ഏഴ് പെണ്‍കുട്ടികള്‍.

റഹ്മാന്‍ മുന്നൂര്‌ No image

കാഴ്ച ഒന്ന്
കടല്‍ത്തീരം. പ്രഭാതവേള. കഴിഞ്ഞ ദിവസം ഘോരമായൊരു യുദ്ധം നടന്ന സ്ഥലമാണത്. കുരിശു പടയാളികളുടെ നിരവധി ജഡങ്ങള്‍ കരയില്‍ അടിഞ്ഞു കിടക്കുന്നുണ്ട്. ചിലത് കത്തിക്കരിഞ്ഞവ. ചിലത് അസ്ത്രങ്ങള്‍ തറഞ്ഞു കയറിയവ. വേറെച്ചിലത് തിരമാലകള്‍ക്കൊപ്പം കരയിലേക്കും കടലിലേക്കും ഒഴുകി നടക്കുന്നു. കരയില്‍ നിന്നല്‍പം അകലെയായി തകര്‍ന്ന കപ്പലുകള്‍ തിരമാലകള്‍ക്കു മുകളില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുന്നു. സലാഹുദ്ദീന്‍ തന്റെ പടത്തലവന്മാരിലൊരാളായ ബഹാഉദ്ദീന്‍ ഇബ്‌നു ശദ്ദാദിനോടൊപ്പം തീരത്തേക്ക് നടന്നുവരികയാണ്. ബഹാഉദ്ദീന്‍ സിറിയയില്‍നിന്ന് രാവിലെ എത്തിയതേയുള്ളൂ. തലേ ദിവസം രാത്രി അരങ്ങേറിയ കൊടും യുദ്ധത്തിന് അദ്ദേഹം സാക്ഷിയായിരുന്നില്ല. നൂറ്റിയമ്പത് കപ്പലുകളിലായെത്തിയ കുരിശുപടയെ ഇരുനൂറോളം വരുന്ന പടയാളികളുമായാണ് സലാഹുദ്ദീന്‍ തകര്‍ത്ത് കരിപ്പണമാക്കിയത്. അവര്‍ യുദ്ധത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് കടല്‍ത്തീരത്തിലൂടെ നടക്കുകയാണ്. ആയുധധാരികളായ നാല് അംഗരക്ഷകരുമുണ്ട് കൂടെ. ഒരു ബോട്ടില്‍ ഏതാനും മുസ്‌ലിം യോദ്ധാക്കള്‍ കടലിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്നു. സലാഹുദ്ദീനും സംഘവും അവരുടെ അടുത്തെത്തി.
സലാഹുദ്ദീന്‍: തകര്‍ന്ന കപ്പലുകളില്‍ ഉപയോഗ യോഗ്യമായവ കെട്ടി വലിച്ച് തീരത്തേക്ക് കൊണ്ടുവരണം. മറ്റുള്ളവ പരിശോധിച്ച ശേഷം അവയിലുള്ള സാധനങ്ങള്‍ ശേഖരിക്കുക. പരിക്കേറ്റ പടയാളികളുണ്ടെങ്കില്‍ കരയിലെത്തിച്ച് മുറിവുകള്‍ മരുന്നുവെച്ച് കെട്ടിയ ശേഷം യുദ്ധത്തടവുകാരെ സൂക്ഷിക്കുന്ന കൂടാരത്തില്‍ എത്തിക്കണം. ശരി... അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് പുറപ്പെട്ടോളൂ.
ബോട്ട് കടലിലേക്ക് ഉന്തിയിറക്കി അവര്‍ തുഴഞ്ഞു പോയി. അപ്പോള്‍ മറ്റൊരു ബോട്ട് കരയിലേക്ക് കുതിച്ചു വന്നു. സലാഹുദ്ദീന്‍ അതിന്റെ അടുത്തേക്ക് ചെന്നു.
സലാഹുദ്ദീന്‍: എന്തൊക്കെയാണുള്ളത്?
പടയാളി: ആയുധങ്ങളും ഭക്ഷണപദാര്‍ഥങ്ങളുമാണ് കൂടുതല്‍.
സലാഹുദ്ദീന്‍: ശരി, എല്ലാം ഇറക്കിവെച്ചോളൂ. ഭടന്മാര്‍ വരും കൊണ്ടുപോകാന്‍ ,.
