ശാസ്ത്രത്തിന്റെ മകള്‍

No image

പ്രപഞ്ചം എങ്ങനെ ഉത്ഭവിച്ചു? അല്ലെങ്കില്‍ പ്രപഞ്ചനിര്‍മാണത്തിന്റെ തുടക്കത്തില്‍ ജഗദീശ്വരന്‍ എന്തെല്ലാം ചേരുവകള്‍ ഉപയോഗിക്കുകയുണ്ടായി? ആ ദൈവിക കണങ്ങളെ നമുക്ക് കൃത്യമായി കണ്ടെത്താന്‍ കഴിയുന്നു. ഈ ചോദ്യങ്ങള്‍ക്ക് ശാസ്ത്ര ലോകം ഇപ്പോഴും ഉത്തരം ആരാഞ്ഞു കൊണ്ടിരിക്കുന്നു. ആ അന്വേഷണങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച ഊര്‍ജതന്ത്രജ്ഞനാണ് അഥവാ പ്രാപഞ്ചിക ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിംഗ്. ഈ വിശ്വവിഖ്യാത ശാസ്ത്രജ്ഞന്റെ മകള്‍ ലൂസി ഹോക്കിംഗും ഇപ്പോള്‍ പ്രശസ്തിയിലേക്കുയര്‍ന്നുകൊണ്ടിരിക്കുന്നു. ഹോക്കിംഗിന്റെയും മറ്റും ശാസ്ത്രസിദ്ധാന്തങ്ങളെ ലേഖനങ്ങള്‍ വഴിയും നോവലുകള്‍ വഴിയും പ്രഭാഷണങ്ങള്‍ മുഖേനയും ജനങ്ങളിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ലൂസി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്രത്തെ ജനകീയമാക്കിത്തീര്‍ക്കുന്ന സേവനങ്ങള്‍ മുന്‍നിര്‍ത്തി ലൂസിയെ പുരസ്‌കാരങ്ങള്‍ കൊണ്ടും പ്രശംസകൊണ്ടും മൂടാന്‍ പല രാജ്യങ്ങളും സന്നദ്ധമായിരിക്കുന്നു. വിശ്രുത ശാസ്ത്രജ്ഞന്റെ മകളായതോടൊപ്പം ശാസ്ത്രജ്ഞാന രംഗത്ത് സേവനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ ചില മാധ്യമങ്ങള്‍ 'ശാസ്ത്രത്തിന്റെ മകള്‍' എന്നൊരു ചെല്ലപ്പേരും ഈ യുവപ്രതിഭക്ക് സമ്മാനിച്ചിരിക്കുന്നു.
1969-ല്‍ ലണ്ടനിലായിരുന്നു ലൂസിയുടെ ജനനം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്ന് മാതൃഭാഷയായ ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച്-റഷ്യന്‍ ഭാഷകളിലും പ്രാവീണ്യം നേടി. പത്രപ്രവര്‍ത്തകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവര്‍ ബ്രിട്ടനിലെ ഡെയ്‌ലി മെയില്‍, ദി ടെലഗ്രാഫ്, ദി ടൈംസ് തുടങ്ങിയ ദിനപത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. അമേരിക്കയിലെ 'ന്യൂയോര്‍ക്ക്' മാസികയില്‍ ശാസ്ത്രലേഖനങ്ങള്‍ എഴുതുന്ന ലൂസി റേഡിയോ ജേര്‍ണലിസ്റ്റായും സേവനം ചെയ്തു. ഇതിനകം രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 'ജെയ്ഡിഡ്', 'റണ്‍ ഫോര്‍ യുവര്‍ ലൈഫ്' എന്നിവ മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള നോവലുകളാണ്. ബാലമനസ്സുകളില്‍ ശാസ്ത്രത്തോട് ആഭിമുഖ്യം വളര്‍ത്താന്‍ മൂന്ന് ബാലസാഹിത്യകൃതികളും ലൂസിയുടേതായുണ്ട്.ശാസ്ത്രനോവല്‍ മാതൃകയില്‍ ശാസ്ത്രവും ഭാവനയും സമം ചേര്‍ത്ത് രചിക്കപ്പെട്ട പുസ്തകങ്ങളാണ് 'ജോര്‍ജ് സ്മൂട്ട് കി അഭി യൂനിവേഴ്‌സ്, 'ജോര്‍ജ്‌സ് കോസ്മിക് ട്രഷര്‍ ഹണ്ട്', 'ജോര്‍ജ് ആന്‍ഡ് ദി ബിഗ് ബാംഗ്' എന്നിവ. പ്രപഞ്ചത്തിന്റെ ഉല്‍പത്തി രഹസ്യം തേടി ജോര്‍ജ് എന്ന ബാലന്‍ ഉലകം ചുറ്റുന്നതിന്റെ സാഹസിക കഥകളാണ് ഇവ.
നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉല്‍ക്കകളും കഠിനഗ്രഹങ്ങളും ദര്‍ശിച്ച് വിസ്മയഭരിതനാവുന്ന ജോര്‍ജിന് മുമ്പില്‍ ഇവയുടെ ശാസ്ത്രീയ നിഗൂഢതകള്‍ ചുരുള്‍ നിവരുന്നു. ഭൂമിക്കു പുറമെ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍ ജീവന്റെ തുടിപ്പുകള്‍ ഉണ്ടോ എന്ന അന്വേഷണത്തിനും ജോര്‍ജ് മുതിരുന്നു. ഇതിനകം 34 ഭാഷകളിലേക്ക് ഈ പുസ്തകങ്ങള്‍ തര്‍ജമ ചെയ്യപ്പെടുകയുണ്ടായി.
അമേരിക്കന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ 'നാസ' ഈയിടെ അതിന്റെ അമ്പതാം വാര്‍ഷികം ആചരിച്ചപ്പോള്‍ മുഖ്യാതിഥികളായി സ്റ്റീഫന്‍ ഹോക്കിംഗിനേയും മകള്‍ ലൂസിയേയുമാണ് ക്ഷണിച്ചിരുന്നത്. ഉജ്വലപ്രഭാഷണം നടത്തി 'നാസ'യുടെ വാര്‍ഷികാഘോഷ പരിപാടി അവിസ്മരണീയമാക്കാന്‍ ലൂസിക്കു കഴിഞ്ഞു. നാസയുടെ ബഹിരാകാശ യാത്രാ പരിശീലന പരിപാടികളുടെ ഭാഗമാകാനും ഇരുവര്‍ക്കും അവസരം ലഭിച്ചു. ഗുരുത്വാകര്‍ഷണബലം പുര്‍ണമായി ഇല്ലാതാക്കിയ അറകളില്‍ ബഹിരാകാശ സഞ്ചാരികള്‍ക്കൊപ്പം അപ്പൂപ്പന്‍താടി കണക്കെ ഭാരരഹിതനായി ഉയര്‍ന്നുപാറിയതിന്റെ വിസ്മയാനുഭൂതി തന്റെ ബ്ലോഗുകളില്‍ ലൂസി അനുവാചകരുമായി പങ്കുവെക്കുന്നു.
കടുത്ത ജീവിത പ്രതിസന്ധികള്‍ അഭിമുഖീകരിച്ചുകൊണ്ടാണ് ഈ 43-കാരി ഇത്തരം അപാരനേട്ടങ്ങളുടെ വിജയഗാഥകള്‍ രചിക്കുന്നത്. തന്റെ പല മോഹങ്ങളെയും വിധി വന്നു നുള്ളിക്കളയുമ്പോഴും അവര്‍ പതറാത്ത ഇഛാശക്തി പ്രകടിപ്പിക്കുന്നു. തന്റെ അമ്മയെ പിതാവ് വിവാഹമോചനം ചെയ്തതോടെ മോട്ടോര്‍ ന്യൂറോണ്‍ രോഗിയായ പിതാവിനെ പരിചരിക്കേണ്ട ജോലികൂടി ലൂസിയുടെ ചുമലിലായി. അതിനിടെ സ്വന്തം ഭര്‍ത്താവുമായും ലൂസിക്ക് പിണങ്ങിപ്പിരിയേണ്ടി വന്നു. ഓട്ടിസം രോഗിയായ മകന്‍ വില്യമിനെ ശുശ്രൂഷിക്കേണ്ട ചുമതലയും ലൂസിക്കുണ്ട്. വിഷാദരോഗിയാക്കുന്ന വിഷമസന്ധികള്‍ തന്നെ ദീര്‍ഘകാലമായി വേട്ടയാടുകയാണെന്ന് അവര്‍ സ്പഷ്ടമാക്കുന്നു. പ്രകാശകിരണങ്ങളെ പോലും വിഴുങ്ങുന്ന തമോഗര്‍ത്തങ്ങള്‍ (Black Holes) കണക്കെ ചില പ്രതിസന്ധികള്‍ തന്റെ പ്രത്യാശയുടെ കിരണങ്ങളെ വിഴുങ്ങുന്നതായി ചില സന്ദര്‍ഭങ്ങളില്‍ ലൂസി ആശങ്കാകുലയാകും. എന്നാല്‍ തന്റെ ജീവിതപാതയില്‍ അശുഭാപ്തിയുടെ ഇരുണ്ട മേഘങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ലൂസി തറപ്പിച്ച് പറയുന്നു. ആയുസ്സിന്റെ പുസ്തകത്തിലെ അവസാനപുറം വരെ കര്‍മനിരതയാകാന്‍ പ്രതിജ്ഞ ചെയ്ത അസാമാന്യമായ ഇഛാശക്തിയുടെ പ്രതീകമാണിന്ന് ലൂസി ഹോക്കിംഗ് എന്ന ധൈഷണിക പ്രതിഭ. |



Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top