നമുക്കിണങ്ങുന്ന വീട്‌

എന്‍..... പി ഹാഫിസ് മുഹമ്മദ് No image

തു തരം വീട് വെക്കണമെന്ന് ഞാനും ഭാര്യയും ഒരു തീരുമാനത്തിലെത്തിയ ശേഷം അതിനിണങ്ങുമെന്ന് തോന്നിയ ഒരു ആര്‍ക്കിടെക്റ്റിനെ കണ്ടെത്തി; ജി. ശങ്കര്‍ ഹാബിറ്റേറ്റ്. തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ ഒരു കൂടിക്കാഴ്ചക്ക് അവസരം കിട്ടുക എളുപ്പമായിരുന്നില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ കൂടിക്കാഴ്ച തരപ്പെട്ടു. ഞാനും ഭാര്യയും ശങ്കറിനെ കാണാന്‍ ചെന്നു. ഇഷ്ടിക കൊണ്ട് പ്രകടന പരതയില്ലാതെ ഉണ്ടാക്കുന്ന വീട് ഞങ്ങള്‍ക്ക് ഇഷ്ടമാണെന്ന് ബോധ്യമായപ്പോള്‍ ശങ്കര്‍ നിര്‍ദേശിച്ചു: ''കോഴിക്കോട്ടേക്ക് മടങ്ങിക്കോളൂ. ആവശ്യത്തിന് സമയമെടുത്ത് നിങ്ങള്‍ രണ്ടു പേരുടെയും മനസ്സിലുള്ള വീടിനെക്കുറിച്ച് വിശദമായി ഒന്ന് എഴുതിയയക്കാമോ?'' ഞങ്ങളിരുവരും മനസ്സിലുള്ള വീട് അക്ഷരങ്ങളിലാക്കി ശങ്കറിനയച്ചു കൊടുത്തു. ശങ്കറിന്റെ മറുപടി: ''ഇനി ഞാന്‍ സ്ഥലം വന്ന് കണ്ട ശേഷം പ്ലാനുണ്ടാക്കാം.'' ശങ്കര്‍ സ്ഥലം വന്നു കണ്ടു. കാറ്റിന്റെ ഗതിയും വെളിച്ചത്തിന്റെ ലഭ്യതയും മരങ്ങളുടെ കിടപ്പും ഗണിച്ചു. ആദ്യമൊരു റഫ് പ്ലാന്‍ അയച്ചു തന്നു. സ്വപ്നവുമായി താരതമ്യപ്പെടുത്തി അഭിപ്രായം പറയാന്‍ നിര്‍ദേശിച്ചു. അഭിപ്രായങ്ങള്‍ അറിയിച്ചു. പ്ലാനായി. അപ്പോഴും, കാഴ്ചയില്‍ വീടെങ്ങനെയുണ്ടാവുമെന്നത് വരച്ചു തന്നില്ല. പറഞ്ഞതിങ്ങനെ: 'അതു കാര്യമാക്കണ്ട. അത് അങ്ങനെ ഉരുത്തിരിയും.' അങ്ങനെ വീട്പണി തുടരും. അത്ര തിടുക്കമല്ലാത്തതുകൊണ്ട് സാവധാനമാണ് പണി തീര്‍ത്തത്. പണിയുടെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ക്ക് വീടിനോടുള്ള ഇഷ്ടം കൂടിവന്നു. വീടിന് നല്‍കിയ പേര് 'മാനസം' എന്നായിരുന്നു. പതിനഞ്ചു കൊല്ലം കഴിഞ്ഞിട്ടും ആ പേരു പോലും അന്വര്‍ഥമായതറിയുന്നു. ഇഷ്ടമേറി വരികയും ചെയ്യുന്നു.

