കോവിഡാനന്തരം
അടുപ്പവും തലോടലുമൊക്കെ മാനുഷിക ബന്ധത്തിന് ചൂടുപകര്‍ന്നിടത്ത്,
'സാമൂഹിക അകല'മെന്ന പുതിയൊരു മാനദണ്ഡം കോവിഡ് കൊണ്ടുവന്നു.
ക്രിസ്തുവര്‍ഷം രണ്ടായിരത്തി പത്തൊമ്പത് അവസാനം വരെ മനുഷ്യന്റെ ജൈവപ്രക്രിയയിലെ സാധാരണവും നിര്‍ദോഷവുമായ ഭാഗമായിരുന്നു തുമ്മല്‍.
'തുമ്മിയാല്‍ തെറിക്കുന്ന മൂക്ക്' എന്ന ചൊല്ല് നോക്കുക. തുമ്മലിനെ നിസ്സാരമായ ഒന്നായിട്ടാണല്ലോ അതില്‍ സൂചിപ്പിക്കുന്നത്.
ഒന്ന് ഉള്ളുഴിഞ്ഞ് തുമ്മിയാല്‍ കിട്ടുന്ന സുഖം നിസ്സാരമല്ല താനും. മഴക്കാലങ്ങളില്‍ സ്‌കൂള്‍ ക്ലാസുകളില്‍ തുമ്മല്‍ മത്സരം തന്നെ നടന്നതായറിയാം.
അകമേനിന്ന് ഉരുണ്ടുരുണ്ട് കയറുന്ന തിക്കു മൂലം കൂമ്പിയടഞ്ഞു പോയ കണ്ണുകള്‍ക്കു കീഴില്‍, അറിയാതെ തുറന്നും അടഞ്ഞും യന്ത്രംപോലെ ചലിക്കുന്ന വായിലൂടെ ചുറ്റുമുള്ള അന്തരീക്ഷം മുഴുവന്‍ അകത്തേക്കാവാഹിച്ച്, ഒടുവില്‍ ഹൃദ്യമായൊരു ചീറ്റലോടെ ബാഷ്പകണങ്ങള്‍ ചുറ്റും പ്രക്ഷേപണം ചെയ്തുകഴിയുമ്പോഴത്തെ ആശ്വാസം ഓര്‍ക്കുക. തുമ്മലിനെപ്പറ്റി ആരെങ്കിലും കവിതയെഴുതിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, എഴുതിയിട്ടുണ്ടെങ്കില്‍ ആ മഹാകവിയെ ഒന്ന് നേരില്‍ കണ്ട് അഭിനന്ദിക്കണമെന്നുണ്ട്.
തുമ്മല്‍ വെറും തുമ്മലല്ല താനും. ആത്മാവിന്റെ ആവിഷ്‌കാരമാണത്. സ്വന്തം വ്യക്തിത്വത്തിന്റെ പ്രകാശനമാണത്. ചുരുങ്ങിയ പക്ഷം അങ്ങനെ കരുതപ്പെട്ടിരുന്നു.
2019 അവസാനം വരെ തുമ്മല്‍ പാപമോ സഭ്യേതരമോ ആയിരുന്നില്ല. ജീവന്റെ പ്രഖ്യാപനമായിരുന്നു. പക്ഷേ, ആ വര്‍ഷം കോവിഡ് മഹാമാരി എത്തിയതോടെ തുമ്മല്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനമായി.
അതിന്റെ തുടക്കം ഓര്‍മയുണ്ട്. ചൈനയില്‍നിന്നുള്ള ഏതോ വീരവൈറസ് കേരളത്തിലുമെത്തിയെന്നും തുമ്മലിലൂടെയും ചുമയിലൂടെയും അതിവേഗം വ്യാപിക്കുമെന്നും കേട്ടുതുടങ്ങിയ സമയം. ഒരു വിവാഹസല്‍ക്കാരച്ചടങ്ങില്‍ യുവകലാകാരനുമുണ്ട്. ചുറ്റും ആള്‍ക്കൂട്ടം. കലാകാരനെ പൊതിഞ്ഞ് ജനങ്ങള്‍ തിരമാലയായി വന്നുകൊണ്ടിരിക്കുന്നു.
ഇന്ന് ആലോചിക്കുമ്പോള്‍ തോന്നുന്നു, അയാള്‍ കരുതിക്കൂട്ടിയാണ് ആ വിദ്യ പുറത്തെടുത്തതെന്ന്. എന്തു വിദ്യയെന്നോ?
