ നിര്‍ണായക ഘടകമാണ്. മാതാവും ജീവിതപങ്കാളിയും മകളും മരുമകളും സഹോദരിയുമൊക്കെ പാകം ചെയ്യുന്ന ആഹാരത്തോട് കിടപിടിക്കാന്‍ മികച്ച റസ്റ്റോറന്റുകളിലെ പാചകക്കാരന്‍ പാകം ചെയ്ത് ജീവനക്കാര്‍ വിളമ്പിത്തരുന്ന ആഹാരത്തിന് സാധ്യമല്ല. ഭക്ഷണത്തിന്റെ രുചി നിശ്ചയിക്കുന്നത് നാവ് മാത്രമല്ല. അതിനെക്കാള്‍ എത്രയോ ഉന്നതമായ ആത്മീയത ആഹാരത്തിനുണ്ട്.
സമൃദ്ധമായ ആഹാരം കഴിക്കുന്നവര്‍ക്ക് പോലും കഠിനമായ വിശപ്പുള്ളപ്പോള്‍ ഏത് ഭക്ഷണവും ഏറെ രുചികരമായി അനുഭവപ്പെടും. അതിനാലാണ് ഉമറുബ്‌നു അബ്ദില്‍ അസീസ് ആര്‍ഭാട പ്രിയരായ തന്റെ അടുത്ത ബന്ധുക്കളെ വീട്ടില്‍ ക്ഷണിച്ചുവരുത്തി മണിക്കൂറുകളോളം ഭക്ഷണം നല്‍കാതെ ചര്‍ച്ചകളില്‍ തളച്ചിട്ട് സാധാരണക്കാരുടെ ആഹാരം നല്‍കിയത്. അവരെല്ലാം അത് അതീവ താല്‍പര്യത്തോടെ കഴിക്കുകയും ചെയ്തു.
വിശപ്പ് ഏത് സാഹസികതക്കും പ്രേരിപ്പിക്കും. ഒരു സൂഫീ ചിന്തകന്‍ പറഞ്ഞിട്ടുണ്ട്, 'കുരുവി വേടന്റെ വലയില്‍ കുടുങ്ങുന്നത് വിശപ്പ് കാരണമാണ്, വേടന്‍ വല നെയ്യുന്നതും വലയെറിയുന്നതും വിശപ്പകറ്റാനാണ്' എന്ന്. വിശപ്പിന്റെ കാഠിന്യം മനുഷ്യനെ അരുതാത്തത് ചെയ്യാന്‍ പ്രേരിപ്പിക്കും. മരിച്ച സ്വന്തം കുഞ്ഞിനെ ചുട്ട് തിന്നാന്‍ തുനിഞ്ഞ മാതാപിതാക്കളെക്കുറിച്ച് പറയുന്നുണ്ട് ദലൈലാമ.
വിശ്വാസികളില്‍ വിശപ്പിന്റെ രുചി അറിയാത്ത ആരുമുണ്ടാവില്ല. മുപ്പത് നാള്‍ പകല്‍ വേളകളില്‍ വ്രതമെടുക്കുന്ന വിശ്വാസികള്‍ തീവ്രമായ വിശപ്പ് അനുഭവിക്കുന്നു. അവര്‍ക്ക് ഏത് ഭക്ഷണവും ഏറെ രുചികരമായി അനുഭവപ്പെടുമല്ലോ.  വിശക്കുന്നവര്‍ അന്വേഷിച്ചുവരുന്നതിനു മുമ്പ് തന്നെ സമൂഹത്തിലെ സമ്പന്നര്‍ വിശക്കുന്നവരെ തേടിച്ചെല്ലുന്നുമുണ്ട്. റമദാന്‍ മാസത്തില്‍ സമൂഹത്തില്‍ ഉദാരത പരന്നൊഴുകാനുള്ള കാരണവും അതുതന്നെ. ബാല്യത്തിലെ ദരിദ്രനാളുകളില്‍ നോമ്പ് തുറയുടെ ഗുണഭോക്താവാകാന്‍ അനേക തവണ അവസരം ലഭിച്ചിട്ടുണ്ട്.
