ഹലീം എന്ന ഹൈദരാബാദി അനുഭവം

സി. ദാവൂദ് No image

ഭാര്യക്ക് ഭര്‍ത്താവിന്റെ ഹൃദയത്തിലേക്കുള്ള വഴി വയറ്റിലൂടെയാണ്. നല്ല വിഭവങ്ങള്‍ ഉണ്ടാക്കുന്ന ഭാര്യ ഭര്‍ത്താവിന്റെ ഹൃദയത്തിലേക്ക് പോവാന്‍ ഒരു വലിയ റോഡു വെട്ടിച്ചിട്ടുണ്ട്. അങ്ങിനെയിരിക്കെ ഈ ഭാര്യയെ കൈവിടാന്‍ സാധിക്കുകയില്ല'- നളനും ഞാനും, വൈക്കം മുഹമ്മദ് ബഷീര്‍
**** **** ****
ഇഷ്ടികക്കഷണവും ഇസ്ലാമും തമ്മിലുള്ള ബന്ധമെന്താ ണ്?- ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ ക്ളാസ് മുറിയില്‍, ഒരു വെടിവെട്ട നേരത്ത് ഇസ്ലാം ചര്‍ച്ചയിലേക്ക് കടന്നുവന്നപ്പോള്‍ സഹപാഠികളിലൊരാള്‍ ചോദിച്ചതാണിത്. 'ബ്രിക് പീസസ് ആന്റ് ഇസ്ലാം' എത്ര ആലോചിച്ചിട്ടും കാര്യം പിടികിട്ടിയില്ല. വിശദീകരണം ചോദിച്ചപ്പോഴാണ് കാര്യം തെളിഞ്ഞുവന്നത്. പൊതുമൂത്രപ്പുരകളില്‍ മുസ്ലിംകള്‍ ഇഷ്ടികക്കഷ്ണം സൂക്ഷിച്ചുവെക്കുന്നത് അവരില്‍ പലരും കണ്ടിട്ടുണ്ട്. മൂത്രമൊഴിച്ചാല്‍ വെള്ളം കൊണ്ട് ശുദ്ധീകരിക്കാന്‍ വഴിയില്ലാത്തിടത്ത് കല്ല് കൊണ്ടെങ്കിലും അത് സാധിപ്പിക്കണമെന്ന പ്രവാചക പാഠം പ്രാവര്‍ത്തികമാക്കാന്‍ മൂത്രപ്പുരകളില്‍ അവര്‍ ഇഷ്ടികക്കഷണങ്ങള്‍ കൊണ്ടുവെക്കുന്നു. എന്നാല്‍ ഇഷ്ടികക്ക് ഇസ്ലാ മില്‍ എന്തോ വിശുദ്ധ സ്ഥാനമുണ്ടെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്.
ഒരു സാദാ ആന്ധ്രാക്കാരന്‍ ഹിന്ദു മധ്യവര്‍ഗക്കാരന്റെ ഇസ്ലാം കാഴ്ചപ്പാടിനെക്കു റിച്ച ഈ അമ്പരപ്പ് മാറുന്നതിന് മുമ്പാണ് ക്ളാസില്‍ നിന്നുതന്നെ മറ്റൊരു കൂട്ട ആവശ്യം മുന്നില്‍ വരുന്നത്. റമദാന്‍ അടുത്തുവരികയാണ് എനിക്ക് ഒരു ഡബ്ബ ഹലീം കൊണ്ടുവരണേ, ആദ്യം ആവശ്യപ്പെട്ടത് ഇഷ്ടികച്ചോദ്യം ഉന്നയിച്ച പ്രഷീല്‍ ആനന്ദ് തന്നെയാണ്. പിന്നെ ഓരോരുത്തരായി ഹലീം റിക്വസ്ററ്റുമായി മുന്നോട്ട് വന്നു. എന്താണ്, ആരാണ് ഈ ഹലീം എന്നറിയാതെ അന്തം വിട്ടു നില്‍ക്കുമ്പോള്‍, ഹലീം എന്തെന്നറിയാത്ത ഇവനെന്ത് മുസ്ലിം എന്നതായിരുന്നു അവരുടെ അമ്പരപ്പ്. ഹലീം ആദ്യമായി ചെവിയിലും ചിന്തയിലുമെത്തുന്നത് അന്നാണ്. ഇസ്ലാമിന്റെ പ്രതീകമായി എന്റെ സഹപാഠികള്‍ കാണുന്ന ഈ സാധനത്തെ അറിയാനും പഠിക്കാനും അനുഭവിക്കാനുമുള്ളതായിരുന്നു പിന്നെയുള്ള ദിനങ്ങള്‍. അതിന് ശേഷമുള്ള ഓരോ റമദാനിലും പാര്‍സല്‍ വഴിയെങ്കിലും ഹലീം സംഘടിപ്പിക്കാന്‍ ശ്രമിച്ചു പോരുന്നു.
