സ്ത്രീ ശക്തിക്ക് ഊര്‍ജമേകാന്‍ ആരാമം

കേരളത്തിലെ മുസ്‌ലിം സ്ത്രീ സമൂഹം ഇന്നേറെ മാറിയിട്ടുണ്ട്. അവരുടെ ജീവിതത്തിന്റെ സര്‍വ തുറകളിലും ആ മാറ്റം ഏറെ പ്രകടമാണ്. എഴുതാനും വായിക്കാനും പോലുമറിയാത്ത ഒരടുക്കളക്കാരി പെണ്ണ് എന്നതില്‍ നിന്നും ജീവിതത്തിന്റെ സര്‍വ മേഖലകളിലേക്കും അവളെത്തിക്കഴിഞ്ഞു. സമൂഹത്തിലെ വിവിധ ഘടകങ്ങള്‍ ഈ മാറ്റത്തിന് നിമിത്തമായിട്ടുണ്ടാവാം. സര്‍വോപരി അവളുടെ തിരിച്ചറിവും ആത്മവിശ്വാസവും തന്നെയാണിതിന്റെ പ്രധാന ചാലകശക്തി. ഇത് പകര്‍ന്നുനല്‍കുന്നതില്‍ ആരാമം വലിയ പങ്കാണ് നിര്‍വഹിച്ചിട്ടുള്ളത്. നിങ്ങള്‍ ആരാമത്തിന്റെ കഴിഞ്ഞ കാല താളുകള്‍ ഒന്നു പരിശോധിച്ചുനോക്കൂ. ആരാമം സ്ത്രീകള്‍ക്ക് പകര്‍ന്നുനല്‍കിയ ഈ വിപ്ലവകരമായ വിദ്യാഭ്യാസം നിങ്ങള്‍ക്ക് ബോധ്യപ്പെടും. മാധ്യമപ്രവര്‍ത്തനം, പൊതുപ്രവര്‍ത്തനം, മതപ്രവര്‍ത്തനം, പ്രഭാഷണം, എഴുത്ത്, ഉന്നതവിദ്യാഭ്യാസം, മികച്ച കുടുംബനായകത്വം തുടങ്ങിയ വിവിധ മേഖലകളിലേക്ക് വളരാന്‍ ആരാമം നല്‍കിയ ദിശാബോധവും ആത്മവിശ്വാസവും അവള്‍ക്കേറെ ഉപകരിച്ചിട്ടുണ്ട്.
ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം സ്ത്രീകള്‍ക്കുകൂടി ബാധകമായതാണെന്നും അതില്‍ ഇടപെടാനും പ്രതികരിക്കാനുമുള്ള ശേഷിയും അവകാശവും സ്ത്രീകള്‍ക്കുമുണ്ടെന്നും ആരാമം അവരെ ബോധ്യപ്പെടുത്തി. കലയും സാഹിത്യവും കുടുംബവും രാഷ്ട്രീയവും മതവും ജീവിതവുമെല്ലാം ആരാമത്തിന്റെ ഉള്ളടക്കമായിത്തീര്‍ന്നത് അങ്ങനെയാണ്. ഇത്ര വൈവിധ്യവും വൈപുല്യവുമുള്ള ഉള്ളടക്കം വനിതാ പ്രസിദ്ധീകരണങ്ങളില്‍ ആരാമത്തിന്റെ ആകര്‍ഷണീയതയാണ്. രുചിയേറിയ അടുക്കള വിഭവങ്ങളെക്കുറിച്ചും ചമഞ്ഞൊരുങ്ങി സുന്ദരികളാകാനുള്ള വിവിധ വഴികളെക്കുറിച്ചും ധാരാളമായി സ്ത്രീയോട് സംസാരിക്കുന്ന ഒട്ടനവധി പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് ആരാമം സവിശേഷമായ ഈ ഉള്ളടക്കം തെരഞ്ഞെടുത്തത്. അത് സ്ത്രീയെക്കുറിച്ച ആരാമം വെച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാടിന്റെ കൂടി പ്രതിഫലനമാണ്.