മുമ്പൊക്കെ സാമ്പത്തികമായി ഇത്തിരിയൊക്കെ ഭേദപ്പെട്ടവര്‍ അയല്‍ക്കാരെ തങ്ങളുടെ വീടുകളില്‍ വിളിച്ചുവരുത്തി നോമ്പ് തുറപ്പിക്കാറായിരുന്നു പതിവ്. അത് പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിലും ഊട്ടിയുറപ്പിക്കുന്നതിലും വലിയ പങ്കു വഹിച്ചിരുന്നു. എന്നാല്‍, പിന്നീട് അതില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. പ്രാദേശിക, ജില്ലാ, സംസ്ഥാന തലങ്ങളില്‍ വിവിധ മത സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്‌കാരിക വേദികളും കലാസംഘങ്ങളും ഇഫ്ത്വാര്‍ ക്യാമ്പുകള്‍ നടത്താന്‍ തുടങ്ങി. ഇതിലൂടെ ധാരാളം ആളുകളെ പരിപാടികളില്‍ പങ്കെടുപ്പിക്കാനും സഹകരിപ്പിക്കാനും സാധിക്കുമെങ്കിലും വീടുകളില്‍ നടത്തപ്പെടുന്ന നോമ്പുതുറകള്‍ പോലെ അവ അത്ര ഹൃദ്യവും ഊഷ്മളവുമാകാറില്ല. ആത്മബന്ധത്തിന്റെ സ്‌നേഹ സ്പര്‍ശം അത്യധികം അനുഭൂതി ദായകമത്രേ.യഥാര്‍ഥത്തില്‍ രണ്ടിനും അതിന്റേതായ നേട്ടങ്ങളുണ്ട്. അതുകൊണ്ടുതന്നെ രണ്ടും തുടരുകയാണ് വേണ്ടത്.

സമയനിഷ്ഠ

ഇസ്ലാമിക സേവനത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം ഏറ്റുവാങ്ങിയ അലീജാ അലി ഇസ്സത്ത് ബഗോവിച്ച് തന്റെ മറുപടി പ്രസംഗത്തില്‍, പുരസ്‌കാരം നല്‍കേണ്ടത് തനിക്കല്ലെന്നും നാലു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നവര്‍ക്കാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. അതിലൊന്ന് സമയനിഷ്ഠയെക്കുറിച്ച് ഏറെ സംസാരിക്കുന്ന ഇസ്ലാമിന്റെ അനുയായികള്‍ എന്തുകൊണ്ട് അതില്‍ അങ്ങേയറ്റം അശ്രദ്ധരായി മാറി എന്നതാണ്. മണിക്കൂറുകളോളം വൈകി ആരംഭിച്ച ഒരു അന്താരാഷ്ട്ര മുസ്ലിം സമ്മേളനം ഈ ഗുരുതരമായ വീഴ്ചക്ക് ഉദാഹരണമായി കാണിച്ച അദ്ദേഹം ഇസ്ലാമിലെ ആരാധനാകര്‍മങ്ങള്‍ പോലും അങ്ങേയറ്റം സമയ ബോധവും നിഷ്ഠയും വളര്‍ത്തുന്നവയാണെന്ന് ഊന്നിപ്പറയുകയുണ്ടായി.
ഇസ്ലാമിലെ എല്ലാ ആരാധനാകര്‍മങ്ങള്‍ക്കും സമയ നിര്‍ണയമുണ്ട്. എന്നാല്‍ മറ്റൊന്നിനുമില്ലാത്ത വിധം വളരെ കൃത്യവും കണിശവുമാണ് നോമ്പ് അവസാനിപ്പിക്കുന്ന സമയം. വ്രതമനുഷ്ഠിക്കുന്ന എല്ലാ വിശ്വാസികളും അത് പൂര്‍ണമായും പാലിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നു. ഒരു മിനിറ്റ് പോലും മുമ്പോ ശേഷമോ ആവാതിരിക്കാന്‍ മനുഷ്യസാധ്യമായ സകല ശ്രമവും നടത്തുന്നു. ജീവിതത്തിലുടനീളം ഇവ്വിധം സമയനിഷ്ഠ പാലിക്കാനുള്ള പരിശീലനമാണ് ഇത് നല്‍കുന്നത്.