ഹൈദരാബാദ് മുസ്ലിംകളുടെ ഏറ്റവും പ്രിയപ്പെട്ട റമദാന്‍ കാല വിഭവമാണ് ഹലീം. ഹൈദരാബാദ് ബിരിയാണി പോലെത്തന്നെ സുപ്രസിദ്ധം. ഗോതമ്പും ഇറച്ചിയുമാണ് പ്രധാന ചേരുവകള്‍. കൂടാതെ ഉള്ളിയും ചെറുനാരങ്ങയും മറ്റ് മസാലകളും. ഗോതമ്പും ഇറച്ചിയും (പ്രധാനമായും ആട്ടിറച്ചി) ചേരുംപടി ചേര്‍ത്ത് വേവിച്ച് ഒരു പ്രത്യക മരദണ്ഡ് ഉപയോഗിച്ച് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ കുഴച്ചാണ് ഹലീം ഉണ്ടാക്കുന്നത്. ഈ കുഴക്കലിലെ വൈദഗ്ദ്യവും മസാലകള്‍ ചേര്‍ക്കുന്നതിലെ വൈവിധ്യവുമാണ് ഹലീമിന്റെ രുചിയെ നിര്‍ണയിക്കുന്നത്. കുരുമുളക്, മഞ്ഞള്‍, കശുവണ്ടി, കുങ്കുമം, അത്തി, വെണ്ണ, പ്രകൃതിദത്ത പശകള്‍, ഗ്രാമ്പൂ, ഏലം എന്നിങ്ങിനെ സുഗന്ധ്രദ്രവ്യങ്ങളുടെ ഒരു നിര തന്നെ ഹലീമിനെ സമ്പന്നമാക്കുന്നു. ഹലീം ഉണ്ടാക്കുന്ന പാചകക്കാര്‍ക്ക് ഹൈദരാബാദില്‍ താരപരിവേശമാണ്. ഒരു ലക്ഷം രൂപ വരെ ശമ്പളം പറ്റുന്നവര്‍ അവരിലുണ്ട്. പ്രധാനമായും റമദാനില്‍ മാത്രമാണ് ഇത് കാര്യമായി തയാറാക്കുന്ന തെങ്കിലും ഒരു ബില്യന്‍ രൂപയാണ് വാര്‍ഷിക വിറ്റുവരവ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍സലായി ഹലീം പെട്ടെന്ന് എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് പ്രത്യേക സംവിധാനങ്ങള്‍ ചെയ്യാറുണ്ട്. ഹൈദരാബാദ് ഹലീമിന്റെ പ്രസക്തിയും സ്വീകാര്യതയും മനസ്സിലാക്കിയ ഭരണകൂടം 2010ല്‍ ഈ ഉല്‍പന്നത്തിന് ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ സ്റാറ്റസ് (ജി.ഐ.എസ്) നല്‍കി.
നൈസാം ഭരണകാലത്ത്, യമനില്‍ നിന്നുവന്ന അറബ് സംഘത്തില്‍ പെട്ട, പിന്നീട് നൈസാമിന്റെ ദര്‍ബാറിലെ പ്രമുഖനായി മാറിയ സൈഫ് നവാസ് ജംഗ് ബഹാദൂര്‍ ആണ് ഹലീമിനെ ഹൈദരാബാദില്‍ പരിചയപ്പെടു ത്തിയതെന്ന് പറയപ്പെടുന്നു. തുര്‍ക്കി, പാകിസ്ഥാന്‍, അഫ്ഗാനനിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളിലും ഹലീം ഉണ്ടെങ്കിലും ഹൈദരാബാദി ഹലീം വ്യത്യസ്തമാണ്. അതുകൊണ്ടാണ് 'ഹൈദരാബാദി ഹലീം' എന്ന പ്രത്യേക ബ്രാന്‍ഡിന് വാണിജ്യ മന്ത്രാലയം തന്നെ അനുമതി നല്‍കിയത്.
