ആരാമം കാമ്പയിന്‍ വിജയിപ്പിക്കുക

റുക്‌സാന.പി / പ്രസിഡന്റ് ജി.ഐ.ഒ കേരള No image

കേരളീയ പെണ്‍മയുടെ ആവിഷ്‌കാര മുദ്രയായ ആരാമം മൂന്ന് ദശാബ്ദം പിന്നിടുകയാണ്. അജ്ഞാനത്തിന്റെയും പാരതന്ത്ര്യത്തിന്റെയും സര്‍ഗാത്മക നിഷേധത്തിന്റെയും ഇരുള്‍ വീണ പഴയ പെണ്‍വീഥികളില്‍ അക്ഷര വസന്തത്തിന്റെ വെളിച്ചക്കീറായാണ് ആരാമം പിറന്നു വീണത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ദൈവം കനിഞ്ഞരുളിയ ദീര്‍ഘദര്‍ശനത്തിന്റെ പ്രതിനിധാനങ്ങളിലൊന്നായാണ് ആരാമം പിറവിയെടുത്തത്. പൈങ്കിളിവല്‍കരണത്തിന്റെയും കണ്ണീരിന്റെയും അര്‍ഥശൂന്യമായ അക്ഷര വൈകൃതത്തിന്റെ പ്രതിബിംബങ്ങളായി വാരികകളും മഹിളാ, വനിതാ മാസികകളും പെണ്‍പ്രജ്ഞയെ മാനഭംഗം ചെയ്തുകൊണ്ടിരുന്ന കാലത്ത് സാംസ്‌കാരിക നിലവാരം തകര്‍ന്നിട്ടില്ലാത്ത ഒരു വിഭാഗം ഉയര്‍ത്തിയ ചോദ്യത്തിന്റെ ഉത്തരമായിരുന്നു ആരാമം.
കേരളീയ പെണ്‍ചരിത്രം സത്യസന്ധമായി അടയാളപ്പെടുത്താന്‍ തയ്യാറായാല്‍ ആരാമത്തിന് അതില്‍ പത്തരമാറ്റ് തിളക്കമുണ്ടാകും. കാരണം ആരാമത്തിന്റെ ചുവടുപിടിച്ചാണല്ലോ പല കുടുംബ വനിതാ മാസികകളും രംഗപ്രവേശനം ചെയ്തത്. ആരാമം മുന്നോട്ട് വെച്ച മാതൃക മറ്റുള്ളവര്‍ വലിയ തോതില്‍ അനുകരിച്ചത് എന്നും സ്മരിക്കത്തക്കതാണ്. സ്ത്രീ വിമോചനം, കുടുംബം, കുട്ടികള്‍, സമൂഹം, പരിസ്ഥിതി, സമരങ്ങള്‍, കല, സാഹിത്യം, സിനിമ, പാചകം, ചരിത്രം, പഠനങ്ങള്‍... അങ്ങനെ ആരാമം കൈവെച്ച മേഖലകള്‍ അനവധിയാണ്.
ആരാമത്തിന്റെ വലിയ വിജയങ്ങളിലൊന്ന് അത് കെട്ടികിടന്ന് ദുഷിച്ചില്ല എന്നതാണ്. പെണ്‍വായനയുടെ പുതിയ ചക്രവാളങ്ങള്‍ തേടുകയാണ് ഓരോ ലക്കത്തിലും ഈ മാസിക. വ്യതിരിക്തവും അതിശയിപ്പിക്കുന്നതുമായ കവര്‍‌സ്റ്റോറികളും രചനകളും ഓരോ ലക്കത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ ഹൃദയമിടിപ്പ് കൂട്ടുന്നു. അങ്ങനെ ആരാമം ഒരു വികാരമായി മാറുന്നു. ചിലപ്പോളതൊരാശ്വാസമാണ്. മറ്റ് ചിലപ്പോള്‍ തിളച്ചുമറിയുന്ന ജീവിത പ്രശ്‌നങ്ങളുടെ ഊഷരനിലങ്ങളില്‍ ആശ്വാസത്തിന്റെ പെയ്ത്താണ്. എല്ലാ അര്‍ഥത്തിലും വഴികാട്ടിയും ഗുരുവുമായി ഇപ്പോഴും അത് നമ്മുടെ കൂടെയുണ്ട്.
ആരാമത്തിന്റെ ചരിത്രം സ്ത്രീ ശാക്തീകരണത്തിന്റെ ഒരത്യപൂര്‍വ സാഫല്യത്തിന്റെ ചരിത്രം കൂടിയാണ്. തുടക്കകാലത്ത് സമ്പൂര്‍ണ പുരുഷ നിയന്ത്രണത്തിലിറങ്ങിയ ഈ മാസിക ക്രമാനുഗതമായി സ്ത്രീകള്‍ മാത്രം അണിയറ ശില്‍പികളായുള്ള പരിണാമത്തിന് സാക്ഷിയായി. ഇത് ആരാമം തന്നെ വളര്‍ത്തിക്കൊണ്ടുവന്ന അക്ഷര കരുത്തിന്റെ തെളിവാണ്.