വീടുവെപ്പിന്റെ ഏറ്റവും പ്രധാന പാഠം മറ്റൊന്നല്ല. ഉണ്ടാക്കുന്ന വീട് അതിനുള്ളില്‍ താമസിക്കുന്നവര്‍ക്കുള്ളതാകുന്നു. ഏതുതരം വീടായാലും ഏതെല്ലാം വസ്തു വകകളുപയോഗിച്ചുണ്ടാക്കിയാലും, എത്ര പണം ചെലവഴിച്ചതായാലും ആ വീട് അതിനുള്ളില്‍ രാപാര്‍ക്കുന്നവര്‍ക്കിഷ്ടപ്പെട്ടതാവണം. പലരും വീടുണ്ടാക്കുന്നത് അതിനകം കഴിയുന്നവരുടെ സുഖാവസ്ഥക്കല്ല. മറ്റുള്ളവരെ കാണിക്കാനും 'കിടിലന്‍ വീട്' എന്ന അഭിപ്രായം കേള്‍ക്കാനുമാണ്. കേരളീയരുടെ അഹന്തയും പൊങ്ങച്ചവും വീടുപണിയിലും പ്രകടമാണ്. മേല്‍ക്കൂരയും ഗ്രാനൈറ്റ് പതിച്ച ചുമരും കൊത്തു പണികളോടെ വാതിലുകളും കടുംവര്‍ണങ്ങള്‍ പൂശുന്ന മുറികളും ഒരുക്കുന്നത് വീടുകാണാന്‍ വരുന്നവരുടെ 'നന്നായിട്ടുണ്ട്' എന്ന അഭിപ്രായം കേള്‍ക്കാന്‍ മാത്രമാണ്.
വീട് മറ്റുള്ളവരുടെ കാഴ്ചക്ക് വേണ്ടി പണിയുമ്പോള്‍ പലവിധ നഷ്ടങ്ങളുമുണ്ട്. അനാവശ്യമായി പണം ചെലവഴിക്കപ്പെടേണ്ടി വരുന്നു. വീടിനുള്ളിലെ സൗകര്യങ്ങള്‍ കൂടുവാനും കൂടുതല്‍ പ്രയോജനപ്രദമാക്കുവാനുമുള്ള അവസരം നഷ്ടമാകുന്നു. വീടിന്റെ പുറംമോടിയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവര്‍ വീടിനുള്ളിലെ ആവശ്യങ്ങള്‍ അറിയാതെ പോകുന്നു. നമ്മുടെ ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള മണിമന്ദിരങ്ങള്‍ മലയാളിയുടെ പ്രകടന പരതയുടെ അടയാളങ്ങളായിത്തീരുന്നത് അങ്ങനെയാണ്.
പലരും പണിതുയര്‍ത്തുന്ന വീട് അവരവരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചല്ല. വീടെടുക്കാനുള്ള സ്ഥലം വാങ്ങുമ്പോള്‍ വഴിയെ പോകുന്നവര്‍ക്ക് കാണാനുള്ള സൗകര്യത്തിനാണ് ചിലര്‍ പരമ പ്രാധാന്യം കൊടുക്കുന്നത്. റോഡിനോടൊട്ടിക്കിടക്കുന്ന, രാവും പകലും വാഹനങ്ങള്‍ ഇരമ്പിപ്പായുന്നതിന്റെ ബഹളത്തിന് നടുവില്‍ പൊടിപടലം കൊണ്ട് അഭിഷേകം ചെയ്യുന്ന ഒരിടത്ത് വീടുവെക്കുമ്പോഴുണ്ടാകുന്ന ദോഷങ്ങള്‍ ഇക്കൂട്ടര്‍ ആലോചിക്കുന്നില്ല. വീടെടുക്കുന്ന സ്ഥലത്ത് ഭാവിയില്‍ വില ഇരട്ടിക്കുമെന്ന് പറഞ്ഞ് ഒരിടം വാങ്ങുന്നവര്‍ വീടെടുത്ത് താമസിക്കാനല്ല, വില്‍പന നടത്തി ലാഭമുണ്ടാക്കാനാണ് വീടുണ്ടാക്കുന്നതെന്ന് തോന്നിപ്പോകും. അങ്ങനെയുള്ള സ്ഥലത്ത് വീട് പണിതാല്‍ പകല്‍ സന്തോഷത്തോടെ ഇരിക്കാനോ രാത്രി സമാധാനത്തോടെ ഉറങ്ങാനോ സാധിക്കുകയില്ലെന്നവരറിയുന്നില്ല. വാഹന സൗകര്യങ്ങള്‍ കണക്കിലെടുത്ത് പ്രധാന നിരത്തുകളില്‍ നിന്ന് മാറി ശാന്തവും ശുദ്ധ വായുവും വെള്ളവും ലഭിക്കുന്ന ഒരിടത്ത് വീടുവെക്കാന്‍ ശ്രമിക്കുന്നതായിരിക്കും വിവേകം. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നടന്നെത്താന്‍ നഗരമദ്ധ്യത്തിലോ ദേശീയ പാതയിലോ വീട് പണിയുമ്പോള്‍ അസ്വസ്ഥതയുടെ രാപകലുകളായിരിക്കും ഒരാള്‍ വിലകൊടുത്തു വാങ്ങുക. അതിനപ്പുറം വീട് സൗകര്യപ്രദമാക്കാന്‍ ഉപയോഗിക്കാവുന്ന സംഖ്യയില്‍ വലിയൊരു ഭാഗം സ്ഥലം വാങ്ങി മുടക്കാചരക്കാക്കുന്നു. പിന്നീടുള്ള കാര്യങ്ങള്‍ക്ക് ആവശ്യത്തിന് പണമില്ലാതെ വരുന്നതിന്റെ പ്രതിസന്ധികള്‍ ആരംഭിക്കുകയും ചെയ്യുന്നു.