മണ്ണില്‍ പ്രത്യേക കുഴിയെടുത്ത്, ചെമ്പുപാത്രങ്ങള്‍ അതില്‍ കുഴിച്ചിട്ടാണ് (തന്തൂരി മോഡല്‍) ഹലീം തയാറാക്കുന്നത്. റമദാന്‍ മാസമായാല്‍ ഹൈദരാബാ ദില്‍ റോഡരികിലെല്ലാം ഇത്തരം ഹലീം തയാറാക്കാ നുള്ള ഇത്തരം കുഴികളും സംവിധാനങ്ങളും കാണാന്‍ കഴിയും.
ഹലീമിനെക്കുറിച്ചുള്ള ഏതൊരു ആലോചനയും മുസ്ലിംകളും ഭക്ഷണസംസ്കാരവും തമ്മിലുള്ള ബന്ധത്തിലേക്കാണ് നമ്മെ എത്തിക്കുക. മുസ്ലിം സംസ്കാരത്തിന്റെയും നഗരങ്ങളുടെയും പ്രധാനപ്പെട്ടൊരു മുഖമുദ്രയാണ് രുചിയിലെ വൈവിധ്യം പേറുന്ന വിവിധയിനം ഭക്ഷണ പദാര്‍ഥങ്ങള്‍. ബിരിയാണി കഴിക്കാനിടയായതിന്റെ പേരില്‍ ഇസ്ലാം സ്വീകരിക്കാന്‍ സന്നദ്ധനായ ഉഡുപ്പിയിലെ ഒരു ബ്രാഹ്മണ ചെറുപ്പക്കാരനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇത്രയും വൈവിധ്യവും രുചിയുമുള്ള ഭക്ഷണമാകാമെങ്കില്‍ അവരുടെ സംസ്കാരവും എത്ര രുചികരമായിരിക്കും എന്നതായിരുന്നു അയാളുടെ പക്ഷം. വിശ്വസാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീര്‍ ഒരു പുസ്തകത്തിന് മാത്രമേ അവതാരിക എഴുതിക്കൊടുത്തിട്ടുള്ളൂ-ഉമ്മി അബ്ദുല്ലയുടെ 'വിശിഷ്ട പാചകം' എന്ന പുസ്തകത്തിന് 'നളനും ഞാനും' എന്ന തലക്കെട്ടിലെഴുതിയ അവതാരിക. കലകളില്‍ വെച്ച് ഏറ്റവും മികച്ച കല പാചക കലയാണെന്ന് ബഷീര്‍ അതില്‍ പറയുന്നു. ഏതൊരു മുസ്ലിം നഗരത്തിനും അതിന്റെതായ തനതായ ഒരു ഭക്ഷണ മുദ്രയുണ്ടായിരിക്കും. ഈ ഭക്ഷണ മുദ്രകളെല്ലാം വിശ്വരൂപം പൂണ്ട് ഉണര്‍ന്നെഴു ന്നേല്‍ക്കുന്ന സന്ദര്‍ഭമാണ് റമദാന്‍. റമദാന്‍ ആത്മീയതയുടെ മാസമാണ്, ഭക്ഷണത്തിന്റെതല്ല എന്ന് പലരും പറയാറുണ്ട്. റമദാനിനെ ഭക്ഷണ മാസമാക്കിക്കളഞ്ഞുവെന്ന പരാതി പലരും ഉന്നയിക്കാറുണ്ട്. റമദാന്‍ വെറും ഭക്ഷണ മാസമല്ല എന്നതു ശരിതന്നെ. പക്ഷേ, പാചകം ഒരു കലയാണ്. കല അനിവാര്യമായും ആത്മീയതയാണ്. എങ്കില്‍ ഭക്ഷണവും ആത്മീയതയുടെ ഭാഗം തന്നെയാണ്.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top