മാറ്റാനോ തിരുത്താനോ കഴിയാത്ത ഒരു ശീലവും ശൈലിയും ചര്യയും പാരമ്പര്യവും മനുഷ്യ ജീവിതത്തില്‍ ഉണ്ടാവരുതെന്ന നിഷ്‌കര്‍ഷയും ഇസ്ലാമിനുണ്ട്. അതിനാവശ്യമായ പരിശീലനവും നോമ്പ് നല്‍കുന്നു. ഉറക്കത്തിലും ഉണര്‍ച്ചയിലും തീനിലും കുടിയിലും പതിനൊന്ന് മാസവും പുലര്‍ത്തിപ്പോരുന്ന എല്ലാ ക്രമങ്ങളും രീതികളും ചര്യകളും റമദാനിലെ വ്രത വേളയില്‍ പൂര്‍ണമായും മാറ്റിത്തിരുത്തുന്നു. മനുഷ്യന്‍ അത്തരം ഒന്നിന്റെയും അടിമയാകരുതെന്ന ആഹ്വാനവും അതുള്‍ക്കൊള്ളുന്നു.

സൗഹൃദത്തിന്റെ സുഗന്ധം

സഹോദര സമുദായങ്ങളിലെ പ്രമുഖരായ എഴുത്തുകാരും സാധാരണക്കാരും മറ്റുമായ ധാരാളം ആളുകളുമായി ഇടപഴകാന്‍ നിരന്തരം അവസരം ലഭിക്കാറുണ്ട്. അവരില്‍ മുസ്ലിം സമുദായത്തെ അനുഭവിച്ചവര്‍ ഇസ്ലാമിനോടും മുസ്ലിംകളോടും അങ്ങേയറ്റം സ്‌നേഹവും സൗഹൃദവും മതിപ്പും ആദരവും പുലര്‍ത്തുന്നവരാണ്. മുസ്ലിംകളുമായി അടുത്തിടപഴകിയവരില്‍ മഹാഭൂരിപക്ഷവും അവരുടെ നോമ്പുതുറകളില്‍ പങ്കെടുത്തവരാണ്. പലരുടെയും മധുരമുള്ള ഓര്‍മകള്‍ ഇഫ്ത്വാര്‍ സല്‍ക്കാരത്തിന്റെതാണ്. വ്രത നാളുകളില്‍ മുസ്ലിംകളുടെ സ്‌നേഹോഷ്മളമായ പെരുമാറ്റവും സ്വഭാവ നന്മയും അനുഭവിച്ചറിഞ്ഞവരാണ് അവരില്‍ അധികപേരും.
ടി.എന്‍. പ്രതാപന്‍ പ്രമുഖ രാഷ്ട്രീയ നേതാവാണ്. തൃശൂരിനെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗമാണ്. ഒരു സൗഹൃദ സംഗമത്തില്‍ പങ്കെടുത്ത അദ്ദേഹത്തിന് വിശുദ്ധ ഖുര്‍ആനെ സംബന്ധിച്ച പ്രഭാഷണം കേള്‍ക്കാന്‍ അവസരം ലഭിച്ചു. നന്നെ നിസ്സാരമെന്ന് തോന്നുന്ന നടത്തം മുതല്‍ രാഷ്ട്രാന്തരീയ ബന്ധങ്ങള്‍ വരെ വിശദീകരിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ എന്നത് അദ്ദേഹത്തെ അത് വായിക്കാന്‍ പ്രേരിപ്പിച്ചു.  ഖുര്‍ആന്‍ പരിഭാഷ വായിച്ചുതുടങ്ങിയ അദ്ദേഹത്തില്‍ അതിലെ പല ആശയങ്ങളും മൂല്യങ്ങളും വലിയ മതിപ്പും ആദരവും സൃഷ്ടിച്ചു. ആ ഗ്രന്ഥം അവതീര്‍ണമായ മാസമാണ് റമദാന്‍ എന്നതും അദ്ദേഹത്തില്‍ ഏറെ സ്വാധീനം ചെലുത്തി. അങ്ങനെയാണ് എല്ലാ വര്‍ഷവും നോമ്പനുഷ്ഠിക്കാന്‍ തുടങ്ങിയത്. ഇപ്പോഴും ആ ശീലം തുടരുന്നു.