ചരിത്രവും നേട്ടങ്ങളും മാത്രം അയവിറക്കി നിര്‍വൃതിയടയാന്‍ വരട്ടെ! ആരാമം ഈ കാമ്പയി ന് വേണ്ടി മുന്നിട്ടിറങ്ങുമ്പോള്‍ പുതിയ ചില സ്വപ്നങ്ങള്‍ സ്വരുക്കൂട്ടുന്നുണ്ട്. പക്ഷെ ഏത് സ്വപ്നങ്ങളും സാക്ഷാല്‍കരിക്കപ്പെടുന്നത് അതിന് പിറകില്‍ അര്‍പ്പിക്കുന്ന ത്യാഗത്തിന്റെ അളവനുസരിച്ചാണ്. ഒരല്‍പം വെള്ളം പകര്‍ന്ന് തടം കെട്ടി പരിചരിച്ചാല്‍ കേരളത്തിലെ ഒരു വട വൃക്ഷമായി ആരാമം മാറുമെന്നതില്‍ അതിനെ അടുത്തറിയുന്നവര്‍ക്കാര്‍ക്കും സന്ദേഹമില്ല.
ആരാമത്തിന്റെ ഏറ്റവും വലിയ കരുത്തും ധൈര്യവും അതിനെ നെഞ്ചിലേറ്റുന്നവരിലേക്കെത്തിക്കാന്‍ ഉത്സുകരായ ആയിരങ്ങളടങ്ങുന്ന ഒരു നെറ്റ്‌വര്‍ക്ക് അതിന് പിന്നിലുണ്ടെന്നതാണ്. എഴുത്തുകാരികളും ചിന്തകരും ഉള്‍പ്പെടുന്ന വലിയൊരു നിര വേറെയുമുണ്ട്. പ്രത്യേകിച്ച് പുതിയ തലമുറയിലെ പെണ്‍കുട്ടികളില്‍. ഇസ്‌ലാമിക പ്രസ്ഥാനത്തിനു കീഴിലെ പെണ്‍കൂട്ടായ്മയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന ആരാമത്തെ വലിയ തോതില്‍ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും നമുക്ക് പറ്റിയോ എന്നത് സംശയമാണ്.
നാം പെണ്‍കുട്ടികള്‍,- കഴിവിലും സര്‍ഗാത്മകതയിലും ധൈഷണിക വ്യവഹാരങ്ങളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ ശ്രമിക്കുന്നവര്‍. പക്ഷേ, ഓരോ സെക്കന്റിലും ലോകത്ത് പെണ്ണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന ഒരു സവിശേഷ ഘട്ടത്തിലാണ് നാമുള്ളത്. പെണ്ണിന്റെ അഭിമാനത്തിന് നേരെ ചൂണ്ടുന്ന വിരലുകളാണ് വീട്ടിലും നാട്ടിലും വര്‍ധിച്ചുവരുന്നത്. സ്വന്തം പേരുപോലും വ്യക്തമാക്കാതിരിക്കേണ്ടി വന്നവരും ഒരുപാട് സ്ഥലനാമങ്ങളില്‍ അറിയപ്പെട്ടവരും നമ്മിലുണ്ട്. പെണ്ണിന് ദൈവം കനിഞ്ഞുനല്‍കിയ അവകാശങ്ങളുടെ നിഷേധ പട്ടിക നീണ്ടതാണ്. ഇതിന് പരിഹാരമെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആരാമം. സ്ത്രീയുടെ ബൗദ്ധിക നിലവാരത്തെ ഉയര്‍ത്തി, അവകാശങ്ങളെ കുറിച്ചും ബാധ്യതകളെ കുറിച്ചും ഉണര്‍ത്തി ആനുകാലിക സംഭവങ്ങളോട് ക്രിയാത്മകമായി സംവദിക്കാന്‍ പ്രാപ്തമാക്കുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ആരാമത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറ്റെടുത്തിരിക്കുന്നത്.
ആരാമത്തെ അടുത്തറിയാത്തവര്‍ ഇനിയും ഒരുപാടുണ്ട്. അവരിലേക്ക് കൂടി ആരാമത്തെ പരിചയപ്പെടുത്തുക എന്നത് നമ്മുടെ കൂടി ബാധ്യതയാണ്. അതിനാല്‍ ആരാമം കമ്പയിന്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ ജി.ഐ.ഒ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങുക. ദൈവം അനുഗ്രഹിക്കട്ടെ.!
ഏറ്റവും കൂടുതല്‍ ആരാമം വരി ചേര്‍ക്കുന്ന ജി.ഐ.ഒ ഏരിയക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുന്നതാണ്.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top