അവര്‍ നടന്നു. നാലഞ്ചു ഭടന്മാര്‍ കടലിലേക്ക് ഉറ്റു നോക്കിക്കൊണ്ട് വഞ്ചിയിലിരിക്കുന്നു. അവര്‍ കടല്‍ത്തീരത്ത് പാറാവ് ഡ്യൂട്ടിയിലാണ്. സലാഹുദ്ദീന്‍ അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.
സലാഹുദ്ദീന്‍: കടലില്‍ വീണ കുരിശു പടയാളികള്‍ നീന്തി കരപറ്റും. എല്ലാവരെയും പിടികൂടണം. ആരും രക്ഷപ്പെട്ട് കരയിലെത്തരുത്. നല്ല ജാഗ്രത വേണം.
പടയാളി: ശരി അമീര്‍
ബ.ശദ്ദാദ്: ഇത്രയും വലിയ തിരിച്ചടി കുരിശുപട പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
സലാഹുദ്ദീന്‍: അവര്‍ കടലിലൂടെ ആക്രമണം നടത്തുമ്പോള്‍ സുഡാനി സൈന്യം തലസ്ഥാനത്ത് കലാപം തുടങ്ങുമെന്നാണ് നാജി അവര്‍ക്ക് ഉറപ്പ് കൊടുത്തിരുന്നത്.
ബ.ശദ്ദാദ്: നാജിയുടെ രഹസ്യക്കത്ത് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി അല്ലേ..
സലാഹുദ്ദീന്‍: തീര്‍ച്ചയായും. തക്ക സമയത്ത് അല്ലാഹു നമ്മെ സഹായിച്ചു. കത്ത് പിടിച്ചെടുത്ത ശേഷം തിയ്യതി മാറ്റിയെഴുതി നാമത് കുരിശു പടത്തലവനുതന്നെ അയച്ചുകൊടുത്തു. നമ്മള്‍ കുറിച്ച ദിവസമാണ് കുരിശുപട ആക്രമണം നടത്തിയിരിക്കുന്നത്. സുഡാനി സൈന്യം ഇതൊന്നും അറിഞ്ഞിട്ടില്ല. ഇനി തലസ്ഥാനത്ത് അവര്‍ കലാപം തുടങ്ങുമ്പോള്‍ അവരെ നേരിടുക നമുക്ക് എളുപ്പമായിരിക്കും..
ബ.ശദ്ദാദ്: അവര്‍ കലാപം നടത്തുമെന്ന് ഉറപ്പാണോ?
സലാഹുദ്ദീന്‍: തീര്‍ച്ചയായും. നാജിയും അദ്‌റൂശും വധിക്കപ്പെട്ട വിവരം സുഡാനി സൈന്യം അറിഞ്ഞിട്ടില്ല. അവരതറിഞ്ഞാല്‍ നമ്മുടെ തന്ത്രങ്ങളെല്ലാം പാളും.
അവര്‍ നടന്ന് നടന്ന് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഒരു സ്ഥലത്തെത്തി.
സലാഹുദ്ദീന്‍: ഈ പാറക്കെട്ടുകള്‍ക്ക് പിറകില്‍ ഒളിച്ചിരുന്നാണ് നമ്മള്‍ കുരിശു പടക്കപ്പലുകളെ ആക്രമിച്ചത്. ഒര്‍ക്കാപ്പുറത്ത് പറന്നെത്തിയ തീപ്പന്തം കെട്ടിയ അസ്ത്രങ്ങള്‍ കപ്പലുകളെ നിശ്ശേഷം ചാമ്പലാക്കി.
പൊടുന്നനെ ഒരസ്ത്രം പറന്ന് വന്ന് സലാഹുദ്ദീന്റെ തൊട്ടുമുമ്പില്‍ വീണു. അവരൊന്ന് ഞെട്ടി. എങ്കിലും ഞൊടിയിടയില്‍ നിലത്ത് കിടന്ന് ഇഴഞ്ഞിഴഞ്ഞ് പാറയുടെ മറവിലേക്ക് നീങ്ങി.
സലാഹുദ്ദീന്‍: കുരിശുപടയാളികള്‍ നമ്മുടെ കണ്ണുവെട്ടിച്ച് കരയിലെത്തിയിട്ടുണ്ട്. അസ്ത്രം വന്ന ഭാഗത്തേക്ക് രണ്ടുപേര്‍ ഉടനെ പുറപ്പെടണം. അവരെവിടെ ഒളിച്ചിരുന്നാലും പിടിച്ചു കെട്ടി കൊണ്ടുവരണം.