ജനത്തിരക്ക് കൂടിവരുന്നത് കണ്ടപ്പോള്‍ അയാള്‍ പോക്കറ്റില്‍നിന്ന് കൈലേസ് പുറത്തെടുത്തു. എന്നിട്ട് അതില്‍ മുഖമമര്‍ത്തി, ചെറുതായൊരു തുമ്മല്‍.
പിന്നെ കണ്ടത് അത്ഭുതമായിരുന്നു. അടുത്ത് തിരക്കുകൂട്ടി നിന്നിരുന്നവര്‍ അകലാന്‍ തുടങ്ങി. ചിലര്‍ വാച്ചിലേക്ക് നോക്കി പെട്ടെന്നെന്തോ ഓര്‍ത്തപോലെ അതിവേഗം ആളുകളെ വകഞ്ഞു മാറ്റി പുറത്തേക്കോടി. അത്രതന്നെ സാമര്‍ഥ്യമില്ലാത്ത മറ്റുള്ളവര്‍ പതുക്കെപ്പതുക്കെ സാമൂഹിക അകലം അളന്നളന്ന് ദൂരേക്ക് മാറി. കലാകാരന് കൈകൊടുത്തവര്‍ വെപ്രാളത്തോടെ സോപ്പും വെള്ളവും അന്വേഷിച്ച് പാഞ്ഞു.
വെറുമൊരു തുമ്മല്‍. പക്ഷേ, അതിനെന്തൊരു ശക്തി!
തുമ്മലിന് സ്ഥാനക്കയറ്റം കിട്ടിയത് പൊതുചടങ്ങുകളില്‍ മാത്രമല്ല. ആരും കാണാത്ത നേരത്ത് അടുക്കളയിലേക്ക് പതുങ്ങിച്ചെന്ന് പഞ്ചസാര കട്ടുതിന്നുന്ന കുട്ടി അവിടെവെച്ച് തുമ്മിപ്പോയി എന്നു കരുതുക. മുതിര്‍ന്നവര്‍ വന്ന് ശകാരിക്കുക പഞ്ചസാര ടിന്‍ തുറന്നു വെച്ചതിനായിരിക്കും. പക്ഷേ, 2019-നു ശേഷം ചീത്ത പറയുന്നത് സാനിറ്റൈസര്‍ കൊണ്ട് കഴുകാതെ പഞ്ചസാര ടിന്‍ തൊട്ടതിനും മാസ്‌കില്ലാതെ നടക്കുന്നതിനുമായിരിക്കും. തിന്നാന്‍ പോകുമ്പോഴാണോ മാസ്‌കിടേണ്ടത് എന്നൊന്നും ചോദ്യമില്ല.
തുമ്മല്‍ ഇങ്ങനെ സ്വീകാര്യത വിട്ട് അനഭിമതമായെങ്കില്‍, നേര്‍ വിപരീതമായിരുന്നു മാസ്‌കിന്റെ ഗതി. അന്നുവരെ അനഭിമതമായിരുന്ന അത് 2019-ഓടെ മഹത്വമാര്‍ജിച്ചു. മുമ്പൊക്കെ, നിഖാബ് ധരിക്കുന്നവരൊഴിച്ചാല്‍ വായും മൂക്കും മൂടി സഞ്ചരിച്ചിരുന്നത് കാര്‍ട്ടൂണ്‍ കഥകളിലെ ഫാന്റവും സ്‌പൈഡര്‍മാനും പിന്നെ കള്ളന്മാരുമായിരുന്നു.
സങ്കല്‍പിച്ചുനോക്കൂ: മൂക്കും വായും മൂടുന്ന തരത്തില്‍ ഒരു തുണി ഇരുചെവിയിലുമായി കൊളുത്തി ഇട്ട് ഒരാള്‍ സദസ്സിലെത്തിയാല്‍? 2019 വരെയാണെങ്കില്‍ അയാളെ നന്നേ ചുരുങ്ങിയത് സഭാ മര്യാദ പാലിക്കാത്തവനെന്ന് വിളിക്കും.
പക്ഷേ, 2019-ഓടെ മാസ്‌ക് മാന്യതയുടെ അടയാളമായി. സഭ്യേതരമായിരുന്ന വേഷം പൊടുന്നനെ, സഭ്യമായ ഒരേയൊരു വസ്ത്രമായി.
ഈ മാറ്റം നാടകീയമായി ആവിഷ്‌കരിക്കപ്പെട്ടത് ഫ്രാന്‍സിലാണ്. ഹിജാബായാലും നിഖാബായാലും ശിരോവസ്ത്രവും മുഖപടവും പൊതുസ്ഥലങ്ങളില്‍ നിരോധിച്ചു അവര്‍. അപ്പോഴാണ് കോവിഡിന്റെ വരവ്. അതോടെ മാസ്‌ക് അനുവദനീയം മാത്രമല്ല നിര്‍ബന്ധം തന്നെയായി. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും നിഖാബണിഞ്ഞു.