ആരാമം ഇസ്‌ലാമിന്റെ ലളിതവായനയാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അതുവഴി ഇസ്‌ലാമിന്റെ ജനകീയവായനയാണ് സംഭവിക്കുന്നത്. പരിമിതമായ ആളുകള്‍ക്കിടയിലെ ഗൗരവവായനയെക്കാള്‍ ഫലം ചെയ്യും ഈ ജനകീയ വായന. ഇസ്‌ലാമിന്റെ പാഠങ്ങളും സന്ദേശങ്ങളും ഏറ്റവും ലളിതമായ രീതിയില്‍ പകര്‍ന്നുനല്‍കാന്‍ അത് ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ ആരാമത്തിന്റെ വായനക്കാരില്‍ പലര്‍ക്കും ഇതൊരു പ്രസിദ്ധീകരണം മാത്രമല്ല, അവരുടെ ഗുരുവും വഴികാട്ടിയുമാണ്. അവര്‍ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ പഠിക്കുന്നത്, പ്രവാചക ചര്യ ശീലിക്കുന്നത്, ഇസ്‌ലാമിന്റെ ചരിത്രം പരിചയപ്പെടുന്നത്, ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക മര്യാദകള്‍ ശീലിക്കുന്നതെല്ലാം ആരാമത്തിലൂടെയാണ്. അഥവാ അവരുടെ ജീവിതത്തിന്റെ കെട്ടും മട്ടും രൂപപ്പെടുത്തുന്നത് ആരാമമാണ്.
വീട്, കുടുംബം, കുട്ടികള്‍, ആനുകാലിക സംഭവങ്ങളെ കുറിച്ച ചര്‍ച്ചകള്‍, ചിന്തോദീപകങ്ങളായ ലേഖനങ്ങള്‍, ജീവിതത്തിന് ഉള്‍ക്കരുത്ത് പകരുന്ന സ്ത്രീ അനുഭവങ്ങള്‍... ആരാമത്തിന്റെ ശ്രദ്ധേയമായ ഉള്ളടക്കമാണിത്. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും ജൈവികമായ സ്ഥാപനമാണ് കുടുംബം. ആവശ്യത്തിന് സ്‌നേഹവും ശ്രദ്ധയും ഒപ്പം ശരിയായ ജീവിതശിക്ഷണവും ലഭിക്കാത്ത കുട്ടികള്‍, ആവശ്യമായ പരിചരണം കിട്ടാത്ത വൃദ്ധര്‍, ഊഷ്മളതയറ്റുപോകുന്ന ദാമ്പത്യ ബന്ധങ്ങള്‍..... ഇതൊക്കെയും പുതിയ കാലത്ത് വീടും കുടുംബവും അനുഭവിക്കുന്ന വലിയ പ്രതിസന്ധികളാണ്, കുടുംബത്തിന്റെ ഒരു തരത്തിലുള്ള മരുഭൂവത്കരണം. വീടുകളെ നിങ്ങള്‍ ശ്മശാനങ്ങളാക്കരുതെന്ന് പ്രവാചകന്റെ ഒരധ്യാപനമുണ്ട്. കുടുംബത്തെ പരിപാലിക്കുന്നതില്‍ പുരുഷനെന്ന പോലെ സ്ത്രീക്കും വലിയ പങ്കുണ്ട്. അതിനാവശ്യമായ മികച്ച കൈപുസ്തകമാണ് ആരാമം. ഒരു മുതിര്‍ന്ന രക്ഷിതാവിനെപ്പോലെ ആരാമം കാര്യങ്ങള്‍ പറഞ്ഞുതരുന്നു.
ആരാമം കൂടുതല്‍ വായനക്കാരിലേക്ക് എത്തേണ്ടതുണ്ട്. നമുക്കിടയില്‍ ഒട്ടേറെ പേര്‍ ആരാമത്തെക്കുറിച്ച് അറിയാത്തവരാണ്. വായിച്ചുതുടങ്ങിയാല്‍ അവരും പ്രിയപ്പെട്ട കൂട്ടുകാരികളാകും. ആരാമം അവരുടെയും. നാമവര്‍ക്ക് ആരാമം പരിചയപ്പെടുത്തണം. ഈ കാമ്പയിന്‍ കാലയളവില്‍ ആരാമം കൂടുതല്‍ കൈകളിലെത്തിക്കാന്‍ നാം മനസ്സുവെക്കണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top