കൂടെയുള്ള ഭടന്മാരില്‍ രണ്ട് പേര്‍ ഉടന്‍ തന്നെ പാറക്കെട്ടിനു മുകളില്‍ കയറി നാലുപാടും നിരീക്ഷിച്ചു. അകലെ മറ്റൊരു പാറയുടെ മുകളില്‍ ഒരാള്‍ അമ്പും വില്ലുമായി നില്‍ക്കുന്നത് അവര്‍ കണ്ടു. ഭടന്മാരെ കണ്ടപ്പോള്‍ അയാള്‍ മറുപുറത്തേക്ക് ചാടിയിറങ്ങി അപ്രത്യക്ഷനായി. ഭടന്മാര്‍ കുതിരകളെടുത്ത് അയാള്‍ നിന്ന പാറയുടെ ഭാഗത്തേക്ക് കുതിച്ചു.
കാഴ്ച രണ്ട്
സലാഹുദ്ദീന്റെ സൈനികത്താവളം. കടല്‍ത്തീരത്ത് നിന്ന് കുറച്ചകലെയായി ഈത്തപ്പനകളും മറ്റും വളരുന്ന ഒരു സ്ഥലമാണത്. നിരവധി പടയാളികളടക്കമുള്ള കൂടാരങ്ങള്‍, കുതിരകള്‍ക്കും ഒട്ടകങ്ങള്‍ക്കുമുള്ള ലായങ്ങള്‍, ആയുധങ്ങളും ഭക്ഷണ സാധനങ്ങളും സൂക്ഷിക്കാനുള്ള കലവറകള്‍, യുദ്ധത്തടവുകാര്‍ക്കുള്ള താല്‍ക്കാലിക തടവറകള്‍ തുടങ്ങി എല്ലാ ഏര്‍പാടുകളും അവിടെയുണ്ട്.
സലാഹുദ്ദീന്‍ തന്റെ കൂടാരത്തില്‍ തിരിച്ചെത്തിയ ഉടനെ എല്ലാ പടത്തലവന്മാരെയും വിളിച്ചു കൂട്ടി. അടിയന്തര നിര്‍ദേശങ്ങള്‍ നല്‍കി.
സലാഹുദ്ദീന്‍: സഹോദരന്മാരെ, കുരിശുപടയാളികള്‍ എല്ലാവരും പിന്തിരിഞ്ഞോടിയെന്ന് നാം കരുതരുത്. അവരില്‍ പലരും നമ്മുടെ കണ്ണുക വെട്ടിച്ച് കരയില്‍ നീന്തിക്കേറിയിട്ടുണ്ടാവും. ഉണ്ടെന്നതിനുള്ള വ്യക്തമായ തെളിവാണ് ഈ അസ്ത്രം. (ഒരസ്ത്രം എടുത്ത് പൊക്കിക്കാണിക്കുന്നു) ഇതുകണ്ടാലറിയാം കുരിശുപടയാളികളുടെ ആസൂത്രണമാണിതെന്ന്. അതുകൊണ്ട് നമ്മള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇന്ന് മുതല്‍ പുതിയൊരു യുദ്ധ ശൈലിക്ക് നമ്മള്‍ തുടക്കം കുറിക്കുകയാണ്. അഥവാ ഒളിഞ്ഞിരിക്കുന്നത് അക്രമികളുടെയും പിടികൊടുക്കാതെ ഓടിക്കളയുന്ന ശൈലി നമ്മുടേതുമായ ഒളിയുദ്ധം. ഇതിനായി നിങ്ങളുടെ ഓരോരുത്തരുടേയും കീഴിലുള്ള പടയാളികളില്‍ നിന്ന് ബുദ്ധിശക്തിയിലും കായിക ശേഷിയിലും മികച്ചു നില്‍ക്കുന്ന ആളുകളെ പ്രത്യേകം തെരഞ്ഞെടുക്കണം. അവര്‍ നിശ്ചയദാര്‍ഢ്യവും ത്യാഗബുദ്ധിയും ഉള്ളവരായിരിക്കണം. സന്ദര്‍ഭത്തിനൊത്ത് ഉടന്‍ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ കഴിയണം.