കൈയിലില്ലാത്ത പണം കൊണ്ടോ താങ്ങാനാവാത്ത പലിശ നല്‍കാന്‍ ഭീമ സംഖ്യ ലോണെടുത്തോ ഒരാള്‍ വീട് പണിയാന്‍ മുതിരുന്നത് ആത്മഹത്യാപരമാണ്. വീടുണ്ടാക്കിയാല്‍ അവിടെ താമസിക്കുന്ന അംഗങ്ങള്‍ വീടു പണിയാനുള്ള ഫണ്ടിനെക്കുറിച്ച് നേരത്തെ മനസ്സിലാക്കിയിരിക്കണം. വീടിന്റെ മോടിയെക്കുറിച്ചും ആഡംബരത്തെക്കുറിച്ചും മനക്കോട്ട കെട്ടുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്ന സ്ത്രീകളും കുട്ടികളും അതു ചെയ്യും മുമ്പ് ഗൃഹനാഥന്റെ വീടുവെക്കാനുള്ള ബജറ്റിനെക്കുറിച്ച് അറിഞ്ഞിരിക്കണം. ലോണെടുക്കുന്നവര്‍ പിന്നീട് മാസാമാസങ്ങള്‍ അടച്ചു വീട്ടാനുള്ള സാധ്യതയെക്കുറിച്ചും ഓര്‍ക്കേണ്ടതുണ്ട്. എഞ്ചിനീയര്‍ പറഞ്ഞ ബജറ്റില്‍ വീടുപണി തീര്‍ക്കാനാവില്ലെന്ന് മനസ്സിലാക്കലും പ്രധാനപ്പെട്ടതാണ്.
വീട്ടില്‍ താമസിക്കാന്‍ പോകുന്നവരുടെ സ്വാസ്ഥ്യം കെടുത്താത്ത ആര്‍ക്കിടെക്റ്റിനെയോ എഞ്ചിനീയറെയോ കിട്ടുക എന്നത് ഭാഗ്യമാണ്. വീടിന്റെ മൊത്തം ചെലവ് പരമാവധി കൂട്ടുകയും അതിന്റെ ആനുപാതികമായി കമ്മീഷന്‍ / സര്‍വീസ് ചാര്‍ജ് വാങ്ങുകയും ചെയ്യുന്ന വിദഗ്ധരില്‍ പലരും വീടുവെക്കുന്ന ആളുടെ സ്വാസ്ഥ്യം കെടുത്തിയേക്കും. വീടെടുക്കുന്നവരുടെ സ്വഭാവ രീതികളും ജീവിത ശൈലികളും തിരിച്ചറിഞ്ഞ്, സാമ്പത്തിക സ്ഥിതിക്കിണങ്ങിയ വീടുണ്ടാക്കിക്കൊടുക്കുന്ന ആര്‍ക്കിടെക്റ്റിനേയും എഞ്ചിനിയറേയുമാണ് സാധാരണക്കാരായ മധ്യവര്‍ഗക്കാര്‍ക്ക് അഭികാമ്യം.