കോവിഡ് അട്ടിമറിച്ച മറ്റു പലതുമുണ്ട്. സ്‌കൂളില്‍ പഠിക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുത്തു കൂടെന്ന നിലപാട് ആകെ മാറി. ക്ലാസുകള്‍ ഓണ്‍ലൈനായപ്പോള്‍ കുട്ടികള്‍ക്കു മേല്‍ മൊബൈല്‍ വെച്ചുകെട്ടാന്‍ തുടങ്ങി. എങ്ങാനും പരീക്ഷയില്‍ തോറ്റവരെപ്പറ്റി അന്വേഷിച്ചു നോക്കൂ. 2019 വരെ രക്ഷിതാക്കള്‍ പറയും മൊബൈല്‍ ഫോണ്‍ ഉണ്ടായതുകൊണ്ട് തോറ്റതാണെന്ന്. 2019-നു ശേഷം കുട്ടികള്‍ പറയും മൊബൈല്‍ ഇല്ലാത്തതുകൊണ്ടാണ് തോറ്റതെന്ന്.
അടുപ്പവും തലോടലുമൊക്കെ മാനുഷിക ബന്ധത്തിന് ചൂടുപകര്‍ന്നിടത്ത്, 'സാമൂഹിക അകല'മെന്ന പുതിയൊരു മാനദണ്ഡം കോവിഡ് കൊണ്ടുവന്നു. അതിഥിക്ക് കൈകൊടുക്കാതിരിക്കുന്നത് മര്യാദ കേടായിരുന്നു മുമ്പ്; പിന്നീട് കൈകൊടുക്കുന്നതായി മര്യാദയില്ലായ്മ.
ഇങ്ങനെ മാറ്റങ്ങള്‍ അനവധി വന്നെങ്കിലും, മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ഉണ്ടായ മറ്റൊരു മാറ്റം കോവിഡിനെപ്പറ്റിയുള്ള പേടി ഇല്ലാതായതാണ്.
2020-ല്‍ കേരളത്തിലെ ആദ്യ കോവിഡ് രോഗി പത്രങ്ങള്‍ക്ക് മുഖ്യ തലക്കെട്ടായി. പിന്നീടങ്ങോട്ട് ഓരോ ദിവസവും രോഗികള്‍ വര്‍ധിക്കുമ്പോള്‍ തലക്കെട്ടുകളിലും പരിഭ്രാന്തി കൂടി. മുഖ്യമന്ത്രിയുടെ സായാഹ്ന വാര്‍ത്താ സമ്മേളനങ്ങള്‍ മലയാളിയുടെ ദിനചര്യയായി.
ഇന്നോ?
കോവിഡിന്റെ കളിക്കുശേഷം വകഭേദങ്ങള്‍ എത്തി. ഒപ്പം എച്ച് വണ്‍ എന്‍ വണും. ഡെല്‍റ്റയും ആല്‍ഫയും ഗാമയും ബീറ്റയുമൊക്കെയായി കോവിഡിന്റെ വേഷപ്പകര്‍ച്ചകള്‍ വരുന്നു. വാര്‍ത്തകേട്ട് 'ഉവ്വോ?' എന്ന് ചോദിക്കാന്‍ പോലും ആളില്ല. എന്നല്ല, ഏറ്റവും പുതിയ ഒമിക്രോണിനെയോ നിയോകോവിഡിനെയോ വഴിക്കുവെച്ചു കണ്ടാല്‍ 'ഹലോ' എന്നു പറഞ്ഞ് കൈകൊടുക്കുന്ന മനസ്ഥിതിയിലാണ് അധികപേരും. വാര്‍ത്താ സമ്മേളനം നടത്താന്‍ മുഖ്യമന്ത്രി വേറെ വിഷയം കാണേണ്ടി വരും.
കോവിഡ് സമ്പദ് ഘടനക്ക് ആഘാതമുണ്ടാക്കി എന്ന് പറയുന്നവരുണ്ട്. കോവിഡ് മരുന്നുകള്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ കച്ചവടക്കാര്‍ യോജിക്കാനിടയില്ല.
അപ്പോള്‍ പുതിയ കോവിഡ് തരംഗത്തില്‍ എന്തു ചെയ്യണം?
ഒരു മിനിറ്റ്! ഞാനൊന്ന് തുമ്മട്ടെ....