ഒരു പാറാവുകാരന്‍ നടന്നുവന്ന്, പുറത്ത് ഏതാനും പുരുഷന്മാരെയും യുവതികളെയും ഭടന്മാര്‍ പിടിച്ചുകൊണ്ടു വന്നതായി സലാഹുദ്ദീനെ അറിയിക്കുന്നു. സലാഹുദ്ദീന്‍ പ്രഭാഷണം നിര്‍ത്തി പുറത്തിറങ്ങി. അവിടെ അഞ്ചു പുരുഷന്മാരും ഏഴ് യുവതികളും നില്‍ക്കുന്നത് കണ്ടു. യുവതികള്‍ ഏഴുപേരും സാമാന്യം സൗന്ദര്യമുള്ളവരാണ്. സലാഹുദ്ദീനെ കണ്ടപാടെ അവര്‍ തല കുമ്പിട്ട് വണങ്ങി.
സലാഹുദ്ദീന്‍: ആരാണ് നിങ്ങള്‍?
ഒരാള്‍: ഞങ്ങള്‍ മൊറോക്കോയില്‍ നിന്നുള്ള കച്ചവടക്കാരാണ്. അലക്‌സാണ്ട്രിയയിലേക്ക് പോവുകയാണ്. ഇവിടെ നിന്നും കുറച്ചകലെയുള്ള ഒരു സ്ഥലത്താണ് രണ്ടു ദിവസമായി താമസിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഈ പെണ്‍കുട്ടികള്‍ ഞങ്ങളുടെയടുക്കല്‍ വന്നത്. അവര്‍ പറയുന്നത്, സിസിലിക്കാരാണെന്നാണ്. കുരിശുപടക്കാരുടെ ഒരു പടത്തലവന്‍ അവരെ ഞങ്ങളുടെ വീടുകളില്‍ നിന്നും പിടികൂടി കൊണ്ടുവന്നതാണ്. ഇവരുടെ മാതാപിതാക്കള്‍ ദരിദ്രരാണ്. കപ്പലിലായിരുന്നു ഇവരുടെ യാത്ര. കപ്പലുകളുടെ വലിയൊരു കൂട്ടം തന്നെ ഉണ്ടായിരുന്നു. കുരിശു ധരിച്ച പടയാളികളായിരുന്നു അവയില്‍ നിറയെ. യാത്രയിലുടനീളം അവര്‍ മദ്യപിച്ചു ബഹളം വെക്കുകയും പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയും ചെയ്തു. അങ്ങനെ ഈ കടല്‍ തീരത്ത് എത്തിയപ്പോള്‍ കപ്പല്‍ കൂട്ടത്തിലേക്ക് തീയുണ്ടകള്‍ പറന്നു വീഴാന്‍ തുടങ്ങി. കപ്പലുകള്‍ക്ക് തീപിടിച്ചപ്പോള്‍ യാത്രക്കാരെല്ലാം കടലില്‍ ചാടി. ഈ പെണ്‍കുട്ടികളെ അവര്‍ ഒരു വഞ്ചിയില്‍ കയറ്റിയിരുത്തി വഞ്ചി തിരമാലകളില്‍ ആടിയുലഞ്ഞു. ലക്ഷ്യമില്ലാതെ ഒഴുകി. ഒരു പകലും രാത്രിയും ഭയവിഹ്വലമായി നടുകടലില്‍ കഴിഞ്ഞു. ഒടുവില്‍ കരക്കണഞ്ഞു ഞങ്ങളുടെ അടുക്കലെത്തുകയായിരുന്നു.
ഇവരെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അവരെ എന്ത് ചെയ്യണമെന്ന് ആലോചിക്കുകയായിരുന്നു ഞങ്ങള്‍. അപ്പോഴാണ് ഈ ഭടന്മാര്‍ ഞങ്ങളുടെ അടുത്തെത്തിയത്. സലാഹുദ്ദീന്‍ അയ്യൂബിയുടെ ഭടന്മാരാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെ അമീറിന്റെ സന്നിധിയിലെത്തിക്കാന്‍ ഇവരോട് ഞങ്ങള്‍ ആവശ്യപ്പെട്ടു. താങ്കളുടെ ഔദാര്യത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും ധാരാളം കഥകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. താങ്കള്‍ ഈ പെണ്‍കുട്ടികളെ സുരക്ഷിതമായി അവരുടെ മാതാപിതാക്കള്‍ക്ക് തിരിച്ചുകൊണ്ടുകൊടുക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.