ഭൂവിടത്തിന് ചേര്‍ന്നതാവണം വീടെന്ന സന്ദേശം ശങ്കറില്‍ നിന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കഴിയാവുന്നത്ര മരങ്ങളെയോ ചെടികളെയോ നശിപ്പിക്കാതെ അവയെ വീടിന്റെ ഭാഗമാക്കി മാറ്റുന്ന അത്ഭുത പ്രക്രിയ ആര്‍ക്കിടെക്റ്റിന്റെ മേന്മയായി കുറിക്കുന്നു. കാറ്റ് വീശുന്നതിലെ ഗതിവിഗതികളറിഞ്ഞ് വാതിലുകളും ജനലുകളും എവിടെയാകണമെന്ന് തീരുമാനിക്കുന്നത് പ്രധാനപ്പെട്ടതാണ്. ശങ്കറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ''കാറ്റിനെ വിളിച്ചു കൊണ്ടുവന്ന് കെണിയില്‍ പെടുത്തണം.'' വെളിച്ചം ആവശ്യമുള്ളിടം കിട്ടുക എന്നതും പ്രധാനപ്പെട്ടതാണ്. പല വീടുകളിലും പകല്‍ നേരങ്ങളിലെല്ലാം ഫാനിടുന്നതും ബള്‍ബു കത്തിക്കുന്നതും ഒഴിവാക്കാനാവാത്ത സമൂഹ ദ്രോഹമായിത്തീരുന്നുണ്ട്. പരിസ്ഥിതിയോടിണങ്ങിച്ചേര്‍ന്ന വീട് ഒരുക്കുമ്പോള്‍, അത് ആ സ്ഥലത്തിന്റെ വളര്‍ച്ചയായി മാറുന്നു. നമ്മുടെ പല വീടുകളും ആകാശം കുത്തിത്തുളക്കുന്ന കൃത്രിമ നിര്‍മിതിയാകുന്നത് ഭൂമിക്കും ചുറ്റുവട്ടത്തിനുമിണങ്ങാത്ത കോണ്‍ക്രീറ്റ് കുടീരങ്ങള്‍ പണിയുന്നതു കൊണ്ടാണ്.
വീടിനിുള്ളില്‍ താമസിക്കുന്നവരുടെ അഭിരുചിയും താല്‍പര്യങ്ങളും വളര്‍ത്താനും ആസ്വദിക്കാനുമാവുന്ന മുറികളാണ് രൂപകല്‍പന ചെയ്യേണ്ടത്. എപ്പോഴെങ്കിലും വരുന്ന അതിഥികള്‍ക്ക് വേണ്ടി മുറിയോ, മരണവേളയില്‍ മരിച്ചയാളെ കിടത്താനുള്ള സ്ഥലമോ സൗകര്യപൂര്‍വം ഒരുക്കിവെക്കുന്നതിനേക്കാള്‍ പ്രധാനം കുട്ടികളുടെ പഠനത്തിന് ഇണങ്ങിയ ഒരിടം ഒരുക്കലാണ്. മുറികള്‍ റെയില്‍വേ പ്ലാറ്റ് ഫോം പോലെ വലുതാക്കിയാല്‍ വീട് കാണാന്‍ വരുന്നവര്‍ 'വലിയ മുറിയായത് നന്നായി' എന്ന അഭിപ്രായവും പാസാക്കി മടങ്ങിപ്പോകും. വീട് വൃത്തിയോടെയും ഭംഗിയോടെയും നിലനിര്‍ത്തേണ്ടത് വീട്ടുകാരാണ്. ഓരോ മുറികളെയും സംബന്ധിച്ചിടത്തോളം അതില്‍ ചില പ്രധാന ധര്‍മ നിര്‍വഹണത്തിന് പ്രാധാന്യമുണ്ട്. കിടപ്പുമുറി കുടുംബാംഗങ്ങള്‍ക്ക് സൊറ പറഞ്ഞിരിക്കാനുള്ളതല്ല. അടുക്കള ടി.വി കണ്ട് പണിയെടുക്കാനുള്ളതല്ല.
