കൗതുകത്തിന്റെ വാതില്‍ തുറന്ന് മാളിയേക്കല്‍ തറവാട്‌

പഴമയിലെ പുതുമ / സക്കീര്‍ഹുസൈന്‍ No image

ലയും രാഷ്ട്രീയവും ഇഴ ചേര്‍ന്ന് നില്‍ക്കുന്ന തലശ്ശേരി മാളിയേക്കല്‍ തറവാട്. എണ്‍പത് പിന്നിട്ട 'ഇംഗ്ലീഷ് മറിയ'ത്തിനും തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആമിന മാളിയേക്കലിനും മുന്‍ കൗണ്‍സിലര്‍ നജ്മ ഹാഷിമിനും ചുവപ്പ് മാത്രമണിയുന്ന ബീച്ചുമ്മക്കും ജന്മം കൊടുത്ത ഉത്തര മലബാറിലെ പുരാതന ഭവനം. ഒളിവില്‍ കഴിയവെ ഇ.എം.എസിനും എ.കെ.ജിക്കും അഭയം കൊടുത്ത വീട്. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷന്‍. ഈ പ്രത്യേകതകള്‍ക്കൊത്ത കെട്ടും മട്ടുമാണ് മാളിയേക്കല്‍ തറവാടിനെ ശ്രദ്ധേയമാക്കുന്നത്.
1919-ല്‍ കാടാങ്കണ്ടി കുട്ടിയാമു ഹാജിയാണ് തന്റെ ഒമ്പത് മക്കള്‍ക്ക് വേണ്ടി ഈ ഭവനം പണികഴിപ്പിച്ചത്. തലശ്ശേരി ടി.സി. മുക്കില്‍ ഏതാണ്ട് ഒരേക്കറിലേറെ സ്ഥലത്താണ് നാലുകെട്ട് മാതൃകയിലുള്ള ഈ തറവാട് പ്രൗഢിയോടെ നിലകൊള്ളുന്നത്. ഏതാണ്ട് 8000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ഭവനത്തില്‍ വിശാലമായ 25 മുറികളുണ്ട്. വീട്ടു ജോലിക്കാര്‍ക്കുള്ള നാലഞ്ചു മുറികള്‍ ഇതിനു പുറമെയാണ്.
ഇപ്പോഴും പെണ്‍കോയ്മ നിലനില്‍ക്കുന്ന ഈ തറവാട് സ്ത്രീകളുടെ സൗകര്യത്തിന് മുന്‍തൂക്കം നല്‍കിയാണ് പണികഴിപ്പിച്ചിട്ടുള്ളത്. മുന്‍വശത്ത് ഇരുഭാഗത്തുമായി അല്‍പം നീളത്തിലും വീതിയിലുമായി ഉയര്‍ന്ന തിണകളുണ്ട്. പുറത്തുനിന്നെത്തുന്ന അന്യ പുരുഷന്മാരെ സ്വീകരിച്ചിരുത്തുന്ന ഇതിനെ ' ക്‌നാത്താരാ' എന്നാണ് പറയുക. അകത്തെ ഹാളുകള്‍ക്ക് മില്ലാപ്പുറമെന്നും. ചെറിയ മില്ലാപ്പുറം, വലിയ മില്ലാപ്പുറം എന്നിങ്ങനെ പോകുന്നു ഇവ.
അകത്തേക്ക് കയറുമ്പോള്‍ കാണുന്ന സാമാന്യം വലിയ ഹാള്‍ 'വലിയ മില്ലാപ്പുറം' ആണ്. ഇതിനോട് ചേര്‍ന്നുള്ള ഹാളിനെ 'തണാല്‍' എന്നു പറയുന്നു. കലാപാരമ്പര്യമുള്ള ഈ തറവാട്ടിലെ സ്ത്രീകള്‍ കലകള്‍ അഭ്യസിച്ചിരുന്നത് 'തണാലി'ലാണ്. 'തണാലി'ന് ചേര്‍ന്ന് 'തെണ'യുണ്ട്. മൈലാഞ്ചി കല്ല്യാണങ്ങള്‍ക്കും മറ്റും എത്തുന്ന സ്ത്രീകള്‍ ഇരിക്കുന്നത് 'തെണ'യിലാണ്. 'തണാലി'നോട് ചേര്‍ന്നുള്ള മരക്കോണി കയറിയാല്‍ കാണുന്ന വലിയ ഹാള്‍ 'മുകള്‍ മില്ലാപ്പുറ'മാണ്.