സലാഹുദ്ദീന്‍ പെണ്‍കുട്ടികളോട് അറബിയില്‍ പേരു ചോദിച്ചു. പക്ഷേ, അതവര്‍ക്ക് മനസ്സിലായിരുന്നില്ല. അവര്‍ക്ക് വശമില്ലായിരുന്നു. ഒരു പെണ്‍കുട്ടി എന്തോ ചിലത് പറഞ്ഞു. അത് സലാഹുദ്ദീനും മനസ്സിലായില്ല. അവര്‍ സംസാരിക്കുന്നത് സിസിലിക്കാരുടെ ഭാഷയാണെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
സലാഹുദ്ദീന്‍: അവരുടെ ഭാഷ അറിയുന്നവര്‍ നിങ്ങളുടെ കൂട്ടത്തില്‍ ആരാണ്?
ഒരു കച്ചവടക്കാരന്‍: എനിക്ക് മാത്രമേ അറിയൂ, അമീര്‍. താങ്കള്‍ ഇവര്‍ക്ക് അഭയം നല്‍കണമെന്നും കച്ചവടക്കാരോടൊപ്പം പോകാനാഗ്രഹിക്കുന്നില്ലെന്നുമാണ്. അവര്‍ പറയുന്നത്.
മറ്റൊരു പെണ്‍കുട്ടി എന്തോ പറഞ്ഞു. കച്ചവടക്കാരന്‍ അത് ഇപ്രകാരം തര്‍ജമ ചെയ്തു.
കച്ചവടക്കാരന്‍: അവള്‍ പറയുന്നത്, ഇവിടെയെല്ലാം പട്ടാളക്കാരാണ്. ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മില്‍ യുദ്ധം നടക്കുകയാണ്. ക്രിസ്ത്യന്‍ പട്ടാളക്കാരെ ഞങ്ങള്‍ക്ക് ഭയമാണ്. കപ്പലില്‍ വെച്ച് പലതവണ അവര്‍ പീഡിപ്പിച്ചു എന്നൊക്കെയാണ്.
മൂന്നാമത്തെ പെണ്‍കുട്ടിയുടെ സംസാരം കച്ചവടക്കാരന്‍ പരിഭാഷപ്പെടുത്തിയത് ഇപ്രകാരമാണ്.
കച്ചവടക്കാരന്‍: കുരിശുപടയാളികള്‍ക്ക് ഞങ്ങളെ വിട്ടുകൊടുക്കരുത്. ഞങ്ങളെ മുസ്‌ലിംകളാക്കിയാലും വേണ്ടില്ല, നിങ്ങളോടൊപ്പം കഴിഞ്ഞുകൊള്ളാം എന്നാണ് അവള്‍ പറയുന്നത്.
അവരെ കൊണ്ടുവന്ന അംഗരക്ഷകരോട് സലാഹുദ്ദീന്‍ ചോദിച്ചു.
സലാഹുദ്ദീന്‍: അവരെ പരിശോധിച്ചു നോക്കിയോ നിങ്ങള്‍?
ഭടന്‍: ഞങ്ങള്‍ പരിശോധിച്ചു. ഇവരുടെ ദേഹത്തോ താമസസ്ഥലത്തോ ആയുധങ്ങളൊന്നും കണ്ടില്ല. ഇതാ... ഈ കത്തികളല്ലാതെ (നാലഞ്ച് കത്തികള്‍ എടുത്ത് അവര്‍ സലാഹുദ്ദീനെ കാണിച്ചു).
സലാഹുദ്ദീന്‍: (കച്ചവടക്കാരോട്) ഈ പെണ്‍കുട്ടികളോട് പറയുക. അവരുടെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. മുസ്‌ലിം പെണ്‍കുട്ടികളെപ്പോലെ കരുതി അവര്‍ക്ക് എല്ലാവിധ സംരക്ഷണവും ആദരവും നല്‍കുന്നതാണ്. തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം അവരെ ഏതെങ്കിലും ക്രൈസ്തവ പാതിരിമാര്‍ക്ക് കൈമാറും. അല്ലെങ്കില്‍ ക്രിസ്ത്യന്‍ തടവുകാരെ മോചിപ്പിക്കുന്ന സമയത്ത് അവരില്‍ നിന്ന് യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാം. അതുവരെ പൂര്‍ണ സംരക്ഷണത്തോടുകൂടി താമസിക്കാന്‍ ഇവിടെ സൗകര്യമുണ്ടാകും. പക്ഷേ, ഒരു കാര്യം, അവര്‍ക്ക് മുസ്‌ലിം പടയാളികളുമായോ, മുസ്‌ലിം പടയാളികള്‍ക്ക് അവരുമായോ സന്ധിക്കാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല.
