പ്രസരിപ്പിന് പെര്‍ഫ്യൂമുകള്‍

അബ്ദുല്‍ ജബ്ബാര്‍ കൂരാരി No image

മാനസികവും ശാരീരികവുമായ നവോന്മേഷം നിലനിര്‍ത്താന്‍ ഉപകരിക്കുന്നതാണ് സുഗന്ധ ദ്രവ്യങ്ങള്‍. ദിവസം മുഴുവന്‍ പ്രസരിപ്പ് ഉണ്ടാക്കുന്നതിനും മനസ്സിന്റെ പിരിമുറുക്കം കുറക്കുന്നതിനും വിവിധയിനം പൂക്കളില്‍ നിന്ന് വാറ്റിയെടുക്കുന്ന പെര്‍ഫ്യൂമുകള്‍ക്ക് കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
''റൂഹിന്റെ ഒജീനം'', എന്നാണ് പൂര്‍വികര്‍ സുഗന്ധ വസ്തുക്കളെ വിശേഷിപ്പിച്ചിരുന്നത്. ''ആത്മാവിന്റെ ആഹാരം'' എന്നാണര്‍ഥം. പൗരാണികര്‍ സൗന്ദര്യത്തിന് നല്‍കിയ മഹത്വമാണിത് സൂചിപ്പിക്കുന്നത്.
സുഗന്ധം, സര്‍ഗാത്മകതയെ ഉദ്ദീപിപ്പിക്കുമ്പോള്‍ ദുര്‍ഗന്ധം ജീര്‍ണതയെയാണ് പ്രതിഫലിപ്പിക്കുന്നത്. മാത്രമല്ല അത് അസ്വസ്ഥത ഉളവാക്കും. തലവേദനയും ഛര്‍ദിയുമായിരിക്കും ഫലം. അതാണ് പൊതു സ്ഥലങ്ങളില്‍ വെളുത്തുള്ളി ഉപയോഗിച്ച് വരരുതെന്ന് പ്രവാചകന്‍ വിലക്കിയത്. വെളുത്തുള്ളിയില്‍ നിന്നുള്ള ഗന്ധം വിയര്‍പിന് അസഹനീയമായ ദുര്‍ഗന്ധമുണ്ടാക്കുന്നവയാണ്. മറ്റുള്ളവര്‍ക്ക് അരോചകമുണ്ടാക്കും. പള്ളിയില്‍ പോകുന്നവര്‍ വെളുത്തുള്ളി ഉപേക്ഷിക്കണമെന്നാണ് നബി (സ)യുടെ നിര്‍ദേശം.
ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍, അത്തറും സ്‌പ്രേയും സുഗന്ധ വസ്തുക്കളായി ധാരാളം ഉപയോഗിക്കുന്നവരാണ്. മുസ്‌ലിം സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പറയാം. വൃത്തിയിലും ശുചിത്വത്തിലും ഇസ്‌ലാം പുലര്‍ത്തുന്ന ഉത്തമമായ കാഴ്ചപ്പാടാണിതിന് കാരണം. പ്രവാചകന്റെ കര്‍മമാതൃക ഇതിന് പ്രചോദനം നല്‍കുന്നുണ്ട്.
അന്ത്യപ്രവാചകന്‍ സുഗന്ധദ്രവ്യങ്ങളോട് അത്യധികം താല്‍പര്യമാണ് പ്രകടിപ്പിച്ചത്. നബി (സ) കൊണ്ടു നടക്കാറുള്ള സഞ്ചിയില്‍ എപ്പോഴും സുഗന്ധദ്രവ്യങ്ങളുണ്ടായിരുന്നു. കിട്ടാവുന്നതില്‍വെച്ചേറ്റവും മുന്തിയ തരം അത്തറുകളാണ് നബി (സ) ഉപയോഗിച്ചിരുന്നത്. ''ഗന്ധം നന്നാക്കിയവന്റെ ബുദ്ധി വര്‍ധിക്കുമെന്ന്'' മഹാനായ ഇമാം ശാഫിപറഞ്ഞിട്ടുണ്ട്. സാബിത്ബ്‌നു ഖൈസ് (റ) എന്ന സ്വഹാബി യമാമ യുദ്ധത്തിന് പോയത് സുഗന്ധം പൂശിയാണെന്ന് ബുഖാരിയില്‍ കാണാം.