പല പരിപാടികളിലും പങ്കെടുക്കുമ്പോള്‍ റമദാനിലെ മുഴുവന്‍ ദിവസങ്ങളും കൃത്യമായി നോമ്പനുഷ്ഠിക്കുന്ന സഹോദര സമുദായങ്ങളിലെ ധാരാളം ആളുകളുമായി പരിചയപ്പെടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വിശ്വാസികളല്ലാതിരുന്നിട്ടും വ്രതാനുഷ്ഠാനം അവരെ വിവിധ വിധേന സ്വാധീനിച്ചതിന്റെ കഥകള്‍ വിശദീകരിക്കാറുണ്ട്. ജീവിതത്തിന് ക്രമവും വ്യവസ്ഥയും വരുത്തുന്നതില്‍ അതിന്റെ പങ്ക്  ഊന്നിപ്പറയാറുണ്ട്.  ശരീരത്തിന് കരുത്ത് നല്‍കുന്നതായും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതായും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.  സഹപ്രവര്‍ത്തകരായ മുസ്ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നോമ്പെടുക്കുന്ന അധ്യാപകരും ഓഫീസ് ജീവനക്കാരുമുണ്ട്. സഹപ്രവര്‍ത്തകര്‍ വിശന്നിരിക്കുമ്പോള്‍ തങ്ങള്‍ ആഹാരം കഴിക്കുന്നത് ശരിയല്ലെന്ന് കരുതുന്നവരും കുറവല്ല. സഹോദര സമുദായങ്ങള്‍ക്ക് നോമ്പ് നല്‍കുന്ന സല്‍ഫലങ്ങള്‍ അനുഭവിച്ചറിയാന്‍ അവസരമൊരുക്കുന്നത് സമകാലിക കേരളത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതില്‍ സംശയമില്ല.
അതുകൊണ്ടുതന്നെ വിശ്വാസികള്‍ തങ്ങളുടെ ഇഫ്ത്വാറുകളില്‍ സഹോദര സമുദായങ്ങളെ പരമാവധി പങ്കാളികളാക്കണം. ചില ഇഫ്ത്വാര്‍ സംഗമങ്ങളില്‍ നോമ്പിന്റെ ചര്യയും ചൈതന്യവും വിശദീകരിക്കാറുണ്ട്. പ്രഭാതോദയത്തിന് മുമ്പ് അത്താഴം കഴിച്ചാല്‍ സൂര്യാസ്തമയം വരെ ഒരു തുള്ളി വെള്ളമോ ആഹാരമോ കഴിക്കാറില്ലെന്ന വസ്തുത സഹോദര സമുദായങ്ങളില്‍ വല്ലാത്ത വിസ്മയം സൃഷ്ടിക്കാറുണ്ട്. നോമ്പുകാരന്‍ തെറി വാക്കുകളോ ആക്ഷേപ ശകാരങ്ങളോ കേട്ടാല്‍ മറുത്ത് പറയാന്‍ പാടില്ലെന്നതും മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുകയോ അഭിമാനത്തെ ക്ഷതപ്പെടുത്തുകയോ ചെയ്യുന്ന വാക്കുകള്‍ വ്രതാനുഷ്ഠാനത്തെ പാഴ് വേലകളാക്കുമെന്നതും അവരില്‍ അതിയായ മതിപ്പുളവാക്കാറുണ്ട്.