'നിറായ്' എന്നാണ് അടുക്കളയെ പറയുന്നത്. ചെറിയ നിറായ്, വലിയ നിറായ് എന്നിങ്ങനെ ഒന്നില്‍ കൂടുതല്‍ അടുക്കളയുണ്ട്. സ്ത്രീകള്‍ പ്രസവിച്ചാല്‍ പ്രത്യേക മുറിയിലാക്കും. അടുക്കളയും കുളിമുറിയുമുണ്ടിതില്‍. 'ചെറിയ നിറായ്' ആണിവിടെ. ഇതോടൊപ്പം പ്രത്യേക കിണറുമുണ്ട്. മൂന്ന് കിണറുകളുമുണ്ടിവിടെ.
'ചോളി' എന്നാണ് കുളിമുറിയെ പറയുന്നത്. പുരുഷന്മാര്‍ക്ക് പുറത്ത് കിണറോടെയാണ് കുളിമുറി. 'മില്ലാപ്പുറത്തെ ചോളി' എന്നാണിതിനെ പറയുന്നത്. ഈ കിണറ്റില്‍ നിന്ന് മുകളിലെ 'ചോളി'യിലേക്ക് വെള്ളം കോരാന്‍ സൗകര്യമണ്ട്. വീട്ടുജോലിക്കാര്‍ക്ക് പ്രത്യേക 'ചോളി'യാണ്.
അരി കുത്തി ചേറാന്‍ പ്രത്യേകം മുറിയുണ്ട്. പാത്രങ്ങള്‍ സൂക്ഷിക്കാനുമുണ്ട് ഇപ്രകാരം മുറികള്‍.
ഒമ്പത് പതിറ്റാണ്ടു മുമ്പ് ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്ത് പതിച്ച തറയോടുകളുടെ സൗന്ദര്യം ഇപ്പോഴും നിലനില്‍ക്കുന്നു. കൈകെണ്ട് തുന്നിയ ഇറാനിയന്‍ കാര്‍പെറ്റാണ് അകത്ത് വിരിച്ചിരിക്കുന്നത്. മരപ്പണികള്‍ക്ക് വിലപിടിപ്പുള്ള മരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്്. അകങ്ങളില്‍ തൂക്കിയിട്ടിരിക്കുന്ന അറേബ്യന്‍ വിളക്കുകളും വീടിനെ അലങ്കരിക്കുന്നു.
വിദ്യാഭ്യാസപരമായി വളരെ ഉന്നത നിലവാരം പുലര്‍ത്തുന്നവരാണ് മാളിയേക്കല്‍ തറവാട്ടംഗങ്ങളില്‍ ഭൂരിഭാഗം പേരും. ഇപ്പോഴത്തെ കാര്‍ണോത്തി മറിയം ഇവരില്‍ അഗ്രഗാമിയാണ്. ഇപ്പോഴും 'ദ ഹിന്ദു' പത്രം വായിക്കുന്ന, ഇംഗ്ലീഷ് സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഇവര്‍ക്ക് മാധ്യമങ്ങള്‍ നല്‍കിയ വിശേഷണമാണ് 'ഇംഗ്ലീഷ് മറിയം'.
'പഴശ്ശിരാജ', 'പാലേരി മാണിക്യം', 'ദൈവനാമത്തില്‍' തുടങ്ങിയ ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫ വിവാഹം കഴിച്ചത് മാളിയേക്കല്‍ തറവാട്ടംഗത്തെയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top