പലരുടെയും ധാരണ വിലപിടിച്ചതും ആഡംഭരത്വം നിറഞ്ഞതുമായ വസ്തുവകകള്‍ കൊണ്ട് വീട് മോടി പിടിപ്പിക്കുന്നതാണ് മാന്യത ലഭിക്കാന്‍ വഴി എന്നാണ്. വീട് പണിയുമ്പോള്‍ അഴിച്ച് അടുപ്പിലിടേണ്ട സ്വഭാവ വിശേഷം പൊങ്ങച്ചമാണ്. പലരും വീടെടുപ്പിനുള്ള വസ്തുവകകള്‍ വാങ്ങുന്നത് ഉല്‍പാദകരെയും വ്യാപാരികളെയും സമ്പന്നരാക്കുവാനോ എഞ്ചിനീയറെയും ജോലിക്കാരെയും തൃപ്തിപ്പെടുത്താനോ ആണ്. ഓരോ വസ്തു വാങ്ങുമ്പോഴും അതിന്റെ പ്രയോജനവും വിലയും പ്രധാനമായും പരിഗണിക്കേണ്ടതുണ്ട്. വീടുപണിയിലേര്‍പ്പെട്ട എഞ്ചിനീയര്‍ അടക്കമുള്ളവരുടെ കമ്മീഷന്‍ കൂട്ടാന്‍ പാവം വീടെടുക്കുന്നയാള്‍ കഠിനമായി അധ്വാനിക്കേണ്ടതില്ല. വീടെടുത്തു കഴിഞ്ഞവരാണ് പലരെയും ഉപദേശിക്കുക. അവരുടെ അനുഭവ പരിസരത്ത് മാത്രം നിന്നുകൊണ്ട് നല്‍കുന്ന ഉപദേശം സ്വീകരിക്കും മുമ്പേ സ്വയം ആലോചന നടത്താന്‍ മറക്കരുത്. പെയിന്റര്‍ 'ഈ കളറാ ഇപ്പോ എല്ലാവരും അടിക്കുന്നേ' എന്ന് പറയുമ്പോള്‍ ലോകത്തെല്ലാവരും പെയിന്റടിച്ചതിന്റെ സ്ഥിതിവിവര കണക്കുകള്‍ അയാളുടെ കൈവശമില്ലാ എന്ന് നാം അറിയണം. അയാളുടെ അഭിരുചിയോ താല്‍പര്യമോ അല്ല മറ്റൊരാളുടേത്. കേരളത്തിലിപ്പോള്‍ വീടുകള്‍ക്ക് ഏതു നിറം നല്‍കണമെന്നത് വീട്ടുകാരല്ല നാട്ടുകാരും ജോലിയെടുക്കുന്നോരും തീരുമാനിക്കുന്നുവെന്നതാണ് മറ്റൊരു ദുരന്തം. പണിയുടെ ഓരോ ഘട്ടത്തിലും മറ്റുള്ളവരുടെ അഭിപ്രായം ആരാഞ്ഞു കൊണ്ടിരിക്കുകയും അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും മുമ്പ്, ആ വീട്ടില്‍ താമസിക്കാന്‍ പോകുന്നവര്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതാണുചിതം. പല കാര്യങ്ങളില്‍ വിദഗ്ധരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ വേണ്ടിവരുമെങ്കിലും അവ ലഭിക്കേണ്ടത് വീടെടുക്കുന്നവരുടെ അഭിരുചികളും സാമ്പത്തിക സ്ഥിതിയും പരിഗണിച്ചാവണം.
വീട് പണിയുന്നവരോട് പരിഗണനയും സൗഹൃദവും വെച്ചുപുലര്‍ത്തുന്നത് പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കും. ശകാരം കൊണ്ടോ കടുത്ത വിമര്‍ശനം കൊണ്ടോ നമ്മള്‍ ആഗ്രഹിക്കുന്ന മാറ്റം ജോലിക്കാരില്‍ ഉണ്ടാക്കാനാവില്ല. നമ്മുടെ ആവശ്യം അവരെ അറിയിച്ച് ബോധ്യപ്പെടുത്തണം. നമ്മുടെ ആവശ്യങ്ങള്‍ സ്വയം അറിയാതെയും, അത് മറ്റുള്ളവരെ അറിയിക്കാതെയും, നമ്മുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് രൂപകല്‍പന നടത്താതെയും, മറ്റുള്ളവരുടെ മുമ്പില്‍ ഞെളിഞ്ഞുനടക്കാന്‍ വീട് പണിതുയര്‍ത്തുന്നവരാണ് പണി തീരും മുമ്പെ പടു വൃദ്ധരാകുന്നത്. എങ്ങനെയെങ്കിലും പണി കഴിഞ്ഞാല്‍ തന്നെ സ്വസ്ഥമായി അതിനുള്ളില്‍ കൂടാന്‍ പറ്റാതെ പോകുന്ന അവരാണ് ആപത്ത് വില കൊടുത്ത് വാങ്ങുന്നത്. താമസിക്കുന്നവരുടെ മനസ്സിനും കീശക്കുമിണങ്ങുന്ന വീടുണ്ടാക്കുക എന്നത് തന്നെയാണ് പ്രധാനം.
ശേഷക്രിയ
1. വീട് സ്വപ്നം കാണും മുമ്പേ തീരുമാനിക്കേണ്ട ഒരു കാര്യമുണ്ട്. വീട് നാട്ടുകാരുടെയോ ഭാര്യാഭര്‍തൃ വീട്ടുകാരുടേയോ സുഹൃത്തുക്കളുടെയോ പ്രശംസ കൈപറ്റാന്‍ വീടുണ്ടാക്കുകയില്ല എന്നതാണത്.