ഖുര്‍ആന്റെ അവതരണത്തെ റമദാനുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ ആദ്യം അവതീര്‍ണമായ വാക്യങ്ങള്‍, വായിക്കാന്‍ ആവശ്യപ്പെടുന്നവയാണെന്നതും അവരെ അമ്പരപ്പിക്കാറുണ്ട്. അത് പലരും ഖുര്‍ആന്‍ പരിഭാഷ വായിക്കാന്‍ നിമിത്തമാകും. അതിനാല്‍ ഇഫ്ത്വാര്‍ സംഗമങ്ങള്‍ സ്‌നേഹ, സാഹോദര്യ, സൗഹൃദ വികാരങ്ങളുടെ പങ്കുവെപ്പ് പോലെത്തന്നെ ആശയ വിനിമയങ്ങളുടെ സുവര്‍ണാവസരങ്ങളായും മാറുന്നു.
   
വെളിച്ചം കാണിക്കുന്നവരാവുക

അശ്വമേധം പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജി.എസ്പ്രദീപിനോട് ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു: 'താങ്കള്‍ എണ്ണമറ്റ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടല്ലോ. അവയില്‍ താങ്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച പുസ്തകം ഏതാണ്?'
'ഒരു പുസ്തകം ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ രണ്ട് പുസ്തകത്തിന്റെ പേര് പറയും. രണ്ടു പുസ്തകം ഏതാണെന്ന് ചോദിച്ചാല്‍ അപ്പോഴും അത് തന്നെ പറയും.'
അദ്ദേഹം പറഞ്ഞ രണ്ട് പുസ്തകങ്ങളിലൊന്ന് പരിശുദ്ധ ഖുര്‍ആനാണ്. അതിന് അദ്ദേഹം ചില കാരണങ്ങളും പറഞ്ഞു: 'അടുത്ത കാലത്ത് മാത്രമാണ് ലോകം പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച് സംസാരിക്കാന്‍ തുടങ്ങിയത്. എന്നാല്‍, ഖുര്‍ആന്‍ 1400 കൊല്ലങ്ങള്‍ക്ക് മുമ്പ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയും സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു.'
'ഇപ്രകാരം തന്നെ ലോകം മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് സംസാരിച്ചുതുടങ്ങിയത് പുതിയ കാലത്താണ്. എന്നാല്‍ ഖുര്‍ആന്‍ പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറം മനുഷ്യാവകാശങ്ങള്‍ കൃത്യമായി ഉയര്‍ത്തിക്കാണിക്കുകയും അവരുടെ സംരക്ഷണത്തിന് നിലകൊള്ളാന്‍ ആഹ്വാനം നല്‍കുകയും ചെയ്തു.' മനുഷ്യന്നും പ്രകൃതിക്കും വേണ്ടി നിലകൊള്ളുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന് അദ്ദേഹം വിലയിരുത്തുന്നു.
വിശുദ്ധ ഖുര്‍ആനിലെ പരിഭാഷ വായിച്ച സി.പിജോണിനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അത് സമര്‍പ്പിക്കുന്ന സാമ്പത്തിക വ്യവസ്ഥയുടെ സവിശേഷതകളാണ്.
ജാതിവ്യവസ്ഥയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവതയുടെ ഏകത വളരെയേറെ പ്രചോദനം നല്‍കുന്നതായും വിമോചന സങ്കല്‍പ്പങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ചിറക് നല്‍കുന്നതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അനേകായിരം ഇരുള്‍ മുറ്റിയ മനസ്സുകളില്‍ സത്യത്തിന്റെ പ്രകാശം പരത്തിയ പരിശുദ്ധ ഖുര്‍ആന്‍ കേരളീയ സമൂഹത്തിലും നന്മയുടെ വിളക്കായി നിരവധി ജീവിതങ്ങള്‍ക്ക് ദിശാബോധം നല്‍കിക്കൊണ്ടിരിക്കുന്നു.
'ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു'(17:9).
ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന സഹോദര സമുദായങ്ങളിലെ എല്ലാവര്‍ക്കും അത് എത്തിച്ചുകൊടുക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. ഈ വിശുദ്ധ ഗ്രന്ഥം അവതീര്‍ണമായ റമദാനിലെ വ്രതവേളകളില്‍ ഈ മഹല്‍കൃത്യത്തില്‍ പങ്കാളികളാകാന്‍ നമുക്ക് കഴിയണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top