സ്ത്രീകള്‍ക്ക് സുഗന്ധം അനുവദനീയമാണ്. പക്ഷേ പള്ളിയില്‍ പോകുമ്പോള്‍ സുഗന്ധം പൂശരുത്. സൗമ്യമായ പരിമളമുള്ള സുഗന്ധ വസ്തുക്കളാണ് ഉപയോഗിക്കേണ്ടത്. രൂക്ഷ ഗന്ധമുള്ളത് പാടില്ല.
ഇസ്‌ലാമിന് മുമ്പുള്ള അറബികള്‍ സുഗന്ധപ്രിയരായിരുന്നുവെന്ന് പറയുന്നു. സുലൈമാന്‍ നബിയുടെ സൗരഭ്യ പ്രേമം ആരെയും അത്ഭുതപ്പെടുത്തും, വിലപിടിച്ച രത്‌നങ്ങള്‍ നല്‍കിയിട്ടാണദ്ദേഹം പരിമള വസ്തുക്കള്‍ വാങ്ങിയിരുന്നത്!
സുഗന്ധവസ്തുക്കള്‍ക്ക് മതകര്‍മങ്ങളുമായി വലിയ ബന്ധമുണ്ട്. പുരാതന ഈജിപ്തുകാര്‍ അവരുടെ ആരാധ്യ ദേവന്മാരെ പ്രീതിപ്പെടുത്താന്‍ രാവിലെയും ഉച്ചക്കും സന്ധ്യക്കും വെവ്വേറെ സൗരഭ്യമുള്ള സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചിരുന്നുവത്രെ. അമ്പലങ്ങളിലെ പ്രധാന പൂജകള്‍ക്ക് ഇന്നും സുഗന്ധ വസ്തുക്കള്‍ ഒരു പ്രധാന ഘടകം തന്നെയാണ്.
സുഗന്ധ വസ്തുക്കളില്‍ അത്തറിന് അനേകം മഹത്വങ്ങളും ഗുണങ്ങളുമുണ്ട്. ചില അത്തറുകള്‍ക്ക് രോഗശമന ശക്തിയുണ്ടെന്ന് പറയപ്പെടുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ക്ക് 'ഖസ് അത്തര്‍' ആശ്വാസം നല്‍കുന്നതായി അനുഭവമുണ്ട്. തലവേദനക്കും ചര്‍മ രോഗത്തിനും മൂത്രരോഗങ്ങള്‍ക്കുമെല്ലാം ആശ്വാസകരമാകുന്ന ധാരാളം അത്തറുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ കിട്ടും.
ജനപ്രിയമായ ഒരിനമാണ് ഊദിന്റെ അത്തര്‍. അറബികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു സുഗന്ധദ്രവ്യമാണിത്. 'ഊദ്' എന്ന മരത്തിന്റെ തൊലിയാണിതിന്റെ പ്രധാന ഘടകം. ഊദ് എന്നാല്‍ മരത്തടി, ചില്ല എന്നെല്ലാമാണ് അര്‍ഥം.
ചന്ദന തൈലവും പനിനീരും നമുക്ക് മറന്നുകൂടാ. ഇവ കുളിക്കുന്ന വെള്ളത്തില്‍ ഏതാനും തുള്ളികള്‍ ഒഴിച്ചാല്‍ സുഖമുള്ള ഒരു കുളിയായി. അതിന്റെ സുഗന്ധം ദിവസം മുഴുവന്‍ ശരീരത്തില്‍ തങ്ങി നില്‍ക്കുകയും ചെയ്യും. വിയര്‍പുനാറ്റത്തില്‍ നിന്ന് രക്ഷപ്പെടാം.
ഇന്ന് വസ്ത്രങ്ങള്‍ക്ക് മാത്രമല്ല ദേഹത്തിനും അന്തരീക്ഷ വായുവിനുമൊക്കെ സൗരഭ്യം പ്രസരിപ്പിക്കാന്‍ പ്രയാസമില്ല.
പെരുന്നാള്‍, വിവാഹം തുടങ്ങിയ വിശിഷ്ടാവസരങ്ങളില്‍ മാത്രം സുഗന്ധദ്രവ്യ ലേപനം ചെയ്താല്‍ മതിയെന്ന് കരുതേണ്ടതില്ല. നിത്യേന സുഗന്ധം ഉപയോഗിക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top