2. വീടിനുള്ള സ്ഥലമെടുപ്പിന് കഴിവതും കുറഞ്ഞ നിക്ഷേപം നടത്തുക. മറിച്ച് വില്‍ക്കാനോ വീടെടുത്തവര്‍ മരിച്ചാല്‍ അനന്തരാവകാശികള്‍ക്ക് പൊന്നു വില കിട്ടാനോ ഉള്ള സ്ഥലമല്ല തെരഞ്ഞെടുക്കേണ്ടത്. വായു-ജല മലീനീകരണമില്ലാത്ത സ്വസ്ഥമായി രാപകലുറങ്ങാനാവുന്ന സ്ഥലത്താണ് വീട് പണിയേണ്ടത്. യാത്രാ സൗകര്യങ്ങളും പരിഗണിക്കാം.
3. താമസിക്കാന്‍ പോകുന്നവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും, ആവശ്യങ്ങള്‍ക്കും അനുസൃതമായ വീടാകണം പണിയേണ്ടത്.
4. വീടെടുക്കാന്‍ കൈയിലുള്ള കാശും സ്വരൂപിക്കാനാവുന്ന പണവും എത്ര എന്ന് അറിഞ്ഞിരിക്കണം. കടം കൊടുത്ത് തീര്‍ക്കാനാവുമോ എന്ന് ഉറപ്പ് വരുത്തണം.
5. പേരും പെരുമയുമുള്ള ആര്‍കിടെക്റ്റിനേക്കാള്‍ നല്ലത് വീടെടുക്കുന്നവരോട് ഇടപഴകി അവരെ തിരിച്ചറിഞ്ഞ് സേവനം നല്‍കുന്ന ഒരാളെയാണ്.
6. ആഡംബരത്തെക്കാളും അലങ്കാര പണികളെക്കാളും പ്രധാനം താമസിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളാണ്. പ്രയോജന പരതക്കാണ് ഊന്നല്‍ നല്‍ക്കേണ്ടത്.
7. വീട്ടുസാധനങ്ങള്‍ വാങ്ങുന്നതില്‍ ആരെയെങ്കിലും ഏല്‍പ്പിച്ച് എളുപ്പം നടത്താന്‍ ശ്രമിച്ചാല്‍ ചതിക്കപ്പെടാന്‍ ഇടയുണ്ട്. നശിക്കാത്ത മെറ്റീരിയലുകള്‍ ഒന്നിച്ച് വാങ്ങി വെക്കുന്നത് ലാഭകരമായിരിക്കും.
8. വീടുപണിയുടെ ഓരോ ഘട്ടവും പൂര്‍ത്തീകരിക്കുമ്പോള്‍ വിലയിരുത്തണം. എങ്കിലേ പ്രശ്‌നങ്ങളും അബദ്ധങ്ങളും തിരിച്ചറിഞ്ഞ് തിരുത്തലുകള്‍ വരുത്താനാവൂ.
9. വീടുപണിയുടെ എല്ലാ ഘട്ടത്തിലും ഒരാളുടെ മേല്‍നോട്ടം ആവശ്യമാണ്. മേല്‍നോട്ടമില്ലാതെ വീടു പണിയുന്നവര്‍ക്ക് വരുന്ന നഷ്ടങ്ങള്‍ വലുതായിരിക്കും.
10. വീടുപണിയിലേര്‍പ്പെട്ട തൊഴിലാളികളോടെപ്പോഴും സ്‌നേഹ സൗഹൃദങ്ങള്‍ കാണിക്കുക. ഇതവര്‍ക്ക് പണിയില്‍ ശ്രദ്ധക്കൂടുതല്‍ ഉണ്ടാക്കാനും മെച്ചപ്പെട്ട സേവനം ലഭിക്കാനും വഴിവെക്കും.
11. വീടുപണിയുടെ ആദ്യത്തെയും അവസാനത്തെയും പ്രധാന പാഠം ആസൂത്രണമാണ്. വിദഗ്ധരുമായി ചര്‍ച്ച നടത്തി കൃത്യമായ പ്ലാന്‍ ഉണ്ടാക്കിയിരിക്കണം.
12. ഗൃഹപ്രവേശം ഒരിക്കലും ആഘോഷമാക്കുകയില്ലെന്ന് തീരുമാനമെടുത്താവണം വീടുപണി ആരംഭിക്കേണ്ടത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top