സലാഹുദ്ദീന്‍ പറഞ്ഞത് കച്ചവടക്കാരന്‍ പെണ്‍കുട്ടികള്‍ക്ക് പരിഭാഷപ്പെടുത്തിക്കൊടുത്തു. അവരുടെ മുഖങ്ങള്‍ ആഹ്ലാദം കൊണ്ട് വിടര്‍ന്നു. നന്ദി സൂചകമായി സലാഹുദ്ദീന്റെ മുമ്പില്‍ അവര്‍ തലകുമ്പിട്ടു വണങ്ങി. ഒരു പ്രത്യേക കൂടാരം നിര്‍മിച്ച് പെണ്‍കുട്ടികളെ അതില്‍ താമസിപ്പിക്കാനും അവരുടെ സംരക്ഷണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാനും ഭടന്മാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കച്ചവടക്കാര്‍ക്ക് പോകാന്‍ അനുമതി കൊടുത്തു. അവര്‍ നന്ദിപറഞ്ഞു പിരിഞ്ഞുപോയി. അന്നേരം ഒരുപറ്റം യുദ്ധതടവുകാരുമായി മുസ്‌ലിം പടയാളികള്‍ വന്നു. അവര്‍ ആറു പേരാണുണ്ടായിരുന്നത്. എല്ലാവരുടെയും വസ്ത്രങ്ങളില്‍ ചോര പുരണ്ടിരുന്നു. രണ്ടു മൈല്‍ അപ്പുറത്ത് മണലില്‍ വീണു കിടക്കുകയായിരുന്നു അവരെന്ന് ഭടന്മാര്‍ പറഞ്ഞു. കൂട്ടത്തില്‍ ഒരാള്‍ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു. അയാള്‍ സാധാരണ പട്ടാളക്കാരനല്ലെന്ന് ഒറ്റക്കാഴ്ചയില്‍ തന്നെ മനസ്സിലാകും. കരയുന്നതിനിടയില്‍ അയാള്‍ പെണ്‍കുട്ടികളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സലാഹുദ്ദീന് അയാളെപ്പറ്റി ചില സംശയങ്ങള്‍ തോന്നാതിരുന്നില്ല. എങ്കിലും അദ്ദേഹം പറഞ്ഞു.
സലാഹുദ്ദീന്‍: അവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കി തടവുകാരുടെ കൂട്ടത്തില്‍ താമസിപ്പിക്കുക. വൈദ്യനെ വിളിച്ച് അവര്‍ക്ക് വേണ്ട ചികിത്സാ ഏര്‍പ്പാടുകള്‍ ചെയ്യുക.
ഭടന്മാര്‍ അവരെയും കൊണ്ട് തടവുകാരുടെ കൂടാരങ്ങള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് പുറപ്പെട്ടു. പെണ്‍കുട്ടികള്‍ അവരെ സാകൂതം നോക്കി നില്‍ക്കുകയാണ്. പിന്നെ മറ്റു രണ്ടു ഭടന്മാര്‍ അവരേയും അതേ ഭാഗത്തേക്ക് തന്നെ കൊണ്ടു പോയി. എല്ലാവരും പോയപ്പോള്‍ സലാഹുദ്ദീന്‍ തന്റെ അടുത്തു നിന്നിരുന്ന ബഹാഉദ്ദീന്‍ ഇബ്‌നു ശദ്ദാദിനോട് പറഞ്ഞു.
സലാഹുദ്ദീന്‍: ആ ഉറക്കെ നിലവിളിച്ച പടയാളിയില്ലേ, അയാള്‍ സാധാരണ പട്ടാളക്കാരനല്ല. ഉയര്‍ന്ന റാങ്കുള്ള യോധാവാണ്. അയാളുടെ വസ്ത്രത്തില്‍ ഒരു തുള്ളി ചോര പോലുമില്ലെന്നത് ശ്രദ്ധിച്ചോ. എന്നിട്ടും അയാള്‍ക്കാണ് മറ്റുള്ളവരെക്കാളെല്ലാം വേദനയും പ്രയാസവും. അയാളുടെ കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. അയാളെ പ്രത്യേകം ശ്രദ്ധിക്കണം.
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top